നിങ്ങള്‍ക്ക് എങ്ങിനെ മരിക്കാനാവും ഖാന്‍ സാഹിബ്?

 
 
 
മെഹ്ദി ഹസനെക്കുറിച്ച് സരിത കെ. വേണു എഴുതുന്നു
 
പ്രണയത്തിലും വിരഹത്തിലും ഒരു പോലെ ചെന്നിറങ്ങാവുന്ന ഒരു കരയാണ് മെഹ്ദി ഹസന്റെ ഗസലുകള്‍. പ്രണയത്തില്‍ നമ്മെയത് മഴമേഘങ്ങളിലേക്ക് വിരുന്നു കൊണ്ടുപോവും. പൂക്കള്‍ വിടരുന്ന നേര്‍ത്ത സ്വരം കേള്‍പ്പിച്ചു തരും. വിഷാദത്തിലോ അത് നമ്മെ ഒരു ദ്വീപിലേക്ക് പറത്തും. ഹൃദയമുറിവുകളില്‍ തീകോരിയിടും.
പുസ്തകതാളുകളില്‍ ഓര്‍മ്മയുടെ ജീവനേറി, വരണ്ടുനില്‍ക്കുന്ന ഉണങ്ങിയ പൂക്കള്‍ പോലെ എന്നും ഉള്ളിലുണ്ടാവും ആ സ്വരം. ഉച്ചരിക്കപ്പെട്ടൊരു വാക്കാണ് മെഹ്ദി. അകമേ ഗാനമായൊരാള്‍. എത്രകേട്ടാലും മതിവരാത്ത ഒരു ഗസലിന് മരണമുണ്ടോ?- പാട്ടിന്റെ പാതിവഴിയില്‍നിന്ന് ഇറങ്ങിപ്പോയ മെഹ്ദി ഹസന് പാട്ടോര്‍മ്മകളാല്‍ ഒരു യാത്രാമൊഴി. സരിത കെ. വേണു എഴുതുന്നു

 

 

ദിനപത്രങ്ങളുടെ ഡെസ്ക്കുകള്‍ ചിലനേരം അത്ര വിരസമല്ല. പ്രത്യേകിച്ചും ഏഴുമണിക്കു ശേഷം. അടുത്ത അഞ്ചു മിനിറ്റിനകം പേജ് വിടണം എന്ന ചിന്തയില്‍ എല്ലാവരും സ്വയം മറന്ന് പണിയെടുന്നതിന്റെ സുഖം, കൈകളുടെ തിടുക്കം, കണ്ണുകളിലെ ഏകാഗ്രത, അവസാന നിമിഷത്തെ ഓടിച്ചുനോട്ടം, എവിടെയെങ്കിലും ഒരക്ഷരം കൂടുതലോ, കുറവോ ഇല്ലെന്നുറപ്പ് വരുത്തി അവസാന ബട്ടര്‍പ്രിന്റും വിട്ടാല്‍ പിന്നെ ആശ്വാസത്തിന്റെ ഒരു ശ്വാസമെടുക്കലാണ്. ഇനി അരമണിക്കൂര്‍ കാത്തിരുന്നാല്‍ ഫസ്റ്റ് എഡീഷന്‍ എത്തും.

ട്രെയിനിങ് പിരീഡില്‍ അങ്ങിനെയൊരു കാത്തിരിപ്പിനിടയിലാണ് ദ്വൈവാരികയുടെ ഡെസ്ക്കില്‍ പെട്ടെന്നൊരു മെഹ്ഫില്‍ സജ്ജമായത്. ഹിന്ദിഗാനങ്ങള്‍ പാടുകയും അവ വിവര്‍ത്തനം ചെയത് ഗാനങ്ങളുടെ അര്‍ത്ഥമനോഹാരിതയില്‍ ഇങ്ങനെ അന്തംവിട്ടിരിക്കുകയും ചെയ്യുന്ന കാലം. അപ്പോഴാണ് സഹപ്രവര്‍ത്തകന്റെ അപേക്ഷ, ഈ ഗാനമൊന്നു അര്‍ത്ഥം പറഞ്ഞു തരുമോ? അതും ഒരുവെള്ളകടലാസില്‍ പകര്‍ത്തിയെഴുതിയ ഗാനം.

”റഫ്താ റഫ്താ വോ മേരെ
ഹസ്തി കെ സമാന്‍ ഹോഗയെ”

ഹോ!
പ്രണയത്തിന്റെ ഒരു മിന്നല്‍പ്പിണര്‍ ഒറ്റശ്വാസത്തില്‍ ഞരമ്പുകളിലൂടെ കടന്നുപോയി. ത്രസിപ്പിക്കുന്ന ആ നിമിഷം ബോധാബോധങ്ങള്‍ക്കിടയിലെ ഏതോ മഴക്കാട്ടില്‍നിന്നും ഒരു പക്ഷി ചിറകടിച്ചുയര്‍ന്നു. പൊടുന്നനെ, മഞ്ഞച്ചിറകുള്ള അനേകം ചിത്രശലഭങ്ങള്‍ ഭൂമിയാകെ വലയം ചെയ്തു. അവയ്ക്കിടയിലൂടെ, ആ വരികള്‍ക്കു പിന്നാലെ, അപ്പുറമിപ്പുറം പ്രണയം കലമ്പുന്ന ആ ഗസലിനു പിന്നാലെ സ്വപ്നത്തിലെന്നോണം നടന്നു.

 

ILLUSTRATION: JAMAL KHURSHID


 

അതു കഴിഞ്ഞിപ്പോള്‍ കാലമേറെയായി. എന്നാല്‍, ഇപ്പോഴുമോര്‍മ്മയുണ്ട്, മഞ്ഞച്ചിറകുള്ള പൂമ്പാറ്റകളുടെ ആ ദിവസം. പിന്നീട്, പ്രണയവും വിരഹവും തുന്നിപ്പിടിപ്പിച്ച പാട്ടുകളുടെ ആ കടലിലേക്ക് പതിയെപ്പതിയെ ഇറങ്ങിച്ചെന്നു. ഉള്ളിലെ എല്ലാ കടലിളക്കങ്ങളിലും ആ തണലില്‍ചെന്നുനിന്നു.

അതുവരെ ഹിന്ദി ചലചിത്രഗാനങ്ങളോടുമാത്രമുണ്ടായിരുന്ന പ്രണയം ഗസലിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ആ ഗാനത്തിനായി. അതൊരുപക്ഷേ, ആ നാളുകളുടെ മാത്രമല്ല, ആ ദേശത്തിന്റെ കൂടി പ്രത്യേകതയാവും. കോഴിക്കോടിന് അങ്ങിനെയൊരു ഗുണമുണ്ട്, നാം അറിയാതെ തന്നെ ആ നഗരം അതിന്റെ ഉന്‍മാദങ്ങളിലേക്ക് നമ്മെക്കൂടി ജ്ഞാനസ്നാനം ചെയ്യും.

പിന്നീട് പല മെഹ്ഫിലുകളിലും ആ ഗാനം പലരും പാടി ഞാന്‍ കേട്ടിട്ടുണ്ട് എന്നാല്‍ ആ ദിവസം മനസ്സില്‍ പതിഞ്ഞതുപോലെ അതെന്നെ സ്പര്‍ശിച്ചിട്ടില്ല. സ്വര്‍ഗവുമായി അത്രയടുത്തായിരുന്നു അന്നാ ഗാനം.

ദ്രുപദ്, തുംരി, ഖയാല്‍, ദാദ്ര, തപ, നസം, ഗമര്‍, മുജ്റ എന്നൊന്നും പറഞ്ഞാല്‍ എന്നിലെ സാധാരണക്കാരിക്ക് മനസിലാവില്ല. എല്ലാം സംഗീതം എന്ന ഒറ്റവാക്കില്‍ ചേര്‍ത്തുവയ്ക്കും, ഞാന്‍. ഹൃദയം പറിച്ചെടുക്കുന്ന വേദനയോടെ, ആത്മാര്‍ത്ഥമായി അത് ആര് ആലപിച്ചാലും കണ്ണുകള്‍ നിറയുന്നത് ഞാനറിയാറുണ്ട്. ഓരോ ഗാനത്തിലേയും വാക്കുകളെ ഹൃദയത്തോട് ചേര്‍ത്ത് അത് അത്രയും എന്റേത് എന്നു കരുതാറുണ്ട്. ആ സ്വരം, അത് എനിക്ക് വേണ്ടി മാത്രം പാടുകയാണെന്നും.

അത്തരത്തില്‍ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച ഒരു സ്വരമായിരുന്നു മെഹ്ദി ഹസ്സന്‍ . ഭാവമായിരുന്നു. അവാച്യമാണ് അതിന്റെ ഓരോ കേള്‍വിയും. ആ കണ്ഠത്തില്‍ നിന്നു തന്നെ അനുഭവിച്ചറിയുമ്പോള്‍ ആ വരികള്‍ക്ക് ആഴമേറും. അതാണ് അതിന്റെ പരിപൂര്‍ണത.

‘ഹമേ കോയി ഗം നഹീ ഥ
ഗംഏ ആഷിഖി സെ പെഹ് ലേ
നാ ഥി ദുശ്മനി കിസീ സെ
തുമ്ഹാരി ദോസ്തീ സെ പെഹ് ലേ’

(ദുഃഖം മാത്രം നല്‍കിയ ഈ പ്രണയത്തിനുമുമ്പ് എനിക്ക് യാതൊരു ദുഃഖവും ഉണ്ടായിരുന്നില്ല. നിന്റെയീ സൌെഹൃദത്തിനുമുമ്പ് എനിക്ക് ആരോടും ശത്രുതയും ഉണ്ടായിരുന്നില്ല)

 

 

ഹൃദയം കീറിയെടുത്തു പോവുന്ന സ്നേഹബന്ധങ്ങളുടെ നഷ്ടപ്പെടലുകള്‍ നമ്മെ പാട്ടുകളിലേക്ക് കൊളുത്തിയിടുന്നു. പ്രത്യേകിച്ചും ഗസലുകളോട്. ഗസലില്‍ ഹൃദയം ഹൃദയത്തെയും, ദുഃഖം ദു:ഖത്തെയും സ്നേഹം സ്നേഹത്തെയും കണ്ടെത്തുന്നു. വിഷാദത്തിന്റെയും പ്രണയത്തിന്റെയും നദികള്‍ ഒന്നിച്ചു ചേരുന്നു.

‘ദുനിയാ കിസി കെ പ്യാര്‍ മെ
ജന്നത്ത് സെ കം നഹി’

ഒരാളോടുള്ള പ്രണയത്തില്‍ ലോകം സ്വര്‍ഗത്തേക്കാള്‍ കുറഞ്ഞൊന്നല്ലെന്നു പാടി വിശ്വസിപ്പിച്ച അദ്ദേഹം തന്നെ പാടിയത് ഇങ്ങനെയാണ്:

‘പ്യാര്‍ നാ കര്‍നാ തും കിസീ സെ
പ്യാര്‍ ഹെ മന്‍ കാ ഭൂല്‍’
(നിങ്ങള്‍ ഒരിക്കലും പ്രണയിക്കരുത്. പ്രണയം മനസ്സിന്റെ ഒരു ഓര്‍മത്തെറ്റാണ്)

വല്ലാത്തൊരടുപ്പമുണ്ട് ഖാന്‍സാഹിബിന്റെ ഗസലുകള്‍ക്ക്. അത് മറ്റാരുടേയുമല്ല. നമ്മുടെ സ്വന്തം. നമുക്ക് കേള്‍ക്കാനുള്ളത്. നമ്മുടെ മനസ്സറിയുന്നത്. ഏറ്റവുമടുപ്പമുള്ള ആരോ ആരോ എന്റെ മനസ്സിന്റെ നേര്‍പ്പകര്‍പ്പ് കാതോരം മന്ത്രിക്കുന്നതുപോലൊരനുഭവം.

‘ഗസബ് കിയാ തേരേ വാദേ പെ ഐത്ബാര്‍ കിയാ
തമാം രാത് ഖയാമത് കാ ഇന്ദ്സാര്‍ കിയ’

(നിന്റെ വാക്കിനെ ഞാന്‍ വിശ്വസിച്ചത് ആശ്ചര്യം തന്നെ, ഒരുരാത്രി മുഴുവന്‍ അസംഭവ്യമായതിനു വേണ്ടി ഞാന്‍ കാത്തിരുന്നു.)

 

 

പ്രണയത്തിലും വിരഹത്തിലും ഒരു പോലെ ചെന്നിറങ്ങാവുന്ന ഒരു കരയാണ് മെഹ്ദി ഹസന്റെ ഗസലുകള്‍. പ്രണയത്തില്‍ നമ്മെയത് മഴമേഘങ്ങളിലേക്ക് വിരുന്നു കൊണ്ടുപോവും. പൂക്കള്‍ വിടരുന്ന നേര്‍ത്ത സ്വരം കേള്‍പ്പിച്ചു തരും. വിഷാദത്തിലോ അത് നമ്മെ ഒരു ദ്വീപിലേക്ക് പറത്തും. ഹൃദയമുറിവുകളില്‍ തീകോരിയിടും.

‘ജൈസെ തുത്സെ ആത്തെ ഹെ
ന ആനെ കെ ബഹാനേ
ഏസെ ഹി കിസി രോസ്
ന ജാനെ കെ ലിയേ ആ
രഞ്ചിഷേ ഹി സഹി
ദില്‍ ദുഃഖാനേ കെലിയേ ആ’

(‘എന്നിലേക്ക് വരാതിരിക്കാനുള്ള ഒഴികഴിവ് നിനക്കറിയാം. അതുപോലെ ഒരിക്കലും എന്നെ വിട്ടുപോകാതിരിക്കാനായി എപ്പോഴെങ്കിലും നീ ഒന്നു വാ. ദുഃഖമാണെങ്കിലും എന്റെയീ ഹൃദയത്തെ ദുഃഖത്തിലാഴ്ത്താന്‍ വേണ്ടി വന്നാലും’).

സംഗീതം ദൈവത്തിന്റെ ഭാഷയാണ്. അതിനാണ് ഭൂമിയില്‍ ഗായകര്‍ സൃഷ്ടിക്കപ്പെട്ടത്. ദൈവ സ്പര്‍ശത്തിന്റെ മാനുഷിക വിവര്‍ത്തകര്‍, അവര്‍. അതിനാല്‍, ദൈവത്തെപ്പോലെ ഗായകര്‍ക്കും മരണമില്ല. അവരുടെ തൊണ്ടയില്‍നിന്ന് ഭൂമിയെ വലംവെച്ച വാക്കുകള്‍ക്കും. മെഹദി ഹസന്‍ അത്തരമൊരു വാക്കാണ്. അദ്ദേഹത്തിന്റെ തന്നെ ഗസല്‍കൊണ്ടു പൂരിപ്പിച്ചാല്‍

‘മേരി യാദ് ഹോഗി ജിദര്‍ ജാവോഗേ തും
കഭി നഗമ ബന്‍കെ കഭി ബന്‍കെ ആസൂ..
(‘എവിടെപ്പോയാലും എന്റെ ഓര്‍മ നിന്നിലേക്ക് വരും, ചിലപ്പോള്‍ ഒരു കവിതയായി, ചിലപ്പോള്‍ കണ്ണുനീരായി’) .

അതെ, ഖാന്‍ സാഹിബ്, രാത്രി നീളെ അസംഭവ്യമായതിനുവേണ്ടി ഞങ്ങള്‍കാത്തിരിക്കാം. കാരണം ഞങ്ങള്‍ക്കറിയാം, ഇപ്പോള്‍ നമ്മള്‍ പിരിഞ്ഞാലും പ്രണയത്തിന്റെയും വിഷാദത്തിന്റെയും ഉച്ചസ്ഥായികളില്‍ സ്വപ്നമായെങ്കിലും താങ്കള്‍ക്ക് വരാതിരിക്കാനാവില്ല. ആ സ്വരം നല്‍കുന്ന സാന്ത്വനം പുതയ്ക്കാതെ ഞങ്ങള്‍ക്ക് അതിജീവിക്കാനും.

പുസ്തകതാളുകളില്‍ ഓര്‍മ്മയുടെ ജീവനേറി, വരണ്ടുനില്‍ക്കുന്ന ഉണങ്ങിയ പൂക്കള്‍ പോലെ എന്നും ഉള്ളിലുണ്ടാവും ആ സ്വരം. ഉച്ചരിക്കപ്പെട്ടൊരു വാക്കാണ് മെഹ്ദി. അകമേ ഗാനമായൊരാള്‍. എത്രകേട്ടാലും മതിവരാത്ത ഒരു ഗസലിന് മരണമുണ്ടോ?

7 thoughts on “നിങ്ങള്‍ക്ക് എങ്ങിനെ മരിക്കാനാവും ഖാന്‍ സാഹിബ്?

  1. ഒരു ഗസല് കേട്ടപോലെ… നന്നായി.. ആ സ്വരമാധുരിക്ക് അനുഗുണമായി ഈ കുറിപ്പും… എന്നാലും ആ കടം ഇപ്പോഴും ബാക്കിയാണ്… ഞാന് എഴുതിത്തന്ന ആ ഗസലിന്റെ അര്ഥം എനിക്ക് ഇപ്പോഴും കിട്ടിയില്ല…
    നന്ദി സരിതാ…

  2. ഓര്‍മയുടെ ചിറകിലേറി എന്‍റെ മൌനം മെഹ്ദി സാഹിബിനെ പുണര്‍ന്നു ഈ വരികളിലൂടെ നടന്നപ്പോള്‍

  3. വളരെ നന്നായി സരിതാ….. മെഹ്ദി സഹബിന്റെ ഗസല്‍ സാഗരതിലൂടെ ദുഖം മനസിലോതുക്കി ഒരു മൌന യാത്ര നടത്തി അദ്ദേഹത്തിന് സ്മരണാഞ്ജലി അര്‍പ്പിക്കാന്‍ ഈ വരികളിലൂടെ കഴിഞ്ഞു. നന്ദി….. നന്ദി……….. നന്ദി…….

  4. സരി……പ്രണയത്തിന്റെ ഭ്രാന്ത് പിടിപ്പിക്കുന്ന നിമിഷങ്ങളില്‍ ആത്മാവിലേക്ക് പെയ്തിറങ്ങുന്ന മഴ പോലെ നിന്റെ ഭാഷ ………എനിക്കിഷ്ടായി നിന്റെ പ്രിയകൂടുകാരി ഷീന .

Leave a Reply

Your email address will not be published. Required fields are marked *