മഴമേഘങ്ങള്‍ക്കൊപ്പം തിരുനെല്ലിയിലേക്ക്

 
 
 
തിരുനെല്ലിയിലേക്ക് മഴമേഘങ്ങള്‍ക്കൊപ്പം ഒരു യാത്ര. പ്രസാദ് രാമചന്ദ്രന്‍ എഴുതുന്നു
 

പുഴയിലെ വെള്ളത്തിന് തണുപ്പേറിവരുന്നു. രാത്രിയിലെ കുളി ഒരു ദിവസത്തെ യാത്രാക്ഷീണം മുഴുവന്‍ ഒഴുക്കിക്കളഞ്ഞു. മഴ വീണ്ടും കനക്കുകയാണ്. മരങ്ങളില്‍ നിന്ന്, പുല്ലുമേഞ്ഞ മേല്‍ക്കൂരയില്‍ നിന്ന് ഇറ്റിവീഴുന്ന നീര്‍ത്തുള്ളികളുടെ ജലതരംഗം. കേട്ടുകേട്ടിരിക്കാന്‍ എന്തുരസം. മഴയുടെ ശബ്ദം ലോകത്തെ എത്രമാത്രം മോഹിപ്പിക്കുന്നു എന്നറിയാന്‍ യൂ ട്യൂബില്‍ ‘റെയിന്‍’ എന്ന് സെര്‍ച്ച് ചെയ്ത് നോക്കിയാല്‍ മതി. ചെറിയ ഇടിയുടെ അകമ്പടിയോടെ പെയ്യുന്ന മഴ ശബ്ദം മാത്രം റെക്കോര്‍ഡ് ചെയ്ത വീഡിയോ ഇതുവരെ ഒരു കോടിയിലധികം ആളുകള്‍ സന്ദര്‍ശിച്ചുകഴിഞ്ഞിരിക്കുന്നു. ഏതു പാട്ടിന്റെയും പശ്ചാത്തലത്തിലും ഈ മഴശബ്ദം കൂടി കേള്‍ക്കുന്നത് പ്രത്യേകമായ അനുഭൂതിപകരുമെന്നും പേജില്‍ അവകാശവാദമുണ്ട്. സംഗതി സത്യമാണെന്ന് കേട്ടപ്പോള്‍ ബോധ്യംവന്നിരുന്നു. പക്ഷേ ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത് വെര്‍ച്വല്‍ റിയാലിറ്റിയല്ല. ശരിക്കും കാട്ടില്‍ പെയ്തുവീഴുന്ന മണ്‍സൂണ്‍ മഴതന്നെയാണ്. അത് കാതോര്‍ക്കാം. കാണാം. കൈനീട്ടി തൊടാം – തിരുനെല്ലിയിലേക്ക് മഴമേഘങ്ങള്‍ക്കൊപ്പം ഒരു യാത്ര. പ്രസാദ് രാമചന്ദ്രന്‍ എഴുതുന്നു

 

 

ഉച്ചതിരിഞ്ഞ് വയനാടന്‍ ചുരം കയറിത്തുടങ്ങുമ്പോഴാണ് ആദ്യ മഴ പൊട്ടിവീണത്. വേനല്‍ത്തീയിലേക്ക് ആദ്യം പാഞ്ഞുകയറിയ ഒരു കുറുമ്പന്‍ മേഘം പറ്റിച്ച പണിയാണ്. ഇലകളില്‍ നിന്ന് ഒരു വേനലിന്റെ പൊടിയത്രയും കഴുകിയെടുത്ത് മണ്ണില്‍ അലിയിച്ച ഒരു കുഞ്ഞുമഴ. വരാനിരിക്കുന്ന മഴക്കാലത്തിന്റെ ചാരുതയത്രയും ഒളിപ്പിച്ചുവെച്ച ഒന്ന്!

പുതുമണ്ണിന്റെ മണം ആസ്വദിച്ച് രണ്ട് കിലോമീറ്റര്‍ പോയില്ല അതിനുമുന്‍പേ മഴക്കുഞ്ഞ് ശകതിമരുന്ന് കഴിച്ച കാര്‍ട്ടുണ്‍ കഥാപാത്രത്തെ പോലെ ടപ്പേന്ന് വളര്‍ന്നുവലുതായി പെയ്തുതിമര്‍ത്തു. റോഡില്‍ ആകെ ബഹളം. റെയിന്‍കോട്ടില്ലാത്ത ഇരുചക്രക്കാര്‍ നിര്‍ത്തി നനയണോ അതോ വണ്ടിയോടിച്ച് നനയണോ എന്ന ആശങ്കയിലാണ്. ചുരം ഇരുട്ടിലേക്ക് വഴുതി വീണിരിക്കുന്നു. കടലപെറുക്കാന്‍ വന്ന വാനരക്കൂട്ടം കാടുകയറി മറഞ്ഞു. മുകളിലെ വളവിലെ ആളൊഴിഞ്ഞ വ്യൂ പോയന്റിലെ ഐസ്ക്രീം കച്ചവടക്കാരന്റെ തണുത്ത മുഖത്ത് ചമ്മിയ ഒരു ചിരി. തൊട്ടടുത്ത വളവിലെ കട്ടന്‍ചായയടിക്കുന്ന ചേട്ടന്‍ ഉഷാറിലാണ്. നനഞ്ഞ ശരീരങ്ങള്‍ സമോവറിനുചുറ്റും കൂടിനിന്ന് കലപിലകൂട്ടുന്നു.

‘വെടി’ പൊട്ടിച്ച് അരമണിക്കൂര്‍ കുളമാക്കാന്‍ സാധ്യതയുള്ള ഒരാളെ പട്ടാളക്കുപ്പായത്തില്‍ ചായക്കടയില്‍ കണ്ടതിനാല്‍ ജീപ്പ് നിര്‍ത്താതെ വിട്ടു. ഞങ്ങള്‍ സഞ്ചരിച്ചുകൊണ്ടിരുന്ന് എക്സ് മിലിട്ടറിക്കാരനായ വില്ലീസ് ജീപ്പിന് ഒരായിരം വീരകഥകള്‍ പട്ടാളക്കാരില്‍ നിന്ന് പുറത്തുചാടിക്കാനുള്ള കഴിവുണ്ട്! സമയമില്ലാത്തപ്പോള്‍ കഥകള്‍ക്ക് പഞ്ച് തോന്നണമെന്നില്ല! ദൂരമേറെ കിടക്കുന്നു തിരുനെല്ലിയിലേക്ക്.

 

പൂര്‍വ്വാശ്രമത്തിലെ ക്യാമ്പ് റോഡുകളെ ഓര്‍ത്താവണം മോശം റോഡുകളിലെത്തുമ്പോഴാണ് ജീപ്പിന് ആവേശം തലപൊക്കുന്നത്.


 

മരം പെയ്യുന്നു

കാട് തണുത്തുതുടങ്ങിയിരിക്കുന്നു. തിരുനെല്ലി അമ്പലത്തിലേക്കുള്ള ബോര്‍ഡ് വലതുഭാഗത്തേക്ക് അടയാളം കാണിച്ചപ്പോള്‍ ഞങ്ങള്‍ ഇടത്തേക്ക് തിരിഞ്ഞു. പുതുതലമുറ കാറുകളെ സംബന്ധിച്ച് റോഡ് അല്പം മോശമാണ്. പൂര്‍വ്വാശ്രമത്തിലെ ക്യാമ്പ് റോഡുകളെ ഓര്‍ത്താവണം മോശം റോഡുകളിലെത്തുമ്പോഴാണ് ജീപ്പിന് ആവേശം തലപൊക്കുന്നത്. വഴുക്കലുള്ള വഴിയിലൂടെ ഇളകിനിറഞ്ഞ് ഒന്നര കിലോമീറ്റര്‍ താഴേക്ക് ഓടിയെത്തിയപ്പോള്‍ പഴയ ഒരു മരപ്പലകയില്‍ എഴുതിയ അക്ഷരങ്ങള്‍ വഴികാണിച്ചു, കാളിന്ദി റിവര്‍ റിസോര്‍ട്ട്!

മഴയുടെ, മണ്‍സൂണ്‍ ടൂറിസത്തിന്റെ കാലമാണിനി കാളിന്ദിക്കു മുമ്പിലുള്ളത്. മഴയെ അറിയാന്‍ സഞ്ചാരികളേറെ ഇനി ചുരം കടന്നെത്തും. അവരെ സ്വീകരിക്കാനായി മഴയുടെ തണുപ്പില്‍ പുഴ നിറഞ്ഞൊഴുകും… മഴ പുഴയായി മാറി കടലിലേക്ക് മടങ്ങും…

 

മരവീട്ടില്‍ നിന്നാല്‍ താഴെ നദി ഒഴുകിത്തിമിര്‍ക്കുന്നത് കാണാം.


 

കാളിന്ദി നദിക്കരെ
ഏകദേശം 6 വര്‍ഷങ്ങള്‍ക്കുമുമ്പാണ് തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിന് ചേര്‍ന്നുകിടക്കുന്ന തിരുനെല്ലിയിലെ ഈ പര്‍ണശാലയിലാദ്യമെത്തുന്നത്. മൃദുവായി ചിലച്ച് ഒഴുകിയെത്തുന്ന കാളിന്ദിയുടെ തീരത്ത് മുളയിലും മരത്തിലും തീര്‍ത്ത രണ്ടുകോട്ടേജുകളാണ് അന്ന് ഉടമസഥനായ സഞ്ജയിനോടൊപ്പം സ്വാഗതം പറഞ്ഞത്. തൊട്ടടുത്ത സ്കൂളിലെ മാഷാണ് സഞ്ജയ്. ഭാര്യയും സ്കൂള്‍ ടീച്ചര്‍ തന്നെ.

ചോറും കറിയും വെച്ചുതരാന്‍ പ്രസാദ് എന്നു പേരുള്ള കുക്ക് കം കെയര്‍ ടെയ്ക്കര്‍. രാത്രി കാവല്‍കിടക്കാന്‍ എത്തിയിരുന്ന പേരറിയാത്ത ഒരു ചേട്ടന്‍. ഇവര്‍ കഴിഞ്ഞാല്‍ പിന്നെ കാടിന്റെ ശബ്ദവും വിജനതയും സൌന്ദര്യവും മാത്രം. പേരറിയാത്ത കിളികള്‍ പുഴക്കപ്പുറമുള്ള കാടുകളിലേക്ക് പറന്നിറങ്ങുകയും കലപിലകൂട്ടുകയും ചെയ്യുന്നത് കണ്ടും കേട്ടും ഇരിക്കാം. വലിയൊരു മരത്തില്‍ കെട്ടിയുയര്‍ത്തിയ മരവീടിന്റെ അമ്പരപ്പിക്കുന്ന ലാളിത്യത്തിലേക്ക് ചെക്കിന്‍ ചെയ്തു കയറി.

ബാഗ് താഴെവെച്ച് ജനല്‍തുറന്നതും വലിയൊരു ഓന്ത് എത്തിനോക്കി പച്ചപ്പിലേക്ക് ഓടിമറഞ്ഞു. ചെറുതായി ഒന്ന് ഭയന്നു എന്നത് സത്യം. മരവീട്ടില്‍ നിന്നാല്‍ താഴെ നദി ഒഴുകിത്തിമിര്‍ക്കുന്നത് കാണാം. താഴത്തെ കോട്ടെജില്‍ താമസക്കാരനുണ്ട്- ഫ്രഞ്ച്കാരനായ പിയറി ഗോഡ്മെന്റ്. ഇന്ത്യയില്‍ പലയിടത്തും കറങ്ങിവന്നിരിക്കുകയാണ് കക്ഷി. “ഇനി കുറച്ചുനാള്‍ ഇവിടെകാണും.” പരിചയപ്പെട്ടപ്പോള്‍ പിയറി പറഞ്ഞു. നിറയെ ചിത്രങ്ങളെടുത്താണ് അന്ന് മടങ്ങിയത്. പിന്നെ ഇടക്കിടയ്ക്ക് മുന്‍കൂട്ടി പറയാതെയും പറഞ്ഞും കാളിന്ദിയിലേക്ക് കയറിച്ചെന്നു. പുഴയുടെ തണുപ്പിലും മാഷിന്റെ ആതിഥ്യത്തിലും പ്രസാദിന്റെ നാടന്‍ രുചികളിലും മുങ്ങിനിവര്‍ന്നു.

ആറുവര്‍ഷങ്ങള്‍കൊണ്ട് കാളിന്ദിയും വളര്‍ന്നിരിക്കുന്നു. കോട്ടേജുകളുടെ എണ്ണംകൂടി. പ്രശസ്ത ഡോക്യുമെന്ററി സംവിധായകനായ മൈക്ക എച്ച് പാണ്ഡെയുടെ മകന്‍ ഗൌതം പാണ്ഡെയും ഭാര്യ ഡോയല്‍ ത്രിവേദിയും ഓഫീസില്‍ വന്നപ്പോള്‍ കാളിന്ദിയിലെ മരവീട് കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കാണിച്ചുകൊടുത്തു. ഒപ്പം മാഷിന്റെ നമ്പറും. നാലുദിവസം കഴിഞ്ഞ് മാഷിന്റെ ഫോണ്‍- പറഞ്ഞുവിട്ടവര്‍ വളരെ നല്ല മനുഷ്യരാണ്. പുഴയിലും കാടിലും കയറിയിറങ്ങി പ്ലാസ്റ്റിക്കും മറ്റുചപ്പ് ചവറുകളും പെറുക്കിമാറ്റുന്ന പണിയായിരുന്നു അവര്‍ക്ക് ഏറ്റവും പ്രധാനം. ആദ്യമൊക്കെ അദ്ഭുതത്തോടെ കണ്ടുനിന്ന നാട്ടുകാരും പിന്നെ കൂടെക്കൂടിയത്രേ. ഉത്തരേന്ത്യക്കാരായ ആ പ്രകൃതിസ്നേഹികളെ ഏറെ ഇഷ്ടമായിരിക്കുന്നു തിരുനെല്ലിക്കാര്‍ക്ക് . വിനോദസഞ്ചാരം പ്രകൃതിയെ നശിപ്പിക്കുന്ന ഒന്ന് മാത്രമല്ല എന്ന് ഓര്‍മ്മിപ്പിക്കുന്നു ഇങ്ങനെ ചിലര്‍. പുഴയൊരു അനുഗ്രഹമാണെന്നും കാട് വരമാണെന്നും അവര്‍ അറിയുന്നു. അറിയിക്കുന്നു.

 

മഴ വീണ്ടും കനക്കുകയാണ്. മരങ്ങളില്‍ നിന്ന്, പുല്ലുമേഞ്ഞ മേല്‍ക്കൂരയില്‍ നിന്ന് ഇറ്റിവീഴുന്ന നീര്‍ത്തുള്ളികളുടെ ജലതരംഗം.


 

മഴയനക്കങ്ങള്‍
പുഴയിലെ വെള്ളത്തിന് തണുപ്പേറിവരുന്നു. രാത്രിയിലെ കുളി ഒരു ദിവസത്തെ യാത്രാക്ഷീണം മുഴുവന്‍ ഒഴുക്കിക്കളഞ്ഞു. മഴ വീണ്ടും കനക്കുകയാണ്. മരങ്ങളില്‍ നിന്ന്, പുല്ലുമേഞ്ഞ മേല്‍ക്കൂരയില്‍ നിന്ന് ഇറ്റിവീഴുന്ന നീര്‍ത്തുള്ളികളുടെ ജലതരംഗം. കേട്ടുകേട്ടിരിക്കാന്‍ എന്തുരസം. മഴയുടെ ശബ്ദം ലോകത്തെ എത്രമാത്രം മോഹിപ്പിക്കുന്നു എന്നറിയാന്‍ യൂ ട്യൂബില്‍ ‘റെയിന്‍’ എന്ന് സെര്‍ച്ച് ചെയ്ത് നോക്കിയാല്‍ മതി. ചെറിയ ഇടിയുടെ അകമ്പടിയോടെ പെയ്യുന്ന മഴ ശബ്ദം മാത്രം റെക്കോര്‍ഡ് ചെയ്ത വീഡിയോ ഇതുവരെ ഒരു കോടിയിലധികം ആളുകള്‍ സന്ദര്‍ശിച്ചുകഴിഞ്ഞിരിക്കുന്നു. ഏതു പാട്ടിന്റെയും പശ്ചാത്തലത്തിലും ഈ മഴശബ്ദം കൂടി കേള്‍ക്കുന്നത് പ്രത്യേകമായ അനുഭൂതിപകരുമെന്നും പേജില്‍ അവകാശവാദമുണ്ട്. സംഗതി സത്യമാണെന്ന് കേട്ടപ്പോള്‍ ബോധ്യംവന്നിരുന്നു. പക്ഷേ ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത് വെര്‍ച്വല്‍ റിയാലിറ്റിയല്ല. ശരിക്കും കാട്ടില്‍ പെയ്തുവീഴുന്ന മണ്‍സൂണ്‍ മഴതന്നെയാണ്. അത് കാതോര്‍ക്കാം. കാണാം. കൈനീട്ടി തൊടാം.

കാളിന്ദി റിവര്‍ റിസോര്‍ട്ട് ഒരു പ്രതീകമാണ്. കോടികളുടെ ഇന്‍വെസ്റ്മെന്റ് ഇല്ലാതെയും ടൂറിസം ബിസിനസ് മനോഹരമായി ചെയ്യാം എന്ന് പഠിപ്പിക്കുന്ന ഒന്ന്. പുഴയോട് ചേര്‍ന്ന വെറും ഇരുപത് സെന്റ് സ്ഥലത്ത് കെട്ടിപ്പൊക്കിയ പ്രകൃതിയോടിണങ്ങുന്ന നിര്‍മ്മിതികള്‍. മഴയെയും തണുപ്പിനെയും അടുത്തറിയാന്‍ ഇതുപോലെ എത്രയെത്ര മനോഹാരമായ സങ്കേതങ്ങള്‍ ടൂറിസം കേന്ദ്രങ്ങളില്‍ ഒളിഞ്ഞുകിടക്കുന്നു. കണ്ടെത്തുക എന്നതാണ് പ്രധാനം. യാത്രചെയ്യുന്നവരോടും ഡ്രെവര്‍മാരോടും ഓരോ ടൂറിസം കേന്ദത്തിലെയും സീക്രട്ട് ഹൈഡ് ഔട്ടുകളെക്കുറിച്ച് അന്വേഷിച്ചുനോക്കൂ. അറിയാതെ കിടക്കുന്ന പല താമസസൌകര്യങ്ങളും വെളിച്ചത്തുവരും.

പോക്കറ്റ് കാലിയാകാതെ താമസിച്ചു മടങ്ങാം. മാര്‍ക്കറ്റിംഗിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താതെ തേടിവരുന്നവര്‍ക്ക് മാത്രം അഭയം നല്കുന്ന ഇത്തരം ചെറുകിട ലോഡ്ജുകളും റിസോര്‍ട്ടുകളും പലപ്പോഴും നക്ഷത്രഹോട്ടലുകളെക്കാള്‍ നല്ല രാത്രികള്‍ സമ്മാനിച്ചേക്കും. ഇലകളില്‍ നിന്ന് പാടുന്ന തവളയും ചീവീടും, ബെഡ്ലാംമ്പിനുചുറ്റും പാറുന്ന ഈയാമ്പാറ്റകള്‍, മുറിക്കുള്ളില്‍ ചിലപ്പോള്‍ വിരുന്നെത്തിയേക്കാവുന്ന എലികളും പല്ലികളും, ഇങ്ങനെ ചിലരെയൊക്കെ സഹിക്കാനുള്ള മനസ്സും കൂടെയുണ്ടെങ്കില്‍ ഉണര്‍ന്നിരിക്കാനും ഉറങ്ങാനും ഒരുപോലെ രസമായിരിക്കും. പെരുമഴയത്ത് കരിമ്പടം പുതച്ച് കാടിന്റെ മണവും പുഴയുടെ താരാട്ടും കേട്ട് ഉറങ്ങിയുണര്‍ന്നപ്പോള്‍ മുളങ്കുറ്റിയില്‍ ചുട്ടെടുത്ത പുട്ടും കടലയും. മഴ മനസ്സിനെ മാത്രമല്ല ആമാശത്തെയും ഉണര്‍ത്തുന്നു. തീറ്റ കഴിഞ്ഞാല്‍ മടക്കയാത്ര ആരംഭിക്കുകയായി എലാത്തവണത്തെയുംപോലെ മനസ്സും വയറും നിറഞ്ഞ്…

 

 

പിന്‍മൊഴി
മണ്‍സൂണ്‍ ടൂറിസത്തിന്റെ കാലമാണിനിയുള്ള മൂന്ന് മാസങ്ങള്‍. കേരളടൂറിസം വകുപ്പ് ‘ഡ്രീം സീസണ്‍’ എന്ന പേരിലുള്ള കാമ്പെയിന്‍ തുടങ്ങിക്കഴിഞ്ഞു. ദേശീയമാധ്യമങ്ങളിലെ വലിയ പരസ്യങ്ങളിലൂടെ സഞ്ചാരികളെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ക്ഷണിക്കുന്നു. അവര്‍ക്കു മുമ്പേ പക്ഷേ പനി എത്തിക്കഴിഞ്ഞിരിക്കുന്നു. റോഡരികിലെ പ്ലാസ്റിക് കൂമ്പാരങ്ങളില്‍ നിന്ന് ഈച്ചയും കൊതുകും പറന്നുയരുന്നു.

കോഴിക്കോട്ടെ താജ് ഹോട്ടലില്‍ നിന്നും ബീച്ചിലേക്കുളള എളുപ്പവഴിയായ കസ്റ്റംസ് റോഡില്‍ ഇരുവശവും നിറഞ്ഞുനില്‍ക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും സഞ്ചാരികള്‍ക്ക് കൃത്യമായ സന്ദേശം നല്കുന്നു. സീസണ്‍ മാത്രമാണ് സ്വപ്നസമാനമായത്. നിങ്ങളുടെ ആരോഗ്യം നിങ്ങള്‍ക്കുമാത്രം ഉത്തരവാദപ്പെട്ടതാണ്. കടല്‍ത്തീരത്ത് ടൈലുകള്‍പാകാനും വിളക്കുകാലുകള്‍ സ്ഥാപിക്കാനും മാത്രമാണ് ഫണ്ടുള്ളത്. ക്ലീനിങ്ങിന് ഫണ്ടോ പദ്ധതികളോ ഇല്ല! മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ കുപ്പത്തൊട്ടികളില്ല! തീരത്ത് അടിഞ്ഞുകൂടന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ അടുത്ത സുനാമി വരട്ടേ എന്നാവും അധികാരികളുടെ പ്രാര്‍ത്ഥന… സുനാമിക്കാണല്ലോ ഫണ്ടുള്ളത്!

7 thoughts on “മഴമേഘങ്ങള്‍ക്കൊപ്പം തിരുനെല്ലിയിലേക്ക്

  1. ഈ മഴയിലൂടെ നടക്കുമ്പോള്‍ ആനന്ദത്തിന്റെ തരികള്‍ മനസ്സില്‍..
    നല്ല എഴുത്ത്

  2. തിരുനെല്ലിയിലേക്കുള്ള ഈ യാത്ര മനോഹരമായി

  3. പ്രസാദ്, നന്നായെഴുതി.
    ഇനിയുമെഴുതൂ യാത്രകള്‍

    vijayakumar

Leave a Reply

Your email address will not be published. Required fields are marked *