സ്ത്രീശാക്തീകരണ കാലത്ത് ലിസ്സിയുടെ ജീവിതം

 
 
 
ഒരു സിദ്ധാന്തത്തിനും ഉള്‍ക്കൊള്ളാനാവാത്ത പച്ച ജീവിതത്തിന്റെ നിശ്ശബ്ദ വിലാപം. ടിസി മറിയം തോമസ് എഴുതുന്നു
 

കട്ടഞ്ചായ കുടിച്ച ഗ്ളാസും കഴുകിവെച്ച് സാരിത്തുമ്പ് കൊണ്ട് കൈയും മുഖവും തുടച്ച് ലിസി പറഞ്ഞു’ഒരു പെടച്ചിലാ ചേച്ചീ ഇപ്പഴും. എന്റെ കൊച്ചിനെയൊന്ന് കാണാമ്പറ്റാത്തതിന്റെയൊന്നുമല്ല. മറ്റവനിപ്പോഴും ഒറ്റത്തടിയായി നടക്കുവാ. എന്നെ കാണുമ്പ കാണുമ്പ പേനാക്കത്തീം കാണിച്ച് ഭീഷണീമൊണ്ട്. എന്നാത്തിനായിരുന്നു ചേച്ചീ… അതിന്റെയൊരു ആന്തലാ ചെലപ്പോഴൊക്കെ നെഞ്ചിലേ….’- ഒരു സിദ്ധാന്തത്തിനും ഉള്‍ക്കൊള്ളാനാവാത്ത പച്ച ജീവിതത്തിന്റെ നിശ്ശബ്ദ വിലാപം. ടിസി മറിയം തോമസ് എഴുതുന്നു

 

 

ബാറക്മോര്‍ -കുറിയേലായിസ്സോന്‍ എന്നും പറഞ്ഞ്,വെള്ളക്കുപ്പായമിട്ട കപ്യാരുകൊച്ചന്റെ ധൂപക്കുറ്റീടെ ദിശമാറിവന്ന പുകയില്‍ കണ്ണുതിരുമ്മി കുനിഞ്ഞപ്പോഴാണ് ഒരു പരുപരുത്ത കൈ സാരിബ്ലൌസ് മറക്കാത്ത പുറംകഴുത്തില്‍ വന്നുമാന്തിയത്.

‘ഛെ’ ആരാണിത്’ എന്നു തോന്നി തിരിഞ്ഞുനോക്കിയപ്പോഴാണ് ഞാനവളെ ആദ്യമായി കണ്ടത്. മുന്‍നിരയില്‍ രണ്ടുപല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്.
ഒരെണ്ണം പറിഞ്ഞതിന്റെ വിടവ്, അവശേഷിക്കുന്നവയ്ക്ക് ഇളംമഞ്ഞയും ചാരനിറവും.
ആരോ ഉപയോഗിച്ച് മുഷിഞ്ഞ് നിറം മങ്ങിയ സാരി. നിറയെ അഴുക്കുപിടിച്ച നഖങ്ങള്‍. തലമൂടിയിരുന്ന സാരി സ്ഥാനം തെറ്റിയപ്പോള്‍ ചെവി പൊതിഞ്ഞിരിക്കുന്ന മരുന്നിന്റെ മഞ്ഞനിറമുള്ള പഞ്ഞിയും പ്ളാസ്ററും. ആഭരണങ്ങളൊന്നുമില്ല.

അവള്‍ ഭംഗിയായി ചിരിച്ചു ചോദിക്കുകയാണ്^ ‘എപ്പഴാ വന്നേ. ബാംഗ്ളൂരു തന്നെയല്ലേ ഇപ്പോഴും’.

‘അതേയതെ. രണ്ടു ദിവസംമുമ്പ്’.

ഞാന്‍ നോട്ടം മാറ്റിയിട്ടും അവളെന്നെ നോക്കിക്കൊണ്ടേയിരിക്കുന്നത് അറിയുന്നുണ്ടായിരുന്നു. കുര്‍ബാന കഴിഞ്ഞ് അവളു വീണ്ടും എന്നെ കടന്നു പിടിച്ചു,

‘സുഖമല്ലേ . ഇനിയെന്നാ പോന്നേ? പോന്നാല്‍ പിന്നെ എന്നാ വരുന്നേ?’

പ്രവാസി മലയാളികളോടുള്ള സ്ഥിരം ചോദ്യങ്ങളെന്ന മട്ടില്‍, നിര്‍ജീവമായി മറുപടി കൊടുത്തു.

 

Painting: Anjolie Ela Menon


 

2

‘നിനക്ക് മനസ്സിലായോടീ ലിസ്സിയെ?’
വീട്ടിലേക്ക് പോണ വഴിയില്‍ അമ്മച്ചി ചോദിച്ചു.

‘അതാരാ, അമ്മച്ചീ, അവളെന്നെ പിച്ചുമെന്നാ വിചാരിച്ചേ’

‘എടീ, ലിസ്സിയൊരു കഥയാടീ.നീ അവളുടെ അമ്മയെ കണ്ടോ, അവരും ഇതുപോലെയൊക്കയാ, ഒരിച്ചിരി ലൂസ്സാ. പക്ഷേ, പാവങ്ങളാ. അവള്‍ടെ അനിയത്തീടേം ആങ്ങളേടേമൊക്കെ കല്യാണം കഴിഞ്ഞു. പക്ഷേ,ഇവളുമാത്രം അമ്മയെപ്പോലെ. കൂലിപ്പണിക്കൊക്കെ പോകും എടയ്ക്ക്.’

ലിസ്സിയും അമ്മയും വല്ലപ്പോഴും പള്ളിയില്‍ വരുന്ന ചിലരുടെയൊക്കെയടുത്തുപോയി സംസാരിക്കുന്നുണ്ടായിരുന്നു. അവരത്ര സുഖകരമായല്ല പക്ഷേ പ്രതികരിച്ചത്.

അമ്മച്ചി പറഞ്ഞു- ‘ഞാന്‍ എന്തേലുമൊക്കെ കൊടുക്കും. ഒരുപാട് വിഷമങ്ങളൊക്കെയുണ്ടവള്‍ക്ക്. ഞാന്‍ പ്രാര്‍ഥിക്കുന്നതൊക്കെ വല്യാശ്വാസമാ’.

‘ഈയിടക്ക് ഒരു സംഭവമുണ്ടായെടീ. അതു ഞാന്‍ വിശദമായി പറയാം. അമ്മച്ചി പറഞ്ഞു.

വീട്ടിലത്തി സമയം കിട്ടിയപ്പോള്‍ അമ്മച്ചി ആ സംഭവം പറഞ്ഞു, വിശദമായിത്തന്നെ.

 

Painting: Shyam Sharma


 

3

‘ഒരു ദിവസം ലിസ്സി നമ്മുടെ വീട്ടില്‍ വന്നു. കട്ടഞ്ചായേംകുടിച്ച് ബോണ്ടേം തിന്നോണ്ട് അടുക്കളപ്പുറത്ത് ഇരിക്കുമ്പോള്‍ അവള്‍ പെട്ടെന്നങ്ങ് ചോദിച്ചു
‘ചേച്ചിക്കറിയാര്‍ന്നോ എനിക്ക് വയറ്റിലൊണ്ടായിരുന്നെന്ന്?’

‘ഒന്നു പോ ലിസ്സി, നീ വട്ടു പറയല്ലേ . നിനക്കും നിന്റമ്മക്കും കൊറച്ച് ലൂസൊണ്ടെന്ന് നാട്ടില്‍പാട്ടാ. എന്നാലും നീയെന്നതാ കൊച്ചേ ഈ പറേന്നേ…’

‘ശ്ശോ, ഈ ചേച്ചീടെ ഒരു കാര്യം ! ഒള്ളതാ ചേച്ചീയേ…പത്തുവര്‍ഷം മൊമ്പത്തെ കാര്യാ…ഞാന്‍ പെഴച്ചതാരുന്നു ചേച്ചീ’

‘കര്‍ത്താവേ നീ…’

‘ഈ നാട്ടിലൊരു പട്ടിക്കുമതറീല്ല ചേച്ചി. നോക്ക്, ചേച്ചിയെപ്പോലെ പ്രാര്‍ത്ഥനക്കൊക്കെ നടക്കുന്ന ആളോള് പോലും ഞാമ്പറഞ്ഞിട്ട് വേണ്ടെ അറിയാന്‍. അത്ര രഹസ്യമാരുന്നു ചേച്ചീ’

‘സത്യം പറ ലിസ്സീ…’

‘വയറ്റിലുണ്ടായ കാര്യമൊക്കെ ആരേലും നൊണപറയ്യോ ചേച്ചീ. അന്നതൊരു പുകിലാരുന്നു.’

‘എന്നിട്ട്…?’

‘എന്റെ കുളി തെറ്റിയ കാര്യം അമ്മയോട് പറഞ്ഞതാ. അവിടുന്നങ്ങോട്ട് അടിയാരുന്നു, എനിക്ക്…’

‘അന്നാമ്മയാണോ അടിച്ചേ?’

‘തള്ളച്ചി തൊടങ്ങിയെന്നേയുള്ളൂ. അവരുടേതു കഴിയുമ്പോ തന്ത’.

‘ആ അവസ്ഥയിലോ…?’

‘പിന്നെ വല്ലോന്റേം കുരിപ്പ് വയറ്റിലുണ്ടാവുന്നെ അഭിമാനമാ ചേച്ചീ? നല്ലയടിയാരുന്നു’.

‘….’

‘കെട്ടിച്ചുവിട്ട അനിയത്തി വന്നാരുന്നേ പാലായീന്ന്. അവള് വന്ന് ബാഗ് താഴെവെച്ച് സാരിമാറാതെ മുറീക്കേറി വാതിലടച്ച് ചെവിക്കന്നത്തിനിട്ടാ അടിച്ചേ. മാറിമാറി…’

‘ആ അസ്ഥി പോലിരിക്കുന്നവളോ…?’

‘അതേന്നേ…കാര്യം അവള് കമ്പാ…എന്നാ ഉരുക്കിന്റെ കനമാരുന്നു അടിക്ക്. സാലിയിറങ്ങിപ്പോയപ്പോ തന്നെ സജി കേറിവന്നു.’

‘സജിക്കെന്നാടീ നിന്റെ ഗര്‍ഭത്തീ കാര്യം?’

‘അതല്ലിയോ ചേച്ചീ…അവന്റെ വീട്ടുകാരെ ഞാനോര്‍ത്തില്ലെന്നോ ഒക്കെ പറഞ്ഞാരുന്നു…സാലിയെ ഇവിടെക്കൊണ്ടു നിര്‍ത്തീട്ട് പോകാന്‍വരെ തൊടങ്ങ്യതാ…’

‘അവനു കെട്ടുന്നതിനുമുമ്പ് ഒരു കുട്ടിയൊക്കെ ഒണ്ടാരുന്നതല്യോടീ…?’

‘അതാരു നോക്കുന്നു ചേച്ചീ…അവമ്മാര്‍ക്കതൊക്കെ പറഞ്ഞിട്ടുള്ളതല്ലേ…അവനന്ന് അടിവയറ്റിനിട്ടും തൊഴിച്ചു. ഞാന്‍ വീണുപോയി. മുറീടെ മൂലേലേക്ക്. കണ്ണു പൊകഞ്ഞു പോയി’.

‘….?’

‘അവര് പാലായീന്ന് ബസുകൂലീം മൊടക്കീട്ടു വന്ന് എനിക്കിട്ട് തല്ലീട്ട് അപ്പോത്തന്നെ പോയി. അതുകഴിഞ്ഞാ അപ്പച്ചന്‍ വന്നേ…’

‘വര്‍ക്കിച്ചനെന്നാ പറഞ്ഞെടീ പെണ്ണേ…?’

‘എല്ലാരും പറഞ്ഞാക്കെ ഒന്നുതന്നാ ചേച്ചീ…എന്റെ വട്ടിന് ഞാനെല്ലാം അറിഞ്ഞുപിടിച്ച് വന്നപ്പേഴേക്ക് അലസിപ്പിക്കുന്ന സമയം കഴിഞ്ഞെന്നാ ആശൂത്രീന്ന് പറഞ്ഞേ. അതാരുന്നു അരിശം എല്ലാര്‍ക്കും’.

‘വര്‍ക്കിച്ചനോ…?’

അപ്പച്ചന്‍ മുടിക്കു കുത്തിപ്പിടിച്ച് എടത്തും വലത്തും കരണക്കുറ്റിക്കിട്ട് അടിച്ചു. പള്ളീലെ കഞ്ഞിവപ്പല്ലാതെ തൂമ്പാപ്പണിയുണ്ടേ, അപ്പച്ചന്. അതിന്റെ ഉശിര് കാണാതിരിക്കോ…’

‘എന്റെ പെണ്ണേ നീയിതൊക്കെ…’

‘സഹിക്കുകല്ലാതെന്താ ചേച്ചീ…എന്റ വട്ടിന് എന്നയാരും കെട്ടാന്‍ വരത്തില്ല…എറങ്ങിപ്പോകാനാണേ എങ്ങോട്ടുപോവും? തൂങ്ങിച്ചാവുന്ന കേസുകെട്ടേ ഞാന്‍ ചിന്തിച്ചില്ല…നിന്നു കൊണ്ടു. മേത്തപ്പടി നല്ല വേദനയും നീരും തടിപ്പുമേ ഇപ്പം ഓര്‍മ്മയുള്ളൂ’.

‘ആരാടീ പെണ്ണേ നിന്നെ?’

‘ആ കുരിക്കാട്ടെ സിജോ’

‘ആ പെണ്ണു കെട്ടാതെ നടക്കുന്ന വായ്നോക്കിയോ?’

‘ആന്ന് ചേച്ചീ. അപ്പച്ചന്‍ പള്ളീലാരുന്നു. അമ്മ പശൂന് പുല്ലിനും പോയി. വെള്ളം കുടിക്കാനാന്നും പറഞ്ഞ് വാതില് തൊറപ്പിച്ചു എന്നെക്കൊണ്ട്. വെള്ളമെടുത്ത് തിരിഞ്ഞപ്പോള്‍ അടുക്കള വാതിലേ കത്തിയും കാണിച്ച് ദേ നിക്കുന്നു…’

‘എന്റ മാതാവേ…’

‘മുണ്ടും പറിച്ച് തൊടങ്ങ്യല്ലേ…കാര്യോം കഴിച്ച് അപ്പത്തന്നെ പോയി. വായില്‍ തുണി കുത്തിക്കേറ്റി എന്റെ…’

‘……’

‘കെടന്നടത്തൂന്ന് നൊന്താ ഞാനെണീറ്റേ. കുളി തെറ്റിയപ്പോഴാ പിന്നെ അതിത്ര പാട്ടായേ’.

‘എന്നിട്ട് നിന്റെ തന്തേം തള്ളേം അവനെ പോയി കണ്ടില്ലേ’…

‘കാണാതെ പിന്നെ! അവന്റ തന്ത ഭീഷണിപ്പെടുത്തി,അപ്പച്ചനെകൊന്നുകളേം എന്നൊക്കെ. പൈസേം കൊടുത്തെന്നാ തോന്നുന്നേ’.

‘നീ പെറ്റോടീ എന്നിട്ട്?’

‘പെറ്റു ചേച്ചി. വയറുപുറത്തുകാണാറായി തൊടങ്ങിയപ്പോ മറയൂര്‍ക്കപ്പുറത്തൊള്ള ഒരു കന്യാസ്ത്രീ മഠത്തി ശരിയാക്കിത്തന്നു അവരടെ വീട്ടുകാര്. അന്നു ഞാന്‍ കൊച്ചു പെണ്ണല്ലേ…ഒരു ജീപ്പു പിടിച്ചാ അപ്പച്ചന്‍ കൊണ്ടാക്കീത്’.

‘അവിടെ…?’

‘അടുക്കളപ്പണിയെടുക്കണാരുന്നു. എന്നാലും അടി കിട്ടത്തില്ലാരുന്നല്ലേ. നേരത്തിനു നേരം തിന്നാനും കിട്ടും. ഞാന്‍ കേറി മെഴുത്താരുന്നു’.

‘നിന്റെ പ്രസവമോ പെണ്ണേ…?’

‘അതു നടന്നു. അവരടെ ഒരാശുപത്രീല്. നല്ല വെളുത്ത കോലു പോലത്തെ ഒരാഞ്ചെക്കന്‍’.

‘കൊച്ചെന്തിയേടീ…?’

‘എന്റെ കണ്‍മുന്നിവെച്ചല്ലേ മുറിനിക്കറിട്ട ഒരു സായിപ്പവനെ കൊണ്ടുപോയേ ചേച്ചീ. എന്നെ അയാളൊന്ന് നോക്കീന്ന് തോന്നുന്നു’.

‘പിന്നെ…?’

‘പിന്നെന്താ ചേച്ചീ…അപ്പച്ചന്‍ തിരിച്ചു കൊണ്ടുപോന്നു. അവരടെ വീട്ടുകാര് ഇപ്പഴും ഭീഷണിപ്പെടുത്തും’.

‘…’

‘ചേച്ചിയോടാ ഞാനാദ്യമായി ഇതൊക്കെ പറയുന്നേ. എന്റെ കൂടെ പണ്ട് പുല്ലു പറിക്കാനൊക്കെ നടന്ന ബിന്ദൂനെ മൂന്നാമത്തേതിന് കൊണ്ടുവന്നെന്ന് അമ്മ പറഞ്ഞപ്പോ ചുമ്മാ ഇതൊക്കെയൊന്ന് ഓര്‍ത്തുപോയതാ’.

‘…’

‘ചേച്ചിയാരോടും പറയാന്‍ നിക്കണ്ടാട്ടോ. എനിക്കു കുഴപ്പമുണ്ടായിട്ടല്ലാ. അപ്പച്ചന് ഭീഷണിയൊള്ളതല്ലേ.’

‘…’

‘പിന്നേ എനിക്കതിലൊന്നും വല്യ വെഷമമില്ലെന്നേ.അതൊക്കെയങ്ങ് നടന്നു. അത്രേയൊള്ളൂ. ആഹാ…ചേച്ചി കട്ടഞ്ചായ കുടിച്ചില്ലല്ലോ. എന്റെ വര്‍ത്താനോം കേട്ടിരുന്നു’.

‘കുടിക്കാം…’

 

Painting: Anjolie Ela Menon


 

4

മനസ്സിലേക്ക് ഒരു കൊട്ട കനല്‍ വാരിയിട്ടോ അതോ അവയ്ക്ക് തീപ്പിടിപ്പിച്ചോ അവള്‍ എന്നു തിരിച്ചറിയാനാവാത്തതുപോലെ മരച്ചിരുന്നു, ഞാനവിടെ. ഇതുവരെ വായിച്ചതും കേട്ടതും ചര്‍ച്ച ചെയ്തതുമായ ഫെമിനിസത്തിന്റെ ചിന്താധാരകള്‍, ചരിത്രവും സാമൂഹ്യ ശാസ്ത്രവും ആണ്‍കോയ്മാ വ്യവസ്ഥിതിയും, വിവിധ രാജ്യങ്ങളിലെയും സംസ്കാരങ്ങളിലെയും ആണ്‍പെണ്‍ സാമൂഹ്യ ഘടനകള്‍ ഒക്കെയൊന്ന് മിന്നിമാഞ്ഞു, മനസ്സില്‍. ലിസിയുടെ നിസ്സഹായതയും അത്യന്തം ലാഘവത്വത്തോടെയുള്ള അവളുടെ കഥപറച്ചിലും ഒരു വശത്തും സിദ്ധാന്ത വല്‍കരണത്തിന് ഉപരിയായി സംഭവിക്കപ്പെടുന്ന പച്ചയായ ജീവിതാനുഭവങ്ങള്‍ മറുവശത്തും.

………..

ഐ.പി.സി സ്ത്രീകള്‍ക്കു നല്‍കുന്ന നിയമപരമായ സംരക്ഷണങ്ങള്‍- — സെക്ഷന്‍ 354,366,376,498 -ബലപ്രയോഗത്തിലൂടെയോ സ്ത്രീയുടെ സമ്മതമില്ലാതെയോ സംഭവിക്കുന്ന ലൈംഗികബന്ധത്തില്‍നിന്നും അവളെ സംരക്ഷിക്കാന്‍ ഉണ്ടാക്കപ്പെട്ടവ. ഇവിടെ ആര് ആരെയാണ് സംരക്ഷിക്കേണ്ടത്?

………..

ദേശീയ വനിതാ കമീഷന്‍, കേരളാ വനിതാ കമീഷന്‍ ഭരണഘടനാപരവും നിയമപരവുമായ സ്ത്രീ സ്വാതന്ത്യ്രം ഉറപ്പാക്കുന്നു; നിയമലംഘനങ്ങളെ നേരിടുന്നു; സ്ത്രീയുടെ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി മാത്രം നിലകൊള്ളുന്നു. ഇവയിലൊന്നും പെടാത്ത ഒരുവള്‍ ഇതാ ഇവിടെ!

………..

സ്ത്രീ പാര്‍ശ്വവല്‍കരണം, അടിച്ചമര്‍ത്തല്‍, സംവരണം, ലൈംഗിക പീഡനം, അവകാശങ്ങള്‍, ഉത്തരവാദിത്തങ്ങള്‍, വീട്, ജോലിസ്ഥലം, വ്യത്യസ്തങ്ങളായ രൂപഭാവങ്ങള്‍.. എത്രയെത്ര സെമിനാറുകള്‍,ഗവേഷണങ്ങള്‍, ചര്‍ച്ചകള്‍!

………..

ഏകദേശം പത്തുവര്‍ഷം മുമ്പ് ഈ സംഭവം ഇപ്പോള്‍ കേള്‍ക്കാനിടയായതുകൊണ്ട് മാത്രം ഇവയൊക്കെ ഓര്‍ത്തുപോവുന്നു. അറിയപ്പെടാത്ത എത്രയെത്ര. പറയപ്പെടാത്തവയോ കേള്‍ക്കപ്പെടാത്തവയോ…?

………..

എല്ലാ സാമൂഹ്യ സംഘടനകള്‍ക്കുമുള്ള വനിതാ വികസന സെല്ലുകള്‍, മതസംബന്ധമായ സ്ത്രീ കൂട്ടായ്മകള്‍, പൊലീസെന്ന പൊതുസേവന വലയം, (പോരെങ്കില്‍ പട്ടാളവും) പഞ്ചായത്തു മുതല്‍ ദേശീയ തലം വരെ ഭരണത്തിലിരിക്കുന്ന (സ്ത്രീ) പ്രതിനിധികള്‍, ഇനി സഹകരണ സംഘങ്ങള്‍. ബിംബങ്ങള്‍ മാറിവന്നു അവയുടെ നിസ്സാരതക്കും അര്‍ത്ഥമില്ലായ്മക്കുമൊപ്പം.

………..

കട്ടഞ്ചായ കുടിച്ച ഗ്ളാസും കഴുകിവെച്ച് സാരിത്തുമ്പ് കൊണ്ട് കൈയും മുഖവും തുടച്ച് ലിസി പറഞ്ഞു’ഒരു പെടച്ചിലാ ചേച്ചീ ഇപ്പഴും. എന്റെ കൊച്ചിനെയൊന്ന് കാണാമ്പറ്റാത്തതിന്റെയൊന്നുമല്ല. മറ്റവനിപ്പോഴും ഒറ്റത്തടിയായി നടക്കുവാ. എന്നെ കാണുമ്പ കാണുമ്പ പേനാക്കത്തീം കാണിച്ച് ഭീഷണീമൊണ്ട്. എന്നാത്തിനായിരുന്നു ചേച്ചീ… അതിന്റെയൊരു ആന്തലാ ചെലപ്പോഴൊക്കെ നെഞ്ചിലേ….’

8 thoughts on “സ്ത്രീശാക്തീകരണ കാലത്ത് ലിസ്സിയുടെ ജീവിതം

  1. Heart touching. Samooham ethra okke valarnnalum peninte adimathathinu oru matavum undakilla. athu puthiya roopangalil puthiya bhavangalil vannukonde irikum.

  2. ദേശീയ വനിതാ കമീഷന്‍, കേരളാ വനിതാ കമീഷന്‍ ഭരണഘടനാപരവും നിയമപരവുമായ സ്ത്രീ സ്വാതന്ത്യ്രം ഉറപ്പാക്കുന്നു; നിയമലംഘനങ്ങളെ നേരിടുന്നു; സ്ത്രീയുടെ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി മാത്രം നിലകൊള്ളുന്നു.

    ippozhum basic education polum kittatha ethrayo sthreekal nammude samoohathilund……nammude nattile sthree vimochana prasthanangalokke munnittirangiyal ethrayo per rakshappedum…Tissy parancha pole avark interest charchakal, seminarukal, ennivayokke nadathi aale kanikkananu….

  3. എല്ലാ സൈദ്ധാന്തിക വിശകലനങ്ങള്‍ക്കും ഉത്തരം മുട്ടുന്ന നിമിഷമം.

  4. കള്ളമില്ല… കളങ്കമില്ലാ…
    പൊള്ളി എന്‍റെ കരളും നെഞ്ചും…

  5. പെട്ടന്ന് നല്ല തെളിച്ചമുള്ള ഒരു ഉച്ചക്ക് സൂര്യന്‍ മറഞ്ഞ പോലെ മനസു കൂമ്പി പോയി..ഇത് വായിച്ചപ്പോള്‍ ..വെറും വാക്കുകള്‍ എന്തിനു..മനസ്സില്‍ തട്ടുന്ന രീതിയില്‍ എഴുതിയിരിക്കുന്നു ..എനിക്കൊരു ബാല്യ കല സഖി ഉണ്ടായിരുന്നു ..മൂത്തവര്‍ എല്ലാം ശ്രേധിച്ചു വളര്‍ത്തി ഞാന്‍ ജോലിയും കിട്ടി കളയണം കഴിഞ്ഞു പോരുമ്പോഴും അവള്‍ക്കു കളയണം ആയില്ല..ചേച്ചി പിഴച്ചത് കൊണ്ട് ഇവളെ കെട്ടാനും ആളുകള്‍ വരാന്‍ വിഷമം..വാര്‍ക്ക പണിക്ക് ഇടയ്ക്കു വലിയ മേസ്തിരി ഇവളെ മദ്യം കൊടുത്ത് മയക്കി ബാലാക്കാരം ചെയ്തു എന്നാണ് പറയുന്നത് ..ഭാര്യയും മക്കളും ഉള്ള അയാള്‍ കൈ മലര്‍ത്തി..ഒരു ദിവസം അവള്‍ വീട്ടിലെ പ്ലാവിന്‍ കൊമ്പില്‍ തൂങ്ങി നില്‍ക്കുന്നു..ആങ്ങളമാര്‍ കൊന്നു കെട്ടി തൂക്കിയതാണ് എന്ന് കര കമ്പി .. കുട്ടികളെ വളരെ വളരെ ഇഷ്ട്ടമായ അവള്‍ മുപ്പത്തി എട്ടില്‍ വയറ്റില്‍ കുരുത്ത കുട്ടിയെ കൊല്ലാമെന്ന് കരുതുമോ ..എന്ത് സ്ത്രീ ശാക്തീകരണം

Leave a Reply

Your email address will not be published. Required fields are marked *