ഒറ്റവെയിലിന് ഉണങ്ങിപ്പോയൊരു പെണ്‍കുട്ടി

ഏക മകള്‍ സ്നേഹ ശ്രീവാസ്തവ പൂനെയില്‍ നിയമ വിദ്യാര്‍ഥിനി ആണെന്ന് പറഞ്ഞിരുന്നു. പരീക്ഷകള്‍ കഴിഞ്ഞു മകളെ കൂട്ടിക്കൊണ്ട് വരുന്നതിനെപറ്റിയും അവളുടെ സ്കൂട്ടിക്കു പിന്നിലിരുന്നു അവര്‍ ഇരുവരും ഷോപ്പിങ്ങിനു പോകുന്നതിനേപ്പറ്റിയും അവര്‍ ഇടക്കിടെ വാചാലയാകുമായിരുന്നു.ഫോട്ടോയില്‍ അവളെ കണ്ട് കണ്ട് എനിക്കു ഇഷ്ടമായിരുന്നു.അമ്മയെ പോലെ തന്നെ പ്രസരിപ്പുള്ള പെണ്‍കുട്ടി. ഒരു ദിവസം അത്യവശ്യമായി മകളെ കാണാന്‍ പോവുകയാണെന്നും അവള്‍ക്കെന്തോ സുഖമില്ലെന്ന് ഫോണ്‍ വന്നെന്നും പറഞ്ഞ് അവര്‍ പൂനെക്ക് പോയി.

വീട്ടിലെത്തിയിട്ടും വിളിച്ചില്ലല്ലൊ, മകള്‍ക്ക് സുഖമായില്ലേ എന്നൊക്കെ ആശങ്കപ്പെട്ട് കയറി ചെല്ലുമ്പോള്‍ ഒരു ഉത്സാഹവുമില്ലാതെ അവര്‍. ക്യാ ഹുവാ ദീദീ എന്നു ചോദിക്കുമ്പോഴെക്കും അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഞാന്‍ ഫോട്ടോയില്‍ കണ്ട ,കേട്ട കഥകളിലെ സ്നേഹയെ ആയിരുന്നില്ല അവിടെ കണ്ടത്. ഒരു കട്ടിലില്‍ എവിടേക്കോ കണ്ണുകള്‍ നട്ട് . ചോദ്യങ്ങള്‍ക്കൊന്നും പ്രതികരിക്കാതെ. എന്റെ മുന്നില്‍ കരഞ്ഞെങ്കിലും അവര്‍ പറഞ്ഞു: ‘എന്റെ മകള്‍ക്കൊന്നും പറ്റിയിട്ടില്ല.അതെനിക്ക് അവളെക്കൂടി പറഞ്ഞു വിശ്വസിപ്പിക്കണം’- ലേഖാ വിജയ് എഴുതുന്ന കോളം ആരംഭിക്കുന്നു

 

 

വേനല്‍ കൊത്തിയ മുറിപ്പാടുകളാണ് ഭിലായ് നഗരം. തിളവെയിലില്‍ ഉണങ്ങാനിട്ട പോലൊരു ദേശം. നാട്ടിലെ ഒരു തോരാമഴക്കാലത്ത്, കത്തിയെരിയുന്ന വേനലില്‍ ഇവിടേക്ക് പറിച്ചു നട്ടപ്പോള്‍ മുതല്‍ വെയില്‍ വരച്ച ആ ചിത്രം എന്‍്റേതുകൂടിയായി. ആ ചിത്രത്തിലെ മങ്ങിപ്പതിഞ്ഞ ഒരു രൂപമായി പിന്നെ ഞാന്‍. അതിനിടയ്ക്കാണ് ഏറെ വൈകി ‘വൈശാലി’ എന്ന സിനിമ കാണുന്നത്. കത്തിയുണങ്ങിയ വരള്‍ച്ചയുടെ അടര്‍ന്ന മണ്‍തുണ്ടുകളായിരുന്നു, വൈശാലിയിലെ ഭിലായ്. ആ സിനിമ, ഉള്ളിലെ അനേകം വെയിലടുപ്പുകള്‍ ഓര്‍മ്മ കൊണ്ട് നിറച്ചു.

താമസം ചെറുതല്ലാത്ത ഒരു ഹൌസിങ്ങ് കോളനിയിലാണ്. പലദേശക്കാര്‍,ഭാഷക്കാര്‍ ഒക്കെ ഇടകലര്‍ന്ന് . വീടുകള്‍ക്കിടയില്‍ കൂറ്റന്‍ മതിലുകള്‍ ഉണ്ട്. ബെഡ് റൂമിന്റെ ജനാല തുറന്നാല്‍ ഒന്നും കാണാനാവില്ല. ശബ്ദങ്ങള്‍ മാത്രം കേള്‍ക്കാം. കുപ്പിവളകള്‍ കിലുങ്ങുന്നത്, മിക്സിയുടെ ശബ്ദം,കുട്ടികള്‍ കരയുന്നത് ഒക്കെ ഇടകലര്‍ന്ന് .നമ്മുടെ വളപ്പില്‍ നിന്നു നോക്കിയാല്‍ അയല്‍ വീടുകളുടെ ടെറസുകള്‍ മാത്രം കാണാം.സ്വന്തം വീട്ടിന്റെ ടെറസ്സില്‍ കയറിയാല്‍ അയല്‍ വീട്ടുകാര്‍ മുറ്റത്തെവിടെയെങ്കിലുമുണ്ടെങ്കില്‍ കാണാം. മതിലുകള്‍ എന്ന സിനിമയില്‍ കണ്ടതു പോലെ. കേള്‍വികൊണ്ടുള്ള അയല്‍വക്കങ്ങള്‍.

നാട്ടില്‍ അങ്ങനെ ആയിരുന്നില്ല.വീടുകള്‍ക്കിടയില്‍ മതിലുകള്‍ ഉണ്ടായിരുന്നില്ല. ഇങ്ങേപ്പറമ്പിലും അങ്ങേപ്പറമ്പിലുമിരുന്നു പരസ്പരം കൊച്ചുവര്‍ത്തമാനം പറഞ്ഞ് മീന്‍ വൃത്തിയാക്കുന്ന അമ്മമാര്‍.ഒരു വീട്ടില്‍ നിന്നും മറ്റൊരു വീട്ടിലേക്ക് ഓടിക്കളിക്കുന്ന കുട്ടികള്‍. അയലത്തെ ജനലിലൊരമ്പിളി വിടര്‍ന്നു അലകടലായെന്‍ മനമുണര്‍ന്നു എന്ന മട്ടില്‍ കാമുകന്മാര്‍. ഇവിടെ അതൊന്നുമില്ല. ജാലകക്കാഴ്ചകളില്‍ വെള്ളതേച്ച ചുമരുകള്‍ മാത്രം.

 

painting: Ghanshyam Kashyap

 

തൊട്ടപ്പുറത്തെ വീട് ഒരു സര്‍ദാര്‍ജിയുടേതാണ്. അതു അയാള്‍ വാടകക്കാര്‍ക്കായി ഒഴിച്ചിട്ടിരിക്കയാണ്.അവിടെ സ്ഥിരതാമസക്കാരില്ല.വാടകക്കു താമസിക്കാന്‍ വരുന്നവര്‍ക്കാകട്ടെ കോളനിയിലെ സ്ഥിരതാമസക്കാരുമായി അടുപ്പമുണ്ടാകില്ല മിക്കപ്പോഴും. ഞാനിവിടെ വന്ന കാലത്ത് ഒരു കുല്‍ക്കര്‍ണിയും ഭാര്യമായിരുന്നു അവിടെ താമസക്കാര്‍. ആരുമായും ചങ്ങാത്തമില്ലാത്ത ഒരു കൂട്ടര്‍. കോളനിയിലെ ഗണേശോത്സവം, ദസറ ആഘോഷങ്ങള്‍ ഒന്നിനും അവര്‍ ആരോടും സഹകരിച്ചില്ല.

മിസ്സിസ് കുല്‍ക്കര്‍ണി തീരെ ചിരിക്കാത്ത ഒരു സ്ത്രീ ആയിരുന്നു. അയാളും അങ്ങനെ തന്നെ. കനം തൂങ്ങിയ മുഖം .എന്തിനെന്നറിയില്ല അവര്‍ എപ്പോഴും അയാളെ ശകാരിച്ചുകൊണ്ടിരുന്നു.അയലത്തുകാര്‍ കേള്‍ക്കുമെന്ന വിചാരമൊന്നും അവര്‍ക്കുണ്ടായിരുന്നില്ല.ഒടുവില്‍ മറ്റെവിടേക്കോ ട്രാന്‍സ്ഫര്‍ ആയി പോകും വരേക്കും ഞങ്ങള്‍ക്കിടയിലെ മതിലുകടന്ന് എല്ലാ പുലര്‍ച്ചകളിലും രാത്രികളിലും മിസ്സിസ് കുല്‍ക്കര്‍ണിയു ടെ ശകാരങ്ങള്‍ വന്നുകൊണ്ടിരുന്നു.ആദ്യമൊന്നും എനിക്കൊന്നും മനസ്സിലാകുമായിരുന്നില്ല.കുട്ടികളില്ലാത്തതിന്റെ സങ്കടങ്ങള്‍ എണ്ണിപ്പെറുക്കുകയാണവര്‍ എന്ന് പിന്നീട് മനസ്സിലായി.അതില്‍ പിന്നെ സഹതാപം തോന്നി.പാവം സ്ത്രീ!

കഴിഞ്ഞ വിന്ററിലാണു ശ്രീവസ്തവയും കുടുംബവും വന്നത്. അയാള്‍ ബാങ്ക് ജീവനക്കാരന്‍.ഒരു വൈകുന്നേരം ചെടികള്‍ നനച്ചുകൊണ്ടിരിക്കുമ്പോഴാണ് മിസിസ് ശ്രീവാസ്തവ ഗേറ്റു കടന്നു വന്നത്. അതിസുന്ദരിയായ ഒരു സ്ത്രീ. നാല്പത്തഞ്ചു വയസ്സുണ്ടാകും. വന്നപാടെ അവര്‍ ഹലോ എന്നു കൈകള്‍ നീട്ടി. വെളുത്തു നീണ്ടു ഭംഗിയുള്ള വിരലുകള്‍. എന്റെ ഭംഗിയില്ലാത്ത വിരലുകളെ പുതച്ചിരുന്ന ഷാളിനുള്ളില്‍ തന്നെ ഒളിപ്പിക്കാന്‍ തോന്നി. ശിവാനി സാരംഗി എന്നാണു അവരുടെ പേര്. എത്ര നല്ല പേരെന്നു മനസ്സിലോര്‍ത്തു. ഹിന്ദി എനിക്കത്ര വശമില്ലെന്നു പറഞ്ഞു ഒഴിയാന്‍ നോക്കുമ്പോള്‍ ഇംഗ്ലീഷിലായി സംസാരം .ഞാന്‍ പെട്ടു. ഇംഗ്ലീഷും അറിയില്ലെന്നു പറയേണ്ടി വന്നു.അവര്‍ ചിരിച്ചു. എന്നെയും മലയാളം പഠിപ്പിക്കൂ എന്നായി. എന്റെ മലയാളം അത്രവേഗം പഠിക്കാനാവില്ലെന്നു തടുത്തു. മലയാളത്തോളം വരില്ല ഒരു ഭാഷയും എന്ന വിഷയത്തില്‍ ഒരു പ്രസംഗം നടത്താന്‍ തോന്നി. പക്ഷേ അവര്‍ക്ക് മലയാളം അറിയില്ലല്ലൊ. ആ ഒരു കൂടിക്കാഴ്ചയില്‍ അപകര്‍ഷതാബോധത്തിന്റെ പടുകുഴിയിലേക്ക് അവരെന്നെ തള്ളിയിട്ടു.

 

painting: Rafał Olbiński

 

അവര്‍ക്കറിയാത്തത് ഒന്നുമുണ്ടായിരുന്നില്ല.ചില സിനിമകളിലെ നായകനെയോ നായികയെയോ പോലെ അവരൊരു സകലകലാവല്ലഭ ആയിരുന്നു.ചിത്രം വരക്കും,നന്നായി പാട്ടുപാടും തുന്നലറിയാം പാചകവും കേമം. കിറ്റി പാര്‍ട്ടികളില്‍ അവരൊരു ചര്‍ച്ചാവിഷയം ആയി.അവരെ കണ്ടാണ് സൌെന്ദര്യസംരക്ഷണത്തില്‍ ഞാനും ശ്രദ്ധിക്കാന്‍ ശ്രമിച്ചത്. അലസതയും ഞാനും ഒരമ്മപെറ്റ മക്കള്‍ ആയതുകൊണ്ട് അതൊക്കെയും ആരംഭ ശൂരത്വമായി പരിണമിച്ചു.പക്ഷെ തമ്മില്‍ കാണുമ്പോഴൊക്കെ അവരെന്നെ വാതോരാതെ പുകഴ്ത്തി.ഇത്ര മൃദുവായ ഇഡ്ഡലി എങ്ങനെ ഉണ്ടാക്കുന്നു എങ്ങനെയാണീ സാമ്പാര്‍ ഇത്രയും രുചികരമാകുന്നതെന്നൊക്കെ എന്റെ പൊട്ടപാചകത്തില്‍ അവര്‍ അത്ഭുതം കൂറി.അവരോട് റെസിപ്പി വാങ്ങി ഞാന്‍ ചെയ്തതെല്ലാം ഫ്ലോപ്പായി എന്നു പറഞ്ഞതുമില്ല.മിക്ക പുലര്‍ച്ചകളിലും അടുക്കള ജനാല തുറക്കുമ്പോള്‍ അവരുടെ ഭജന്‍ കേള്‍ക്കാം.വളരെ പതിഞ്ഞ് മനോഹരമായ ഈണത്തില്‍. ബൈഷ്ണവ ജനതോയും പായോജീ മേനേ ശ്യാം രത്തനുമൊക്കെ എന്റെ പുലര്‍ച്ചകളെ സംഗീത സാന്ദ്രമാക്കി.അവരാണ് എനിക്ക് കിഷോരി അമോങ്കറെക്കുറിച്ച് പറഞ്ഞു തന്നത്.എം എസ് സുബ്ബലക്ഷ്മിയേക്കുറിച്ച് ചോദിച്ചിട്ട് എനിക്കൊന്നും പറയാനുമുണ്ടായിരുന്നില്ല..

ഏക മകള്‍ സ്നേഹ ശ്രീവാസ്തവ പൂനെയില്‍ നിയമ വിദ്യാര്‍ഥിനി ആണെന്ന് പറഞ്ഞിരുന്നു. പരീക്ഷകള്‍ കഴിഞ്ഞു മകളെ കൂട്ടിക്കൊണ്ട് വരുന്നതിനെപറ്റിയും അവളുടെ സ്കൂട്ടിക്കു പിന്നിലിരുന്നു അവര്‍ ഇരുവരും ഷോപ്പിങ്ങിനു പോകുന്നതിനേപ്പറ്റിയും അവര്‍ ഇടക്കിടെ വാചാലയാകുമായിരുന്നു.ഫോട്ടോയില്‍ അവളെ കണ്ട് കണ്ട് എനിക്കു ഇഷ്ടമായിരുന്നു.അമ്മയെ പോലെ തന്നെ പ്രസരിപ്പുള്ള പെണ്‍കുട്ടി. ഒരു ദിവസം അത്യവശ്യമായി മകളെ കാണാന്‍ പോവുകയാണെന്നും അവള്‍ക്കെന്തോ സുഖമില്ലെന്ന് ഫോണ്‍ വന്നെന്നും പറഞ്ഞ് അവര്‍ പൂനെക്ക് പോയി.

വീട്ടിലെത്തിയിട്ടും വിളിച്ചില്ലല്ലൊ, മകള്‍ക്ക് സുഖമായില്ലേ എന്നൊക്കെ ആശങ്കപ്പെട്ട് കയറി ചെല്ലുമ്പോള്‍ ഒരു ഉത്സാഹവുമില്ലാതെ അവര്‍. ക്യാ ഹുവാ ദീദീ എന്നു ചോദിക്കുമ്പോഴെക്കും അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഞാന്‍ ഫോട്ടോയില്‍ കണ്ട ,കേട്ട കഥകളിലെ സ്നേഹയെ ആയിരുന്നില്ല അവിടെ കണ്ടത്. ഒരു കട്ടിലില്‍ എവിടേക്കോ കണ്ണുകള്‍ നട്ട് . ചോദ്യങ്ങള്‍ക്കൊന്നും പ്രതികരിക്കാതെ. എന്റെ മുന്നില്‍ കരഞ്ഞെങ്കിലും അവര്‍ പറഞ്ഞു: ‘എന്റെ മകള്‍ക്കൊന്നും പറ്റിയിട്ടില്ല.അതെനിക്ക് അവളേക്കൂടി പറഞ്ഞു വിശ്വസിപ്പിക്കണം’.

എനിക്കെന്തോ സങ്കടം വന്നു.സങ്കടം വന്നാല്‍ പിന്നെ എന്റെ കണ്ണുകള്‍ക്ക് നിയന്ത്രണമില്ല.അവ നിറഞ്ഞൊഴുകും.അവരുടെ മുന്നില്‍ നിന്നു കരയാനുള്ള പ്രയാസം കൊണ്ട് ഞാന്‍ വേഗം വീട്ടിലേക്കു നടന്നു.

അതിനടുത്ത ദിവസം ഉച്ചക്ക്, കോയി തോ രോകോ എന്നു ഉച്ചത്തിലുള്ള നിലവിളി കേട്ട് ഇറങ്ങി നോക്കുമ്പോള്‍ ശിവാനി സാരംഗി എന്ന പാവം അമ്മ അവരുടെ സമനില തെറ്റിയ മകള്‍ക്കു പിന്നാലെ അലറിക്കരഞ്ഞു കൊണ്ട് ഓടുന്നു.

പിന്നെത്രയോ രാത്രികളില്‍ ആ കാഴ്ചയുടെ ഓര്‍മ്മ എന്റെ ഉറക്കം കെടുത്തി.ഇപ്പോള്‍ അവര്‍ എവിടെ എന്നറിയില്ല. ഉത്തര്‍ പ്രദേശ് ആണ് സ്വദേശം. നാട്ടിലെത്തിയിട്ട് വിളിക്കാമെന്നു പറഞ്ഞു. കയ്യിലുണ്ടായിരുന്ന നമ്പറില്‍ രണ്ടു പ്രാവശ്യം വിളിച്ചു നോക്കി.ഈ നമ്പര്‍ നിലവിലില്ലെന്നു പറഞ്ഞു. മിസ്സിസ്സ് കുല്‍ക്കര്‍ണിക്ക് കുട്ടികളില്ലാത്ത ദു:ഖമായിരുന്നെങ്കില്‍ മിസിസ്് ശ്രീവാസ്തവയുടെ ദു:ഖം ഏക മകളായിരുന്നു.

എങ്ങനെയായാലും ചില സ്ത്രീകളെപ്പോഴും സങ്കടത്തിന്റെ കൊടുംവേനലുകളില്‍ കരിഞ്ഞുപോകാന്‍ വിധിക്കപ്പെട്ടവരാണ്.

40 thoughts on “ഒറ്റവെയിലിന് ഉണങ്ങിപ്പോയൊരു പെണ്‍കുട്ടി

 1. എത്ര നേരുള്ള എഴുത്ത്! ആഴത്തില്‍ തൊടുന്ന വാക്കുകള്‍.
  അക്ഷരങ്ങളുടെ ലേഖ തന്നെ!!

 2. മനോഹരമായി എഴുതിയിരിക്കുന്നു . മനോഹരം മനോഹരം മനോഹരം ……..നേരെ ഹൃദയത്തില്‍ തൊടുന്ന പോലെ .

 3. ഗംഭീരായി ലേഖ
  ഇനീം എഴുതൂ
  ഞങ്ങളൊക്കെ ഇതെല്ലാം വായിച്ച് കണ്ണീരിൽ കുതിർന്ന് ശുദ്ധരാകട്ടെ…

 4. തലക്കെട്ടും കൊള്ളാം കോളത്തിന്റെയും കഥയുടെയും

 5. കരഞ്ഞു
  ഇപ്പൊ കരഞ്ഞു കൊണ്ട് ചിരിക്കുന്നു
  ലെഖെ 🙂

 6. ചിലസ്ത്രീകളെപ്പോഴും സങ്കടത്തിന്‍റ് കൊടും വേനലില്‍ കരിഞ്ഞുപോകാന്‍ വിധിക്കപ്പെട്ടവരാണ്‍…….സത്യം….. ചുറ്റിലുമുള്ളവര്‍ പലപ്പോഴും ആ വേനലിന് ചൂടുപോരെന്ന് വിറകുതിരഞ്ഞു നടക്കുന്നവരും….

 7. മനസ്സിനെ വല്ലാതെ നോവിക്കുന്ന ഓര്‍മ്മകള്‍ …ചില ജീവിതങ്ങള്‍ ഇങ്ങിനെയാണ് …ദുരിതങ്ങള്‍ മാത്രം കൂട്ടിനുള്ളവര്‍..ലേഖ , എഴുത്ത് നന്നായി …ഉചിതമായ ചിത്രങ്ങള്‍……

 8. മനസ്സിലിപ്പോഴും ആ പെണ്‍കുട്ടി. എന്തായിരിക്കും അവള്‍ക്ക് സംഭവിച്ചത്?

 9. നല്ല തുടക്കം. പുതിയ പംക്തി ഇനിയും നന്നാവട്ടെ

 10. കവിതകള്‍ ബ്ളോഗില്‍ വായിച്ചിരുന്നു. ഗദ്യം ആദ്യമായാണ് കാണുന്നത്. ലളിതമായ ഭാഷ. പക്ഷേ, സങ്കീര്‍ണമായ അനുഭവങ്ങള്‍.

 11. ഏറെ കാലത്തിനുശേഷം വീണ്ടും ലേഖയെ വായിച്ചു. ഈ തിരിച്ചുവരവിനായിരുന്നു ആ മഹാമൗനം

 12. എന്തു പറയണമെന്നറിയില്ല. സുതാര്യമായ എഴുത്ത്.മനസ്സില്‍ സങ്കടം മാത്രം

 13. നല്ല എഴുത്ത്. ആ പെണ്‍കുട്ടിയുടെ ദുരന്തത്തിന്റെ വിവരണങ്ങളിലേയ്ക്കൊന്നും പോകാതെ തന്നെ അതിന്റെ ആഴം വ്യക്തമാക്കുന്ന കൈയ്യൊതുക്കം വളരെ നല്ലത്.

 14. എന്തുവാ ലേഖേ..ഇത്..എന്തുവാന്ന്….ഇവിടവിടെ പൊട്ടങ്കളിച്ചു നടന്ന ലേഖയാണോ ഇതെഴുതീയേന്നാലോചിച്ച് സർപ്രൈസിയിരിക്കുന്നു.(ബ്ലോഗിലെഴുതുന്നതറിയാതെയല്ല 🙂
  ഗംഭീരം.അതികുലോത്തമം എന്നൊക്കെ പറയണമെങ്കിൽ ഇതൊക്കെ വിലയിരുത്താനുള്ള ശേഷി വേണ്ടായോ ?. അതില്ലാത്തതിനാൽ ഭയങ്കരമായി ഇഷ്ടമായീന്ന് പറയുന്നതിനോടൊപ്പം നാലാമിടത്തിന്റെ റിസോഴ്സ് കണ്ടെത്തലുകളിലും യൂട്ടിലൈസേഷനിലും സർപ്രൈസി നിൽക്കുന്നു….അഭിനന്ദൻസ്..

 15. വായന ഒരു മുറിവുണ്ടാക്കുന്നു. കാലം അതിനെ ഉണക്കിയെങ്കില്‍.

  ലേഖയുടെ നല്ല ഭാഷ ഇനിയും വായിപ്പിക്കട്ടെ.

 16. കൊള്ളാം നല്ല എഴുത്ത്!!
  പാവം അമ്മമാർ….

  നാലാമിടത്തിനോട്:എം എഫ് ഹുസൈന്റേതായി ചേർത്തിരിക്കുന്ന പടം ഹുസൈന്റേതല്ല,Rafał Olbiński എന്ന ആർട്ടിസ്റ്റിന്റേതാണ്.
  ഇവിടെയുണ്ട്.http://bochesmalas.blogspot.in/2011/12/rafal-olbinski.html
  (ഉന്മേഷിനു നന്ദി)

 17. ഇല്ലാത്തതിന്റെ ദുഃഖം കനക്കുന്ന വേനൽ ചൂടിന്റെ എത്രയോ മുകളിലാണ് ഒന്നുള്ളതിന്റെ, പിന്നാലെ ഉണ്ടാകുന്നതിന്റെ ചുട്ടുപഴുപ്പ്.
  വേനൽ പോലൊരു റിയാലിറ്റി.

  ലേഖ നന്നായിട്ട് എഴുതിയിരിക്കുന്നു. ഒരു ഉത്തരേന്ത്യൻ ഗ്രാമം വിവരിച്ചു തുടങ്ങുന്ന ആദ്യ പാരയിലെ ഏതോ വരിയിലെ അക്ഷരയകലത്തിന്റെ ഇടയിലൂടെ സേതു വിവരിച്ചു തുടങ്ങിയ പാണ്ഡവപുരത്തേയ്ക്ക് ഒരു നിമിഷം ഞാനൊന്നു പാളിപ്പോയി. ചില നോവുകളിൽ ഒരു കാഴ്ചക്കാരിയുടെ എഴുത്ത്. ചെറിയ വാക്കുകളിലൂടെ ആ നോവ് പകർത്തുന്നതിലെ കാഴ്ചയാണിവിടെ എഴുത്ത്.
  എന്റെ ഓർമ്മ ശരിയാണെങ്കിൽ ഞാൻ ലേഖയെ ആദ്യമായി വായിക്കുകയാണ്.
  വെയിൽ ഇവിടെ ഇനിയും കത്തിയെരിയട്ടെ. വെയിലുടുപ്പിലെ കിന്നരികൾ ആ വെയിലിൽ നിരതെറ്റി തിളങ്ങട്ടെ. ആശംസകൾ.

 18. വരികള്‍ക്കിടയിലെ സന്ദേശം………. അമ്മയാകാത്ത ഒരാളുടെയും, ഒരു അമ്മയുടെയും മുഖം മുന്നിലെത്തിച്ചു.

  വായിച്ചപ്പോള്‍ മനസ്സില്‍ ഒരു വേദന.
  ലേഖ……. ഇനിയും പ്രതീക്ഷിക്കുന്നു…

 19. വാക്കുകളെയിങ്ങനെയിട്ട് അമ്മാനമാടാൻ കഴിവുണ്ടായിട്ടും എന്താ ലേഖേ ഇത്രയും കാലം എഴുതാതിരുന്നത്?

 20. ചക്കരയുമ്മ… എഴുതിത്തുടങ്ങിയതിന്‍ ….
  മനോഹരസൃഷ്ടി….
  കരിഞ്ഞുപോയവ മാത്രം പറയാനുള്ള സ്ഥലമാണോ ഇത്? വാടിപ്പോയിട്ടും കിളിര്‍ത്തു കയറുന്നവയെപ്പറ്റി എന്നെഴുതും?

  Created by “Malayalam for iPhone/iPad” App http://bit.ly/gwIGw5

 21. എഴുതിയതിനെപ്പറ്റി ഒരുപാട് ചിന്തകള്‍ തൊണ്ടക്കുഴി നിറയ്ക്കുന്നു…ഇത്തരം വായനകളിലെ നേരിനെ എനിയ്ക്ക് പേടിയാ…

  Created by “Malayalam for iPhone/iPad” App http://bit.ly/gwIGw5

 22. അതിമനോഹരം അനുഭവം വരികളിലേക്ക് ആവാഹിച്ചിരിക്കുന്നു …… എല്ലാഭാവുകങ്ങളും നേരുന്നു
  അശോക്‌ നായര്‍

Leave a Reply

Your email address will not be published. Required fields are marked *