മെഹ്ദി: പ്രണയ-വിരഹങ്ങള്‍ക്ക് ഒരു പുഴ

 
 
 
മെഹ്ദി ഹസനെക്കുറിച്ച് ഷാജഹാന്‍ എഴുതുന്നു
 

ഫൈസ് അഹമ്മദ് ഫൈസിന്റെ പ്രണയവും പ്രതിഷേധവും മിര്‍സാ ഗാലിബിന്‍റെ വിരഹവും മിര്‍ തഖി മീറിന്റെ ഉന്മാദവും…പല ഭാവങ്ങളുണ്ടായിരുന്നു മെഹ്ദിയുടെ പാട്ടിന്. വാക്കുകളെ ആവര്‍ത്തിച്ചും മഥിച്ചും പ്രലോഭിപ്പിച്ചും ചവച്ചും മെഹ്ദി പാടി. മനപ്പൂര്‍വ്വമായ ചില മൌനങ്ങള്‍ ആ ഒഴുക്കിനിടെ ദ്വീപുകളെ പോലെ നില കൊണ്ടു.അപ്പോഴതില്‍ നമുക്ക് അപഥ സഞ്ചാരം നടത്താം. സ്വപ്നം കാണാം..കാല്പനികതയുടെ പല കടലുകള്‍ കാണാം.
അപ്പോഴേക്കും മെഹ്ദി തിരിച്ചു വരും. ഉച്ചസ്ഥായിയുടെ ഒരു തിരമാലയിലേക്ക് നമ്മെ വലിച്ചെറിയും. കസൃതിയോടെ ചിരിക്കും. പൊടുന്നനെ ആകാശത്തെയും ഭൂമിയെയും തകിടം മറിച്ച് ഗര്‍ത്തങ്ങളിലേക്ക് തള്ളിയിടും.എന്നിട്ടൊരു പൂവെറിഞ്ഞു തരും. പാരച്യുട്ട് പോലെ ഗഗനസഞ്ചാരിയാക്കാന്‍- -പ്രണയ വിരഹങ്ങളുടെ ഭാവസാന്ദ്രമായ പാട്ടുനേരങ്ങള്‍ക്കൊടുവില്‍ വിടപറഞ്ഞ, ഗസല്‍ ചക്രവര്‍ത്തി മെഹ്ദി ഹസനെക്കുറിച്ച് ഷാജഹാന്‍ എഴുതുന്നു

 

 

ജീവിതത്തില്‍ എല്ലാവരും പ്രണയിക്കും…
പക്ഷെ എന്റെ പ്രണയമേ നിന്നെ ഞാന്‍ മരിച്ചാലും പ്രണയിച്ചു കൊണ്ടേയിരിക്കും…

പ്രണയത്തെക്കുറിച്ച് ഇത്ര മനോഹരമായി ആരും പാടിയിട്ടില്ല, മെഹ്ദി ഹസ്സനല്ലാതെ.
പല കാമുകന്മാര്‍ ഒളിച്ച് കിടന്നിരുന്നു മെഹ്ദിയുടെ തൊണ്ടയില്‍. ചിലപ്പോള്‍ ശൃംഗരിച്ചും ചിലപ്പോള്‍ പതം പറഞ്ഞും മറ്റുചിലപ്പോള്‍. കലഹിച്ചും.

‘പിണക്കമാണെന്നറിയാം, എങ്കിലും എന്റെ മുറിഞ്ഞ ഹൃദയത്തെ നോവിക്കാനെങ്കിലും നീ വരണം’ എന്ന മെഹ്ദിയുടെ പാട്ട് പ്രണയം കൊണ്ട് മുറിവേറ്റവന്റെ പാട്ടായിരുന്നു.

 

 

ആകാരത്തിലോ ചലനത്തിലോ കാല്പനികതയില്ലായിരുന്നു മെഹ്ദിക്ക്. ഗുലാം അലിയേയോ ജഗ്ജിതിനെയോ പോലെ സദസ്സുമായി ഇടപെടാനുള്ള മനസ്സുമില്ലായിരുന്നു. പക്ഷെ, ‘നിന്നെ കണ്ടതു മുതല്‍ എനിക്ക് ഒരു കാര്യം തോന്നിത്തുടങ്ങി,എന്റെ ഈ ജീവിതകാലം പ്രണയിക്കാന്‍ തികയില്ലല്ലോ’ എന്ന് മെഹ്ദി പാടിത്തുടങ്ങുമ്പോള്‍ കേള്‍വിക്കാരന്‍ സ്വയം നെയ്ത തന്റെ പ്രണയത്തിന്റെയും ഏകാന്തതയുടെയും ചൂരുള്ള ഒരു കൂട്ടിലേക്ക് നൂണ്ട് കയറി ഇരിക്കാന്‍ തുടങ്ങുമായിരുന്നു.

എക്കാലത്തെയും മികച്ച പ്രണയഗായകനായിരുന്നു മെഹ്ദി. പാടിത്തുടങ്ങുമ്പോള്‍ പെട്ടെന്ന് നമ്മെ കൈ പിടിച്ചു കൊണ്ട് പോകുന്ന ആലാപ് പ്രണയപ്പെയ്ത്തിലേക്കുള്ള ആദ്യ മഴത്തുള്ളികളാണ്.

ഉറുദു പേര്‍ഷ്യന്‍ കാവ്യ സംവേദനത്വം പങ്കിട്ട മെഹ്ദിയുടെ ഒഴുകിക്കൊണ്ടേയിരുന്ന ശബ്ദം ഒരു പുഴപോലെ തോന്നിച്ചു, പലപ്പോഴും ‘പത്താ പത്താ ബൂത്താ ബൂത്താ’ പാടുമ്പോള്‍ മെഹ്ദി പ്രണയിക്കാന്‍ തുടങ്ങുന്നവന്‍..

‘പിരിയാം നമുക്ക് ഇനി സ്വപ്നങ്ങളില്‍ കാണാം
പുസ്തകത്താളുകളില്‍ ഉണങ്ങിയ പുഷ്പങ്ങളെ കണ്ടു മുട്ടുന്നത് പോലെ’ എന്ന് പാടുമ്പോള്‍ മെഹ്ദി ഒരു നിരാശാ കാമുകന്‍. ലഹരിയുടെയും വിരഹത്തിന്റെയും ചരട് ഹൃദയത്തില്‍ കെട്ടിയിട്ട ഗസല്‍ പ്രേമിക്ക് അബോധത്തിലും മുഴങ്ങുന്ന ഈണമായിരുന്നു മെഹ്ദി.

 

 

‘കേസരിയാം ബാലം’ എന്ന മരുഭൂമിയുടെ മണവും മരുക്കാറ്റിന്റെ ചൂരുമുള്ള നാടോടി ഗാനം എല്ലാ വേദിയിലും പാടുമായിരുന്നു മെഹ്ദി. അതിര്‍ത്തി കടന്ന് കറാച്ചിയിലേക്ക് പിന്‍ജീവിതം പറിച്ചു നട്ടുവെങ്കിലും രാജസ്ഥാനിലെ മരുക്കാറ്റിന്റെ പാച്ചില്‍ ഗൃഹാതുരതയോടെ മനസ്സില്‍ കൊണ്ട് നടന്നിരുന്നു അദ്ദേഹം.

ഫൈസ് അഹമ്മദ് ഫൈസിന്റെ പ്രണയവും പ്രതിഷേധവും മിര്‍സാ ഗാലിബിന്‍റെ വിരഹവും മിര്‍ തഖി മീറിന്റെ ഉന്മാദവും…പല ഭാവങ്ങളുണ്ടായിരുന്നു മെഹ്ദിയുടെ പാട്ടിന്. വാക്കുകളെ ആവര്‍ത്തിച്ചും മഥിച്ചും പ്രലോഭിപ്പിച്ചും ചവച്ചും മെഹ്ദി പാടി. മനപ്പൂര്‍വ്വമായ ചില മൌനങ്ങള്‍ ആ ഒഴുക്കിനിടെ ദ്വീപുകളെ പോലെ നില കൊണ്ടു.അപ്പോഴതില്‍ നമുക്ക് അപഥ സഞ്ചാരം നടത്താം. സ്വപ്നം കാണാം.കാല്പനികതയുടെ പല കടലുകള്‍ കാണാം.

അപ്പോഴേക്കും മെഹ്ദി തിരിച്ചു വരും. ഉച്ചസ്ഥായിയുടെ ഒരു തിരമാലയിലേക്ക് നമ്മെ വലിച്ചെറിയും. കസൃതിയോടെ ചിരിക്കും. പൊടുന്നനെ ആകാശത്തെയും ഭൂമിയെയും തകിടം മറിച്ച് ഗര്‍ത്തങ്ങളിലേക്ക് തള്ളിയിടും.എന്നിട്ടൊരു പൂവെറിഞ്ഞു തരും. പാരച്യുട്ട് പോലെ ഗഗനസഞ്ചാരിയാക്കാന്‍!

അതിര്‍ത്തികള്‍ക്ക് പിടി കൊടുക്കാത്ത ചില വികാരങ്ങളുണ്ട് നമുക്ക്. ,രാജ്യ സന്ഹേം തിളച്ചു മറിയുമ്പോള്‍ ഇന്ത്യാ-പാക് ക്രിക്കറ്റ് കളി കാണാന്‍ മനസ്സ് സമ്മതിച്ചെന്ന് വരില്ല. പക്ഷേ അന്നേരം വിവിധ് ഭാരതിയില്‍ അതിര്‍ത്തിയിലെ ട്രഞ്ചില്‍ കിടക്കുന്ന ജവാന്‍ ‘തു മിലാ ഹേ തോ യേ എഹസാസ് മിലാ ഹേ മുഛ്കോ’ കേട്ട് കൊണ്ടിരിക്കുകയായിരിക്കും.

കറാച്ചിയിലേയും കാര്‍ഗിലിലേയും ഹൃദയങ്ങള്‍ നിന്റെ ശബ്ദത്തില്‍ പ്രണയഗാനം കേള്‍ക്കുമ്പോള്‍ മെഹ്ദി സാബ്, അതിര്‍ത്തികള്‍ പച്ചനിറത്തില്‍ പൂക്കും.
ഒരു കല്‍മഷവുമില്ലാതെ.

 

 

11 thoughts on “മെഹ്ദി: പ്രണയ-വിരഹങ്ങള്‍ക്ക് ഒരു പുഴ

  1. ചാനലില്‍ അച്ചടിച്ചതുപോലെ പ്രസംഗിക്കുന്ന അതേ മനുഷ്യനാണോ ഇതെഴുതിയതെന്ന് സംശയം തോന്നും

  2. ഒരു വേനല്‍കാലത്താണ് ആദ്യമായി മെഹ്ദിഹസനെ കേള്‍ക്കുന്നത്. അന്ന്, തീ പോലുള്ള വെയില്‍ പ്രണയത്തിന്റെ മഴയില്‍ ഇളകിമറിയുന്നത് ഞാന്‍ കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *