കൊലപാതകങ്ങളും പിശാചുവേട്ടകളും

മാര്‍ക്സിസം ആശയങ്ങളുടെ കേവലതകളില്‍ വിശ്വാസമര്‍പ്പിക്കുന്നില്ല; കാരണം, കേവലതയില്‍ വിശ്വസിക്കുന്നവര്‍ക്ക് ഒന്നും മാറ്റിത്തീര്‍ക്കാനാവില്ല,ഒന്നും സംശയിക്കാനാവില്ല (Doubt Everything എന്ന് മാര്‍ക്സ് ). അഹിംസയെ അരാഷ്ട്രീയവും അചരിത്രപരവുമായ ഒരു സംവര്‍ഗമായി മാര്‍ക്സിസത്തിന് കാണാനാവാത്തതും അത് കൊണ്ട് തന്നെ. ചാരുകസേരാ ബുദ്ധിജീവികള്‍ക്ക് വലിയ വായില്‍ അഹിംസയെക്കുറിച്ച് ഗീര്‍വാണം വിടാം, കമ്മ്യൂണിസ്റുകാര്‍ക്ക് സാധ്യമല്ല . ആശയപരമായ സംഘര്‍ഷങ്ങള്‍ പലപ്പോഴും കായികമായ സംഘര്‍ഷങ്ങള്‍ക്ക് വഴി മാറാറുണ്ട് ; ആശയങ്ങള്‍ പാര്‍ക്കുന്നതു പുസ്തകങ്ങളിലല്ല, മനുഷ്യരുടെ തലച്ചോറുകളിലാണ് എന്നത് തന്നെ കാരണം. നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥയുടെ ബന്ധമാതൃകകളെയും ലോകബോധങ്ങളെയും നിരന്തരം ആക്രമിക്കുന്ന ഒരു ( പ്രയോഗത്തിന്റെ) തത്വചിന്തയ്ക്ക് അങ്ങനെയല്ലാതെ തരമില്ല – ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ സി.പി.എമ്മിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നും അതിനുപിന്നില്‍ കൃത്യമായ പക്ഷപാതിത്വമുണ്ടെന്നും എഴുതുന്നു,എസ് ആര്‍ നന്ദകുമാര്‍

 


 

‘വിനൂ, നമ്മുടെ ഈ ചര്‍ച്ചതന്നെ വളരെ പക്ഷപാതപരവും അശാസ്ത്രീയവും മൈതാനപ്രസംഗങ്ങള്‍ക്ക് തുല്യമായ വൈകാരിക വിക്ഷോഭവുമൊക്കെയാണ്. അതൊരുപക്ഷേ, യുക്തിസഹമായ കാര്യങ്ങളോ വസ്തുനിഷ്ഠമായ കാര്യങ്ങളോ തെളിവുകളോ ഒന്നുമല്ല. അങ്ങനെയുള്ള ഈ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പറ്റില്ല.

എസ് ആര്‍ നന്ദകുമാര്‍

ഇതുവരെ സംസാരിച്ചവര്‍ വികാരവിജൃംഭിതരായി മൈതാനപ്രസംഗം നടത്തുകയായിരുന്നു. ഒരു സംഭവം നടന്നു, ആ സംഭവത്തിന്റെ കുറ്റവാളികള്‍ ആരാണെന്ന് തെളിയുംമുമ്പ് ഇന്ന കുറ്റവാളിയാണെന്ന് പ്രഖ്യാപിക്കുകയും അത് ആ പ്രസ്ഥാനത്തിന്റെയും സംഘടനയുടെയും സെക്രട്ടറിമുതലുള്ള എല്ലാ നേതാക്കളെയും വായില്‍തോന്നുന്ന എല്ലാ അശ്ലീലപദങ്ങളും കൊണ്ടഭിഷേകം ചെയ്യുകയും ആ കുറ്റം അദ്ദേഹത്തിന്റെ മേല്‍ ആരോപിച്ചുകൊണ്ട് നമ്മള്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ധാര്‍ഷ്ട്യം നിറഞ്ഞ വാചകങ്ങളിലൂടെ അതിനെപ്പറ്റി കുറ്റപ്പെടുത്തി പരാമര്‍ശിക്കുകയുമൊക്കെ ചെയ്യുന്ന വളരെ അണ്‍ബാലന്‍സ്ഡും അണ്‍പ്രൊഫഷണലുമായിട്ടുള്ള ഒരു ചര്‍ച്ചയാണിത്. വിനു, അതിനാണ് ഇപ്പോള്‍ ആധ്യക്ഷം വഹിക്കുന്നത്.
എനിക്ക് തോന്നുന്നത് ഇതുപോലുള്ളൊരു ചര്‍ച്ചയ്ക്ക് പ്രസക്തിയില്ല പ്രസക്തി ഉണ്ടായിരിക്കാം; പക്ഷേ ഇതുപോലുള്ള ഒരു പക്ഷപാതപരമായ രാഷ്ട്രീയപ്രസംഗം പോലെയാകുന്നതുകൊണ്ട് അതില്‍ എന്തുതരത്തില്‍ പറയണമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. തല്‍ക്കാലം ഞാന്‍ ഈ ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയാണ്.’

എം ജി രാധാകൃഷ്ണന്‍ എന്ന സാമൂഹ്യ നിരീക്ഷകന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ മനം മടുത്ത് പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെയാണ്. ചന്ദ്രശേഖരന്‍ വധത്തിനു ശേഷം മുഖ്യധാര മാധ്യമങ്ങളുടെ നഗ്നമായ മാര്‍ക്സിസ്റ് വിരുദ്ധ പക്ഷപാതത്തെ തുറന്നു കാട്ടുന്ന നിരീക്ഷണമാണ് ഇത്.

 

 

സി പി എം അതിന്റെ ചരിത്രത്തില്‍ മുന്‍പൊരിക്കലും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയുടെ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത് എന്നാണ് നമ്മുടെ കോട്ടയം പത്രങ്ങള്‍ മുതല്‍ ബി ബി സി വരെ പറഞ്ഞുറപ്പിക്കാന്‍ ശ്രമിക്കുന്നത്. കേരളത്തെ ഗ്രസിച്ച അക്രമരാഷ്ട്രീയത്തിന്റെ ഭൂതത്തെ ഉച്ചാടനം ചെയ്യാന്‍ രൂപം കൊണ്ട് കഴിഞ്ഞ മാര്‍ക്സിസ്റ്വിരുദ്ധ മഴവില്‍ മുന്നണിയില്‍ ലിബറല്‍ ജനാധിപത്യവാദികളും തീവ്ര ഇടതുപക്ഷവാദികളും മാധ്യമപ്രഭ്രുതികളും എല്ലാം വൈരം മറന്ന് അണി ചേര്‍ന്ന് കഴിഞ്ഞു. ഇത്ര കാലവും പോലീസിന്റെയും ഭരണകൂടഭീകരതയുടെയും മറുപക്ഷം പിടിച്ചും ബീമാപ്പള്ളി വെടിവെപ്പ് മുതല്‍ പാര്‍ലമന്റ് ആക്രമണം വരെയുള്ള യക്ഷിക്കഥകളെ സംശയലേശമന്യേ തള്ളിപ്പറഞ്ഞും സി കെ ജാനുവും സലീന പ്രക്കാനവും മുതല്‍ അഫ്സല്‍ ഗുരുവും പേരറിവാളനും വരെയുള്ളവര്‍ക്ക് അഭിവാദ്യങ്ങളര്‍പ്പിച്ചുകൊണ്ടും മാധ്യമങ്ങളിലും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും നിറഞ്ഞു നിന്ന പല സ്വതന്ത്ര/നവസാമൂഹ്യ ബുദ്ധിജീവി സിംഹങ്ങളും കേരളാ പോലീസിന്റെ സ്തുതിപാഠകരായി തീരുന്ന അത്ഭുതകരമായ പ്രതിഭാസത്തിനാണ് നാം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ഇത്ര കാലവും പോലീസ് ഭാഷ്യങ്ങളുടെ വിമര്‍ശകപക്ഷം പിടിച്ചവര്‍, അവയുടെ ആധികാരികതയെ നിരന്തരം ചോദ്യം ചെയ്തവര്‍ നേരമൊന്നിരുട്ടി വെളുത്തപ്പോഴേക്കും അവയെ വെള്ളം തൊടാതെ വിഴുങ്ങാന്‍ തയ്യാറാവുന്നത് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് സി പി എം ആയതുകൊണ്ട് മാത്രമാണ് . അതുകൊണ്ട് തന്നെയാണ് സാമാന്യബുദ്ധിയെ വെല്ലുവിളിക്കും വിധം കൊലപാതകത്തിന്റെ അസൂത്രകന്റെ പേര് ദിനംപ്രതി മാറ്റിപ്പറഞ്ഞിട്ടും ഗൂഡാലോചനയുടെ പ്രഭവകേന്ദ്രം അന്ത്യേരി സുരയുടെ വീട് മുതല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വരെ പലതും പറഞ്ഞുകേട്ടിട്ടും, ഇതായിരുന്നില്ലല്ലോ ഇന്നലെ നിങ്ങള്‍ പറഞ്ഞതെന്ന് ആരും തിരിച്ചു ചോദിക്കാത്തത്.

കേരളത്തില്‍ നടക്കുന്ന ആദ്യത്തെ രാഷ്ട്രീയ കൊലപാതകമോ രക്തസാക്ഷിത്വമോ ആയിരുന്നില്ല ചന്ദ്രശേഖരന്റെത് ; നമുക്കെല്ലാം അറിയാവുന്ന പോലെ, അവസാനത്തേതുമാകാന്‍ പോകുന്നില്ല. ചന്ദ്രശേഖരനും മുന്‍പേ നൂറു കണക്കിന് ഉശിരന്മാരായ കമ്മ്യൂണിസ്റുകാര്‍ ഫാസിസ്റ്റുകളുടെയും കോണ്‍ഗ്രസ് ഗുണ്ടകളുടെയും കൊലക്കത്തിയില്‍ പിടഞ്ഞു മരിച്ചിട്ടുണ്ട്. അവര്‍ രക്തസാക്ഷിത്വം വരിച്ചത്, തങ്ങളുടെ ജീവനേക്കാള്‍ ആശയങ്ങളെ സ്നേഹിച്ചത് കൊണ്ടാണ്.എന്നാല്‍ ടി പി ചന്ദ്രശേഖരന്‍ മാത്രമാണ് ചരിത്രത്തിലാദ്യമായി കൊല്ലപ്പെട്ട കമ്മ്യുണിസ്റ്കാരന്‍ എന്ന മട്ടിലാണ് മാധ്യമ തമ്പുരാക്കന്മാര്‍ വാര്‍ത്തകള്‍ പടച്ചു വിടുന്നത്. അപരന്റെ വാക്കുകള്‍ കാതിനു സംഗീതം ചൊരിയുന്ന ഒരു കാലത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞവരുടെ ത്യാഗങ്ങളെയാണ് ഇവര്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടകളില്‍ ചവിട്ടി താഴ്ത്താന്‍ ശ്രമിക്കുന്നത്. ഒരു ജനതയുടെ വിപ്ളവ ഭൂതകാലത്തെയാണ് അന്ധമായ കമ്മ്യൂണിസ്റ് വിരുദ്ധതയുടെ പേരില്‍ ഇവര്‍ ഒറ്റിക്കൊടുക്കാന്‍ ശ്രമിക്കുന്നത്.

പ്രാഥമിക മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട ഒരു കാലത്ത് നിവര്‍ന്നു നിന്ന് ആത്മാഭിമാനം വീണ്ടെടുത്ത് കൊടുത്ത പ്രസ്ഥാനമാണ് ഒരു നാലാംകിട കൊലപാതകസംഘമായി ഇന്ന് മാധ്യമങ്ങളാല്‍ പ്രതിനിധാനം ചെയ്യപ്പെടുന്നത്. “പ്രതി കള്ളനും തെമ്മാടിയും സര്‍വോപരി കമ്മ്യൂണിസ്റകാരനുമാ”ണെന്ന് പോലീസുകാര്‍ മഹസ്സറെഴുതിയ കാലത്ത് നിന്ന് ഈ സമരോത്സുക വര്‍ത്തമാനത്തിലേക്കുള്ള ചരിത്രഗതിയില്‍ ഇതു മാധ്യമത്തിന്റെ പരിലാളനയാണ് കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിന് ലഭിച്ചിട്ടുള്ളത്? എന്നിട്ടിപ്പോള്‍ അക്രമരാഷ്ട്രീയത്തിന്റെ പേരില്‍ മാര്‍ക്സിസ്റ് പറുദീസാനഷ്ടത്തെയോര്‍ത്തു വിലപിക്കുന്നത്, പാര്‍ട്ടിയെ നന്നാക്കാനാണെന്നാരും കരുതി പോവരുത്. കമ്മ്യൂണിസ്റ് വിരുദ്ധ പ്രചാരവേലകളിലൂടെ മറ്റൊരു ഇന്തോനേഷ്യ ആവര്‍ത്തിക്കാമെന്നത്, ആരുടെ വ്യാമോഹമാണ്?

രണ്ട്
സി പി എം അഹിംസയെ ഒരു രാഷ്ട്രീയ ആദര്‍ശമായി അംഗീകരിക്കുകയോ തങ്ങളുടെ പ്രത്യയശാസ്ത്രത്തില്‍ ഉള്‍ചേര്‍ക്കുകയോ ചെയ്ത ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ല. എന്നാല്‍ സി പി എമ്മിന്റെ പ്രസക്തിയും സവിശേഷതയും അതല്ല; മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ലിബറല്‍ ജനാധിപത്യത്തെ തങ്ങളുടെ മാര്‍ഗവും ലക്ഷ്യവുമായി പരിമിതപ്പെടുത്തുമ്പോള്‍ കമ്മ്യൂണിസ്റ് പാര്‍ട്ടി നിലനില്‍ക്കുന്ന അധികാരവ്യവസ്ഥയെ അട്ടിമറിക്കാനിറങ്ങി പുറപ്പെട്ട സാമൂഹ്യേച്ഛയുടെ മൂര്‍ത്തമായ ജൈവഘടനയാണ്. മറ്റെല്ലാ തത്വചിന്തകളും ലോകത്തെ വ്യാഖ്യാനിക്കുക മാത്രം ചെയ്യുമ്പോള്‍ മാര്‍ക്സിസം മാത്രമാണ് ലോകത്തെ മാറ്റിമറിക്കാന്‍ പരിശ്രമിക്കുന്ന പ്രയോഗത്തിന്റെ തത്വചിന്ത. അത് ആശയങ്ങളുടെ കേവലതകളില്‍ വിശ്വാസമര്‍പ്പിക്കുന്നില്ല; കാരണം, കേവലതയില്‍ വിശ്വസിക്കുന്നവര്‍ക്ക് ഒന്നും മാറ്റിത്തീര്‍ക്കാനാവില്ല,ഒന്നും സംശയിക്കാനാവില്ല (Doubt Everything എന്ന് മാര്‍ക്സ് ). അഹിംസയെ അരാഷ്ട്രീയവും അചരിത്രപരവുമായ ഒരു സംവര്‍ഗമായി മാര്‍ക്സിസത്തിന് കാണാനാവാത്തതും അത് കൊണ്ട് തന്നെ. ചാരുകസേരാ ബുദ്ധിജീവികള്‍ക്ക് വലിയ വായില്‍ അഹിംസയെക്കുറിച്ച് ഗീര്‍വാണം വിടാം, കമ്മ്യൂണിസ്റുകാര്‍ക്ക് സാധ്യമല്ല . ആശയപരമായ സംഘര്‍ഷങ്ങള്‍ പലപ്പോഴും കായികമായ സംഘര്‍ഷങ്ങള്‍ക്ക് വഴി മാറാറുണ്ട് ; ആശയങ്ങള്‍ പാര്‍ക്കുന്നതു പുസ്തകങ്ങളിലല്ല, മനുഷ്യരുടെ തലച്ചോറുകളിലാണ് എന്നത് തന്നെ കാരണം. നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥയുടെ ബന്ധമാതൃകകളെയും ലോകബോധങ്ങളെയും നിരന്തരം ആക്രമിക്കുന്ന ഒരു ( പ്രയോഗത്തിന്റെ) തത്വചിന്തയ്ക്ക് അങ്ങനെയല്ലാതെ തരമില്ല.

കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ ലോകത്തെല്ലായിടത്തും ഏറ്റവും പഴി കേള്‍ക്കേണ്ടി വന്നിട്ടുള്ളതും അക്രമരാഷ്ട്രീയത്തിന്റെ പേരിലാണ്. മാര്‍ക്സിസത്തെ തങ്ങളുടെ തത്വചിന്തയായി അംഗീകരിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ടികളും അത്തരം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരികയും ചെയ്യും; അത് സി പി എം ആയാലും ആര്‍ എം പി ആയാലും അങ്ങനെ തന്നെ . (അത് കൊണ്ടാവണമല്ലോ, ടി പി വധാനന്തരം സി പി എം പ്രവര്‍ത്തകര്‍ക്ക് അതിഭീകരമായ സംഘടിതാക്രമാനങ്ങള്‍ ആ പ്രദേശങ്ങളില്‍ ഏറ്റുവാങ്ങേണ്ടി വന്നത് പക്ഷെ അതാരും അക്രമ രാഷ്ട്രീയതിന്റെ അക്കൌണ്ടില്‍ എഴുതിചേര്‍ത്തുകണ്ടില്ല. ) ആര്‍ എം പി യുടെ രൂപീകരണത്തിനുള്ള പല കാരണങ്ങള്‍ വലതുപക്ഷവ്യതിയാനം മുതല്‍ പഞ്ചായത്തിലെ അധികാരതര്‍ക്കങ്ങള്‍ വരെ പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും അതിലൊന്നും അക്രമരാഷ്ട്രീയമുണ്ടായിരുന്നില്ല എന്നത് സ്മരണീയമാണ്.

 

 

മൂന്ന്
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി എഫ് ലോറന്‍സിനെ പാര്‍ട്ടി പ്രഖ്യാപിക്കവേ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു :” ഇയാള്‍ വേണ്ടിയിരുന്നില്ല. ആ വിജയകുമാറോ മറ്റോ മതിയായിരുന്നു.”
“അതെന്താ?” ഞാന്‍ ആരാഞ്ഞു.
“ഇയാളെ കണ്ടാല്‍ തന്നെ ആരും വോട്ട് ചെയ്യില്ല. ഒരു വല്ലാത്ത രൂപം. ഭാഷയാകട്ടെ, വല്ലാത്ത പ്രാദേശിക ച്ചുവയുള്ളതും. ജനങ്ങള്‍ ഇത്തരമൊരു ആളെയല്ല പ്രതീക്ഷിക്കുന്നത്. ”

എന്റെ സുഹൃത്തായിരുന്നില്ല ആ സംസാരിച്ചത്; അയാളിലൂടെ കേരളത്തിലെ നവമധ്യവര്‍ഗ്ഗത്തിനു വേണ്ടി മാധ്യമങ്ങള്‍ സൃഷ്ടിച്ച വലതുപക്ഷ സൌന്ദര്യബോധമായിരുന്നു. കേരളീയ പൊതുമണ്ഡലം വിമോചനസമരാനന്തരം നേരിട്ട തിരിച്ചടികള്‍ എണ്‍പതുകളുടെ അവസാനത്തോടെ പൂര്‍ണമായ ശിഥിലീകരണത്തിന് വഴിമാറുകയുണ്ടായി. ഈ ശൂന്യ സ്ഥലികളിലേക്ക് ഇടിച്ചുകയറിയതാകട്ടെ, ടെലിവിഷന്‍ അടക്കമുള്ള നവമാധ്യമങ്ങളും. ടെലിവിഷന്‍ അങ്ങനെ ഒരു വ്യാജ പൊതുമണ്ഡലത്തിന്റെ പ്രതീതിലോകം സൃഷ്ടിച്ചു. വിനിമയങ്ങള്‍ക്ക് പുതിയുഒരു ഭാഷയും വ്യാകരണങ്ങളും നല്‍കി. രാഷ്ട്രീയം അവിടെ വെറും ദുരന്തനാടകവും രാഷ്ട്രീയക്കാര്‍ അതിലെ താരങ്ങളുമായി മാറി. “അവിശ്വാസത്തിന് പഴുതുകള്‍ നല്‍കാത്തതും സ്വാഭാവികമെന്ന് തോന്നിപ്പിക്കുന്ന ടെലിവിഷനിലാണ് പുതിയ കാലത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം വാര്‍ത്തയാകുന്നത്.വിചിത്രമെന്നു പറയട്ടെ, ദൃശ്യമാധ്യമാധ്യമങ്ങളിലൂടെ വെളിപ്പെടുന്ന സമകാലിക രാഷ്ട്രീയമണ്ഡലവും അതിലെ താരനിര്‍മിതിയും തികച്ചും mediated ആണ്. അതുകൊണ്ട് തന്നെ അയഥാര്‍ഥമാണ് .” ടെലിവിഷന്റെ ഈ കഴിവാണ് വി എസ അച്യുതാനന്ദന്റെ ‘പാര്‍ട്ടിവിരുദ്ധനായ പാര്‍ട്ടിക്കാരന്‍ ‘ എന്ന വീരനായകപരിവേഷത്തെ സാധ്യമാക്കിയത്. അത്തരമൊരു മിശിഹാവത്കരണം ടെലിവിഷന്റെ വ്യാപനത്തിന് മുന്‍പ് സാധ്യമായിരുന്നില്ല; ഒന്നുകില്‍ പാര്‍ട്ടിയ്ക്കകത്ത് അല്ലെങ്കില്‍ പുറത്ത് എന്ന ദ്വന്ദ്വയുക്തിയെ മറികടന്നു കൊണ്ട് പാര്‍ട്ടിക്കതീതമായ ഒരു വ്യവഹാരമണ്ഡലം ടെലിമാധ്യമങ്ങള്‍ വി എസ്സിന് കല്‍പ്പിച്ചു നല്‍കി. സ്വന്തം പാര്‍ട്ടിയില്‍ നിരന്തരം പരാജയം ഭക്ഷിച്ചു ജീവിക്കുമ്പോഴും ഈ മാധ്യമനിര്‍മിത വ്യവഹാരലോകത്തെ രാഷ്ട്രീയ ആള്‍ദൈവമാകാനും അരാഷ്ട്രീയ ആള്‍ക്കൂട്ടത്തെ തന്റെയൊപ്പം നിര്‍ത്താനും വി എസ്സിനെ പ്രാപ്തനാകിയത് ഇതാണ്.

രാഷ്ട്രീയം പൊതുവിടങ്ങളില്‍ നിന്ന് ടെലിവിഷനിലേക്ക് കുടിയേറിയതോടെ രാഷ്ട്രീയക്കാരന്റെ ശരീരഭാഷയെന്നത് നിര്‍വചിക്കപ്പെടേണ്ട ഒന്നായി മാറി. അലക്കിത്തേച്ച കുപ്പായവും സുസ്മേരവദനവും സംസ്കൃതവത്കരിക്കപ്പെട്ട ഭാഷയുമായി ചാനല്‍ മുറികളില്‍ നിന്ന് ചാനല്‍ മുറികളിലേക്ക് പായുന്ന നേതാവിന്റെ ശരീരഭാഷ അങ്ങനെ മാനകവത്കരിക്കപ്പെട്ടു. ഇ എം എസ്സിന്റെ വിക്ക് ഒരു പ്രശ്നമേയാകാതിരുന്ന മാധ്യമങ്ങള്‍ക്ക്, പിണറായി വിജയന്‍റെ മുഖത്തെ കറുത്ത പാടുകള്‍ പോലും പുച്ഛത്തിന്റെ ഭൂമിശാസ്ത്രമായി. കണ്ണൂര്‍ ലോബി (!!!) എന്ന മാഫിയാ സംഘവും ജയരാജത്രയവും ( വെടി കൊണ്ട ജയരാജന്‍ , വെറി കൊണ്ട ജയരാജന്‍ , വെട്ടു കൊണ്ട ജയരാജന്‍ എന്നത്രേ ഇവരുടെ ബിരുദങ്ങള്‍ ) എല്ലാം ചര്‍ച്ചാ വിഷയമായിതുടങ്ങി. ഈ ടെലിനിര്‍മിത സവര്‍ണ സൌെന്ദര്യശാസ്ത്രമാണ് എന്റെ സുഹൃത്തിനെ ക്കൊണ്ട് ലോറന്‍സ് നല്ല സ്ഥാനാര്‍ഥിയല്ലെന്നു പറയിച്ചത്. മഹാശ്വേതാ ദേവിയെക്കൊണ്ട് എം എം മണിയെ “പ്രാകൃതനും വികൃതനുമായ ” കഥാപാത്രമെന്ന് പറയിച്ചതും ഇത് തന്നെ.

 

 

മണിയുടെ ശരീരപ്രകൃതിയും പ്രാദേശികസംസാരശൈലിയും ഒന്നും മാധ്യമങ്ങള്‍ സൃഷ്ടിച്ച ഉത്തമ രാഷ്ട്രീയക്കാരന്റെ പ്രതിച്ഛായയുടെ ശരീരഭാഷയ്ക്കിണങ്ങുന്നതായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് മണിയെ ഒരു വിഡ്ഢിയായും പരിഹാസകഥാപാത്രമായും ചിത്രീകരിക്കാനൊരുമ്പെടുന്നതും. ഇതിനോടുള്ള ശക്തമായ പ്രതികരണമായിരുന്നു പിണറായി വിജയന്‍ മഹാശ്വേത ദേവിക്കുള്ള മറുപടിക്കത്തില്‍ കൊടുത്തത്: “നാഗരിക പരിഷ്കാരങ്ങളോ തേച്ചു വെടിപ്പാക്കിയ ഭാഷയോ ഒന്നും അദ്ദേഹത്തിന് അതുകൊണ്ടുതന്നെ ഉണ്ടാവില്ല. ഗ്രാമീണമായ ഒരു “നേരേ വാ നേരേ പോ” രീതിയുണ്ടാവാം. ഗോത്രമേഖലയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള നിങ്ങള്‍ക്ക് ആ ഗ്രാമീണതയും തൊഴിലാളി സഹജമായ ആത്മാര്‍ത്ഥതയും മനസ്സിലാവേണ്ടതാണ്. മണിയുടെ വാക്കുകളെ എതിര്‍ക്കാം; പക്ഷെ, അദ്ദേഹത്തിന്റെ രൂപത്തെ പ്രാകൃതമെന്ന് ആക്ഷേപിക്കാന്‍ പാടുണ്ടോ?”

മണിയുടെ ഭാഷയിലെ ആണ്‍കോയ്മാ പദങ്ങളുടെ ആധിക്യത്തെക്കുറിച്ച് കെ.എന്‍ അശോക് നാലാമിടത്തില്‍ എഴുതിയിരുന്നു. എന്നാല്‍ ഇത്, മണിയുടെയും മണി പ്രതിനിധാനം ചെയ്യുന്ന സി പി എമ്മിന്റെയും മാത്രം പ്രശ്നമാണോ? മണിയുടെ പ്രസംഗത്തിന്റെ ഏതാനും ദിവസം മുന്‍പാണ് ആര്‍ എം പി നേതാവ് കെ എസ് ഹരിഹരന്‍ “പിണറായി വിജയന്‍ ആണാണെങ്കില്‍ ടി പിയുടെ വധത്തിന്റെ ഉത്തരവാദിത്വമേറ്റെടുക്കണം” എന്ന് പ്രസംഗിച്ചത്. ഒരു പുരുഷാധിപത്യ സമൂഹത്തില്‍ സ്വാഭാവികമായ അഭിപ്രായപ്രകടനങ്ങള്‍ ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ത്രീവിരുദ്ധതയെ അല്ല അടയാളപെടുത്തുക. സംഘടനാ തലത്തിലും ഭരണതലത്തിലും മറ്റേതു രാഷ്ട്രീയ പാര്‍ട്ടിയെക്കാളും സ്ത്രീ പ്രാതിനിധ്യമുള്ള,താരതമ്യേന സ്ത്രീവിരുദ്ധത കുറവുള്ള പാര്‍ട്ടിയാണ് സി പി എം. എന്നാല്‍ മറുവശത്ത് ആര്‍ എം പി യോ? ഇത്രയേറെ ധീരതയും ആര്‍ജ്ജവവും ചങ്കൂറ്റവുമുള്ള, എസ് എഫ ഐ സംസ്ഥാന സമിതി അംഗമായിരുന്ന രമയ്ക്ക് ആര്‍ എം പി യുടെ നേതൃത്വത്തിലേക്കുയരാന്‍ ഭര്‍ത്താവിന്റെ ദാരുണമരണം വരെ വേണ്ടി വന്നു എന്നത് ആ പാര്‍ട്ടിയുടെ സ്ത്രീവിരുദ്ധതയെയല്ലേ ചൂണ്ടിക്കാട്ടുന്നത്?

ഇനി മണി പറഞ്ഞ കാര്യങ്ങളിലേക്ക്: മണി രണ്ടു കാര്യങ്ങളാണ് ഇടുക്കിയിലെ തോട്ടം തൊഴിലാളികളായ പാര്‍ട്ടി പ്രവര്‍ത്തകരോടു നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്: ഒന്ന്, പാര്‍ട്ടി മുന്‍പും രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്. രണ്ട്, ടി പി ചന്ദ്രശേഖരന്റെ വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല. ഇതില്‍ ഒന്നാമത്തെ കാര്യം മാത്രം അക്ഷരാര്‍ഥത്തില്‍ എടുക്കുന്നവര്‍ എന്ത് കൊണ്ടാണ് രണ്ടാമത് പറഞ്ഞ കാര്യം കേട്ടില്ലെന്നു നടിക്കുന്നത്? പാര്‍ട്ടി രാഷ്ട്രീയ കൊലപാതകം നടത്തിയിട്ടുണ്ട് എന്ന വാദം വിശ്വാസത്തിലെടുക്കുന്നുവെങ്കില്‍ ടി പി യുടെ രക്തം പാര്‍ട്ടിയുടെ കൈകളിളില്ലെന്നതും വിശ്വാസത്തിലെടുത്തേ മതിയാവൂ. അന്വേഷണം നടക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് ചിലര്‍ പറയുന്നതു. ടി പി യുടെ വാദത്തിലും അന്വേഷണം നടക്കുക മാത്രമാണ്. ഇരുപത്തിയാറു പ്രതികള്‍ പിടിയിലായത്തില്‍ അഞ്ചു പേര്‍ മാത്രമാണ് പാര്‍ട്ടി ബന്ധമുള്ളവര്‍ . കോടതി കുറ്റം കണ്ടെത്തി ശിക്ഷ വിധിക്കും വരെ ഇവര്‍ കുറ്റാരോപിതര്‍ മാത്രമാണ്. അതിനു മുന്‍പേ പിശാചുവേട്ട നടത്തി കുറ്റവാളികളെ കണ്ടെത്തി ശിക്ഷ വിധിക്കാന്‍ ആര്‍ക്കാണിത്ര തിടുക്കമെന്നു ഇപ്പോള്‍ മനസിലായി വരുന്നുണ്ട്. നമ്മുടെ മാധ്യമ സുഹൃത്തുക്കള്‍ കണ്ണടയ്ക്കുന്നത് മനസിലാക്കാം, എന്നില്‍ ഒരു ജനതയ്ക്കൊന്നടങ്കം സ്മൃതിഭ്രംശം പിടിപെട്ടാലോ?

ടെലിവിഷന്‍ തിന്നും ടെലിവിഷന്‍ കുടിച്ചും ടെലിവിഷന്‍ വിസര്‍ജ്ജിച്ചും ഭൂതകാലം മറക്കുന്ന ജനതയായി നാം മാറിക്കഴിഞ്ഞിരിക്കുന്നു. രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയുന്ന പഴങ്കഥയിലെ കുട്ടി തെരുവില്‍ നിന്ന് ചാനല്‍ മുറിയിലേക്ക് കയറിയോടുമ്പോള്‍ അവനെ അവിശ്വസിക്കാതെ വയ്യ.

റഫറന്‍സ്
1. “നേതാവ് നിങ്ങള്‍ ആരോടാണ് സംസാരിക്കുന്നത്? ” , ഷിജു ജോസഫ് , വി ഹരീഷ് , മാതൃഭൂമി 87:24
2. ” അവതരിപ്പിച്ച് നഷ്ടപ്പെടുത്തുന്ന വാര്‍ത്തകള്‍ ” സി എസ് വെങ്കിടേശ്വരന്‍ , മാതൃഭൂമി 87:21
3. “പോരാളിയുടെ ശരീരഭാഷ” കെ ഇ എന്‍ , ദേശാഭിമാനി ഓണപ്പതിപ്പ് 2010

13 thoughts on “കൊലപാതകങ്ങളും പിശാചുവേട്ടകളും

 1. നല്ല ഒരു പങ്ക് കാര്യങ്ങളോട് യോജിപ്പ് ഉള്ളപ്പോഴും ചില വിയോജിപ്പുകളും ഉണ്ട്.

  “അഹിംസയെ അരാഷ്ട്രീയവും അചരിത്രപരവുമായ ഒരു സംവര്‍ഗമായി മാര്‍ക്സിസത്തിന് കാണാനാവാത്തതും അത് കൊണ്ട് തന്നെ.” യോജിക്കുന്നു

  “സി പി എം അഹിംസയെ ഒരു രാഷ്ട്രീയ ആദര്‍ശമായി അംഗീകരിക്കുകയോ തങ്ങളുടെ പ്രത്യയശാസ്ത്രത്തില്‍ ഉള്‍ചേര്‍ക്കുകയോ ചെയ്ത ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ല. എന്നാല്‍ സി പി എമ്മിന്റെ പ്രസക്തിയും സവിശേഷതയും അതല്ല; മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ലിബറല്‍ ജനാധിപത്യത്തെ തങ്ങളുടെ മാര്‍ഗവും ലക്ഷ്യവുമായി പരിമിതപ്പെടുത്തുമ്പോള്‍ കമ്മ്യൂണിസ്റ് പാര്‍ട്ടി നിലനില്‍ക്കുന്ന അധികാരവ്യവസ്ഥയെ അട്ടിമറിക്കാനിറങ്ങി പുറപ്പെട്ട സാമൂഹ്യേച്ഛയുടെ മൂര്‍ത്തമായ ജൈവഘടനയാണ്”

  പക്ഷെ നിലവിലുള്ള ജനാധിപത്യ ക്രമത്തോടുള്ള സത്യസന്ധത ഇല്ലായ്മ കൂടിയില്ലേ ഇത്തരമൊരു നിലപാടിനു? മേൽപ്പറഞ്ഞതാണ് തങ്ങളൂടെ നിലപാടെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി തുറന്നു പറയുന്നുണ്ടോ? അക്രമങ്ങളിലെ ക്രമം ആരു നിർണ്ണയിക്കും? പാർട്ടി ആധിപത്യത്തിലാണ് ഞങ്ങൾ വിശ്വസിക്കുന്നതെന്നും ജനാധിപത്യത്തിൽ വിശ്വസിക്കുന്നു എന്നത് താൽക്കാലിക അടവാണെന്നും അവർ പറയേണ്ടതല്ലേ

 2. ഇത്ര കാലവും പോലീസിന്റെയും ഭരണകൂടഭീകരതയുടെയും മറുപക്ഷം പിടിച്ചും ബീമാപ്പള്ളി വെടിവെപ്പ് മുതല്‍ പാര്‍ലമന്റ് ആക്രമണം വരെയുള്ള യക്ഷിക്കഥകളെ സംശയലേശമന്യേ തള്ളിപ്പറഞ്ഞും സി കെ ജാനുവും സലീന പ്രക്കാനവും മുതല്‍ അഫ്സല്‍ ഗുരുവും പേരറിവാളനും വരെയുള്ളവര്‍ക്ക് അഭിവാദ്യങ്ങളര്‍പ്പിച്ചുകൊണ്ടും മാധ്യമങ്ങളിലും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും നിറഞ്ഞു നിന്ന പല സ്വതന്ത്ര/നവസാമൂഹ്യ ബുദ്ധിജീവി സിംഹങ്ങളും കേരളാ പോലീസിന്റെ സ്തുതിപാഠകരായി തീരുന്ന അത്ഭുതകരമായ പ്രതിഭാസത്തിനാണ് നാം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.

  well said…

  • “മണി രണ്ടു കാര്യങ്ങളാണ് ഇടുക്കിയിലെ തോട്ടം തൊഴിലാളികളായ പാര്‍ട്ടി പ്രവര്‍ത്തകരോടു നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്: ഒന്ന്, പാര്‍ട്ടി മുന്‍പും രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്. രണ്ട്, ടി പി ചന്ദ്രശേഖരന്റെ വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല. ഇതില്‍ ഒന്നാമത്തെ കാര്യം മാത്രം അക്ഷരാര്‍ഥത്തില്‍ എടുക്കുന്നവര്‍ എന്ത് കൊണ്ടാണ് രണ്ടാമത് പറഞ്ഞ കാര്യം കേട്ടില്ലെന്നു നടിക്കുന്നത്?”

   വളരെ ലളിതം. ഇടുക്കിയില്‍ എന്താണ് നടന്നതെന്ന് മണിക്കറിയാം. ചന്ദ്രശേഖരന്റെ കാര്യത്തില്‍ ആ അറിവില്ല.
   നിങ്ങള്‍ വളരെ ബുദ്ധിമുട്ടി എഴുതിക്കൂട്ടിയതൊക്കെ ഇത്ര ലളിതമായ ഉത്തരങ്ങളില്‍ മുങ്ങിപ്പോകും സുഹൃത്തെ. കണ്ണടച്ചു ഇരുട്ടാക്കിയാല്‍ അങ്ങിനെ ആവില്ല. പാര്‍ട്ടിയെ വിമര്ഷിക്കുന്നവരെല്ലാം ശത്രുക്കള്‍ ആണെന്ന് കരുതുന്ന നിങ്ങലെപ്പോലുല്ലവരാന് ശരിയായ ശത്രുക്കള്‍

 3. ഈ കുറിപ്പിനേക്കുറിച്ച് ചില ചോദ്യങ്ങല്‍ ഉണ്ട്.
  1. എന്തുകൊണ്ടാണ് സിപിഎമ്മിനെതിരെ ഇങ്ങനെ ആളുകള്‍ ഒന്നിക്കുന്നത് ചങ്ങാതീ. അത് വല്ല വിപ്ലവ പ്രസ്ഥാനവും ആയത് കൊണ്ടാകുമോ? വിസ്താര ഭയംകൊണ്ട് സിപിഎമ്മിന്റെ വിപ്ലവ പ്രവര്‍ത്തനങ്ങളെ അക്കമിട്ട് നിരത്തുനില്ല. എളമരം കരീമിന്റെ കളമശേരിയിലെ എച്ച്എംടി ഭൂമി മറിച്ചു വില്‍ക്കല്‍ മുതല്‍ ദേശാഭിമാനിയുടെ ബോണ്ട് വില്‍പ്പന വരെ ഓര്‍ത്തെടുക്കാം. എസ്എന്‍സി ലാവ്‌ലിനും ഫാരിസ് അബൂബക്കറും അടുത്ത ഘട്ടത്തില്‍ ഓര്‍ക്കാം. ഇത്തരം വിപ്ലവ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മലയാളത്തിലെ മുഴുവന്‍ മാധ്യമങ്ങളും എതിരായി എന്നാണോ? ദേശാഭിമാനിയും കൈരളിയുമൊഴികെ എല്ലാവരും വലതു പിന്തിരിപ്പന്‍മാര്‍ എന്നാണോ?

  2. 1964-ല്‍ രൂപം കൊണ്ട പാര്‍ട്ടിയാണ് സിപിഎം എന്നാണ് മനസിലാക്കുന്നത്. അതിനു ശേഷമാണോ ‘പ്രതി കള്ളനും തെമ്മാടിയും സര്‍വ്വോപരി കമ്മ്യൂണിസ്റ്റുമാണ്’ എന്ന് പോലീസുകാര്‍ മഹസര്‍ എഴുതിയത്? അതിനു മുന്‍പിലത്തെ കാര്യം അവിഭക്ത കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ നേരവകാശികള്‍ തീരുമാനിച്ചോളും. (പേരുകൊണ്ടെങ്കിലും അവകാശികളായ സിപിഐ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്) അതിനു ശേഷമാണ് ഇങ്ങനെ മഹസര്‍ വന്നതെങ്കില്‍ എകെജിയുടെ കാലത്തെ പാര്‍ട്ടിയുമായി പിണറായിയുടെ പാര്‍ട്ടിക്ക് എന്തു ബന്ധം എന്ന് വ്യക്തമാക്കണം. എകെജി മദിരാശിയിലേക്ക് പട്ടിണി ജാഥ നയിച്ചു. പിണറായി വെടിയുണ്ട ജാഥയും.

  3. അഹിംസയെ രാഷ്ട്രീയ ആദര്‍ശമായി തങ്ങള്‍ കരുതുന്നില്ല എന്നു സിപിഎം നെ റെപ്രസെന്റു ചെയ്തു പറയാന്‍ ഈ ചെറുക്കന്‍ ആരാണ്? ചോദ്യം നാലാമിട്ത്തിന്റെ പ്രവര്‍ത്തകരോടാണ്. പ്രകാശ് കാരാട്ടോ കുറഞ്ഞത് പിണറായി വിജയനോ എങ്കിലും പറയട്ടെ ഞങ്ങള്‍ ലിബറല്‍ ജനാധിപത്യത്തെ അംഗീകരിക്കുന്നില്ലെന്നും വ്യവസ്ഥയെ അട്ടിമറിക്കാന്‍ ഇറങ്ങിയിരിക്കുകയാണെന്നും. എസ്എഫ്‌ഐ നേതാവോ ഡിവൈഎഫ്‌ഐ നേതാവോ മറ്റോ ആണോ? അങ്ങനെയെങ്കില്‍ ഈ സാധു മനുഷ്യനോടുള്ള സകല പരിഹാസവും പിന്‍വലിക്കുന്നു. ഇങ്ങനെയൊരുകാലത്ത് എസ്എഫ്‌ഐയിലോ ഡിവൈഎഫ്‌ഐയിലോ നേതാവായി ഇരുന്ന് മൂത്ത നേതാക്കളുടെ കൂറ് പിടിച്ചു പറ്റുന്നതിലും വലിയ വിടുപണി വേറെയില്ല. അവരോട് സഹതാപമാണ് വേണ്ടത്. പരിഹാസമല്ല. കൈരളിയിലും ദേശാഭിമാനിയിലും ജോലി ചെയ്യുന്നവരോടും സഹതാപത്തിന് സാംഗത്യമുണ്ട്. (അവര്‍ കവികള്‍ അല്ലെങ്കില്‍)

 4. മുഴുവന്‍ ശ്രദ്ധിച്ചു വായിച്ചിട്ടും നമ്മുടെ പാര്‍ട്ടിയെ കുറ്റവിമുക്തമാക്കാന്‍ പറ്റുന്നില്ലല്ലോ?

 5. എന്‍റെ നന്ധകുമാരെ, നിന്‍റെ രോഷം മനസിലാവും, ചെങ്കൊടിയെ ന്യായികരികാനുള്ള ആവേശവും കേരള ജനതക്ക്‌ മനസിലാവും, അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് അടികൂടിട്ട് കാര്യം ഉണ്ടോ?.
  കേരളത്തില്‍ കുറെ കാലമായിട്ട് ഏതാണ്ട് എല്ലാ കേസിലും മാധ്യമങ്ങള്‍ നല്ല ഇടപെടല്‍ നടത്തിയിട്ട് ഉണ്ട്? പിന്നെ ശുംഭാന്‍ എന്ന വാകിന് പ്രകാശം പരതുന്നവന്‍ എന്ന്‍ അര്‍ഥം പറഞ്ഞവര്‍ പുല്ലു പോലെ കോടതിയില്‍ നിന്ന് ഇറങ്ങി വരും. കൊലപാതകത്തെ മുന്നാം ക്ലാസ്സ്‌കാരന്‍റെ ബുദ്ധിയോടെ ന്യായികരിച്ചത് അറപ്പ് ഉള്ളവാകുന്നു. പിന്നെ പാര്‍ട്ടിയെ മനസിലാക്കാന്‍ ഒരു ജനതക്ക്‌ പറ്റുനില്ല എന്നത് ആ പാര്‍ട്ടി ജന മനസ്സില്‍നിന്നു അകന്നു എന്നതിന്‍റെ തെളിവാണ്.
  രണ്ട് ചാനല്‍ നടത്തുന്ന പാര്‍ട്ടിയുടെ കുയലൂത്ത് കാരന്‍ ചാനലിനെ കുറ്റം പറയുന്നത് ഈ വര്‍ഷത്തെ തമാശായി മാത്രമേ ജനം കാണൂ.

 6. “കേരളത്തില്‍ നടക്കുന്ന ആദ്യത്തെ രാഷ്ട്രീയ കൊലപാതകമോ രക്തസാക്ഷിത്വമോ ആയിരുന്നില്ല ചന്ദ്രശേഖരന്റെത് ; നമുക്കെല്ലാം അറിയാവുന്ന പോലെ, അവസാനത്തേതുമാകാന്‍ പോകുന്നില്ല.”

  എത്ര ലാഘവത്തോടെ താങ്കൾക്കിത് പറയാൻ കഴിയുന്നു..
  കൊല്ലപ്പെടുന്നത് എന്നെയും നിങ്ങളെയും പോലെയുള്ള ചോരയും നീരും ഉള്ള മനുഷ്യരാണൂ സുഹ്രുത്തെ..

  ഇത ആദ്യത്തെ രാഷ്ട്രീയ കൊലപാതകമല്ലെന്ന് അറിയാം..പക്ഷെ ഇത് അവസാനത്തേത് ആകണമെന്ന് ആഗ്രഹിച്ചു പോകുന്നവർ തന്നെയാണ് ഈ വിഷയം ഇപ്പോഴും പ്രസക്തമാക്കി നിർത്തുന്നത്..

  “ ധീരതയും ആര്‍ജ്ജവവും ചങ്കൂറ്റവുമുള്ള, എസ് എഫ ഐ സംസ്ഥാന സമിതി അംഗമായിരുന്ന രമയ്ക്ക് ആര്‍ എം പി യുടെ നേതൃത്വത്തിലേക്കുയരാന്‍ ഭര്‍ത്താവിന്റെ ദാരുണമരണം വരെ വേണ്ടി വന്നു എന്നത് ആ പാര്‍ട്ടിയുടെ സ്ത്രീവിരുദ്ധതയെയല്ലേ ചൂണ്ടിക്കാട്ടുന്നത്?“…

  —-
  എത്ര മനോഹരമായ വാദഗതികൾ…..
  ഇനിയെങ്കിലും നാലാമിടം കുറച്ചു കൂടി നിലവാരം പുലർത്തുന്ന ലേഖനം പ്രസിദ്ധീകരിച്ചാൽ നല്ലത്…

 7. എത്രയോ പെണ്‍കുട്ടികള്‍ പീഢനവിധേയമായി കൊല്ലപ്പെട്ടിട്ടുണ്ട്, ഇതു മാത്രം ഇത്ര കോലാഹലമാക്കുന്നതെന്താ എന്ന് സൌമ്യവധക്കേസിലെ നരാധമന്‍ ഗോവിന്ദച്ചാമിപോലും ചോദിച്ചില്ല!

  കൊലകളെല്ലാം ഹീനമാണ്. എന്നാല്‍ ഇരകളുടെ നിസ്സഹായത, വ്യക്തുത്വം, സമൂഹത്തിലെ സ്ഥാനം, തുടങ്ങി കൊലയാളിയുടെയും വധത്തിന്റെയും രീതി, ആസൂത്രണം അടക്കം പല കാര്യങ്ങളും മാധ്യമശ്രദ്ധയേയും ജനശ്രദ്ധയേയും ബാധിക്കും. ഇതൊന്നും കാണാതെ വെറും രാഷ്ട്രീയആന്ധ്യം ബാധിച്ചവരാണ് മാധ്യമശ്രദ്ധയെചൊല്ലി രോഷം കൊള്ളുന്നത്.

 8. Dear Writer,

  You are trying so hard to justify the idiotic act which CPM is 100% responsible for. I do agree with one thing that media started the discussion bit early , but for them there were lots of evidence spread across. So think yourself and read more before justifying a party which is not ready to correct mistakes and lead by criminals.

  Regards,
  Thomas

Leave a Reply

Your email address will not be published. Required fields are marked *