ദൈവം വിശ്രമിക്കാന്‍ വരുന്ന മുറികള്‍

 
 
 
കവിയും നോവലിസ്റ്റുമായ സിന്ധു മേനോന്‍ എഴുതുന്നു
 

 

അത് കഴിഞ്ഞ് മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അതേ ടേബിളില്‍. വീണ്ടുമൊരു പിറവിയുടെ വേദന കടിച്ചമര്‍ത്തി. ഇത്തവണ അടിവയറ്റില്‍ അനക്കങ്ങളില്ല. മറിച്ച് വേദനയും തീയും തുപ്പുന്ന ആ അവയവത്തില്‍ വളരുന്ന ജീവനില്ലാത്ത മാംസത്തെ നീക്കം ചെയ്യാനായിരുന്നു അത്.

‘രണ്ടിനും ഒരേ ചിലവാണ്’-ഡോക്ടര്‍ പറഞ്ഞു.

മുഴകള്‍ മുറിച്ചു മാറ്റാനും അത് വേരോടെ പിഴുതു കളയാനും. ദിവസത്തില്‍ നാലെണ്ണം എന്ന കണക്കില്‍ ഗര്‍ഭ പാത്രങ്ങള്‍ നീക്കം ചെയ്യപ്പെടുന്ന ആശുപത്രിയാണ് അത്. അവര്‍ക്കത് കള പറിക്കുന്ന പോലെയേ ഉള്ളു. എന്നാല്‍ അത് കളഞ്ഞാല്‍ ഉണ്ടാകുന്ന ശൂന്യത അവളെ ഭയപ്പെടുത്തി- സിന്ധു മേനോന്‍ എഴുതുന്നു

 

Painting: Salvador Dalí


 

ഒരു രോഗിക്ക് അവളുടെ ഡോക്ടറെ ഇടയ്ക്കിടയ്ക്ക് ഓര്‍മ്മ വരും. പ്രത്യേകിച്ചും രോഗം ബാധിച്ച അവയവം ഉള്ളില്‍ തന്നെ ഉള്ള സ്ഥിതിക്ക്. അതിന്റെ മിടിപ്പുകള്‍, പ്രവേഗങ്ങളെല്ലാം ഡോക്ടറുടെ ഗ്ലൌസിട്ട വിരലുകളെ അവളുടെ ഓര്‍മയിലേക്ക് കൊണ്ട് വരും.

അരക്ക് താഴെ വിവസ്ത്രയായി ടേബിളില്‍ അവള്‍ കിടന്നു. ഭര്‍ത്താവിന്റെ അല്ലെങ്കില്‍ കാമുകന്റെ അടുത്ത് കിടക്കുന്ന പോലെ.ഇതിനു മുമ്പും അവള്‍ ആ ടേബിളില്‍ കിടന്നിട്ടുണ്ട് . പത്തൊന്‍പതു വയസ്സില്‍ അമ്മയായപ്പോള്‍. പരിശോധിക്കുമ്പോള്‍ ആ ഡോക്ടര്‍ മുഖത്ത് നോക്കാറില്ലായിരുന്നു. എങ്കിലും അയാളുടെ വിരലുകള്‍ അവളോട് കാരുണ്യപൂര്‍വ്വം പെരുമാറി . അന്ന് ഒരു രാത്രിയുടെ മുഴുവന്‍ ഞരക്കങ്ങള്‍ക്കും ശേഷം അവള്‍ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‍കി.

‘ഇതാ നിന്റെ കുഞ്ഞ്’-ഡോക്ടര്‍ ആ പിഞ്ചു മുഖം അവളുടെ കവിളില്‍ ചേര്‍ത്തു പറഞ്ഞു.

അത്, കഴിഞ്ഞ് മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അതേ ടേബിളില്‍. വീണ്ടുമൊരു പിറവിയുടെ വേദന കടിച്ചമര്‍ത്തി.

സിന്ധു മേനോന്‍


‘ഇനിയും കുഞ്ഞുങ്ങള്‍ വേണോ’-അന്ന് ഡോക്ടര്‍ അവളോട് ചോദിക്കുകയുണ്ടായി. വേണ്ടെന്നായിരുന്നു മറുപടി. പിറ്റേന്ന് തന്നെ അവളെ വന്ധീകരണ ശസ്ത്രക്രിയക്കു വിധേയയാക്കി. അങ്ങിനെ പിറവിയുടെ വേദനകള്‍ അവിടെ അവസാനിച്ചു .

ഇത്തവണ അടിവയറ്റില്‍ അനക്കങ്ങളില്ല.
മറിച്ച് വേദനയും തീയും തുപ്പുന്ന ആ അവയവത്തില്‍ വളരുന്ന ജീവനില്ലാത്ത മാംസത്തെ നീക്കം ചെയ്യാനായിരുന്നു അത്.

‘രണ്ടിനും ഒരേ ചിലവാണ്’-ഡോക്ടര്‍ പറഞ്ഞു.

മുഴകള്‍ മുറിച്ചു മാറ്റാനും അത് വേരോടെ പിഴുതു കളയാനും. ദിവസത്തില്‍ നാലെണ്ണം എന്ന കണക്കില്‍ ഗര്‍ഭ പാത്രങ്ങള്‍ നീക്കം ചെയ്യപ്പെടുന്ന ആശുപത്രിയാണ് അത് .അവര്‍ക്കത് കള പറിക്കുന്ന പോലെയേ ഉള്ളു. എന്നാല്‍ അത് കളഞ്ഞാല്‍ ഉണ്ടാകുന്ന ശൂന്യത അവളെ ഭയപ്പെടുത്തി.

 

Painting: Joanne p


 

നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ, ഇതേ ഹോസ്പിറ്റലില്‍, തന്നെ പത്തുമാസം വഹിച്ച അവയവത്തെ നീക്കം ചെയ്യാന്‍ വന്നത് ഓര്‍മ്മ വന്നു. രണ്ടു ഭാഗം മെടഞ്ഞിട്ട മുടിയുമായി അമ്മ ഒരു സ്കൂള്‍ കുട്ടിയെ പോലെ ഓപറേഷന്‍ തിയറ്ററിലേക്ക് കയറി പോകുമ്പോള്‍ ആ കണ്ണുകളില്‍ യാചനയായിരുന്നു. അവസാനം ബയോപ്സി പാത്രത്തിലിട്ട് അത് മുന്നിലേക്ക് നീക്കി വെച്ചു.

അവള്‍ ആദ്യമായി നിശ്വസിച്ച, കൈകാലിട്ട് കളിച്ച മുറി. പിന്നീടതില്‍ അവളുടെ അനുജനും അനിയത്തിമാരും കിടന്നു. ഒട്ടൊരു അസൂയയോടെ അവളതു നോക്കി നിന്നു. അവള്‍ രണ്ടു കുട്ടികള്‍ക്ക് ജന്മം കൊടുക്കുമ്പോഴും അച്ഛനും അമ്മയും ആയിരുന്നു തുണക്ക്.

അന്നും അവര്‍ തന്നെയായിരുന്നു. ഒരു വ്യത്യാസം മാത്രം, വയ്യാതായിരിക്കുന്നു. പടികള്‍ കയറാന്‍ വിഷമിച്ച് ലിഫ്റ്റില്‍ കയറാന്‍ അറിയാത്ത, ഇടയ്ക്കിടെ വഴികളും മുറികളും തെറ്റുന്ന രണ്ടു പാവങ്ങള്‍. എന്നിട്ടും അവര്‍ അവള്‍ക്കു കൂട്ടിരുന്നു. കൊച്ചു കുട്ടിയെ പോലെ ശുശ്രൂഷിച്ചു.

ശസ്ത്രക്രിയക്ക് ശേഷം ഗര്‍ഭ പാത്രം അവളുടെ മനസ്സായി മാറി കഴിഞ്ഞിരിക്കുന്നു.

വിഷമങ്ങളില്‍ വേദനിച്ചു കരയുകയും സംഘര്‍ഷങ്ങളില്‍ അത് പൊട്ടിത്തെറിക്കുകയും ചെയ്തു. അങ്ങിനെ ജീവിതത്തിലെ പ്രധാന പ്രശ്നങ്ങളില്‍ അത് അതിന്റെ സാന്നിധ്യം ഉറപ്പു വരുത്തി.

14 thoughts on “ദൈവം വിശ്രമിക്കാന്‍ വരുന്ന മുറികള്‍

 1. ബ്ളോഗിലെഴുതിയ ആ സിന്ധു തന്നെയാണോ?
  ഗദ്യത്തിലും നല്ല ഒഴുക്കുണ്ട്.

 2. ദിവസത്തില്‍ നാലെണ്ണം എന്ന കണക്കില്‍ ഗര്‍ഭ പാത്രങ്ങള്‍ നീക്കം ചെയ്യപ്പെടുന്ന ആശുപത്രിയാണ് അത്. അവര്‍ക്കത് കള പറിക്കുന്ന പോലെയേ ഉള്ളു. എന്നാല്‍ അത് കളഞ്ഞാല്‍ ഉണ്ടാകുന്ന ശൂന്യത അവളെ ഭയപ്പെടുത്തി-

  ho! bheekaram!!!

  • ഇതാദ്യമായി ഒരു കഥ വായിച്ചു പൊള്ളലേറ്റു.! ഭാഷയുടെ ഒതുക്കത്തിന്, അനുഭവത്തിന്റെ ആർജ്ജവത്തിന് എന്റെയും അഭിനന്ദനം..

 3. പടികള്‍ കയറാന്‍ വിഷമിച്ച് ലിഫ്റ്റില്‍ കയറാന്‍ അറിയാത്ത, ഇടയ്ക്കിടെ വഴികളും മുറികളും തെറ്റുന്ന രണ്ടു പാവങ്ങള്‍…. loved ur writing :):)

 4. പണ്ടെങ്ങോ വായിച്ചു മറന്ന ഒരു കഥ … എഴുതിയതാരെനോ ., കഥയുടെ അവസാനമോ ഓര്‍മയില്ല ..

  അമ്മയുടെ കീറി മാറ്റിയ ഗര്ഭാപത്രവുമായി ഹോസ്പിറ്റലില്‍ നിന്നും യാത്രയാകുന്ന ഒരു മനുഷ്യന്‍ .. അത് ബസില്‍ വച്ച് മറന്നു പോകുനതാണ് ഇതിവൃത്തം ..
  ആ കഥയുടെ ചൂട് ഇതിനുണ്ട് ..

  അഭിനന്ദനങ്ങള്‍ .. : )

Leave a Reply

Your email address will not be published. Required fields are marked *