കരുണാനിധി: ആവനാഴിയില്‍ ഇനിയെന്ത്?

 
 
 
കരുണാനിധിയുടെ രാഷ്ട്രീയ, വ്യക്തി ജീവിതങ്ങളിലൂടെ
പി.ബി അനൂപ് നടത്തുന്ന സഞ്ചാരം

 

 

ഒരുപാട് വളര്‍ച്ചയും ഇടക്കിടെ തളര്‍ച്ചകളും നേരിട്ട കരുണാനിധിയുടെ രാഷ്ട്രീയജീവിതം മുമ്പെങ്ങുമില്ലാത്തവിധം വലിയ പ്രതിസന്ധി നേരിടുകയാണ്. കാലം കലൈഞ്ജറെ എങ്ങിനെ രേഖപ്പെടുത്തും എന്ന് നിശ്ചയിക്കുന്ന നിര്‍ണ്ണായകനാളുകള്‍. മക്കള്‍ രാഷ്ട്രീയവും സംസ്ഥാന-കേന്ദ്ര തലങ്ങളില്‍ സംഭവിക്കുന്ന ഉരുള്‍പൊട്ടലുകളുമെല്ലാം ചേര്‍ന്ന് കരുണാനിധിയുടെ രാഷ്ട്രീയ ഭാവിക്കുമേല്‍ കാര്‍മേഘം പടര്‍ത്തുന്നു. ഈ പശ്ചാത്തലത്തില്‍ കരുണാനിധി എന്ന രാഷ്ട്രീയ നേതാവിന്റെ പല തലങ്ങളിലേക്ക് നടത്തുന്ന അന്വേഷണം. കരുണാനിധിയെക്കുറിച്ച് കണ്ടും കേട്ടും അറിഞ്ഞവയും പിന്നെ അധികാരത്തിന്റെ ഇടവഴികളില്‍ നിന്നുംകിട്ടിയ നിറംപിടിപ്പിച്ച നേരുകളുടെ പൊട്ടും പൊടിയും ചേര്‍ത്തുവെച്ചും ആ ദ്രാവിഡ സൂര്യന്റെ ഗ്രഹണങ്ങളും ജ്വലനവും പുരുഷാര്‍ത്ഥങ്ങളും തിരയുന്ന ദീര്‍ഘലേഖനത്തിന്റെ ആദ്യ ഭാഗം. പി.ബി അനൂപ് എഴുതുന്നു
 

എ. രാജ കരുണാനിധിയെ വണങ്ങുന്നു


 

ഇരുട്ടില്‍ പൊതിഞ്ഞു നില്‍ക്കുന്ന ചെന്നൈയിലെ ഡി എം കെ ആസ്ഥാനം. മുറ്റത്ത്, കാലത്തോട് കലഹിച്ച് ലോകത്തിന് നേരെ കൈ ചൂണ്ടിനില്‍ക്കുന്ന തമിഴകത്തിന്റെ സ്വന്തം അണ്ണ-സി എന്‍ അണ്ണാദുരൈ. പ്രവേശനകവാടത്തില്‍ അസ്വസ്ഥരായി കാത്തുനില്‍ക്കുന്ന അണികള്‍. പെട്ടെന്ന് പാര്‍ട്ടി ആസ്ഥാനത്തിന്റെ വശം ചേര്‍ന്നുള്ള പ്രത്യേക വഴിയിലൂടെ സുരക്ഷാ അകമ്പടിയോടെ കരുണാനിധിയുടെ ‘ടൊയോട അല്‍ഫാഡ’ ലക്ഷ്വറി വാഹനം ചീറിയടുത്തു. ഹൈഡ്രോളിക് സംവിധാനത്തോടെ, അത്യാധുനിക സൌകര്യങ്ങളോടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം നിര്‍മ്മിച്ച ആ വാഹനത്തിന്റെ വാതില്‍ തുറന്നു. ഓട്ടോമറ്റിക്കായി സീറ്റ് പതുക്കെ പുറത്തേക്ക് വന്നു. കരിമ്പൂച്ചകളുടെ വലയത്തിനുള്ളില്‍ കലൈഞ്ജര്‍ കരുണാനിധി ചക്രകസേരയിലിരുന്ന് പാര്‍ട്ടി ആസ്ഥാനത്തിനുള്ളിലേക്ക് പോയി. അണികള്‍ ആവേശത്തോടെ വിളിച്ചുപറഞ്ഞു.’ കലൈഞ്ജര്‍ വാഴ്ക.. ‘.

അല്‍പ്പസമയത്തിനകം ഒരു കൂട്ടം കാറുകള്‍ കൂടി പാര്‍ട്ടി ആസ്ഥാനത്തേക്ക് എത്തി. കാറുകള്‍ വന്നു നിന്നതും പുകച്ചുരുളുകള്‍ ഉയര്‍ത്തി കരിമരുന്നു പൊട്ടിച്ചിതറി. ആഘോഷത്തിമിര്‍പ്പിന്റെ അന്തരീക്ഷം. കാറുകളില്‍ നിന്ന് ഓരോ നേതാക്കളായി ഓഫീസിനുള്ളിലേക്ക് പോയി. സ്റ്റാലിന്‍, അന്‍പഴകന്‍, ടി കെ എസ് ഇളങ്കോവന്‍ ഏറ്റവും ഒടുവില്‍ പതിനഞ്ചുമാസത്തെ ജയില്‍വാസം കഴിഞ്ഞ്, ആ ദിവസത്തിന്റെ താരം ആണ്ടിമുത്തു രാജ എന്ന എ രാജയും. (ഒരു തട്ടുപൊളിപ്പന്‍ മലയാള സിനിമയിലെ നായകന്റെ ജയില്‍വാസം കഴിഞ്ഞുവരുമ്പോഴുള്ള ഡയലോഗ് ഇതിനോട് ചേര്‍ത്തുവെച്ചു രാജയുടെ മാനസികാവസ്ഥയെ വ്യക്തമാക്കാം… ‘അതേ, പതിനഞ്ചുമാസത്തെ ഇടവേളക്കുശേഷം രാജ വന്നിരിക്കുന്നു. പുതിയ കളികള്‍ കാണാനും. ചില കളികള്‍ കാണിച്ച് പഠിപ്പിക്കാനും’ ) രാജ്യത്തെ നടുക്കിയ അഴിമതി ആരോപണത്തില്‍ക്കുടുങ്ങിയാണ് നേതാവ് ജയിലില്‍ പോയതെങ്കിലും അണികള്‍ക്ക് ആവേശത്തിന് കുറവൊന്നുമില്ലായിരുന്നു. കരുണാനിധിയുടെയും, സ്റ്റാലിന്റെയും, രാജയുടെയും ചിത്രങ്ങള്‍ പതിച്ച ടീഷര്‍ട്ട് ധരിച്ചെത്തിയ അവര്‍ ഉച്ചത്തില്‍ വിളിച്ചു. ‘അണ്ണന്‍ രാസാ … വാഴ്ക ‘.

പാര്‍ട്ടി അദ്ധ്യക്ഷന്റെ മുറിയില്‍ രാജ തന്റെ നേതാവായ കരുണാനിധിയെ കണ്ടുതൊഴുതു. രാജയ്ക്കൊപ്പം മനസ്സില്ലാമനസ്സോടെ മറ്റ് നേതാക്കള്‍ അസ്വസ്ഥതകള്‍ ഉള്ളിലൊതുക്കി ക്യാമറകള്‍ക്കുമുന്‍പില്‍ പല്ലിളിച്ചു നിന്നു. ഒരുകാലത്ത് പാര്‍ട്ടിയുടെ ശക്തനായ ദലിത് മുഖമായിരുന്ന രാജ ഇന്ന് ഏറെപേര്‍ക്കും അനഭിമതനാണ്. പക്ഷെ രാജയോട് ചേര്‍ന്നുനില്‍ക്കുന്ന അഴിമതിയുടെ ചുഴികള്‍ ആരെയും മോചനമില്ലാത്തവരാക്കുന്നു. കരുണാനിധി മാത്രം ഹൃദയം തുറന്ന് ചിരിച്ചു. കാരണം കലൈഞ്ജര്‍ക്കറിയാം ‘ചാപ്പന്മാരെ’ എപ്പോഴാണ് ‘കൊണ്ട് നടക്കേണ്ടതെന്നും’, എപ്പോഴാണ് ‘കൊണ്ട് കുഴിയില്‍ ചാടിക്കേണ്ടതെന്നും’. കഴിഞ്ഞ കാലം അതിന് സാക്ഷ്യം നല്‍കും. ഒരുകാലത്ത് ബി.ജെ.പി വര്‍ഗീയപ്പാര്‍ട്ടിയാണെന്ന് നാടുമുഴുവന്‍ കുറ്റപ്പെടുത്തി നടന്നയാളാണ് ആശാന്‍. പക്ഷെ പിന്നീട് ബി ജെ പി യുടെ നേതൃത്വത്തില്‍ എന്‍.ഡി.എ അധികാരത്തിലെത്തിയപ്പോള്‍ ആശാന്‍ പ്ലേറ്റ് മാറ്റി അവര്‍ക്കൊപ്പം കൂടി. ‘അവര്‍ വര്‍ഗ്ഗീയപ്പാര്‍ട്ടിയാണെങ്കിലും ഞങ്ങള്‍ക്കൊപ്പം കൂടിയാല്‍ ബി ജെ പി നന്നാവു’മെന്ന് കലൈഞ്ജര്‍ ആണയിട്ടു. പിന്നീട് അവര്‍ക്ക് അധികാരം നഷ്ടമായപ്പോള്‍ ‘താത്ത’ കോഴികൂവും മുന്‍പ് ബി ജെ പിയെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസ്സിനൊപ്പം കൈ കോര്‍ത്തു. അത് അവിടെ നില്‍ക്കട്ടെ, നമുക്ക് പറഞ്ഞുവന്ന കാര്യം തുടരാം.

രാജയെ കണ്ടപ്പോള്‍ എന്ത് തോന്നി എന്ന ചോദ്യത്തോട് ‘ഒരിക്കല്‍ വീടുവിട്ടുപോയ അനുജനെ കുറേ മാസങ്ങള്‍ക്കുശേഷം കാണുന്ന ഏട്ടന്റെ മാനസികാവസ്ഥ’ എന്നായിരുന്നു കരുണാനിധിയുടെ മറുപടി. സംസാരം അങ്ങിനെ നീളുന്നതിനിടെ ആരോ ഒരു കുനുഷ്ട്ട് ചോദ്യമെറിഞ്ഞു. ‘കനിമൊഴി ജയില്‍ മോചിതയായെത്തിയപ്പോഴുള്ള അത്രയും ആള്‍ക്കൂട്ടം രാജ വന്നപ്പോള്‍ ഇല്ലായിരുന്നല്ലോ? രാജയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലേക്ക് പ്രധാനനേതാക്കളാരും പോകാഞ്ഞതെന്തേ?…’ ചോദ്യത്തിലെ അപകടം മണത്ത കരുണാനിധിയുടെ പ്രതികരണം രസകരമായിരുന്നു. ‘ഇവിടെ ഇത്രയൊക്കെ കലഹമുണ്ടാക്കിയതുപോരെ … ഇനിയും വേണോ ?’

എന്തോ, കരുണാനിധി ഇപ്പോള്‍ ഇങ്ങിനെയാണ്. ‘അയ്യാ’ എന്ന വിളിയുമായി അടുത്തുകൂടിയിരുന്ന മാധ്യമപ്രവര്‍ത്തകരെ നിറഞ്ഞചിരിയും കുറിക്കുകൊള്ളുന്ന മറുപടിയും കൌശലംകലര്‍ന്ന നിലപാടുകളുമായി നേരിട്ടിരുന്ന കരുണാനിധിക്കിപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ കാണുന്നത് പ്രമേഹരോഗി ഡയറിമില്‍ക്ക് കാണുംപോലെയാണ്. കൊതികൊണ്ട് ഇരിക്കാനുംവയ്യ, കഴിക്കാനുംവയ്യ എന്ന അവസ്ഥ. പ്രത്യേകിച്ച് ടു ജി സ്പെക്ട്രം ഭൂതം കുടം പൊളിച്ച് പുറത്തുചാടിയതിനു ശേഷം. മുല്ലപ്പെരിയാര്‍ വിവാദം കത്തിനിന്ന നാളുകളില്‍ കരുണാനിധിയോട് ചൂണ്ടകൊരുത്ത ചോദ്യമെറിഞ്ഞപ്പോള്‍, ‘തമ്പീ.. നീങ്ക മലയാളത്താന്‍ അല്ലെയാ … ഇപ്പടിതാന്‍ ഇരുക്കും’ എന്ന മറുവെട്ടായിരുന്നു തിരിച്ചുകിട്ടിയത്. എന്റെ ചോദ്യത്തില്‍ ഞാന്‍ എന്ന മലയാളിക്കപ്പുറം എം ജി ആര്‍ എന്ന തന്റെ ശത്രുവിനെയാണ് കരുണാനിധി കണ്ടത്. പണ്ടേ, മക്കളല്ലാതെ ആരെയുംവിശ്വാസമില്ലാത്ത ആളാണ് തമിഴകത്തിന്റെ കിംഗ് ലിയര്‍. തന്റെ മക്കളുടെ രാഷ്ട്രീയഭാവി തകര്‍ക്കുമെന്നും, കുടുംബം കുളംതോണ്ടുമെന്നും കണക്കുകൂട്ടി മരുമകന്‍ ദയാനിധിമാരനെ കേന്ദ്രസര്‍ക്കാരില്‍ നിന്നും പുകച്ച് പുറത്തുചാടിച്ച കക്ഷിയാണ്.

 

 

ഭീഷ്മാചാര്യര്‍ എന്ന ഉപമ
രാജ ജയില്‍ മോചിതനായി എത്തുന്നതിന് അഞ്ചുനാള്‍ മുന്‍പ് കലൈഞ്ജറുടെ 88 മത് പിറന്നാളായിരുന്നു. കൃത്യമായി പറഞ്ഞാല്‍ ജൂണ്‍ 3 ന്. സംഭവബഹുലമായ ഒരു രാഷ്ട്രീയ ജീവിതത്തിന്റെ ദശാസന്ധി. ഇന്ത്യയിലെ ഏറ്റവും തലമുതിര്‍ന്ന, പരിചയസമ്പന്നനായ നേതാവ്. പലതവണചവച്ച ച്യൂയിംഗം പോലെ പറഞ്ഞുപഴകിയ ക്ലീഷേവിശേഷണമാണെങ്കിലും കൃത്യമായി ചേരുന്ന ഒരു വാക്കുണ്ട് ‘രാഷ്ട്രീയഭീഷ്മാചാര്യന്‍’. നമ്മുടെ ഒരു നേതാവിനെയും ഈ രീതിയില്‍ വിശേഷിപ്പിച്ചിരുന്നു. പേരിലും രാഷ്ട്രീയജീവിതത്തിന്റെ അപ്രമാദിത്വത്തിലുമുള്ള സാമ്യംപോലെ ‘അമിതമക്കള്‍സ്നേഹമുള്‍പ്പെടെ’ കാര്യത്തിലും നമ്മുടെ നേതാവും കലൈഞ്ജറും തമ്മില്‍ ചില സമാനതകളുണ്ട്.

‘രാഷ്ട്രീയഭീഷ്മാചാര്യന്‍’ എന്ന വിശേഷണത്തില്‍ ഒരല്‍പ്പം എടങ്ങേറുണ്ട്. കാരണം അവസാനനാളുകള്‍ ഭീഷ്മരെപ്പോലെ അധികാരശരശയ്യയിലായിരിക്കും എന്നത് ചരിത്രവൈരുധ്യം. ‘പിറന്തനാള്‍’ പിന്നിട്ട് ഇത്രയും ദിവസം കഴിഞ്ഞശേഷം എന്തുകൊണ്ട് ഒരു കുറിപ്പ് എന്ന സംശയം സ്വാഭാവികം. പക്ഷെ, പിറന്തനാള്‍ കഴിഞ്ഞെങ്കിലും കഴിഞ്ഞ ദിവസമാണ് കരുണാനിധി തന്റെ ജന്മദിനത്തെക്കുറിച്ച് പ്രതികരിച്ചത്, ‘പിറന്നാള്‍ വരും പോകും. എല്ലാം കണക്കിന്റെ ഒരു കളിയാണ്.. പക്ഷെ ഞാന്‍ ചെയ്തതെന്താണോ അതുമാത്രമേ അവശേഷിക്കൂ… ‘

അധികാരസോപാനങ്ങള്‍ കീഴടക്കിയെങ്കിലും കരുണാനിധിയുടെ ഉള്ളില്‍ ഒരു ആഗ്രഹം മാത്രം ദു:സ്വപ്നംപോലെ ബാക്കിയുണ്ടെന്നാണ് അടുത്ത അനുചരന്മാര്‍ പറയുന്നത്. ‘ഭാരതരത്ന’ എന്ന് പേരിനോടൊപ്പം ചേര്‍ക്കണം. തന്റെ ആജന്മശത്രുവായ എം ജി ആറിനു അത് ലഭിച്ചിട്ടുണ്ടെന്നതാണ് കലൈഞ്ജറുടെ ഉറക്കം കെടുത്തുന്നത്. ചുമ്മാ! ആടിപ്പാടിനടന്നവര്‍ക്കെല്ലാം ‘ഭാരതരത്ന’ കിട്ടി. തമിഴകത്തിന്റെ ‘കാവ്യ ചേര’നായ തനിക്കുമാത്രം കിട്ടിയില്ലാ എന്നത് കരുണാനിധിക്ക് എങ്ങിനെ സഹിക്കാന്‍ കഴിയും. ഒരു ഭാരതരത്ന കിട്ടാന്‍ ‘മ്മടെ പ്രാഞ്ചിയേട്ടനെപ്പോലെ ചുളയിറക്കണ്ട’ കാര്യമൊന്നുമില്ല. അല്ലാതെതന്നെ സമ്പന്നമാണ് ജീവചരിത്രം. കാര്യങ്ങള്‍ ഒരുവിധത്തില്‍ കരക്കടുത്തുവരികയായിരുന്നു. അപ്പോഴാണ് മകളുടെ രൂപത്തിലും ടു ജിയുടെ രൂപത്തിലും ‘കാളസര്‍പ്പയോഗം’ കടന്നുവന്നത്. ഇനി രക്ഷയില്ല. മക്കളെകണ്ടും മാമ്പൂകണ്ടും കൊതിക്കരുതെന്ന് പറയുന്നത് ചുമ്മാതല്ല!

 

 

മാമധുരാപുരിയില്‍ ഒരു തെരഞ്ഞെടുപ്പുകാലം
കാവേരിയെ സ്നേഹിക്കുന്ന കരുണാനിധിയെന്ന വന്മരത്തിലേക്കുള്ള യാത്ര മധുരയില്‍നിന്നു തുടങ്ങാം. കഴിഞ്ഞകുറച്ചു നാളുകള്‍ക്കിടെ കരുണാനിധിയെ ഏറ്റവും വികാരാധീനനായി കണ്ടത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് മധുരൈയില്‍വെച്ചാണ്. ടു ജി സ്പെക്ട്രം കേസ് പാര്‍ട്ടിയെ വന്‍തോതില്‍ വേട്ടയാടിയ നാളുകള്‍. രാജരഥങ്ങള്‍ ഊര്‍വലംപോയ മാമധുരാപുരിയില്‍ വെച്ച് കരുണാനിധി തന്റെ പഴയകാലം ഓര്‍ത്തെടുത്തു. സ്വന്തം ഐഡന്റിറ്റിയായ പാറയില്‍ ചിരട്ടയുരക്കുംപോലുള്ള പരുപരുത്ത ശബ്ദത്തില്‍ പതിവുപോലെ ‘എന്‍ ഉയിരാന ഉടന്‍പിറപ്പുകളെ’ എന്ന വിശേഷണത്തോടെ കരുണാനിധി പ്രസംഗമാരംഭിച്ചു.

മണ്‍മറഞ്ഞ തന്റെ സുഹൃത്തുക്കളെ ഓര്‍ത്തെടുത്തു. കറുത്ത കട്ടിക്കണ്ണട പതുക്കെ മുകളിലേക്കുയര്‍ത്തി ഇടക്കിടെ കണ്ണീര്‍തുടച്ചു. ‘അന്ത മാമിയാര്‍’ ( കരുണാനിധി ജയലളിതയെ അങ്ങിശനയാണ് പലപ്പോഴും വിളിക്കാറ് ) തനിക്കും പാര്‍ട്ടിയ്ക്കും എതിരെചെയ്ത ദ്രോഹങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞു. ഒടുവില്‍, ‘ ഈ തെരഞ്ഞെടുപ്പില്‍ ഡി എം കെ ജയിച്ചില്ലെങ്കിലും നിങ്ങള്‍ എന്നെ തള്ളിപ്പറയരുതെന്നും. നിങ്ങള്‍ മാത്രമാണ് എന്‍റെ ആകെയുള്ള സ്വത്തെന്നും’ കരുണാനിധി പുരുഷാരത്തെനോക്കി പറഞ്ഞു. നീണ്ട നിശബ്ദതയ്ക്കൊടുവില്‍ കരഘോഷങ്ങള്‍ ആര്‍ത്തലച്ചു.

തൊടുത്തുവിട്ട അസ്ത്രംപോലെയുള്ള വാക്കിന്റെ കരുത്തും ഭാഷയുടെ മൂര്‍ച്ചയും ശരിക്കും മനസ്സിലാക്കിയ നേതാവാണ് കലൈഞ്ജര്‍. വാക്കിന്റെ വഴിതന്നെയാണ് കരുണാനിധിയെ കരുണാനിധിയാക്കിയതും. മത്സരിച്ച ഒരു തെരഞ്ഞെടുപ്പിലും തോറ്റിട്ടില്ല എന്ന റെക്കോര്‍ഡിന് ഉടമയായ കരുണാനിധി ആദ്യമായി പിറന്നമണ്ണില്‍ പടയ്ക്കിറങ്ങി എന്ന സവിശേഷതയും കഴിഞ്ഞ തെരഞ്ഞെടുപ്പിനുണ്ടായിരുന്നു.

തമിഴകത്തിന്റെ നെല്ലറയാണ് തിരുവാരൂര്‍. വൈക്കോല്‍മണം നിറഞ്ഞ വഴികള്‍ പിന്നിട്ടാല്‍ തിരുക്കുവളയെന്ന ഗ്രാമത്തിലെത്താം. കരുണാനിധിയുടെ ജന്മഗൃഹം തേടിയപ്പോള്‍ നാട്ടുകാര്‍ ഒരു പഴയ ഓടിട്ടവീട് ആദരപൂര്‍വ്വം കാണിച്ചുതന്നു. ഇന്ന് ഈ വീട് കരുണാനിധിയുടെ അമ്മയുടെ പേരിലുള്ള ഒരു ട്രസ്റിന്റെ ആസ്ഥാനമാണ്. മുറ്റത്ത് വലിയൊരു പൊതുകുളം. അത് കലൈഞ്ജറുടെ സമ്മാനമാണെന്ന് നാട്ടുകാര്‍ അഭിമാനത്തോടെ പറഞ്ഞു. വീട്ടിലേക്ക് കയറും മുന്‍പ് ചെരുപ്പൂരാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് അവര്‍ പറഞ്ഞു, ‘സര്‍, ഇത് വീടല്ല… കോവിലാണ് ‘. വീടിനകത്ത് കരുണാനിധിയുടെ അമ്മയുടെ പ്രതിമ. താന്‍ ജീവിതത്തില്‍ ഏറ്റവും അധികം സ്നേഹിച്ചിട്ടുള്ളത് അമ്മയെയാണെന്ന് കരുണാനിധി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ചുവരുകളില്‍ പല നേതാക്കള്‍ക്കൊപ്പവുമുള്ള കരുണാനിധിയുടെ ചിത്രങ്ങള്‍. ഈ ഗ്രാമത്തിലെ ഒരോരുത്തര്‍ക്കും പറയാനുണ്ട് തമിഴകം കീഴടക്കിയ അവരുടെ കലൈഞ്ജറെക്കുറിച്ചുള്ള വ്യക്തിപരമായ അനുഭവങ്ങള്‍. പനകള്‍ അതിരിട്ട ആ വയലിലൂടെ അധികാരത്തിന്റെ ശീതളിമയിലേക്ക് നടന്നുകയറിയ തന്റേടിയായ ഒരു പയ്യനെ നമുക്ക് കാണാം.

 

കരുണാനിധി: പഴയ ചിത്രം


 

കലൈമണി തിരു. ഷണ്‍മുഖ രാജ പറഞ്ഞത്
കാലക്കണക്കുകളുടെ കൃത്യതയില്ലെങ്കിലും, കഥകള്‍ എനിക്ക് വിവരിച്ചുതന്നത് കരുണാനിധിയുടെ ബാല്യകാല സുഹൃത്ത് ഷണ്‍മുഖരാജനായിരുന്നു. അങ്ങിനെ ചുമ്മാ പറഞ്ഞാല്‍ ഷണ്‍മുഖരാജന്‍ കെറുവിക്കും; നാദസ്വരവിദ്വാന്‍ കലൈമണി തിരു. ഷണ്‍മുഖ രാജ എന്ന് തന്നെ വിളിക്കണം.

1924 ജൂണ്‍ 3 ന് നാദസ്വരവിദ്വാനും ഗ്രാമീണ വൈദ്യനുമായ മുത്തുവേലിന്റെയും അന്ജുകത്തിന്റെയും മകനായി വെള്ളാള കുടുംബത്തില്‍ കരുണാനിധി ജനിച്ചു. തീവ്രതമിഴ് വാദമെന്ന അസുഖം കലശലായുള്ള ആളാണെങ്കിലും തെലുങ്ക് കുടിയേറ്റ കുടുംബമാണ് കരുണാനിധിയുടെത്. രണ്ട് സഹോദരിമാര്‍, പെരിയനായകം, ഷണ്‍മുഖസുന്ദരം. ചെറുപ്പത്തിലെ കരുണാനിധി സംഗീതപഠനത്തിനു ചേര്‍ന്നു. താഴ്ന്നജാതിയില്‍ ജനിച്ചതുകൊണ്ട് അരയ്ക്കുമേലെ വസ്ത്രം ധരിക്കാന്‍ കഴിയാത്തതും, ചില സംഗീതപാഠങ്ങള്‍ പഠിക്കാന്‍ കഴിയാതെപോയതും കരുണാനിധിയെ ചോദ്യങ്ങള്‍ ചോദ്യം ചോദിക്കുന്നവനാക്കി. സാഹിത്യത്തെ സ്നേഹിച്ചു. സഹപാഠികളെ സംഘടിപ്പിച്ച് ‘സംഘം’ എന്ന സംഘടന രൂപീകരിച്ചു. ‘മാനവര്‍ നേസന്‍’ എന്ന പേരില്‍ കൈയ്യെഴുത്തുമാസിക പുറത്തിറക്കി. പിന്നീട് ഈ സംഘടന ‘തമിഴ് മാനവര്‍ മന്ട്രം’ എന്ന് പേര് മാറ്റി. കവലകളില്‍ നാടകങ്ങള്‍ എഴുതി അവതരിപ്പിച്ചു. ‘വന്ദേമാതരം’ എന്നതിന് ‘വന്ദേ.. ഏമാത്തരം’ എന്ന് പാരഡി ചമച്ച ‘തലതെറിച്ച’ പയ്യനായിരുന്നു കരുണാനിധി എന്ന് ഷണ്‍മുഖരാജന്റെ സാക്ഷ്യം. ചെറുപ്പത്തിലേ കരുണാനിധി ജസ്റിസ് പാര്‍ട്ടി നേതാവ് അളഗിരിസ്വാമിയുടെ ചിന്തകളില്‍ ആകൃഷ്ട്ടനായി.

സ്കൂള്‍ ഫൈനല്‍ പരീക്ഷയില്‍ തോറ്റുതുന്നം പാടിയപ്പോള്‍ നാടുവിട്ട് കോയമ്പത്തൂരേക്ക് വണ്ടികയറി. നാടകകമ്പനികളില്‍ എഴുത്തുകാരനായി ജോലി നോക്കി. ‘ദ്രാവിഡ നാടക മന്‍ട്രം’ എന്ന പേരില്‍ നാടകസംഘം രൂപീകരിച്ചു. താന്‍ എഴുതിയ ‘ശാന്തി’ എന്ന നാടകത്തില്‍ അഭിനയിച്ചു. കരുണാനിധിയുടെ ‘തൂക്കുമേടൈ’ എന്ന നാടകം രാഷ്ട്രീയ കാരണങ്ങളാല്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

 

അണ്ണാദുരൈ, കരുണാനിധി, എം.ജി.ആര്‍


 

ഞാന്‍ ഇടതുപാര്‍ട്ടികളില്‍ അംഗത്വമെടുത്തേനെ..
ഈ കാലത്താണ് കരുണാനിധി പെരിയാറിന്റെ ആശയങ്ങളില്‍ ആകൃഷ്ട്ടനാകുന്നത്. പെരിയാറിന്റെ ദ്രാവിഡവാദവും, സ്വാഭിമാന മുന്നേറ്റങ്ങളും കരുണാനിധിയുടെ രാഷ്ട്രീയത്തിന്റെ ദിശനിര്‍ണ്ണയിച്ചു. നാടക ഡയലോഗുകളില്‍ രാഷ്ട്രീയ ചൂടുംചൂരും തിളച്ചു മറിഞ്ഞു. പുതുച്ചേരിയില്‍ നടന്ന ഒരു നാടകത്തിനിടെയാണ് സി എന്‍ അണ്ണാദുരൈ കരുണാനിധിയെ കാണുന്നത്. കരുണാനിധിയുടെ വാക്കുകളിലെ ചാട്ടുളിപോലെ തുളഞ്ഞുകയറുന്ന രാഷ്ട്രീയബോധം അണ്ണായെ ഏറെ ആകര്‍ഷിച്ചു. അണ്ണാ കരുണാനിധിയെ പെരിയാറിന്റെ ദ്രാവിഡ കഴകത്തിലേക്ക് ക്ഷണിച്ചു. ആ കൂട്ടിമുട്ടല്‍ തമിഴ് രാഷ്ട്രീയത്തിന്റെ ഗതിമാറ്റിയ ഒരു ഹൃദയബന്ധത്തിന്റെ തുടക്കമായിരുന്നു. കരുണാനിധി അണ്ണായുടെ പ്രിയതമ്പിയായി. ‘അത് എന്റെ അടിമുടിയുള്ള ഒരുമാറ്റത്തിന്റെ തുടക്കമായിരുന്നു. അണ്ണായെകണ്ടില്ലായിരുന്നെങ്കില്‍ എന്റെ രാഷ്ടീയനിലപാട് മറ്റൊന്നാകുമായിരുന്നു. ഞാന്‍ ഇടതുപാര്‍ട്ടികളില്‍ അംഗത്വമെടുത്തേനെ..’ തന്റെ രാഷ്ട്രീയ ഭാവിനിര്‍ണ്ണയിച്ച ആ കൂടിക്കാഴ്ച്ചയെ കരുണാനിധി രേഖപ്പെടുത്തുന്നത് ഇങ്ങിനെ. ആ കാലത്ത് പരിചയപ്പെട്ടവരാണ് പിന്നീട് രാഷ്ട്രീയത്തിലും, അധികാരത്തിലും കരുണാനിധിയുടെ സഹപ്രവര്‍ത്തകരായിമാറിയ അന്‍പഴകനും, നെടുംചേഴിയനും, മതിയഴകനുമെല്ലാം.

പിന്നീട് പെരിയാറിന് ‘ഒരു പണികൊടുത്തു’ കൊണ്ട് അണ്ണാദുരൈ ‘ദ്രാവിഡ മുന്നേറ്റ്ര കഴകം’ ഉണ്ടാക്കിയപ്പോള്‍ കരുണാനിധി ഉള്‍പ്പടെയുള്ളവര്‍ അണ്ണായ്ക്കൊപ്പം കൂടി. ഡി എം കെയുടെ ആദ്യ ട്രഷററായിരുന്നു കരുണാനിധി. ( അന്നേ കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിലായിരുന്നു ). കരുണാനിധി അപ്പോഴേക്കും സിനിമയിലേക്ക് കളംമാറ്റി. ‘രാജകുമാരി’യാണ് ആദ്യ തിരക്കഥ. ഈ സിനിമയുടെ സെറ്റില്‍വെച്ചാണ് എം ജി ആറിനെ പരിചയപ്പെടുന്നത്. 77 ചിത്രങ്ങള്‍ക്ക് കരുണാനിധി തിരക്കഥയെഴുതി. ‘പരാശക്തി’ ഉള്‍പ്പെടെ ചിത്രങ്ങളിലൂടെ തമിഴ്ദേശീയ ബോധവും, ഡി എം കെ ആശയങ്ങളും ശക്തമായ രീതിയില്‍ ജനങ്ങളിലേക്ക് എത്തിച്ചു. അണ്ണായുടെ പ്രവര്‍ത്തനങ്ങളും കരുണാനിധിയുടെ തിരക്കഥകളുമാണ് ഡി എം കെ യ്ക്ക് വേരോട്ടമുണ്ടാക്കികൊടുത്തത്. ഹിന്ദി രാഷ്ട്രഭാഷയാക്കുന്നതിനെതിരെ നടന്ന പ്രക്ഷോഭങ്ങളാണ് ദ്രാവിഡരാഷ്ട്രീയത്തിന്റെ ആഴത്തിലുള്ള വേരോട്ടം സാധ്യമാക്കിയത്.

 

കരുണാനിധി: പഴയ ചിത്രം


 

‘ഉടല്‍ മണ്ണുക്ക്… ഉയിര്‍ തമിഴുക്ക് ‘
കരുണാനിധിക്കൊപ്പം ഒരു ജനത അന്ന് ഏറ്റുപറഞ്ഞു, ‘ഉടല്‍ മണ്ണുക്ക്… ഉയിര്‍ തമിഴുക്ക് ‘. പക്ഷെ, പാര്‍ട്ടീപ്രവര്‍ത്തങ്ങള്‍ക്ക് വന്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു. അങ്ങിനെയാണ് പത്ത് ലക്ഷം രൂപയുടെ പാര്‍ട്ടി ഫണ്ട് ഉണ്ടാക്കാമെന്ന് കരുണാനിധി അണ്ണായോട് പറയുന്നത്. അക്കാലത്ത് അതൊരു വന്‍തുകയായിരുന്നു. അണ്ണായെ സംബന്ധിച്ചിടത്തോളം അത് അസാധ്യമായിരുന്നു. പക്ഷെ കരുണാനിധി ആ വെല്ലുവിളി ഏറ്റെടുത്തു. ഒടുവില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് പതിനൊന്നുലക്ഷം രൂപ സമാഹരിച്ചു നല്‍കി. പിന്നീട് അണ്ണാ കരുണാനിധിയെ ‘മിസ്റര്‍ പതിനൊന്ന് ലക്ഷം’ എന്നാണ് വിളിക്കാറ്.

പാര്‍ട്ടിയെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനും, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കരുത്തുകാട്ടാനുമായി അണ്ണാദുരൈ എം ജി ആറിനെ ഡി എം കെ പാളയത്തില്‍ എത്തിച്ചു. കരുണാനിധിക്ക് ഈ നീക്കത്തില്‍ ആദ്യംമുതലേ എതിര്‍പ്പുണ്ടായിരുന്നെങ്കിലും എം ജി ആറിന്റെ ജനപ്രിയമാജിക് അറിയാമായിരുന്ന അണ്ണാദുരൈ കരുണാനിധിയെ സമാധാനിപ്പിച്ചു. 1967 ല്‍ കോണ്‍ഗ്രസ്സിന്റെ കുത്തക അവസാനിപ്പിച്ച് ഡി എം കെ അധികാരത്തിലെത്തിയതോടെ ദ്രാവിഡ രാഷ്ട്രീയത്തിലും കരുണാനിധിയുടെ ജീവിതത്തിലും ഒരു പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു. അണ്ണാദുരൈ മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു കരുണാനിധി.

 

 

അണ്ണാദുരൈയുടെ മോതിരം
1969 ല്‍ ക്യാന്‍സര്‍ബാധയാല്‍ അണ്ണാദുരൈ മരിച്ചു. പാര്‍ട്ടിയിലെ അടുത്ത മുതിര്‍ന്ന നേതാവായ നെടുംചേഴിയനെ പതിനെട്ടടവും എടുത്ത് വെട്ടിവീഴ്ത്തി എം ജി ആറിന്റെ സഹായത്തോടെ കരുണാനിധി അധികാരവും പാര്‍ട്ടിയും പിടിച്ചെടുത്തു. അനന്തിരാവകാശി എന്ന നിലയില്‍ അണ്ണാദുരൈ തനിക്ക് പാര്‍ട്ടിപതാകയുടെ മുദ്രയുള്ള മോതിരം സമ്മാനിച്ചിരുന്നതായി കരുണാനിധി അവകാശപ്പെടുന്നു. പിന്നീട് എം ജി ആറിന്റെ ജനപ്രീതി തന്റെ നിലനില്‍പ്പിന് തടസമാകും എന്ന് തിരിച്ചറിഞ്ഞ കരുണാനിധി എം ജി ആറിനെ പുകച്ച് പുറത്തുചാടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കരുണാനിധിയോട് കലഹിച്ച് എം ജി ആര്‍ എ.ഐ.എ.ഡി.എം.കെ രൂപീകരിച്ചു. എം ജി ആര്‍ സ്വന്തം പാര്‍ട്ടിയുമായി രംഗത്തെത്തിയനാള്‍ മുതല്‍ എം ജി ആറിന്റെ മരണം വരെ കരുണാനിധിക്ക് അധികാരം തീണ്ടാപാറ അകലെയായിരുന്നു.

എം ജി ആറിനു ബദലായി തന്റെ മൂത്തമകന്‍ മുത്തുവിനെ സിനിമയിലും രാഷ്ട്രീയത്തിലും വളര്‍ത്തിയെടുക്കാന്‍ കരുണാനിധി ശ്രമിച്ചെങ്കിലും ചെക്കന്‍ പച്ചതൊട്ടില്ല. എം ജി ആര്‍ എന്ന ജനപ്രിയ ബിംബത്തിന്റെ തണലില്‍ തനിക്കെതിരെ ഗോദയിലിറങ്ങിയ ജയലളിതയെ ആദ്യകാലങ്ങളില്‍ കരുണാനിധി അവഗണിക്കുകയായിരുന്നു. എന്നാല്‍ 1989 മാര്‍ച്ച് 25 ന് ജയലളിതയെ ഡി എം കെ എം എല്‍ എമാര്‍ കയ്യേറ്റം ചെയ്തതോടെ രംഗം വഷളായി. അല്ലെങ്കിലും പെണ്ണിന്റെ കണ്ണീരോടെയാണല്ലോ മഹായുദ്ധങ്ങള്‍ തുടങ്ങുക.

 

 

ഏകാധിപതിയും സ്വേച്ഛാധിപതിയും
ജയലളിതയും കരുണാനിധിയും തമ്മിലുള്ള പോരാട്ടങ്ങളുടെ കഥയാണ് പിന്നീടുള്ള ദ്രാവിഡ രാഷ്ട്രീയം. ഇരുവരും തമിഴകം മാറിമാറി ഭരിച്ചു. ഊഴമിട്ട് ‘മുതല്‍അമൈച്ചര്‍’മാരായി. ഒരാള്‍ മുഖ്യമന്ത്രിയായാല്‍ മറ്റെയാള്‍ നിയമസഭയില്‍ കാലുകുത്താറില്ല. ഹാജര്‍ ഒപ്പിടാന്‍ മാത്രം ഒരുദിവസം വന്നുപോകും. മുന്നണിയില്‍ കോണ്‍ഗ്രസ്സെന്നോ ബി.ജെ.പിയെന്നോ നോക്കാതെ കേന്ദ്രസര്‍ക്കാരുകളില്‍ പങ്കാളികളായി. 1969 ^ 1971 കാലഘട്ടത്തില്‍ ഇന്ദിരാഗാന്ധി കരുണാനിധിയോട് സൌഹൃദത്തിന്റെ കരംനീട്ടിയതോടെ ദ്രാവിഡപാര്‍ട്ടികള്‍ക്ക് ദേശീയ രാഷ്ട്രീയത്തില്‍ പ്രാധാന്യം കൈവന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ ‘മുന്നണിവിടല്‍ ഭീഷണി’യുമായി ദില്ലിയിലെ തൂക്കുസര്‍ക്കാരുകളെ വിറപ്പിച്ചു. തരംകിട്ടുമ്പോഴെല്ലാം പിന്നില്‍നിന്ന് കുത്തി. തമിഴ് ദേശീയത എന്ന ആയുധം പുറത്തെടുത്തു. (തന്റെ അച്ഛന്റെ തമിഴ് ദേശീയത ആളെപ്പറ്റിക്കാനുള്ള കണ്‍കെട്ടണെന്ന് മകന്‍ അഴഗിരി പറഞ്ഞതായി വിക്കീലീക്സ് വെളിപ്പെടുത്തുന്നു.

ഫ്ലൈ ഓവര്‍ നിര്‍മ്മാണത്തിലെ അഴിമതി ആരോപണത്തെത്തുടര്‍ന്ന് അര്‍ദ്ധരാത്രി കരുണാനിധിയെ അറസ്റുചെയ്തത് കരുണാ ^ ജയ കുടിപ്പകക്കഥയിലെ ഏറ്റവും സസ്പെന്‍സ് നിറഞ്ഞ അദ്ധ്യായമായിരുന്നു. ‘ജയലളിത ഏകാധിപതിയായിരുന്നെങ്കില്‍ കരുണാനിധി ജനാധിപത്യം വാക്കില്‍ മാത്രം നിറച്ചുവെച്ച സ്വേച്ഛാധിപതിയാണ്. ഫലത്തില്‍ രണ്ടും കണക്കാണ്.. ” പ്രശസ്ത തമിഴ് നോവലിസ്റും രാഷ്ട്രീയനിരീക്ഷകനുമായ ചാരുനിവേദിത വിലയിരുത്തുന്നു.

കരുണാനിധി അധികാരത്തിലെത്തിയാല്‍ ചോട്ടാനേതാക്കളും സര്‍ക്കാരുദ്യോഗസ്ഥരും നാടുവാഴുന്നു, ജയലളിത അധികാരത്തില്‍ വന്നാല്‍ പോലീസ് നാടുവാഴുന്നു. അഴിമതിനടത്താനും, അത് ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കാന്‍ ടി വിയും, മിക്സിയുമെല്ലാം സൌജന്യമായി നല്‍കാനും ഇരുവരും പരസ്പ്പരം മത്സരിക്കുന്നു.

തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്ന് കരുണാനിധി ഉള്‍പ്പെടെ നേതാക്കളും ദ്രാവിഡ പാര്‍ട്ടികളും മലക്കംമറിഞ്ഞതായി ചാരു വിലയിരുത്തുന്നു. ‘ഹിന്ദിക്കെതിരെ സമരം ചെയ്ത്, തമിഴല്ലാതെ മറ്റുഭാഷകള്‍ വേണ്ട എന്ന് വാദിച്ച് ദ്രാവിഡപ്പാര്‍ട്ടികള്‍ തമിഴ് ജനതയെ വല്ലാത്തൊരു ഗര്‍ത്തത്തില്‍ തള്ളിയിട്ടു. ദലിതുകള്‍, മറ്റ് പിന്നോക്കവിഭാഗക്കാര്‍ എന്നിവര്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ ഇവര്‍ക്കു കഴിഞ്ഞില്ല..” ചാരുവിന്റെ വാക്കുകള്‍ ഒരു ജനതയുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *