കരീന ആയാലെന്ത്? കത്രീന ആയാലെന്ത്?

രണ്ടുവര്‍ഷം മുമ്പ് കോഴിക്കോട് ആരംഭിച്ച ബ്രഹ്മാണ്ഠ തുണിക്കടയുടെ ലേഡീസ് ഹോസ്റലില്‍ അടുത്തിടെയായി സി സി ടി വി ക്യാമറകള്‍ വയ്ക്കണമെന്ന് മാനേജ്മെന്റ് തീരുമാനിച്ചിരുന്നു. പകലുമുഴുവന്‍ ക്യാമറയിലൂടെയും അല്ലാതെയും തങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്ന മാനേജ്മെന്റിന് പെണ്‍കുട്ടികളുടെ രാത്രികളെയും നിരീക്ഷിക്കണമെന്നത് ചില അസുഖങ്ങളുടെ ലക്ഷണമാണ്. ചില തൊഴിലാളികള്‍ ഇതിനെ എതിര്‍ത്തു. അവരില്‍ ഒരാള്‍ ഈയിടെ രാജിവയ്ക്കുകയും ചെയ്തു. മാനേജ്മെന്റിന് അനുയോജ്യരല്ലെന്നു കണ്ടാല്‍ നിര്‍ബന്ധിച്ച് രാജിവയ്പ്പിക്കുകയാണ് ഇവിടങ്ങളിലെ പതിവ്. അല്ലെങ്കിലും ചില സമയം മനുഷ്യര്‍ മനുഷ്യരേ അല്ലെന്നാണ് മറ്റു ചില മനുഷ്യരുടെ വിചാരം. പിന്നെയും എന്തിനു തുടരുന്നു എന്നു ചോദിച്ചാല്‍, ജീവിക്കേണ്ടേ മാഷെ എന്ന ഉത്തരം വരും ഞൊടിയിടയില്‍- – പരസ്യങ്ങളിലൂടെ നിരന്തരം നമ്മുടെ ജീവിതങ്ങളില്‍ കയറിയിറങ്ങുന്ന മധുരമനോഹര തുണിക്കഥകളില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന പെണ്‍കുട്ടികളുടെ പച്ചജീവിതം. സരിത കെ. വേണുവിന്റെ കോളം ആരംഭിക്കുന്നു

 

 

മനസ്സിനിണങ്ങിയ മംഗല്യപട്ടും സ്വപ്നം കണ്ടു കഴിയുന്ന മലയാളി പെണ്‍കുട്ടികള്‍ക്ക് മധുരസ്വപ്നങ്ങള്‍ ഏകാന്‍ ചിലര്‍ എത്തുമ്പോള്‍, വഴിമാറുന്ന മറ്റു ചില ജീവിതങ്ങളെക്കുറിച്ച് ഒരുപാടു നമ്മള്‍ കേട്ടിരിക്കും. ഇനിയും കേള്‍ക്കും. അത് അങ്ങിനെ കേട്ടുകൊണ്ടേയിരിക്കും. ചിലത് നമ്മെ അലോസരപ്പെടുത്തും. അപ്പോഴും നമുക്കിടയിലെ ചിലര്‍ കിനാവിന്റെ ജാലകം ഇങ്ങനെ മെല്ലേ മെല്ലേ തുറന്നിട്ട്, തങ്ങളെ വിണ്ണില്‍ നിന്നും ഇറങ്ങിവന്ന താരങ്ങളെപ്പോലെ അണിയിച്ചൊരുക്കാന്‍ ആരെയെങ്കിലും കാത്തിരിക്കുകയാവും.

സത്യം പറഞ്ഞാല്‍ എന്റെ സ്വപ്നത്തിലെ മംഗല്യപ്പട്ട് ഇന്ന നിറത്തിലായിരിക്കണം, ഈ കടയില്‍ നിന്നായിരിക്കണം എന്നൊക്കെ ഓര്‍ത്ത് അന്തംവിട്ടിരിക്കുന്ന പെണ്ണുങ്ങള്‍ കേരളത്തില്‍ എണ്ണത്തില്‍ എത്ര വരും? വളരെ തുച്ഛമായിരിക്കും ആ സംഖ്യ എന്നത് ഉറപ്പാണ്. മറിച്ച് ഈ നാട്ടിലെ പകുതിയോളം പെണ്‍പിള്ളേരെങ്കിലും ഇത്തരം പട്ടുസാരികള്‍ വില്‍ക്കുന്ന കടകളിലെ സെയില്‍സ് ഗേളുകളാണ് എന്നതാണ് വാസ്തവം. അവരുടെ സ്വപ്നങ്ങള്‍ തീര്‍ച്ചയായും സപ്തവര്‍ണങ്ങളില്‍ നെയ്തെടുത്തവയായിരിക്കില്ല. അവര്‍ക്ക് പറയാന്‍ ഒരു സാരിയുടെ കഥ മാത്രമാവില്ല. അവരുടെ നിദ്രകളില്‍ കിനാവിന്റെ ജാലകമാവില്ല. കൂട്ടായി വരിക മധുരസ്വപ്നങ്ങളാവില്ല. പകരമായി അവര്‍ പറയുന്നത് സ്വപ്നങ്ങള്‍ വില്‍ക്കുന്ന കടകളിലെ എരിയുന്ന ജീവിതമായിരിക്കും.

കഴിഞ്ഞ മെയ്ദിനത്തോടനുബന്ധിച്ച് ‘പെണ്‍കൂട്ട്’ കോഴിക്കോട് സംഘടിപ്പിച്ച കൂട്ടായ്മയില്‍ അവരുടെ പറച്ചില്‍ നേര്‍ക്കു നേര്‍ കേട്ടു. കാല്‍പ്പനികതയുടെ ഇത്തിരി സ്പര്‍ശം പോലുമില്ലാത്ത ജീവിതത്തിന്റെ തീപ്പടര്‍പ്പുകളായിരുന്നു അവരുടെ വാക്കുകളില്‍. സ്വന്തം അനുഭവങ്ങള്‍, സഹജീവികളുടെ അനുഭവങ്ങള്‍ അവര്‍ പറയുമ്പോള്‍ ഉള്ളിലൂടെ പല വട്ടം അമ്പരപ്പിന്റെ മിന്നല്‍ പാഞ്ഞു.

നഗരത്തിലെ പ്രമുഖ ടെക്സ്റൈല്‍സ് ഷോറൂമിലെ സെയില്‍സ് ഗേള്‍സായിരുന്നു അവര്‍. മൂന്ന് പെണ്‍കുട്ടികള്‍. ജീവിതത്തിന്റെ വാള്‍മുനയില്‍ നടന്നു നടന്ന് കാലുകള്‍ മുറിഞ്ഞു കീറിയവരുടെ നിസ്സഹായമായ ദൈന്യതയായിരുന്നു അവരുടെ വാക്കുകളില്‍. ‘ഇതൊന്നും ആരോടും പറയാന്‍ പറ്റില്ല’ എന്ന മുഖവുരയോടെയാണ് അവര്‍ പറയാന്‍ തുടങ്ങിയത്.

 

 

ഏറ്റവും വിലപ്പെട്ട 20 മിനിറ്റുകള്‍
350ഓളം ജീവനക്കാരുള്ള ആ വലിയ ഷോറൂം ചുറ്റിനും ക്യാമറകളാല്‍ സുരക്ഷിതമാണ്. ഹോസ്റലില്‍ നില്‍ക്കാന്‍ സന്നദ്ധരായവര്‍ക്കുമാത്രമേ അവിടെ ജോലി നല്‍കൂ എന്ന് ഇന്റവ്യൂവിന്റെ ദിവസം പറഞ്ഞാണ് മാനേജ്മെന്റ് അവരെ ജോലിക്കെടുത്തത്. ഭക്ഷണംതാമസം, പിന്നെ 8000 രൂപ ശമ്പളം എന്നൊക്കെ പറഞ്ഞപ്പോള്‍ ആരും എതിരു പറഞ്ഞില്ല. 9.30 തുടങ്ങുന്ന ജോലി അവസാന കസ്റമര്‍ എപ്പോള്‍ ഷോറൂം വിട്ടു പോകുന്നോ അപ്പോള്‍ മാത്രമേ തീരാവൂ. അത് 12 മണിയായലും അങ്ങിനെത്തന്നെ. എത്ര വൈകി ഹോസ്റലില്‍ പോയാലും രാവിലെ ഒമ്പത് മണിക്ക് ഷോറൂമില്‍ ഹാജരുണ്ടാവണം. അല്ലെങ്കില്‍ എച്ച് ആര്‍ മാനേജരുടെ ശകാരം ബോണസ്സായി ലഭിക്കും.

ഇതൊക്കെയാണെങ്കിലും അവിടെ ഭക്ഷണം സൌജന്യമാണ്. വ്യത്യസ്തനിലകളിലായി പരന്നു കിടക്കുന്ന വിശാല ഷോറൂമിലെ ഓരോ ഫ്ളോറില്‍ നിന്നും 4 പേരെ വീതം മാത്രമേ ഊണുകഴിക്കാന്‍ വിടുകയുള്ളൂ. കസ്റ്റമര്‍ ഉണ്ടെങ്കില്‍ അവരെ മറ്റൊരാളെ ഏല്‍പ്പിച്ച് പോകാനും പാടില്ല. നമ്മള്‍ ഊണുകഴിച്ചോ, ഇല്ലയോ എന്നൊന്നും ഇവിടെ ആരേയും അലട്ടില്ല. ആരും നമ്മോടു വന്നു കഴിച്ചോ എന്നു പറയുകയുമില്ല. ഫലത്തില്‍ ഉച്ചഭക്ഷണം കഴിക്കുന്നത് മൂന്നരയോടടുത്തായിരിക്കും. മൂന്നുമണിക്കുള്ള ഈ ഉച്ചഭക്ഷണത്തിനു പോകുന്നതിനുമുണ്ട് അതിന്റേതായ ചട്ടങ്ങള്‍. ഭാഗ്യത്തിന് 20 മിനിറ്റ് ഉച്ചയൂണിന് നല്‍കും.

പോകുന്ന സമയം അവിടെ വച്ചിരിക്കുന്ന പുസ്തകത്തില്‍ രേഖപ്പെടുത്തണം എന്നുമാത്രം. രേഖപ്പെടുത്തിയ ആ നിമിഷം മുതലാണ് അവരുടെ 20 മിനിറ്റിന്റെ കൌെണ്ട് ഡൌണ്‍ ആരംഭിക്കുന്നത്. ലോകത്തിലെ ഏറ്റവും വലുത് എന്നൊക്കെ അവകാശപ്പെടുന്ന ഇത്തരം ഷോറൂമുകളിലെ റൂഫില്‍ സജ്ജമാക്കിയ മെസ് ഹാളില്‍ പോയി ഭക്ഷണം കഴിച്ച് തിരിച്ചെത്തുമ്പോഴേക്കും 20 മിനിറ്റ് കഴിഞ്ഞിരിക്കും. ഭക്ഷണം കഴിക്കാന്‍ പോകാന്‍ ലിഫ്റ്റ് ഉപയോഗിക്കാന്‍ പാടില്ല. കസ്റമറെ മറ്റുനിലകളിലേക്ക് കൊണ്ടുപോകുകയാണെങ്കില്‍ മാത്രമേ ലിഫ്റ്റ് ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. നടുവേദനിച്ച് എണീറ്റ് നടക്കാന്‍ പറ്റില്ലെങ്കില്‍ പോലും ലിഫ്റ്റ് ഉപയോഗിക്കാന്‍ പാടില്ലത്രെ. മാത്രവുമല്ല ഒറ്റയ്ക്ക് ഒറ്റയ്ക്ക് പോയികഴിക്കുകയുംവേണം. കൂട്ടുകൂടി ഭക്ഷണം കഴിക്കാന്‍ പോയാല്‍ ഇവിടെ കസ്റമേഴ്സിനെ ആരു നോക്കും?

 

 

കടലാസില്‍ ഒരു കൂലി,
കൈയിലെത്തുന്നത് വേറെ

ഇതൊന്നും പെരുപ്പിച്ചു പറയുകയല്ല ഇവര്‍. ഇതൊക്കെ തന്നെയാണ് മറ്റു തുണിക്കടകളിലേയും സ്ഥിതി. കോഴിക്കോട്ടെ പ്രമുഖ തുണിക്കടയില്‍ 5000 രൂപ ശമ്പളം കൈപറ്റിയതായി കാണിക്കുന്ന വൌചര്‍ ഒപ്പിട്ടു നല്‍കണം. എന്നാല്‍ കൈയ്യില്‍ കിട്ടുന്നതോ വെറും 3000 രൂപയും. 8000 രൂപ വാഗ്ദാനം ചെയ്ത് ജോലിക്ക് കയറിയതിനുശേഷം വെറും 6500 രൂപയാണ് മറ്റൊരു തുണിക്കടയില്‍ നല്‍കുന്നത്. സഹപ്രവര്‍ത്തകരുമായി സംസാരിക്കാന്‍ അനുവാദമില്ലാതെ, ഒരുദിവസം മുഴുവനും ഒറ്റനില്‍പ്പ് നിന്ന്, ഒറ്റശ്വാസത്തില്‍ ഭക്ഷണം കഴിക്കേണ്ടിവരുന്ന, മൊബൈല്‍ ഫോണ്‍, ലാന്റ്ഫോണ്‍ തുടങ്ങി പുറംലോകവുമായി ബന്ധം ഉണ്ടാക്കുന്ന യാതൊരു സൌകര്യവും ഉപയോഗിക്കാന്‍ പറ്റാതെ തൊഴിലെടുക്കുന്നവര്‍ക്ക് നല്‍കുന്ന ശമ്പളമാണിത്.

കൂട്ടത്തില്‍ കാണാന്‍ കൊള്ളാവുന്നവരെ ഷോറുമിന്റെ മുന്നില്‍ അണിയിച്ചൊരുക്കി നിര്‍ത്തും, കസ്റ്റമറെ സ്വാഗതം ചെയ്യാന്‍. ഈ പെണ്‍കുട്ടികള്‍ക്ക് ഇരിക്കാന്‍ അനുവാദമില്ല.ഫ്ളോര്‍മാനേജറും എച്ച് ആര്‍ മാനേജരും, മാര്‍ക്കറ്റിങ് മാനേജരും, മുതലാളിയുമൊക്കെ ചേര്‍ന്നു വില്‍ക്കുന്ന പട്ടിന്റെ മൃദുലതയൊന്നും, പരസ്യങ്ങള്‍ നീട്ടിപ്പാടുന്ന മധുരം പുരട്ടിയ വാക്കുകളൊന്നും ഈ തൊഴിലാളികളോടുള്ള സമീപനത്തില്‍ കണികാണാന്‍ പോലും കിട്ടില്ല. ഇത് മനസിലാക്കാന്‍ ഒരു കമ്മ്യൂണിക്കേഷന്‍ തിയറിയും പഠിക്കേണ്ടതില്ല.

 

 

പെണ്ണുങ്ങള്‍ക്ക് മാത്രം
ദേഹപരിശോധന

ഇതൊക്കെയാണെങ്കിലും മാസത്തില്‍ രണ്ടുതവണ ലീവു കിട്ടാറുണ്ട് ഇവര്‍ക്ക്. പ്രത്യേകം ലീവു വേണമെങ്കില്‍ വീട്ടില്‍ നിന്നും മാതാപിതാക്കളോ, ഭര്‍ത്താവോ തന്നെ വന്നു പറയണം. അല്ലാ, നമ്മുടെ നാട്ടിലെ സ്ത്രികള്‍ക്കൊന്നും പ്രായപൂര്‍ത്തിയായില്ലേ ഇതുവരെ? ജോലിയെടുക്കുന്ന, പര്‍ചേസിങ് പവ്വറും, ഡിസിഷന്‍ മേക്കിങ് പവ്വറും ഒക്കെയുള്ള അവര്‍ക്ക് ലീവ് എടുക്കണമെങ്കില്‍ ഭര്‍ത്താവിന്റേയോ മാതാപിതാക്കളുടേയോ അനുവാദം വേണമെന്നു പറയുന്നതിന്റെ അര്‍ത്ഥമെന്താണ്. ശുദ്ധമലയാളത്തില്‍ പറഞ്ഞാല്‍, നെറികേടാണ്. ഇത്തരം സ്പോണ്‍സേര്‍ഡ് സദാചാരങ്ങളിലൂടെ, നമ്മുടെ നാട്ടിലെ സ്ത്രീകള്‍ വഴിപിഴച്ചുപോകാതിരിക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്ന നിസ്തുല സംഭാവനകള്‍ അപാരം തന്നെയാണ്.

ഡ്യൂട്ടികഴിഞ്ഞ് പോവുമ്പോള്‍ ഇവിടങ്ങളില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു ദേഹപരിശോധനുണ്ട്. പതിനായിരക്കണക്കിന് വിലവരുന്ന സപ്തവര്‍ണപ്പട്ടുകള്‍ ഈ പാവം സ്ത്രീകള്‍ തങ്ങളുടെ ഉടുവസ്ത്രത്തില്‍ ഒളിപ്പിച്ചുകടത്തുന്നുണ്ടോ എന്നുനോക്കാനാണത്രെ പരിശോധന. എന്നാല്‍ ഇവിടെ തൊഴിലെടുക്കുന്ന പുരുഷന്‍മാര്‍ സല്‍സ്വഭാവികളും സത്യസന്ധരുമാണത്രെ. ഈ നാട്ടിലെ ഓരോ ഓരോ ആചാരങ്ങളെ!

 

 

ലേഡീസ് ഹോസ്റ്റലിലെ
ഒളിക്യാമറകള്‍

പറഞ്ഞാല്‍ ഇനിയുമുണ്ട് എഴുതാന്‍. ജോലിക്ക് കയറുന്ന സമയത്ത് ഹോസ്റലില്‍ നില്‍ക്കണം എന്ന് കര്‍ശനമായി പറഞ്ഞിരുന്നെങ്കിലും ദിവസവും വീട്ടില്‍ പോയിവരുന്നവര്‍ 75 പേരെങ്കിലും ഉണ്ടാവും. ഇവര്‍ക്ക് രാത്രി എട്ടുമണിവരെയാണ് ജോലി. ഹോസ്റലില്‍ നില്‍ക്കുന്നവര്‍ക്ക് രാത്രി 11 വരെയും. ഭക്ഷണവും സൌജന്യ താമസസൌകര്യവും നല്‍കി മാനേജ്മെന്റുകള്‍ ചൂഷണം ചെയ്യുന്നത് ജീവനക്കാരുടെ സ്വകാര്യതയാണ്.

രണ്ടുവര്‍ഷം മുമ്പ് കോഴിക്കോട് ആരംഭിച്ച ബ്രഹ്മാണ്ഠ തുണിക്കടയുടെ ലേഡീസ് ഹോസ്റലില്‍ അടുത്തിടെയായി സി സി ടി വി ക്യാമറകള്‍ വയ്ക്കണമെന്ന് മാനേജ്മെന്റ് തീരുമാനിച്ചിരുന്നു. പകലുമുഴുവന്‍ ക്യാമറയിലൂടെയും അല്ലാതെയും തങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്ന മാനേജ്മെന്റിന് പെണ്‍കുട്ടികളുടെ രാത്രികളെയും നിരീക്ഷിക്കണമെന്നത് ചില അസുഖങ്ങളുടെ ലക്ഷണമാണ്.

ചില തൊഴിലാളികള്‍ ഇതിനെ എതിര്‍ത്തു. അവരില്‍ ഒരാള്‍ ഈയിടെ രാജിവയ്ക്കുകയും ചെയ്തു. മാനേജ്മെന്റിന് അനുയോജ്യരല്ലെന്നു കണ്ടാല്‍ നിര്‍ബന്ധിച്ച് രാജിവയ്പ്പിക്കുകയാണ് ഇവിടങ്ങളിലെ പതിവ്. അല്ലെങ്കിലും ചില സമയം മനുഷ്യര്‍ മനുഷ്യരേ അല്ലെന്നാണ് മറ്റു ചില മനുഷ്യരുടെ വിചാരം. പിന്നെയും എന്തിനു തുടരുന്നു എന്നു ചോദിച്ചാല്‍, ജീവിക്കേണ്ടേ മാഷെ എന്ന ഉത്തരം വരും ഞൊടിയിടയില്‍.

പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല, തുണിക്കട ഉദ്ഘാടനം ചെയ്യുന്നത് കരീനയായലെന്ത് കത്രീനയായാലെന്ത് ഇവിടെ ഓരോ പെണ്‍കുട്ടികളുടേയും സ്വപ്നം മനംമയക്കുന്ന മംഗല്യപ്പട്ടല്ല, പച്ചജീവിതമാണ്.

ഒരു വന്‍കിട ടെക്സ്റ്റയില്‍സിലെ ഷോപ്പിങ് അനുഭവത്തെക്കുറിച്ച് പഴയൊരു കുറിപ്പ്: അന്നമ്മക്കുട്ടി എഴുതുന്നു
ഒരു ഗ്രാന്റ് ഷോപ്പിങും വെറുതെ ചില പേടികളും

26 thoughts on “കരീന ആയാലെന്ത്? കത്രീന ആയാലെന്ത്?

 1. Can someone bring this article to the attention of the State government and local bodies? The concerned public has some sense of what is happening to the sales girls in super shopping centres; public intervention is what is lacking and called for. The unjust super managements should be brought to justice

 2. Saritha is really outstanding in her articles as always expected. I think this is another section of working poeple like nurses who are being exploited in all great textile shops and malls .
  An outbreak of protest is dormant out there …It is pathetic how , the most proletarian parties rather sidelines or not paying attention into this kind of atrocities even in Kerala.
  Reminded of Angaditheru ,the film that casted the real life of these workers..

 3. നന്നായി പറഞ്ഞിരിക്കുന്നു. ഭയങ്കര ശക്തിയുള്ള ഇടതുപക്ഷമുള്ള ഒരു സ്റ്റേറ്റാരുന്നല്ലോ കേരളം. ഈ പെൺകുട്ടികളുടെ കാര്യത്തിൽ യൂണിയനൊന്നും ഇല്ലേ? രാഷ്ട്ര്രിയക്കാരും.

  പാലിയക്കര റ്റോൾഗേറ്റ് സമർത്തിലും യൂണീയൻ കാരുടെ സാന്നിധ്യമില്ലാ എന്നാണറിവ്.

  ഭയങ്കര മൊതലാളിത്ത സ്റ്റേറ്റായല്ലോ കേരളം.:)

  നേഴ്സുമാരു തുടങ്ങിവച്ചത് നല്ല ഒരു തുടക്കമാകട്ടെ.

 4. ഈ പണ്ടാരം പട്ട് കടകൾ പൊളിച്ചടുക്കാൻ സമയമായി.

 5. ആദ്യമായാണ് നാലാമിടത്തിലെ ഒരു വായന, മനോഹരമായിരിക്കുന്നു ഈ എഴുത്ത്. രാവിലെ എപ്പോഴോ ഇങ്ങനെയൊരു കോളം തുടങ്ങുന്നു എന്നൊരു പരസ്യം ‘മുഖപുസ്തക’ത്തില്‍ കണ്ടിരുന്നു. എന്തായാലും വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഈ ഒരു ദുരിത മുഖം അല്ലാതെ മറ്റൊരു മുഖം കൂടെ ഉണ്ടോ എന്ന് അന്വേഷിക്കാന്‍ കൂടി ശ്രമിക്കുക. ആശംസകള്‍….

 6. Well written… There should be some rules to control all this mental / physical harassment’s against women..

 7. chechi.. ee blogil njan vaayichathu.. angadi theruvu enna tamil fimile same story pole undalo… any similarities??

 8. Dear Saritha,

  Have you seen the tamil movie “Angadi theru”?

  That movie is the best portrait of such melancholy voices.

 9. interesting article. but there is room for improvement: one gets the feeling that the important points get diluted by extraneous/exaggerated comments. here are a few instances:

  “ഈ നാട്ടിലെ പകുതിയോളം പെണ്‍പിള്ളേരെങ്കിലും ഇത്തരം പട്ടുസാരികള്‍ വില്‍ക്കുന്ന കടകളിലെ സെയില്‍സ് ഗേളുകളാണ് എന്നതാണ് വാസ്തവം.” — half?! that sounds like an exaggeration.

  “9.30 തുടങ്ങുന്ന ജോലി അവസാന കസ്റമര്‍ എപ്പോള്‍ ഷോറൂം വിട്ടു പോകുന്നോ അപ്പോള്‍ മാത്രമേ തീരാവൂ. അത് 12 മണിയായലും അങ്ങിനെത്തന്നെ.” — you should mention how often it gets that late. if this happens just once a while, it may not be such a serious problem.

  “ലേഡീസ് ഹോസ്റലില്‍ അടുത്തിടെയായി സി സി ടി വി ക്യാമറകള്‍ വയ്ക്കണമെന്ന് മാനേജ്മെന്റ് തീരുമാനിച്ചിരുന്നു.” — it depends on where in the hostel the cameras are. it seems alright to have cameras in public places of the hostel for security against intruders and such.

  there are some serious points raised here (low wages and the discrepancy in advt’ed wages vs. actual wages, difficult working conditions, apparent discrimination against women). but i think it is important to stick to solid issues and not make it sound like you are complaining indiscriminately. also, it is important for the readers that you interview the management and present their response to the allegations.

  • ആഹ് ആരെങ്കിലുമൊക്കെ രക്തസാക്ഷിയാകും വരെ ഇങ്ങനെയൊക്കെ പറയാം

 10. അസംഘടിതരായ തൊഴിലാളികളില്‍ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്നവരാണ് സെയില്‍സ് ഗേള്‍സ്. കൃത്യമായ് ജോലിസമയമോ ഇടവേളകലോ അവധികളോ നല്‍കാതെ സ്ഥാപനങ്ങള്‍ ഇവരെ ചൂഷണം ചെയ്യുന്നത് ഭരണകര്‍ത്താക്കള്‍ കണ്ടില്ലെന്നു നടിക്കുകയാണ് .പരസ്യമായി തൊഴില്‍ നിയമങ്ങള്‍ ലങ്ഘിക്കപ്പെട്ടിട്ടും ചോദിക്കാനും പറയാനും ആരുമില്ല.സരിത നന്നായെഴുതി.പലപ്പോഴും സിനിമയേക്കാളും വിചിത്രവും അവിശ്വസനീയവുമാണ്ചില ജീവിതങ്ങള്‍ . അത് നേരിട്ട് കണ്ടാലും സമ്മതിച്ചു തരില്ല ചിലര്‍ . അത് കൊണ്ടാണല്ലോ ഇങ്ങനെയൊക്കെ സംഭവിക്കുന്നത്‌
  .

 11. nice article.But when nurses are getting 3000 rupees per day those who are less educated are getting atlest 5-6 k per month!.

  CCTV camera is good if its placed in corridors or some public places where it gives safety for these girls.if some guy enters the place it can be recorded.If its in their private places or rooms then it has to be stopped.so please mention the place where its places before just telling abt cctv as a bad object or something which is going to do some harm.please learn about cctv camera.there is no problem in lunch line arrangement as mentioned in this article its happening for even top management or owners as well for almost all human beings working in private sectors(kindly learn about ppl working in gulf ,how much rest and facilities they are getting).

  If these shops are not coming up and not giving job,how these girls will survive???govt can provide then job??..when they join the firm it is clear that they have to reach the work place at right time and every kid knows how garment shops works allover the world.when there is customer noone cal close the shop.even the author of this article will get angry if someone close shop and tell them to leave if they are doing shopping!!
  Checking the employees before leaving is needed in a textile and jwellry shop ,you can think ppl can steal items easily in these shops.dont say that employees wont steal!!

  so instead of finding only faults and issues,please see the positive sides also and try to rectify negative things by informing the concerned officials.

 12. സരിതയുടെ പുതിയ കോളം ഗംഭീരം. ആദ്യ വായന മനോഹരമായി. ഇത്തരം ഇടപെടലുകള്‍ ചിലഅപൂര്‍വ്വം പെണ്‍ജേര്‍ണലിസ്റ്റുകളില്‍ നിന്നേ ഉണ്ടാകുന്നുവെങ്കിലും വളരെ ആശാവഹമാണ്. സരിതക്കും നാലാമിടത്തിനും അഭിനന്ദനങ്ങള്‍

 13. അഭിനന്ദനങ്ങള്‍. നഴ്‌സിംഗ് രംഗത്തുണ്ടായതുപോലുള്ള ഇടപെടലുകളിലേക്ക് നയിക്കപ്പെടാന്‍ ഇത്തരം ശ്രമങ്ങള്‍ കാരണമാകട്ടെ

 14. ഇവിടെ ചര്‍ച്ചകള്‍ ഇല്ല.. നീതി ബോധാമുണരില്ല.. എന്തിനു ആര്‍ക്കും താത്പര്യമില്ല.. പരസ്യങ്ങളല്ലേ വന് വീഴുന്നത്..!!
  ഇത്തരം ഇടപെടലുകളാണ് സമൂഹത്തിന്റെ സ്വത്വ ബോധത്തെ ഉണര്‍ത്താന്‍ ആവശ്യം..

  Congrats!

 15. സെയില്‍സ് ഗേള്‍സിന് മൂത്രമൊഴിക്കാന്‍ സ്ഥലമില്ലാത്തത് വലിയ പ്രശ്നമാണ്. ആണുങ്ങളാവുമ്പോള്‍ ഈ സ്ഥലങ്ങളില്‍ ബാത്രൂമില്ലെങ്കിലും വഴിയില്‍ നിന്ന് മൂത്രമൊഴിക്കാമല്ലോ. പെണ്ണുങ്ങളെന്ത് ചെയ്യും? അവര്‍ ചായ കുടിക്കാന്‍ അടുത്തുള്ള ഹോട്ടലില്‍ പോകുമ്പഴാണ് മൂത്രമൊഴിക്കുന്നത് എന്നാണ് കേട്ടത്. പീര്യഡ്‌സിന്റെ സമയത്തൊക്കെ എന്താണ് ചെയ്യുക എന്നെനിക്കറിയില്ല. ഇവിടെ പെണ്‍കൂട്ട് വഴി മിഠായിത്തെരുവില്‍ മൂത്രപ്പുരകള്‍ സ്ഥാപിക്കാനുള്ള ശ്രമമൊക്കെയുണ്ടായിരുന്നു. എന്തായി അതെന്നറിയുമോ?

 16. മധുര സ്വപ്നങ്ങളില്‍ ലക്ഷ്മിയാവാന്‍ അടുത്ത വീട്ടിലെ ഒരു പാവം പെണ്‍കുട്ടി പോയിരുന്നു…8000 രൂപ പറഞ്ഞെങ്കിലും..കിട്ട്യേത്‌ 5 മാത്രം..സവ്ജന്യ ഭക്ഷണം ഉണ്ടേ.. രാവിലെ ഒരേ ഒരു കപ്പു ചായ.പലഹാരം ഒന്നും ഇല്ല…എല്ലാ പെണ്‍കുട്ട്യോളും മുഴു പട്ടിനിയാനെത്രേ…

Leave a Reply

Your email address will not be published. Required fields are marked *