മൂവീ ക്യാമറയുമായി ഒരു സൂഫി
സിനിമയുമായി ബന്ധപ്പെട്ട് പുതിയൊരു കോളം കൂടി ആരംഭിക്കുന്നു. അധ്യാപകനും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനുമായ എം. നൌഷാദ് സിനിമയുടെ ആത്മീയ ധാരകളിലൂടെ നടത്തുന്ന അന്വേഷണ നിരീക്ഷണങ്ങള്‍. ഇറാനിയന്‍ സംവിധായകന്‍ മാജിദ് മജീദിയുടെ ചിത്രങ്ങളിലൂടെ നടത്തുന്ന സഞ്ചാരമാണ് പംക്തിയില്‍ ആദ്യം.
ഇറാനിയന്‍ സിനിമയിലെ വേറിട്ടൊരു വഴിയാണ് മാജിദ് മജീദി. ആത്മീയമായ ഒരന്തര്‍ധാരയാണ് ആ ചിത്രങ്ങളെ വേറിട്ടു നിര്‍ത്തുന്നത്. ദൃശ്യങ്ങളിലും പ്രമേയങ്ങളുടെ തെരഞ്ഞെടുപ്പിലും ബിംബ കല്‍പ്പനകളിലും രൂപകങ്ങളിലുമെല്ലാം ഈ ആത്മീയത പ്രകടമാണ്. മത,ജാതി,ഗോത്ര,ലിംഗ,ദേശ വേര്‍തിരിവുകളില്ലാതെ പെയ്യുന്ന സ്നേഹത്തിന്റെ അഗാധമാനങ്ങള്‍ സമൃദ്ധമായ സൂഫീ ധാരതന്നെയാണ് ഇതെന്ന് വായിച്ചെടുക്കുന്ന വിശകലനത്തിന്റെ ആദ്യ ഭാഗമാണിത്. രണ്ടാം ഭാഗം അടുത്ത വ്യാഴാഴ്ച
സാധിച്ചെടുക്കാവുന്നതില്‍ ഏറ്റവും ഉന്നതമായ മാനസിക നിലകളിലൊന്ന് നിഷ്കളങ്കതയാണ്. നമ്മിലെല്ലാം നിസ്സീമം നിക്ഷിപ്തമായിരുന്ന ആ മഹത്വത്തെ ഗുപ്തകാപട്യങ്ങളും ദുഷ്ട വഞ്ചനകളും കൊണ്ട നമ്മള്‍ മറികടന്നു. അനുമോദനാര്‍ഹമായ എന്തെങ്കിലും നിഷ്കളങ്കതയിലുണ്ടെന്ന് നാഗരികതയുടെ വേഗങ്ങള്‍ നമ്മെ പഠിപ്പിച്ചില്ല. സാമര്‍ത്ഥ്യമെന്നാല്‍, കാര്യക്ഷമതയെന്നാല്‍ നിരന്തരം മല്‍സരോന്‍മുഖമായ ഒരു ലോകത്തെ സംബന്ധിച്ച് നിഷ്കളങ്കരല്ലാതാവുക എന്നതാണ്. പോഴത്തക്കാര്‍ എന്നു പരിഹസിച്ചൊഴിവാക്കാനാവുന്ന ശുദ്ധമനസ്കരായ നിഷ്കളങ്കരോട് വലിയ സൂഫികള്‍ പ്രാര്‍ഥിക്കാന്‍ ഏല്‍പ്പിക്കാറുണ്ടയിരുന്നുവത്രെ. മറ്റാരെക്കാളും ദൈവത്തോട് സഹജമായും അടുത്താണവര്‍. മറ്റെന്തിനേക്കാളും അവരുടെ നിസ്വമോഹങ്ങള്‍ കൊണ്ടാണ് പറുദീസകള്‍ പണിയപ്പെട്ടിരിക്കുന്നത്. അവരാണ് ഈ ലോകത്തെ അലിവിന്റെ തൂണുകളില്‍ നിലനിര്‍ത്തുന്നത്.
ഇറാനിയന്‍ സിനിമയെ ലോകം മുഴുവന്‍ വ്യാപിപ്പിച്ച വിപ്ലവാനന്തര ഇറാനിലെ ആദ്യ തലമുറ ചലച്ചിത്രകാരന്‍മാരിലൊരാളാണ് മാജിദ് മജീദി. ഇറാനിയന്‍ സിനിമ ഈയിടെയായി ശ്രദ്ധിക്കപ്പെടുന്നത് അന്നാട്ടില്‍ പരിഷ്കരണ വാദവും യാഥാസ്ഥികവാദവും തമ്മില്‍ നടന്നുവരുന്ന സങ്കീര്‍ണ്ണ സംഘര്‍ഷങ്ങളില്‍ ചലച്ചിത്രകാരന്‍മാര്‍ വഹിക്കുന്ന സവിശേഷമായ സാംസ്കാരിക നിയോഗങ്ങളുടെ കൂടി പേരിലാണ്. തീര്‍ച്ചയായും മിക്കവാറും ചലച്ചിത്രകാരന്‍മാര്‍ പരിഷ്കരണവാദികളോടൊപ്പമാണ്. മാജിദിയാവട്ടെ പ്രകടമായ രാഷ്ട്രീയ ഇടപെടലുകളില്‍ അപൂര്‍വമായേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. എന്നാല്‍, ഖാതമിയെപ്പോലുള്ള പരിഷ്കരണവാദികളെ അനുകൂലിച്ചിട്ടുള്ളയാളുമാണ് മജീദി. ഏതാനും അഭിമുഖങ്ങളില്‍ അദ്ദേഹം തന്നെ വ്യക്തമാക്കുന്നതുപോലെ, തല്‍ക്കാല രാഷ്ട്രീയ പ്രശ്നങ്ങളോടുള്ള സത്വര പ്രതികരണങ്ങള്‍ എന്നതിനേക്കാള്‍ കുറേക്കൂടി അഗാധവും സര്‍വകാല-ദേശ പ്രസക്തവുമായ മാനുഷിക പ്രശ്നങ്ങളിലാണ് ചലച്ചിത്രകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ താല്‍പ്പര്യം. കലയ്ക്കു രാഷ്ട്രീയമില്ലെന്നോ വേണ്ടതില്ലെന്നോ അല്ല ഇതിനര്‍ത്ഥം. അതൊരു ആഴത്തിലേക്കുള്ള ഊളിയിടലാണ്. കാലാതീതമായ സന്ദേഹങ്ങളും സഞ്ചാരങ്ങളും ഉണ്ടാക്കിയെടുക്കലാണ്.
മജീദിയുടെ കുട്ടികള്‍
ഇറാനിയന്‍ സിനിമയിലെ ഏറ്റവും ആഘോഷിക്കപ്പെട്ട കുട്ടികള്‍ മാജിദ് മജീദിയുടെ കുട്ടികളാണ്. അവരുടെ നിഷ്കളങ്കതകള്‍, അതിനു പശ്ചാത്തലമാകുന്ന ജീവിതത്തിന്റെ കുറവുകളും തികവുകളും സഹിതം ലോകം കണ്ടിരുന്നിട്ടുണ്ട്. മാജിദിയുടെ മിക്കവാറും സിനിമകളിലെ കഥാ പശ്ചാത്തലങ്ങള്‍ ദാരിദ്യ്രത്തിന്റേതാണ്. ഇല്ലായ്മയില്‍ പൂക്കുന്ന ബന്ധങ്ങളെക്കുറിച്ചാണ് അദ്ദേഹം അധികവും ആലോചിച്ചിരിക്കുക. ഭൌതികമായ ദാരിദ്യ്രവും ഭൌതികേതരമായ സമ്പന്നതയും മാജിദിയുടെ ജീവിത വീക്ഷണത്തിലേക്കും സൌന്ദര്യശാസ്ത്ര ദര്‍ശനങ്ങളിലേക്കുമുള്ള ഒരു പ്രവേശികയായി കരുതാം. സ്നേഹമാണ് ഏറ്റവും വലിയ സ്വത്തെന്നും കരുണയാണ് ഏറ്റവും വലിയ സമ്മാനമെന്നും ഉള്ളിനുള്ളില്‍ അറിയുന്ന, കുട്ടികളെയും ഉമ്മമാരെയും ഈ മനുഷ്യന്‍ നമുക്ക് നിരന്തരം കാണിച്ചുതരുന്നു.
‘കളര്‍ ഓഫ് പാരഡൈസി’ലെ മുഹമ്മദ് തന്റെ ഭൌതികമായ അന്ധതയെ മറികടക്കുന്നുണ്ട്. സ്നേഹം കൊണ്ടും വിനീതവും നിസ്സഹായവുമായ ജീവിത സംതൃപ്തി കൊണ്ടും മാത്രമാണത് സാധിക്കുക. സ്വാര്‍ത്ഥനെന്നു പറയാവുന്ന, നിരന്തരം പ്രലോഭിതനാകുന്ന അവന്റെ പിതാവിന്റെ മാനസികമായ അന്ധതക്കുമുന്നില്‍ മുഹമ്മദിന്റെ ഭൌതികമായ അന്ധത എത്ര ചെറുതാണ്. (ഒന്നോര്‍ത്താല്‍ അനാഥനായി വളരുകയും യൌവനത്തിലേ ഭാര്യ മരിച്ചുപോവുകയും ചെയ്ത അവന്റ പിതാവും എത്ര പാവമാണ്!). മുഹമ്മദ് തന്റെ സഹോദരിമാര്‍ക്കും വല്യുമ്മക്കും കൊണ്ടുവരുന്ന ചെറിയ സമ്മാനങ്ങളില്‍ വിപണിയോടുള്ള നിഷ്കളങ്കവും ലളിതവുമായ നിരാസമുണ്ട്. സ്നേഹമെന്നത് ഒരുല്‍പ്പന്നത്തിന്റെയും പിന്തുണ ആവശ്യമില്ലാത്ത വികാരമാണെങ്കിലും , ദുര്‍ബലരായ മനുഷ്യര്‍ക്ക് സ്നേഹം പ്രകടിപ്പിക്കുവാന്‍ ഉല്‍പ്പന്നങ്ങളുടെ സഹായം വേണ്ടിവരാറുണ്ട്.
കിട്ടാത്ത ആ ഷൂ
ഒരു വലിയ ഓട്ടമല്‍സരത്തിന് മൂന്നാം സമ്മാനമായി കിട്ടാനിടയുള്ള ഒരു ജോടി ഷൂ മോഹിച്ച് , അതു കിട്ടിയാല്‍ തന്റെ കുഞ്ഞുപെങ്ങളുടെ സ്കൂള്‍ ദുരിതങ്ങള്‍ തീരുമെന്ന് സ്വപ്നം കണ്ട് ഓട്ടമല്‍സരത്തില്‍ അക്കണ്ട ദൂരമത്രയും ഓടിക്കിതക്കുന്ന ”ചില്‍ഡ്രന്‍ ഓഫ് ഹെവനിലെ’ അലി അവസാനം തോല്‍ക്കുകയാണോ ജയിക്കുകയാണോ ചെയ്തത്? മൂന്നാം സമ്മാനമായ ഒരു ജോടി ഷൂവാണ് അവനു വേണ്ടത്. അതാണ് അവന്റെയും പെങ്ങളുടെയും ജീവിതത്തിന്റെ നിത്യമായ ഓട്ടങ്ങളെ ഇല്ലാതാക്കുക. അവര്‍ക്കിരുവര്‍ക്കും സ്വാസ്ഥ്യത്തോടെ സ്കൂളിലേക്കും തിരിച്ചും വരാനാവുക ആ ഷൂ കിട്ടിയാലാണ. ഫിനിഷിങ് ലൈന്‍ കടന്ന് കിതച്ചു വീഴുന്ന നേരത്ത് വാരിയെടുക്കാനത്തുന്ന അധ്യാപകനോട് അവന്‍ ചോദിക്കുന്നത് ‘ എനിക്കു മൂന്നാം സ്ഥാനമില്ലേ’ എന്നാണ്. ഒരു പ്രതിഭക്ക് ഒന്നാമതല്ലാതാവുക എന്നതാണ് വെല്ലുവിളിയെന്ന് അവനപ്പോള്‍ അറിഞ്ഞുകാണണം.
ഒന്നാമന്റെ പീഠത്തില്‍ കണ്ണീരണിഞ്ഞുനില്‍ക്കുന്ന അലിയുടെ സ്നേഹത്തില്‍, വേദനയില്‍, വിപണി മൂല്യങ്ങള്‍ നമ്മിലേല്‍പ്പിച്ച സഹോദര്യവിനഷ്ടങ്ങളുടെ പരിഹാരം നാമറിയുന്നു. വീട്ടിലെത്തി അപ്പോഴേക്കും പൂര്‍ണമായും പൊളിഞ്ഞു കഴിഞ്ഞ ഷൂ -രണ്ടുപേര്‍ക്കും കൂടി ആകെയുള്ളതായിരുന്നു അത്-തറയിലേക്ക് നിസ്സംഗം വലിച്ചെറിഞ്ഞ്, മൂന്നാം സമ്മാനമായ ഷൂവിനു കാത്തിരിക്കുന്ന സഹ്റയുടെ മുന്നില്‍ പരാജിതനായി നില്‍ക്കുന്ന അലിയില്‍ സ്നേഹത്തിനു വേണ്ടി പടവെട്ടിത്തോറ്റ് മടങ്ങിയെത്തുന്ന എല്ലാ ഇതിഹാസ മനുഷ്യരുടെയും ഛായ നമുക്കു കാണാം. സ്നേഹത്തിനു വേണ്ടിയുള്ളതല്ലാത്ത ജയങ്ങള്‍ക്ക് അര്‍ത്ഥമില്ല എന്ന് നാമറിയുന്നു. എന്റെ സഹോദരിയുടെ, സഹോദരന്റെ ദുരിതം കുറക്കാനാവാതെ എനിക്കു കിട്ടുന്ന പട്ടങ്ങളില്‍ ആഹ്ളാദിക്കാനെന്തിരിക്കുന്നു? ഓടിപ്പതംവന്നു പൊള്ളിയ അവന്റെ കാലുകളില്‍ മുറ്റത്തെ കുളത്തിലെ സ്വര്‍ണ മീനുകള്‍ വന്നു ചുംബിക്കുമ്പോഴാണ് സിനിമ അവസാനിക്കുന്നത്. മാജിദ് മജീദിയുടെ മിക്കവാറും സിനിമകളില്‍ ഈ കുളവും സ്വര്‍ണ മല്‍സ്യങ്ങളുമുണ്ട്. പ്രതീകപരമായ പ്രാധാന്യത്തോടെ, അന്ത്യ രംഗങ്ങളിലാണ് അവ കടന്നുവരിക എന്നതും ശ്രദ്ധേയമാണ്.
പരിത്യാഗമെന്ന മൂല്യം
അന്ധനായ മുഹമ്മദിനെ അവന്റെ ഇഷ്ടത്തിനു വിരുദ്ധമായി വീട്ടിലാരോടും ചര്‍ച്ചചെയ്യാതെ, ദൂരെയുള്ള മരപ്പണിശാലയില്‍ കൊണ്ടുപോയാക്കിയതില്‍ പ്രതിഷേധിച്ചാണ് ‘കളര്‍ ഓഫ് പാരഡൈസി’ല വലിയുമ്മ മകനോട് പിണങ്ങി വീടുവിട്ടിറങ്ങുന്നത്. മഴ നിര്‍ത്താതെ പെയ്യുന്ന ആ സന്ധ്യയില്‍ പോകാന്‍ പ്രത്യേകിച്ചൊരിടവുമില്ലാത്ത സാത്വികയായ ആ വൃദ്ധ, സ്നേഹത്തിന്റ ഏതഭയത്തിലേക്കാവും തീര്‍ത്ഥയാത്രക്കൊരുങ്ങിയിരിക്കുക? ക്രൂരത ദുര്‍ബലരുടെ ആയുധമാണ്, കരുണ കരുത്തരുടേയും. മഴയത്തു വഴി തെറ്റിവന്ന് കരയ്ക്കു കയറി പിടയുന്ന ആ മല്‍സ്യത്തെ മഹാവാല്‍സല്യത്തോടെയെടുത്ത് തോട്ടിലേക്ക് വിടുന്ന ഉപേക്ഷിതയായ ആ മാതാവ് അനേകം പ്രേക്ഷകരുടെ അതിജീവനങ്ങളെ സഹായിക്കാതിരിക്കില്ല.
ഏറ്റവും ചെറിയ, ഏറ്റവും സാധാരണമായ പ്രവൃത്തികളാണ് പലപ്പോഴും ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ളത്. ആ മീനിനെ വെള്ളത്തില്‍ വിട്ടെഴുന്നേല്‍ക്കുന്നതിനിടെ, മുഹമ്മദ് അവധിക്കു നാട്ടില്‍വന്നപ്പോള്‍ കൊണ്ടുവന്നുതന്ന ആ കുഞ്ഞുസമ്മാനം വെള്ളത്തില്‍ വീണ് ആണ്ടുപോവുന്നു. ചെളിയില്‍ പൂണ്ട്
വീണ്ടെടുക്കാനാവാതെ പോവുന്ന ആ സമ്മാനത്തെയും വേണ്ടെന്നുവെച്ച് ആ സ്ത്രീ മുന്നോട്ടു നടക്കുകയാണ്. ‘ ബാരാനിലെ’ പ്രണയ പരവശനായ നായകന്‍ ഒടുവില്‍ തൊപ്പി മറന്നുവെച്ചു പോവുന്നിടത്തും ആത്മീയമായ പക്വതക്ക് അനിവാര്യമായും ആവശ്യമുള്ള പരിത്യാഗമെന്ന മൂല്യത്തിലേക്കുള്ള സൂചനകള്‍ കാണാം.
പിന്നീട് മകനാല്‍ നിര്‍ബന്ധപൂര്‍വം വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരപ്പെട്ട, നിശãബ്ദമായ പ്രാര്‍ഥനകളോടെ വീട്ടിനകത്തു കഴിയുന്ന രോഗിയായ മാതാവിനോട് ‘ ഉമ്മാക്കിത്ര വിഷമമായെങ്കില്‍ ഞാന്‍ മുഹമ്മദിനെ തിരിച്ചുകൊണ്ടുവരാം’ എന്ന് അവന്റെ പിതാവ് പറയുന്നുണ്ട്. ‘എനിക്ക് മുഹമ്മദിനെ ഓര്‍ത്തിട്ടല്ല, നിന്നെ ഓര്‍ത്തിട്ടാണ് സങ്കടം’ എന്നാണ് അവരുടെ മറുപടി. അതില്‍ ആഴമേറിയ സ്നേഹവും പരോക്ഷമായ ഗുണദോഷിക്കലുമുണ്ട്. മകന്റെ തെറ്റ് പൊറുത്തുകൊടുത്തിട്ടും, തന്റെ സമ്പാദ്യം മുഴുവന്‍ അവന്റെ വരാന്‍ പോകുന്ന പെണ്ണിനുവേണ്ടി നല്‍കിയിട്ടും ബഹുതലമാനങ്ങളുള്ള അയാളുടെ ദുര്‍വിധിയെച്ചൊല്ലി ആ പാവം ഉമ്മ സങ്കടപ്പെടുന്നു. പിന്നീടൊരിക്കലും വലിയുമ്മയും മുഹമ്മദും തമ്മില്‍ കാണുന്നില്ല.
സൂഫി രൂപകങ്ങള്‍
അന്ധത, ബധിരത, നിശãബ്ദത എന്നിവ മജീദിയുടെ പല സിനിമകളിലായി വരുന്ന സൂഫി രൂപകങ്ങളാണ്. ‘ ദ സോങ് ഓഫ് ദ സ്പാരോസിലെ’ പെണ്‍കുട്ടി ഹാനിയ ബധിരയാണ്. അവളുടെ ശ്രവണ സഹായി കേടുവന്നുപോയെങ്കിലും, അതവള്‍ മറച്ചുവെക്കുകയും തനിക്കു കേള്‍ക്കാമെന്ന് നുണ പറയുകയും ചെയ്യുന്നത് അതുപോലൊന്ന് പുതുതായി വാങ്ങിത്തരാന്‍ കഴിയാത്ത പിതാവിന്റെ ദാരിദ്യ്രം അവള്‍ക്കറിയുന്നത് കൊണ്ടാണ്. നേരിനേക്കാള്‍ പവിത്രമാണ് ചില നുണകള്‍. മറുവശത്ത് അഫ്ഗാനി പെണ്‍കുട്ടി ഒരു വാക്കുപോലും ഉരിയാടുന്നില്ല. നിശãബ്ദത കൊണ്ടാണ് അവള്‍ പറയുന്നതത്രയും. എന്നിട്ടും അഭയാര്‍ത്ഥി അതിജീവനങ്ങള്‍ക്കു വേണ്ട പാരുഷ്യങ്ങളെല്ലാം കൈവശമുള്ള ലത്തീഫിനെ അവള്‍ സ്നേഹത്താല്‍ കീഴ്പ്പെടുത്തുന്നു. ഒരേ സമയം പല അടരുകളില്‍ വായിക്കാനാവുന്നതാണ് അവളുടെ ജീവിതം; അവരുടെ ഒരിക്കലും ഉച്ചരിക്കപ്പെടാത്ത, എന്നിട്ടുമെപ്പോഴും പ്രകാശിതമാവുന്ന പ്രണയം പോലെ.






മനോഹരമായ ഭാഷ.
രാഷ്ട്രീയ വായനകള്‍ക്കു മാത്രം
ഇടമുള്ള മലയാള സിനിമാ നിരൂപണത്തില്‍
നിന്ന് വേറിട്ടു നടക്കുന്നു. അഭിനന്ദനങ്ങള്‍
നല്ല കോളം, സിനിമയെ പറ്റി അറിയാന്‍, കേള്‍ക്കാന്‍ തല്പര്യ്കുള്ളവര്‍ക്ക് മനസിലാകുന്ന തരത്തിലുള്ള അവതരണം, ഈ രീതി മുന്നോട്ട് പോകുന്നത് കൂടുതല്‍ പേരെ സിനിമയിലേക്ക് ആകര്‍ഷിക്കാനും അങ്ങിനെ നല്ല ദൃശ്യാ സംസ്കാരം വളര്‍ത്താനും സഹായിക്കും. മജീദ് മജീദിയുടെ തന്നെ ഫാദര്‍, വില്ലോ ട്രീ കൂടാതെ അബ്ബാസ് കിരോസ്താമി, സിദ്ദിക് ബര്‍മാക്, ജാഫര്‍ പനാഹി. അങ്ങിനെ ഇറാന്‍ കൂടാതെ ലോക സിനിമയെയും ഉള്‍പ്പെടുത്തി കോളം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു എം. നൌഷാദിനും നാലാമിടതിന്റെ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍
അഭിനന്ദനങ്ങള്‍…നല്ല നിരൂപണം ….അദ്ധേഹത്തിന്റെ ആറു സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട് …ഇതില്‍ എല്ലാം ജീവിതത്തിന്റെ നിഷ്കളങ്കത വരചിടന്‍ മജിദ് മജീദി ശ്രമിച്ചിട്ടുണ്ട്..അത് പോലെ ഉന്നതമായ ധാര്‍മിക ബോധം എല്ലാ രംഗങ്ങളിലും ഉള്ചെര്‍ന്നിരിക്കുന്നു ….നന്മ നിറഞ്ഞ കഥാപാത്രങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ അദ്ധേഹത്തിന്റെ സിനിമകള്‍ അഭിനന്ദനം അര്‍ഹിക്കുന്നു…….തുടര്‍ച്ച പ്രതീക്ഷിക്കുന്നു
നല്ല നിരീക്ഷണം ..ഞാൻ ഈ ലക്കം ശാസ്ത്രകെരളം മാസികയിൽ പറുദീസയുടെ നിറം കുട്ടികളെ പരിചയപ്പെടുത്താൻ എഴുതീട്ടുണ്ട്..ഞാൻ എഴുതിയ ചിലവ..http://www.scribd.com/doc/21197615/Baaran-1 http://cinemajalakam.blogspot.in/2010/09/blog-post.html http://cinemajalakam.blogspot.in/2010/10/blog-post_18.html
ഇറാനിലെ പോലെ കലങ്ങി മറിയുന്ന സാംസ്കാരിക,രാഷ്ട്രീയ അവസ്ഥയില്‍ വ്യക്തമായ നിലപാട് എടുക്കാതിരിക്കുകയും ഇവിടെ നിരീക്ഷിക്കുന്ന വിധം ആത്മീയമെന്നു വിളിക്കാവുന്ന, നിഷ്കളങ്കതയുടെയും കുട്ടിത്തങ്ങളുടെയും അരാഷ്ട്രീയമായ പാത പിന്തുടരുകയും ചെയ്യുന്നത് ഒരൊളിച്ചോട്ടമല്ലേ?
ചലച്ചിത്രകാരന്‍മാര്‍ അടക്കം നിരവധി കലാകാരന്‍മാര്‍ തടവിലാക്കപ്പെടുകയും ഭരണകൂട ഭീകരതയെന്നു വിളിക്കാവുന്ന വിധം സ്റ്റേറ്റിന്റെ കര്‍ക്കശമായ ഇടപെടല്‍ നിശബ്ദതയുടെയും ഭീതിയുടെയും അന്തരീക്ഷം വിതയ്ക്കുകയും ചെയ്യുന്ന ഇറാനില്‍ അതിനെതിരെ ഒരക്ഷരം മിണ്ടാതെ ആത്മീയതയിലേക്ക് ഊളിയിടുന്ന സിനിമ നിര്‍മിക്കുന്നത് സുരക്ഷിതമായ, ഭരണകൂടത്തിന് സ്വീകാര്യമായ ഒരു ഗെയിം മാത്രമല്ലേ?
കടുത്ത സെന്‍സര്‍ നിയമങ്ങള്‍ക്ക് വിധേയനായി ചെയ്യുന്ന സമവായമല്ലേ, രാജ്യം കത്തുമ്പോഴുള്ള ഈ വീണവായന. അഭിപ്രായ സ്വാതന്ത്യ്രവും സാംസ്കാരിക പ്രവര്‍ത്തനവും തടവിലാക്കപ്പെടുന്ന ഒരു രാജ്യത്ത്, വിദ്യാര്‍ഥികളടക്കം വലിയൊരു വിഭാഗം നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തെ കൂച്ചു വിലങ്ങിടുന്ന ഒരു ഗവണ്‍മെന്റ് മറ്റെല്ലായിടത്തുമുള്ളതുപോലെ മതവൈകാരികത ഇളക്കിവിട്ടു തന്നെയാണ് പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നത്. ഇതിന് സഹായകമായ നിലപാടു തന്നെയല്ലേ മജീദ് മജീദി സ്വീകരിക്കുന്നത്?
ഇന്ത്യന്‍ അടിയന്തിരാവസ്ഥക്കാലത്ത് മുഖ്യധാരാ മാധ്യമങ്ങളും കലാകാരന്‍മാരും വികസന വായ്ത്താരികള്‍ പാടി നടന്നതിനെ അനുസ്മരിക്കുന്നതല്ലേ മജീദിയുടെ രാഷ്ട്രീയമായ മൌനം?
കഠാര മുനയ്ക്കു മുന്നില്‍ നിന്നു ആത്മീയ പ്രസംഗം നടത്തുന്നതില്‍ പരം കലാപരമായ അശ്ളീലം മറ്റെന്താണുള്ളത്?
ഇറാനെ ശത്രുരാജ്യമായി പ്രഖ്യാപിക്കുന്ന പാശ്ചാത്യ മീഡിയകളുടെ ആരോപണം കേട്ട് ഇറാന്‍ ഏതോ ഭീകരമായ നാടാണെന്ന് തെറ്റിദ്ധരിച്ചത് താങ്കളുടെ കുറ്റമല്ല. കാരണം, പാശാത്യരെ ചാണിനു ചാണ്‍ആയും മുഴത്തിനു മുഴമായും പിന്തുടരുന്ന നമ്മുടെ മുത്തശ്ശിപ്പത്രങ്ങളും ഉത്തമ റഫറന്‍സ് ഗ്രന്ഥം പോലെ കരുതി തൊണ്ട തൊടാതെ വിഴുങ്ങുന്നത് മണ്ടത്തരമാണെന്ന് താങ്കളെപ്പോലുള്ളവര്‍ തിരിച്ചറിയാന്‍ ശേഷി ആര്‍ജ്ജിച്ചിട്ടില്ല. ഇന്ത്യയിലും അമേരിക്കയിലും നടക്കാത്ത എന്തെങ്കിലും മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഇറാനിലും നടക്കുന്നില്ല എന്ന് മനസ്സിലാകണമെങ്കില്‍ വാര്‍ത്തകളുടെ നിറവും വലുപ്പവും നോക്കി വികാരം കൊള്ളുന്നത് നിര്‍ത്തി വസ്തു നിഷ്ടമായി പ്രശ്നങ്ങളെ നോക്കിക്കാണണം.
മജീദ് മജീദിയുടെത് അശ്ലീല പ്രസംഗമാണ് എങ്കില്‍ നമ്മുടെ കലാകാരന്മാരുടെത് എന്ത് പ്രവര്‍ത്തനമാണെന്ന് കൂടി ഒന്ന് വിശദീകരിക്കുക.
“മുത്തശ്ശിപ്പത്രങ്ങള്‍ എഴുതി വിടുന്നത്” എന്ന് തിരുത്തുക.
മജീതിയെപ്പറ്റി പറയുമ്പോള്‍ നാം ഒന്ന് ഓര്‍ക്കണം…… ഇറാനില്‍ തിയേറ്റര്‍ ഇല്ലന്നു തന്നെ പറയാം, സിനിമയില്‍ അഭിനയിക്കുന്നവരെ അകറ്റി നിര്‍ത്തുന്ന ജനങ്ങള്‍ , എല്ലാംകൊണ്ടും ഇറാനില്‍ സിനിമ എന്ന കലയ്ക്കു കാലുറപ്പിക്കാന്‍ വെറും ഒരുപിടി മണ്ണ് മാത്രം……..
ആ ഒരു പിടി മണ്ണിന്റെ ബലത്തിലാണ് അദ്ദേഹം മൂല്യമുള്ള സിനിമകള്‍ക്ക് ജന്മം നല്‍കുന്നത്……………..
നല്ല അവതരണം . നന്മയും സ്നേഹവുമുള്ള മജിദിയുടെ കധാപാത്ര്രങ്ങള്‍ എഴുത്ത് വീണ്ടും ഓര്‍ര്മിപിക്കുന്നു.
HOW CAN WE JUSTIFY THESE COLUMN CONCERN TO THTE ISLAM
jamsheer: I think you might have misunderstood Islamic vision on utilizing media. how we can oppose something doesn’t be unislamic?
m
A beatiful review on a wonderful director’s worth watching movies. Eagerly waiting for more
Nice review. Specially I liked the phrase “നേരിനേക്കാള്‍ പവിത്രമാണ് ചില നുണകള്‍. “. Keep writing…
dear noushad bai,
it wz well done.i lik the language v much. i xpcted a much more elaborated review. congrats
ഞാന്‍ വളരെയധികം ആഗ്രഹിച്ചൊരു കോളം അതും വളരെ നന്നായി ആരംഭിച്ചതില്‍ അഭിനന്ദനങ്ങള്‍. മജീദിയുടെ കുട്ടികളില്‍ ഫാദര്‍ ലെ മെഹരുല്ലയെ വിട്ടുകളയരുതായിരുന്നു .
ഇനിയും അനേകം മാസ്റ്റര്‍ക്ലാസുകളുടെ കോളങ്ങള്‍ പ്രതീക്ഷിക്കുന്നു .
നൗഷാദ് ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ എത്ര തവണ കണ്ടിട്ടുണ്ടാകും എന്നറിയില്ല. ഞാനെത്ര തവണ കണ്ടൂ എന്നതു തന്നെ എണ്ണിനോക്കാനാവില്ല. പുതിയൊരു കൂട്ടുകാരനെ കിട്ടുമ്പോള്‍ അവനെ കാണിക്കുന്നതിന്, പുതിയൊരു പെണ്ണിനെ കിട്ടിയപ്പോള്‍ എവളെ കാണിക്കുന്നതിന്, ഈയടുത്ത് എന്റെ മകന്റെ കൂടെ….അങ്ങനെ തുടരുന്നു മാജിദ് മജീദി പ്രണയം. ഒരിക്കല്‍ ഉപ്പാപ്പയുമൊന്നിച്ച് കണ്ടിരുന്നു. അന്ന് നൗഷാദുമുണ്ടായിരുന്നു തിരുവള്ളൂരിലെ വീട്ടില്‍ കൂടെ കാണാന്‍…
അനുവദിക്കപ്പെട്ട വാക്കുകള്‍ മുഴുവന്‍ ഉച്ചരിച്ചു തീര്‍ന്നെന്ന പോലെ ഒരു ദിവസം ഉപ്പാപ്പ നിശ്ശബ്ദനായിപ്പോയ സമയമായിരുന്നു. മുഖം കോടിപ്പോയി. ആവളയിലെ ശ്രീധരന്‍ വൈദ്യര്‍ കോടിയ മുഖം നേരെയാക്കിയെങ്കിലും കഷായങ്ങള്‍ക്ക് തളര്‍ന്നു പോയ നാഡി നരകുകളെ ഉഷാറു പിടിപ്പിക്കാന്‍ പിന്നീടായില്ല. തളര്‍ന്നു പോയ ശരീരത്തിന്റെ ഒരു വശം മറ്റേ വശം കൊണ്ട് താങ്ങിപ്പിടിച്ച പോലെ ഉപ്പാപ്പ കോലായിലെ കസേരയില്‍ വന്നിരുന്നു. ചിലപ്പോള്‍ തന്റെ വാഴകള്‍ക്കും ചേമ്പുകള്‍ക്കുമരികെ, തെങ്ങിന്‍ ചുവട്ടിലേക്ക് കസേരയിട്ട് ഇരുന്നു. വാക്ക് എന്ന ഉപാധിക്കു പകരം ചിരി ഒരു ഭാഷയാക്കി മാറ്റി. മൊയ്തീന്‍ കാക്കയെ കാണാന്‍ വരുന്ന പാത്തുമ്മ, ബിയ്യാത്തു, അലീമോമ്മ, എന്നിവരോടും മൊയ്തീന്‍ മാപ്പിളേന്ന വിളിയുമായി വരുന്ന ജാനുവമ്മയോടും ചീരുവിനോടും പൊക്കിയോടും, വരുന്നവരോടൊക്കെ സംസാരിക്കാതെ സംസാരിച്ചു. ആ ഭാഷ അവര്‍ക്കും വശമായ മാതിരിയായി. സംസാരിച്ചു കൊണ്ടിരിക്കെ, അതിനു പറ്റാതെ മൌനത്തിലേക്ക് പോയ ഒരാളുടെ വിങ്ങല്‍ പതുക്കെ ഇല്ലാതായി. ഇറങ്ങിപ്പോയ വാക്കുകള്‍ പിന്നെ മടങ്ങി വന്നില്ല.
ആയിടെ മനോരമയുടെ കോഴിക്കോട് ഓഫീസിലെ കമ്പ്യൂട്ടറുകള്‍ റീപ്ലൈസ് ചെയ്തു. അവയിലൊന്ന് അജയ്.പി.മങ്ങാട്ട് എനിക്ക് സംഘടിപ്പിച്ചു തന്നു. അജയ് ആനന്ദിന്റെ കൃതികളിലെ ഇസ്‌ലാമിലൂടെ എന്റെ ജീവിതത്തിലേക്കു വന്ന മറ്റൊരിക്കാക്കയായി മാറിയിരുന്നു അപ്പോഴേക്കും. അജയ് പിന്നെ കോഴിക്കോട്ട് സ്ഥിരമായി. ആ കമ്പ്യൂട്ടര്‍ വഴി അക്കാലത്തെ ആ മഹാല്‍ഭുതം വീട്ടില്‍ എല്ലാവര്‍ക്കും പ്രാപ്യമായി. മെഡിക്കല്‍ ഷാപ്പിലെ കമ്പ്യൂട്ടര്‍ മാത്രം കണ്ടിട്ടുള്ള ഉമ്മ മൌസും കീബോര്‍ഡും തൊട്ടു നോക്കി നിര്‍വൃതി നേടി. നൗശാദ് അവന്റെ നീല നിറമുള്ള തുണിസഞ്ചി തോളിലിട്ട് ആ അഴ്ച ഉപ്പാപ്പയെ കാണാന്‍ വീട്ടില്‍ വന്നു. സഞ്ചി നിറയേ പുസ്തകങ്ങളും സിനിമാ സീഡികളും കുത്തി നിറച്ചായിരുന്നു എക്‌സ്‌റ്റേണല്‍ ഹ്ഡ് ഡിസ്‌ക്കുകള്‍ക്ക് മുമ്പ് അവന്റെ യാത്രകള്‍. അവന്റെ കൂടെ ഞാനുമുപ്പാപ്പയും കമ്പ്യൂട്ടറിനു മുന്നിലിരുന്ന് മാജിദ് മജീദിയുടെ സിനിമ കണ്ടു. ഉപ്പാപ്പ കണ്ട ഒരേയൊരു സിനിമ. ഒരു ഭാഷയും ഉപയോഗത്തിലില്ലാതായ ഉപ്പാപ്പയുടെ മനസ്സ് അറിയാത്ത ആ ഭാഷയിലെ കഥക്കൊപ്പം ഉഴറുന്നത് ഞാനറിഞ്ഞു. കലുങ്കിലൂടെ ഒഴുകിപ്പോകുന്ന തന്റെ ഒറ്റഷൂ പിടിക്കാനുള്ള അലിയുടേയും സഹറയുടേയും ഇടങ്ങേറുകളില്‍ വിങ്ങി വിതുമ്പുന്ന കണ്ണുകളാലെ ഉപ്പാപ്പ എന്നെ നോക്കി. സിനിമ കാഴ്ചയുടെ കലയാണെന്ന് എന്നോടിനി ആരും പറയണമെന്നില്ലെന്നായി. പിറ്റേ ആഴ്ച തീരെ കിടപ്പിലായ ഉപ്പാപ്പ തീരെ എഴുന്നേല്‍ക്കാതായി. ഞാന്‍ കൊണ്ടുവന്ന ജലശയ്യയില്‍ കിടത്തി കൂടുതല്‍ മുറിഞ്ഞുപൊട്ടുന്നതൊഴിവാക്കി ഉപ്പാപ്പയുടെ ശരീര ശുശ്രൂഷ ചെയ്തൂ ഞങ്ങള്‍. ഒരു ദിവസം വൈകീട്ട് വാക്കുകള്‍ക്കൊപ്പം ഉപ്പാപ്പ ശ്വാസവും ഉപേക്ഷിച്ച് പോയി. മാജിദ് മജീദിയും ചില്‍ഡ്രന്‍ ഓഫ് ഹെവനും നൗഷാദും എപ്പോഴും ഉപ്പാപ്പയെ കൂടി ഓര്‍മ്മിപ്പിക്കുന്നു. ഉപ്പാപ്പയെ ഓര്‍ക്കുമ്പോഴൊക്കെയും ജലത്തെ തൊടുന്ന വരണ്ട ചുണ്ടുകളുടെ താരള്യം പോലൊന്നു മനസ്സില്‍ പരക്കുമപ്പോഴൊക്കെയും. ഒന്നാമനായതു കൊണ്ട് നഷ്ടപ്പെട്ട മൂന്നാം സമ്മാനമായിരുന്നു ഉപ്പാപ്പ എനിക്കും ഞാനുപ്പാപ്പാക്കും എന്നു തോന്നുന്നു.
മജിദ് അല്‍ മജിദിയുടെ ബാരന്‍ ,ചിദ്രേന്‍സ് ഓഫ് ഹെവന്‍ ,സോഗ് ഓഫ് സ്പരോസ് , കളര്‍ ഓഫ് പാരടിസേ ,വില്ലോ ട്രീ ഒക്കെ കണ്ടു ,മികച്ച സിനിമകള്‍ ,ബട്ട് നൌഷാദിന്റെ ഇ എയുത് ആദ്യമേ വയിചിരുന്നെകില്‍ ഭാഷ പ്രശനം ഒയിവകി, കുറെ കൂടി നന്നായി മന്സില്കംയിരുന്നു , നൌഷാദിന്റെ എയുത് മജീദി യുടെ സിനിമ പോലെ മനോഹരം ആയിടുണ്ട് , ഇനിയും മികച്ച സിനിമകളെ കുറിചു എയുതു
ദുഃഖം തോനുന്നു ഞാന്‍ ഇത് അറിയാന്‍ വൈകിയതില്‍ ..പാഴായിപ്പോകുന്ന എത്രയോ നിമിഷങ്ങള്‍ ..ജീവിതത്തില്‍ ഓരോരുത്തര്‍ക്കും ഉണ്ടായിട്ടുണ്ടാവും ..ലോകത്തെ മാറ്റാന്‍ ദൃശ്യ മാധ്യമങ്ങള്‍ക്ക് ഉള്ള പങ്ക് നിസ്സാരമല്ല . ഇവിടെയാണ് കാഴ്ചയുടെ ധാര്‍മികത ബോധ്യമാവുന്നത് ,,താങ്കളുടെ ഉദ്യമം എല്ലാ അര്‍ത്ഥത്തിലും വിജയിക്കട്ടെ ..എന്ന് മാത്രം….