ഇല്ല, ഇ-റീഡര്‍ വായനയെ കൊല്ലില്ല

ഇ-പുസ്തകങ്ങള്‍ എന്ന ആശയത്തെ ചര്‍ച്ചചെയ്തു വരുന്നതേയുള്ളൂ പ്രസാധകലോകം. അതൊരു ഭീഷണിയാണ് എന്നവര്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു എന്നതിന്റെ തെളിവാണ് അടുത്ത് വരുന്ന ഇരുപത്തഞ്ചാമത് ഹേ ഫെസ്റിവലില്‍ നിന്നും കിന്‍ഡില്‍ എന്ന ഇ` ബുക്ക് റീഡറിനെ ബഹിഷ്കരിക്കനായി വിവിധ പുസ്തകകച്ചവടക്കാരും പ്രസാധകരും നടത്തിയ സമരവും അനുബന്ധ ചര്‍ച്ചകളും. പുസ്തകക്കടകളുടെയും പ്രസാധകരുടെയും വിതരണക്കാരുടെയും ജോലി kindle reader ഇല്ലാതാക്കും എന്ന പേരിലാണ് ഈ നീക്കം. ഒരു ഇലക്ട്രോണിക് റീഡര്‍ വായനയെ കൊന്നുകളയുന്നു എന്ന ആരോപണം പോലും ഉയര്‍ന്നു- ഇ വായന സാധ്യമാക്കുന്ന കിന്‍ഡില്‍ റീഡര്‍ പോലുള്ള സംരംഭങ്ങള്‍ ഇല്ലാതാക്കാന്‍ വന്‍കിട പ്രസാധകര്‍ നടത്തുന്ന ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഇ-വായനയെ കുറിച്ചും ഇ-പ്രസാധനത്തെ കുറിച്ചും ചില ചിന്തകള്‍. പ്രഭ സക്കറിയാസ് എഴുതുന്നു

 

 

മൂന്നോ നാലോ വയസുള്ളപ്പോഴാവണം ജീവിതത്തില്‍ ആദ്യമായി ഒരു പുസ്തകം സ്വന്തമായി കിട്ടുന്നത്, ‘തെനാലിരാമന്‍ കഥകള്‍’. മണിക്കൂറുകളോളം സ്ഥലകാലബോധമില്ലാതെ ആണ്ടുപോകാന്‍ കഴിയുന്ന പുസ്തകമെന്ന മാന്ത്രികവസ്തുവിനോട് തീരാത്ത പ്രേമമായിരുന്നു പിന്നീടങ്ങോട്ട്. ഏഴാം ക്ലാസില്‍ വെച്ചാണെന്ന് തോന്നുന്നു ഒരു പബ്ലിക് ലൈബ്രറിയില്‍ അംഗമാകുന്നത്. മലയാളത്തിലെ എഴുത്തുകാര്‍ ആരൊക്കെയാണെന്ന് അറിയില്ല, ലോകസാഹിത്യത്തെപ്പറ്റി തീരെ അറിയില്ല. ഓരോന്നോരോന്നായി നല്ലതും ചീത്തയും എല്ലാം വായിച്ചു, ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയും ഏറ്റുമാനൂര്‍ ശിവകുമാറിന്റെ ഡ്രാക്കുളയും ഒരേ പോലെ ആസ്വദിച്ചു. ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കി ഒളിച്ചും പതുങ്ങിയും പുസ്തക അലമാരയ്ക്ക് മറഞ്ഞുനിന്ന് ലോലിതയുടെ താളുകള്‍ മറിച്ചുനോക്കിയപ്പോഴാവണം സമൂഹത്തെ പറ്റിയും അതിന്റെ സദാചാരബോധത്തെപ്പറ്റിയുമൊക്കെ ചിന്തിച്ചു തുടങ്ങിയതും ഈ പുസ്തകം സ്വന്തം പേരില്‍ എടുത്തുകൊണ്ടുപോയാല്‍ ‘മോശ’മായിരിക്കും എന്നൊക്കെ തോന്നിയതും. ഒടുവില്‍ പുസ്തകം വായിക്കല്‍ മാത്രം മതി ഇനി ജീവിതത്തില്‍ എന്ന ആശ്വാസത്തിലാവണം ഒരു ഇംഗ്ലീഷ് ബി എ ക്ലാസില്‍ പോയി ചേരുന്നത്. പഠിച്ചുജോലി കിട്ടണം, ജീവിക്കണം എന്നുള്ള ചിന്തയൊക്കെ പിന്നീടാണ് വരുന്നത്. അന്ന് ഒരു ചിന്തയുള്ളൂ, വായിക്കണം. ഇംഗ്ലീഷ് പാഠപുസ്തകത്തിലെ കഥകളല്ലാതെ ആദ്യമായി ഒരു പുസ്തകം ഇംഗ്ലീഷില്‍ വായിക്കുന്നത് ഇംഗ്ലീഷ് ബി എക്ക് ചേര്‍ന്ന് കഴിഞ്ഞാവണം. ഒരു പുസ്തകം പണം കൊടുത്തുവാങ്ങുന്നതൊക്കെ പിന്നെയും കുറെ കഴിഞ്ഞാണ്. എന്തായാലും വായന ഇപ്പോഴും തുടരുന്നു.

 

 

ഇ-റീഡര്‍ വായനയെ കൊല്ലുമോ?
ഓരോ തൊഴില്‍ മേഖലയില്‍ നൂതനപരിഷ്കാരങ്ങള്‍ വരുമ്പോഴും മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുള്ള പ്രയോക്താക്കള്‍ എല്ലാവരും തന്നെ അങ്ങേയറ്റം ശക്തിയോടെയും അതിലേറെ പ്രധാനമായി അങ്ങേയറ്റം (അതി) വൈകാരികതയോടെയും പഴയതാണ് നല്ലത്, പഴമയുടെയും പാരമ്പര്യത്തിന്റെയും മഹത്വം അനിര്‍വചനീയം എന്ന മട്ടില്‍ വാചാലരാവുകയും പുതിയ മാറ്റങ്ങളെ സംശയത്തോടെയും ദേഷ്യത്തോടെയും വീക്ഷിക്കുകയും വിമര്‍ശിക്കുകയും ഒക്കെ ചെയ്യാറുണ്ട്. സത്യത്തില്‍ പുതിയതിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന് ചിന്തിക്കുന്നതിനേക്കാള്‍ പ്രധാനമായി ആളുകളെ ബുദ്ധിമുട്ടിക്കുന്നത് പഴയ ശീലങ്ങളോടുള്ള വിശ്വസ്തതയും ഗൃഹാതുരത്വവുമാണ്. അതാണ് പരിചിതം, അതാണ് ശീലം. അതുകൊണ്ട് മാറ്റം വേണ്ട. എന്നാല്‍ ഓരോ അവസരത്തിലും മാറ്റം സംഭവിക്കുകയും എതിര്‍ത്തിരുന്നവര്‍ പതിയെ ഒന്ന് കാല്‍ ഇറക്കി നോക്കിയും ഒന്ന് അരയ്ക്കൊപ്പം വെള്ളത്തിലിറങ്ങി നോക്കിയും ഒടുവില്‍ പേടിയില്ലാതെ മാറ്റത്തിന്റെ ഒഴുക്കില്‍ നീന്തുകയും ചെയ്യും. ഭൂമി ഉരുണ്ടതാണെന്നും കമ്പ്യൂട്ടറുകള്‍ ഭീകര സത്വങ്ങളല്ലെന്നും നമ്മള്‍ തിരിച്ചറിഞ്ഞത് പോലെ തന്നെ ഇ പുസ്തകങ്ങളെയും പതിയെ മനുഷ്യവംശം ജീവിതത്തിന്റെ ഭാഗമാക്കും.

ഇ-പുസ്തകങ്ങള്‍ എന്ന ആശയത്തെ ചര്‍ച്ചചെയ്തു വരുന്നതേയുള്ളൂ പ്രസാധകലോകം. അതൊരു ഭീഷണിയാണ് എന്നവര്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു എന്നതിന്റെ തെളിവാണ് അടുത്ത് വരുന്ന ഇരുപത്തഞ്ചാമത് ഹേ ഫെസ്റിവലില്‍ നിന്നും കിന്‍ഡില്‍ എന്ന ഇ ബുക്ക് റീഡറിനെ ബഹിഷ്കരിക്കനായി വിവിധ പുസ്തകകച്ചവടക്കാരും പ്രസാധകരും നടത്തിയ സമരവും അനുബന്ധ ചര്‍ച്ചകളും. പുസ്തകക്കടകളുടെയും പ്രസാധകരുടെയും വിതരണക്കാരുടെയും ജോലി kindle reader ഇല്ലാതാക്കും എന്ന പേരിലാണ് ഈ നീക്കം. ഒരു ഇലക്ട്രോണിക് റീഡര്‍ വായനയെ കൊന്നുകളയുന്നു എന്ന ആരോപണം പോലും ഉയര്‍ന്നു.

ഇത്തരമൊരു സാഹചര്യത്തില്‍ പുസ്തകപ്രസാധനത്തെയും വായനയും പറ്റിയുള്ള ചില ചിന്തകള്‍ പ്രസക്തമാണെന്നു തോന്നുന്നു. ഒരു പുസ്തകം വായിക്കുക എന്നതില്‍ പുസ്തകം എന്ന വസ്തുവിന് എത്ര മാത്രം പ്രാധാന്യമുണ്ട്? സ്നേഹപൂര്‍വ്വം സമ്മാനിക്കപ്പെട്ട പല പുസ്തകങ്ങളും ഭാരമോ ഉപയോഗമോ വകവയ്ക്കാതെ താമസിച്ച സ്ഥലങ്ങളിലെല്ലാം കെട്ടിച്ചുമന്നുകൊണ്ട് പോയിട്ടുള്ള ഒരാളാണ് ഞാന്‍. എന്നാല്‍ അതൊക്കെ പലപ്പോഴും പുസ്തകതോടുള്ള സ്നേഹത്തെക്കാള്‍ ആ പുസ്തകം കൊണ്ടുവന്നുതരുന്ന ഓര്‍മ്മകളോടുള്ള അടുപ്പം കൊണ്ടായിരുന്നു. പുതിയ പുസ്തകങ്ങള്‍ വന്‍വില കൊടുത്തുവാങ്ങല്‍ വളരെക്കുറച്ചുമാത്രമേ സാധിച്ചിട്ടുള്ളൂവെങ്കിലും ഒരു മദാം ബോവറിയോ ഒരു ഇല്ലസ്ട്രേറ്റഡ് ആലീസ് ഇന്‍ വണ്ടര്‍ലാണ്ടിന്റെ പഴഞ്ചന്‍ കോപ്പിയോ ഒക്കെ ഇരുപതോ മുപ്പതോ രൂപയ്ക്ക് ഡല്‍ഹിയില്‍ ദരിയാഗഞ്ചിലെ പ്രശസ്തമായ സെക്കന്റ് ഹാന്‍ഡ് പുസ്തകകൂനകളില്‍ നിന്ന് കണ്ടെടുക്കുമ്പോള്‍ ഒരു കുഴിയാനയെ തോണ്ടിയെടുത്ത കുട്ടിയുടെ ആഹ്ലാദമാണ് തോന്നുക. എന്നാല്‍ ഇത്തരം നൊസ്റ്റാള്‍ജിയകള്‍ പുസ്തകങ്ങളോട് സൂക്ഷിക്കുമ്പോള്‍ പോലും ഇ-പുസ്തകങ്ങളോട് മമത തന്നെയാനുള്ളത്. പ്രത്യേകിച്ച്, എം ഫില്‍ പഠനകാലത്ത് പ്രോജക്റ്റ് ഗുട്ടന്‍ബര്‍ഗില്‍ നിന്നും ഗിഗാപീഡിയയില്‍ നിന്നും ഒക്കെ ഡൌണ്‍ലോഡ് ചെയ്തു കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കണ്ണ് വേദനിക്കുന്നതും തല വേദനിക്കുന്നതും അവഗണിച്ചു വായിച്ചു തീര്‍ത്ത തിയറി പുസ്തകങ്ങള്‍. ഇ -ബുക്ക് റീഡര്‍ ഇന്ത്യന്‍ വിപണിയില്‍ മാന്യമായ ഒരു വിലയില്‍ ഇറങ്ങുന്നത് കാത്തിരിക്കുകയുമാണ് ഞാന്‍. കണ്ണ് വേദനിക്കാതെ ഇ പുസ്തകങ്ങള്‍ വായിക്കാന്‍ കഴിയുക എന്നത് ചെറിയൊരു കാര്യമല്ലല്ലോ.

 

 

ഒരു ഓണ്‍ലൈന്‍ ലൈബ്രറിയുടെ മരണം
ഗിഗാപീഡിയ എന്ന പേരില്‍ നിലവിലുണ്ടായിരുന്ന ഓണ്‍ലൈന്‍ ഫയല്‍ ഷെയറിംഗ് വെബ്സൈറ്റ് ഒരു ദിവസം ലൈബ്രറി ഡോട്ട് എന്‍ യു ആയി മാറി. എന്നാല്‍ പണമില്ലാത്ത പാവം വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങളുടെ ഫ്രീ ഓണ്‍ലൈന്‍ കോപ്പികള്‍ നല്‍കിക്കൊണ്ട് ഒരു വിശുദ്ധാത്മാവായി നിലകൊണ്ടിരുന്ന ലൈബ്രറി ഡോട്ട് എന്‍ യു ഇക്കഴിഞ്ഞ ഫെബ്രുവരി പതിനഞ്ചാം തീയതി മുതല്‍ അപ്രത്യക്ഷമായി. എന്താണ് ഈ വെബ്സൈറ്റിന്റെ തിരോധാനത്തിനുപിന്നില്‍ എന്നന്വേഷിച്ചാല്‍ പതിനേഴു വമ്പന്‍ പുസ്തകപ്രസാധകര്‍ മ്യൂണിച് കോടതിയില്‍ നിന്ന് നേടിയെടുത്ത ഒരു ഇഞ്ചങ്ഷന്റെ ഫലമായാണ് ഈ ഓണ്‍ലൈന്‍ ലൈബ്രറി കൊല്ലപ്പെട്ടതെന്ന് മനസിലാകും. ലൈബ്രറി ഡോട്ട് എന്‍ യു ഒരു അക്ഷരാര്‍ത്ഥ വിശുദ്ധനല്ല. ആ വെബ്സൈറ്റില്‍ സൌജന്യഡൌെണ്‍ലോഡിനു ലഭിച്ചിരുന്ന പുസ്തകങ്ങളില്‍ ഏറിയ പങ്കും ഇപ്പോഴും പല പ്രസാധകര്‍ക്കും കോപ്പിറൈറ്റ് ഉള്ള അനധികൃത സ്കാന്‍ കോപ്പികളാണ്. ആര്‍ക്കിറ്റെക്ചര്‍, സാഹിത്യം, ആസ്ട്രോഫിസിക്സ്, ബിസിനസ്, science , ചരിത്രം എന്നിങ്ങനെ സകലമാനവിഷയങ്ങളിലും പ്രചാരത്തിലുള്ള പുസ്തകങ്ങളില്‍ ഏറിയ പങ്കും ഈ വെബ്സൈറ്റില്‍ ലഭ്യമായിരുന്നു. പ്രസാധകര്‍ക്ക് സഹിച്ചില്ലെങ്കില്‍ അത്ഭുതമുണ്ടോ? അവരുടെ വയറുവിശക്കാതെ കഴിയുന്നതാണ് ഈ വെബ്സൈറ്റ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. അതിനു പിന്നാലെയാണ് കിന്‍ഡില്‍ റീഡറിനെ ബഹിഷ്ക്കരിക്കാനുള്ള ഈ പുതിയ നീക്കം. ഇതിനിടെ ആപ്പിള്‍ കമ്പനിയും പ്രമുഖ ആറു പ്രസാധകരും തമ്മില്‍ യു എസ് നീതിന്യായവകുപ്പില്‍ ഒരു കേസും നടക്കുന്നുണ്ട്. പുസ്തകപ്രസാധകര്‍ക്ക് ഇരിപ്പുറയ്ക്കാതായിരിക്കുന്നു എന്ന് സാരം. ഇത്തരം ലാഭ നഷ്ടക്കണക്കുകള്‍ക്കും കോപ്പി റൈറ്റ് നിയമയുദ്ധങ്ങള്‍ക്കും ഒക്കെ ഇടയില്‍ പ്രസാധകര്‍ അവഗണിച്ചുകളഞ്ഞതും എന്നാല്‍ കിന്‍ദില്‍, ലൈബ്രറി ഡോട്ട് എന്‍ യു മുതലായ ‘ഭീകരര്‍’ നന്നായി പരിഗണിച്ചതുമായ മറ്റൊരു വിശപ്പുണ്ട്, വായനക്കാരന്റെ/കാരിയുടെ അറിവിനോടും അക്ഷരത്തോടുമുള്ള തീരാവിശപ്പ്.

 

 

അകാദമിക പുസ്തക പ്രസാധനവും ഓണ്‍ലൈന്‍ പുസ്തക പൈറസിയും
ഒരു നോവല്‍ ചിലപ്പോള്‍ നമ്മള്‍ ഒരു രസത്തിനുവേണ്ടിയാവും വായിക്കുന്നത്, ഒരു നേരമ്പോക്ക് ആണ് അതുകൊണ്ട് സാധ്യമാവുക. എന്നാല്‍ അക്കാദമികപുസ്തകങ്ങളും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധം ഒരു നേരമ്പോക്കിന്റെതല്ല. അവര്‍ക്ക് പുസ്തകം കൊണ്ട് ആവശ്യങ്ങള്‍ പലതാണ്. പഠനകാലത്ത് ആവശ്യമുള്ള പുസ്തകങ്ങള്‍ എല്ലാം വന്‍ വില കൊടുത്തു വാങ്ങുക എന്നത് ഇന്ത്യയില്‍ എന്നല്ല ലോകത്തെവിടെയും ഉള്ള വിദ്യാര്‍ഥിസമൂഹത്തിനു സാധ്യമായ ഒരു കാര്യമല്ല. തൊട്ടാല്‍ പൊള്ളുന്ന വില എന്നത് അക്ഷരാര്‍ത്ഥമാനെന്നര്‍ഥം!

പണമുള്ളവന്‍ വാങ്ങട്ടെ, അല്ലാത്തവന്‍ ലൈബ്രറിയില്‍ ചേര്‍ന്ന് കടമെടുക്കട്ടെ എന്ന നോവല്‍കവിതാ പുസ്തക രീതി അക്കാദമിക പുസ്തകങ്ങളുടെ കാര്യത്തില്‍ വിലപ്പോവുകയില്ല. കാരണം പല പുസ്തകങ്ങളും മെട്രോ നഗരങ്ങളിലെ പ്രധാന സര്‍വകലാശാലകളില്‍ ആണ് ഒന്നിലധികം കോപ്പികള്‍ ഒക്കെ ഉണ്ടാവുക. അല്ലാത്ത ചെറുകിട സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരു കോപ്പിയോ മറ്റോ ഉണ്ടെങ്കില്‍ ഭാഗ്യം. ഇനി പുസ്തകം ലൈബ്രറിയില്‍ ഉണ്ടെങ്കില്‍ തന്നെ അത് ആ വിഷയം നൂറ്റാണ്ടുകളായി (സെല്‍ഫ് ഐഡന്റിഫിക്കേഷന്‍ നടത്തിയ അധ്യാപക സുഹൃത്തുക്കള്‍ ക്ഷമിച്ചേക്കുക) പഠിപ്പിക്കുന്ന അധ്യാപകന്റെ കൈവശവും ആയിരിക്കും. ശാസ്ത്രസാങ്കേതിക വിഷയങ്ങളെ അപേക്ഷിച്ച് മാനവിക വിഷയങ്ങള്‍ക്ക് ലോകത്തെവിടെയുമുള്ള സര്‍വകലാശാലകളില്‍ കിട്ടുന്ന ഫണ്ടിന് തീരെ കനം കുറവായത് കൊണ്ട് ആ വിഷയങ്ങളിലെ പുസ്തകങ്ങളോ ജേര്‍ണലുകളോ ലൈബ്രറിയില്‍ എത്തുന്നതും താരതമ്യേന കുറവാണ്. അങ്ങനെ വായിക്കാന്‍ വശമില്ലാതെ നട്ടം തിരിയുന്ന വിദ്യാര്‍ഥിസമൂഹം തന്നെയാണ് ലൈബ്രറി ഡോട്ട് എന്‍ യു പോലെയുള്ള ഫയല്‍ ഷെയറിംഗ് സംവിധാനങ്ങള്‍ നിലവില്‍ കൊണ്ടുവരുന്നത്.

പ്രമുഖ പുസ്തക പ്രസാധകര്‍ എല്ലാവരും തന്നെ അക്കാദമികപുസ്തകങ്ങള്‍ക്ക് വിലയിടുന്നത് ഒരേ രീതിയിലാണ്. പുസ്തകങ്ങള്‍ വാങ്ങി വായിക്കാന്‍ പണമില്ലാത്ത വിദ്യാര്‍ഥികളെ അവര്‍ ഉപഭോക്താക്കളുടെ ഗണത്തില്‍ എണ്ണാറേയില്ല. ഒരു പുസ്തകം എഡിറ്റ് ചെയ്തു ടൈപ്പ്സെറ്റ് ചെയ്തു എടുക്കുന്നതിന്റെ ചിലവിന്റെ ആറോ എട്ടോ പത്തോ ഒക്കെ ഇരട്ടിയാണ് പുസ്തകത്തിന് ഈടാക്കുന്ന വില. ഇതിന്റെ പങ്കു പ്രസാധകര്‍ക്കും വിതരണക്കാര്‍ക്കും (പുസ്തകമെഴുതിയ ആളിനും എന്ന് പറയുമെങ്കിലും വിറ്റുപോകാത്ത, ലാഭാമുണ്ടാക്കാത്ത അക്കാദമിക പുസ്തകങ്ങളുടെ റോയല്‍റ്റി പലപ്പോഴും എഴുത്തുകാരനില്‍ എത്താറില്ല) ഒക്കെ പങ്കിട്ടെടുക്കാനുള്ളതാണ്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ശരാശരി മുന്നൂറു പേജുള്ള ഒരു അക്കാദമിക പുസ്തകത്തിന് ഏറ്റവും ചുരുങ്ങിയ വില നാനൂറോ നാനൂറ്റമ്പതോ ആകുമ്പോള്‍ അതിന്റെ കൂടിയ വില ആയിരമോ ആയിരത്തഞ്ഞൂറോ ഒക്കെ വരെ ആകാം. അവര്‍ മുന്നില്‍ കാണുന്ന ഒരേ ഒരു പൊട്ടന്‍ഷ്യല്‍ ഉപഭോക്താവ് ലൈബ്രറികള്‍ മാത്രവും!

ഇത്തരം ധര്‍മ്മസങ്കടങ്ങളില്‍ നിന്നാണ് പുസ്തക പൈറേറ്റുകള്‍ ജന്മമെടുക്കുന്നത്, അവര്‍ മെനക്കെട്ടിരുന്നു തടിയന്‍ പുസ്തകങ്ങള്‍ സ്കാന്‍ ചെയ്തു ഫോര്‍മാറ്റ് തിരുത്തി ഇ^ പുസ്തകമാക്കി ഫയല്‍ ഷെയറിംഗ് നടത്തും. അതിനെ മ്യൂസിക് പൈറസിയോടോ സിനിമ പൈറസിയോടോ താരതമ്യപ്പെടുത്തുന്നതില്‍ തെറ്റില്ല. ഈ പൈറസിയും ഒരു വ്യവസായത്തെ തകര്‍ക്കുകയാണ് ചെയ്യുന്നത്. സിനിമാസംഗീത പൈറസിയുടെ തോത് കുറയ്ക്കാനായി ആ വ്യവസായങ്ങളില്‍ ഉള്ളവര്‍ ചെയ്തത് കുറഞ്ഞ വിലയ്ക്ക് നല്ല ക്വാളിറ്റിയിലുള്ള സീഡികള്‍ വിപണിയില്‍ ലഭ്യമാക്കുക എന്നതാണ്. മോശം പ്രിന്റുകള്‍ ഡൌണ്‍ലോഡ് ചെയ്തു കാണുന്നവരില്‍ പലരും കുറഞ്ഞ വിലയ്ക്ക് മോസര്‍ബിയറിന്റെ സീഡികളോ നെറ്റ്ഫ്ലിക്സ് പോലുള്ള സംവിധാനങ്ങളോ വന്നതോടെ അംഗീകൃത സീഡി വാങ്ങുന്നതിലേയ്ക്ക് തിരിഞ്ഞിട്ടുള്ളതായി കാണാം.

അച്ചടിച്ച ഒരു പുസ്തകം വളരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുക പ്രാവര്‍ത്തികമല്ലെന്ന് അറിയാം, എന്നാല്‍ പുസ്തക അച്ചടി തന്നെ ഇല്ലാതാവുന്നത് നല്ല ഒരു കാര്യമാണ്, അത്രയും മരങ്ങള്‍ രക്ഷപെടുമല്ലോ. ചില തരം പുസ്തകങ്ങള്‍ അച്ചടിക്കാനായി കടലാസ് ചെലവഴിക്കുന്നത് പാപം പോലുമാണ് എന്നാണ് ഞാന്‍ കരുതുന്നത്. വിറ്റു പോകാത്ത പലതും പല പ്രസാധകഗോഡൌെണുകളില്‍ നിന്നും കിലോ വിലയ്ക്ക് തൂക്കി വാങ്ങപ്പെടുകയും വീണ്ടും പള്‍പ്പ് ആവുകയുമാണ് വര്‍ഷാവര്‍ഷം. ഞാന്‍ സമയം മെനക്കെട്ടിരുന്നു പണിയെടുത്ത ഒരു പുസ്തകം വായനക്കാരനിലെത്താതെ പള്‍പ്പ് ആകും എന്ന ചിന്ത എന്നിലെ ഒരു മുന്‍ എഡിറ്ററെ കുറച്ചൊന്നുമല്ല മുറിവേല്‍പ്പിക്കുന്നതും. അച്ചടിച്ച് വില്ക്കപ്പെടണം എന്ന് നൂറു ശതമാനം ഉറപ്പുള്ളവ മാത്രം അച്ചടിക്കുകയും മറ്റുള്ളവയുടെ വില കുറഞ്ഞ ഇ പുസ്തകങ്ങള്‍ ഇറക്കുകയും ചെയ്യുക എന്ന രീതിയിലേയ്ക്ക് പ്രസാധനരംഗം മാറേണ്ടിയിരിക്കുന്നു. കിന്‍ഡില്‍ റീഡര്‍ ഒരു ഭീകരനല്ല, അവര്‍ ആദ്യമായി ഒരു ഇ^ റീഡര്‍ കണ്ടുപിടിച്ചു എന്ന് മാത്രമേയുള്ളൂ. അവര്‍ ഇപുസ്തകങ്ങള്‍ വില കുറച്ചു വില്‍ക്കുന്നുണ്ടെങ്കില്‍ അത് കൊണ്ട് അവരുടെ റീഡര്‍ കൂടുതല്‍ വിറ്റു പോകണമെന്നേ അര്‍ത്ഥമാക്കുന്നുള്ളൂ, അല്ലാതെ അവര്‍ വായനയെ കൊല്ലുന്നില്ല.

കടലാസില്‍ അച്ചടിച്ചത് മാത്രം പുസ്തകം എന്ന നെഞ്ചോടടുക്കിപ്പിടിച്ച മാറാപ്പുകളാണ് മാറേണ്ടത്. ഓരോ പ്രസാധകനും മത്സരിച്ചു ഇ-റീഡറുകള്‍ ഉണ്ടാക്കട്ടെ, കുറഞ്ഞ വിലയ്ക്ക് പുസ്തകങ്ങള്‍ ഇറക്കട്ടെ, റീഡറുകളും. വായനക്കാരനും ഒപ്പം തന്റെ കൃതി വായനക്കാരനില്‍ എത്തി എന്ന നിര്‍വൃതിയില്‍ എഴുത്തുകാരനും സന്തോഷിക്കുമ്പോള്‍ വായന ഇനിയും ജീവിക്കുക തന്നെ ചെയ്യും. പ്രസാധകര്‍ മുഖവിലയ്ക്ക് എടുക്കേണ്ടത് ലാഭനഷ്ടങ്ങളെ അല്ല, മറിച്ച് വായനക്കാരനെയും എഴുത്തുകാരനെയും ഒപ്പം മാറുന്ന ലോകത്തെയുമാണ്. ഓരോ പുസ്തകം വിറ്റുപോകുമ്പോഴും ആ പാവം എഴുത്തുകാരന്/കാരിക്ക് അതിന്റെ ഒരു വിഹിതം കൊടുക്കേണ്ടത് തന്നെയാണ്. എഴുത്തുകാരന്‍ എഴുതിയില്ലെങ്കില്‍, വായനക്കാരന്‍ വായിച്ചില്ലെങ്കില്‍, പിന്നെ പ്രസാധകന് എന്ത് നിലനില്‍പ്പ്?

 

 

പിന്‍കുറിപ്പ്
തുന്നല്‍ യന്ത്രം കണ്ടുപിടിക്കപ്പെട്ടപ്പോള്‍ ഇനി മുതല്‍ തുന്നല്‍ക്കാര്‍ക്ക് ജോലിയുണ്ടാവില്ല എന്ന് പേടിക്കുകയും ഒടുവില്‍ തുന്നല്‍ക്കാര്‍ തന്നെ ഈ യന്ത്രം ഉപകാരപ്രദമാണെന്ന് തിരിച്ചറിയുകയും യന്ത്രത്തില്‍ തുന്നാന്‍ പഠിക്കുകയും ചെയ്തു എന്നത് ഓര്‍മ്മിക്കാവുന്നതാണ്. എന്നാല്‍ യഥാര്‍തത്തില്‍ തുന്നല്‍ക്കാരുടെ ജോലി ഇല്ലാതാക്കിയത് തുന്നല്‍യന്ത്രമല്ല, മറിച്ച് ലക്ഷക്കണക്കിന് ഉടുപ്പുകള്‍ ഒരേ അച്ചില്‍ വാര്‍ത്തതു പോലെ തുന്നിയെടുത്ത് കച്ചവടം നടത്തുന്ന വമ്പന്‍ ഉത്പാദനശാലകളാണ്.

ഇനി ഒരു കാലത്ത് ഒരു ഗുളിക വിഴുങ്ങി കണ്ണടച്ചാല്‍ ധ്യാനപൂര്‍വം ഇരുന്നു ഒരു പുസ്തകം വായിക്കാവുന്ന ടെക്നോളജി വന്നാല്‍ ഞാന്‍ അതും സ്വീകരിക്കും, കാരണം ഒരു വായനക്കാരി എന്ന നിലയില്‍ എനിക്ക് പ്രധാനം വായനക്കാരി എന്ന ഞാനും എഴുത്തുകാരന്‍/കാരിയും മാത്രമാണ്. ഒരു പുസ്തകം എന്നാല്‍ എനിക്ക് വായനക്കാരിക്കും എഴുത്തുകാരിക്കും ഇടയില്‍ സഞ്ചരിക്കുന്ന വാക്കും അത് ജനിപ്പിക്കുന്ന ചിന്തയും മാത്രമാണ്.

10 thoughts on “ഇല്ല, ഇ-റീഡര്‍ വായനയെ കൊല്ലില്ല

 1. ഇ റീഡര്‍ വായനയെ കൊല്ലും എന്ന് ആരും പറയുന്നില്ലല്ലോ. മറിച്ചു തങ്ങളുടെ വരുമാനത്തിന് ഇടിവ് തട്ടും എന്നുള്ള വന്‍ കിട പ്രസാധക കമ്പനികളുടെ ഭയമാണല്ലോ ഇ റീഡറുകള്‍ക്കെതിരെ ഉണ്ടെന്നു പറയപ്പെടുന്ന ഊര് വിലക്കിനു കാരണം. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്‌ ഡല്‍ഹിയിലെ ഒരു സ്വതന്ത്ര പ്രസാധകനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം സൂചിപ്പിച്ചത് dead tree version പാടെ ഒഴിവാക്കി പൂര്‍ണമായും ഇ ബുക്ക്‌ ഫോര്‍മാറ്റിലേക്ക് മാറുന്നതിനെ കുറിച്ചാണ് അദ്ദേഹം ആലോചിക്കുന്നതെന്ന്. gigapedia, library.nu എന്നിവയും ഇപ്പോള്‍ library genesis/libgen.info യും എല്ലാം ഇ ബുക്കുകള്‍ നല്‍കുന്നത് സ്കാന്‍ ചെയ്തവ മാത്രമല്ല മറിച്ചു കൂടുതലായി ഒറിജിനല്‍ ഇ ബുക്സ്‌ തന്നെയാണ്. രണ്ടായിരത്തിലധികം പുസ്തകങ്ങള്‍ അതില്‍ നിന്ന് download ചെയ്തിട്ടുണ്ടെങ്കിലും ചെറു കിട പ്രസാധകരുടെ, അല്ലെങ്കില്‍ വെര്‍സോ, പ്ലൂട്ടോ പ്രസ്‌ പോലുള്ള സ്വതന്ത്ര പ്രസാധകരുടെ പുസ്തകങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ ചെറിയ കുറ്റബോധം തോന്നാറുണ്ട്.

  • @സമാനമനസ്കന്‍

   ആരും പറയുന്നില്ലേ?
   ഈ കമ്പനിക്കാര്‍ പറയുന്നത് വേറെന്താണ്?
   കോടതികളില്‍ വന്നു കിടക്കുന്ന വാദം മറ്റെന്താണ്?
   ഇതുമായി ബന്ധപ്പെട്ട് കാലങ്ങളായി കേട്ടുവരുന്നത്
   ഈ വാദം തന്നെയല്ലേ?

 2. ഈ പ്രശ്നത്തെ ഇ-ബുക്കു വായനക്കാരന്റെ മനസിൽ കൂടി മാത്രം കാണുമ്പോൾ മറ്റു പലതും മറക്കപ്പെടുന്നില്ലേ?

  പ്രസാധകരുടെ പുസ്തക പ്രസിദ്ധീകരണം ഒരു പാടു കാര്യങ്ങളെ ചുറ്റിപ്പറ്റിക്കിടക്കുന്നതാണ്. ഏജന്റ്, ക്രിടിക്ക്, സ്റ്റാറ്റസ്, ബ്രാൻഡിങ്. ഒടുവിൽ ഇതിന്റെയെല്ലാം വില വായനക്കാരൻ/വിദ്യാർഥികൊടുക്കേണ്ടിവരുന്നു. തന്നെയുമല്ല് അതുകൂടുതൽ സമയവുമെടുക്കും.അതു വരുമാ‍നത്തിന്റെ പ്രശ്നംകൂടിയുമാണ്.

  ഈ റീഡിങ്ങിന്റെയും പ്രസാധകരുടെയും എഴുത്തുകാരന്റെയും പ്രശ്നങ്ങളും ഒരു പോലെ എങ്ങനെ പരിഹരിക്കണം എന്നുള്ളതാണ് ചിന്തിക്കേണ്ട്ത്, അത് കോപ്പി റൈറ്റ് വയലേഷൻ ചെയ്തിട്ടാകരുത്. അതുകൊണ്ടാണ് കേസുകൾ ഉണ്ടാകുന്നത്.

  ഇതിനിരു പരിഹാരമാ‍ണ് ഇ-പബ്ലീഷിങ്. Indie publishing. ഇത് UK,US ൽ പ്രബലമാണ്. ഇന്ത്യയും ഇതിലേക്കു കൈവക്കുന്നുണ്ട്. പല എഴുത്തികാരും ഇതൊരു ഓപ്ഷന് ആയി കരുതുന്നുണ്ട്. എന്നുള്ളത് ആശാവഹമാണ്.

  പിന്നെ കേരളത്തിൽ ഇപ്പോഴത്തെ പ്രൈവ്റ്റ് കോളജുകളുടെ അവസ്ഥ കുറച്ചൊക്കെ കേട്ടിട്ടുണ്ട്. പ്രത്യേകിച്ച് ഭീമൻ ഫീസ് വാങ്ങുന്ന കോളേജുകൾക്ക് എന്തു കൊണ്ട് മാന്യമായ ഒരു ലൈബ്രറി ഉണ്ടാക്കിക്കൂടാ?. കഴിഞ്ഞ് തവണ ഞാൻ നാട്ടിൽ വന്നപ്പോൾ എന്റെ എം.ബി.എക്കു പടിക്കുന്ന നീസ് പറഞ്ഞത്, ഗൈഡുകളാണ് ഉപയോഗ്ഗിക്കുന്നതെന്ന്. കൊന്നു ഫീസ് വാങ്ങുന്ന ഒരു കോളേജ്.

  ഞാനവിടെ പഠിച്ചിരുന്നപ്പോൾ , എന്റെ കോളജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റ് ലൈബ്രറി ഒരു അലമാരയായിരുന്നു.:)

  സൌത്താഫിക്കയിലെ യൂണിവേഴിറ്റികളുടെ ലൈബ്രരികൾ കണ്ട് ഞാൻ അന്തം വിട്ടു നിന്നിട്ടുണ്ട്. എന്തിൻ, ഭാരതത്തിന്റെ പുണ്യപ്രുരാണ സംസ്കാരിക ഗ്രന്ധം -ഗീത്-ഞാൻ കൈകൊണ്ടു തൊട്ടത് സുത്താഫിക്കയിലെ ഒരു യൂണിവേഴ്സിറ്റി ലൈബ്രറിയിൽ നിന്നാണ്. ഇവിടെ വ്യസഥകലുണ്ട്. ദിപ്പർട്ടുമെന്റു ഹെഡിന്റെ കൈയ്യിൽ നിന്നും ഒരു വിദ്യാർഥിക്ക് ആവശ്യമെങ്കിൽ ബുക്കു വാങ്ങിക്കൊടുക്കാനും തിരിച്ചു ചെയ്യാനും ലൈബ്രറിയിൽ വ്യവസ്ഥകളുണ്ട്.

  പുസ്തക ശെഖരങ്ങൾ കേരള കോളജുകലുടെ 2/10 പോലും പ്രയോറിട്ടിയായി എനിക്കു തോന്നിയിട്ടില്ല. (മറ്റുള്ളിടത്തെ കാര്യങ്ങൾ അറിവില്ല). പൂസ്ഥകമില്ലാതെ എന്തു റിസേർച്ച്, എന്തു വായന.

  ഇനി എല്ലാ പുസ്തകങ്ങളൂം ഇ-ബുക്കുകളായി കിട്ടിയാലും യൂണിവേഴ്സിറ്റികളിലെ പ്രശ്നങ്ങൾ തീരുമോ?ഈ ബുക്കുകളും കൺ വെൻഷനൽ പ്രസിദ്ദീക്കരണങ്ങളൂം ഒരു പോലെ ആവശ്യമല്ലേ?

 3. @Ambili n s : കമ്പനികളുടെ വാദം പ്രധാനമായും കോപ്പിറൈറ്റ് ലംഘനം എന്ന വിഷയതിലൂന്നിയാണ് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. കാലങ്ങളായി കേട്ട് വരുന്ന വാദം എന്നുള്ളത് കൊണ്ട് താങ്കള്‍ ഉദ്ദേശിക്കുന്നത് ഇന്റര്‍നെറ്റും കമ്പ്യൂട്ടറും വായനയെ ഇല്ലാതാക്കും എന്നാണെന്ന് ഞാന്‍ മനസിലാക്കുന്നു. അതും പ്രഭയുടെ കുറിപ്പും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ?

 4. A thought provoking read. The way I see it that only the idea and the reader are important. The rest is all just detail and detail can change for better and it should change for the better.

  This is an evolution of the means to deliver content from the mind of a writer to thoughts of the reader. So if there is a pill that does the job, id take that in a heartbeat too.

  May be I will miss the smell of an old book. May be I miss killing all those trees. May be I shed a tear for the misery of a publisher or distributor who fought a change rather than adapting and embracing it. But in time for sure, I will move on. Because the only thing that wont change is change.

  By the way I totally miss the good old cassette tape of the 90s. And on every Fridays i shed a tear for good old TDK. But then i thank Steve jobs and turn on my e-player with its 10000 songs. Life is better.

 5. വളരെ നന്നായി. സമയോചിതവുമായി. മലയാളത്തില്‍ ഡി.സി പ്രചരിപ്പിക്കുന്ന വിങ്കിനെക്കുറിച്ചുകൂടി എഴുതാമായിരുന്നു.
  ഒരു വര്‍ഷമായി ഞാന്‍ ആമസോണ്‍ കിന്റില്‍ ഉപയോഗിക്കുന്നു.
  ഇത് ഞാന്‍ എഴുതാന്‍ ആഗ്രഹിച്ച ലേഖനം.
  നന്ദി, പ്രഭാ

 6. e reading concept is real boon to readers. thousands of books can be kept at home without bothering about space, transfer of residence etc. e reading is no way killing the habit of reading. the habit is continuing and the only difference is in the medium which we use. it conserves trees by eliminating usage of paper. the world is changing to paper less office concepts and if anybody is against e reading, it is purely commerce nothing else. my daughter is using a playbook or often a laptop to read downloaded books, most of them freely available over internet. Other than reading what convenience i am finding is the space factor when compared with her printed books collection. University libraries can be as small as a bathroom I believe.
  Ms Prabha, a timely note from you!!!

 7. I like the precious facts an individual offer for a content. I am going to search for your website as well as check out all over again here frequently. I am fairly ‘ might be well informed a lot of brand new information below! Enjoy for an additional!

Leave a Reply

Your email address will not be published. Required fields are marked *