ആണുങ്ങളുടെ പാര്‍ട്ടി; പാര്‍ട്ടിയിലെ ആണുങ്ങള്‍

ഈ ആണ്‍-കോയ്മാ ഇടത്തില്‍ നിന്നു കൊണ്ടാണ് മണിയെ തളയ്ക്കണമെന്ന് പറയാന്‍ മോഡിക്ക് ധൈര്യം വരുന്നത്. അല്ലെങ്കില്‍ സമൂഹത്തിന്റെ ആണ്‍-കോയ്മാ മനോഭാവമാണ് മണിക്കും മോഡിക്കുമിടയില്‍ പാലം പണിയുന്നത്. അങ്ങനെയാകുമ്പോള്‍ മമതാ ബാനര്‍ജിയാണ് ഇവിടെ ഇര. സി.പി.എം എവിടെയാണോ നില്‍ക്കേണ്ടത് എന്നു നാം കരുതുന്ന അതേ പക്ഷത്ത്. പക്ഷേ, ആണുങ്ങളുടെ പാര്‍ട്ടിയാണ് എന്നുദ്ഘോഷിക്കുകയും പെണ്‍ കഴപ്പിനെ കുറിച്ച് വിശദമാക്കുകയും ചെയ്യുമ്പോള്‍ പ്രത്യക്ഷത്തില്‍ ആണ്‍-കോയ്മയുടെ നേരിട്ടുള്ള പ്രയോക്താക്കളാകുകയും നരേന്ദ്ര മോഡിമാര്‍ക്ക് വേണ്ടി ദാഹിക്കുന്ന ജനക്കൂട്ടത്തിന് മുമ്പാകെ ഇളിഭ്യരായി നില്‍ക്കേണ്ടി വരികയും ചെയ്യും- സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ചില നിരീക്ഷണങ്ങള്‍.- കെ.എന്‍ അശോക് എഴുതുന്നു

 

 

വരയ്ക്കുന്നത് ആനയെയാകുമ്പോള്‍
കൊമ്പു വരുന്നത്,
നോക്കിവരയ്ക്കുമ്പോഴും സിംഹത്തിനൊക്കെ
സടയുണ്ടാകുന്നത്,
ഫോട്ടോയെടുക്കുമ്പോള്‍ മയിലിന്റെ
പീലി ഫോക്കസില്‍ വരുന്നത്,
ഓര്‍മ്മയിലെ കോഴിയ്ക്കും താറാവിനും
പൂവ് വിടര്‍ന്നുവരുന്നത്,
വീട് വരയ്ക്കുമ്പോ
അച്ഛനമ്മ എന്ന ക്രമം വരുന്നത്,
നമ്മളെപ്പറ്റി പറയുമ്പോ
ഞാന്‍- -നീ എന്നു പറയുന്നത്,
എന്നിട്ടും
ആണിനെപ്പറ്റി പറയുമ്പോ
ആണുങ്ങളിലാണാകണമെന്ന് പറയുന്നത്

(ആണടയാളങ്ങള്‍– -പി.കെ ശ്രീകുമാര്‍)
 
 

“അടിച്ചാല്‍ തിരിച്ചു തല്ലണം. പറയുന്നത് ചങ്കൂറ്റത്തോടെ പറയണം. മീശ വച്ചാല്‍ മാത്രം ആണാകില്ല. ആണുങ്ങളാകണമെങ്കില്‍ വേറെയും ചില ഗുണങ്ങള്‍ വേണം. ആണുങ്ങളുടെ പാര്‍ട്ടിയാണ് സി.പി.എം. നമ്മളെ തൊട്ടാല്‍ ആരെയും വിടില്ല. കളി സി.പി.എമ്മിനോടു വേണ്ട. ആണായാല്‍ ചെയ്ത കാര്യം തുറന്നു പറയണം” –
(എം.എം മണി, ഇടുക്കി ജില്ലാ സെക്രട്ടറി, സി.പി.എം.)

 

ടി.പി ചന്ദ്രശേഖരന്‍ വധത്തെ കുറിച്ചോ, അതില്‍ സി.പി.എമ്മിന് പങ്കുണ്ടോ ഇല്ലയോ എന്നതിനെ കുറിച്ചോ എം.എം മണിയുടെ വെളിപ്പെടുത്തലുകളെ കുറിച്ചോ അല്ല ഈ കുറിപ്പ്. മഹാശ്വേതാ ദേവിക്ക് ഉണ്ടെന്ന് മണി പറയുന്ന “കഴപ്പി”ന്റെ ആണ്‍- നോട്ട രാഷ്ട്രീയം മുതല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മണിയുടെ വാക്കുകള്‍ “ഗ്രാമീണമായ ഒരു നേരേ വാ നേരേ പോ” എന്ന നിലയില്‍ എടുത്താല്‍ മതിയെന്ന് പറയുന്നിടത്തെ ഗോത്ര-രാഷ്ട്രീയം വരെ കണ്‍മുന്നില്‍ സംഭവിക്കുമ്പോള്‍ ഉണ്ടാകുന്ന ചില ആണ്‍-കോയ്മാ വിചാരങ്ങളെ കുറിച്ചാണിത്. മീശ വച്ചവരും തുറന്നു പറച്ചിലുകാരും തിരിച്ചു തല്ലുന്നവരും അടങ്ങുന്ന ഒരു ആണ്‍ ചങ്കൂറ്റത്തെ കുറിച്ച്- വി.എസിനെ അനുകൂലിക്കേണ്ട മറ്റനേകം ന്യായങ്ങള്‍ ഉള്ളപ്പോഴും അഭിസാരികയെന്ന് ഒരുത്തിയെ വിളിക്കാന്‍ നാവു പൊങ്ങുന്നതിന്റെ ആണ്‍ നാട്യങ്ങളെ കുറിച്ച്-

അതനുസരിച്ച്, ഒരു കേസ് സ്റ്റഡി എന്ന നിലയില്‍ മണിയുടെ വാക്കുകള്‍ കടമെടുത്താല്‍ – ആണുങ്ങളുടെ പാര്‍ട്ടി ഭരിക്കുന്ന കാലത്താണ് ഒടുവില്‍ ബംഗാളില്‍ പോയത്. രണ്ടാഴ്ച കൊണ്ട് അങ്ങ് ഡാര്‍ജിലിംഗ് മുതല്‍ ലാല്‍ഗഡ് വരെ ഒരു ഓട്ട പ്രദക്ഷിണം. ഇതിനിടയില്‍ തന്നെ നന്ദിഗ്രാം, സിംഗൂര്‍ എന്നിങ്ങനെ അന്ന് ബംഗാള്‍ രാഷ്ട്രീയം ചുറ്റിത്തിരിഞ്ഞ രണ്ടിടങ്ങളും. അന്ന് ബംഗാളില്‍ ജീവിച്ചിരുന്ന വലിയ “ആണാായ” കനു സന്യാലിനെയും ബംഗാളിലെ അന്നത്തെ മറ്റൊരു വലിയ “ആണാ”യ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയേയും കാണാന്‍ കഴിഞ്ഞുമില്ല. പിന്നെ, മാള്‍ഡയില്‍ നിന്ന് സഞ്ചരിച്ചാല്‍ എത്തുന്ന ബംഗ്ളാദേശ് അതിര്‍ത്തിയിലെ “നോ മാന്‍സ് ലാന്‍ഡ്”. കൂടു തുറന്ന് പുറത്തു വിട്ടവര്‍ തിരിച്ചു വരുമ്പോള്‍ അവരുടെ മടിക്കുത്ത് വരെ തപ്പുന്ന യൂണിഫോമിട്ട ആണുങ്ങളുടെ ഒരു കൂട്ടം. ചട്ടങ്ങളും നിയമങ്ങളും നടപ്പാകേണ്ടതാണ് എന്നതിനേക്കാള്‍ അവ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതാണ് ഭീകരത. “വലിയ ആണുങ്ങള്‍” വഴി മാറി കൊടുത്ത ബംഗാളില്‍ ഒരു സ്ത്രീ ചട്ടങ്ങളും നിയമങ്ങളും ഉണ്ടാക്കുന്നതിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ ഒരു സമൂഹമെന്ന നിലയില്‍ നമുക്ക് ബാധ്യതയുണ്ട്-ഇപ്പോഴെങ്കിലും.

ഭരണകൂടത്തിന്‍െറ മേല്‍മീശ
ഭരണകൂടത്തിന് ഒരു പെണ്‍ പെണ്‍-കോയ്മാ സ്വഭാവമില്ലെന്നാണ് എല്ലാക്കാലത്തും തോന്നിയിട്ടുള്ളത്. സി.പി.എം പോലെ ആണുങ്ങളുടെ പാര്‍ട്ടികളാണെങ്കിലും പെണ്ണുങ്ങള്‍ ഭരിക്കുന്ന മറ്റനേകം പാര്‍ട്ടികളാണെങ്കിലും ആണ്‍- കോയ്മാ സ്വഭാവത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ഉള്ള കേവലവും എന്നാല്‍ അനേകം മടക്കുകള്‍ ഉള്ളതുമായ ഒന്നാണ് ഭരണകൂടത്തിന്റെ രാഷ്ട്രീയം. ഭരണകൂടത്തെ പ്രതിനിധാനം ചെയ്യുന്ന സംവിധാനമായാലും അതിനെ മൂര്‍ത്തവത്ക്കരിക്കുന്നുവെന്ന് പറയുന്ന രാഷ്ട്രീയ സംവിധാനമായാലും അതുണ്ട്. അല്ലെങ്കില്‍ സമൂഹ നിര്‍മിതിയില്‍ ഭരണകൂടം ഇടപെടുന്നത് ആണ്‍-കോയ്മയുടെ വിവിധ വകഭേദങ്ങളായാണ് എന്നു പറയാം. അപ്പോള്‍ എന്താണ് ആണ്‍-കോയ്മ എന്നും അതനുസരിച്ച് സമൂഹം എങ്ങനെയാകും എന്നും രാഷ്ട്രീയത്തില്‍ അതിന്റെ ഇടപെടല്‍, ഭരണകൂട- നിയമ- മൂല്യ വ്യവസ്ഥാ നിര്‍മിതിയില്‍ ആണ്‍-കോയ്മ എന്താണ് എന്നും ആലോചിക്കേണ്ടി വരും. അവിടെയാണ് ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും അവയുടെ പെണ്‍ നേതൃത്വവും അവയുടെ ആണ്‍-കോയ്മാ സ്വഭാവവും വിശകലനം ചെയ്യേണ്ടത്.

 

 

മമതയും മഹാശ്വേതയും
മഹാശ്വേതാ ദേവി വെല്ലുവിളിക്കുന്നത് ആണ്‍ നാട്യങ്ങളെയാണെങ്കില്‍ മമതാ ബാനര്‍ജി വെല്ലുവിളിക്കുന്നത് ഈ നാട്യങ്ങള്‍ കൊണ്ടുണ്ടാക്കിയിട്ടുള്ള ഭരണകൂടത്തിന്റെ ആണ്‍ ചങ്കൂറ്റത്തെയാണ്. മഹാശ്വേതാ ദേവിയുടെ രാഷ്ട്രീയം വിശകലനം ചെയ്യാനുള്ള അറിവ് എനിക്കില്ല. എന്നാല്‍ മമതാ ബാനര്‍ജിയുടെ പെണ്‍ രാഷ്ട്രീയത്തിനകത്ത് “ആണ്‍” പതിയിരിക്കുന്നു എന്ന തിരിച്ചറിവുണ്ട്. ബംഗാളില്‍ ആണുങ്ങളെ തൂത്തെറിഞ്ഞ് ഒരു സ്ത്രീ ഭരിച്ചു തുടങ്ങുമ്പോള്‍ ഈ ആണ്‍ ചങ്കൂറ്റം രണ്ടായി വിഭജിക്കപ്പെടുന്നു എന്നു കാണാം. ഒന്ന്, ബംഗാളില്‍ സി.പി.എമ്മിനെതിരെയുള്ള സാമൂഹിക ബഹിഷ്കരണവും ആക്രമണവും നടപ്പാക്കുന്നതും വര, എഴുത്ത്, ആശയം എന്നിവയോടുള്ള അസഹിഷ്ണുത തുടങ്ങിയവയ ഭരണകൂട നിര്‍മിതിക്കായി ഉപയോഗിക്കുകയും ചെയ്യുന്നതിന്റെ ആണ്‍-കോയ്മാ മനോഭാവം. രണ്ട്, ഇതിന്റെ മറുവശമാണ്. രാജ്യമൊട്ടാകെ ഒരു സമൂഹമായി കണക്കാക്കിയാല്‍ അതിനെ പ്രതിനിധാനം ചെയ്യുന്നുവെന്ന രീതിയില്‍ കേന്ദ്ര ഭരണകൂടം മുന്നോട്ടു വയ്ക്കുന്ന അധീശ മനോഭാവത്തെ തുറന്നെതിര്‍ക്കുന്ന മമതയുടെ ആണ്‍ ചങ്കൂറ്റം. മമതാ ബാനര്‍ജി ഇതിനിടയിലാണ് സംഭവിക്കുന്നത്. ഇവിടെ, ആണുങ്ങളുടെ പാര്‍ട്ടിയായ സി.പി.എമ്മിന്റെ എതിര്‍പ്പ് മമതയുടെ ആദ്യ നിലപാടിനോടാണ് എന്നു കാണാം.

 

 

മമതാ ബാനര്‍ജിയുടെ ഈ രണ്ടാം നിലപാട് പരിശോധിക്കണമെങ്കില്‍ മറ്റൊരു കാര്യം പറയേണ്ടി വരും. കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ നരേന്ദ്ര മോഡി തുറന്നെതിര്‍ക്കുമ്പോള്‍ അത് “ആണ്‍ ചങ്കൂറ്റവും” മമതാ ബാനര്‍ജിയുടെ എതിര്‍പ്പ് പെണ്ണിനു ചേരാത്ത ആണ്‍-കോയ്മാ മനോഭാവവുമാണെന്ന് മുഖ്യധാരാ സമൂഹത്തിനു മുമ്പാകെ മാധ്യമങ്ങള്‍ അടക്കം പ്രഘോഷണം ചെയ്യുന്നതിന്റെ രാഷ്ട്രീയമാണത്. ദേശീയ ഭീകര വിരുദ്ധ കേന്ദ്രം, ലോക്പാല്‍-ലോകായുക്ത ബില്‍ വിഷയങ്ങള്‍, ബംഗ്ളാദേശുമായുള്ള ടീസ്റ്റ വെള്ളക്കരാറിന്റെ പേരില്‍ മന്‍മോഹന്‍ സിംഗ് എന്ന ആണിനെ പടിക്കു പുറത്തു നിര്‍ത്തല്‍, എന്നിങ്ങനെ മമതാ ബാനര്‍ജി ചെയ്യുന്ന “അഹംഭാവങ്ങള്‍” മോഡിയുടെ കാര്യത്തിലാകുമ്പോള്‍ അനുവദനീയമായ ഗുജറാത്തി അഹങ്കാരവും ആണ്‍-തന്റേടവുമായി മാറുന്നതു കാണാം. മമതാ ബാനര്‍ജിയുടെ കാര്യത്തില്‍, ഐ.പി.എല്‍ -അതിന്റെ രാഷ്ട്രീയം മറ്റൊന്നാണ് എന്ന ബോധ്യത്തോടെ തന്നെ- കിരീടം നേടിയ കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കുന്നത് അലംഘനീയമായ സാമൂഹിക വഴക്കങ്ങളെ പൊളിക്കുന്ന പെണ്ണിന്റെ അഹങ്കാരവും രാഷ്ട്രപതിയാകാന്‍ വെമ്പുന്ന പ്രണാബ് മുഖര്‍ജിയെ “അയാള്‍ ബംഗാളിന്റെയല്ല, ലോകത്തിന്റെ മകന്‍ അല്ലേ”യെന്ന് ബംഗാളി സമവാക്യം തട്ടിത്തെറിപ്പിച്ച് പരിഹസിക്കുന്നത് ആണ്‍-കോയ്മയുടെ അധികാരത്തിന് ദഹിക്കുന്നതുമല്ല. ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ പഥ്യത്തിന് “അവളെ” ദഹിക്കില്ല.

 

 

ആണ്‍കോയ്മയുടെ രാഷ്ട്രീയം
ഈ ആണ്‍-കോയ്മാ ഇടത്തില്‍ നിന്നു കൊണ്ടാണ് മണിയെ തളയ്ക്കണമെന്ന് പറയാന്‍ മോഡിക്ക് ധൈര്യം വരുന്നത്. അല്ലെങ്കില്‍ സമൂഹത്തിന്റെ ആണ്‍-കോയ്മാ മനോഭാവമാണ് മണിക്കും മോഡിക്കുമിടയില്‍ പാലം പണിയുന്നത്. അങ്ങനെയാകുമ്പോള്‍ മമതാ ബാനര്‍ജിയാണ് ഇവിടെ ഇര. സി.പി.എം എവിടെയാണോ നില്‍ക്കേണ്ടത് എന്നു നാം കരുതുന്ന അതേ പക്ഷത്ത്. പക്ഷേ, ആണുങ്ങളുടെ പാര്‍ട്ടിയാണ് എന്നുദ്ഘോഷിക്കുകയും പെണ്‍ കഴപ്പിനെ കുറിച്ച് വിശദമാക്കുകയും ചെയ്യുമ്പോള്‍ പ്രത്യക്ഷത്തില്‍ ആണ്‍-കോയ്മയുടെ നേരിട്ടുള്ള പ്രയോക്താക്കളാകുകയും നരേന്ദ്ര മോഡിമാര്‍ക്ക് വേണ്ടി ദാഹിക്കുന്ന ജനക്കൂട്ടത്തിന് മുമ്പാകെ ഇളിഭ്യരായി നില്‍ക്കേണ്ടി വരികയും ചെയ്യും. ഈ സമയത്ത്, മമതാ ബാനര്‍ജി തന്റെ സി.പി.എം വിരുദ്ധവും പലപ്പോഴും ജനാധിപത്യ വിരുദ്ധവുമായ ആഭ്യന്തര നയങ്ങളുമായി മുന്നോട്ടു പോവുകയും ചെയ്യും. ആത്യന്തികമായി പരസ്പരം പോരടിക്കുന്ന രണ്ട് ആണ്‍-കോയ്മാ സമൂഹമായി നാം മാറുകയും ചെയ്യും. കേരളം അവിടെ എത്തിക്കഴിഞ്ഞു എന്നതു കൊണ്ടാണ് അടിച്ചാല്‍ തിരിച്ചു തല്ലണമെന്നും ആണുങ്ങളായാല്‍ മറ്റു ചില ഗുണങ്ങള്‍ വേണം എന്ന പ്രസ്താവനകള്‍ ജനക്കൂട്ടത്തെ ഹരം കൊള്ളിക്കാന്‍ പോകുന്നതാകുന്നതും നമ്മുടെ സദാചാര ബോധം ആണ്‍-കോയ്മാ ബോധത്തില്‍ തന്നെ തറഞ്ഞു നിന്നു പോകുന്നതും.

ബംഗാള്‍ സന്ദര്‍ശനത്തിന്റെ കഥ പറഞ്ഞത് കേരളം എല്ലാക്കാലത്തും ആണുങ്ങള്‍ ഭരിച്ച സംസ്ഥാനമാണ് എന്നത് ഓര്‍മിപ്പിക്കാന്‍ കൂടിയാണ്. ആണ്‍ ഭരിച്ചിടത്ത് പെണ്‍ ഭരിക്കുമ്പോള്‍ എന്തു മാറ്റമാണ് ഉണ്ടാകുന്നത് എന്നത് ഒറ്റ വാക്കില്‍ പറയാന്‍ പറ്റില്ല. അതുകൊണ്ട് മമതാ ബാനര്‍ജിയുടെ രാഷ്ട്രീയം ഒരു ഓര്‍മപ്പെടുത്തലാണ്. എന്നാല്‍ ആണ്‍-കോയ്മയുടെ അകത്തു നിന്നു കൊണ്ട് നിങ്ങള്‍ക്ക് മമതാ ബാനര്‍ജി ബംഗാളില്‍ നടത്തുന്ന ജനാധിപത്യ വിരുദ്ധ നയങ്ങളെ എതിര്‍ക്കാന്‍ പറ്റില്ല.

ഇങ്ങേ കോണില്‍ കേരളത്തിന്റെ ഒരറ്റത്തു നിന്ന് ഞങ്ങള്‍ ആണുങ്ങളുടെ പാര്‍ട്ടിയാണ് എന്ന ഓര്‍മപ്പെടുത്തലോ, തുറന്നു പറച്ചിലോ കൊണ്ട് സഹായിക്കുക മോഡിമാരെയാണ്. അവരെ മാത്രം. ഉത്പാദനോപാദികളുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ടതാണ് പ്രത്യുത്പാദന നിയമങ്ങളെന്നും ഇതിന് രണ്ടിനും പാരസ്പര്യമുണ്ടാകുമ്പോഴാണ് ഇതിന് അനുരൂപമായ ഭരണകൂടമുണ്ടാകുന്നതെന്നും ഏംഗല്‍സ് പറയുന്നുണ്ട്. ആയുധം അടിമയില്‍ നിന്ന് പിടിച്ചെടുത്താണ് നിങ്ങള്‍ സൈന്യത്തെയുണ്ടാക്കിയത്. അതുപോലെയാണ് മാതൃത്വത്തില്‍ നിന്ന് പിതൃത്വം പിടിച്ചെടുക്കുന്നതും. കൃത്രിമമായി സൈന്യത്തെ ഉണ്ടാക്കിയതു പോലെയാണ് ആണ്‍-കോയ്മയില്‍ അധിഷ്ഠിതമായ പിതൃത്വം ഉണ്ടായതെന്നും പാര്‍ട്ടിയിലെ താത്വികര്‍ക്ക് അറിയാതെ വരില്ല. അതുകൊണ്ടു തന്നെ നിങ്ങളുടെ ആണ്‍-കോയ്മാ വിചാരം അശ്ളീലമാണ്. അതുമാത്രം.

————–

പിന്‍കുറിപ്പ്1
വിദ്യാഭ്യാസം നേടിയ സ്ത്രീകള്‍ കേരളത്തിനു പുറത്തേക്ക് ഒഴുകുകയാണെന്നാണ് സി.ഡി.എസിന്റെ പുതിയ സര്‍വെ ഫലം. ആണുങ്ങളും പോകുന്നുണ്ടല്ലോയെന്നാണെങ്കില്‍, അഞ്ചാണിന് 13 പെണ്ണുങ്ങള്‍ കേരളം വിടുന്നു എന്നാണ് സര്‍വെയിലെ ഉത്തരം. ഇതില്‍ 69 ശതമാനം പേരും അവിവാഹിതരുമാണ്. അപ്പോള്‍ ജോലി സാധ്യത മാത്രമല്ല കാരണമെന്ന് മനസിലാകും. നാലാമിടം ഏതാനും നാള്‍ മുമ്പ് പ്രസിദ്ധീകരിച്ച പുറംനാട്ടില്‍ ജീവിക്കുന്ന സ്ത്രീ എഴുത്തുകാരുടെ അനുഭവങ്ങള്‍ തന്നെ ഇതിന്റെ നല്ല ഉദാഹരണമല്ലേ?

പിന്‍കുറിപ്പ്2
മീശ വച്ചാല്‍ മാത്രം ആണാകില്ലെന്ന് മണി- പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, വി.എസ് അച്യൂതാനന്ദന്‍, പിണറായി വിജയന്‍… മീശക്കാര്‍..ഹമ്പട.

5 thoughts on “ആണുങ്ങളുടെ പാര്‍ട്ടി; പാര്‍ട്ടിയിലെ ആണുങ്ങള്‍

 1. Is it a must that an article should have a minimum length? Has the editor of this site heard of something called editing?

 2. ആണ്‍കോയ്മാ വ്യവഹാരങ്ങള്‍, ആണ്‍ കാമനകള്‍ എന്നിവ ചേര്‍ന്നു സൃഷ്ടിക്കുന്ന നിലവിലെ പൊതുബോധം
  തന്നെയാണ് കൊടികെട്ടിയ തങ്ങളുടെ അഭിപ്രായ പ്രകടനങ്ങളും എന്നു ബോധ്യമാവുമ്പോള്‍ ഉണ്ടാവുന്ന അലോസരം ഇത്തരം എഴുത്തുകളുടെ പ്രതികരണമായി സാധാരണ കാണാറുണ്ട്. ഇത്തരം വിഷയങ്ങള്‍
  ചര്‍ച്ച ചെയ്യുമ്പോള്‍ പൊട്ടിപ്പുറപ്പെടാറുള്ള ആശങ്കകള്‍.
  ഇങ്ങനെ ആണ്‍ പെണ്‍ വിഭജനം നല്ലതാണോ,
  കാര്യങ്ങള്‍ ഇങ്ങനെ തന്നെ കാണണോ എന്നിങ്ങനെ ആദര്‍ശാധിഷ്ഠിത നിലപാടുകള്‍ കുത്തിയൊലിക്കും.

  ഈ ലേഖനം വായിച്ചപ്പോഴും അതുതന്നെ പ്രതീക്ഷിക്കുന്നു.

  നമ്മുടെ പാര്‍ട്ടി സിസ്റ്റങ്ങളും അതിനുള്ളിലെ ജീവിതങ്ങളും
  എത്ര ഇടതായാലും വലതായാലും ‘എല്ലാമറിയുന്ന’ ആണുങ്ങളും ‘അനുസരിക്കുന്ന’ പെണ്ണുങ്ങളും തന്നെയാണ്. അതു തുറന്നു പറഞ്ഞതിന്, അതിനെക്കുറിച്ചുള്ള ചര്‍ച്ചക്ക് തുടക്കമിട്ടതിന് നാലാമിടത്തിന് നന്ദി.
  ശ്രദ്ധിക്കാതെ പോയ ആംഗിളില്‍നിന്ന് ഇത്തരമൊരു
  നിരീക്ഷണം സാധ്യമാക്കിയ അശോകിനും അഭിനന്ദനങ്ങള്‍

  മഞ്ജുഷ .

 3. നന്നായി അശോകാ… കണ്ണുണ്ടാകുകയും കാണുകയും ചെയ്തതിന് അഭിനന്ദനങ്ങള്‍

 4. അശോക്‌, ഈ ലേഖനം ഞാന്‍ രണ്ടു ദിവസം മുന്‍പേ കണ്ടിരുന്നു എങ്കില്‍ എന്‍റെ ലേഖനം എഴുതുകയില്ലായിരുന്നു. വളരെ കൃത്യമായാണ് നിരീക്ഷണങ്ങള്‍ നടത്തിയിരിക്കുന്നത്.
  ആണ്കൊയ്മ ഇടത് വലത് പക്ഷങ്ങളെ ഭേദിക്കുന്നത് വളരെ നേര്‍ത്ത ഒരു വരകൊണ്ടാണ്. ഇടത് ആദര്‍ശം ആണ്കൊയമയെ അകറ്റി നിര്ത്തുന്നു എങ്കിലും ഇടത് പ്രവര്‍ത്തകര്‍ ഇന്നും ‘ഉശിരുള്ള സാമ്പ്രദായിക പുരുഷന്മാര്‍’ തന്നെ ആയി പോകുന്നു.

Leave a Reply

Your email address will not be published. Required fields are marked *