തൊഴിലുറപ്പ്: റോഡുവിട്ട് തോടിറങ്ങുമ്പോള്‍

 
 
 
തൊഴിലുറപ്പു പദ്ധതിയുടെ പേരില്‍ നടത്തുന്ന പാരിസ്ഥിതിക നശീകരണത്തെക്കുറിച്ച് ഡോ. ഇ ഉണ്ണികൃഷ്ണന്‍ എഴുതുന്നു
 

കാസര്‍ഗോഡ് ജില്ലയിലെ പള്ളിക്കര പഞ്ചായത്തില്‍ ബേക്കലം പുഴയുടെ കൈവഴികളായ തോടുകളില്‍ അടുത്തിടെ തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍നടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കേരളമെങ്ങും അരങ്ങേറിത്തുടങ്ങിയ പുതിയ പ്രകൃതിഹത്യയുടെ ഭീകരത വ്യക്തമാക്കുന്നു. പ്രകൃതിനാശം കണക്കിലെടുത്ത് പാതയോരം ചെത്തിക്കോരി വൃത്തിയാക്കല്‍ പ്രത്യേക ഉത്തരവിലൂടെ നിര്‍ത്തലാക്കിയതോടെ റോഡില്‍നിന്ന് പണിക്കൂട്ടങ്ങള്‍ നേരെ ഇറങ്ങിയത് തോടുകളിലേക്കാണ്. തോട്ടുവരമ്പിലെ കൈതക്കാടുകളും കുറിഞ്ഞിപ്പൊന്തകളും ഔഷധപ്പടര്‍പ്പുകളും ഈറ്റക്കൂട്ടങ്ങളും വെട്ടിമാറ്റി തൊഴിലുറപ്പിക്കുമ്പോള്‍ ഉറയ്ക്കാതെ പോകുന്നത് വയല്‍ത്തോടുകളുടെ ലോല പരിസ്ഥിതിയാണ്-തൊഴിലുറപ്പു പദ്ധതിയുടെ പേരില്‍ നടത്തുന്ന പാരിസ്ഥിതിക നശീകരണത്തെക്കുറിച്ച് ഡോ. ഇ ഉണ്ണികൃഷ്ണന്‍ എഴുതുന്നു

 

 

തൊഴിലുറപ്പു പദ്ധതിയുടെ മുഖ്യകലാപരിപാടിയായ പാതയോരം ചെത്തിക്കോരി വൃത്തിയാക്കല്‍ അതുവരുത്തുന്ന പ്രകൃതിനാശം കണക്കിലെടുത്ത് പ്രത്യേക ഉത്തരവിലൂടെ നിര്‍ത്തലാക്കിയതോട റോഡില്‍നിന്ന് പണിക്കൂട്ടങ്ങള്‍ നേരെ ഇറങ്ങിയത് തോടുകളിലേക്കാണ്. തോട്ടുവരമ്പിലെ കൈതക്കാടുകളും കുറിഞ്ഞിപ്പൊന്തകളും ഔഷധപ്പടര്‍പ്പുകളും ഈറ്റക്കൂട്ടങ്ങളും വെട്ടിമാറ്റി തൊഴിലുറപ്പിക്കുമ്പോള്‍ ഉറയ്ക്കാതെ പോകുന്നത് വയല്‍ത്തോടുകളുടെ ലോല പരിസ്ഥിതിയാണ്. ജൈവവൈവിധ്യത്തെ നശിപ്പിക്കുന്ന യാതൊരു പ്രവൃത്തിയും എം.ജി.എന്‍.ആര്‍.ഇ.ജിയുടെ ഭാഗമായി നടത്തരുതെന്ന ഉത്തരവ് നിലനില്‍ക്കെത്തന്നെയാണ് തോടുകളുടെ മരണം സംഭവിപ്പിച്ചുകൊണ്ടിരിക്കുന്നത്. കൂട്ടിന് കാലപാശമായി കയര്‍ഭൂവസ്ത്രമെന്ന അടക്കംകൊല്ലി വലകളുണ്ട്.

ഇ ഉണ്ണികൃഷ്ണന്‍

കാസര്‍ഗോഡ് ജില്ലയിലെ പള്ളിക്കര പഞ്ചായത്തില്‍ ബേക്കലം പുഴയുടെ കൈവഴികളായ തോടുകളില്‍ അടുത്തിടെ നടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കേരളമെങ്ങും അരങ്ങേറിത്തുടങ്ങിയ പുതിയ പ്രകൃതിഹത്യയുടെ ഭീകരത വ്യക്തമാക്കുന്നു. മുല്ലച്ചേരി കുന്നുകളില്‍നിന്ന് ഉദ്ഭവിക്കുന്ന ആറാട്ടുപുഴത്തോടും പനയാലിലെ അരവത്ത് തോടുമാണ് ബേക്കലം പുഴയുടെ ജലസ്രോതസ്. അരവത്ത് വാഴുന്നവരുടെ ബ്രഹ്മസ്വം വനഭൂമിയായിരുന്ന തച്ചങ്ങാട് പ്രദേശത്തുനിന്നും ഉദ്ഭവിച്ച് ഒന്നര കിലോമീറ്റര്‍ മാത്രം ഒഴുകി ബേക്കലം കായലില്‍ പതിക്കുന്ന ഒരു കാട്ടുചോലയായിരുന്നു അരനൂറ്റാണ്ടു മുമ്പ് വരെ ഇത്. അറുപതുകളില്‍ എ.കെ.ജിയുടെ നേതൃത്വത്തില്‍നടന്ന മിച്ചഭൂമി സമരത്തോടെ ഈ കാടുകളൊക്കെ പതിച്ചുകൊടുക്കപ്പെട്ടു. തോട് ഉദ്ഭവിച്ചൊഴുകുന്ന ‘പൊടിപ്പള്ളം കാനം’ എന്ന ഒരു ചെറു പച്ചത്തുരുത്ത് മാത്രമാണ് ഇപ്പോള്‍ പഴയ കാടിന്റെ ഓര്‍മ്മയായി ബാക്കിനില്‍ക്കുന്നത്.

കപ്പാരീസ് റീഡൈ, ഹോപിയ പൊംഗ, ചേര് തുടങ്ങിയ എന്‍ഡമിക് മരങ്ങള്‍ ഉള്‍പ്പടെ നിരവധി സസ്യങ്ങള്‍ കാനത്തിലുണ്ട്. ‘നെടുഞ്ചൂരി’ എന്ന മലകയറി മീനിന്റെ പ്രജനനകേന്ദ്രംകൂടിയാണ് ഈ കാനം. വടക്കന്‍ കേരളത്തില്‍നിന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാനക്കുറിഞ്ഞി (സ്ട്രോബിലാന്തസ് ഇന്റഗ്രിഫോളിയസ്) എന്ന തനതുസസ്യം തോട്ടുവരമ്പുകളെ സംരക്ഷിച്ചു വളരുന്നു.

 

അരവത്ത് തോട്. തൊഴിലുറപ്പ് പദ്ധതിക്കാര്‍ കൈവെക്കും മുമ്പ്


 

ജൈവവൈവിധ്യ നാശം വരുത്തുന്ന പ്രവൃത്തികള്‍ ഏറ്റെടുക്കരുതെന്ന ഉത്തരവ് നിലനില്‍ക്കെത്തന്നെയാണ് കഴിഞ്ഞ മാര്‍ച്ച് മാസത്തോടെ തോടിന്റെ പതനമുഖം മുതല്‍ പൊടിപ്പള്ളം കാനംവരെ മുഴുവന്‍ കാട്ടുപടര്‍പ്പുകളും മരങ്ങളും വെട്ടിവൃത്തിയാക്കുന്ന പണി നടത്തിയത്. തോട് വൃത്തിയാക്കി ഭിത്തി ബലപ്പെടുത്തുക എന്ന ജോലിയില്‍ തോട്ടിലടിഞ്ഞുകൂടിയ പ്ലാസ്റ്റിക് കുപ്പികളും കീടനാശിനി ഡബ്ബകളും ശേഖരിക്കുകയെന്നതു പെടില്ല. അവയൊക്കെ ഇപ്പോഴും തോട്ടിനുള്ളില്‍ത്തന്നെ…തോടിന്റെ ഭിത്തിയില്‍ കയര്‍ ഭൂവസ്ത്രം വിരിക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. നാലരലക്ഷത്തോളം രൂപചെലവിട്ട് ഇതിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയിരിക്കുന്നു; 250 മീറ്ററോളം ജിയോ ടെക്സ്റ്റൈല്‍ വിരിച്ചുകൊണ്ട്.

സമുദ്രവാളമെന്ന അപൂര്‍വ ഔഷധവൃക്ഷങ്ങള്‍ ഇടതിങ്ങി വളര്‍ന്നിരുന്ന മണ്‍കയ്യാലകളില്‍ വേലിത്തത്തകളും മീന്‍കൊത്തികളും മാളക്കൂടുകളുണ്ടാക്കിയിരുന്നു. കൈതപ്പൊന്തകളില്‍ കുളക്കോഴികളും ചിന്നക്കൊക്കുകളും മഴക്കാല മധുവിധുകാലത്ത് പണിത കൂടുകളുണ്ടായിരുന്നു. ഇവയൊക്കെയും ജെ.സി.ബിയുടെ ഞണ്ടിന്‍കാലുകള്‍ തുരന്നെടുത്തു കഴിഞ്ഞു.

ചിലപ്പന്‍ കിളികള്‍,പൊടിക്കുരുവികള്‍, ഇലക്കുരുവികള്‍, ബുള്‍ബുളുകള്‍, തുന്നാരന്‍, സൂചീമുഖി തുടങ്ങി അറുപതോളം ചെറുകുരുവികള്‍ തോടരുകിലെ കാട്ടുപൊന്തകളില്‍ കൂടുകൂട്ടുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. തോട്ടിലെ കാടുവെട്ടിനീക്കിയപ്പോള്‍ ഇവയുടെ ഈറ്റില്ലങ്ങള്‍ നഷ്ടപ്പെട്ടുപോയിരിക്കണം.
മുള്ളന്‍പന്നി,കീരി, കുറുനരി,പെരുച്ചാഴി തുടങ്ങിയ സസ്തനികളും ഉടുമ്പ്, മലമ്പാമ്പ് തുടങ്ങിയ ഉരഗങ്ങളും തോട്ടിറമ്പുകളോട് ഇഷ്ടം കാണിക്കുന്നവയാണ്. ജലസാമീപ്യവും വയലെന്ന ആവാസ വ്യവസ്ഥ നല്‍കുന്ന ഭക്ഷ്യസുരക്ഷിതത്വവുമാണ് തോടുകളെ ഇവ ആരൂഢമാക്കാന്‍ കാരണം.

 

തോട്ടിലെ കൈതക്കാട് ജെ.സി.ബി ഉപയോഗിച്ച് പിഴുതുമാറ്റിയപ്പോള്‍


 

‘തോട്ടിലെ വെള്ളത്തിലെ ആമക്കുഞ്ഞും മാളത്തിലെ എലിക്കുഞ്ഞും ചത്തൊടുങ്ങൂമെന്ന് കരുതി ഇത്തരം പ്രവൃത്തികള്‍ക്കെതിരെ തിരിയുന്നത് ശരിയല്ല. ഫിബ്രവരി മാസത്തോടെ പൂര്‍ണമായും വറ്റുന്ന തോടാണിത്. ജൂണ്‍മാസം വരെ അവിടെ അട്ടക്കുഞ്ഞുങ്ങള്‍ പോലും ജീവിക്കില്ല.’-കയര്‍ഭൂവസ്ത്രം വിരിക്കുന്ന ജോലിക്ക് നേതൃത്വം നല്‍കുന്ന കയര്‍കോര്‍പറേഷന്‍ പ്രൊജക്റ്റ് ഓഫീസര്‍ എന്‍.ആര്‍ അനില്‍കുമാര്‍ തന്റെ പ്രകൃതിജ്ഞാനം വ്യക്തമാക്കുന്നു.

തോട്ടിറമ്പില്‍ മാളം തീര്‍ക്കുന്ന പെരുച്ചാഴിക്കുപോലും അതിന്റേതായ പാരിസ്ഥിതിക ദൌത്യമുണ്ട്. എലി മാളങ്ങള്‍ മണ്ണിനടിയിലെ അദൃശ്യമായ ജലസേചന കനാലുകളാണ്. ഭൂഗര്‍ഭ ജലസംഭരണികളും വയലിന്റെ ആര്‍ദ്രത നിലനിര്‍ത്തുന്നതില്‍ ഇവയ്ക്കും പങ്കുണ്ട്. സ്വന്തം ഉല്‍പ്പന്നം വിറ്റഴിക്കുക മാത്രം ജീവിതവ്രതമാക്കിയവര്‍ക്ക് ഈ പാരസ്പര്യം മനസ്സിലാക്കാനാവില്ല.

കാസര്‍ഗോഡ് ജില്ലയിലെ തീരദേശവയലുകളില്‍ അടുത്ത കാലത്തായി മയിലുകളുടെ എണ്ണം കൂടിവരികയാണ്. പച്ചക്കറിയ്ക്കും നെല്‍കൃഷിക്കും ഇവ വലിയ ദ്രോഹം ചെയ്യുന്നുണ്ട്. മയിലുകളുടെ മുട്ട ആഹരിച്ച് അവയുടെ എണ്ണം നിയന്ത്രിക്കുന്നത് കുറുക്കനും ഉടുമ്പുമൊക്കെയാണ്. തോടുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇവയുടെ നിലനില്‍പ്പ് അപകടത്തിലാക്കുന്നു. സ്വാഭാവിക ശത്രുക്കളില്ലാതെ മയില്‍ പെരുകുന്നു. മയിലുകള്‍ പീലി വിടര്‍ത്തിയാടുന്നത് കാസര്‍ഗോഡിന് അത്ര സന്തോഷമൊന്നും തരേണ്ടതില്ല. മരുഭൂമികള്‍ വളരുന്നുണ്ടെന്നാണ് ഇവ നല്‍കുന്ന സൂചന. കൈതപ്പൊന്തകള്‍ നഷ്ടപ്പെട്ടത് പരമ്പരാഗത തഴപ്പായ നിര്‍മാണ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനിടയാക്കുകയും ചെയ്യും.

 

തൊഴിലുറപ്പ് പദ്ധതിക്കാര്‍ കൈവെച്ച ശേഷം


 

കൊതുകുകളെയും അവയുടെ ലാര്‍വകളെയും ഒരുപോലെ തിന്നൊടുക്കി മഴക്കാല രോഗങ്ങളെ നിയന്ത്രിക്കുന്നതില്‍ തുലാത്തുമ്പികള്‍ക്കും അവയുടെ ലാര്‍വയ്ക്കും വലിയൊരു പങ്കുണ്ട്. ഏപ്രില്‍ മാസത്തോടെ കേരളത്തിലെത്തുന്ന ഈ ദേശാടകത്തുമ്പികളുടെ അവസാന പറ്റങ്ങള്‍ മുട്ടയിടുന്നത് തോടുകളില്‍ കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ്. പല മല്‍സ്യങ്ങളുടെ മുട്ടകളും ഇത്തരം വെള്ളക്കെട്ടുകളില്‍ വിരിയാനുള്ള അനുകൂലാവസ്ഥ കാത്തുകിടക്കുന്നുണ്ടാകാം. ഈ ഈറ്റില്ലങ്ങളൊക്കെ ബ്ലീച്ചിങ് പൌഡറിട്ടും ജെ.സി.ബി ഉപയോഗിച്ചും നശിപ്പിച്ചിരിക്കുകയാണ്.

ഒരു കാലത്ത് സാധാരണമായിരുന്ന മഞ്ഞളേട്ട (ഹോറോബാഗ്രസ് ബ്രാക്കിസോമ) എന്ന എന്‍ഡമിക് മല്‍സ്യ ജാതിയും കടു (ഹെറ്ററോംപ് ന്യൂസ്റ്റസ് (ചൂട്ടാച്ചി (ഇട്രോപസ് മാക്കുലേറ്റ), മുള്ളിക്കോട്ടല്‍ (മൈസ്റ്റസ്) തുടങ്ങിയവയും കാസര്‍ഗോട്ടെ തോടുകളില്‍നിന്ന് മിക്കവാറും അപ്രത്യക്ഷമായി കഴിഞ്ഞു. ആമകളും ഇല്ലാതായിക്കാണ്ടിരിക്കുന്നു. നാട്ടറിവുകളനുസരിച്ച് അരവത്തു തോട്ടില്‍മാത്രം വെള്ളാമ,കാട്ടാമ, പുയ്യനാമ, ചൂരലാമ എന്നിങ്ങനെ വിവിധ തരം ആമകളുണ്ട്. ജെ.സി.ബി കൊണ്ട് മണ്ണ് കോരുന്നതിനിടയില്‍ നൂറ് കണക്കിന്ആമകള്‍ക്ക് ഇവിടെ ജീവനാശം വന്നിട്ടുണ്ട്. തൊഴിലുറപ്പുകാരികള്‍ കുറേയെണ്ണത്തെ പിടിച്ച് കറിവെച്ചിട്ടുമുണ്ട്. ജൈവ വൈവിധ്യശോഷണം തടയുന്നതിനായി പഞ്ചായത്തുകളില്‍ പ്രത്യേക മോണിറ്ററിങ് കമ്മിറ്റികള്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ജീവനാശം വരുത്തി തോടിനു കയറ്റുപായ വിരിക്കുന്ന പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ തന്നെയാണ് പള്ളിക്കരയിലെ ജൈവവൈവിധ്യ സംരക്ഷണ കമ്മിറ്റിയിലെ അംഗങ്ങളും.

തൊഴിലുറപ്പു പദ്ധതിയുടെ കര്‍മശേഷി തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കാനും തോടോരങ്ങളില്‍ കൈതവെച്ചു പിടിപ്പിക്കാനും തോട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാനും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍, ഇത്തരം പ്രവൃത്തികളൊന്നും ഈ വകയില്‍ നടക്കുന്നില്ല. മഹാത്മഗാന്ധി നാഷനല്‍ റൂറല്‍ എംപ്ലോയ്മെന്റ് ഗാരന്റി പരിപാടിയുടെ വലിയ മേന്‍മയായി പറയുന്നത് പ്രവൃത്തികള്‍ സോഷ്യല്‍ ഓഡിറ്റിങിന് വിധേയമാക്കുന്നുവെന്നതാണ്. ഈ ജൈവപാതകങ്ങളുടെയൊക്കെ കണക്കെടുക്കുന്നതാരാണ്?

8 thoughts on “തൊഴിലുറപ്പ്: റോഡുവിട്ട് തോടിറങ്ങുമ്പോള്‍

 1. മാസങ്ങള്‍ക്ക് മുമ്പ് മണലിപ്പുഴയോരം മുഴുവന്‍- മരങ്ങളും കൈതപ്പൊന്തകളുമടക്കം- ചെത്തി വെടിപ്പാക്കിക്കൊണ്ട് തൊഴിലുറപ്പുകാര്‍ ആത്മാര്‍ത്ഥത തെളിയിച്ചു. പച്ചചെത്താനല്ലാതെ, ഒരു മരമെങ്കിലും നടാന്‍ എന്തുകൊണ്ട് ശ്രമിക്കുന്നില്ല എന്ന് ചോദിച്ചുപോവും. പക്ഷേ ഇതിനൊന്നും പാവം തൊഴിലുറപ്പുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നൂറ് ദിവത്തെ തൊഴിലുറപ്പാക്കാന്‍ പഞ്ചായത്തുകള്‍ പാടുപെടുകയാണത്രേ. കാരണം “പ്രോജക്ടില്ല.” തൊഴിലുറപ്പിന്‍റെ പേരില്‍ ജാഥയ്ക്ക് ആളെക്കൂട്ടാനും പൊതുയോഗങ്ങള്‍ക്ക് കേള്‍വിക്കാരെ ഉറപ്പാക്കാനും ‘വരാനിരിക്കുന്ന’ പെന്‍ഷന്‍ പദ്ധതിയുടെ പേരുപറഞ്ഞ് ഇവരെ എന്തിനും ഏതിനും ആട്ടിത്തെളിക്കാനുള്ള “പ്രോജക്ട്” മാത്രമാണ് ഇപ്പോഴുള്ളത്. പള്ളിക്കര കേരളത്തില്‍ മുഴുവന്‍ ആവര്‍ത്തിക്കുകയാണ്.

 2. തൊഴിലുറപ്പ് പദ്ധതി നമ്മള്‍ കണ്ട ഏറ്റവും പ്രകൃതി വിരുദ്ധ പദ്ധതിയാണ് എന്നത് ഏറ്റവും ദുഖിപ്പിക്കുന്ന കാര്യമാണ്. നാട്ടിലെ എല്ലാ തോട്ടുവക്കുകളും വഴിയോരങ്ങളും ചെത്തി വെടുപ്പാക്കലും sidewall കെട്ടലും ചവറു വാരി ഓട വൃത്തിയാക്കലും അല്ലാതെ ഒരൊറ്റ യഥാര്‍ത്ഥ പരിസ്ഥിതി പുനസ്ഥാപന പദ്ധതിയും പഞായതുകല്ക് ആസൂത്രണം ചെയ്യാന്‍ കഴിയാത്തത് എന്ത് കൊണ്ട് എന്ന് മനസ്സിലാവുന്നില്ല. പട്ടിണി മാറ്റാനും കൃഷി പുനരുജ്ജീവിപ്പിക്കാനും പരിസ്ഥിതി പുനസ്ഥാപിക്കാനും ഉള്ള ഈ പദ്ധതി എന്ടുകൊണ്ട് ഇത്ര മേല്‍ വിനാസകരമായി ?

 3. പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ സേവനദിനം എന്ന് പറഞ്ഞു റോഡ്‌ സൈഡിലെ സകലമാന ചെടികളും പിഴുതുമാറ്റി അവിടമൊക്കെ “ക്ലീന്‍” ആക്കുന്ന പരിപാടി എനിക്ക് പണ്ടേ ഇഷ്ടമല്ല. പുസ്തകങ്ങളില്‍ നിന്ന് പഠിക്കുന്നത് ആ ചെടികള്‍ മണ്ണൊലിപ്പ് തടയുമെന്ന്, എന്നിട്ട് അത് പറിച്ചു കളയാന്‍ അധ്യാപകരുടെ പിന്തുണയും . തൊഴിലുറപ്പുകാര്‍ ഇവിടെ എന്റെ നാട്ടില്‍ ചെയ്യുന്നതും ഇതൊക്കെ തന്നെ. ചില പറമ്പുകളില്‍ കപ്പ നടീല്‍ ഒക്കെ ചെയ്യുന്നുണ്ടെങ്കിലും പ്രധാന പണി മറ്റേ റോഡ്‌ സൈഡ് ക്ലീന്‍ ആക്കല്‍ തന്നെ

  • The most important damage through this scheme is to the women . Their work capacity is reduced to the maximum and they now believe that doing less work is their quality. Also their work is fixed as cleaning and clearing roadsides.This will defenitely damage the work efficiency of women. The local governments are finding these women as votebank.This has to be changed. The work should also be in lean months only otherwise we will not get any labourer for other agri.works in the season.

 4. തൊഴിലുറപ്പ് പദ്ധതിയില്‍ ഹരിതകേരളം എന്ന പദ്ധതിപ്രകാരം വൃക്ഷതൈകള്‍് വച്ചുപിടിപ്പിക്കുന്നതിനുളള പദ്ധതിയുണ്ട്. എന്നാല്‍് തൈകള്‍ക്കുളള സംരക്ഷണകവചത്തിന് നിശ്ചയിച്ച സര്‍ക്കാര്‍ റേറ്റ് തികയില്ല. ഫലത്തില്‍ തൈകള്‍ വേഗത്തില്‍ നശിച്ചുപോകുന്നു. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ തൊഴിലാളികള്‍ക്ക് ജോലി ലഭിക്കണമെങ്കില്‍ തൊഴിലുറപ്പ് പദ്ധതി നെല്‍കൃഷിയിലേക്ക് വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

 5. Tree guard ആവശ്യമില്ലാത്ത പരുക്കന്‍ ചെടികളും മരങ്ങളും ധാരാളം നടാമല്ലോ. നേരെ മറിച്ചു പലയിടത്തും വനം വകുപ്പും നാട്ടുകാരും നട്ട തൈകള്‍ വരെ തൊഴിലുഴപ്പുകാര്‍ നശിപ്പിക്കുന്നതാണ് കാണുന്നത്. കുറെ തൈകള്‍ നശിച്ചാലും സാരമില്ല, ഉള്ളത് സംരക്ഷിക്കാന്‍ നാട്ടുകാരെയും കുട്ടികളെയും കടക്കാരെയും ഒക്കെ പങ്കെടുപ്പിക്കാം. വഴിയോരത്തെ ഔഷധച്ചെടികള്‍ ശേഖരിക്കുന്നവരെയും സഹായികളാക്കാം. നമുക്ക് ചെടികളും മരങ്ങളും വേണമെങ്ങില്‍ എല്ലാത്തിനും വഴിയുണ്ടാവും. പക്ഷെ നാട്ടുകാര്‍ക് പച്ചപ്പല്ല വേണ്ടതെന്നു ആരോ നിശ്ചയിക്കുകയാണ്.

 6. തൊഴില്‍ ഉറപ്പു പദ്ധതി എന്തൊക്കെ പറഞ്ഞാലും നമ്മുടെ നാടിന്റെ സാമ്പത്തിക, സാമൂഹ്യ , പാരിസ്ഥിതിക അടിത്തറകളെ ഇളക്കാന്‍ ആസൂത്രിതമായി നടക്കുന്ന ഒരു ശ്രമത്തിന്റെ ഭാഗമാണെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. എല്ലാ ഉത്പാദന – സേവന മേഖലയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം എന്ന് ശഠിക്കുന്ന നയങ്ങള്‍ ഉള്ളപ്പോള്‍ എന്ത് കൊണ്ട് ഇക്കാര്യത്തില്‍ മാത്രം സര്‍ക്കാര്‍ തന്നെ തൊഴില്‍ കൊടുത്തു തൊഴില്‍ ഉറപ്പാക്കണം? സ്വകാര്യ മേഖലയില്‍ ഇപ്പോള്‍ നടക്കുന്ന തൊഴില്‍ ചൂഷണം (മൂന്നു പേര്‍ വേണ്ടിടത്ത് ഒരാളെ വെച്ച് പണി എടുപ്പിക്കുക, കുറഞ്ഞ കൂലി കൊടുക്കുക തുടങ്ങിയ കലാ പരിപാടികള്‍ ) ഒഴിവാക്കുന്നതില്‍ ശ്രദ്ധിച്ചാല്‍ തന്നെ ഇവിടെ ഒരുപാട് പേര്‍ക്ക് തൊഴില്‍ ഉറപ്പാകും. തരിശു കിടക്കുന്ന ഭൂമി ഒന്നോ രണ്ടോ വര്‍ഷത്തേക്ക് കൃഷി ചെയ്തു വരുമാനം ഉണ്ടാക്കാന്‍ ഏറ്റെടുത്തു വിട്ടു കൊടുത്താല്‍ തന്നെ അത് ധാരാളമാകും. സിമന്റ്‌ ഇട്ടു നശിപ്പിച്ച തോട്ടു വാക്കുകള്‍ കുത്തി പൊളിച്ചു അവിടെ കൈതയോ ഇല്ലിയോ, ഈറ്റയോ മറ്റു ചെടികളോ വെച്ച് പിടിപ്പിച്ചു കൂടെ? പച്ചക്കറിയുടെയോ പൂചെടികളുടെയോ ഫല വൃക്ഷങ്ങളുടെയോ തൈകള്‍ ഉണ്ടാക്കുന്ന പ്രവര്‍ത്തനം ആയാല്‍ എന്താ?
  വൃത്തികേടായി കിടക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നന്നാക്കാം, സര്‍വ്വേ, സെന്‍സസ് ജോലികള്‍ കൊടുക്കാം.

  ഇതിനൊന്നും പറ്റിയില്ലെങ്കില്‍, അവര്‍ വീട്ടില്‍ ചുമ്മാ ഇരുന്നോട്ടെ അതിനു കാശ് കൊടുത്താലും കുഴപ്പമില്ല ഇത്രയും പരിസ്ഥിതി നാശം ഉണ്ടാകില്ലല്ലോ? അത് തന്നെ വലിയ കാര്യം.

  ജനങ്ങളെ മടിയന്മാരാക്കുന്ന ഇത്തരം പദ്ധതികളും മണ്ടന്‍ ചോദ്യങ്ങള്‍ക്കുത്തരം പറഞ്ഞു കൊടീശ്വരനാകുന്ന ചാനെല്‍ പരിപാടികളും ഇരുട്ടി വെളുക്കും മുമ്പ് പണം ഇരട്ടിപ്പിച്ചു കൊടുക്കുന്ന സ്ഥാപനങ്ങളും ചേര്‍ന്ന് നാട് കുട്ടി ചോറാക്കും.

 7. സുസ്ഥിരവും പരിസ്ഥിതിക്ക് കോട്ടം തട്ടാതതുമായ പദ്ധതികള്‍ ആസൂത്രണം ചയ്തു നടപ്പിലാക്കണം. കേന്ദ്ര നിയമമായ ജൈവവിവിധ്യ സംരക്ഷണ നിയമത്തിനു വിരുദ്ധമയാണ് പല പദ്ധതികളും. പഞ്ചായത്ത്‌ ജൈവവൈവിധ്യ സംരക്ഷണ സമിതി വേണം ഇത്തരം പദ്ധതികള്‍ക്ക് അനുവാതം കൊടുക്കേണ്ടത്. ഈ സമിതിക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കണം. ഡോ. ഉണ്ണികൃഷ്ണന്റെ ലേഖനം ഇത്തരുണത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. പരിസ്ഥിതി സംരക്ഷണ പരിപാടികള്‍ ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചില്‍ (5) മാത്രം ഒതുങ്ങുന്നു !. ഗാന്ധി ആശയങ്ങള്‍ ഒക്ടോബര്‍ 2 ല്‍ മാത്രം ഒതുങ്ങുന്നതുപോലെ ?.

Leave a Reply

Your email address will not be published. Required fields are marked *