ഭൂമിയുടെ വസന്തം നിശബ്ദതയുടെ കവിതകള്‍ എഴുതുകയാണ്

ഇന്നലെ മാധവിക്കുട്ടിയുടെ ഓര്‍മ്മ ദിനമായിരുന്നു. തിരിച്ചു വരാത്ത യാത്രയുടെ മൂന്നു വര്‍ഷങ്ങള്‍.. കത്തുന്ന കാലം മേഘങ്ങളായ് പലപ്പോഴായി മറച്ചുപിടിച്ചിട്ടും സൂര്യനെപ്പോലെ ഇടക്കിടെ ജ്വലിച്ചുയരുന്നു അവരുടെ ഓര്‍മ്മകള്‍. വാക്കുകള്‍. ചിത്രങ്ങള്‍.
ഉള്ളിലെ വാക്കുകളെയെല്ലാം കുടഞ്ഞെറിഞ്ഞു കളഞ്ഞ ആ വിയോഗത്തിന്റെ തുടര്‍ഭൂചലനങ്ങള്‍ക്കിടെ എഴുതപ്പെട്ട ഒരു കുറിപ്പ് നാലാമിടം പുനപ്രസിദ്ധീകരിക്കുന്നു. ആത്മാവില്‍ അതേ ഗന്ധമുള്ള മറ്റൊരു ഹൃദയം പെയ്യുന്നത് പോലെ മാധവിക്കുട്ടിയെ അറിഞ്ഞ ഒരു കുറിപ്പ്.

സെറീന

അന്ന് എന്റെ ആത്മാവില്‍ അതേ ഗന്ധമുള്ള മറ്റൊരു ഹൃദയം പെയ്യുന്നത് ഞാനറിഞ്ഞു.ഇന്നോളം എത്ര അടുത്തിരുന്നിട്ടും ഒരു പ്രണയത്തിലും ചങ്ങാത്തത്തിലും വാല്‍സല്യത്തിലുംഎനിക്ക് അറിയാന്‍ കഴിയാഞ്ഞ ഗന്ധമായിരുന്നു അത്.ആദ്യമായി കാണുമ്പോള്‍ അമ്മേയെന്നു വിളിച്ചെങ്കിലും അമ്മയാണെന്ന് എനിക്ക് തോന്നിയേ ഇല്ല, ഭൂമിയിലെ ഏറ്റവും സുന്ദരിയായ പ്രണയിനിയെ നോക്കി നോക്കി നില്‍ക്കെ ഇവളുടെ പ്രണയം അറിയാന്‍ മാത്രം ഒരു ആണായിരുന്നെങ്കില്‍ എന്നാണു എനിക്കന്നു തോന്നിയത്. (അവരുടെ പ്രണയം താങ്ങാന്‍ കെല്‍പ്പുള്ള ഒരു പുരുഷനെങ്കിലും ഉണ്ടായോ? അറിയില്ല.)-സെറീന എഴുതുന്നു

 

 

വളര്‍ന്നു മുറ്റിയ ഒരു മരം, വേണ്ടത്ര പൂക്കളും കായും തരാത്ത പോലെ പ്രാണസങ്കടത്താല്‍ കടുത്ത്, വാക്കുകളെല്ലാം കൈയ്യൊഴിഞ്ഞു നില്‍ക്കുന്നു, ഉള്ളില്‍ കണ്ണീരിന്റെ ഒരു നിബിഡ വനം.

പ്രീയപെട്ട ഒരാള്‍ മരിച്ചു കഴിയുമ്പോള്‍ അയാളെക്കുറിച്ച് രണ്ടു വരി എഴുതേണ്ടി വരുമ്പോള്‍ മനസ്സിലാകും വാക്കുകള്‍ എത്ര ശുഷ്കമാണെന്ന്.ക്ലിഷേ എന്ന് മാത്രം പറയാവുന്ന കുറച്ചു വാക്കുകളുടെ അതിവൈകാരികതയ്ക്ക് മാത്രമേ അപ്പോള്‍ നമ്മോടു സത്യസന്ധരായിരിക്കാന്‍ പറ്റൂ എന്നും.

ജീവനില്‍ അക്ഷരങ്ങളുടെ വേരുകള്‍ പടര്‍ന്നു തുടങ്ങിയ കാലത്ത് പലര്‍ക്കും ഒപ്പം ഉള്ളിലേയ്ക്ക് വന്ന, ഒരാള്‍, മാധവിക്കുട്ടി. ആദ്യമായി ആ പേര് ഹൃദയത്തില്‍ വീണത് കറങ്ങുന്ന ഫാനിന്റെ ഇതളുകളില്‍ തട്ടി തെറിച്ച കുരുവിയുടെ മരണമായിട്ടായിരുന്നു. പതിനാറാമത്തെ വയസ്സില്‍ ‘എന്റെ കഥ’ വായിക്കുമ്പോള്‍
വാക്കുകള്‍ക്കിടയില്‍ എന്റെ വായന കൈവിട്ട തീഷ്ണമായ നിശ്വാസങ്ങളെ, എന്‍റെ തന്നെ നെഞ്ചിടിപ്പുകളെ ആ പുസ്തകത്തില്‍ നിന്ന് എനിക്ക് മടക്കി
കിട്ടുന്നത് പിന്നെയും അഞ്ചാറു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള വായനയിലാണ്.

അന്ന് എന്റെ ആത്മാവില്‍ അതേ ഗന്ധമുള്ള മറ്റൊരു ഹൃദയം പെയ്യുന്നത് ഞാനറിഞ്ഞു.ഇന്നോളം എത്ര അടുത്തിരുന്നിട്ടും ഒരു പ്രണയത്തിലും ചങ്ങാത്തത്തിലും വാല്‍സല്യത്തിലുംഎനിക്ക് അറിയാന്‍ കഴിയാഞ്ഞ ഗന്ധമായിരുന്നു അത്.ആദ്യമായി കാണുമ്പോള്‍ അമ്മേയെന്നു വിളിച്ചെങ്കിലും അമ്മയാണെന്ന് എനിക്ക് തോന്നിയേ ഇല്ല, ഭൂമിയിലെ ഏറ്റവും സുന്ദരിയായ പ്രണയിനിയെ നോക്കി നോക്കി നില്‍ക്കെ ഇവളുടെ പ്രണയം അറിയാന്‍ മാത്രം ഒരു ആണായിരുന്നെങ്കില്‍ എന്നാണു എനിക്കന്നു തോന്നിയത്. (അവരുടെ പ്രണയം താങ്ങാന്‍ കെല്‍പ്പുള്ള ഒരു പുരുഷനെങ്കിലും ഉണ്ടായോ? അറിയില്ല.)

 

image courtesy: The Love Queen of Malabar: Memoir of a Friendship with Kamala Das


 

വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കാണുന്നത് എറണാകുളത്തെ അമ്പാടി അപ്പാര്‍ട്ടുമെന്റില്‍ വെച്ച്. എന്റെ വാപ്പയുടെ അനുജന്റെ ചിത്രപ്രദര്‍ശനം എറണാകുളം ചിത്രം ആര്‍ട്ട് ഗ്യാലറിയില്‍ നടത്തുന്നു,അത് ഉദ്ഘാടനം ചെയ്യുന്നതിന് ക്ഷണിക്കുവാന്‍ വേണ്ടി.

“മുഷിഞ്ഞു നാറിയ ജുബ്ബയും നീട്ടി വളര്‍ത്തിയ താടിയും മുടിയുമൊന്നും ഇല്ലാത്ത ഒരു ചിത്രകാരനെ ഞാന്‍ ആദ്യമായി കാണുകയാണ് സന്തോഷം” എന്ന് പറഞ്ഞു നിറഞ്ഞു ചിരിച്ചു.ആ ഉദ്ഘാടന ദിവസം ആര്‍ട്ട് ഗ്യാലറിയില്‍ എന്റെ കൈകളില്‍ മുറുകെ പിടിച്ചു നടക്കുന്നതിനിടയില്‍ കൂടെയുള്ള ആരോടോ പറഞ്ഞു നോക്കൂ ഈ കുട്ടീടെ കൈകള്‍ എത്ര മൃദുലമാണ് എന്ന്. ചിത്രങ്ങള്‍ കാണുന്നതിനിടയിലും പറഞ്ഞു കൊണ്ടിരുന്നു, സ്ത്രീയ്ക്ക് മാത്രമേ ഇങ്ങനത്തെ കൈകള്‍ ദൈവം തരൂ, കുഞ്ഞുങ്ങള്‍ക്കും പുരുഷന്മാര്‍ക്കും ഒക്കെ സാന്ത്വനം കൊടുക്കാന്‍ സ്ത്രീയ്ക്ക് ഇങ്ങനത്തെ കൈകള്‍ തന്നെ വേണം.

image courtesy: The Love Queen of Malabar: Memoir of a Friendship with Kamala Das

പിന്നെയും എപ്പോഴൊക്കെയോ ഞാനവിടെ പോയി. സ്നേഹത്തിന്റെ സര്‍വ്വ കാല പ്രപഞ്ചത്തില്‍ ആദ്യമായി കാണുന്ന പോലെ ഓരോ തവണയും ഓരോ സൌെന്ദര്യമായി ഞാനവരെ കണ്ടു. അലിവെന്ന വാക്ക് അക്ഷരമില്ലാതെ എഴുതുന്നതെങ്ങനെയെന്ന് ആ കണ്ണുകളില്‍ കണ്ടു. വന്നു പോകുന്ന പലരോടും മിണ്ടുന്നത് കേട്ട്, മിണ്ടാതിരിക്കുമ്പോള്‍ ആത്മാവില്‍ ജലമൊഴുകുന്നതെങ്ങനെ എന്നറിഞ്ഞു.ജീവിതം അതിന്റെ കൊടിക്കൂറകള്‍ കീറിപ്പറത്തി എല്ലാ കരയും മായ്ച്ചു കളഞ്ഞപ്പോള്‍, എന്നിലേയ്ക്ക് തന്നെ ഉള്ള വഴികള്‍ മറന്നു പോയ കുറേക്കാലം അവിടെയ്ക്ക് പോകാതായി. അപ്പോഴും പിടി തരാത്ത വൈരുധ്യങ്ങളായി,
ഉറവകള്‍ വെളിപ്പെടുത്താത്ത വാക്കുകളുടെ നിഗൂഡ ഭംഗിയായി അവര്‍ എങ്ങും നിറഞ്ഞു നിന്നു. മതം മാറ്റം, വാര്‍ത്തകള്‍, നിറമുള്ള കഥകള്‍. ഒരിക്കല്‍ ഫോണില്‍ വിളിച്ചു കിട്ടിയില്ല,ഓര്‍മ്മയില്‍ നിന്നെല്ലാം ഞാന്‍ മാഞ്ഞു പോയിരിക്കും, എത്ര വര്‍ഷങ്ങള്‍.

അസുഖമാണ്, ക്ഷീണമാണ് എന്നൊക്കെ കേട്ടു.പോയിക്കാണാന്‍ തോന്നിയില്ല, തേജസ്സുള്ള ആ രൂപത്തെ വാര്‍ധക്യം കൊണ്ടോ രോഗം കൊണ്ടോ മാറ്റിയെഴുതാന്‍ വയ്യായിരുന്നു മനസ്സിന്. മരണമെന്ന വാക്ക് ഇപ്പോഴും ചേര്‍ത്ത് പറയാന്‍ വയ്യ. മിഥ്യകളില്‍ ജീവിച്ചു ശീലിച്ചാലും ചില നേരുകള്‍ വാളുപോലെ ഓര്‍ക്കാപ്പുറത്ത് വന്നു കുത്തി പിളര്‍ത്തും.

 

image courtesy: The Love Queen of Malabar: Memoir of a Friendship with Kamala Das


 

ഹൃദയത്തിന്റെ വഴികളിലേയ്ക്ക് ഒട്ടും ഭയക്കാതെ ഇറങ്ങി നടന്ന അവരുടെ ആത്മ വിശുദ്ധി ദൈവത്തിനു പോലും ഉടച്ചു കളയാന്‍ ആവാത്തതാണ്, സ്ത്രീ സ്വാതന്ത്യ്രത്തിന്റെ പ്രഖ്യാപിത വഴിത്താരകളില്‍ എങ്ങും നാമവരെ കണ്ടില്ല, എന്നാല്‍ സ്വാതന്ത്യ്രം എന്ന വാക്കിന്റെ അര്‍ഥം അവരോളം അറിഞ്ഞ മറ്റാരുണ്ട്?

കള്ളികള്‍ തിരിച്ചു നാം സൂക്ഷിച്ചതിന്റെയെല്ലാം അതിരുകള്‍ തകര്‍ത്തു കൊണ്ട് ജീവിതം ഒരു ഉത്സവത്തേരു പോലെ അവര്‍ പായിച്ചു.അതിന്റെ ചക്രങ്ങളില്‍ ചതഞ്ഞു വേദനിക്കുമ്പോഴും അവര്‍ മന്ദഹസിച്ചു, പ്രേമം ആത്മ ബലിയല്ലാതെ മറ്റെന്താണ് എന്ന് ചോദിച്ചു കൊണ്ട്. ജീവിതം കൊണ്ടും സ്നേഹം കൊണ്ടും സ്വാതന്ത്യ്രം എന്താണെന്ന് അവര്‍ പറഞ്ഞു തന്നു, അവസാന യാത്രയില്‍ പോലും.

ലോകത്തോട്,സഹജീവിയോടു ഒക്കെ അതിരുകളില്ലാത്ത കരുണ സൂക്ഷിച്ച അവര്‍ക്ക് പട്ടിക്കാഷ്ട്ടം പാര്‍സലായി അയക്കാനും, തെറിക്കത്തുകള്‍ എഴുതാനും
മലയാളിക്കു മാത്രമേ കഴിയൂ.ഈ നാട്ടില്‍ നിന്നു പോകാന്‍ പോകുന്നു എന്നറിഞ്ഞപ്പോഴും എവിടെ ആയാലും സന്തോഷമായിരിക്കണേ എന്ന് മാത്രം എത്രയോ ഹൃദയങ്ങളുടെ പ്രാര്‍ത്ഥനയ്ക്കൊപ്പം ചേര്‍ന്നു.

 

 

എന്നും അവര്‍ തന്നതെല്ലാം നമ്മള്‍ കൈ നീട്ടി വാങ്ങി.പകരം കൊടുത്തതെന്തെന്നു സ്വയം പറഞ്ഞു ഉള്ളാലെയെങ്കിലും ലജ്ജിക്കാന്‍ നമുക്ക് കഴിയട്ടെ. കൊടുക്കുക എന്നത് തനിക്കൊരു ലഹരിയാണെന്ന് ഏതോ അഭിമുഖത്തില്‍ പറഞ്ഞു കേട്ടു.കൊടുക്കാനുള്ളവന് ഒരിക്കലും കൊടുത്തു തീര്‍ക്കാനാവില്ല, കടക്കെണിയില്‍ പെട്ടുപോയ ഒരാളെപ്പോലെ അയാള്‍ ജീവിതകാലം അത്രയും കൊടുത്തു കൊണ്ടിരിക്കും കത്തുകള്‍, കവിതകള്‍,മൌെനങ്ങള്‍,വാക്കുകള്‍,കരച്ചിലുകള്‍,അങ്ങനെ..

മാധവിക്കുട്ടിയില്ലാത്ത ഈ മഴക്കാലം,അനുശോചനങ്ങളും പ്രത്യേക സ്മരണകളും കഴിഞ്ഞു കൊണ്ടിരിക്കുമ്പോള്‍ പക്ഷികളുപേക്ഷിച്ച് പോയ ഒരു വന്‍ വൃക്ഷം കണക്കെ ഈ ഭൂമി ഒറ്റയ്ക്കാകുന്ന പോലെ എനിക്ക് തോന്നുന്നു. സമൃദ്ധമായ മരണത്തിന്റെ ആഴമേറിയ ശാന്തതയില്‍ രണ്ടു കണ്ണുകള്‍ സദാ മന്ദഹസിക്കുന്നു.
ഇനിയൊരിക്കലും ആശ്വസിപ്പിക്കപെടാത്ത മൌെന വിരഹങ്ങള്‍ ഒരു പര്‍വ്വതം പോലെ വളരട്ടെ,അതിനു മുകളില്‍ ഞാനൊരു വിളക്ക് കൊളുത്തി വെയ്ക്കും.

ഭാവന കൊണ്ട് ജീവിക്കുന്നതെങ്ങനെയെന്നു പറഞ്ഞു തന്ന വാക്കുകളുടെ രാജകുമാരിക്ക് അറിയാതിരിക്കുമോ, നിശ്വാസങ്ങള്‍ കൊണ്ട് തൊടുന്നതെങ്ങനെയെന്ന്, കാറ്റിനോടൊപ്പം വഴി നടക്കുന്നതെങ്ങനെയെന്ന്, മഴയിലേക്ക് മണമായി പുനര്‍ജ്ജനിക്കുന്നതെങ്ങനെയെന്ന്.

when you share, you share an opinion
Posted by on Jun 1 2012. Filed under തീയായും ജലമായും- സെറീന, പെണ്‍പക്ഷം. You can follow any responses to this entry through the RSS 2.0. You can skip to the end and leave a response. Pinging is currently not allowed.

14 Comments for “ഭൂമിയുടെ വസന്തം നിശബ്ദതയുടെ കവിതകള്‍ എഴുതുകയാണ്”

  1. mukil

    valare nannayi.

       0 likes

  2. sampath

    ജീവന്‍ തുടിക്കുന്ന ഓര്‍മ്മക്കുറിപ്പ്‌
    ഹൃദ്യമായ വായനാനുഭവം ..

       0 likes

  3. sunil kumar

    ………………….”…There is no more singing,no more dance,my mind is an old Play house with all its lights put out.”

       0 likes

  4. anu vm

    മനോഹരമായി എഴുതിയിരിക്കുന്നു

       0 likes

  5. ഭാവന കൊണ്ട് ജീവിക്കുന്നതെങ്ങനെയെന്നു പറഞ്ഞു തന്ന വാക്കുകളുടെ രാജകുമാരിക്ക് അറിയാതിരിക്കുമോ, നിശ്വാസങ്ങള്‍ കൊണ്ട് തൊടുന്നതെങ്ങനെയെന്ന്, കാറ്റിനോടൊപ്പം വഴി നടക്കുന്നതെങ്ങനെയെന്ന്, മഴയിലേക്ക് മണമായി പുനര്‍ജ്ജനിക്കുന്നതെങ്ങനെയെന്ന്.

       1 likes

  6. Sreenadhan S

    സ്വർഗ്ഗസീമയിൽ നിന്ന് പ്രണയത്തിന്റെ ചക്രവർത്തിനി ഒരു മുത്തുച്ചിലങ്ക സെറീനയ്ക്കും എറിഞ്ഞുകൊടുത്തിരിക്കണം.

       3 likes

  7. “സ്നേഹത്തെപ്പറ്റി പറഞ്ഞുമനസ്സിലാക്കുവാന്‍ വിചിത്രമായൊരു ഭാഷ ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമേയെന്ന് ദൈവത്തോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു.”

    ഹംസധ്വനി എന്ന പുസ്തകത്തിന്റെ പുറം ചട്ടയിലെ വാക്കുകളാണ്. ഇത്രനാളായിട്ടും മറന്നിട്ടില്ല. ഒരിക്കല്‍ വായിച്ചാല്‍പ്പിന്നെ ഒരിക്കലും മനസ്സില്‍നിന്നിറങ്ങിപ്പോകാത്ത ഇത്തരം ചില വാചകങ്ങളിലൂടെയാണ് മാധവിക്കുട്ടി എനിക്ക് വെളിപ്പെടുന്നത്. പിന്നെ ചുള്ളിക്കാടിന്റെ ചിദംബരസ്മരണയിലെ സ്നേഹത്തിന്റെ മാത്രമായ, അതിവിശുദ്ധമായ ഒരധ്യായത്തിലൂടെയും. അധികം വായിച്ചിട്ടില്ല മാധവിക്കുട്ടിയുടെ കഥകള്‍. അതുകൊണ്ടുതന്നെ ഒരു കഥാകാരിയായല്ല, സ്നേഹത്തിന്റെ കൊടുമുടിയായാണ് അവരെന്റെ മനസ്സില്‍ ആകാശം മുട്ടെ ഉയര്‍ന്ന് നില്‍ക്കുന്നത്. മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലാത്തൊരു മുഷിഞ്ഞുനാറുന്ന യാചകകവിയെ തികഞ്ഞ പ്രസാദത്തോടെ, തികഞ്ഞ സന്തോഷത്തോടെ വീട്ടില്‍ കയറ്റി നഖംവെട്ടി കൊടുത്ത് നഖങ്ങള്‍ വെട്ടിക്കളയിച്ച്, കൈ സോപ്പിട്ട് കഴുകിച്ച് കൂടെനിന്ന് ഊട്ടുവാനും കഥകള്‍ പറയുവാനും എത്രപേര്‍ക്ക് കഴിയും?

    അതിസുന്ദരമായ ഓര്‍മ്മക്കുറിപ്പ്.

       1 likes

  8. ലേഖനം അതിമനോഹരം…. വാക്കുകളുടെ ഇമ്പമേറിയ ചിലമ്പോലികള്‍ കാതില്‍ തേന്‍മഴയായ് പെയ്തിറങ്ങുന്നു….ശ്രീനന്ദന്‍ പറഞ്ഞതുപോലെ, പ്രണയത്തിന്‍റെ ചക്രവര്‍ത്തിനി ഒരു ചിലങ്ക സറീനക്കും എറിഞ്ഞു തന്നിരിക്കണം….

    ഒരു സംശയം, കാലത്തിന്‍റെ കുതിപ്പില്‍ ഇന്നുകള്‍ ഇന്നലെകളാകുമ്പോള്‍ നമ്മള്‍ പല മുഖങ്ങളും മറന്നുപോകും… മരിച്ചാല്‍ പോലും അവസാനമായ് ഒരു നോക്ക് കാണാന്‍ പോവില്ല… എന്നിട്ട് അതിനെല്ലാം ഒഴിവുകഴിവായി കാവ്യഭാഷയില്‍ പറയും, അവരുടെ യുവത്വം തുടിക്കുന്ന മുഖം പ്രായമായതു കാണാനുള്ള ശക്തിയില്ലാത്തതുകൊണ്ടാണ്, ജീവനുള്ള അവരുടെ മുഖം മനസ്സില്‍ അങ്ങിനെ തന്നെയിരിക്കട്ടെ എന്ന് കരുതി മൃത്ശരീരം കാണാന്‍ പോവാത്തതാണ്‌ എന്നൊക്കെ…. ഇതിലൊക്കെ എന്തുമാത്രം ആത്മാര്‍ഥതയുണ്ടെന്നു സ്വയം ചോദിക്കേണ്ടതാണ്…….

       4 likes

  9. ansar

    ഒരു ചാറ്റല്‍ മഴ നനന്ന കുളിര്‍ ………………

       0 likes

  10. ശ്രീജ

    പലപ്പോഴും മാധവിക്കുട്ടിയുടെ എഴുത്തുകള്‍ വായിക്കുമ്പോള്‍ ഒരു പ്രാര്‍ത്ഥനയെ ഉള്ളു എന്റെ ഉള്ളില്‍ നിര്‍ബന്ധപൂര്‍വം ഞാന്‍ ഉറക്കികെടുതിയിരിക്കുന്ന പച്ചയായ സ്ത്രീത്വം ഉണരല്ലേ എന്ന് കാരണം അതുപോലെ ഒരു സത്യമായ ജീവിതം ജീവിക്കാന്‍ അവര്‍ക്ക് മാത്രമേ കഴിയു അവര്‍ അനുഭവിച്ച സ്നേഹത്തിനുവേണ്ടിയുള്ള യാജനയും സമൂഹത്തിന്റെ പരിഹാസവും അവരുടെ മാത്രം കഥയല്ല എല്ലാ സ്ത്ര്ര്കളുടെയും കഥയാണ് എന്ന്ട്ടും എല്ലാരും അത് കണ്ടില്ലെന്നു നടിച്ചു ഭിക്ഷാപാത്രം ഭിക്ഷയെ തെടുന്നപോലെയാണ് സ്നേഹം എന്നും ഭക്തിയുടെ പാരമ്യത്തില്‍ കല്ലില്‍ കൂടി ഈശ്വരനെ കാണുന്നപോലെയാണ് പ്രേമമെന്നു അവര്‍ പറഞ്ഞില്ലേ എല്ലാ സ്ത്രീകളും അതല്ലേ ചെയ്യുന്നത് സ്നേഹത്തിന്റെ ആധിഖ്യംകൊണ്ട് വെറും കല്ലുകളെ പിന്നെയും പിന്നെയും പിന്നെയുംഈശ്വരനെന്നു വിചാരിച്ചു പൂജ ചെയ്യുന്നു

       1 likes

  11. Shen

    വളരെ നന്നായിട്ടുണ്ട് ..അഭിനദനങ്ങള്‍…!!!

       0 likes

  12. mahesh

    Vey good article ..But why r u blaming all malyales for the immature behavior of some ppl .This phenomena occurs around the world ,when some thinks differently intolerant people can’t stand it

       0 likes

  13. hari

    nice…

       0 likes

  14. hari

    nice words…

       0 likes

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers