എഴുപതുകള്‍ തിരിഞ്ഞുകൊത്തുമ്പോള്‍

 
 
 
എഴുപതുകള്‍ ചരിത്രത്തില്‍ അവശേഷിപ്പിച്ചതെന്താണ്?
കെ.പി ജയകുമാര്‍ നടത്തിയ അന്വേഷണം

 

കേരളം അടിയന്തരാവസ്ഥയ്ക്ക് മുമ്പും അതിന് ശേഷവും ആ ചരിത്രസന്ധിയോട് പ്രതികരിച്ച വിധം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുതന്നെയാണ്. സി പി ഐ പരസ്യമായി അടിയന്തരാവസ്ഥയോടൊപ്പം നിന്നപ്പോള്‍ സി പി എം മടിച്ചുമടിച്ചാണ് പ്രതികരിച്ചത്. ഇന്ദിരയുടെ ഇരുപതിന പരിപാടിയെ സി പി ഐയും തുടക്കത്തില്‍ സിപി എമ്മും അംഗീകരിക്കുകയും ചെയ്തിരുന്നു. നേതാക്കളെല്ലാം അറസ്റുവരിക്കുകയും ജയിലില്‍ പോകുകയും ചെയ്യുക എന്ന അടവുതന്ത്രമാണ് സി പി എം സ്വീകരിച്ചത്. നക്സലൈറ്റുകളും ആര്‍ എസ് എസ് പ്രവര്‍ത്തകരും കേരളത്തില്‍ അടിയന്തരാവസ്ഥയെ നേര്‍ക്കുനേര്‍ എതിരിട്ടു. കീഴടങ്ങി ജീവിക്കുന്നതാണ് മലയാളി ഇഷ്ടപ്പെട്ടത് എന്നതാണ് അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ വലിയ വിജയം സൂചിപ്പിക്കുന്നതെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്- അടിയന്തിരാവസ്ഥയുടെ പല അടരുകളിലക്ക് പില്‍ക്കാലത്തുനിന്നും കെ.പി ജയകുമാര്‍ നടത്തിയ അന്വേഷണം. രണ്ട് ഭാഗങ്ങളായി നാലാമിടം പ്രസിദ്ധീകരിക്കുന്ന ദീര്‍ഘലേഖനത്തിന്റെ ആദ്യ ഭാഗം.

 

 

‘ചരിത്രമെന്നത് ഇനിയൊരിക്കലും നമ്മുടെ ജീവിതത്തിലെ വിവിധഘട്ടങ്ങളില്‍ സംഭവിച്ച സംഗതികളുടെ പുനര്‍നിര്‍മ്മിതിയല്ല. ഭൂതകാലയാഥാര്‍ത്ഥ്യങ്ങള്‍ കണ്ടെത്തുന്നതിനും അത് ശാസ്ത്രീയമായി പുനര്‍നിര്‍മ്മിക്കുന്നതിനുമുള്ള ഇഛയോടെ ഭൂതകാലത്തിലേക്കുള്ള വന്യവും ആര്‍ത്തിഭദ്രവും അനിയന്ത്രിതവുമായ തുരക്കലുകള്‍ ഇനിയൊരിക്കലും ചരിത്രകാരന്റെ ചോദ്യം ചെയ്യപ്പെടാത്ത ദൌത്യമല്ല. ഭൂതകാലത്തെ കണ്ടെത്തുക എന്നിനേക്കാള്‍ നാം ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയം സമാഗതമായിരിക്കുന്നു’

എഫ് ആര്‍ ആങ്കര്‍സ്മിത്ത്

 

 

1960കളുടെ രണ്ടാം പകുതിയില്‍ ആരംഭിക്കുകയും എണ്‍പതുകളുടെ ആദ്യപകുതിവരെ നീണ്ടുനില്‍ക്കുകയും ചെയ്യുന്ന രണ്ടു ദശകങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണ്ണായകമായൊരു വ്യതിയാനത്തിന്റെ കാലമായിരുന്നു. നെഹ്റുവിയന്‍ രാഷ്ട്രസ്വപ്നങ്ങള്‍ക്കേറ്റ പരാജയം സൃഷ്ടിച്ച സന്ദിഗ്ധത രാഷ്ട്രീയമായ പുനരാലോചനയുടെ സാധ്യതകളിലേക്ക് യുവാക്കളെ നിര്‍ബന്ധിച്ചു. സ്വാതന്ത്യ്രാനന്തര ദേശീയഭരണകൂടം പൌരസ്വാതന്ത്യ്രത്തിന്റെ സ്വച്ഛതയിലേക്ക് പടനയിച്ചപ്പോള്‍ സ്വാതന്ത്യ്രത്തെയും സുരക്ഷയെയും സംബന്ധിച്ച സങ്കല്‍പ്പങ്ങള്‍ ശിഥിലമായി. ജീവിത മൂല്യങ്ങള്‍ക്കേറ്റ തകര്‍ച്ചയും സമൂഹത്തെ പ്രതിയുള്ള ആശങ്കയും ഇന്ത്യന്‍ ഭൂമിശാസ്ത്രത്തെ രാഷ്ട്രീയമായ നിരവധി ഉരുള്‍പൊട്ടലുകളുടെ മുനമ്പുകളാക്കിത്തീര്‍ത്തു. കേരള ചരിത്രത്തിലും രാഷ്ട്രീയ സാംസ്കാരിക ഭൂമിശാസ്ത്രത്തിലും കലയിലും സാഹിത്യത്തിലും അതിരറ്റ ഊഷ്മളതയും ചില ആശയങ്ങളോട് ചാവേര്‍കൂറും പുലര്‍ത്തിയ കാലഘട്ടമായിരുന്നു അത്.

എഴുപതുകളുടെയും എണ്‍പതുകളുടെയും രാഷ്ട്രീയ-സാംസ്കാരിക -ഭാവുകത്വ പരിണാമങ്ങള്‍ ആ കാലഘട്ടത്തിന്റെ സാമൂഹ്യ രാഷ്ട്രീയാവസ്ഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു. പ്രത്യേകിച്ച് ഇടതുപക്ഷ -തീവ്ര ഇടതുപക്ഷത്തിന്റെ സംസ്കാരവുമായി. അവിഭക്ത കമ്യൂണിസ്റ് പാര്‍ട്ടിയില്‍ തുടങ്ങി വിവിധ നക്സലൈറ്റ് ഗ്രൂപ്പുകള്‍ വരെ നീളുന്ന യുവത്വത്തിന്റെ വിസ്ഫോടനങ്ങളുടെ ചരിത്രമായിരുന്നു അത്. കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ ഭാഗധേയമായിരുന്ന കേരള വിദ്യര്‍ത്ഥി യൂണിയന്‍ എഴുപതുകളുടെ കുത്തൊഴുക്കില്‍ കടപുഴകുകയും എസ് എഫ് ഐ, ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ചുവരെഴുത്തുകളെ ചുവപ്പിച്ചെടുകയും ചെയ്ത കാലം.

ചരിത്രത്തില്‍ പിന്നെയും ഇടര്‍ച്ചകളും മായ്ക്കലുകളും മാഞ്ഞുപോകലുകളുമുണ്ടായി. ‘തികച്ചും അരാഷ്ട്രീയമായൊരു കാലത്ത് നിന്നുകൊണ്ട് ഒരു രാഷ്ട്രീയ കാലത്തെ ഗൃഹാതുരത്വത്തോടെ ഓര്‍മ്മിക്കലാണ്’ അതെന്ന് ബാബുഭരദ്വാജ് എഴുപതുകളെ ഓര്‍മ്മിച്ചുകൊണ്ട് പറയുന്നു. ഓര്‍മ്മ ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണ്. ചരിത്രമെഴുത്താണ്. എഴുതപ്പെട്ട, രേഖപ്പെടുത്തപ്പെട്ട ചരിത്രത്തെ അത് ചോദ്യംചെയ്യുകയും തിരുത്തുകയും ചെയ്യുന്നു.

‘ചരിത്രമെന്നത് ഇനിയൊരിക്കലും നമ്മുടെ ജീവിതത്തിലെ വിവിധഘട്ടങ്ങളില്‍ സംഭവിച്ച സംഗതികളുടെ പുനര്‍നിര്‍മ്മിതിയല്ല. ഭൂതകാലയാഥാര്‍ത്ഥ്യങ്ങള്‍ കണ്ടെത്തുന്നതിനും അത് ശാസ്ത്രീയമായി പുനര്‍നിര്‍മ്മിക്കുന്നതിനുമുള്ള ഇഛയോടെ ഭൂതകാലത്തിലേക്കുള്ള വന്യവും ആര്‍ത്തിഭദ്രവും അനിയന്ത്രിതവുമായ തുരക്കലുകള്‍ ഇനിയൊരിക്കലും ചരിത്രകാരന്റെ ചോദ്യം ചെയ്യപ്പെടാത്ത ദൌത്യമല്ല. ഭൂതകാലത്തെ കണ്ടെത്തുക എന്നിനേക്കാള്‍ നാം ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയം സമാഗതമായിരിക്കുന്നു.” എന്ന് എഫ് ആര്‍ ആങ്കര്‍സ്മിത്ത് നിരീക്ഷിക്കുന്നുണ്ട്. ഭൂതകാലത്തെക്കുറിച്ച് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ധാരണകളെ പുനരാനയിക്കുകയും പുനര്‍വായിക്കുകയും ചെയ്യുമ്പോള്‍ ചരിത്രം ഒരു വര്‍ത്തമാന യാഥാര്‍ത്ഥ്യമായി അനുഭവപ്പെടുകയാണ്.

കേരളചരിത്രത്തില്‍ ഒരു കാലഘട്ടത്തെ സ്വാധീനിച്ച ധൈഷണികവും സാംസ്കാരികവും രാഷ്ട്രീയവുമായ ചലനമാണ് ഇടതുപക്ഷ തീവ്രവാദം. കലയിലും എഴുത്തിലും അരങ്ങിലും ചലച്ചിത്രത്തിലും സാംസ്കാരിക-സാമൂഹിക ജീവിതത്തിലുമെല്ലാം അതിന്റെ അനുരണനങ്ങള്‍ പ്രകടമായിരുന്നു. ഒരുപാട് വൈരുദ്ധ്യങ്ങളോടെയാണ് ചരിത്രത്തില്‍ ഈ രാഷ്ട്രീയ സന്ദര്‍ഭം അടയാളപ്പെടുന്നത്. ഒരു രാഷ്ട്രീയ മുന്നേറ്റമെന്ന നിലയില്‍ വിജയം അവകാശപ്പെടാന്‍ കഴിയില്ലെങ്കിലും ഇടതുപക്ഷ തീവ്രവാദം ഉയര്‍ത്തിവിട്ട സാംസ്കാരിക മുന്നേറ്റം കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മനോഘടനയില്‍ ദൂരവ്യാപകമായ ചലനങ്ങള്‍ സൃഷ്ടിച്ചു. പില്‍ക്കാലത്ത് പൊതുസമൂഹത്തിലെ പ്രതിരോധ സംഘങ്ങള്‍ രൂപം കൊള്ളുന്നതില്‍ ഇടതു തീവ്രവാദ സംഘങ്ങളുടെ രാഷ്ട്രീയ നൈതികതയും അടിയന്തിരാവസ്ഥയുടെ സൂക്ഷ്മാധികാരത്തിന്റെയും സാംസ്കാരികാധിനിവേശത്തിന്റെയും ഓര്‍മ്മകളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഒരു കാലം ചരിത്രത്തിലേക്ക് പിന്‍വാങ്ങുന്നു. എഴുപതുകള്‍ ചരിത്രത്തില്‍ അവശേഷിപ്പിച്ചതെന്താണ്? അന്നത്തെ യുവാക്കള്‍ ഇന്നത്തെ ഭരണാധികാരികളും രക്ഷിതാക്കളുമാണ്. ഇന്നും ആഘോഷിക്കപ്പെടുന്ന ‘എഴുപതുകളെ’ തിരിഞ്ഞുവായിക്കുമ്പോള്‍ എന്താണ് വെളിപ്പെടുന്നത്?

 

 
അടിയന്തരാവസ്ഥയും കേരളവും
കേരളം അടിയന്തരാവസ്ഥയ്ക്ക് മുമ്പും അതിന് ശേഷവും ആ ചരിത്രസന്ധിയോട് പ്രതികരിച്ച വിധം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുതന്നെയാണ്. സി പി ഐ പരസ്യമായി അടിയന്തരാവസ്ഥയോടൊപ്പം നിന്നപ്പോള്‍ സി പി എം മടിച്ചുമടിച്ചാണ് പ്രതികരിച്ചത്. ഇന്ദിരയുടെ ഇരുപതിന പരിപാടിയെ സി പി ഐയും തുടക്കത്തില്‍ സിപി എമ്മും അംഗീകരിക്കുകയും ചെയ്തിരുന്നു. നേതാക്കളെല്ലാം അറസ്റുവരിക്കുകയും ജയിലില്‍ പോകുകയും ചെയ്യുക എന്ന അടവുതന്ത്രമാണ് സി പി എം സ്വീകരിച്ചത്. നക്സലൈറ്റുകളും ആര്‍ എസ് എസ് പ്രവര്‍ത്തകരും കേരളത്തില്‍ അടിയന്തരാവസ്ഥയെ നേര്‍ക്കുനേര്‍ എതിരിട്ടു.

കീഴടങ്ങി ജീവിക്കുന്നതാണ് മലയാളി ഇഷ്ടപ്പെട്ടത് എന്നതാണ് അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ വലിയ വിജയം സൂചിപ്പിക്കുന്നതെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്. ഏകാധിപത്യപ്രവണതകള്‍ക്കെതിരെ ശക്തമായി വിധിയെഴുതിയ ഉത്തരേന്ത്യന്‍ ഗ്രാമീണരുടെ രാഷ്ട്രീയബോധവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളീയര്‍ ലജ്ജാകരമായ കീഴടങ്ങലും ഫാസിസ്റ് മനസ്സും ഇഷ്ടപ്പെടുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടു. ‘അക്ഷരാഭ്യാസമില്ലാത്ത, രാഷ്ട്രീയ പ്രബുദ്ധതയില്ലാത്ത വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒന്നടങ്കം അടിയന്തരാവസ്ഥ നടപ്പാക്കിയ കോണ്‍ഗ്രസിനെ നിരാകരിച്ചപ്പോള്‍ അഭ്യസ്ഥവിദ്യരും രാഷ്ട്രീയ പ്രബുദ്ധരുമായ മലയാളികള്‍ അടിയന്തരാവസ്ഥക്കാരെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധതയില്‍ എന്തോ പന്തികേടുണ്ടെന്ന് തെളിയുകയായിരുന്നു ‘ എന്ന് കെ വേണു നിരീക്ഷിക്കുന്നു.

എന്നാല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസ് വിജയിച്ചിരുന്നു എന്ന വസ്തുത ചൂണ്ടിക്കാട്ടിക്കൊണ്ട് ഡോ. ടി ടി ശ്രീകുമാര്‍ വേണുവിനെ ഖണ്ഡിക്കുന്നു. ജെ പി ^മൊറാര്‍ജി ^ഹൈന്ദവ ^തീവ്രവലതുപക്ഷ കൂട്ടുകെട്ട് അടിയന്തരാവസ്ഥയ്ക്ക് മുമ്പുതന്നെ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ കോണ്‍ഗ്രസിന്റെ അടിത്തറയിളക്കിക്കഴിഞ്ഞിരുന്നുവെന്നും അടിയന്തരാവസ്ഥയുടെ അനുഭവങ്ങള്‍ ആ പ്രക്രിയയുടെ ആഴം വര്‍ദ്ധിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിലെ ഉത്തരേന്ത്യന്‍ജനതയുടെ പ്രതികരണം അടിയന്തരാവസ്ഥയോടുള്ള പ്രതിഷേധം മാത്രമായി വായിക്കാനുമാവില്ല.

‘എഴുപതുകളില്‍ കോണ്‍ഗ്രസിന്റെ ധ്രുവീകരണത്തിന് ശേഷം, ഹൈന്ദവഫാസിസ്റുകളും സിന്‍ഡിക്കേറ്റ് കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുന്ന തീവ്രവലതുപക്ഷവും യോജിച്ചുള്ള സമരങ്ങള്‍ക്ക് തയ്യാറായതോടെ കോണ്‍ഗ്രസിന്റെ ജനകീയാടിത്തറയ്ക്ക് കോട്ടം വന്നിരുന്നു. ഇത്തരത്തിലുള്ള ഒരു വലതുപക്ഷ കേന്ദ്രീകരണം ചരിത്രപരമായ സവിശേഷതകളാല്‍ കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഭവിക്കുകയുണ്ടായില്ല’ ^ഹൈന്ദവഫാഷിസത്തോടും വലതുപക്ഷരാഷ്ട്രീയത്തോടും ദ്രാവിഡ^ ഇടതുപക്ഷമനസ്സ് പൊതുവെ കാട്ടുന്ന വിപ്രതിപത്തിയാണ് അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് സഹായകരമായിത്തീര്‍ന്നത് എന്നും ടി ടി ശ്രീകുമാര്‍ നിരീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ ‘ആഴത്തിലുള്ള ഒരു ജനാധിപത്യബോധത്തിന്റെ അനുരണനങ്ങള്‍ ചരിത്രപരമായി തെറ്റായിപ്പോയ മലയാളിയുടെ അടിയന്തരാവസ്ഥയോടുള്ള ഈ പ്രതികരണത്തില്‍ ദര്‍ശിക്കാന്‍ കഴിയു’മെന്നാണ് അദ്ദേഹത്തിന്റെ പക്ഷം

 

 
ഇടതുപക്ഷമുഖമുള്ള മധ്യവര്‍ഗ മനസ്സ്
അറുപതുകളില്‍ തുടങ്ങി അടിയന്തരാവസ്ഥയോടുകൂടി അവസാനിക്കുന്ന ദശകങ്ങളില്‍ തീവ്ര ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും വിപ്ളവാഭിവാഞ്ചയുടെയും ഉദയവും അസ്തമനവും സംഭവിച്ചുകഴിഞ്ഞിരുന്നു. തീവ്രഇടതുപക്ഷ പ്രസ്ഥാനങ്ങളെ അടിയന്തരാവസ്ഥയുടെ മറവില്‍ പൂര്‍ണമായി ഉന്മൂലനം ചെയ്യാന്‍ ഭരണകൂടത്തിനും മുഖ്യധാരാ ഇടതുപക്ഷത്തിനും കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ ഇടതുപക്ഷമനസ്സ് എന്നത് എഴുപത്തിയേഴിന് ശേഷം രൂപപ്പെട്ട മധ്യവര്‍ഗമനസ്സുതന്നെയാണ്. അടിയന്തരാവസ്ഥയ്ക്ക് ശേഷമാണ് കേരളത്തില്‍ ആര്‍ എസ് എസും സജീവമായ വേരോട്ടം നടത്തുന്നത് എന്നത് ഇതിനോട് ചേര്‍ത്തുവായിക്കപ്പെടണം. വരേണ്യതയിലേക്ക് ആഞ്ഞുനില്‍ക്കുന്ന ഒരു സാമൂഹ്യപൊതുമണ്ഡലത്തെയാണ് ഇത് സാധ്യമാക്കിയത്. അതുകൊണ്ടുതന്നെ അടിയന്തരാവസ്ഥയും അതിനോടുള്ള പ്രതികരണവും പുതിയ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യമനസ്സിനെ നിര്‍ണയിക്കുകയും രൂപപ്പെടുത്തുകയും ചെയ്ത ചരിത്രസന്ധിയായിരുന്നു.

ദേശീയസ്വാതന്ത്യ്രം മുന്നോട്ടുവച്ച സുരക്ഷയും പ്രതീക്ഷയും തകരുകയും കോണ്‍ഗ്രസ്സ് ഏകാധിപത്യ സ്ഥാപനമായി മാറുകയും ഇടതുവിപ്ലവപ്രസ്ഥാനങ്ങള്‍ ശിഥിലമാവുകയും ചെയ്ത നിര്‍ണ്ണായക ചരിത്രസന്ദര്‍ഭമായിരുന്നു ഇന്ത്യന്‍ എഴുപതുകള്‍. ‘സാധാരണക്കാരും’ അസംഘടിതരും സാമൂഹികസാമുദായിക സാമ്പത്തിക കാരണങ്ങളാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ബഹുഭൂരിപക്ഷത്തില്‍ നിന്നും രാഷ്ട്രീയ പ്രസ്ഥാനങ്ങളും അധികാര സ്ഥാപനങ്ങളും നീതിന്യായ സംവിധാനങ്ങളും അകന്നു. ഈ അവസ്ഥകളോടുള്ള അതൃപ്തിയും അസ്തിത്വവ്യഥകളുമാണ് രണ്ടാം തലമുറയുടെ തീവ്ര ചിന്തകളെ സ്വാധീനിച്ചത്. അസംതൃപ്തരായ വിദ്യാസമ്പന്നരുടെ ഒരു മധ്യവര്‍ഗ്ഗമായിരുന്നു അത്. ഒരര്‍ത്ഥത്തില്‍ അവരുടെ ഉള്ളിലുണ്ടായിരുന്ന അരാജകബോധത്തിന്റെ തുടര്‍ച്ചയായിരുന്നു കേരളത്തിലെ നക്സലൈറ്റ് മുന്നേറ്റത്തിന്റെ രണ്ടാം ഘട്ടം. ഒരു സ്ഥാപനവും പരിഹാസാതീതമല്ല. തിരിഞ്ഞുനോക്കുമ്പോള്‍ ഒരു കാല്‍പ്പനിക മധ്യവര്‍ഗ്ഗ സാംസ്കാരികോദ്യമം മാത്രമായിരുന്നു, ഇടതുപക്ഷ തീവ്രവാദം’ എന്ന് സച്ചിദാനന്ദന്‍ അക്കാലത്തെ വിലയിരുത്തുന്നു.

സാമ്പത്തിക പുന:ക്രമീകരണങ്ങള്‍
അറുപതുകളുടെയും എഴുപതുകളുടെയും സാമൂഹ്യസാംസ്കാരിക ചരിത്രത്തെ നിര്‍ണ്ണയിക്കുന്ന മറ്റൊരു ഘടകം ഇക്കാലഘട്ടങ്ങളില്‍ നടന്നിട്ടുള്ള സാമ്പത്തിക പുന:ക്രമീകരണങ്ങളാണ്. ഭൂപരിഷ്കരണവും ഗള്‍ഫ് നാടുകളിലേക്കുണ്ടായ വ്യാപക കുടിയേറ്റം സൃഷ്ടിച്ച പുത്തന്‍സാമ്പത്തിക ചുറ്റുപാടുകളും കേരളത്തെ സവിശേഷമായ ഒരു സാമ്പത്തിക സമൂഹമാക്കിമാറ്റി. ഇങ്ങനെ ബഹുമുഖമായി വികസിച്ചുവന്ന സാമൂഹിക രാഷ്ട്രീയ പൊതുമണ്ഡലത്തിനുള്ളിലാണ് എഴുപതുകളുടെ ഇടതുപക്ഷ മനസ്സ് രൂപംകൊണ്ടതും പരിണമിച്ചതും.

മുഖ്യധാരാ ഇടതുപക്ഷവും തീവ്രഇടതുപക്ഷവും, അഭ്യസ്തവിദ്യരായ മധ്യവര്‍ഗത്തിന്റെ സ്വയം പുനര്‍നിര്‍വചിക്കാനുള്ള ശ്രമങ്ങളുടെ ഫലമായിരുന്നു. ഇന്ത്യയിലെ മുഖ്യധാരാ കമ്യൂണിസ്റ് പ്രസ്ഥാനത്തിന് തെലുങ്കാനയിലും പുന്നപ്രവയലാര്‍ സമരഘട്ടങ്ങളിലുമുണ്ടായിരുന്ന ആദര്‍ശബോധവും ലക്ഷ്യോന്‍മുഖതയും തീവ്രതയും നഷ്ടപ്പെട്ടുവെന്നും വ്യവസ്ഥാപിത കമ്യൂണിസ്റ് പാര്‍ട്ടികള്‍ക്ക് ഒരുമാറ്റവും കൊണ്ടുവരാന്‍ കഴിയില്ലെന്നും പുതിയതലമുറ വിശ്വസിച്ചു. അതോടെ വിപ്ലവവീര്യം തിരിച്ചു പിടിക്കേണ്ടത് ആസന്നരാഷ്ട്രീയ ലക്ഷ്യമായിത്തീര്‍ന്നു.

അറുപതുകളുടെ അവസാനത്തിലും എഴുപതുകളുടെ ആരംഭത്തിലും സജീവമായ തീവ്ര ഇടതുപക്ഷാഭിമുഖ്യം തുടര്‍ന്ന് കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തെ ആഴത്തില്‍ നിര്‍ണയിക്കുകതന്നെ ചെയ്തു. അടിച്ചമര്‍ത്തലുകളെ അതിജീവിക്കാനുള്ള രാഷ്ട്രീയ തന്ത്രവും സംഘടിതരൂപവും ഇല്ലാത്തതിനാല്‍ നിരവധി ഗ്രൂപ്പുകളായി ശിഥിലമായ നക്സലൈറ്റു പ്രസ്ഥാനത്തിന്റെ പുനരേകീകരണം നടന്നത് എഴുപതുകളിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നു. ‘ഭാവനകള്‍ തിങ്ങുന്ന വലിയ ഒരു തലയും പീഡനത്താലും ആത്മപീഡയാലും ശുഷ്കിച്ച ഒരു ശരീരവുമായാണ് കേരളത്തിലെ നക്സലിസം കാണപ്പെടുന്നത്. വളരെ ചുരുങ്ങിയ കാലത്തെ ദൈര്‍ഘ്യമുള്ള ഒരു തീഷ്ണ യൌവ്വനമേ അതിനുണ്ടായിരുന്നുള്ളു. എങ്കിലും, വിപുലവും ഭാവനാമയവുമായ ഒരു ഭാവിയിലേക്ക് അത് നീണ്ടു കിടക്കുന്നു’ എന്നാണ് ആ കാലത്തെ സി എസ് വെങ്കിടേശ്വരന്‍ നിരീക്ഷിക്കുന്നത്.

എസ്.എഫ്.ഐ-കെ.എസ്.യു കാമ്പസ്
അടിയന്തരാവസ്ഥയുടെ ഭയപ്പെടുത്തുന്ന കാലത്തിലൂടെ കടന്നുപോയ നാളുകളില്‍ കേരളത്തിലെ വിദ്യര്‍ത്ഥി സമൂഹം പ്രധാനമായും രണ്ട് ചേരികളില്‍ നിലയുറപ്പിച്ചു. ‘ക്യാമ്പസ്സുകള്‍ പൂര്‍ണ്ണമായും അന്ന് കെ എസ് യുവിന്റെ കൈകളിലാണ്. എഴുപതുകളിലെ കേരളത്തിലെ സവിശേഷമായ സാമൂഹ്യ രാഷ്ട്രീയ കാലാവസ്ഥ ക്യാമ്പസുകളില്‍ പ്രകടമായിത്തുടങ്ങിയിരുന്നു. അതൊക്കെ കെ എസ് യുവിന്റെ നിലപാടില്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തനത്തിന് എതിരും എസ് എഫ് ഐയുടെ വളര്‍ച്ചക്ക് അനുകൂലവുമായിരുന്നു. അവര്‍ ഭരണപരവും കായികവുമായ ശക്തി ഉപയോഗിച്ച് എസ് എഫ് ഐ പ്രവര്‍ത്തകരെ വേട്ടയാടി. ഈ പ്രതികൂല കാലം ഞങ്ങളുടെ വളര്‍ച്ചക്ക് അനുകൂലമാവുന്നു. ഒളിഞ്ഞും തെളിഞ്ഞും വിദ്യാര്‍ത്ഥികള്‍ എസ് എഫ് ഐ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. വിദ്യാഭ്യാസ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് എസ് എഫ് ഐ നിരവധി സമരങ്ങള്‍ അക്കാലത്തു നടത്തി. തിരുവന്തപുരം എം ജി കൊളജിലും കൊല്ലം എസ് എന്‍ കോളെജിലും ഫാത്തിമ മാതാ കോളജിലും വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് നടത്തിയ ഭീകരമായ ലാത്തിച്ചാര്‍ജ്ജ് പൊതുസമൂഹത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. അതിനെതിരായി എസ് എഫ് നടത്തിയ പ്രക്ഷോഭസമരങ്ങളില്‍ വന്‍ വിദ്യര്‍ത്ഥി പങ്കാളിത്തമാണുണ്ടായത്’ -മുന്‍ എസ് എഫ് ഐ നേതാവും വൈക്കം നഗരസഭാ ചെയര്‍മാനുമായ പി കെ ഹരികുമാര്‍ തിളച്ചുതൂവിയ രാഷ്ട്രീയ ഭൂതകാലത്തെ ഓര്‍മ്മിച്ചെടുക്കുന്നു.

‘അടിയന്തരാവസ്ഥക്കുശേഷം ജയില്‍ മോചിതനായ അന്നത്തെ വിദ്യാര്‍ത്ഥി നേതാവ് കോടിയേരി ബാലകൃഷ്ണന് തലയോലപ്പറമ്പില്‍ ഞങ്ങള്‍ സ്വീകരണം നല്‍കി. അതിലെ വിദ്യാര്‍ത്ഥി പങ്കാളിത്തം അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു. ഇത്രയും കാലം അവരെല്ലാം എവിടെയാണ് മറഞ്ഞിരുന്നതെന്ന് അത്ഭുതപ്പെട്ടു. അടിയന്തിരാവസ്ഥയുടെ ഭീകരനാളുകളിലൂടെ കടന്നുപോയ വിദ്യാര്‍ത്ഥിസമൂഹം ആരുടേയും പ്രേരണയില്ലാതെ സ്വയം ഇറങ്ങിവരുന്നു. അത് കേരളത്തിലെ വലിയ വിദ്യാര്‍ത്ഥി മുന്നേറ്റത്തിന്റെ സൂചനയായിരുന്നു’ എന്നും ഹരികുമാര്‍ വിലയിരുത്തുന്നു.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ചരിത്രം ആവര്‍ത്തനത്തിലൂടെ കടന്നുപോകുന്ന ഒന്നാണെന്ന് മുന്‍ കെ എസ് യു നേതാവും മാവേലിക്കര എം എല്‍ എയുമായ എം മുരളി നിരീക്ഷിക്കുന്നു.’ഐക്യകേരളം രൂപംകൊള്ളുന്നതിനുമുമ്പുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ചരിത്രം നോക്കൂ. തിരുകൊച്ചിയിലും മലബാറിലും ഏറ്റവും പ്രബലമായ വിദ്യാര്‍ത്ഥി സംഘടന എസ് എഫ് ആയിരുന്നു. കമ്യൂണിസ്റ് ആശയങ്ങള്‍ക്ക് ഈ പ്രദേശത്തുണ്ടായിരുന്ന വേരോട്ടം, കമ്യൂണിസ്റ് ആദര്‍ശത്തില്‍ അടിയുറച്ച ഒരു യുവതലമുറയെ സൃഷ്ടിച്ചു. വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം അന്ന് സ്റുഡന്റ്സ് ഫെഡറേഷനു പിന്നില്‍ അണിനിരന്നു. ഐക്യകേരളം രൂപം കൊള്ളുന്നതോടെ ഈ സാഹചര്യത്തിന് മാറ്റമുണ്ടാകുന്നു. വിപ്ലവത്തില്‍ നിന്നും ഭരണത്തിലേക്ക് ചുവടുമാറ്റിയ പാര്‍ട്ടിയോടൊപ്പം നില്‍ക്കാന്‍ വലിയൊരു വിഭാഗം യുവജനങ്ങള്‍ക്ക് കഴിഞ്ഞില്ല. അതിന്റെ തിരിച്ചടികളിലൂടെ എസ് എഫ് കടന്നുപോകുന്ന കാലത്താണ് കെ എസ് യു ഒരണസമരത്തിലൂടെ മുന്നേറ്റം സൃഷ്ടിക്കുന്നത്. കോണ്‍ഗ്രസ് അനുഭാവ സംഘടനയായിരുന്നുവെങ്കിലും കെ എസ് യു കോണ്‍ഗ്രസിന്റെ പോഷക സംഘടനയായിരുന്നില്ല, എന്നതും ശ്രദ്ധേയമാണ്. ഒരു സ്വതന്ത്ര ജനാധിപത്യ വിദ്യാര്‍ത്ഥി പ്രസ്ഥാനമായി നിന്നുകൊണ്ട് കോണ്‍ഗ്രസിനകത്തും പുറത്തും യുദ്ധം ചെയ്തു. പാര്‍ട്ടിയിലെ സ്ഥാപിത താല്പര്യങ്ങളുടെ ശത്രുവായിരുന്നു വിദ്യാര്‍ത്ഥി പ്രസ്ഥാനം. അതേസമയം സാമൂഹ്യപ്രശ്നങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലുമായിരുന്നു. ഈ ദ്വിമുഖ യുദ്ധത്തിലൂടെയാണ് എസ് എഫിനു ലഭിച്ചതിനേക്കാള്‍ വലിയ പിന്തുണയോടെ കെ എസ് യു വളര്‍ന്ന് പന്തലിച്ചത്. അറുപതുകളില്‍ കമ്യൂണിസ്റ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് എസ് എഫിന്റെ തളര്‍ച്ചയുടേയും കെ എസ് യുവിന്റെ വളര്‍ച്ചയുടേയും ആക്കം കൂട്ടി. എഴുപതുകളുടെ അവസാനം കോണ്‍ഗ്രസ്സില്‍ ആശയപരമായ ഭിന്നിപ്പ് ശക്തമാകുന്നു. പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്നു. ഈ പിളര്‍പ്പ് കെ എസ് യുവിനെയും ബാധിച്ചു. ക്യാമ്പസുകളില്‍ കെ എസ് യു പലതായി ഭിന്നിച്ചു. ഈ പഴുതുകളിലൂടെയാണ് എസ് എഫ് ഐ സജീവമാകുന്നത്. കോണ്‍ഗ്രസിലെ പിളര്‍പ്പും പിന്നീടുണ്ടായ സംയോജനത്തിനും ശേഷം ഒരു സ്വതന്ത്ര വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്ന മുഖഛായ കെ എസ് യുവിന് നഷ്ടപ്പെടുന്നു. കെ എസ് യുവില്‍ പിന്നീട് വന്ന നേതാക്കളാരും വിദ്യാര്‍ത്ഥികളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നില്ല. നേതാക്കന്‍മാരുടെ താല്പര്യപ്രകാരം അവരോധിക്കപ്പെട്ട നേതൃത്വമാണുണ്ടായത്. അവര്‍ പാര്‍ട്ടിനേതാക്കള്‍ക്ക് വിധേയരും സേവപിടുത്തക്കാരുമായിരുന്നു. ക്യാമ്പസില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. വിദ്യാര്‍ത്ഥിപ്രശ്നങ്ങള്‍ക്കുവേണ്ടി സമരമുഖത്തിറങ്ങാന്‍ കഴിഞ്ഞില്ലെന്നുമാത്രമല്ല, സേവപിടുത്തക്കാരായ നേതൃത്വത്തിന് പാര്‍ട്ടിക്കുള്ളിലെ സ്ഥാപിത താല്പര്യങ്ങളോട് യുദ്ധം ചെയ്യാനും സാധിച്ചില്ല. ഇതിനിടയിലൂടെ എസ് എഫ് ഐ സംഘടിത ശക്തിയായി വളര്‍ന്നുവരുന്നു’- കെ.എസ്.യു.വിന്റെ കാമ്പസ് തകര്‍ച്ച അനിവാര്യമാക്കിയ രാഷ്ട്രീയ ചരിത്രത്തെ എം മുരളി ഇങ്ങനെ വിലയിരുത്തുന്നു.

കാമ്പസുകളില്‍ കെ എസ് യുവിന്റെ തകര്‍ച്ച പൂര്‍ണ്ണമാക്കിയത് അടിയന്തരാവസ്ഥയായിരുന്നുവെന്ന് അന്നത്തെ വിദ്യാര്‍ത്ഥി നേതാവും മുന്‍ എം പിയുമായ സുരേഷ് കുറുപ്പ് നിരീക്ഷിക്കുന്നു. ‘അടിയന്തരാവസ്ഥയോടുള്ള കെ എസ് യുവിന്റെ സമീപനം വളരെ പരിഹാസ്യമായിരുന്നു. അടിയന്തരാവസ്ഥക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ പൊലീസിന് ചൂണ്ടിക്കാട്ടിയും ശത്രുക്കളെ കായികമായി ഇല്ലായ്മചെയ്തും അവര്‍ ആ കാലം മതിമറന്നാഘോഷിച്ചു. മാത്രമല്ല, തെരഞ്ഞെടുക്കപ്പെട്ട സമിതികള്‍ വഴി അവര്‍ നടത്തിക്കൊണ്ടിരുന്ന അഴിമതിയും ധൂര്‍ത്തും വിദ്യാര്‍ത്ഥികളുടെ മനം മടുപ്പിച്ചിരുന്നു. അടിയന്തരാവസ്ഥ പിന്‍വലിക്കുകയും അന്നോളം മൂടിവയ്ക്കപ്പെട്ട രാജന്‍ സംഭവം പോലെയുള്ള വാര്‍ത്തകള്‍ പുറത്തുവരുകയും ചെയ്തതോടെ വിദ്യര്‍ത്ഥികളുടെ രോഷം അണപൊട്ടുകയായിരുന്നു. രാഷ്ട്രീയമായ ആ കുത്തൊഴുക്കില്‍ കെ എസ് യു ക്യാമ്പസുകളില്‍നിന്നും നിശേãഷം ഒഴുകിപ്പോയി’ എന്നാണ് സുരേഷ് കുറുപ്പിന്റെ നിരീക്ഷണം.

 

രാജന്‍


 
രാജന്റെ ചോര
തീവ്രഇടതുപക്ഷത്തിനോട് മാനസികവും ആശയപരവുമായ അനുഭാവം പുലര്‍ത്തിയിരുന്ന വലിയൊരു വിഭാഗം യുവാക്കളെയും വിദ്യാര്‍ത്ഥികളെയും വിപ്ലവത്തിന്റെ ചിഹ്നങ്ങളും മുദ്രാവാക്യങ്ങളുമുപയോഗിച്ച് സംഘടനയിലേക്ക് വലിച്ചടുപ്പിക്കാന്‍ എസ് എഫ് ഐക്ക് കഴിഞ്ഞു. സഖാവ് കൃഷ്ണപിള്ളയേക്കാള്‍ ചെ ഗുവേരയും വയലാറിലെ വാരിക്കുന്തത്തേക്കാള്‍ വിയറ്റ്നാമിലെ ഗറില്ല ട്രാപ്പുകളും എസ് എഫ് ഐ സഖാക്കള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. അടിയന്തരാവസ്ഥയില്‍ അച്യുതമേനോന്റെയും കരുണാകരന്റെയും പൊലീസ് ശരീരാവശിഷ്ടം പോലുമില്ലാതെ ഉന്മൂലനം ചെയ്ത രാജനെ എസ് എഫ് ഐക്കാരനായി അവതരിപ്പിച്ചുകൊണ്ട് എസ് എഫ് ഐ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നേട്ടമുണ്ടാക്കി.

‘രാജന്‍ മാര്‍ക്സിസ്റ് എസ് എഫ് ഐ ആണെന്ന ഗീബല്‍സിയന്‍ നുണ പറഞ്ഞ് കൈയടി നേടുകയാണ് ഇന്ന് സി പി എം. എമര്‍ജന്‍സിക്കു ശേഷം പാര്‍ട്ടിക്കു കിട്ടിയ ഒരേ ഒരു സിംബല്‍ രാജന്‍ ആയിരുന്നു. അവര്‍ ആളെ സംഘടിപ്പിക്കുന്നത് അതിലൂടെയായിരുന്നു കക്കയം ക്യാമ്പ് കഥ പറയുന്നു…തുടങ്ങിയ കൃതികള്‍. നക്സലൈറ്റുകളുടെ ചോര വിറ്റിട്ട് നന്നായ കൂട്ടരാണ് സി പി എം. ലഘുലേഖകളൊക്കെ അടിച്ചിട്ട്. പക്ഷേ ഞങ്ങള്‍ക്ക് ഞങ്ങളുടെ ഓര്‍ഗനൈസേഷണലായ അപക്വത കൊണ്ട് അത്തരം കാര്യങ്ങളൊന്നും ഉപയോഗിക്കാന്‍ പറ്റിയില്ല. സമാഹരിക്കാന്‍ പറ്റിയില്ല..നക്സല്‍ നേതാവായിരുന്ന എം. എം സോമശേഖരന്‍ സമ്മതിക്കുന്നു.

‘എമര്‍ജന്‍സിക്കാലത്ത് ഞങ്ങളെ പിടിച്ചു കൊടുത്തതും അതിന്ശേഷം അത് വിറ്റ് കാശാക്കിയതും അവര്‍ തന്നെയാണ്’^മറ്റൊരു നക്സലൈറ്റ് നേതാവായിരുന്ന പി കെ നാണു കൂട്ടിച്ചേര്‍ക്കുന്നു.

‘നക്സലൈറ്റുകള്‍ പോലീസ് ഏജന്റുമാരാണെന്നും പിടിച്ചുകൊടുക്കപ്പെടേണ്ടവരാണെന്നും. എന്ന രീതിയിലാണ് പാര്‍ട്ടി ലീഡര്‍ഷിപ്പ് കൈകാര്യം ചെയ്തത്. അണികള്‍ അതേ സമയം സപ്പോര്‍ട്ടീവായിരുന്നു. 90 ശതമാനം. തങ്ങള്‍ താമസിച്ചിരുന്നതിലധികവും പാര്‍ട്ടിക്കാരുടെ വീട്ടിലായിരുന്നു. കോണ്‍ഗ്രസ്സുകാരുടെ വീട്ടില്‍ വരെ താമസിച്ചിട്ടുണ്ട്. ലെഫ്റ്റ് മാസ് വലിയ ഒരു രീതിയില്‍ സപ്പോര്‍ട്ടു ചെയ്തു. അണികള്‍ വഞ്ചിച്ചിട്ടില്ല. അവര്‍ സഹായിക്കണമെന്നാഗ്രഹിച്ചിട്ടുണ്ട്’-സോമശേഖരന്‍ പറയുന്നു.

 

സി.പി ജോണ്‍


 
സി.പി.എമ്മും തീവ്ര ഇടതുപക്ഷവും
തീവ്രഇടതുപക്ഷ പ്രസ്ഥാനങ്ങളും അവയുയര്‍ത്തിവിട്ട വിപ്ലവസ്വപ്നങ്ങളും സംഘടനാപരമായ തങ്ങളുടെ അതിജീവനത്തിന് കടുത്ത വെല്ലുവിളിയാണെന്ന് അറുപതുകളുടെ അവസാനത്തില്‍ തന്നെ സി പി ഐ എം മനസ്സിലാക്കിയിരുന്നു. കേരളത്തിലെ പാര്‍ട്ടി തന്നെ ഇതുമായി ബന്ധപ്പെട്ട് പിളര്‍പ്പിന്റെ വക്കിലെത്തിയിരുന്നു. പൊതുസമ്മതനായ എ കെ ജിയുടെ സ്ഥാനാരോഹണത്തോടെയാണ് നെടുകെ പിളരാന്‍ തയ്യാറെടുത്ത സി പി ഐ എമ്മില്‍ വികാരപരമായ ഒരു ഒത്തുതീര്‍പ്പുണ്ടായത്. അതുകൊണ്ടാണ് എസ് എഫ് അടക്കമുള്ള യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധയൂന്നാന്‍ പാര്‍ട്ടി ശ്രമിക്കുന്നത്.

അറുപതുകളുടെ അവസാനത്തോടെ സ്റുഡന്റ്സ് ഫെഡറേഷനില്‍ നിന്ന് പല പ്രമുഖരായ നേതാക്കളും തീവ്രഇടതുപക്ഷത്തിലേക്ക് ചേക്കേറിയിരുന്നു. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയ അന്നത്തെ വിദ്യാര്‍ത്ഥിനേതാക്കള്‍ പലരും വിപ്ലവപാതയിലേക്ക് ചാഞ്ഞുനിന്നവരായിരുന്നു. ഈ സവിശേഷ സാഹചര്യത്തിലാണ് എഴുപതില്‍ എസ് എഫ് ഐ രൂപംകൊള്ളുന്നത്. തീവ്രഇടതുപക്ഷപ്രസ്ഥാനങ്ങളും അവയുയര്‍ത്തിയ രാഷ്ട്രീയമായ വലിച്ചടുപ്പിക്കലുകളിലും നിന്ന് അണികളെ രക്ഷിച്ചെടുക്കാന്‍ മുഖ്യധാരാ ഇടതുപക്ഷത്തിന് ആസന്നമായ വിപ്ളവത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ വീണ്ടും ഉയര്‍ത്തിവിടേണ്ടിവന്നു.

‘ഇടതുപക്ഷചിന്താഗതിക്കാരായ കുട്ടികളെ സംഘടിപ്പിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. ഞങ്ങളുടെ കാലത്ത് ഞങ്ങളെന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതാണ്. അത് ഗുണമോ ദോഷമോ എന്നത് വേറെ കാര്യം. അതിന് വേണ്ടിയാണ് എന്റെ യൌവനം ചെലവഴിച്ചത്. എന്റെ ജീവിതത്തില്‍ ഏറ്റവും നല്ല നാളുകളും അതായിരുന്നു. കുട്ടികള്‍ക്ക് രാഷ്ട്രീയം പറഞ്ഞുകൊടുക്കുക, അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുക, അവരുടെ കൂടെ ഹോസ്റലുകളില്‍ താമസിക്കുക, അവരോടൊപ്പം അലഞ്ഞുനടക്കുക. പോവുന്ന ദിവസത്തെക്കുറിച്ചല്ലാതെ വരുന്ന ദിവസത്തെക്കുറിച്ച് ഒരു രൂപവുമില്ലായിരുന്നു. ആത്തരത്തില്‍ കുട്ടികളോടുകൂടിനിന്ന് അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും… ഒക്കെ ചെയ്തത്-എസ്.എഫ്.ഐയുടെ അക്കാലത്തെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സി.പി ജോണ്‍ പറയുന്നു.

‘എല്ലാ രാജ്യത്തും കാര്‍ഷിക മിച്ചത്തില്‍ നിന്നാണ് വിദ്യാഭ്യാസം ഉണ്ടായത്. കേരളത്തില്‍ തന്നെ നാല്‍പതുകളിലും അമ്പതുകളിലും അന്നത്തെ ജന്മിമാരുടെ മക്കള്‍ പഠിച്ചിരുന്നത് വിദേശത്തും ഇന്ത്യയിലത്തെന്നെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലായിരുന്നു. സ്വാതന്ത്യ്രം ലഭിക്കുന്നതുവരെ വിദ്യാഭ്യാസം എന്നത് ഇവിടെ സാധാരണക്കാരുടെ വിഷയമേ ആയിരുന്നില്ല. മധ്യതിരുവിതാംകൂറില്‍ നമ്പൂതിരിനായര്‍ പ്രമാണിമാര്‍ക്ക് പുറമെ ചില ക്രിസ്ത്യന്‍ കര്‍ഷകര്‍ക്കും കുറെ കാര്‍ഷിക മിച്ചം ഉണ്ടായിരുന്നു. അതാണ് അവര്‍ വിദ്യാഭ്യാസത്തിന് വേണ്ടി ചെലവഴിച്ചത്. കേരളത്തിലെ ആദ്യത്തെ പ്രൈവറ്റ് കോളെജുകളിലൊന്നായ മാര്‍ അത്തനേഷ്യസ് കോളെജ് കോതമംഗലത്തെ കൃഷിക്കാര്‍ ഉണ്ടാക്കിയതാണ്. ഞാന്‍ പറഞ്ഞുവന്നത് ഭൂപരിഷ്കരണത്തിന് ശേഷം സാധാരണ കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും അവരുടെ മക്കളെ സ്കൂളില്‍ വിടാന്‍ തുടങ്ങിയതോടെ വിദ്യാഭ്യാസ ചെലവ് ഒരു പ്രശ്നമായി. പാഠപുസ്തകം വേണം, വസ്ത്രം വേണം… അന്ന് പാഠപുസ്തകത്തിന്റെ വില കുറയ്ക്കണം എന്ന് പറഞ്ഞ് സമരം നടത്തി. ഞാനായിരുന്നു സമരത്തിന്റെ കണ്‍വീനര്‍. പി ശശി, രാജേന്ദ്രന്‍ ഒക്കെയുണ്ടായിരുന്നു. പാഠപുസ്തകത്തിന്റെ വില നിസ്സാരമാണ്. പക്ഷേ അതുപോലും പ്രശ്നമാണ്. ബസ്ചാര്‍ജ്ജ്, ഉച്ചക്കഞ്ഞി ഇതിനൊക്കെ വേണ്ടിയായിരുന്നു സമരം. അല്‍പം കാര്‍ഷിക മിച്ചം ഉണ്ടായിരുന്ന ഞങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നവര്‍ പോലും ഈ ആവശ്യങ്ങളെ അംഗീകരിച്ചിരുന്നു. സമരങ്ങള്‍ നടത്തുന്നതിന് കമ്യൂണിസ്റ് പാര്‍ട്ടിയുടെ അനുമതി വേണം. ഫ്രാക്ഷന്‍ ഉണ്ട്. അവിടെ നിന്നാണ് മുദ്രാവാക്യങ്ങള്‍ തയ്യാറാക്കി വരുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ സാധാരണക്കാരില്‍ സാധാരണക്കാരായവരുടെ വിദ്യാഭ്യാസം കൂടുതല്‍ സൌജന്യമാക്കുന്നതിന് വേണ്ടിയുള്ള സമരങ്ങളാണ് നടത്തിയിരുന്നത്. ദരിദ്രപക്ഷത്തുനിന്നുള്ള സമരങ്ങളാണ് അന്ന് എസ് എഫ് ഐ ഏറ്റെടുത്തുനടത്തിക്കൊണ്ടിരുന്നത്’-സി.പി ജോണ്‍ കൂട്ടിച്ചേര്‍ക്കുന്നു.

 

രണ്ടാം ഭാഗം അടുത്ത ആഴ്ച

3 thoughts on “എഴുപതുകള്‍ തിരിഞ്ഞുകൊത്തുമ്പോള്‍

 1. http://www.nalamidam.com/archives/13694
  പൌരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍
  അംഗീകരിക്കാനും സംരക്ഷിക്കാനും കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ ബാധ്യസ്ഥരാണ് .ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ ബോഡി 1948 ഡിസംബര്‍ 10 ന് പ്രാബല്യത്തില്‍ വരുത്തിയ സാര്‍വ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ ഔപചാരികമായി ഒപ്പുവെച്ച ഇന്ത്യയുടെ, ഭരണഘടന മനുഷ്യാവകാശങ്ങളും
  പൌരാവകാശങ്ങളും സംബന്ധിച്ച സാര്‍വത്രിക തത്വങ്ങള്‍ ഏതാണ്ട് മുഴുവനായും സ്വാംശീകരിച്ചിട്ടുണ്ട്.
  പാശ്ചാത്യവും പൌരസ്ത്യവമായ ബ്ലോക്കുകള്‍ ആയി പൊതുവില്‍ വിഭജിതമായിരുന്ന ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ സോഷ്യലിസ്റു വിപ്ലവങ്ങളും ജന മുന്നേറ്റങ്ങളും ലോകത്തെമ്പാടും മര്‍ദ്ദിത ജനതയ്ക്ക് വമ്പിച്ച പ്രതീക്ഷകള്‍ നല്‍കിയ കാലഘട്ടത്തിലാണ് രണ്ടാം ലോക യുദ്ധാനന്തരലോകം എല്ലാ ചേരിതിരിവുകള്‍ക്കും അതീതമായി മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ ബാധ്യസ്ഥമാണെന്ന് ഇദംപ്രഥമമായി അംഗീകരിക്കുന്നത്.ഭരണകൂടത്തിന്റെ മര്‍ദന വാഴ്ചയ്ക്കും അടിച്ചമര്‍ത്തലിനും എതിരെ അവസാന ആശ്രയം എന്ന നിലയില്‍ ജനങ്ങള്‍ക്ക് കലാപം നടത്തേണ്ടി വരുന്ന അവസ്ഥ ഉണ്ടാവാതിരിക്കണമെങ്കില്‍ ഏതൊരു വ്യക്തിയുടെയും മനുഷ്യാവകാശങ്ങള്‍ നിയമവാഴ്ചയാല്‍ സംരക്ഷിക്കപ്പെടെണ്ടതുണ്ടെന്ന് UDHR രേഖയുടെ മുഖവുരയില്‍ പറയുന്നുണ്ട് .(Whereas it is essential, if man is not to be compelled to have recourse, as a last resort, to rebellion against tyranny and oppression, that human rights should be protected by the rule of law)….
  മഹാരാഷ്ട്രയിലെ ഖൈര്‍ലാന്‍ജിയില്‍ നടന്നത് പോലുള്ള ദലിത് കൂട്ടക്കൊലകള്‍ പലതും മാധ്യമങ്ങളില്‍ വാര്‍ത്തയായത് സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടപ്പോഴായിരുന്നു. അതെ സമയം, ഇല്ലാത്ത ലവ് ജിഹാദും ദലിത് തീവ്രവാദവും വെച്ച്, വേണ്ടിവന്നാല്‍ പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എത്ര കഥകള്‍ വേണമെങ്കിലും പടയ്ക്കാന്‍ മാധ്യമങ്ങള്‍ക്ക് നിഷ്പ്രയാസം കഴിയുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിലനില്‍ക്കുന്ന അവസ്ഥയാണിത്.
  ഇതൊക്കെയാണെങ്കിലും, അടിയന്തരാവസ്ഥ പോലുള്ള ഒന്നിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സമൂഹം മൊത്തത്തില്‍ ജാഗരൂകമാണ്. അടിയന്തരാവസ്ഥക്കാലത്ത് ചെയ്തതുപോലെ മാധ്യമ സ്വാതന്ത്യ്രവും ആശയപ്രകടന- ആവിഷ്കാര സ്വാതന്ത്യ്രവും പഴയതു പോലെ അമര്‍ച്ച ചെയ്യുക ഇന്ന് എളുപ്പമാവില്ല. മൂന്നോ നാലോ പതിറ്റാണ്ടു കൊണ്ട് ഇന്ത്യയില്‍ പൌരാവകാശ സങ്കല്‍പ്പങ്ങളില്‍ ഉണ്ടായ വികാസത്തിന്റെ ചരിത്രം തെളിയിക്കുന്നതും മറ്റൊന്നല്ല.
  എല്ലാറ്റിനും ഉപരിയായി, ഇന്നുള്ള പ്രതീക്ഷാനിര്‍ഭരമായ ഒരു അനുകൂല ഘടകം ഇന്റര്‍നെറ്റ് ആണ്. മാധ്യമക്കുത്തകകളെ അതിജീവിച്ച് വിവരങ്ങള്‍ പുറത്തുകൊണ്ടുവരാനും ജനങ്ങളിലെത്തിക്കാനും അതിനുള്ള കരുത്ത് ഇതിനകം വ്യക്തമായതാണ്. വ്യക്തിഗത തലങ്ങളില്‍ നടക്കുന്ന ആശയ പ്രകാശനവും വിനിമയങ്ങളും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ അതിവേഗം ലോകമെമ്പാടും എത്തിക്കാനാവുമ്പോള്‍ വ്യവസ്ഥാപിത മാധ്യമങ്ങള്‍ ജനകീയമായ ഒരു പുതിയ വെല്ലുവിളി നേരിടുകയാണ് . അവ കൂടുതല്‍ ഉത്തരവാദിത്വം പഠിക്കുന്നു; അല്ലെങ്കില്‍ ജനങ്ങള്‍ പഠിപ്പിക്കുന്നു”

 2. “ഇടതുപക്ഷമുഖമുള്ള മധ്യവര്‍ഗ മനസ്സ്
  അറുപതുകളില്‍ തുടങ്ങി അടിയന്തരാവസ്ഥയോടുകൂടി അവസാനിക്കുന്ന ദശകങ്ങളില്‍ തീവ്ര ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും വിപ്ളവാഭിവാഞ്ചയുടെയും ഉദയവും അസ്തമനവും സംഭവിച്ചുകഴിഞ്ഞിരുന്നു. തീവ്രഇടതുപക്ഷ പ്രസ്ഥാനങ്ങളെ അടിയന്തരാവസ്ഥയുടെ മറവില്‍ പൂര്‍ണമായി ഉന്മൂലനം ചെയ്യാന്‍ ഭരണകൂടത്തിനും മുഖ്യധാരാ ഇടതുപക്ഷത്തിനും കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ ഇടതുപക്ഷമനസ്സ് എന്നത് എഴുപത്തിയേഴിന് ശേഷം രൂപപ്പെട്ട മധ്യവര്‍ഗമനസ്സുതന്നെയാണ്. അടിയന്തരാവസ്ഥയ്ക്ക് ശേഷമാണ് കേരളത്തില്‍ ആര്‍ എസ് എസും സജീവമായ വേരോട്ടം നടത്തുന്നത് എന്നത് ഇതിനോട് ചേര്‍ത്തുവായിക്കപ്പെടണം. വരേണ്യതയിലേക്ക് ആഞ്ഞുനില്‍ക്കുന്ന ഒരു സാമൂഹ്യപൊതുമണ്ഡലത്തെയാണ് ഇത് സാധ്യമാക്കിയത്. അതുകൊണ്ടുതന്നെ അടിയന്തരാവസ്ഥയും അതിനോടുള്ള പ്രതികരണവും പുതിയ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യമനസ്സിനെ നിര്‍ണയിക്കുകയും രൂപപ്പെടുത്തുകയും ചെയ്ത ചരിത്രസന്ധിയായിരുന്നു.”
  മുഖം മനസ്സിന്റെ കണ്ണാടിയാണ്..
  അതിനാല്‍ മധ്യവര്‍ഗ്ഗ മനസ്സുകള്‍ക്ക് മധ്യവര്‍ഗ്ഗ മുഖം തന്നെയാണ് അന്നും ഇന്നും ഉള്ളത് !.
  അതിന്റെ ഫലമായിട്ടാണ് റാഡിക്കല്‍ ആയ എന്തിനെയും വിമര്‍ശനത്തോടെയെങ്കിലും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നതിനു പകരം ജാതീയമായ ഭ്രഷ്ട് പോലെ ഭ്രഷ്ട് കല്‍പ്പിച്ചു ആക്രമിക്കുന്നത് . ഈ എം എസ് നെ പ്പോലുള്ള ഒരു നേതാവിന്റെ നിലപാടില്‍ എതിരാളികള്‍ക്കെതിരെ ഭ്രഷ്ട് കല്‍പ്പിക്കുന്നതുപോലുള്ള മാര്‍ക്സിസ്റ്റ്‌ വിരുദ്ധമായ സമീപനങ്ങള്‍ ധാരാളം ഉണ്ടായിരുന്നു . ഇന്ന് കുലം കുത്തി എന്ന് വിളിച്ചു സീ പീ ഐ (എം) ഔദ്യോഗിക പക്ഷം ആക്രമിക്കുന്ന ആര്‍ എം പി ക്കാര്‍ അപ്രമാദിത്വം കാണുന്ന ‘മാര്‍ക്സിസ്റ്റു ആചാര്യന്‍’ ആണ് ഈ എം എസ് എന്നത് വേറെ കാര്യം .
  1964 ലും 1967 ലും ഉണ്ടായ രണ്ട് പിളര്പ്പുകള്‍ക്ക് ശേഷം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തുടക്കത്തില്‍ അതിന്റെ നേതൃ നിരയെ സംഭാവന ചെയ്ത ഇന്ത്യന്‍ ബൂര്‍ഷ്വാ ഭൂപ്രഭു ഭരണ വര്ഗ്ഗങ്ങളോട് കൂടുതല്‍ സഹകരിക്കാന്‍ തുടങ്ങി . രണ്ടാമത്തെ പിളര്‍പ്പിനു മുന്‍പ് മാര്ക്സിസ്റ്റു വിശകലനത്തിന്റെ കണിശമായ അളവുകോല്‍ ഉപയൊഗിചു മാത്രമേ സോഷ്യലിസ്റ്റു ഇടത് പ്രസ്ഥാനത്തിനകത്തെ ഒരു പ്രവണതയെ ‘ഇടത് തീവ്രവാദം’എന്ന് വിളിക്കാന്‍ ആകുമായിരുന്നുള്ളൂ . എന്നാല്‍ തെലുന്ഗാനാ കര്‍ഷക സമരം അടിച്ചമര്ത്തപ്പെട്ടതും അരാജകവാദ പരം ആയ കല്‍ക്കത്താ തീസീസിനു പിന്നിലെ ഇടത് തീവ്രവാദം വിമര്ശിക്കപ്പെട്ടതും ഇന്ത്യക്ക് പുറത്തുള്ള സോവിയറ്റ്‌/ ചൈനീസ് കമ്മ്യൂണിസ്റ്റു പാര്‍ട്ടികളെ പൂര്‍ണ്ണമായും ആശ്രയിച്ചു മാത്രം സൈദ്ധാന്തികവും പ്രത്യയശാസ്ത്രപരവും ആയ വിഷയങ്ങളില്‍ തീര്‍പ്പ് ഉണ്ടാക്കാന്‍ ശ്രമിച്ചതും എല്ലാം കൂടുതല്‍ സങ്കീര്‍ണ്ണമായ സ്ഥിതി വിശേഷം ആണ് ഉണ്ടാക്കിയത് . ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിനു സ്വന്തം ബഹു ജനാടിതറ കെട്ടിപ്പടുത്തും അതില്‍ ഊന്നിയും വര്‍ഗ്ഗ സമരം വികസിപ്പിക്കുന്നതെങ്ങിനെ എന്ന് ചിന്തിക്കാന്‍ കഴിയാതിരുന്നത് ഒരു പക്ഷെ ഇന്ത്യക്കകത്തെ വര്‍ഗ്ഗ – ലിംഗ – ജാതി -മത വൈരുദ്ധ്യങ്ങളുടെ complexity സവിശേഷമായ രീതിയില്‍ മാര്‍ക്സിസ്റ്റു-ലെനിനിസ്റ്റു വിശകലനത്തിന് വിധേയമാക്കാത്ത്തത് കൊണ്ട് കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *