മാധ്യമ ഭീകരതയല്ല, അര്‍ത്ഥവത്തായ ഇടപെടല്‍

ചന്ദ്രശേഖരന്റേത് ആദ്യത്തെ രാഷ്ട്രീയ കൊലപാതകമാണോ,ഇത്രയുമേറെ ഇതിനെ പെരുപ്പിച്ച് കാട്ടുന്നതെന്തിന്? എന്ന ഹതാശമായൊരു ചോദ്യം അദ്ദേഹത്തെ കൊല്ലിച്ചു എന്ന് പൊതുസമൂഹം കരുതുന്നവരെ കൊണ്ട് ചോദിപ്പിക്കാന്‍ മാത്രം ശക്തവും തീക്ഷ്ണവുമായിരുന്നു ഈ പ്രശ്നത്തില്‍ മാധ്യമങ്ങള്‍ നടത്തിയ ഇടപെടലുകള്‍. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ കാണിച്ച ശ്രദ്ധയും ജാഗ്രതയും അഭൂതപൂര്‍വം തന്നെയായിരുന്നു.അത് സൃഷ്ടിച്ച ആഘാതത്തിന്റെ വലുപ്പം ശരിക്കും ബോധ്യപ്പെടുത്തുന്ന ഒന്നായിരുന്നു സി.പി.ഐ(എം) ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയുടെ വെളിപ്പെടുത്തലുകള്‍.. ഒരു വാര്‍ത്തയെ പിന്തുടരുന്നതില്‍ മാധ്യമങ്ങള്‍ കാണിക്കുന്ന വിട്ടുവീഴ്ചയില്ലായ്കയില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടി പരസ്യമായി അമ്പരപ്പ് പ്രകടിപ്പിക്കുന്ന സന്ദര്‍ഭം ഒരു പക്ഷേ ഇതാദ്യത്തേതായിരിക്കും- ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ മുന്‍കൈയില്‍ നടക്കുന്നത് അര്‍ത്ഥവത്തായ ഇടപെടലുകളെന്നും മാധ്യമഭീകരതയാണ് അതെന്ന പ്രചരണം കേരള ജനതക്കുമുന്നില്‍ വിലപ്പോവില്ലെന്നും വ്യക്തമാക്കുന്ന വിശകലനം. പ്രമുഖ എഴുത്തുകാരന്‍ എന്‍. പ്രഭാകരന്‍ എഴുതുന്നു

 

 

മാധ്യമവിമര്‍ശനത്തിന്റെ പതിവ് പാഠങ്ങളെല്ലാം തിരുത്തിയെഴുതാന്‍ വായനക്കാരെയും പ്രേക്ഷകരെയും പ്രേരിപ്പിക്കുന്ന ഒരു സവിശേഷഘട്ടം മലയാളത്തില്‍ ഉണ്ടായിരിക്കുന്നു.ടി.പി.ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് നമ്മുടെ ദൃശ്യമാധ്യമങ്ങളും അച്ചടിമാധ്യമങ്ങളും കാണിച്ച ജാഗ്രതയ്ക്കു മുന്നില്‍ കൊലപാതികകള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാനെത്തിയവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിവിറച്ചിരിക്കുന്നു. ഇതുപോലൊരു വിചാരണയും തുറന്നുകാട്ടപ്പെടലും ഇതിനുമുമ്പ് കേരളത്തില്‍ ഉണ്ടായിട്ടില്ല.

ഒരു മാധ്യമത്തിന്റെ ഉള്ളടക്കമെന്നത് വാസ്തവത്തില്‍ മനസ്സിന്റെ കാവല്‍നായയുടെ ശ്രദ്ധ തെറ്റിക്കാന്‍ കൊള്ളക്കാരന്‍ കൊണ്ടുവരുന്ന ചോരയിറ്റുന്ന മാംസക്കഷ്ണം മാത്രമാണ്, ഹീനമായ ഒരു കുറ്റകൃത്യത്തെ കുറിച്ചുള്ള ദൃശ്യമാധ്യമ വാര്‍ത്ത അത്തരം കുറ്റകൃത്യങ്ങള്‍ അത്താഴപ്പുറമെ കണ്ടുരസിക്കാനുള്ള വക മാത്രമാണെന്ന ധാരണ ജനമനസ്സില്‍ സൃഷ്ടിക്കും എന്നും മറ്റുമുള്ള മാര്‍ഷല്‍ മക് ലൂഹന്റെ നിരീക്ഷണങ്ങളുള്‍പ്പെടെ മാധ്യമവിമര്‍ശനത്തില്‍ സാധാരണ പ്രത്യക്ഷപ്പെടുന്ന ആശയങ്ങളെല്ലാം ഈയൊരു കൊലപാതകത്തിന്റെ റിപ്പോര്‍ട്ടിംഗിനെ സംബന്ധിച്ചിടത്തോളം അപ്രസക്തമായിരിക്കുന്നു. മൂര്‍ത്തമായ ഒരനുഭവത്തിന്റെ മുന്നില്‍ വെച്ചാണ് ഏതാശയത്തിന്റെയും ശരിതെറ്റുകള്‍ നമുക്ക് ബോധ്യപ്പെടുക.

 

എന്‍. പ്രഭാകരന്‍


 

ശക്തവും തീക്ഷ്ണവുമായ ഇടപെടല്‍
ചന്ദ്രശേഖരന്റേത് ആദ്യത്തെ രാഷ്ട്രീയ കൊലപാതകമാണോ,ഇത്രയുമേറെ ഇതിനെ പെരുപ്പിച്ച് കാട്ടുന്നതെന്തിന്? എന്ന ഹതാശമായൊരു ചോദ്യം അദ്ദേഹത്തെ കൊല്ലിച്ചു എന്ന് പൊതുസമൂഹം കരുതുന്നവരെ കൊണ്ട് ചോദിപ്പിക്കാന്‍ മാത്രം ശക്തവും തീക്ഷ്ണവുമായിരുന്നു ഈ പ്രശ്നത്തില്‍ മാധ്യമങ്ങള്‍ നടത്തിയ ഇടപെടലുകള്‍. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ കാണിച്ച ശ്രദ്ധയും ജാഗ്രതയും അഭൂതപൂര്‍വം തന്നെയായിരുന്നു.അത് സൃഷ്ടിച്ച ആഘാതത്തിന്റെ വലുപ്പം ശരിക്കും ബോധ്യപ്പെടുത്തുന്ന ഒന്നായിരുന്നു സി.പി.ഐ(എം) ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയുടെ വെളിപ്പെടുത്തലുകള്‍. ഒരു കൊലപാതകവും ഇനി രഹസ്യമാക്കിവെക്കാനാവില്ല എന്ന തോന്നലിന്റെ തള്ളിച്ച തടഞ്ഞു നിര്‍ത്താന്‍ വയ്യാതായതുകൊണ്ടാകാം അദ്ദേഹം തങ്ങള്‍ എത്രപേരെ,എങ്ങനെ കൊന്നു എന്നൊക്കെ പൊതുവേദിയില്‍ വിളിച്ചുപറഞ്ഞു പോയത്.

ഒരു വാര്‍ത്തയെ പിന്തുടരുന്നതില്‍ മാധ്യമങ്ങള്‍ കാണിക്കുന്ന വിട്ടുവീഴ്ചയില്ലായ്കയില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടി പരസ്യമായി അമ്പരപ്പ് പ്രകടിപ്പിക്കുന്ന സന്ദര്‍ഭം ഒരു പക്ഷേ ഇതാദ്യത്തേതായിരിക്കും. റിപ്പോര്‍ട്ടിംഗിലെ കള്ളക്കളികള്‍, ഊന്നലുകളില്‍ വന്ന വ്യത്യാസങ്ങള്‍, സംഭവത്തിനു പിന്നിലെ രാഷ്ട്രീയം വളച്ചൊടുക്കുന്നതില്‍ കാണിച്ച താല്പര്യം ഇവയെക്കുറിച്ചെല്ലാം മുമ്പും എത്രയോ വട്ടം മാധ്യമവിമര്‍ശകരും രാഷ്ട്രീയക്കാരും വാചാലരായിട്ടുണ്ട്. പക്ഷേ,എന്തിന് ഇത്രയധികം? ഒരു രാഷ്ട്രീയ കൊലപാതകത്തില്‍ ഇത്രയ്ക്ക് ആവേശം കാണിക്കാനെന്തിരിക്കുന്നു? എന്നിങ്ങനെയൊക്കെ ഒരു പ്രസ്ഥാനത്തിന് അമ്പരപ്പ് പ്രകടിപ്പിക്കേണ്ടി വന്ന സന്ദര്‍ഭം ആദ്യത്തേതാണ്.

ജനം അത്ര രാഷ്ട്രീയ നിരക്ഷരല്ല
ചന്ദ്രശേഖരന്‍ വധത്തിന് മാധ്യമങ്ങള്‍ അനുവദിക്കുന്ന സമയവും സ്ഥലവും എത്രയധികമാണ് എന്ന് വേവലാതിപ്പെടേണ്ട കാര്യം അദ്ദേഹത്തിന്റെ വധത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ല എന്ന് ആവര്‍ത്തിച്ച് പറയുന്നവര്‍ക്കില്ല. ഇതു പോലെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു വധത്തെ കുറിച്ച് തങ്ങളുടെ കയ്യില്‍ എന്തെങ്കിലും ഊഹങ്ങളും വിവരങ്ങളുമുണ്ടെങ്കില്‍ അത് മാധ്യങ്ങള്‍ക്കെത്തിച്ചുകൊടുത്ത് സഹകരിക്കുകയാണ് അവര്‍ ചെയ്യേണ്ടത്. ഈ വധം ഒരു ക്വട്ടേഷന്‍ സംഘം നടത്തിയതാകാം, ഇത് പി.സി.ജോര്‍ജ് ആസൂത്രണം ചെയ്ത് നടത്തിയതാകാം, ഇതിനു പിന്നില്‍ ഒരു വ്യവസായി ഉണ്ട് എന്നൊക്കെ പറയുന്നവരുടെ കയ്യില്‍ കൂടുതല്‍ തെളിവുകളും വിവരങ്ങളും ഉണ്ടാകാന്‍ തന്നെയാണ് സാധ്യത.

അവര്‍ അത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും മാധ്യമങ്ങള്‍ക്കും നല്‍കി തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റട്ടെ. ഈ കൊലപാതത്തില്‍ തങ്ങള്‍ക്കുള്ള വേദനയും പ്രതിഷേധവും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തട്ടെ. അത് ചെയ്യുന്നതിന് പകരം ‘എന്തിനിങ്ങനെ ബഹളം വെക്കുന്നു, ഇതു പോലുള്ള കൊലപാതകങ്ങള്‍ ഇതിനു മുമ്പ് എത്ര നടന്നിരിക്കുന്നു, നിങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ വേറെ എത്ര വിഷയങ്ങള്‍ കിടക്കുന്നു?’ എന്നൊക്കെ ചോദിക്കുന്നത് എന്തുകൊണ്ടാണെന്ന് പൊതുസമൂഹത്തിന് പെട്ടെന്ന് പിടികിട്ടും. അതിനുള്ള രാഷ്ട്രീയസാക്ഷരതയും മാധ്യമ ബോധവുമെല്ലാം നമ്മുടെ ജനങ്ങള്‍ തീര്‍ച്ചയായും നേടിയിട്ടുണ്ട്.

 

 

പ്രത്യേകം നിര്‍മിച്ചെടുത്ത റോബോട്ടുകള്‍
സി.പി.ഐ(എം)നു വേണ്ടി ടെലിവിഷന്‍ ചാനലുകളില്‍ പതിവായി പ്രത്യക്ഷപ്പെടുന്ന രണ്ട് ബുദ്ധിജീവികളെ എല്ലാവര്‍ക്കും അറിയാം. സത്യത്തെ അഭിമുഖീകരിക്കാനുള്ള തങ്ങളുടെ കടുത്ത വൈമുഖ്യവും കുയുക്തികള്‍ ഉന്നയിച്ചുകൊണ്ടേയിരിക്കാനുള്ള ലജ്ജാശൂന്യമായ വൈദഗ്ധ്യവും തങ്ങളെ കേട്ടുകൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും ബോധ്യപ്പെടുന്നുണ്ടെന്ന കാര്യത്തെ കുറിച്ച് തരിമ്പും വേവലാതിയില്ലാതെ ഇടതടവില്ലാതെ വാക്കുകള്‍ പുറപ്പെടുവിച്ചുകൊണ്ടിരിക്കാനായി പ്രത്യേകം നിര്‍മിച്ചെടുത്ത റോബോട്ടുകള്‍ പോലെയാണ് ഈ വിദ്വാന്‍മാര്‍.

ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ അസംബന്ധം പറഞ്ഞതും അര്‍ത്ഥശൂന്യമായ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നതും പക്ഷേ ഇവരല്ല.സി.പി.ഐ(എം)ന്റെ ചില സംസ്ഥാന നേതാക്കള്‍ തന്നെയാണ്. സംഭവത്തിന് ദൃക്സാക്ഷിയായ ഒരാള്‍ ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഒരു ചാനലില്‍ പ്രത്യക്ഷപ്പെട്ട് അതിന്റെ വിവരണം നല്‍കിയതിന്റെ അടുത്ത ദിവസം ഈ നേതാക്കളിലൊരാള്‍ ഇതേ ചാനലില്‍ പ്രത്യക്ഷപ്പെട്ട് ചോദിച്ചു: “രണ്ട് ദിവസം മുമ്പ് നിങ്ങള്‍ ഒരു ദൃക്സാക്ഷിയെ ഹാജരാക്കി എന്തൊക്കെയോ പറയിച്ചല്ലോ, ഇയാള്‍ ഇത്രയും ദിവസം എവിടെയായിരുന്നു?”

കേരളത്തെ മുഴുവന്‍ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്ത ഒരു കൊലപാതകത്തിന് സാക്ഷിയായ ഒരു സാധാരണ മനുഷ്യന്‍ തന്റെ മനസ്സിനേറ്റ ആഘാതത്തില്‍ നിന്ന് മോചിതനായി പിറ്റേ ദിവസം തന്നെ ചാനലില്‍ പ്രത്യക്ഷപ്പെട്ട് സംസാരിക്കാതിരുന്നതെന്തേ എന്നു ചോദിക്കാന്‍ മാത്രമുള്ള ഹൃദയശൂന്യതയുടെ ഉറവിടം എന്താണ്? ഇതേ നേതാവ് തന്നെ, ‘രമയുടെ മൊഴിയും രമയുടെ അച്ഛന്റെ മൊഴിയും തമ്മില്‍ വ്യത്യാസമുണ്ടല്ലോ, രമയുടെ കയ്യില്‍ തെളിവുകളുണ്ടെങ്കില്‍ ഹാജരാക്കട്ടെ’ എന്നും പറയുകയുണ്ടായി. മലയാളികളില്‍ മഹാഭൂരിപക്ഷത്തെയും അഗാധമായി വേദനിപ്പിച്ച ഒരു കൊലപാതകത്തിനു മുന്നില്‍ നിന്ന് അത്യന്തം ഹിംസാത്മകമായ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതിലും കവിഞ്ഞ പാതകം ഈ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു മാധ്യമവും ചെയ്തിട്ടില്ല. തങ്ങള്‍ ഏത് കാലത്താണ് ജീവിക്കുന്നത്, ഏതൊരു ജനതയോടാണ് സംസാരിക്കുന്നത്, തങ്ങളുടെ മാധ്യമബോധവും രാഷ്ട്രീയബോധം തന്നെയും എത്ര പഴഞ്ചനാണ് എന്നൊക്കെ ഈ നേതാക്കള്‍ വളരെ സാവകാശത്തില്‍ തങ്ങളോട് തന്നെ ചോദിക്കുന്നത് തീര്‍ച്ചയായും നന്നായിരിക്കും.

 

 

നിര്‍വികാരമായ പ്രതികരണങ്ങള്‍
ചന്ദ്രശേഖരന്‍ വധത്തെ മുന്‍നിര്‍ത്തി തികച്ചും നിര്‍വികാരമായ അക്കാദമിക് ശൈലിയില്‍ വിസ്തരിച്ച് പ്രസംഗിച്ച് ഈ കൊലപാതകത്തിനു പിന്നിലെ രാഷ്ട്രീയത്തോട് തങ്ങള്‍ ഐക്യപ്പെടുന്നുവെന്ന് പ്രഖ്യാപിച്ച സകല ബുദ്ധിജീവികളും മാധ്യമനിരീക്ഷകരും കേരളത്തിലെ സാധാരണജനങ്ങളുടെ കണ്ണില്‍ കടുത്ത കുറ്റവാളികളാണ്. മാത്രവുമല്ല ഇവരുടെയൊക്കെ ബുദ്ധിയും വിശകലനശേഷിയും ഇത്രമേല്‍ ചെറുതും പരിഹാസ്യവുമായിരുന്നോ എന്ന് അവര്‍ അത്ഭുതപ്പെടുന്നുമുണ്ട്. ജനങ്ങള്‍ക്ക് അവരുടെ ബുദ്ധികൊണ്ടും അറിവുകൊണ്ടും മനസ്സിലാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ബോധ്യപ്പെട്ടു കിട്ടുന്നതിനു വേണ്ടി മാത്രമേ ബുദ്ധിജീവികളുടെ സഹായം ആവശ്യമുള്ളൂ. എല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങള്‍ ആര്‍ക്കും അറിയില്ലെന്ന് ഭാവിച്ച് വിശകലനത്തിന് പുറപ്പെടുന്ന ബുദ്ധിജീവിയെ ഒരു സമൂഹത്തിനും ആവശ്യമില്ല.

കേരളത്തില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഒന്നു മാത്രമായി ചന്ദ്രശേഖരന്‍ വധവും രണ്ടോ മൂന്നോ ദിവസം കൊണ്ട് മാധ്യമങ്ങളില്‍ നിന്നും ജനമനസ്സില്‍ നിന്നും അപ്രത്യക്ഷമാവുമെന്നാണ് തങ്ങള്‍ കരുതിയത്, അങ്ങനെ സംഭവിക്കാതിരുന്നതില്‍ തങ്ങള്‍ക്ക് വേദനയും നടുക്കവുമുണ്ട് എന്ന് സകലരെയും ബോധ്യപ്പെടുത്തും വിധത്തിലാണ് സി.പി.ഐ(എം) നേതാക്കളും പാര്‍ട്ടിയെ പിന്തുണക്കുന്ന ഏതാനും ചില മാധ്യമപണ്ഡിതന്‍മാരും ഇപ്പോള്‍ പെരുമാറിക്കൊണ്ടിരിക്കുന്നത്.

 

 

മാധ്യമങ്ങളെ പഴിചാരിയിട്ട് കാര്യമില്ല
എന്തു കൊണ്ട് ചന്ദ്രശേഖരന്‍ വധത്തെ ഇത്രയും നാള്‍ ഇത്രയും വലിയ ഒരു പ്രശ്നമായി കേരളത്തിലെ മാധ്യമങ്ങളും ജനമനസ്സും അംഗീകരിച്ചു എന്നതിനെ കുറിച്ചുള്ള സത്യസന്ധമായ അന്വേഷണമാണ് വാസ്തവത്തില്‍ അവര്‍ നടത്തേണ്ടത്.

വിഡ്ഡിച്ചോദ്യങ്ങളും കുയുക്തികളും കള്ള പ്രസ്താവനകളും കൊണ്ട് പൊരുതി പരാജയപ്പെടുത്താവുന്ന ഒരു സംഭവമല്ല അവരുടെ മുന്നിലുള്ളത്. തങ്ങള്‍ക്ക് കൈമോശം വന്ന ജനകീയരാഷ്ട്രീയവും ജനജീവിത ബന്ധവും രാഷ്ട്രീയ സത്യസന്ധതയുമാണ് കേരളജനത ചന്ദ്രശേഖരനില്‍ കണ്ടത്, അതുകൊണ്ടാണ് കേരളത്തിലെ ഏറ്റവും ചെറിയ രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാവായിരുന്നിട്ടും അദ്ദേഹത്തിന്റെ മരണം അവരെ ഇത്രമേല്‍ വേദനിപ്പിച്ചത്.

ഈ യാഥാര്‍ത്ഥ്യത്തിലേക്ക് ഉണരാനാവാത്ത ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും ഒരു ബുദ്ധിജീവിക്കും ഒരു സംസ്കാരവിമര്‍ശകനും ജനങ്ങളുടെ മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കാനാവില്ല.തങ്ങളുടെ ഗതികേടിന് ഒരു മാധ്യമത്തെയും അവര്‍ പഴിചാരിയിട്ട് ഫലമില്ല.

(എന്‍. പ്രഭാകരന്റെ ബ്ലോഗായ ‘ഇറ്റിറ്റിപ്പുള്ളി’ല്‍ ജൂണ്‍ ആറിന് പ്രസിദ്ധീകരിച്ച കുറിപ്പ്)

എന്റെ കീബോര്‍ഡ് ചോരയില്‍ കുതിര്‍ന്നിരിക്കുന്നു

13 thoughts on “മാധ്യമ ഭീകരതയല്ല, അര്‍ത്ഥവത്തായ ഇടപെടല്‍

 1. “ടി.പി ചന്ദ്രശേഖരന്‍ വധം കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം അല്ലായിരിക്കാം….. പക്ഷെ ഇത് അവസാനത്തേതആവട്ടെ…….. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ എങ്കിലും ഇതില്‍നിന്നു പിന്തിരിയട്ടെ……..”

 2. എന്തുകൊണ്ടാണ് മാധ്യമങ്ങൾ വിമർശനങ്ങളെ ഇത്രയധികം ഭയപ്പെടുന്നത്? നേതാക്കളുടെ ബോഡിലാംഗ്വേജിൽനിന്ന് അവരുടെ ഉള്ളിലിരുപ്പ് ഗണിച്ചെടുക്കുന്ന മാധ്യമങ്ങൾ, സ്വന്തം ബോഡി ലാംഗ്വേജ് തങ്ങളുടെ രാഷ്ട്രീയ പക്ഷപാതിത്വം പച്ചക്ക് വിളിച്ചു പറയുന്നുണ്ട് എന്ന സത്യം വെളിച്ചത്താവുമ്പോൾ എന്തിനാണ് വെപ്രാളം കാണിക്കുന്നത്? ‘വ്യവസായിക്കെതിരെയുള്ള സമരത്തിൽ ചന്ദ്രശേഖരൻ മുൻ നിരയിലുണ്ടായിരുന്നില്ല’ എന്നു തലക്കെട്ടിലും ‘ മുൻ നിരയിൽ ചന്ദ്രശേഖരനെ കൂടാതെ വേറെയും നേതാക്കൾ ഉണ്ടായിരുന്നു’എന്നു താഴെയും അച്ചടിച്ചു വിടുന്നത് അബദ്ധത്തിൽ സംഭവിക്കുന്നതല്ല എന്നു മനസ്സിലാക്കാനുള്ള വിവേകം വായനക്കാർക്കുണ്ട്.

 3. മാധ്യമവേശ്യകളുടെ ചാരിത്ര്യപ്രസംഗം കേട്ടിരിക്കുന്ന സമൂഹത്തോട് പറയാനുള്ളത്

 4. താങ്കളുടെ അവസാന വാചകം, എന്റെ കീ ബോര്‍ഡ്‌ രക്തത്തില്‍ കുളിച്ച്ചിരിക്കുന്നു…അത് തന്നെയാണ് സത്യം…ചന്ദ്രശേഖരന്‍ വധത്തിനു ശേഷമുള്ള നാളുകള്‍ അക്ഷരാര്‍ത്ഥത്തില്‍ താങ്കളെ പോലുള്ളവര്‍ ആഘോഷിക്കുക ആയിരുന്നില്ലേ? കുരുതി കളങ്ങളിലെ പൂകുലകളും, ചെമപ്പും സ്വാഭാവിക ദ്രിശ്യങ്ങള്‍ മാത്രം..മാധ്യമങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് അതീതം ആവണം എങ്കില്‍ സെന്സിനു പ്രാധാന്യം നല്‍കുക സെന്സേഷനലിസത്തിനല്ല ..കേരളത്തിലെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതില്‍ എല്ലാ കാലത്തും മാധ്യമങ്ങള്‍ ഏക പക്ഷീയത പുലര്‍ത്തിയിട്ടുണ്ട്..വിമര്‍ശിച്ചു നന്നാക്കല്‍ അല്ല നിങ്ങളുടെ ഉദ്ദേശം എന്നത് പകല്‍ പോലെ വ്യക്തം..ചെളിയില്‍ പൂണ്ടു മദിക്കുന്നവരുടെ ഇടയില്‍ നിന്നും ചെളി ദേഹത്ത് പറ്റിയ ആളെ വളഞ്ഞിട്ടു അപഹസിക്കുന്ന രീതി..

 5. മാധ്യമ ഭീകരതയല്ല അര്‍ത്ഥവത്തായ ഇടപെടല്‍ എന്ന തലകെട്ട് തല്ക്കാലം ശരി വെച്ചുകൊണ്ട് ഒരു കാര്യം ചോദിക്കട്ടെ , എന്ത്കൊണ്ട് മാധ്യമങ്ങള്‍ അവര്‍ക്ക് താല്‍പ്പര്യം ഉള്ള വിഷയങ്ങളില്‍ മാത്രം വാര്‍ത്തകളുടെ പിന്നാലെ പോകുന്നു അല്ലെങ്കില്‍ താങ്കളുടെ ഭാഷയില്‍ അര്‍ത്ഥവത്തായ ഇടപെടല്‍ നടത്തുന്നു? ചന്ദ്രശേഖരന്റെ കൊലപാതകത്തെ ഒരിക്കലും ന്യയികരിക്കുകയല്ല കുറ്റം ചെയ്തവര്‍ ആരായാലും നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരപ്പെടണം . തന്റെ യൌവനം മുഴുവന്‍ കാരാഗ്രഹത്തില്‍ ജീവിച്ചുതീര്‍ത്ത ഒരു മനുഷ്യനുണ്ടായിരുന്നു , ഭര്‍ത്താവ് ജീവിചിരിന്നിട്ടും പത്തുവര്‍ഷം വിധവയെ പോലെ കഴിഞ്ഞ ഒരു സ്ത്രീയുണ്ടായിരുന്നു , അനാഥരെ പോലെ കഴിഞ്ഞ മക്കളുണ്ടായിരുന്നു, ഒരു ചുരുങ്ങിയ ഇടവേളക്കു ശേഷം അവര്‍ ഇപ്പോളും അതുപോലെ തന്നയാണ് ഈ മാധ്യമ ധാര്‍മികത ഒന്നും അവരുടെ വിഷയത്തില്‍ കാണുന്നില്ല. ഒരു പക്ഷെ പേര് പറഞ്ഞാല്‍ താങ്കള്‍ ഉള്‍പ്പടുന്ന എഴുത്തുകാര്‍ക്കും മാധ്യമ പ്രവ്ര്തകര്‍ക്കും ചിലപ്പോള്‍ ഓര്‍മ്മ വന്നേക്കാം അബ്ദുല്‍നാസര്‍ മദനി ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായി നഷ്ട്ടപെട്ടു മറ്റേ കണ്ണിന്റെ കാഴ്ചയും നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്ന അദ്ദേഹം നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് എന്ത് കൊണ്ട് എന്ത് കൊണ്ട് മാധ്യമ സമൂഹം മൌനം പാലിക്കുന്നു,അല്ലെങ്കില്‍ നിങ്ങള്‍ വിലയിരുത്തുന്ന അര്‍ത്ഥവത്തായ ഇടപെടല്‍ ഈ വിഷയത്തില്‍ കാണുന്നില്ല , അതോ മനുഷത്വതെയും സെന്‍സെശനലിസത്തിന്റെ തുലാസില്‍ തൂകിയാണോ നിനഗ്ല്‍ മൂല്യം നിശ്ചയിക്കുന്നത് .
  വാര്‍ത്തയെ പിന്തുടരുന്നതില്‍ മാധ്യമങ്ങള്‍ കാണിക്കുന്ന വിട്ടുവീഴ്ചയില്ലായ്മ എന്ന് താങ്കള്‍ പറയുകയുണ്ടായി , താങ്കളുടെ ഓര്‍മയെ കുറച്ചുകാലം പിറകിലേക്ക് കൊണ്ട് പോകുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ് കേരളത്തിലെ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തക ഷാഹിന ഒരു സത്യം ലോകത്തോട്‌ വിളിച്ചു പറഞ്ഞു ബംഗ്ലൂര്‍ സ്ഫോടന കേസില്‍ മദനിക്കെതിരെ സാക്ഷി മൊഴി കൊടുത്ത യോഗനന്ദു എന്ന അവ്യ്ക്തി ഇതുവരെ അദേഹത്തെ നേരില്‍ കണ്ടിട്ട് പോലും ഇല്ല ( http://www.youtube.com/watch?v=sb2GuC7EQ9c ) എന്ന് അത് പോലെ മറ്റൊരു വ്യക്തി റഫീക്ക് തന്നെ പീടിപ്പിച്ചാണ് മൊഴി എടുത്തത്‌ എന്നും പറയുകയുണ്ടായി . ഈ വാര്‍ത്തയെ മറ്റൊരു മാധ്യമ പ്രവര്‍ത്തകനും പിന്തുടരുന്നത് പോയിട്ട് ഒന്ന് തിരിഞ്ഞു നോക്കുന്നത് പോലും കണ്ടില്ലല്ലോ? അതോ തങ്ങള്‍ക്കു ആവശ്യമുള്ളത് മാത്രമേ മാധ്യമ പ്രവര്‍ത്തകര്‍ പിന്തുടരുകയുല്ല് എന്നുണ്ടോ ?

  • ഇതിനു ന്യായമായ മരുപടി പറയേണ്ടതുണ്ട്. അല്ലെങ്കിലും ഒരു ചെരിവ് പണ്ടേ മാധ്യമങ്ങള്‍ക്കുല്ലാത്ത.. ഒരു മാതിരി ചിറ്റമ്മ നയം..

 6. ആരും പറയുകയും പറഞ്ഞു കൊടുക്കുകയും ചെയ്യാതെ സ്വയം ആര്‍ജ്ജിക്കേണ്ട ചില മൂല്യ ബോധങ്ങള്‍ ഉണ്ട്. ഇന്നത്തെ സമൂഹത്തില്‍ അത് ഭൂരിഭാഗത്തിനും നഷ്ടമായിരിക്കുന്നു. അപ്പോഴാണ്‌ എന്തിനും ഏതിനും ഈ വക വരട്ടു വാദങ്ങളും സ്വയം ബുദ്ധിമാനാണെന്ന് തെളിയിക്കാനായി ഈ വക വെപ്രാളവും. യുക്തി എന്നാല്‍ എല്ലായിടത്തും ഉപയോഗിക്കേണ്ട ഒന്നല്ല, ഔചിത്യം എന്ന വലിയ കാര്യം കൂടി ജീവിതത്തിലും അതിന്റെ മൂല്യങ്ങളിലും ഉണ്ട് എന്നത് പലരും മറക്കുന്നു. ദുരന്തങ്ങളും ജീവിത ദൈന്യതകളും വന്നുചേര്‍ന്നവരുടെ അടുത്തു പോയി യുക്തിയുടേയും പഴയ കണക്കെടുപ്പുകളുടെയും കഥ വിളമ്പുന്ന പുതിയ ലോകത്തെയോര്‍ത്തു സഹതപിക്കാം. കലികാലം എന്നാല്‍ മനസ്സുകളില്‍ കലി പടരുന്ന കാലം.

 7. മാധ്യമങ്ങളില്‍ തന്നെ ആദ്യ ദിവസങ്ങളില്‍ വന്ന വാര്‍ത്ത മുതല്‍ എല്ലാ വാര്‍ത്തയും നിരത്തി വച്ചു നോക്കൂ സര്‍ പരസ്പരവൈരുധ്യങ്ങള്‍ നിറയെ കാണാം. പിന്നെ പത്ര സമ്മേളനങ്ങളില്‍ കിട്ടുന്ന ബിരിയാണിക്കും കുപ്പിക്കും കണക്കായി വാര്‍ത്ത കൊടുക്കുന്ന സ്വന്തം ലേഖകരുടെ ഉദേശശുദ്ധിയെ സംശയിചാല്‍ തെറ്റ് പറയാന്‍ പറ്റില്ല.

 8. എത്രയോ പെണ്‍കുട്ടികള്‍ പീഢനവിധേയമായി കൊല്ലപ്പെട്ടിട്ടുണ്ട്, ഇതു മാത്രം ഇത്ര കോലാഹലമാക്കുന്നതെന്താ എന്ന് സൌമ്യവധക്കേസിലെ നരാധമന്‍ ഗോവിന്ദച്ചാമിപോലും ചോദിച്ചില്ല!

  കൊലകളെല്ലാം ഹീനമാണ്. എന്നാല്‍ ഇരകളുടെ നിസ്സഹായത, വ്യക്തുത്വം, സമൂഹത്തിലെ സ്ഥാനം, തുടങ്ങി കൊലയാളിയുടെയും വധത്തിന്റെയും രീതി, ആസൂത്രണം അടക്കം പല കാര്യങ്ങളും മാധ്യമശ്രദ്ധയേയും ജനശ്രദ്ധയേയും ബാധിക്കും. ഇതൊന്നും കാണാതെ വെറും രാഷ്ട്രീയആന്ധ്യം ബാധിച്ചവരാണ് മാധ്യമശ്രദ്ധയെചൊല്ലി രോഷം കൊള്ളുന്നത്.

 9. ഒരു മൈക്കും അതിന്നു മുന്പില്‍ കുറച്ചു ആളും ഉണ്ടെങ്കില്‍ എന്തും വിളിച്ചു പറയാം എന്നു വിചാരിക്കുന്ന, അല്ലെങ്കില്‍ അങ്ങിനെ പറയുന്ന വിഢികളായ നേതാക്കന്‍മാര്‍ക്ക്, അതേതു പാര്‍ട്ടിക്കാരായാലും, ഒരു കടിഞ്ഞാണിടാന്‍, വീണ്ടു വിചാരത്തോടെ സംസാരിക്കാന്‍ എം എം മണിയും, പി.കെ.ബഷീറും ഒക്കെ നിമിത്തമായെങ്കില്‍….

  പലരും പറയുന്നതും ചോദിക്കുന്നതും കേട്ടു, ഒരു എഫ് ഐ ആറില്‍ പേരുള്ള, എം എല്‍ എ നിയമ സഭയില്‍ വന്നിരിക്കാന്‍ ഇതെന്താ ബീഹാറോ മറ്റോ ആണോ എന്നു. അല്ല ഇത് കേരളം ആണ്. ബീഹാറിനെക്കാള്‍ വൃത്തികെട്ട മനസ്സുള്ള നേതാക്കന്മാരെ സൃഷ്ടിക്കുന്ന, വിദ്യാഭ്യാസവും വിവരവും മറ്റാരേക്കാളും കൂടുതല്‍ നമുക്കാണ് എന്നു തെറ്റിദ്ധരിച്ച്, അവനവന്റെ കുറ്റം കാണാതെ, മറ്റ് സംസ്ഥാനക്കാരെ, അല്ലെങ്കില്‍ എന്തിന് പറയുന്നു കേരളത്തില്‍ തന്നെ ഓരോ ജില്ലക്കാരനും മറ്റ് ജില്ലക്കാരെ കുറച്ചു കാണുക എന്നതല്ലേ രീതി, കുറ്റം പറഞ്ഞു മേനി നടിച്ച് എല്ലാ വൃത്തികേടും കാട്ടുന്ന ഒരു ജനതയുടെ കേരളം.

  അത് കൊണ്ടാണ് ജയരാജന്‍മാരും, സുധാകരന്‍, പിണറായി, കുഞ്ഞാലിക്കുട്ടി, മണി, ബഷീറും, ജയദേവനും, തുടങ്ങിയ നേതാക്കന്മാരും, തച്ചങ്കരി, ശ്രീജിത്ത്, റഷീദ്, സന്തോഷ്കുമാര്‍ തുടങ്ങിയ ഉന്നത പോലീസ് അധികാരികളും അത് പോലെ മറ്റനേകം, ഉന്നത ഉദ്യോഗസ്ഥന്മാരും അടക്കി വാഴുന്ന കേരളം ഉണ്ടാവുന്നത്. ഓരോ വോട്ടും പ്രധാനപ്പെട്ടത് എന്നു പറയുന്നത് അല്ലാതെ, അത് പ്രാധാന്യത്തോടെ വിനിയോഘിക്കുന്ന ഒരു ജനത എന്നുണ്ടാവുന്നോ, അന്നേ ബീഹാറിനെ കുറ്റം പറയാന്‍ നമുക്ക് കഴിയൂ.. ഇന്ന് പല കാര്യങ്ങളിലും ബീഹാറിനെക്കാളും, ഇരുണ്ട ആഫ്രിക്കയേക്കാളും പിന്നിലാണ് നാം.

  രാഷ്ട്രീയപരം ആയി മാത്രമല്ല. സാമൂഹ്യപരമായും. അതുകൊണ്ടാണല്ലോ, എത്ര തന്നെ പറ്റിക്കപ്പെട്ടിട്ടും, പിന്നെയും പിന്നെയും പറ്റിപ്പു സംഗങ്ങള്‍ക്ക് ഇവിടെ വേരോട്ടം നടത്താന്‍ കഴിയുന്നത്. “ധനികനായി ജനിക്കാത്തത് നിങ്ങളുടെ കുറ്റമല്ല, പക്ഷേ ജനിച്ചിട്ടും ധനികനായി മാറാത്തത്…..” എന്ന രീതിയില്‍ പരസ്യങ്ങള്‍ പടച്ചു വിടുന്നവര്‍ക്കും അറിയാം കേരളത്തിന്റെ വൃത്തികെട്ട മനസ്സ്.. അത് മുതലാക്കാന്‍ ശ്രമിക്കുന്ന നേതാക്കന്മാരും ഉദ്യോഗസ്ഥന്മാരും ചേര്ന്ന്, വെറുതെ പരസ്പരം പോരടിക്കുന്നത് പോലെ അഭിനയിച്ചു പറ്റിച്ചു കൊണ്ടേയിരിക്കുന്നു. അല്ലെങ്കിലും ഇതില്‍ പറ്റിക്കല്‍ ഇല്ല, വിവരം ഉണ്ട് എന്നു വെറുതെ ഭാവിക്കുന്ന ജനത്തെ അവര്‍ വിവേകത്തോടെ ഉപയോഗിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *