ആള്‍മാറാട്ടക്കാരുടെ ഇ-കമ്മ്യൂണ്‍

അന്ന് അന്യന്റെ കിടപ്പറയിലേക്കും അമ്പലക്കുളത്തിലേക്കും ആര്‍ത്തിപൂണ്ട് പാഞ്ഞ നോട്ടങ്ങള്‍ ഇന്ന് ഈ ഗൂഗിള്‍ത്തോപ്പിലെ ഓരോ അക്ഷരത്തിന്റെയും ഇടവരമ്പുകള്‍ക്കിടയില്‍ പതുങ്ങിയിരിപ്പുണ്ട്. എപ്പോള്‍ വേണേലും കയ്യിലെ എലിയെ അത് തുറന്നുതിന്നാന്‍ വിട്ടാല്‍ മതി. കാമമോഹിത അപര കര്‍തൃത്വത്തെ പ്രതിപാദിക്കുകയല്ല ഇവിടുത്തെ താല്‍പര്യം. മറിച്ച് യാഥാര്‍ത്ഥ്യം/ അപരം എന്ന ആദിമ സൈദ്ധാന്തികതയെ ഇ-ദൃശ്യലോകത്തിലിരുന്ന് നേര്‍ക്കുനേര്‍ നോക്കിക്കാണുകയാണ്. മോരും മുതിരയും പോലെ എന്നതിനേക്കാള്‍ പാലും വെള്ളവും പോലെ ആണ് പലപ്പോഴും ഈ രണ്ടവസ്ഥയുടേയും ഭൌതിക സ്വഭാവം- യാഥാര്‍ത്ഥ്യം/ അപരം എന്ന ആദിമ സൈദ്ധാന്തികതയെ ഇ-ദൃശ്യലോകത്തിലിരുന്ന് നേര്‍ക്കുനേര്‍ നോക്കിക്കാണുന്ന ചില ആലോചനകള്‍. സുധീഷ് കോട്ടേമ്പ്രം എഴുതുന്നു

 

 

മുഖം കൊടുക്കലും കൊടുക്കാതിരിക്കലും പണ്ടുമുതലേ സാമൂഹിക വിനിമയത്തിന്റെ പ്രവര്‍ത്തനപരിധിക്കുള്ളില്‍ ആരൂഢം ചെയ്യപ്പെട്ട ഒന്നാണ്. മുഖദാവില്‍ കണ്ടു പറഞ്ഞാലേ മുന്‍പൊക്കെ ആളുകള്‍ കല്യാണം കൂടാനും പാലു കാച്ചിനും വരാറുള്ളൂ. ‘മുഖത്തുനോക്കിപ്പറയെടാ’ എന്ന് മുതിര്‍ന്നവര്‍ കുട്ടികളെക്കൊണ്ട് സത്യം ചെയ്യിപ്പിക്കും, കാരണം കള്ളം എപ്പോഴും മുഖം വിട്ട് എങ്ങോട്ടും പോയൊളിക്കുന്നില്ല എന്ന് അവര്‍ക്ക് അറിയാമായിരുന്നതു കൊണ്ടാവും. ‘ഞാനിനി എങ്ങനെ അവളുടെ മുഖത്ത് നോക്കും’ എന്ന് ഒരാള്‍ ആശങ്കപ്പെടുന്നതും ഉടലിനേക്കാള്‍ പേടിക്കേണ്ട ശരീരഭാരം മുഖമായതിനാല്‍ തന്നെ. മുഖത്തോട് മുഖം നോക്കി പറയുന്നതില്‍ ഒരുതരം നേരു കാണലിന്റെയും നേരുകാക്കലിന്റെയും വിശ്വാസ്യതയുണ്ട്.

അതേസമയം ഒളിച്ചുപാര്‍ക്കലും വേഷപ്രച്ഛന്നരായി കഴിയലും മറ്റും മറ്റും ഘോരഘോരം നടന്നിട്ടുമുണ്ട്. സാമാന്യ രീതിയില്‍ നിന്നു വേഷം മാറി നടന്നാല്‍, പൊടി മീശയുടെ സ്ഥാനത്ത് കൊമ്പന്‍ മീശ വച്ചാല്‍, കള്ളത്താടിയാണെന്ന് കണ്ടാല്‍ അന്നൊക്കെ നിങ്ങള്‍ സുകുമാരന്‍ നായരെന്ന് മുദ്ര കുത്തപ്പെട്ട് ലോക്കപ്പിലാവും. ഇനിയിപ്പോള്‍ അംഗീകൃത വേഷപ്രച്ഛന്നരും ആവാനുള്ള അവസരമുണ്ട്. ശരീര രോമങ്ങള്‍ നീക്കം ചെയ്ത്, കണ്ണെഴുതി, നെഞ്ചില്‍ തുണി തിരുകി ഓച്ചിറ വേലുക്കുട്ടിയാവാം. സൈക്കിളോട്ടക്കാരുടെ കാര്‍ണിവലില്‍ മാദകമേനിയുമായി പത്മിനി രാഗിണിമാരാവാം. കപടമെന്നറിഞ്ഞിട്ടും പൊറുത്തുപോരുന്ന പെണ്‍ വേഷക്കാരായോ, ഒറിജിനലിനെ വെല്ലുന്ന കോപ്പിയായും ആള്‍മാറാട്ടം നടത്തി ഉപജീവനം കഴിക്കാം.

സുധീഷ് കോട്ടേമ്പ്രം

അതുമല്ലെങ്കില്‍, അഞ്ഞൂറാന്മാരുടെ കണ്ണുവെട്ടിച്ച് ദൂരെ ഒരു ഗ്രാമത്തില്‍ പെണ്ണുകെട്ടി ജീവിക്കുന്ന ഇന്നസെന്റുമാരാവാം. കിടക്കപ്പായയില്‍ നിന്നെണീറ്റ് മൂത്രമൊഴിക്കാന്‍ വരുന്ന ഔസേപ്പുചേട്ടന്റെ ഭാര്യയുടെ ഇരുട്ടിന്റെ മറവിലെ വാഴക്കൈ എന്നു പേരുള്ള ജാരനാവാം. ജാരവൃത്തിക്കു ശേഷവും നിങ്ങളുടെ കുറ്റങ്ങള്‍ ഒറ്റയ്ക്ക് ഏറ്റെടുക്കുന്ന വാഴക്കൈകള്‍ പണ്ട് നാട്ടിലെങ്ങും രാത്രികാലങ്ങളില്‍ മുളച്ചിരുന്നു. ഒറ്റമുറി വീട്ടിനുള്ളില്‍ തന്നെ പലതായി പകുത്ത മുഖങ്ങളുമായി എന്നിട്ടും നിങ്ങള്‍ നേരം വെളുപ്പിച്ചു. പകലില്‍ അണിയാനുള്ള മാന്യ മുഖങ്ങള്‍ ചായം തേച്ച് വെച്ചു. അങ്ങനെ ഭാഷയില്‍ പകല്‍മാന്യന്‍ എന്ന വാക്കുണ്ടായി. പല മക്കള്‍ക്കും ഒന്നില്‍ക്കൂടുതല്‍ അച്ഛന്മാരും ഒന്നില്‍ക്കൂടുതല്‍ അമ്മമാരും ഉണ്ടായി.

‘ശരിക്കുള്ള പേര് ഭാസ്കരന്‍ പി കെ എന്നാ… പാച്ചൂ എന്നാ എല്ലാരും വിളിക്ക്വ’ എന്ന് ഒരു പാക്കരന്‍ പറയും. സരസുവിനു ഇത്ര സരസമായ പേരെങ്ങനെ വന്നു എന്ന് ആശ്ചര്യപ്പെടുമ്പോള്‍ ആ ആശ്ചര്യത്തിന്റെ പിതൃത്വം ഞങ്ങള്‍ക്കാണെന്ന് പറഞ്ഞ് ഒരുകൂട്ടം രാത്രിഞ്ചരന്മാര്‍ കടന്നുവരാന്‍ സാധ്യത ഉണ്ട്. അവരാണ് സരസ്വതിയെ സരസു ആക്കിയത്. രാമനെ ഓന്തുരാമനാക്കിയത്. ഒറ്റവ്യക്തിയില്‍ ഒട്ടിച്ചുചേര്‍ക്കാതെ എല്ലാവര്‍ക്കും മറ്റൊരു അപരജീവിതം കൂടി നല്‍കുന്നു എന്നതാണ് ഈ ആള്‍മാറാട്ടത്തിന്റെ പ്രയോക്താക്കള്‍ നല്‍കിയ പാഠം.

 
graphics: Ursula Bernis
 
അന്ന് അന്യന്റെ കിടപ്പറയിലേക്കും അമ്പലക്കുളത്തിലേക്കും ആര്‍ത്തിപൂണ്ട് പാഞ്ഞ നോട്ടങ്ങള്‍ ഇന്ന് ഈ ഗൂഗിള്‍ത്തോപ്പിലെ ഓരോ അക്ഷരത്തിന്റെയും ഇടവരമ്പുകള്‍ക്കിടയില്‍ പതുങ്ങിയിരിപ്പുണ്ട്. എപ്പോള്‍ വേണേലും കയ്യിലെ എലിയെ അത് തുരന്നുതിന്നാന്‍ വിട്ടാല്‍ മതി. കാമമോഹിത അപര കര്‍തൃത്വത്തെ പ്രതിപാദിക്കുകയല്ല ഇവിടുത്തെ താല്‍പര്യം. മറിച്ച് യാഥാര്‍ത്ഥ്യം/ അപരം എന്ന ആദിമ സൈദ്ധാന്തികതയെ ഇ-ദൃശ്യലോകത്തിലിരുന്ന് നേര്‍ക്കുനേര്‍ നോക്കിക്കാണുകയാണ്. മോരും മുതിരയും പോലെ എന്നതിനേക്കാള്‍ പാലും വെള്ളവും പോലെ ആണ് പലപ്പോഴും ഈ രണ്ടവസ്ഥയുടേയും ഭൌതിക സ്വഭാവം.

ഞാന്‍ കാണുന്ന സ്വപ്നമാണോ പക്ഷി, അതോ പക്ഷി കാണുന്ന സ്വപ്നമാണോ ഞാന്‍ എന്ന് കെ.പി. അപ്പന്‍ ആശങ്കപ്പെട്ടതുപോലെ ഒരാളുടെ ‘യാഥാര്‍ത്ഥ്യ’വും പ്രതീതി യാഥാര്‍ത്ഥ്യവും തമ്മില്‍ എങ്ങനെയൊക്കെ സമരസപ്പെട്ടുപോകുന്നു എന്നതും അഥവാ അവ തമ്മില്‍ എന്തെങ്കിലും സംവാദം സാധ്യമാണോ എന്നതും വിശദീകരിക്കുംതോറും അര്‍ത്ഥവ്യതിയാനം സംഭവിച്ചേക്കാവുന്ന ഒരു പ്രത്യയമാണ്.

വഴിയില്‍ വെച്ച് കണ്ടാല്‍ മിണ്ടണമെന്നില്ല; ഫെയിസ്ബുക്കില്‍ വെച്ച് സ്നേഹിക്കാം, ഉണ്ടായിരുന്ന സ്നേഹം കട്ട് ചെയ്യാം, ആഗോളതാപനത്തെ കുറിച്ചുള്ള ഒരു പോസ്റ്റോ ഏറ്റവും മുന്തിയ ഒരു ഗ്ലാമറസ്സിന്റെ ഗോസിപ്പ് വാര്‍ത്തയോ ഷെയര്‍ ചെയ്ത് പ്രതീതി സംസ്കാരനിര്‍മ്മിതിയില്‍ പങ്കാളിയാവാം. തന്റെ മുന്നില്‍ കൈനീട്ടുന്ന വൃദ്ധയാചകനെ കണ്ടില്ലെന്നു നടിക്കാം, മുഖപുസ്തകത്തില്‍ വൃദ്ധദിനത്തിന്റെ ഒരു സന്ദേശചിത്രം ഷെയര്‍ ചെയ്യുകയുമാവാം. നിങ്ങള്‍ എന്താണ് എന്നല്ല എന്തായി പ്രതിനിധീകരിക്കപ്പെടണം എന്ന ആഗ്രഹസാഫല്യമാണ് പ്രതീതി കര്‍തൃത്വത്തിന്റേത്. മടുത്തു. ഞാന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു എന്നൊരു സ്റാറ്റസ് ഇട്ടാലും നിങ്ങള്‍ക്ക് കിട്ടും പത്തിലേറെ ലൈക്കുകള്‍. എല്ലാ വികാരങ്ങളും പ്രകടിപ്പിക്കാന്‍ നമുക്ക് ഈ ഒരു മാര്‍ഗം സുഗമവും സൌകര്യപ്രദവുമായിരിക്കവേ പ്രകടനപരതയുടെ ഭാഷയ്ക്ക് കൂടുതല്‍ ലൈക്ക് കിട്ടുന്നു. അവ കൂടുതല്‍ പങ്കുവെക്കപ്പെടുന്നു. ബുദ്ധിയെ തൊട്ടല്ല എഴുതേണ്ടത്, വികാരത്തെ തന്നെയാവണം. അവ നമ്മുടെ സ്പര്‍ശിനികളെ ഉണര്‍ത്തും. സക്കര്‍ബര്‍ഗ്ഗിന്റെ ബുദ്ധി എത്ര വികാരഭരിതം എന്ന് പിന്നീടൊരാള്‍ എഴുതിയേക്കാം.

 

painting: Ona Kingdon


 
സ്വന്തം പേരിന്റെയും ഊരിന്റെയും വിലാസത്തില്‍ തന്നെ ഈ പ്രതീതിരാജ്യത്ത് അംഗത്വം എടുക്കുന്ന ഒരാള്‍ അനവധി കര്‍തൃത്വ പ്രതിസന്ധികള്‍ നേരിടുന്നു എങ്കില്‍ ഒരു ഫെയിക് ഐഡിയുടെ ഉടമസ്ഥ/ഉടമസ്ഥന്‍ പങ്കുവെയ്ക്കുന്ന സാംസ്കാരികത എന്താവും? അയാളുടെ ഊന്നലുകള്‍ എന്തുതന്നെ ആയാലും ആ ലക്ഷ്യത്തില്‍ ലഭിച്ചേക്കാവുന്ന മാക്സിമം അപരത്വവും സുരക്ഷയും താന്താങ്ങള്‍ ഇടപെടുന്ന മേഖലയില്‍ ശോഭിക്കാന്‍ അവരെ പ്രാപ്തരാക്കുന്നു. ബ്ലോഗുകള്‍ സജീവമായിരുന്ന കാലത്ത് ഏറ്റവും സജീവമായിരുന്ന വിഭാഗമായിരുന്നു അനോണികള്‍. ആ ഡിപ്പാര്‍ട്ട്മെന്റുകള്‍ ഉണ്ടായിരുന്നതിനാല്‍ അവനവന്‍ പ്രസാധനത്തിന്റെ കൊള്ളരുതായ്മകള്‍ അവരുടെ ഡെസ്കിലൂടെ കൈമാറിക്കിട്ടി. കപടവ്യക്തിത്വത്തിന് മുഖപ്പേടിയില്ല. അവര്‍ വിഷയങ്ങളില്‍ അഭിരമിച്ചിരിക്കും. സദാ ജാഗരൂകവുമായിരിക്കും.

ഉദാഹരണത്തിന് ഈ അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ വാദപ്രതിവാദങ്ങള്‍ക്ക് വിധേയമായ കൊച്ചി മുസിരിസ് ബിനാലെ ചര്‍ച്ചകള്‍ പരിശോധിച്ചാല്‍ അതില്‍ പങ്കെടുത്ത പലരും വ്യാജവ്യക്തിത്വം ഉപയോഗിച്ചാണ് ചര്‍ച്ചകളില്‍ ഇടപെട്ടത് എന്ന് കാണാന്‍ കഴിയും. ബിനാലെ അനുകൂലികളും പ്രതികൂലികളും എന്ന സംവര്‍ഗം സൃഷ്ടിച്ചു കൊണ്ട് ആ ചര്‍ച്ചകള്‍ തുറന്ന ഏറ്റുമുട്ടലുകള്‍ക്ക് വാതില്‍ തുറന്നു.

ഒരര്‍ത്ഥത്തില്‍ ‘മുഖം നോക്കാതെയുള്ള’ അഭിപ്രായ പ്രകടനങ്ങള്‍ക്ക് ഈ മാര്‍ഗം സൌകര്യപ്പെട്ടു എന്നും കരുതാവുന്നതാണ്. മുഖമുള്ള പലര്‍ക്കും മുഖത്തടി കിട്ടിയ പോലെ ആയി. മുഖമില്ലാത്തവര്‍ ആവട്ടെ അതിന്റെ മറവില്‍ അതീതപദവി അലങ്കരിച്ചു നിന്നു. വിമര്‍ശബുദ്ധിയോടെ കാര്യങ്ങള്‍ വിലയിരുത്തിയവരെ നോക്കി കൊഞ്ഞനം കുത്തുന്ന അപരര്‍ അവരുടെ അല്‍പബുദ്ധിയുടെ പരസ്യക്കാരായി. കപടകലയെ തിരിച്ചറിയണമെന്ന ആഹ്വാനവുമായി തുടക്കം മുതല്‍ രംഗത്തുണ്ടായവര്‍ കലയെ കുറിച്ച് ഉത്തമ ബോധ്യമുള്ളവരായിരുന്നു എന്ന് ബിനാലെ അനുകൂലികള്‍ക്കുള്ള മറുപടികളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും. പ്രതിയോഗി യഥാര്‍ത്ഥത്തില്‍ ഉണ്ടോ ഇല്ലയോ എന്ന ചോദ്യം ഇടക്കിടെ ഉയര്‍ന്നുവരാറുണ്ട്, അപരന്റെ അപരത്വത്തെ തോല്‍പ്പിക്കുവാനും അയാളുടെ ചോദ്യങ്ങളെ പ്രതിരോധിക്കുവാനും രൂപപ്പെട്ട പുതിയ കലാവാദികളാവട്ടെ അവരും പരക്കെ വ്യാജകര്‍തൃത്വത്തെ കൂട്ടു പിടിക്കുകയായിരുന്നു.

 

graffitt: Banksy


 
അനോണിമിറ്റി ഒരര്‍ത്ഥത്തില്‍ കലാപ്രവര്‍ത്തനം തന്നെയാണെന്ന് സ്ഥാപിച്ച ഗ്രാഫിറ്റി ആര്‍ട്ടിസ്റുകളെപ്പോലെ കലയെ കുറിച്ച് വിചാരപ്പെട്ട മലയാളികളുടെ ഒരു (വ്യാജ) സമൂഹം ഓണ്‍ലൈന്‍ ഇടങ്ങളില്‍ ശക്തിപ്പെട്ടു. എന്തുകൊണ്ടാവും സമകാലിക കലയിലെ ഗൌരവപ്പെട്ട ഒരു ചര്‍ച്ചയില്‍ അനോണിമിറ്റി ഒരു പ്രമുഖ റോളില്‍ ഇറങ്ങിയത്? സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ മറ്റേതൊരു മേഖലയിലുള്ളതിനേക്കാള്‍ കൂടുതലായി കലാരംഗത്തുണ്ട് എന്നോ അതോ സമകാലിക കല തന്നെ മറ്റൊരര്‍ത്ഥത്തില്‍ വ്യാജമാണ് എന്നാണോ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്? കല പ്രതീതിയാണ് എന്നുവരുമ്പോള്‍ കലയെ കുറിച്ചുള്ള വാദങ്ങളും അങ്ങേയറ്റം പ്രതീതിസംവാദമായി മാറുന്നതാണോ അത്? എന്തായാലും കല സമൂഹത്തിന്റെ അപരമായി നിലകൊള്ളേണ്ട ഒന്നാണ് എന്നും കലയുടെ കമ്മ്യൂണ്‍ മറ്റൊന്നാണ് എന്നും പുതിയ കലാവാദി കരുതുന്നുവെങ്കില്‍ ഒരാള്‍ ഓച്ചിറ വേലുക്കുട്ടിയോ കായംകുളം കൊച്ചുണ്ണിയോ ആവുന്നതില്‍ അത്ഭുതപ്പെടാനില്ല.

കല കപടമെങ്കില്‍ അതിന്റെ കാണിയും കപടമല്ലേ എന്നൊരു വര്‍ണ്യത്തിലാശങ്ക പരക്കുമെങ്കിലും ഇഞ്ചോടിഞ്ച് കണ്ണികളുള്ള ഈ സൈബര്‍ രാജ്യത്ത് അതിനും പൌരത്വമുണ്ട്. അത് ഒരു കൂട്ടത്തിന്റെ ആഗ്രഹങ്ങളെ മറയില്ലാതെ പ്രത്യക്ഷപ്പെടുത്തിക്കളയും. നെറ്റില്‍ നിന്ന് തപ്പിയെടുത്ത ഇമേജ് കൊണ്ട് ഡിസൈന്‍ ചെയ്യുന്ന ഒരാര്‍ട്ടിസ്റും മറ്റാരോ എഴുതിയ തിയറി കണ്‍ ട്രോള്‍ സി കണ്‍ ട്രോള്‍ വി എന്ന് ഈച്ചക്കോപ്പിയെടുക്കുന്ന ലേഖകനും വേറെ ഏതോ ഭാഷയില്‍ ചിട്ടപ്പെടുത്തിയ പാട്ടിന്റെ ഈണം കുടക്കമ്പി മാറ്റും പോലെ ഊരിയെടുത്ത് മലയാളത്തിന്റെ തുണിയുടുപ്പിക്കുന്ന സംഗീതജ്ഞരും മറ്റും മറ്റും അടങ്ങുന്ന ഒരു വലിയ സൈബര്‍ ജനാധിപത്യം ഈ ചതുരക്കഷണം ആകാശത്തിലുണ്ട്.

ഒറിജിനലിനെ പ്രതിയോ ഓഥന്റിസിറ്റിയെ പ്രതിയോ ഇവിടെ കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല. അഥവാ എല്ലാത്തരം അപരത്വങ്ങളെയും സ്വാംശീകരിക്കുന്ന ഒരു പലമയില്‍ ഇ-ദൃശ്യലോകം കണ്ണിചേര്‍ക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അവിടെ രാജാവോ രാജ്യനീതിയോ ഇല്ല.അഥവാ അരാജകത്വം എന്ന വാക്കിനെ സാമാന്യവല്‍ക്കരിച്ച ഒരു വ്യവസ്ഥ കൂടിയായി ഇ^ലോകം. താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താനാരാണെന്ന് എന്ന് കുതിരവട്ടം പപ്പുവായി, ഒരോ നെറ്റിസണും.

3 thoughts on “ആള്‍മാറാട്ടക്കാരുടെ ഇ-കമ്മ്യൂണ്‍

  1. നല്ല ഒരു ഐഡിയ. പക്ഷെ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ശരിക്കങ്ങ് മനസ്സിലാവുന്നില്ല. പൊതുവില്‍ അനോണിമിറ്റിയെ നെഗറ്റീവ് ആയി കാണുന്നു എന്ന് തോന്നുന്നു. തീര്‍ച്ചയായും അനോണിമിറ്റിക്ക് ഒരു നെഗറ്റിവ് വശം ഉള്ളത് പോലെ തന്നെ പോസിറ്റിവ് വശവും ഉണ്ട് എന്ന് തോന്നുന്നു. ഇ-ലോകത്തെ അരാജക ഉലകം എന്ന് പറയുക വഴി ആരാജകത്വത്തെ മഹത്വവത്കരിക്കുകയാണോ അതല്ല, ഇ-ലോകത്തിന്‍റെ സ്വാതന്ത്ര്യത്തെ ആരാജകത്വാവസ്ഥ എന്ന് ആക്ഷേപിക്കുകയാണോ എന്നും മനസ്സിലായില്ല. ഇതില്‍ ഒരു തുടര്‍ചര്‍ച്ചക്ക് സാധ്യത ഉണ്ട്. ലേഖകനും നാലാമിടത്തിനും അഭിനന്ദനങ്ങള്‍.

  2. chila samshayangal chodichotte?

    “നെറ്റില്‍ നിന്ന് തപ്പിയെടുത്ത ഇമേജ് കൊണ്ട് ഡിസൈന്‍ ചെയ്യുന്ന ഒരാര്‍ട്ടിസ്റും മറ്റാരോ എഴുതിയ തിയറി കണ്‍ ട്രോള്‍ സി കണ്‍ ട്രോള്‍ വി എന്ന് ഈച്ചക്കോപ്പിയെടുക്കുന്ന ലേഖകനും വേറെ ഏതോ ഭാഷയില്‍ ചിട്ടപ്പെടുത്തിയ പാട്ടിന്റെ ഈണം കുടക്കമ്പി മാറ്റും പോലെ ഊരിയെടുത്ത് മലയാളത്തിന്റെ തുണിയുടുപ്പിക്കുന്ന സംഗീതജ്ഞരും മറ്റും മറ്റും അടങ്ങുന്ന ഒരു വലിയ സൈബര്‍ ജനാധിപത്യം ഈ ചതുരക്കഷണം ആകാശത്തിലുണ്ട്.”

    Ella kalasrishtikalum pazhayathinte thudarchayo avarthanamo pakarpo okke thanneyalle… kathakal aashayangal shailikal ithonnum arum puthiyathayi srishtikkunnilla…. oru vyakthi oru kalayekkurichu padikkumbol ayal refer cheyyan upayogikkunnathu pazhaya kalasrishtikal thanneyanu.. athu padichum pakarthiyumokkeyanu innukanunna kalakaranmar undayathu… innathekalathu alkarku ellam instant aayittu kittanulla soukaryangal undu.. apol aranu athrayku menakkettirunnu oru srishti nadathan thyaravunnathu.. kazhivillathathu kondavilla.. samayalabham panalabham ithellam orthittakum… pandukalathu oru alinte chayachithram venamenkil oru chithrakaran koodiye theeru… innu athinte aavasyamilla.. ethu andanum adakodanum kaiyil oru camera undenkil kuranja chilavil kooduthal vyakthathayulla chithrangal edukkam.. apol alkar athinte pirakeyalle poku… anganeyulla ee kalakhattathil netil ninnum copy adikkunnu ennathine athrayku moshamayi chithreekarikkendathundo?

Leave a Reply

Your email address will not be published. Required fields are marked *