പഴനിയിലെ വാണിഭക്കാര്‍

 
 
 
ഭക്തിയും വിപണിയും കൈകോര്‍ക്കുന്ന
പഴനിയുടെ തെരുവുകളിലൂടെ ഒരു ക്യാമറയുടെ സഞ്ചാരം.
അനീഷ് ആന്‍സ് പകര്‍ത്തിയ ദൃശ്യങ്ങള്‍, വാക്കുകള്‍.

 
 

 
 
കച്ചവടമാണ്, ഭക്തിക്കൊപ്പം പഴനിയുടെ നിത്യഭാവം.
പല ദേശങ്ങളില്‍നിന്ന് ഒഴുകിയെത്തുന്നവര്‍.
പല ആവശ്യങ്ങള്‍. പല പ്രാര്‍ത്ഥനകള്‍.
ഒന്നോ രണ്ടോ നാളത്തെ ആവശ്യങ്ങള്‍ക്കായി
ഇവിടെയെത്തുന്നവര്‍ക്കു വേണ്ടിയാണ്
ഈ പട്ടണം മുഴുവന്‍ കാത്തിരിക്കുന്നത്.
അന്ന പാനീയങ്ങളൊരുക്കി റസ്റ്റോറന്റുകള്‍,
കുറഞ്ഞ വിലക്ക് താവളങ്ങളൊരുക്കി ഹോട്ടലുകള്‍,
അവര്‍ക്കായി മാത്രം കാത്തിരിക്കുന്ന
എണ്ണമറ്റ വാണിഭക്കാര്‍.
പിന്നെ, വാടക വാഹനങ്ങള്‍, യാചകര്‍
തല മുണ്ഡനം ചെയ്യുന്നവര്‍.
ഭക്തി ചിലപ്പോള്‍, ചിലര്‍ക്ക്
ജീവിതമാര്‍ഗം കൂടിയാണ്.

 
 

അനീഷ് ആന്‍സ്


 
 
ക്ഷേത്രത്തിലേക്ക് കുത്തനെയുള്ള കയറ്റമാണ്.
നൂറു കണക്കിന് പടവുകള്‍.
അതിനു താഴെയാണ് വാണിഭക്കാര്‍.
ദര്‍ശനം കഴിഞ്ഞ് പോവുന്നവര്‍ക്കായി
അവര്‍ വള, മാല, കൌതുക വസ്തുക്കള്‍
എന്നിവ കരുതി വെക്കുന്നു.
അമ്പലത്തിലേക്ക് പോവുന്നവര്‍ക്കായി
പൂജാസാമഗ്രികള്‍.
എപ്പോഴും പോക്കറ്റ് കാലിയായി
കൊണ്ടേയിരിക്കും.
വാണിഭക്കാരനു മുന്നില്‍ നില്‍ക്കുമ്പോള്‍
അനുകൂല ഭാവം മുഖത്തുവരാതെ
സൂക്ഷിക്കുക മാത്രമാണ് പ്രതിവിധിയെന്ന്
പണ്ടേ എല്ലാവരും പറയാറുള്ളതാണ്.
അതിനാല്‍, മുഖം പരുഷമാക്കി
ഇതൊക്കെ എത്ര കണ്ടതാണ് എന്ന
മട്ടിലൊരു നടത്തം തന്നെ ശരണം.

 
 


 
 


 
 

വേലാണ് മുരുകന്റെ ആയുധം. പളനിയില്‍ ഏറ്റവും ഡിമാന്റുള്ള സാധനം.  എല്ലായിടത്തും കാണാം വേലുകളുടെ ചെറു രൂപങ്ങള്‍. അതിരാവിലെയാണ് ക്യാമറയിലേക്ക് ഇയാള്‍ കയറി വന്നത്. കൈയില്‍ അനേകം കുഞ്ഞുവേലുകള്‍. നേര്‍ക്കു നേര്‍ മുഖത്ത് നോക്കിയാല്‍ അതിലൊന്ന് കൈയിലിരിക്കും. അതിനാല്‍, കടുപ്പിച്ചു തന്നെ വെച്ചു മുഖം. ഏറെനേരം.
 
 

 
 

താമസിച്ച ഹോട്ടലില്‍ നിന്നിറങ്ങിയപ്പോഴാണ് കാലത്ത് ആ സ്ത്രീ കണ്ണില്‍പ്പെട്ടത്. മാലയും മറ്റും വില്‍ക്കുകയാണ് അവര്‍. ഇത്തരം നൂറുകണക്കിന് സ്ത്രീകളാണ് അല്ലറ ചില്ലറ സാധനങ്ങളുടെ കച്ചവടവുമായി ജീവിക്കുന്നത്.എവിടെയോ വെച്ച് പരിചയമുള്ള ഒരാളെപ്പോലെയാണ് തോന്നിയത്. വഞ്ചിക്കപ്പെടാതിരിക്കാന്‍ എല്ലാവരും മുഖം കടുപ്പിച്ചു നിര്‍ത്തുന്നതിനാലാവണം ചെന്ന എല്ലായിടങ്ങളിലും നിന്ന് അവര്‍ നിരാശരായി തിരിച്ചു വന്നു. ആരും ഒന്നും വാങ്ങിയില്ല. വില കുറഞ്ഞ സാധനങ്ങള്‍ കൂടിയ വിലക്ക് വില്‍ക്കുന്നതിനാലാവണം. ഇന്നത്തെ കണി തന്നെ മോശമെന്ന മട്ടില്‍ അവര്‍ പിന്നീട് നിരാശയായി തലങ്ങും വിലങ്ങും നടന്നു. പിന്നെ, ഒരു ടൂറിസ്റ്റ് ബസിന്റെ അരികില്‍ ചാരി നിന്നു.

 
 

 
 

ദൈവങ്ങള്‍ക്ക് മാത്രം അര്‍ഹതപ്പെട്ടതായിരുന്നു പണ്ട് ആരാധന. എന്നാല്‍, പിന്നീട് സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളും രാഷ്ട്രീയനേതാക്കളുമെല്ലാം അത് വീതം വെച്ചെടുത്തു. തമിഴ്നാട്ടിലാണെങ്കില്‍ സിനിമാ താരങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും തമ്മിലുള്ള അതിരുകള്‍ പണ്ടേ കുറവാണ്. എം.ജി.ആര്‍ മുതല്‍ കാര്യങ്ങള്‍ അങ്ങനെ തന്നെ.
സാക്ഷാല്‍ മുരുകന്റെ മണ്ണിലും വിറ്റുപോവുന്നത് സിനിമാ താരങ്ങളും രാഷ്ട്രീയ തമ്പുരാക്കന്‍മാരുമാണെന്ന് ഏറ്റവും നന്നായി അറിയുന്നത് ഒരു പക്ഷേ, കച്ചവടക്കാരാവും. അതിനാലാവണം കീ ചെയിനുകളായി ദൈവങ്ങളും താരങ്ങളും ഇങ്ങനെ കിടക്കുന്നത്.  ഇവിടെ ജയലളിതയും വിജയകാന്തും ദൈവങ്ങളും ഇങ്ങനെ ചേര്‍ന്നുചേര്‍ന്നിരിക്കുന്നു.

 
 

 
 
വഴിവക്കിലാണ് അവരെ കണ്ടത്. സോഡാ കുടിക്കുന്നൊരു സ്ത്രീ. ചമ്മട്ടിയുമായൊരു പയ്യന്‍. പഴനിയിലിപ്പോഴും സോഡാ കുപ്പിക്ക് മാറ്റമില്ല. നീല നിറത്തിലുള്ള ഉരുളന്‍ കഷണം തലക്ക് വെച്ച പഴയ സോഡാകുപ്പികള്‍. പണ്ട് കേരളത്തിലും ഇത്തരം സോഡാ കുപ്പികളായിരുന്നു. കുറേ കാലമായി കാണാറേയില്ല. ആ ചമ്മട്ടി പയ്യന്റെ ഉപജീവന മാര്‍ഗമാണ്. ഓരോ കടകളിലും ചമ്മട്ടിയുമായി കയറും. അതുയര്‍ത്തി അതുയര്‍ത്തി ശരീരത്തില്‍ ആഞ്ഞടിക്കുന്നതായി നടിക്കും. അവന്‍ വേദനിച്ചു പുളയുന്നതായി കാണുന്നവരും കരുതും. കാശ് പോക്കറ്റില്‍നിന്നിറങ്ങി അവന്റെ കൈയിലെത്തും. അവന്‍ തിരിഞ്ഞു നടക്കും. വേദനയും ചിലപ്പോള്‍അഭിനയമാണ്.

 
 


 
 
പല തരം കച്ചവടക്കാരാണ് പഴനിയിലെങ്ങൂം. പൂക്കച്ചവടക്കാര്‍ അനവധി. കൂടുതലും സ്ത്രീകളാണ്. എവിടെനിന്നോ സുഗന്ധം പരത്തിയെത്തുന്ന പൂവുകള്‍ തങ്ങളെ ചൂടാന്‍ വേണ്ടിയത്തെുന്ന ഏതോ മുടിത്തഴപ്പിനുള്ള കാത്തിരിപ്പിലാവണം. കാത്തിരിക്കുന്ന ഏതോ മുല്ലപ്പൂ മാലയിലേക്കുള്ള യാത്രയാവണം തരുണികള്‍ക്ക് പഴനിയിലെ പടവുകള്‍.

 
 

 
 
പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും പഴനിയില്‍ ഏറെ ആവശ്യക്കാരുണ്ടെന്ന് കൂടെവന്ന ഡ്രൈവര്‍ പറഞ്ഞുതന്നു. ശരിയാണ്. എല്ലായിടത്തുമുണ്ട് പഴങ്ങള്‍.  വിദൂര ഗ്രാമങ്ങളില്‍നിന്ന് വരുന്നവയാണ് ഇവയിലധികവും. താരതമ്യേന കുറഞ്ഞ വിലയാണ്. അതാവണം ആളുകളെ ആകര്‍ഷിക്കുന്നത്.

‘ഈ പേരക്കയൊക്കെ വിറ്റു തീരുമോ?’
നടക്കുന്നതിനടയില്‍ കണ്ട കച്ചവടക്കാരനേട്  വെറുതെ ചോദിച്ചതാണ്. കച്ചവടക്കാരന്‍ നിറഞ്ഞു ചിരിച്ചു. മണിക്കൂറുകള്‍ക്കുശേഷം പടവിറങ്ങി തിരിച്ചു വരുമ്പോള്‍ അയാളെ വീണ്ടും കണ്ടു. മുന്നിലെ വണ്ടിയില്‍ മുന്നിലെ വണ്ടിയില്‍ ഇപ്പോള്‍ നാലഞ്ച് പേരക്കകള്‍. മാത്രം. ബാക്കി മുഴുവന്‍ തീര്‍ന്നിരിക്കുന്നു. ആ ചിരിയുടെ അര്‍ത്ഥം ഇപ്പോള്‍ മനസ്സിലാവുന്നു.

 
 


 

ഈ ആന ഒരു മോഡലാണ്. ക്യാമറകള്‍ക്കു മാത്രമുള്ളത്. അടുത്തു ചെല്ലുമ്പോള്‍ അവിടെയുള്ളവര്‍ പറയും. ‘അണ്ണാം, ആനക്കടുത്തു നിന്നോളൂ. പടമെടുത്തോളൂ’.
ക്യാമറയും കൂര്‍പ്പിച്ച് ഭക്തര്‍ അടുത്തു ചെല്ലും. ഒപ്പമുള്ളവര്‍ ആനയുടെ വാലു പിടിച്ചോ പെരുവയറു തൊട്ടോ നില്‍ക്കും. ഫോട്ടോയെടുപ്പ് കഴിഞ്ഞാല്‍ നേരത്ത പ്രോല്‍സാഹിപ്പിച്ചവര്‍ അരികിലെത്തും. കൈ നീട്ടും.
കാശിനാണ്. ഓരോ സ്നാപ്പിനും കണക്കു പറഞ്ഞു വാങ്ങും. ആനകളെക്കൊണ്ട് ഇങ്ങനെയും ഗുണമുണ്ട്!

 
 

 
 
ക്ഷേത്രത്തിലേക്കുള്ള അനേകം പടവുകള്‍ക്കിടയില്‍ നിറയെ കാണാം, വിഗ്രഹങ്ങള്‍. കണ്ടു പരിചയമുള്ള ദൈവങ്ങള്‍ മാത്രമല്ല. ഇതുവരെ കാണാത്ത രൂപങ്ങളും ഏറെ. തമിഴ് ഗോത്രജീവിതത്തിന്‍റ അടിവേരുകള്‍ കിടക്കുന്നത് ഈ ദൈവരൂപങ്ങളിലാവണം.
പടവു കയറിച്ചെല്ലുമ്പോള്‍ കാണുന്ന വിഗ്രഹങ്ങള്‍ക്കു മുന്നില്‍ ഭക്തര്‍ ഭക്തിപരസ്കരം കര്‍പ്പൂരം തെളിക്കും. ചിലരൊക്കെ പടവുകളില്‍ തന്നെ കര്‍പ്പൂരം കത്തിച്ചുവെച്ച് നടക്കും. പിന്നാലെ വരുന്നവര്‍ ഇതറിയണമെന്നേയില്ല. കാലില്‍ പറ്റിയാല്‍, ഏറെ നേരം കരിഞ്ഞുകൊണ്ടേയിരിക്കും പച്ച മാംസം. ഇതറിഞ്ഞിട്ടാവണം, പടവുകളില്‍ കര്‍പ്പൂരം കത്തിക്കുന്നത് ഈയിടെ നിരോധിച്ചിട്ടുണ്ട്.

 
 

NALAMIDAM PHOTO JOURNIES

‘ഇവനെ ഒരു ഫുട്ബോളറാക്കണം’

നിയോണ്‍ നിലാവത്ത്

ചായാ ചിത്രങ്ങള്‍

ആണായും പെണ്ണായും ചാന്ദ്നിയുടെ ജീവിതങ്ങള്‍

ചാന്ദ്നിയുടെ പെണ്‍ ‘കുട്ടിക്കാലം’

അകക്കാഴ്ചയിലെ പകല്‍ക്കിനാവുകള്‍

പൂമ്പാറ്റകള്‍ക്കൊപ്പം ഒരു ക്യാമറ

ചില നേരങ്ങളില്‍ പൂക്കള്‍

തീവെയിലിന് ഒരാമുഖം

4 thoughts on “പഴനിയിലെ വാണിഭക്കാര്‍

  1. അനീഷ്‌…ഒരു മികച്ച ഫോട്ടോഗ്രാഫര്‍ ആണ്….നിരാശയായി ടൂറിസ്റ്റ് ബസ്സും ചാരിയിരിക്കുന്ന സ്ത്രീയുടെ ചിത്രം വല്ലാത്ത വേദനയായി …..

  2. പഴനിയില്‍ പോയതും ഇതൊക്കെ കണ്ടതും ആണ് .പക്ഷെ താങ്കളുടെ ക്യാമറയിലൂടെ കാണുന്ന ആ സുഖം ..അതൊന്നു വേറെ തന്നെ ….

  3. നേർച്ചപെട്ടിയില്ലാത്ത ഒരു ആരാധനാലയം ഇന്ത്യയിൽ കാണുമോ? ദൈവത്തിനു കാണിക്കയായി ലഭിക്കുന്ന കൈക്കൂലി ആരുടെ പോക്കറ്റില്ലേക്കാണു പോകുന്നതു?

Leave a Reply

Your email address will not be published. Required fields are marked *