മാജിദ് മജീദിയുടെ സ്വര്‍ണ മീനുകള്‍ 

 
 
 
പ്രമുഖ ഇറാനിയന്‍ സംവിധായകന്‍ മാജിദ് മജീദിയുടെ സിനിമകളിലെ ആത്മീയ ഭാവങ്ങളെക്കുറിച്ച കുറിപ്പിന്റെ രണ്ടാം ഭാഗം.
 

ഓരോ സിനിമയും അവസാനിക്കുമ്പോള്‍ മാജിദി പങ്കുവെക്കുന്ന ശുഭാപ്തി വിശ്വാസം അയാളുടെ കലാദര്‍ശനത്തിന്റെ കൂടി ഭാഗമാണ്. തോല്‍ക്കുമ്പോഴും നഷ്ടപ്പെടുമ്പോഴും പിരിഞ്ഞുപോകുമ്പോഴും ബാക്കി കിട്ടുന്ന ഒരു നന്‍മയെ, പ്രതീക്ഷയെ സ്വപ്നത്തെ അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. സാധാരണ ജീവസന്ധാരണപരമായ സ്വാര്‍ത്ഥ ചിന്തകളോടെ കഴിയുന്ന മനുഷ്യര്‍ കടുത്ത ഇല്ലായ്മകളിലും പ്രകടിപ്പിക്കുന്ന പങ്കുവെയ്ക്കലുകള്‍ വഴി സ്നേഹം ജീവിതത്തിനുണ്ടാക്കിത്തീര്‍ക്കുന്ന സൌന്ദര്യത്തെ കാണിച്ച് അദ്ദേഹം കൊതിപ്പിക്കുന്നു. മനുഷ്യന്റെ ആന്തരിക പരിവര്‍ത്തനങ്ങളുടെ കഥയാണ് മാജിദിയുടെ ഏതാണ്ടെല്ലാ സിനിമകളും. ആ അര്‍ത്ഥത്തിലും അയാള്‍ മൂവി ക്യാമറയേന്തിയ സൂഫിയാണെന്ന് പറയാം-പ്രമുഖ ഇറാനിയന്‍ സംവിധായകന്‍ മാജിദ് മജീദിയുടെ സിനിമകളിലെ ആത്മീയ ഭാവങ്ങളെക്കുറിച്ച കുറിപ്പിന്റെ രണ്ടാം ഭാഗം. എം. നൌഷാദ് എഴുതുന്നു
 
ആദ്യ ഭാഗം: മൂവി ക്യാമറയുമായി ഒരു സൂഫി

 

 

സെപ്തംബര്‍ 11നുശേഷം അഭയാര്‍ത്ഥികളും ഭീകരവാദികളുമായി മാത്രം കാണപ്പെട്ട ഒരു ജനസഞ്ചയത്തിന്റെ ദുരിതമയവും അഗാധവുമായ നിശãബ്ദതയാണ് ‘ബാരാനി’ലെ റഹ്മത്തിന്റേത്. സൂഫി പാരമ്പര്യങ്ങളുടെ വീക്ഷണകോണില്‍ വ്യാഖ്യാനിച്ചാല്‍, അവള്‍ മറഞ്ഞു കിടക്കുന്ന നിധിയാണ്. വേഷപ്രച്ഛന്നയായ ഗുരുവാണ്. സ്നേഹത്തിന്റെ പൊരുളിലേക്കു നയിക്കുകയും അതുവഴി ഒരു മനുഷ്യനെ, ഒരു ആവാസ വ്യവസ്ഥയെ സമൂലം നവീകരിക്കുകയും ചെയ്യുന്ന ആത്മജ്ഞാനമാണ്.

അവളെ തിരിച്ചറിയുന്നതിനുമുമ്പ് കോപാകുലനായി അവന്‍ എറിഞ്ഞുടച്ച പാത്രങ്ങളാല്‍ വികലമായ ആ ചെറിയ അടുക്കളയെ എത്ര സ്വാസ്ഥ്യത്തോടെയും ശാന്തിയോടെയുമാണ് അവള്‍ പുതുക്കിപ്പണിയുന്നത്. ജീവിതത്തിന്, ഉണര്‍വിന്, സ്നേഹത്തിന് ഒരു പുതിയ സാധ്യത തുറന്നുകൊടുത്ത് അവള്‍ അപ്രത്യക്ഷയാവുന്നു. തുടര്‍ന്ന് അവളെ അന്വേഷിച്ചുള്ള ലത്തീഫിന്റെ യാത്രകള്‍ അവളെ അന്വേഷിച്ചുള്ളതു മാത്രമാണോ? അവളുടെയും പരിക്കേറ്റു കഴിയുന്ന പിതാവിന്റെയും ക്ഷേമത്തിനുവേണ്ടി അയാള്‍ വില്‍ക്കുന്ന ഐഡന്റിറ്റി കാര്‍ഡ് രാഷ്ട്രീയാര്‍ത്ഥത്തിലുള്ള ഒരു രേഖയയല്ലെന്നും പറയാം. ‘അഹ’ത്തെ, സ്വന്തം അസ്തിത്വത്തെ ഉപേക്ഷിക്കുന്ന, സ്നേഹത്തിനുവേണ്ടി പരമമായി സമര്‍പ്പിക്കുന്ന ദിവ്യാനുരാഗത്തിന്റെ ഓളങ്ങള്‍ ഇവിടെ അലതല്ലുന്നുണ്ട്. സ്വന്തം കഷ്ടപ്പാടുകളുടെ സമ്പാദ്യമത്രയും, ജോലിദാതാവിന്റെ വകയാണെന്ന് തെറ്റിദ്ധരിപ്പിച്ച്, തന്നോടുള്ള കടപ്പാടോ സ്നേഹത്തിന്റെ തിരിച്ചുകിട്ടലോ പ്രതീക്ഷിക്കാതെ എന്നേക്കുമായി പിരിഞ്ഞുപോവുന്ന ഒരുവളുടെ കുടുംബത്തിനു കൊടുക്കുന്ന പ്രവൃത്തിയെ ഏതു യുക്തി കൊണ്ടളന്നാലാണ് നമുക്ക് മനസ്സിലാവുക? സ്നേഹത്തില്‍നിന്ന്, ഉദാരതയില്‍നിന്ന് മാത്രം സിദ്ധിക്കുന്ന ആന്തരിക വിശുദ്ധിയെ, ആത്മീയ വളര്‍ച്ചയെ അനേകം ബിംബ കല്‍പ്പനകളിലൂടെ മാജിദ് മജീദി ധ്വനിപ്പിക്കുന്നത് വാക്കുകള്‍ക്ക് പറയാവുന്നതിലധികമാണ്.

 

ബാരാന്‍


 

വിവേകത്തിന്റെ ഉറവുകള്‍
മജീദിയുടെ കഥാപാത്രങ്ങള്‍ വാല്‍സല്യത്തിന്റെയും വിവേകത്തിന്റെയും ഉറവുകളാണ്. ‘ഫാദറി’ല്‍ തന്റെ പുതിയ ഭര്‍ത്താവിനോട് കേവല അഹംബോധത്താല്‍ തര്‍ക്കിക്കുന്ന മകനെ വിധവയായ ഉമ്മ നേരിടുന്നത് ഓര്‍ക്കുക.

‘വില്ലോ ട്രീ’യിലെ പ്രൊഫസറുടെ ഉമ്മയെ നോക്കുക. മകന്റെ ഭാഗ്യനിര്‍ഭാഗ്യങ്ങളെ, ബാഹ്യാര്‍ത്ഥത്തിനപ്പുറത്തേക്ക് തിരിച്ചറിയുന്ന ഉള്‍ക്കണ്ണ് അവരിലുമുണ്ട്. അന്ധതയെ ഒരു രൂപകം എന്ന അര്‍ത്ഥത്തില്‍ മാജിദി ഏറ്റവും സാര്‍ത്ഥകമായി ഉപയോഗിച്ചത് ‘വില്ലോ ട്രീയിലാണ്’ റൂമി കവിതകള്‍ പഠിപ്പിക്കുന്ന പ്രൊഫസര്‍ പാരീസിലെ ശസ്ത്രക്രിയക്കുശേഷം കാഴ്ച കിട്ടി നാട്ടിലത്തുെന്ന ആ ഒരൊറ്റ രംഗം അയാളുടെ നിരാശയെ, ആശയക്കുഴപ്പങ്ങളെ, ധര്‍മ സങ്കടങ്ങളെ, വാചാലമായി പ്രതിഫലിപ്പിക്കുന്നു. ഇല്ലാതിരുന്ന കാഴ്ച ഒരു നാള്‍ കൈവരുന്നതിനേക്കാളും നിരാശപ്പെടുത്തുന്ന എന്തനുഭവമാണ് ലോകത്തുള്ളത്? അതുവരെയുണ്ടായിരുന്ന നിറങ്ങള്‍, കാഴ്ചകള്‍, സൌന്ദര്യങ്ങള്‍ വെളിച്ചത്തിന്റെ വരവോടെ എത്ര ചെറുതായിപ്പോവുന്നു .

വെറുതെയാവില്ലല്ലോ സൂഫികള്‍ അവരുടെ സ്നേഹ പാരമ്യങ്ങളില്‍ അന്ധതക്കുവേണ്ടി പ്രാര്‍ത്ഥിച്ചത്. ദൈവത്തെ കാണാനാവാത്ത കണ്ണെന്തിനാണെന്ന്, പരമസൌന്ദര്യത്തെ നോക്കുന്നതില്‍നിന്ന് തടയുന്ന ശുഷ്കസൌന്ദര്യങ്ങളെന്തിനെന്ന് പശ്ചാത്താപത്തിന്റെ അനാഥത്വത്തില്‍ നമ്മുടെ പ്രൊഫസറും തിരിച്ചറിയുന്നുണ്ട്. അതിനുംമുമ്പ് എന്തെന്ത് സൌന്ദര്യങ്ങളാണ് അയാളെ നിരന്തരം പ്രലോഭിപ്പിക്കുന്നത്!

അയാള്‍ കാണുന്നതു മുഴുവന്‍ ലോകത്തിന്റെ കുടിലതകളും വഞ്ചനകളും പതിയെപ്പതിയെ മടുപ്പുതോന്നുന്ന കേവല ലാവണ്യങ്ങളും മാത്രം. റൂമിയെ പഠിപ്പിക്കുന്നവനായിട്ടു കൂടി അയാള്‍ അവയിലൊക്കെ അഭിരമിക്കുന്നു. കാലുതെറ്റിവീണ് മലിനനാകുന്നു. ദൈവവുമായി അനന്തകാലം തൊട്ടേ നടത്തിവന്നിരുന്ന അയാളുടെ ആത്മ സംഭാഷണങ്ങള്‍ അതോടെ അസ്തമിക്കുന്നു. ഭാര്യയും മകളും മാതാവും അകലാന്‍ മാത്രം അയാള്‍ കളങ്കിതനാവുന്നു. എയര്‍പോര്‍ട്ടില്‍ തന്നെ സ്വീകരിക്കുന്നതിനായി തറയിലേക്കു വന്നു വീഴുന്ന അനേകം പൂക്കള്‍ക്കിടയിലൂടെ കാഴ്ച കിട്ടിയ പ്രൊഫസര്‍ തിരിച്ചത്തുന്ന വേളയില്‍ അയാളുടെ സഹപ്രവര്‍ത്തകയും ശിഷ്യരും ഗ്ളാസിനിപ്പുറംകൂടി ആഹ്ളാദപൂര്‍വം എതിരേല്‍ക്കുമ്പോള്‍ തന്റെ പ്രിയപ്പെട്ടവരായ ഇവരോരുത്തരും ആരൊക്കെയാണെന്ന് തിരിച്ചറിയാനാവാതെ, വിഡ്ഢിയെപ്പോലെ നിസ്സാരനായി നില്‍ക്കുന്ന പ്രൊഫസര്‍ കാഴ്ച കൊണ്ടു കണ്ണുതള്ളിപ്പോയ നമ്മെത്തന്നെ ഓര്‍മ്മപ്പെടുത്തുന്നില്ലേ.

അയാളുടെ കണ്ണുകള്‍ സുന്ദരികളായ സ്ത്രീകളുടെ ചിരികളില്‍ തങ്ങിനിന്നുപോവുന്നത് ശ്രദ്ധിച്ചുവോ. ഭാര്യയെ, ഉമ്മയെ, മകളെ, അയാള്‍ കണ്ടെത്തിയെടുക്കാന്‍ ശ്രമിക്കുന്നു. അവിടെ സങ്കടം നിറഞ്ഞ മുഖവുമായാണ് അയാളുടെ ഉമ്മ നില്‍ക്കുന്നത് എന്നത് ഏറെ അര്‍ത്ഥവത്താണ്. ആ ചിരിക്കൂട്ടത്തിനിടയില്‍ ഏതൊരാളും മറ്റെങ്ങിനെയാണ് സ്വന്തം ഗര്‍ഭപാത്രത്തെ തിരിച്ചറിയുക?

അവിവേകവും അതിമോഹവും കൊണ്ട് ഏറ്റവും പ്രിയപ്പെട്ടതൊക്കെയും ഏറ്റവും സ്ഥായിയായതൊക്കെയും പിരിഞ്ഞുപോയിക്കഴിഞ്ഞശേഷം അയാള്‍ക്ക് പാരീസിലെ ആശുപത്രിയില്‍വെച്ചുകിട്ടിയ സുഹൃത്തിന്റെ ഒരു കത്തു വരുന്നുണ്ട്. ‘ നിന്റെ കണ്ണുകള്‍ ഈ ലോകത്തിന്റെ കാഴ്ച കണ്ടു. സംതൃപ്തമായോ?’ എന്നാണതിലെ കാതലായ അന്വേഷണം. കാഴ്ച നഷ്ടപ്പെട്ടുകഴിഞ്ഞപ്പോഴാണ് അതുവരെ കണ്ടതിനപ്പുറത്തേക്ക് തനിക്ക് കാഴ്ച കിട്ടിയെതെന്ന് ആ സുഹൃത്ത് എഴുതുന്നു.

ഒടുവില്‍ പ്രൊഫസര്‍ക്കും കാഴ്ച നഷ്ടപ്പെടുകയും അയാള്‍ ദൈവവുമായുള്ള തന്റെ സംഭാഷണങ്ങള്‍ പുനരാരംഭിക്കുകയും ചെയ്യുന്നിടത്ത് സിനിമ തല്‍ക്കാലം തീരുന്നു. തന്റെ സിനിമകളില്‍ ദൃശ്യപരമായ ബിംബകവനങ്ങള്‍ക്ക് മസ്നവിയെയും ഇതര പേര്‍ഷ്യന്‍ മിസ്റിക് കാവ്യങ്ങളെയും പ്രചോദനമായി കാണുന്ന മജീദി ‘വില്ലോ ട്രീ’യില്‍ മസ്നവിയെ നേരിട്ടു പരാമര്‍ശിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

 

വില്ലോ ട്രീ


 

ജൈവ സ്വാതന്ത്യ്രം
മാനവികതയുടെ നിലനില്‍പ്പിനുവേണ്ട സാഹോദര്യബോധത്തെ, നിഷ്കളങ്ക സ്നേഹത്തെ, പ്രകൃതിയുമായുള്ള അധീശത്വപരമല്ലാത്ത പാരസ്പര്യത്തെ ഒക്കെ ഈ സൂഫി ചലച്ചിത്രകാരന്‍ നിരന്തരം അടയാളപ്പെടുത്തുന്നു. ‘ഫാദര്‍’, ‘കളര്‍ ഓഫ് പാരഡൈസ്’, ‘സോങ് ഓഫ് ദ സ്പാരോസ്’ എന്നീ ചിത്രങ്ങളില്‍, പ്രകൃതിയുടെ നിറഞ്ഞ സാന്നിധ്യമുണ്ട്. ഒട്ടകപ്പക്ഷി, കുരുവി, സ്വര്‍ണ മല്‍സ്യം തുടങ്ങിയവയുടെ ജൈവ സ്വാതന്ത്യ്രത്തെ ഊന്നിപ്പറയുന്നു ‘ സോങ് ഓഫ് സ്പാരോസ്’.

നമുക്കു മാത്രമായി നിലനില്‍ക്കുക സാധ്യമല്ലാത്ത ഒരു ലോകത്തെപ്പറ്റിയുള്ള നിഷ്കളങ്ക ബോധ്യത്താലാണ് ആ കുട്ടികള്‍, പാടുപെട്ട് വാങ്ങിയ വളര്‍ത്തുമല്‍സ്യങ്ങളെ, പാതിവഴിക്കുപൊട്ടിപ്പോയ വീപ്പയില്‍നിന്ന്, തെരുവില്‍ ചിതറിപ്പോയിട്ടും ചത്തുപോവാതിരിക്കാന്‍ മാത്രം, തോട്ടിലെ ഒഴുക്കിലേക്ക് ഒഴുക്കിവിടുന്നത്. അവിചാരിതമായി വീപ്പപൊട്ടി വഴിയില്‍ ചിതറിയ സ്വര്‍ണ മീനുകളെ, എങ്ങനെ വീട്ടിലെ കുളത്തിലത്തിെക്കുമെന്നൊരു പിടിയുമില്ലാതെ ഏതാനും നിമിഷങ്ങള്‍ അന്തംവിട്ടു നിന്ന ശേഷം അവര്‍ കണ്ണീരോടെ തൊട്ടടുത്ത തോട്ടിലേക്കൊഴുക്കി വിടുന്നു. എന്നിട്ട് ഒരു മീനിനെ മാത്രം പ്ളാസ്റിക് കവറിലാക്കി കൊണ്ടുപോയി, അനേകം മീനുകള്‍ക്ക് പെരുകാന്‍ വേണ്ടി അവര്‍ ദിവസങ്ങളെടുത്ത് തയ്യാറാക്കിവെച്ച കുളത്തിലേക്കിടുന്നു.

 

ഫാദര്‍


 

ബാക്കിയാവുന്ന നന്‍മ
നഷ്ടങ്ങളുടെ മടക്കയാത്രയില്‍ അതുവരെ പരുക്കനായിരുന്ന, മാജിദ് മജീദിയുടെ പ്രിയപ്പെട്ട നടന്‍, റിസാ നാജി കുട്ടികളിലൊരാളുടെ മുറിവ് തൂവാല കീറി കെട്ടിക്കൊടുത്തശേഷം പാടുന്നുണ്ട്, ‘ഈ ലോകം ഒരു വലിയ നുണയാണ്, ഈ ലോകം ഒരു പാവം കിനാവാണ്’ എന്ന്.

പരുക്കനായ ആ മനുഷ്യന്റെ കാഴ്ചപ്പാടുകളെ തിരുത്തുന്നു, തിരുത്തിപ്പുതുക്കുന്നു ആ കുട്ടികള്‍. അയാള്‍ പിന്നീട് നഷ്ടപ്പെട്ടുപോയ ഒട്ടകപ്പക്ഷിയെച്ചൊല്ലിയല്ല വിലപിക്കുന്നത്. അതിനെ തിരിച്ചു കിട്ടുമ്പോള്‍ അതിനില്ലാതായിപ്പോകുന്ന ഭൂതലങ്ങളെയും ആകാശങ്ങളെയും കുറിച്ചോര്‍ത്താണ്. ഗ്രാമത്തിന്റെ സ്വാസ്ഥ്യത്തില്‍നിന്ന് ഉപജീവനാര്‍ത്ഥം നഗരത്തിലേക്ക് മാറിയപ്പോള്‍ അയാള്‍ നേരിട്ട ധര്‍മ സങ്കടങ്ങളുടെ, നൈതികവ്യഥകളുടെ സാര്‍ത്ഥകമായ പരിസമാപ്തിയാണ് ഈ മന:പരിവര്‍ത്തനം. ഇത്തരം കഥാര്‍സിസുകള്‍ക്കുവേണ്ടിയാണ് മജീദി ഓരോ സിനിമയും പറയുന്നതെന്നു തോന്നുന്നു. ഭൌതികാര്‍ത്ഥത്തില്‍ തോല്‍ക്കുമ്പോഴും ജയിച്ചുനില്‍ക്കുന്ന മനുഷ്യമനസ്സിന്റെ നൈതികതയുടെ സാംസ്കാരികോര്‍ജങ്ങള്‍ മജീദി പാത്രകല്‍പ്പനകളിലെ പൊതുരീതിയാണെന്നു പറയാം.

ഓരോ സിനിമയും അവസാനിക്കുമ്പോള്‍ മാജിദി പങ്കുവെക്കുന്ന ശുഭാപ്തി വിശ്വാസം അയാളുടെ കലാദര്‍ശനത്തിന്റെ കൂടി ഭാഗമാണ്. തോല്‍ക്കുമ്പോഴും നഷ്ടപ്പെടുമ്പോഴും പിരിഞ്ഞുപോകുമ്പോഴും ബാക്കി കിട്ടുന്ന ഒരു നന്‍മയെ, പ്രതീക്ഷയെ സ്വപ്നത്തെ അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

സാധാരണ ജീവസന്ധാരണപരമായ സ്വാര്‍ത്ഥ ചിന്തകളോടെ കഴിയുന്ന മനുഷ്യര്‍ കടുത്ത ഇല്ലായ്മകളിലും പ്രകടിപ്പിക്കുന്ന പങ്കുവെയ്ക്കലുകള്‍ വഴി സ്നേഹം ജീവിതത്തിനുണ്ടാക്കിത്തീര്‍ക്കുന്ന സൌന്ദര്യത്തെ കാണിച്ച് അദ്ദേഹം കൊതിപ്പിക്കുന്നു. മനുഷ്യന്റെ ആന്തരിക പരിവര്‍ത്തനങ്ങളുടെ കഥയാണ് മാജിദിയുടെ ഏതാണ്ടെല്ലാ സിനിമകളും. ആ അര്‍ത്ഥത്തിലും അയാള്‍ മൂവി ക്യാമറയേന്തിയ സൂഫിയാണെന്ന് പറയാം.

(അവസാനിച്ചു)

ആദ്യ ഭാഗം: മൂവി ക്യാമറയുമായി ഒരു സൂഫി

4 thoughts on “മാജിദ് മജീദിയുടെ സ്വര്‍ണ മീനുകള്‍ 

  1. വില്ലോ ട്രീയിൽ ദേശാന്തരഗമനത്തെക്കുറിച്ച് സട്ടിലായ ചില നിരീക്ഷണങ്ങളുമുണ്ട്. കാഴ്ച ഒരു രൂപകം കൂടിയാണ്. അയാൾക്ക് കാഴ്ച ഉണ്ടാകാൻ വിദേശത്തേയ്ക്ക് പോകേണ്ടി വരുന്നു. സ്വദേശത്ത് അയാൾക്ക് കാഴ്ചയില്ല. അന്ധനായിരിക്കുമ്പോഴാണ് അയാൾ ആത്മീയതയിലേക്ക് പോകുന്നത്. കാഴ്ചയുള്ളപ്പോൾ ആത്മീയതയെ അയാൾ അകലത്തിൽ നിർത്തുന്നു. വില്ലോ ട്രീ ഇറാനിൽ കാണാറുള്ള വൃക്ഷമല്ല എന്നതും ചേർത്തു വായിക്കണം. (ഒരു ഇറാനിയൻ സുഹൃത്തിനൊപ്പമാണു വില്ലോ ട്രീ കണ്ടത്. നമുക്ക് പിടി കിട്ടാത്ത പല അർത്ഥങ്ങളും ആ സുഹൃത്ത് വിശദീകരിച്ച് തന്നിരുന്നു.)

  2. മാജിദ് മജീദി കേരളത്തിലെഫെസ്റ്റിവൽ പ്രേക്ഷകരുടെ ഇടയിൽ പോപുലറാകുമ്പൊഴും കിയരോസ്താമി അത്രകണ്ട് പ്രിയങ്കരനാകാത്തത് കേരളത്തിലെ ഫെസ്റ്റിവൽ കാഴ്ചകളുടെ സ്വഭാവത്തെക്കുറിച്ചും ഫെസ്റ്റിവൽ പ്രേക്ഷകരുടെ അഭിരുചികളെക്കുറിച്ചും ചില സൂചനകൾ നൽകുന്നുണ്ട്.

    ഒരു പ്രധാന പാറ്റേൺ, ഋജുവായതും ആദിമധ്യാന്തപ്പൊരുത്തം ഉപരിപ്ലവമായെങ്കിലും തോന്നിക്കുന്നതുമായ നറേറ്റീവ് പടങ്ങളിലാണ് (കൂടെ, ഭംഗിയുള്ള ചിത്രീകരണം എന്നു കൂടിയായാൽ പൂർണമായി) മലയാളിക്ക് കണ്ണ് എന്നാണ്. അതിൽ കോമ്പ്ലിക്കേഷനുകൾ ഉണ്ടായാൽ തീർന്നു. ആശയപ്രധാനമായ, സിനിമയുടെ മാജിക് കാപ്ചർ ചെയ്യുന്ന സിനിമകളൊന്നും കേരളത്തിലെ ഫെസ്റ്റിവലുകൾ ആഘോഷിക്കപ്പെട്ടതായി കണ്ടിട്ടില്ല. യഥാർത്ഥത്തിൽ, മീഡിയോക്രിറ്റിയെ ആരാധിക്കുന്ന പത്രമെഴുത്തുകാരല്ലേ മാജിദ് മജീദിയെ ഒക്കെ കേരളത്തിലെ ഫെസ്റ്റിവൽ പ്രേക്ഷകരുടെ ഇടയിൽ പോപുലറാക്കിയത്?

Leave a Reply

Your email address will not be published. Required fields are marked *