രണ്ട് മനുഷ്യര്‍, രണ്ട് ജീവിതങ്ങള്‍, രണ്ട് പുസ്തകങ്ങള്‍

കേരളമറിയുന്ന, ദേശത്തിന് മറക്കാനാവാത്ത രണ്ടു പേര്‍. അറിവിന്റെ തമ്പുരാനെന്നറിയപ്പെടുന്ന പൂമുള്ളി ആറാം തമ്പുരാന്‍. മേളക്കലാകാരന്‍, കവി, നടന്‍ എന്നിങ്ങനെ വ്യക്തിമുദ്ര പതിപ്പിച്ച കലാമണ്ഡലം കേശവന്‍. അവരുടെ ജീവിതങ്ങള്‍ വിഷയമാവുന്ന രണ്ട് പുസ്തകങ്ങള്‍ ഈയിടെ പുറത്തിറങ്ങി.

കെ. പി ജയകുമാര്‍"

ഒന്നില്‍, അനേകം മനുഷ്യരുടെ ഓര്‍മ്മകള്‍ കൊണ്ട് വി.കെ ശ്രീരാമന്‍ പൂമുള്ളി ആറാം തമ്പുരാനെ വായിക്കുന്നു. രണ്ടാമത്തേത് കലാമണ്ഡലം കേശവന്റെ ആത്മകഥയാണ്. ഓര്‍മ്മകളാല്‍ തനിക്കു ചുറ്റുമുള്ള അനേകം മനുഷ്യരുടെ ജീവിതം വായിച്ചെടുക്കുകയാണ് ഈ പുസ്തകത്തിലൂടെ കേശവന്‍.

ഓര്‍മ്മകളാണ് ഈ രണ്ട് പുസ്തകങ്ങളുടെയും ജീവന്‍. ഒന്നില്‍, പലരുടെ ഓര്‍മ്മകള്‍ ചേര്‍ന്ന് ഒരു മനുഷ്യന്റെ ജീവിതം എഴുതുന്നു. മറ്റേതില്‍ ഒരാളുടെ ഓര്‍മ്മകള്‍ പല മനുഷ്യരുടെ ജീവിതം എഴുതുന്നു. ആഖ്യാനത്തിലും ചരിത്രത്തിലും ഓര്‍മ്മകള്‍ സൃഷ്ടിക്കുന്ന വ്യത്യസ്തമായ ഇടപെടലുകളെ ഈ പുസ്തകങ്ങളുടെ വെളിച്ചത്തില്‍ വായിച്ചെടുക്കുന്നു, കെ. പി ജയകുമാര്‍

 

 
 
 

ഓര്‍മ്മകള്‍
ഒരു ജീവിതം എഴുതുന്നു

ഓര്‍മ്മകള്‍ക്ക് ചില ദൌത്യങ്ങളുണ്ട്. അത് കാലത്തെ മുന്നോട്ടുനയിക്കുന്നതിനാവശ്യമായ ഊര്‍ജ്ജം സംഭരിച്ചുവയ്ക്കലാണ്. ഓര്‍മ്മകള്‍ അവസാനിക്കുമ്പോള്‍ കാലം നിശ്ചലമാകും. ചാരുകസേരയില്‍ ചലനമറ്റ്, കാഴ്ചയുടെ വെളിച്ചമണഞ്ഞ് മരണത്തിനും ജീവിതത്തിനും വേണ്ടാതെ ശൂന്യമായി കിടക്കുന്ന വര്‍ത്തമാനകാലം നമുക്ക് സങ്കല്‍പ്പിക്കാനാവില്ല. സമൂഹത്തിന്റെ ഞരമ്പിലൂടെ ഓര്‍മ്മകളുടെ പ്രവാഹമുണ്ടാകുമ്പോഴാണ് കാലം സചേതനമാകുന്നത്. ഭാവിയിലേക്ക് ആഞ്ഞുനില്‍ക്കുന്ന വര്‍ത്തമാനകാലത്തിന്റെ ജൈവചേതനയെ നിര്‍ണ്ണയിക്കുന്നതും നിലനിര്‍ത്തുന്നതും ഓര്‍മ്മകളാണ്. ഒരു വ്യക്തി ജീവിച്ചു കടന്നുപോയ കാലത്തെക്കുറിച്ച്, അയാള്‍ ഇവിടെ അവശേഷിപ്പിച്ചുപോയ അനുഭവങ്ങളെക്കുറിച്ച് ഒരുപാടുപേര്‍ ഓര്‍മ്മിക്കുകയാണിവിടെ. അറിവിന്റെ തമ്പുരാന്‍ എന്ന പേരില്‍ പ്രസിദ്ധനായ പൂമുള്ളി മനയ്ക്കല്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ ജീവിതവഴികളിലൂടെ അനവധി വ്യക്തികള്‍ നടത്തുന്ന സ്മൃതിസഞ്ചാരമാണ് പൂമുള്ളി ആറാം തമ്പുരാന്‍ എന്ന ഗ്രനഥം. വി കെ ശ്രീരാമന്‍ സമാഹരിച്ചവതരിപ്പിക്കുന്ന ഓര്‍മ്മപ്പുസ്തകം. പൂമുള്ളി മനയ്ക്കല്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, 1921 മെയ് മൂന്നിന് ജനിച്ചു. 1996 നവംബര്‍ എട്ടിന് അന്തരിച്ചു. ഇത്രയും ചുരുക്കി എഴുതാമായിരുന്ന ഒരു ജീവിതത്തിന് ഇത്രയേറെ വ്യാപ്തി കൈവരുന്നത് ഓര്‍മ്മകള്‍ സമൂഹത്തിന്റെ തുടര്‍ച്ചയ്ക്ക് അനിവാര്യമായതുകൊണ്ടുകൂടിയാണ്.

അസാധാരണമായ ഒരുതരം ചരിത്ര രചനയാണ് ഈ ഗ്രന്ഥം. ഭൂതകാലത്തെക്കുറിച്ച് വസ്തുതാപരമായ വിശകലനത്തിനാണ് ചരിത്രം ശ്രമിക്കുന്നതെങ്കിലും ഓര്‍മ്മകള്‍, അവയുടെ പിശകുകളോടെ ചരിത്രത്തിനുനേരെ ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്യുന്നത്. മറ്റൊരര്‍ത്ഥത്തില്‍ ചരിത്രത്തെ പ്രശ്നഭരിതമാക്കുന്ന നിരവധി ചോദ്യങ്ങളിലൂടെയാണ് സ്മരണകള്‍ കടന്നുപോകുന്നത്. ഓര്‍മ്മകള്‍ ചിലപ്പോഴെങ്കിലും വ്യവസ്ഥാപിത ചരിത്രത്തിന് പകരം നില്‍ക്കുന്നത് അങ്ങനെയാണ്. തൊള്ളായിരത്തി ഇരുപതുകളുടെ ആദ്യ പാദത്തില്‍ ആരംഭിച്ച് തൊണ്ണൂറുകളുടെ മധ്യത്തില്‍ അവസാനിക്കുന്ന ജീവിതകാലത്തിനിടയ്ക്ക് ഒരു മനുഷ്യന്‍ കടന്നുപോയ അതിബൃഹത്തായ അറിവിന്റെ, അനുഭവങ്ങളുടെ അടരുകളിലേക്കാണ് ഓരോ കുറിപ്പുകളും കടന്നുചെല്ലുന്നത്.

ഒരാള്‍ക്ക് ബഹുമാന്യനായ ഭര്‍ത്താവായിരിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് ആദരണീയനായ പിതാവായിരുന്നു. ചിലര്‍ക്ക് ഗുരുവും, ചിലര്‍ക്ക് സഹപ്രവര്‍ത്തകനും, ചിലപ്പോള്‍ ചങ്ങാതിയും, വൈദ്യനും ദാര്‍ശനികനും; അങ്ങനെ ജീവിതാശ്രമങ്ങളുടെ അതിര്‍ത്തികള്‍ ഭേദിച്ച അപൂര്‍വ്വ വ്യക്തികളില്‍ ഒരാളായിരുന്നു പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിപ്പാട്. പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം ഗുരുകുല സമ്പ്രദായത്തില്‍ സംസ്കൃതസാഹിത്യം, വേദം, തര്‍ക്കം, മീമാംസ, സാംഖ്യം, ആയുര്‍വ്വേദം, വേദാന്ത ശാസ്ത്രം എന്നിവയില്‍ അഗാധമായ അറിവുനേടിയ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന് വൈജ്ഞാനിക വിഷയങ്ങള്‍ക്ക് പുറത്ത് നായാട്ട്, കാളപൂട്ട്, മൃഗപരിപാലനം, കൃഷി, ആയോധന കലകള്‍, കായികാഭ്യാസങ്ങള്‍ എന്നിവയിലും പ്രാവീണ്യമുണ്ടായിരുന്നു. ഒരൊറ്റ ജീവിതംകൊണ്ട് ഒരാള്‍ക്ക് ചെന്നെത്താവുന്നവ അനന്തമായ ജീവിതാവസ്ഥകളാണ് ആറാം തമ്പുരാന്റെ ജീവിതം കാട്ടിത്തരുന്നത്. പരിധികളും പരിമിതികളുമില്ലാത്ത ജീവിതം.

 

 

പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ സംഭവബഹുലമായ ജീവിതത്തെ പലകോണില്‍ നിന്നുകൊണ്ട് എഴുതാനുള്ള ശ്രമങ്ങളാണ് ഈ പുസ്തകം. കേവലമായ ഓര്‍മ്മക്കുറിപ്പുകള്‍ മുതല്‍ വ്യാഖ്യാനങ്ങളിലേക്കും വിശകലനങ്ങളിലേക്കും നീങ്ങുന്ന ആഴത്തിലുള്ള പഠനങ്ങള്‍വരെ ഉള്‍ക്കൊള്ളുന്നതാണ് ഈ ഗ്രന്ഥം.

ചരിത്ര രചനയ്ക്ക് വഴങ്ങാത്ത അനുഭവങ്ങളുടെ അടരുകളിലേയ്ക്കാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍ പ്രവേശിക്കുന്നത്. ഓര്‍മ്മകള്‍ ചരിത്രമല്ല. എന്നാല്‍ ചരിത്രത്തിലേക്കുള്ള വികാരഭരിതമായ വഴിതുറക്കലാണത്. ചരിത്രമെഴുത്തിന്റെ വികാരരഹിതമായ വസ്തുസ്ഥിതി വിവരങ്ങളെ വികാരഭരിതമാക്കുകയാണ് ഓര്‍മ്മകള്‍. ഒരു വ്യക്തി സമൂഹത്തില്‍ അവശേഷിപ്പിച്ചുപോയ അനുഭവങ്ങളുടെ ഭൂഖണ്ഡങ്ങളിലേക്ക് അനവധി വ്യക്തികള്‍ നടത്തുന്ന യാത്രകളിലൂടെ അനന്തമായ ജീവിതമാണ് നമുക്ക് വെളിപ്പെട്ടു കിട്ടുന്നത്. ജനിച്ചു മരിച്ചു എന്നതിനു പുറത്താണ് ‘ജീവിച്ചു’ എന്നതിന്റെ സ്ഥാനം. ജനനത്തിന്റെ അവസാനം മാത്രമാണ് മരണം. ജീവിതത്തിന്റെ അവസാനമല്ല. ജീവിതത്തിന് അവസാനമില്ല. അന്തമില്ലാത്ത തുടര്‍ച്ചയാണത്. വ്യക്തിയുടെ സ്മരണകള്‍ അതുകൊണ്ടുതന്നെ അത്രമേല്‍ വികാരഭരിതവും ചരിത്രപരവുമാണ്. പഴമയെ വര്‍ത്തമാനപ്പെടുത്തുന്നതിലൂടെയാണ് ഓര്‍മ്മകള്‍ എല്ലാകാലത്തേക്കുമായി അതിന്റെ നിര്‍വഹണം സാധ്യമാക്കുന്നത്.

പൂമുള്ളി ആറാം തമ്പുരാന്‍
(ജീവിതരേഖ
എഡി: വി കെ ശ്രീരാമന്‍
പേജ്: 416 വില: 300
മാതൃഭൂമി ബുക്സ്, കോഴിക്കോട്.
 
 
 

ചരിത്രത്തിനുനേരെ
ഓര്‍മ്മകളുടെ കവാത്ത്

ആത്മകഥകള്‍ ചരിത്രമല്ല. എന്നാല്‍ ചരിത്രത്തിലേക്കുള്ള വികാരഭരിതമായ വഴിതുറക്കലാണത്. ചരിത്രമെഴുത്തിന്റെ വികാരരഹിതമായ വസ്തുസ്ഥിതി വിവരങ്ങളെ വികാരഭരിതമാക്കുകയാണ് ആത്മകഥകള്‍. 1930കളുടെ രണ്ടാം പകുതിയില്‍ ആരംഭിച്ച് ഈ ദശകത്തില്‍ അവസാനിക്കുന്ന ദീര്‍ഘമായൊരു കാലഘട്ടമാണ് കലാമണ്ഡലം കേശവന്റെ ആത്മകഥയായ ‘അടിയിടറാതെ’യില്‍ തെളിഞ്ഞു കിട്ടുന്നത്. രാഷ്ട്രീയമായി അത് നവോത്ഥാനത്തിന്റെ കാലമായിരുന്നു. ദേശീയ സ്വാതന്ത്യ്രസമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലം. ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ കേരളീയ ജീവിതത്തിന്റെ അടിത്തട്ടോളം ആഴ്ന്നിറങ്ങിയ കാലം. കര്‍ഷക സമരങ്ങളും കര്‍ഷക തൊഴിലാളി പ്രസ്ഥാനങ്ങളും സജീവമായ കാലം. അങ്ങനെ സംഭവബഹുലമായ ഒരു കാലഘട്ടത്തിലാണ് കലാമണ്ഡലം കേശവന്‍ ജനിച്ചത്.

എന്നാല്‍ ഈ ചരിത്ര വിശകലനത്തില്‍നിന്നും ഏറെ വ്യത്യസ്തമാണ് ‘അടിയിടറാതെ’. അക്കാദമിക ചരിത്രപണ്ഡിതന്റെയോ രാഷ്ട്രീയ വിദ്യാര്‍ത്ഥിയുടെയോ ലോകവീക്ഷണത്തില്‍ നിന്നുകൊണ്ടല്ല, ഒരു സാധാരണ മനുഷ്യന്‍ ക്ഷേത്രവും ക്ഷേത്രാചാരങ്ങളും കലകളും ഉല്‍സവങ്ങളും ജാതി വ്യവസ്ഥയും ഉച്ച നീചത്വങ്ങളും അയിത്താചാരവും കാര്‍ഷിക സ്മൃതിയുമെല്ലാം ഇഴപാകി നില്‍ക്കുന്ന ഗ്രാമ ജീവിതമാണ് കേശവന്റെ സ്മൃതികളില്‍ തെളിയുന്നത്. സംഭവങ്ങളേക്കാള്‍ വ്യക്തികള്‍ക്കാണ് ഇവിടെ പ്രാധാന്യം. വ്യക്തികളെക്കുറിച്ച് അവര്‍ പുലര്‍ന്നുപോരുന്ന കാലഘട്ടത്തെക്കുറിച്ച്, ചരിത്രം പറയാന്‍ വിസമ്മതിക്കുന്ന സ്മരണകളാണ് ആത്മകഥകള്‍ അനാവരണം ചെയ്യുന്നത്. ‘ഞാന്‍’ കക്ഷിയായും സാക്ഷിയായും ഉണ്ടായിരുന്ന ഒരു കാലഘട്ടത്തെ ഓര്‍ത്തെടുക്കുകയാണ് കലാമണ്ഡലം കേശവന്‍..

കലാമണ്ഡലത്തില്‍ കഥകളിക്കൊട്ടും വേഷവും പഠിച്ചിറങ്ങിയ ഒരു നാട്ടുമ്പുറത്തുകാരനായിരുന്നു കലാമണ്ഡലം കേശവന്‍. കഥകളി അധ്യാപകനായി ഫാക്ട് സ്കൂളില്‍ പ്രവര്‍ത്തിച്ച് വിരമിച്ചു. ഏറെ കഥകളി വേഷങ്ങള്‍ ചെയ്തു. നാടകത്തിലും സിനിമയിലും അഭിനയിച്ചു. 2009ല്‍ അന്തരിച്ചു. ഈ ഇത്തിരി വരികളില്‍ എഴുതാമായിരുന്ന ഒരു ജീവിതം ചരിത്രത്തിനപ്പുറത്തേക്ക് പടരുന്നതെങ്ങനെയന്ന് പറയുകയാണ് ഈ പുസ്തകം.

പാലക്കാട് ജില്ലയിലെ പെരിങ്ങോട് നീട്ടിയകത്ത് വീട്ടില്‍ ജാനകി അമ്മയുടെയും കുറുങ്കാട്ട് മനയ്ക്കല്‍ വാമനന്‍ നമ്പൂതിരിയുടെയും മകനായി കലാമണ്ഡലം കേശവന്‍ ജനിച്ചു. കേശവന്റെ ബാല്യകാലത്ത്, കേവലം മുപ്പത്തിയഞ്ചാം വയസ്സില്‍ പിതാവ് മരിച്ചു. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ കലാഭ്യാസനം ആരംഭിച്ചു, ചെണ്ടയില്‍. ഗുരു അമ്മാവന്‍ നീട്ടിയകത്ത് ഗോവിന്ദന്‍ നായര്‍. ഒരു കാലഘട്ടത്തെ വിസ്മയിപ്പിച്ച മേളവാദ്യക്കാരന്‍. തായമ്പകയിലും പാണ്ടി പഞ്ചാരി മേളങ്ങളിലും മാത്രമല്ല, ഉല്‍സവങ്ങളോടനുബന്ധിച്ചുള്ള എല്ലാ അനുഷ്്ഠാന വാദ്യമേളങ്ങളിലും നിഷ്ണാതനായിരുന്നു നീട്ടിയകത്ത് ഗോവിന്ദന്‍. അയാള്‍ ജന്‍മനാ ബധിരനും മൂകനുമായിരുന്നു. കൊട്ടിക്കയറിയ ഗിരിശൃംഗങ്ങളൊന്നും അയാളുടെ കാതുകള്‍ അറിഞ്ഞില്ല. അകക്കാതില്‍ കണക്കു തെറ്റാതെ ഗോവിന്ദന്‍ കാലത്തെ വിസ്മയിപ്പിച്ചു.

മാധ്യമങ്ങളും യാത്രാ സൌകര്യങ്ങളുമൊന്നും ഇല്ലാതിരുന്ന കാലത്തായതുകൊണ്ട് ഗോവിന്ദനെ ചരിത്രം എവിടെവച്ചും കണ്ടുമുട്ടിയില്ല. നീട്ടിയകത്ത് ഗോവിന്ദന്റെ ജീവിതം അടയാളപ്പെടുത്തുന്നു എന്ന നിലയ്ക്കാണ് ഈ ആത്മകഥ അതിന്റെ ചരിത്രപരമായ ദൌത്യം നിറവേറ്റുന്നത്. ബധിരനായ ബിഥോവന്റെ സംഗീത മധുരം ലോകമറിഞ്ഞപ്പോള്‍ ബധിരനും മൂകനുമായ ഗോവിന്ദന്റെ വാദ്യവിസ്മയം വിസ്മൃതിയിലാണ്ടുപോകുന്നു. ഒരു പക്ഷെ, ലോകം ആദരിക്കേണ്ട മഹാവ്യക്തികളില്‍ ഒരാളായിരുന്നു ഗോവിന്ദനെന്ന് ഈ ആത്മകഥ പറഞ്ഞുതരുന്നു.

 

 

ജാതി ഉച്ച നീചത്വങ്ങള്‍ സമൂഹത്തെ അടിമുടി ഗ്രസിച്ചുനിന്നിരുന്ന കാലത്ത് ജാതിഭേദം നോക്കാതെ തന്റെ കളരിയില്‍ എല്ലാവര്‍ക്കും പ്രവേശനം കൊടുത്ത ആളായിരുന്നു ഗോവിന്ദന്‍. ചെണ്ടയില്‍ നിന്ന് ജാതിയെ കൊട്ടിപ്പുറത്താക്കിയ മനുഷ്യന്‍. തമസ്കരിക്കപ്പെട്ട ഇത്തരം ഒരുപാട് വ്യക്തികളെ ഓര്‍മ്മയുടെ വെളിച്ചത്തിലേക്ക് പിടിച്ചുകൊണ്ടുവരുന്നുണ്ട് ഈ ആത്മകഥ. അതാണ് ഇതിന്റെ പ്രസക്തിയും.

ഭൂതകാലത്തെക്കുറിച്ച് വസ്തുതാപരമായ വിശകലനത്തിനാണ് ചരിത്രം ശ്രമിക്കുന്നതെങ്കില്‍ ഓര്‍മ്മകള്‍, അവയുടെ പിശകുകളോടെ ചരിത്രത്തിനുനേരെ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. ചരിത്രത്തെ പ്രശ്നഭരിതമാക്കുന്ന നിരവധി ചോദ്യങ്ങളിലൂടെയാണ് സ്മരണകള്‍ കടന്നുപോകുന്നത്. ഓര്‍മ്മകള്‍ ചിലപ്പോഴെങ്കിലും വ്യവസ്ഥാപിത ചരിത്രത്തിന് പകരം നില്‍ക്കുന്നത് അങ്ങനെയാണ്.

ചരിത്ര രചനയ്ക്ക് വഴങ്ങാത്ത ഓര്‍മ്മകളുടെ അടരുകളിലേയ്ക്കാണ് ആത്മകഥകള്‍ പ്രവേശിക്കുന്നത്. കഴിഞ്ഞുപോയ സംഭവങ്ങളുടെയോ, ചരിത്ര ഘട്ടത്തിന്റെയോ, വ്യക്തിയുടെയോ ത്യാഗനിര്‍ഭരവും പീഡിതവുമായ ഓര്‍മ്മകളെ അത് സാമൂഹിക ഉപരിതലത്തിലേക്ക് കൂട്ടിക്കൊണ്ടുവരുന്നു. ഭൂതകാലത്തെ ചരിത്രപരമായി ആവിഷ്കരിക്കുകയല്ല മറിച്ച് ഓര്‍മ്മയുടെ ഒരു മുഹുര്‍ത്തത്തില്‍ മിന്നിത്തെളിയുന്ന ഒരനുഭവത്തെ പിടിച്ചെടുക്കുകയാണ്. വ്യക്തിയുടെ സ്മരണകള്‍ അതുകൊണ്ടുതന്നെ അത്രമേല്‍ വികാരഭരിതവും ചരിത്രപരവുമാണ്. പഴമയെ വര്‍ത്തമാനപ്പെടുത്തുന്നതിലൂടെയാണ് ഓര്‍മ്മകള്‍ എല്ലാകാലത്തേക്കുമായി അതിന്റെ നിര്‍വഹണം സാധ്യമാക്കുന്നത്.

അടിയിടറാതെ
(ആത്മകഥ)
കലാമണ്ഡലം കേശവന്‍

Leave a Reply

Your email address will not be published. Required fields are marked *