ആ മയില്‍ എവിടെപ്പോയി?

 

 

 

ഈ പംക്തിയില്‍ ഇത്തവണ
നദാ ഫാത്തിമയുടെ എഴുത്തുകള്‍.
ഒരു കഥയും രണ്ട് അനുഭവ കുറിപ്പുകളും.

 

കുറ്റ്യാടി ചെറിയകുമ്പളത്ത്
കൂമുള്ളാട്ട് സുബൈറിന്റെയും സലീനയുടെയും
മകളാണ് ഈ കൊച്ചുമിടുക്കി.
ഫിദാ ഫാത്തിമയും യാമിനും
സഹോദരങ്ങളാണ്.
കുറ്റ്യാടി എം.ഐ.യു.പി സ്കൂളില്‍നിന്ന്
ഇപ്പോള്‍ അഞ്ചാം ക്ലാസ് കഴിഞ്ഞു.

 

നദാ ഫാത്തിമ

 

കഥാ പുസ്തകം വായിക്കുന്നതാണ്
ഏറ്റവും ഇഷ്ടമുള്ള കാര്യമെന്ന്
നദ പറയുന്നു. പിന്നെ, തോന്നുന്ന
കഥകളെല്ലാം എഴുതും. സ്കൂളില്‍നിന്ന്
പുറത്തിറങ്ങിയ കുട്ടികളുടെ പുസ്തകത്തില്‍
മൂന്ന് കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

Painting: Kuvin Oren

 

മരംവെട്ടുകാരും കുട്ടികളും
കുട്ടികളെല്ലാവരും ഉല്‍സാഹത്തോടെ സ്കൂളിലേക്കുപോയി. പക്ഷികളുടെ മനോഹരമായ ഗാനങ്ങള്‍ കേട്ട് നടന്ന് സ്കൂളിലെത്തി. മിനി ടീച്ചര്‍ ക്ലാസില്‍ കയറി ഹാജറെടുത്തു. പിന്നെ എല്ലാവരും പഠിക്കാന്‍ തുടങ്ങി.
ടീച്ചര്‍ പറഞ്ഞു: കുട്ടികളേ, നിങ്ങളാരും ഒരു മരവും വെട്ടി നശിപ്പിക്കരുത്. കാരണം മരം കാര്‍ബണ്‍ ഡൈ ഓക്സൈഡ് ശ്വസിച്ച് ഓക്സിജന്‍ പുറത്തു വിടുന്നതു കൊണ്ടാണ് നമ്മള്‍ ശ്വാസം കഴിക്കുന്നത്. ശ്വാസം നിന്നു പോയാല്‍ നമ്മള്‍ മരിച്ചു പോവും. അതു കൊണ്ട്, എവിടെയെങ്കിലും ആരെങ്കിലും മരം മുറിക്കുന്നത് കണ്ടാല്‍ അത് തടയണം. ഇല്ലെങ്കില്‍ ഈ നാട് ഉണ്ടാവില്ല. നമ്മള്‍ ശ്വാസം കിട്ടാതെ മരിച്ചുപോവും.

പക്ഷേ, ഇതൊന്നും കുട്ടികള്‍ക്ക് പിടിച്ചില്ല. അവര്‍ അത് കാര്യമാക്കുകയും ചെയ്തില്ല.

ഒരു ദിവസം നടന്നു വരുമ്പോള്‍ കുറേ മരം വെട്ടുകാരെ അവര്‍ കണ്ടു. അവര്‍ ഒരു മരം വെട്ടുകയായിരുന്നു. കുട്ടികള്‍ അത് കണ്ടു. എങ്കിലും അവര്‍ കാണാത്തത് പോലെ നടിച്ചു. അവര്‍ എല്ലാ മരങ്ങളും വെട്ടി. അവിടെയുള്ള എല്ലാ മരങ്ങളും മരിച്ചു പോയി. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ആ ഗ്രാമം വറ്റിവരണ്ടു. പച്ചവിരിച്ചിരുന്ന നെല്‍പ്പാടങ്ങള്‍ വരണ്ടുപോയി. നദികള്‍ വറ്റി.

അപ്പോള്‍ എല്ലാ കുട്ടികളും ഓര്‍മ്മിച്ചു ടീച്ചര്‍ പറഞ്ഞ കാര്യം. അത് കേള്‍ക്കാത്തതില്‍ അവര്‍ക്ക് സങ്കടമുണ്ടായി.
പെട്ടെന്നു തന്നെ എല്ലാ കുട്ടികളും ഒത്തു ചേര്‍ന്നു. എന്നിട്ട് മരം വെച്ചു പിടിപ്പിക്കാന്‍ തുടങ്ങി.മരം മുഴുവനും വെച്ചുപിടിപ്പിച്ചശേഷം കുട്ടികളെല്ലാവരും വീട്ടിലേക്ക് മടങ്ങി. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ആ ഗ്രാമം പഴയതുപോലെയായി. മരങ്ങളിലെല്ലാം ഇലകളും കായകളും പൂക്കളും വന്നു. നദികള്‍ ഒഴുകി. പക്ഷികള്‍ പാടി. എല്ലാവര്‍ക്കും സന്തോഷമായി.

 

Summer Tree. Painting by Sascalia

 

ഞാന്‍ കണ്ട കാട്
ഇത് ഞാനെഴുതുന്നത് കാടിനടുത്തുള്ള ഒരു വീട്ടിലാണ്. എന്റെ മാമന്റെ വീട്. അവിടെ കുഞ്ഞിപാപ് ലു എന്ന കുട്ടിയുണ്ട്. ചെറിയ മോളാണ്. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കും. പിന്നെ നെജു എന്ന വേറൊരു കുട്ടിയുമുണ്ട്. എന്റെ ഉമ്മാന്റെ അനിയത്തിയുടെ മോനാണ്.
വീട്ടിന് അടുത്താണ് കാട്. ചെറിയ കാടാണ്. എത്ര മനോഹരമാണെന്നോ. ഞാനെപ്പോഴും രാവിലെ എഴുന്നേറ്റാല്‍ ആ കാട്ടിലേക്കാണ് നോക്കുക. അവിടെ എത്രയത്ര പക്ഷികളാണെന്നോ. അതിന്റെ പാട്ട് കേട്ടാല്‍ സന്തോഷമാവും. പക്ഷികള്‍ മാത്രമല്ല ധാരാളം മരങ്ങളുമുണ്ട്. പ്ലാവ്. മണിമരുത്. കരിമരുത്. മരുത്. പൂച്ചപ്പഴം. ഇങ്ങനെ എന്തെല്ലാമാണെന്നോ.

ഞാന്‍ അവിടെയുള്ളപ്പോള്‍ അവിടെ സിനിമാ ഷൂട്ടിങ്ങുകാര്‍ വന്നിരുന്നു. കുറേ ആള്‍ക്കാരുണ്ട്. എത്രയെത്ര കാറുകളാണ്. അതില്‍ നിറയെ ആളുകള്‍. ഞങ്ങളുടെ വീടിന്റെ അപ്പുറത്ത് നിന്ന് ഒരു നടിയെ മെയ്ക്കപ്പ് ചെയ്യുന്നുണ്ടായിരുന്നു. പിന്നെ എല്ലാവരും എപ്പോഴും ഫോണ്‍ വിളിച്ച് പോവുന്നുണ്ടാവും. വലിയ ഒരു ക്യാമറയാണ്. കുറേ ബള്‍ബുമുണ്ട്. പിന്നെ കറുത്ത ഒരു കടലാസ് മുകളിലേക്ക് പൊക്കിപ്പിടിക്കും. ഞാന്‍ ആദ്യമായിട്ടാണ് ഷൂട്ടിങ് കാണുന്നത്.

 

painting: michelle allen

 

ആ മയില്‍ എവിടെപ്പോയി?
കാടിനടുത്താണ് എന്റെ മാമന്റെ വീട്. അവിടെ പോയപ്പോള്‍ ഒരു ദിവസം മാമന്‍ പറഞ്ഞു: ‘അപ്പുറത്തെ വീട്ടിന്റെ മുകളില്‍ മയിലിനെ കാണാറുണ്ട്. എപ്പോഴും നോക്കിയാല്‍ മതി.
ഞാന്‍ മാമന്റെ വീട്ടിന്റെ മുറ്റത്തിരുന്ന് അങ്ങോട്ട് നോക്കിയിരുന്നു. മയില്‍ വരുമ്പോള്‍ കാണണം. എന്റെ മനസ്സില്‍ മുഴുവന്‍ മയിലിനെ കുറിച്ചുള്ള ആലോചന ആയിരുന്നു. പീലികള്‍ വിടര്‍ത്തി അത് എന്റെ മുന്നില്‍ നിന്ന് നൃത്തം ചെയ്യുന്നത് ഞാന്‍ ആലോചിച്ചു. നൃത്തം തീര്‍ന്നാല്‍ അതിന്റെ മനോഹരമായ ഒരു പീലി ഞന്‍ ചോദിക്കും. ചിലപ്പോള്‍ ഒന്ന് എനിക്ക് തരും. ചിലപ്പോള്‍ പറന്നു കളയും.

എന്നാലും ഞാന്‍ നോക്കിയിരുന്നു. എന്നാല്‍ അതിനെ കണ്ടില്ല. രാവിലെയും വൈകുന്നേരവും അവിടെ ഇരുന്നു. മയിലിനെ മാത്രം കണ്ടില്ല. രാത്രിയില്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ ഞാനൊരു സ്വപ്നം കണ്ടു. പീലി വിടര്‍ത്തിയ ഒരു മയില്‍. ഇപ്പോള്‍, ഉറക്കം ഞെട്ടി എണീറ്റു. വീണ്ടും മയിലിനെ കാണാനില്ല.

14 thoughts on “ആ മയില്‍ എവിടെപ്പോയി?

  1. “അവിടെയുള്ള എല്ലാ മരങ്ങളും മരിച്ചു പോയി.”

    നദാ.. നീയെത്ര സുന്ദരിയാണ്! മുകളിലെഴുതിയ ആ വരി നിന്റെ എല്ലാ സൌന്ദര്യത്തെയും വിളിച്ചുപറയുന്നു. പിന്നെ മയിലിനുവേണ്ടിയുള്ള നിന്റെയാ കാത്തിരിപ്പും. കുഞ്ഞുമനസ്സില്‍ അക്ഷരങ്ങള്‍ പൂവുകളെപ്പോലെ വിടരുന്നു. നന്നായി വരട്ടെ. നല്ലൊരു എഴുത്തുകാരിയാവട്ടെ.

  2. നന്നായിരിക്കുന്നു . നല്ല ഭാവനയും നല്ല വരികളും..

  3. nadaa,,,,

    ninte kochu manassil ethra manoharamaaaya aashakalaanu … ninte mashithumbil ninnum orupaadu nirakkooottukal vidaratte… marangaleyum prakruthiyeyum snehikkunna ninte ee kochu manassil ennum oraayiram bhaavana vidaratte

  4. നദ, നന്നായിട്ടുണ്ട് മോളെ. ഇനിയും കുറെ എഴുതണം. വീട്ടില്‍ ഒരു വലിയ പൂന്തോട്ടം ഉണ്ടാക്കണംട്ടോ, അപ്പോള്‍ അതില്‍ നിറയെ കിളികളും പൂമ്പാറ്റകളും ഒക്കെ വരും. നല്ല രസമുണ്ടാവും. പിന്നെ എന്റെ കയ്യില്‍ കുറച്ച് മയില്‍പ്പീലികള്‍ ഉണ്ട്. മോള്‍ക്ക് ഞാന്‍ കുറച്ച് മയില്‍പ്പീലി തരാം, അത് ഞാന്‍ മാമന്റെ കൈയ്യില്‍ കൊടുത്തുവിടാംട്ടോ. സ്‌കൂള്‍ തുറക്കാനായില്ലേ, നന്നായി പഠിക്കണം, നന്നായി സന്തോഷിക്കണം, ഇനിയും എഴുതണം. ഉമ്മ.

  5. വളരെ നന്നായിട്ടുണ്ട് ഇനിയും എഴുതണം മോള്‍ക്ക്‌ എല്ലാ ആശംസകളും .

Leave a Reply

Your email address will not be published. Required fields are marked *