കണ്ണാടിമുറികളില്‍ നമ്മുടെ പോള്‍ഡാന്‍സുകള്‍

സൈബര്‍ വഴികളിലെ ദൃശ്യവും അദൃശ്യവുമായ
ചങ്ങലകളെക്കുറിച്ച് സെബിന്‍ ഏബ്രഹാം ജേക്കബ്

കിരാതമെന്നു വിശേഷിപ്പിക്കപ്പെടുന്ന സൈബര്‍ നിയമഭേദഗതിയുടെയോ അതിന്റെ ചുവടുപിടിച്ചുണ്ടായ വിവാദമായ ചട്ടങ്ങളുടെയോ ഒന്നും ആവശ്യമില്ലാതെതന്നെ, എല്ലാ രാഷ്ട്രീയംപറച്ചിലുകളും അപ്രസക്തമായി പോകുന്നു. ഭരണകൂടം നിയമവും ചട്ടവുമായി വെറുതെ പുറകേ നടക്കുകയാണ്. ഹെഡ്മാസ്ററുടെ മേശയില്‍ ആരുംതൊടാതെയിരിക്കുന്ന എണ്ണയിട്ടുവഴക്കിയ ചൂരല്‍പോലെ ആ നിയമങ്ങള്‍ അവിടെ വെറുതെ ഇരുന്നാല്‍ മതി. നില്‍ക്കാന്‍പറയുമ്പോള്‍ മുട്ടിലിഴയുന്ന നമ്മള്‍ എതിര്‍പ്പുകള്‍ പോയിട്ട്, ഇങ്ങനെയൊന്നുണ്ടെന്ന് അറിയുകപോലും ചെയ്യാതെ, അധികാരമിച്ഛിക്കുന്നവിധം സൈബര്‍ ഇടത്ത് പെരുമാറാന്‍ ആരുടെയും നിര്‍ദ്ദേശമില്ലാതെതന്നെ പരിശീലിച്ചുകൊണ്ടിരിക്കുന്നു. എത്ര അച്ചടക്കമാണെന്നുനോക്കൂ- സൈബര്‍ ആക്റ്റിവിസത്തിലൂടെ ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകന്‍ സെബിന്‍ ഏബ്രഹാം ജേക്കബ് എഴുതുന്നു

 


ബ്രോയിലര്‍ കൂട്ടത്തില്‍ നിന്ന് നെയ്മുറ്റിയ ഒന്നിനെ കോഴിവെട്ടുകാരന്‍ കൈനീട്ടിയെടുക്കുമ്പോള്‍ ഒരു നിമിഷത്തേക്ക് കൂടാകെ ഒന്നു പരുങ്ങും. കൂട്ടത്തില്‍ നിന്ന് ആ കോഴി ഹലാലാക്കുന്ന വെള്ളത്തിന്റെ ദയനീയതയിലേക്ക് കണ്ണുപൂട്ടുമ്പോള്‍ മറ്റെല്ലാ കോഴികളും ബള്‍ബിന്‍ചുവട്ടിലെ തിനയിലേക്കും കാഷ്ഠം വീണ കുടിവെള്ളത്തിലേക്കും അവറ്റകളുടെ ജീവിതവുമായി ചുരുങ്ങും. കേരളമെന്ന വലിയ ബ്രോയിലര്‍കൂട്ടത്തില്‍ നിന്ന് രാജനും വിജയനുമടക്കം പലരും സമഗ്രാധിപത്യത്തിന്റെ തീന്‍മേശകളിലേക്ക് പഞ്ചാരച്ചാക്കുകളിലേറി അപ്രത്യക്ഷമായപ്പോള്‍ അവരവരുടെ രതികളിലേക്ക് ഒതുങ്ങിയ അരാഷ്ട്രീയജീവിതങ്ങള്‍ ഒരുപാടുണ്ടായിരുന്നു. അത്തരമൊരു ജീവിതത്തിന്റെ നീക്കിബാക്കിയാണ് എന്റെ തലമുറ എന്നെനിക്കു തോന്നിയിട്ടുണ്ട്.

അടിയന്തിരാവസ്ഥക്കാലത്താണ് എന്റെ അമ്മയപ്പന്മാരുടെ വിവാഹം. അടിയന്തിരാവസ്ഥയില്‍ (പാപത്തില്‍ എന്ന് മസുമുറ) എന്റെ മാതാവെന്നെ ഗര്‍ഭം ധരിച്ചു. അടിയന്തിരാവസ്ഥ പിന്‍വലിച്ച വര്‍ഷം ഞാന്‍ ജനിച്ചു.

പൊരുതുന്നവനല്ല, പൊരുത്തപ്പെടുന്നവനും
വഴങ്ങുന്നവനുമാണ് അതിജീവിക്കുന്നത്

ടി വി ചന്ദ്രന്‍ ചിത്രത്തിലെ നായകനെപ്പോലെ ചരിത്രത്തീയതികളുമായി അസംബന്ധബന്ധമുള്ള കഥയില്ലാപ്പൌരനായി എന്നെത്തന്നെ അടയാളപ്പെടുത്താനുള്ള ശ്രമമല്ല, നടത്തുന്നത്. അധികാരം അതിന്റെ എല്ലാ ദ്രംഷ്ടകളും പുറത്തെടുക്കുമ്പോഴും ജീവിതം അതിന്റെ അനുസ്യൂതതയില്‍ തുടരുമെന്നും സമൂഹത്തിനുവേണ്ടി ത്യാഗം സഹിക്കുന്നവരെന്നു നാം ഓമനിക്കുന്നവരെ അവരുടെ അടുത്തബന്ധുക്കളല്ലാതെ ആരും ആത്മാവില്‍ നഷ്ടപ്പെടുന്നില്ലെന്നും ഓര്‍മ്മിച്ചെടുക്കുകയാണ്. ആ ഓര്‍മ്മയില്‍ തന്നെയുണ്ട്, ഒരു നിസ്സഹായന്റെ രാഷ്ട്രീയേതരമായ നിലവിളി. അതിനുമപ്പുറത്തേക്ക് കടന്നുപറഞ്ഞാല്‍, ഏതടിച്ചമര്‍ത്തലിലും കത്തിനില്‍ക്കുന്ന ജീവിതകാമനകള്‍ സ്വാസ്ഥ്യത്തിന്റെ തുരുത്തുകളെ തേടിപ്പിടിക്കുകതന്നെ ചെയ്യും എന്നാണ്. ആന്‍ഫ്രാങ്കിന്റെ ഡയറിയില്‍ പോലുമുണ്ട്, അതിനുള്ള തെളിവുകള്‍.

പൊരുതുന്നവനല്ല, പൊരുത്തപ്പെടുന്നവനും വഴങ്ങുന്നവനുമാണ് അതിജീവിക്കുന്നത് എന്ന വസ്തുത അശ്ലീലമായ ഓര്‍മ്മയായി പ്രകൃതിയെ അടയാളപ്പെടുത്തുന്നു. ഒന്നുമറിഞ്ഞില്ല എന്ന ആ ബോധനിര്‍മ്മിതിയില്‍ കനലെരിയാതെ കെട്ടുപോയ പാപബോധത്തിന്റെ ചീന്തുകളാണ്, അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള വര്‍ഷങ്ങളില്‍ താടിവെച്ച യുവാക്കളായി, ആത്മഹത്യചെയ്ത കവികളായി, ഭ്രാന്തിലോ ഭയത്തിലോ ദൈവഹിതമെന്ന ഒറ്റമൂലിയിലോ ഉള്ള ആശ്രയമായി കേരളത്തില്‍ തിണര്‍ത്തത്.

റീമേക്കുകള്‍ പരാജയപ്പെട്ടുകൊണ്ടേയിരിക്കും;
ചെറുത്തുനില്‍പ്പുകളും

ഇവിടെ വിഷയം വിട്ട് ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. അക്കാലത്തിറങ്ങിയ നിദ്രയെന്ന ഭരതന്‍ ചിത്രം ഈയടുത്ത് അദ്ദേഹത്തിന്റെ മകന്‍ സിദ്ധാര്‍ത്ഥ് പുനസൃഷ്ടിച്ചു. അത് ബോക്സോഫീസില്‍ ഏറ്റുവാങ്ങിയ പരാജയത്തിന് പ്രധാനകാരണമായി ഞാന്‍ കാണുന്നത്, റീമേക്ക് കാലവുമായി റെസണേറ്റ് ചെയ്യുന്നില്ല എന്നതാണ്. അടിയന്തിരാവസ്ഥക്കാലത്ത് ക്യാമ്പസുകളില്‍ പഠിക്കേണ്ടിവരികയും എന്നാല്‍ അതിന്റെ ഒച്ചയനക്കങ്ങളിലൊന്നും പങ്കുചേരാതെ ഒതുങ്ങിക്കൂടുകയും ചെയ്ത നഷ്ടയൌവ്വനങ്ങളുടെ നിദ്രാഭംഗമാണ്, നിദ്രയിലെ വിദേശപഠനം ഉപേക്ഷിച്ചെത്തുന്ന നായകന്റെ ഭ്രാന്തായി എണ്‍പതുകള്‍ ഏറ്റുവാങ്ങിയത്.

അക്കാലത്തെ യുവാക്കളുടെ താടിക്ക് ലഭ്യമാവുന്ന അര്‍ത്ഥം ഇന്ന് സിദ്ധാര്‍ത്ഥ് താടിവയ്ക്കുമ്പോള്‍ കിട്ടുന്നില്ല. ഫേസ്ബുക്കിലെ ഫ്രണ്ട് ലിസ്റ് പോലെ വൈവിധ്യമാര്‍ന്നതും സങ്കീര്‍ണ്ണവുമായ ബന്ധങ്ങളുടെ ഇക്കാലത്ത് ഒരു കുടുംബത്തിനുള്ളിലെ കൊച്ചുപ്രശ്നങ്ങള്‍ക്ക് അന്നത്തെ രാഷ്ട്രീയ അര്‍ത്ഥം ഉത്പാദിപ്പിക്കാനാവുന്നില്ല. റീമേക്കുകള്‍ പരാജയപ്പെടുന്നത് ഒറിജിനലിന്റെ കാലത്തെ നടപ്പുകാലത്തേക്ക് പറിച്ചുനടാന്‍ പറ്റാത്തതുകൊണ്ടാണ്. റീമേക്കുകള്‍ പരാജയപ്പെട്ടുകൊണ്ടേയിരിക്കും. ചെറുത്തുനില്‍പ്പുകളും.

അതെ. തികച്ചും അശുഭമായ ചിന്തകളാണ് ഇതെഴുതുമ്പോള്‍ എന്നെ ഭരിക്കുന്നത്. അധികാരം പണ്ട് പ്രഖ്യാപനങ്ങളിലൂടെ അതിന്റെ സാന്നിദ്ധ്യത്തെ രേഖപ്പെടുത്തിയിരുന്നെങ്കില്‍ ഇന്ന് പ്രഖ്യാപനങ്ങളുടെ ഭാരമില്ലാതെതന്നെ സമ്മതങ്ങളുടെ തേരിലേറി നമ്മെ ഉറക്കിക്കിടത്തുന്നു. ഈ നിശബ്ദമായ അധികാരപ്രയോഗം ഏതറ്റംവരെയെന്നു തിരിച്ചറിയാന്‍ പോലും കൂട്ടാക്കാതെ ഞാനും എന്റെ കുടുംബവും സ്വര്‍ണ്ണപ്പണിക്കാരനും ഞങ്ങളുടേതായ സ്വാസ്ഥ്യത്തുരുത്തുകള്‍ തിരഞ്ഞുകൊണ്ടിരിക്കുന്നു.

അവനവനെ അലോസരപ്പെടുത്തുന്ന
തകരച്ചെണ്ടകളാണ് ഫേസ്ബുക്ക് ഹാന്‍ഡിലുകള്‍

സൈബര്‍ ഇടമാണ് പുതുകാലചര്‍ച്ചകളുടെ ചായപ്പീടിക. യഥാര്‍ത്ഥ ചായപ്പീടികകളില്‍ ‘ഇവിടെ രാഷ്ട്രീയം പറയരുത്’ എന്ന ബോര്‍ഡ് തൂങ്ങാന്‍ ഏതാനും ദശകങ്ങളെടുത്തെങ്കില്‍ സൈബര്‍ ഇടത്തില്‍ രാഷ്ട്രീയക്കാരെക്കുറിച്ച് ഒന്നും പറയരുത് എന്ന ബോര്‍ഡ് തൂങ്ങാന്‍ വിരലിലെണ്ണാവുന്ന വര്‍ഷങ്ങളേ, എടുത്തുള്ളൂ. എനിക്ക് താക്കറെയെ വെറുക്കുന്നു എന്നു പറയാനാവില്ല. സോണിയയെ വെറുക്കുന്നു എന്നു പറയാനാവില്ല. മൃത്യുശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന ഓര്‍ക്കുട്ട് എന്ന പഴകിയ സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ ഐ ഹേറ്റ് താക്കറെ എന്നും ഐ ഹേറ്റ് സോണിയ എന്നും പേരായ കമ്മ്യൂണിറ്റികളില്‍ വെറുതെ പേരുചേര്‍ത്ത ഹതഭാഗ്യരെ പൊലീസ് അറസ്റ് ചെയ്യുകയും അകത്തിടുകയുമുണ്ടായി. അധികാരിയെ വേദിയിലിരുത്തി ‘കനകസിംഹാസനത്തില്‍ ശംഭനെന്ന്’ പാടിയതിനല്ല, അധികാരിയുടെ അടുത്തുനിന്ന് എത്രയോ അകലെയിരുന്ന് തന്റെ അഭിപ്രായം പങ്കുവച്ചതിനാണ്, ഈ യുവാക്കള്‍ വിചാരണത്തടവനുഭവിച്ചത്! അപ്പോള്‍ അടിയന്തിരാവസ്ഥയുടെ ഇല്ലായ്മ എന്തുമാറ്റമാണ്, അധികാരപ്രയോഗത്തില്‍ വരുത്തിയത്?

അവനവനെ അലോസരപ്പെടുത്തുന്ന തകരച്ചെണ്ടകളാണ് ഇന്ന് നമ്മളെല്ലാം പേറിനടക്കുന്ന ഫേസ്ബുക്ക് ഹാന്‍ഡിലുകള്‍. കണ്ടോ കേട്ടോ പരിചയമില്ലാത്തവര്‍ പോലും നമ്മളുടെ സുഹൃത്തുക്കളുടെ പേരുകള്‍ ടാഗ് ചെയ്തുവിടുന്ന കാര്യമില്ലാത്ത ഫോട്ടോകള്‍ ആവശ്യമില്ലെങ്കിലും സ്ട്രീമിലേക്ക് കയറിവരുമ്പോള്‍ ഓരോന്നുമെടുത്ത് ഹൈഡ് ചെയ്തുതന്നെ, ഫേസ്ബുക്ക് നോട്ടത്തിന്റെ സിംഹഭാഗം പോകുന്നു. അതിനിടയില്‍ പെറുക്കിക്കൂട്ടി വായിക്കുന്ന ഗൌരവമാര്‍ന്ന പോസ്റുകളുടെ നിലയെന്താണ്? ഏതാനും മണിക്കൂറുകള്‍ മാത്രം സ്ട്രീമില്‍ നിറഞ്ഞുനില്‍ക്കുന്ന ഉള്ളുപൊള്ളയായ ജല്‍പ്പനങ്ങളായി നമ്മുടെ അപ്ഡേറ്റുകളൊതുങ്ങുന്നു. അവിടെ തീരുന്നു, രാഷ്ട്രീയമായ നമ്മുടെ പൊരുത്തക്കേടുകള്‍.

ഭരണകൂടം നിയമവും ചട്ടവുമായി
വെറുതെ പുറകേ നടക്കുകയാണ്

ഇല്ല. ബംഗാളില്‍ നിന്ന് വാര്‍ത്തകളൊന്നുമില്ല. തെരുവിലൊരു ശബ്ദവുമില്ല. ഉണ്ടെങ്കില്‍ തന്നെ അതിനു പത്രത്താളില്‍ ഇടമില്ല. ഇവിടെ ശബ്ദായമാനമായ ഈ സോഷ്യല്‍ മീഡിയയ്ക്കുള്ളില്‍ ശ്രദ്ധ എന്ന ഒന്ന് നിറംകെട്ടുപോകുന്നു. ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്ന ബ്ലോഗ് എഴുത്തുകള്‍ അസ്തമിക്കുകയും ഈ കിഞ്ചനവര്‍ത്തമാനങ്ങള്‍ ഇടംപിടിക്കയും ചെയ്തത് കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണ്. പുതിയ ബ്ലോഗര്‍മാര്‍ ഉണ്ടാവുന്നുണ്ട്. അവരും പെട്ടെന്നു തന്നെ അവനവന്‍ പ്രസാധനത്തിന്റെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് അല്‍പ്പഭാഷണങ്ങളുടെ സമയസൌകര്യങ്ങളിലേക്ക്, അതിന്റെ ചെറുലഹരികളിലേക്ക് ഒതുങ്ങിക്കൂടുന്നു.

ഇവിടെ, കിരാതമെന്നു വിശേഷിപ്പിക്കപ്പെടുന്ന സൈബര്‍ നിയമഭേദഗതിയുടെയോ അതിന്റെ ചുവടുപിടിച്ചുണ്ടായ വിവാദമായ ചട്ടങ്ങളുടെയോ ഒന്നും ആവശ്യമില്ലാതെതന്നെ, എല്ലാ രാഷ്ട്രീയംപറച്ചിലുകളും അപ്രസക്തമായി പോകുന്നു. ഭരണകൂടം നിയമവും ചട്ടവുമായി വെറുതെ പുറകേ നടക്കുകയാണ്. ഹെഡ്മാസ്ററുടെ മേശയില്‍ ആരുംതൊടാതെയിരിക്കുന്ന എണ്ണയിട്ടുവഴക്കിയ ചൂരല്‍പോലെ ആ നിയമങ്ങള്‍ അവിടെ വെറുതെ ഇരുന്നാല്‍ മതി. നില്‍ക്കാന്‍പറയുമ്പോള്‍ മുട്ടിലിഴയുന്ന നമ്മള്‍ എതിര്‍പ്പുകള്‍ പോയിട്ട്, ഇങ്ങനെയൊന്നുണ്ടെന്ന് അറിയുകപോലും ചെയ്യാതെ, അധികാരമിച്ഛിക്കുന്നവിധം സൈബര്‍ ഇടത്ത് പെരുമാറാന്‍ ആരുടെയും നിര്‍ദ്ദേശമില്ലാതെതന്നെ പരിശീലിച്ചുകൊണ്ടിരിക്കുന്നു. എത്ര അച്ചടക്കമാണെന്നുനോക്കൂ.

നാമോരോരുത്തരും ഒരേ സമയം ഓരോ ഒളിക്യാമറകള്‍.
അതിന്റെ ഇരകളും

സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് അധികാരത്തിന്റെ എക്കാലത്തെയും പ്രധാനപ്പെട്ട ആയുധം. കമ്മ്യൂണിസ്റ് വേട്ടയുടെ കാലത്ത്, ഒളിവില്‍ പോയ നേതാക്കന്മാരെ കിട്ടാതെ വരുമ്പോള്‍ അവര്‍ ഒളിവില്‍ താമസിച്ചിരുന്ന തൊഴിലാളിഭവനങ്ങളിലെ സ്ത്രീകളെ ഉപദ്രവിക്കുന്ന ഒരു രീതി, പൊലീസ് വികസിപ്പിച്ചെടുത്തിരുന്നു. ഒളിവിടം നിഷേധിക്കപ്പെടുന്ന അവസ്ഥ നേതാക്കന്മാര്‍ക്ക് ഉണ്ടാക്കാനും ഒളിവിടം ഒരുക്കുന്നവരെ ഭയപ്പെടുത്താനുമാണിത്.

വീട്ടകത്തെ സ്ത്രീയുടെ സ്വകാര്യതയാണ് അവിടെ ഭംഗപ്പെടുത്തിക്കൊണ്ടിരുന്നത്. ഇതിന്റെ ആധുനിക വേര്‍ഷനാണ്, ഒളിക്യാമറകള്‍. സ്റിങ് ഓപ്പറേഷനിലാണ് നമ്മുടെ ആളുകള്‍ക്ക് താത്പര്യം. ഏറ്റവും വില്‍പ്പനമൂല്യമുള്ള എംഎംഎസ് ക്ലിപ്പുകള്‍ ഒളിക്യാമറയില്‍ പതിഞ്ഞവയാണ്. എത്രമാത്രം ചീഞ്ഞളിഞ്ഞതാണ്, ഈ വോയറിസ്റ് സംസ്കാരം എന്ന് ഉള്ളിലറിയുമ്പോഴും സിപിഐ(എം) എന്ന പാര്‍ട്ടിയില്‍ പോലും കൂടെയുള്ള സഖാവിനെ ഒളിക്യാമറയില്‍ കുടുക്കുന്നവന് ലഘുശിക്ഷയെ ലഭിക്കുന്നുള്ളൂ. സ്വാശ്രയ കോളജുകളില്‍ ഓരോ മുക്കിലും നിരീക്ഷണ ക്യാമറകള്‍ ഇടംപിടിക്കയാണ്. വ്യക്തികള്‍ സദാ നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നാമോരോരുത്തരും ഒരേ സമയം ഓരോ ഒളിക്യാമറകളായി അപരന്റെ ജീവിതത്തിലേക്ക് എത്തിനോക്കുകയും അതേ സമയം ഒളിക്യാമറകളുടെ ഇരകളായി ജീവിതം പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കയും ചെയ്യുന്നു.

ഓര്‍വേലിയന്‍ സര്‍വൈലന്‍സ്
മെക്കാനിസമാണ് നമ്മെ ഭരിക്കുന്നത്

അധികാരപ്രയോഗത്തെക്കുറിച്ച് ഇവിടെ പറയാന്‍ ഏറെയുണ്ട്. ഇന്ത്യന്‍ ടെലഗ്രാഫ് ആക്റ്റ് അനുസരിച്ച് ടെലിഫോണ്‍ ചോര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമായിരുന്നു. കോടതിയുടെ പ്രത്യേകാനുമതിയോടെ അതിനായി ചുമതലപ്പെടത്തിയ ഓഫീസര്‍ക്കു മാത്രമേ, ഏതെങ്കിലും പ്രത്യേക കേസില്‍ രാജ്യതാത്പര്യത്തിന് അനുഗുണമാകുമെങ്കില്‍ അതിനുള്ള അധികാരമുണ്ടായിരുന്നുള്ളു. ഇന്ന് ടെലിഫോണ്‍ ചോര്‍ത്താന്‍ സൈബര്‍ നിയമമാണ് ആയുധം. ടെലിഫോണ്‍ മാത്രമല്ല, ഇ- മെയിലുകളും ചോര്‍ത്താം. പക്ഷെ ഇ-മെയില്‍ ചോര്‍ത്തുന്നു എന്ന വാര്‍ത്തചോര്‍ത്താന്‍ പാടില്ല. ഇനി അഥവാ ചോര്‍ത്തിയാല്‍ ആ ചോര്‍ത്തുന്നയാള്‍ക്ക് മുസ്ലീം പേരുണ്ടാകാന്‍ പാടില്ല. യുഎസിന് എല്ലാ രാഷ്ട്രങ്ങളുടെയും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാം. യുദ്ധക്കുറ്റങ്ങള്‍ ചെയ്യാം. എന്നാല്‍ ഇതുസംബന്ധിച്ചുള്ള അവരുടെ തന്നെ രേഖകള്‍ ചോര്‍ത്താന്‍ പാടില്ല. 1984 എന്ന നോവലില്‍ ജോര്‍ജ്ജ് ഓര്‍വല്‍ വരച്ചിട്ട ഓര്‍വേലിയന്‍ സര്‍വൈലന്‍സ് മെക്കാനിസമാണ് നമ്മെ ഭരിക്കുന്നത്. രഹസ്യങ്ങളില്ലാത്ത ഈ ലോകത്ത് രഹസ്യം സൂക്ഷിക്കാനുള്ള ഏക മാര്‍ഗ്ഗം അതിനെ പരസ്യമായി സൂക്ഷിക്കുക എന്നതായി മാറിയിട്ടുണ്ട്്.

സൈനികാവശ്യത്തിനായി വികസിപ്പിച്ച അര്‍പ്പാനെറ്റാണ് പിന്നീട് ഇന്റര്‍നെറ്റിന്് വഴിമരുന്നിട്ടത്. എന്നാല്‍ ഇന്റര്‍നെറ്റ് വ്യാപകമായതോടെ മുമ്പ് സങ്കല്‍പ്പിക്കാന്‍ കഴിയാതെയിരുന്ന വിധങ്ങളില്‍ അതുപയോഗിക്കപ്പെടാന്‍ തുടങ്ങി. സാങ്കേതികവിദ്യയുടെ പരിധികളില്ലാത്ത വളര്‍ച്ചയാണ് അതിനു കാരണമായത്. വിവരങ്ങളുടെ പൊടുന്നനെയുള്ള വിതരണത്തിന് ഇന്റര്‍നെറ്റ് ഉപകരണമാക്കാമെന്ന സാധ്യതയാണ് അതില്‍ ഏറ്റവും മാരകമായത്. ഈ സാധ്യതയേയാണ് അധികാരം ഏറ്റവും പേടിക്കുന്നത്. ഇന്റര്‍നെറ്റിന് വിലങ്ങിടാന്‍ നടക്കുന്ന ശ്രമങ്ങളുടെ പ്രധാനകാരണം അതാണ്.

സാങ്കേതികവിദ്യയുടെ ഒരു മേന്മ, അതിനെ നിയന്ത്രിക്കാന്‍ എത്രമാത്രം ശ്രമിച്ചാലും, ആ നിയന്ത്രണങ്ങളെ തത്വത്തില്‍ മറികടക്കാന്‍ മെച്ചപ്പെട്ട സാങ്കേതികവിദ്യയിലൂടെ സാധ്യമാണ് എന്നതാണ്. നിങ്ങള്‍ക്ക് യുആര്‍എല്‍ ബ്ലോക്ക് ചെയ്യാം, ഡൊമെയ്ന്‍ നെയിം സര്‍വര്‍ (DNS) സേവനം നിഷേധിക്കാം. പക്ഷെ വികേന്ദ്രീകൃതമായ ഈ ശൃംഖലയെ മൊത്തത്തില്‍ നിയന്ത്രിക്കാന്‍ ഏതെങ്കിലും ഒരു ശക്തിക്ക് ഒറ്റയ്ക്ക് വിചാരിച്ചാല്‍ കഴിയില്ല. അതുകൊണ്ടുതന്നെ http access നിഷേധിക്കപ്പെട്ടിടത്ത് ssh ഉപയോഗിച്ചോ tor ഉപയോഗിച്ചോ ഒക്കെ ഒരു സൈറ്റ് access ചെയ്യാം.

സ്വതന്ത്രചിന്ത എന്നാല്‍ സ്വാതന്ത്യ്രം
എന്നല്ല

ഇന്റര്‍നെറ്റ് ഒരിക്കലും സാമ്പ്രദായികമായ വിനിമയമാര്‍ഗ്ഗങ്ങളെ കൊട്ടിയടയ്ക്കുന്നില്ല. അധികസൌകര്യം നല്‍കുക മാത്രമാണ് ചെയ്യുന്നത്. ആ അധികസൌകര്യത്തെ പ്രാപിക്കുന്നത് പ്രയാസകരമാക്കാനേ, ഇന്റര്‍നെറ്റിനെ നിയന്ത്രിക്കുന്നതിലൂടെ കഴിയുകയുള്ളൂ. അല്ലാതെ പൂര്‍ണ്ണമായും തടയാനാവില്ല. മുല്ലപ്പൂവിപ്ലവത്തില്‍ പോലും തെരുവിലാണ് സമരങ്ങള്‍ നടന്നത്. തെരുവിലെ പ്രക്ഷോഭത്തെ സഹായിക്കുക മാത്രമാണ് സോഷ്യല്‍ മീഡിയ ചെയ്തത്. അത് പ്രക്ഷോഭത്തിന്റെ ആദ്യനാളുകളില്‍ തന്നെ തടയപ്പെടുകയും ഉണ്ടായി. എന്നിട്ടും മുല്ലപ്പൂവിപ്ലവം സംഭവിച്ചു. അതിന് ഭൌതികമായ മറ്റു പല കാരണങ്ങളുമുണ്ട്. ആ കാരണങ്ങളില്‍ പോലും അധികാരം കടന്നിരിക്കുന്നു എന്ന് സൂക്ഷ്മവായനയില്‍ തിരിച്ചറിയാം.

ഇന്റര്‍നെറ്റില്‍ ആദ്യമാദ്യം ഇടപെട്ടവര്‍ ഭൂരിഭാഗവും ഏതെങ്കിലും തരത്തില്‍ ഇന്റലക്ച്വല്‍ ജീവിതം നയിച്ചിരുന്നവരായിരുന്നതിനാല്‍ തന്നെ അതിന് ചുറ്റും സ്വാതന്ത്യ്രത്തിന്റേതായ ഒരു പ്രഭാവലയം കാണപ്പെട്ടിരുന്നു. യേശുച്ചിത്രത്തിന്റെ ചുറ്റുമുള്ള പ്രഭാവലയം പോലെ ഒരു കള്ളമാണ്, ഇതും. ചിത്രകാരന്റെ ബ്രഷ് സ്ട്രോക്കിന്റെ അരികുവരെയാണ് യേശുചിത്രത്തിലെ പ്രഭാവലയം. ഉപയോഗിക്കുന്നവര്‍ പ്രയോഗിക്കുന്ന പരിധി വരെയാണ്, ഇന്റര്‍നെറ്റിന്റെയും സ്വാതന്ത്യ്രം. ഇവിടുത്തെ സ്വാതന്ത്യ്രത്തിന്റെ ഗുണാത്മകമായ വശമായി കാണുന്നത്, അഭിപ്രായങ്ങളുടെ കാര്യത്തില്‍ ആരുടെയും അപ്രമാദിത്വത്തെ അംഗീകരിക്കാന്‍ ഇന്റര്‍നെറ്റില്‍ ഇടപെടുന്നവര്‍ തയ്യാറല്ല എന്നതാണ്. അത് സ്വതന്ത്രചിന്തയുടെ ലക്ഷണമാണ്. പക്ഷെ സ്വതന്ത്രചിന്ത എന്നാല്‍ സ്വാതന്ത്യ്രം എന്നല്ല അര്‍ത്ഥം. free thought is far from libre life. സ്വതന്ത്രചിന്തയെയൊന്നും പണ്ടേപ്പോലെ ആരും പേടിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. അവന്‍ ചിന്തിച്ചുകൊണ്ട് അന്തംവിട്ടിരിക്കയേയുള്ളു എന്ന മട്ടാണ്. who cares എന്ന attitude ആണ്. എങ്കിലും എന്തും contest ചെയ്യപ്പെടും എന്നത് ചില്ലറക്കാര്യമല്ല. ഒന്നും വെള്ളംതൊടാതെ വിഴുങ്ങാന്‍ ഇന്റര്‍നെറ്റില്‍ ഇടപെടുന്നവര്‍ ഒരുക്കമല്ല. അത്രത്തോളം അതു നല്ലതാണുതാനും. critical thinking എന്നത് നമ്മുടെ pedagogyയില്‍ നിന്ന് പാടെ മാറിനില്‍ക്കുമ്പോള്‍ അതിന് ഇങ്ങനെയെങ്കിലും ഒരു തുറവിടമുണ്ടാകുന്നത് ആശ്വാസകരമാണ്.

ഭയം പകര്‍പ്പവകാശവ്യവസായികള്‍ക്ക്
ഇന്റര്‍നെറ്റിനെ ശരിക്കും ഭയപ്പെടുന്നവര്‍ പകര്‍പ്പവകാശവ്യവസായികളാണെന്നു തോന്നിയിട്ടുണ്ട്. ചിന്ത എന്നത് ഒരേ സമയത്ത് ഒരാള്‍ക്ക്മാത്രം ഉണ്ടാവുന്നതായിക്കൊള്ളണമെന്നില്ല. കലയാണെങ്കിലും അത് കലക്റ്റിവിറ്റിയുടെ ഫലമാണ്. നിങ്ങള്‍ക്കുമുമ്പേ കടന്നുപോയവര്‍ അവശേഷിപ്പിച്ച ചിന്തകളുടെയും അവരുത്പാദിപ്പിച്ച അറിവിന്റെയും പുറത്തുനിന്നാണ് നിങ്ങള്‍ പുതിയ പുതിയ ചിന്തകളും അറിവും കലയും കലാപവും പടുത്തുയര്‍ത്തുന്നത്. അല്ലാതെ പരിപൂര്‍ണ്ണമായും പുതിയതും ഒറിജിനലുമായ ഒരാശയവും ഇല്ല. ആശയങ്ങളെ പകര്‍പ്പവകാശത്തില്‍ ഒതുക്കി പണം സമ്പാദിക്കുന്നവരാണ് പകര്‍പ്പവകാശവ്യവസായികള്‍. കലയുടെയോ ചിന്തകളുടെയോ ഒക്കെ യഥാര്‍ത്ഥ ഉത്പാദകരെ വശത്തേക്ക് മാറ്റിനിര്‍ത്തിയിട്ടാണ്, അതിന്റെ വിപണനക്കാര്‍ ഈ അവകാശം ഉപയോഗപ്പെടുത്തുന്നത്.

യഥാര്‍ത്ഥത്തില്‍ പകര്‍പ്പവകാശമെന്നത് എഴുത്തുകാരനോ കലാകാരനോ ലഭ്യമാകുന്ന അവകാശമല്ല. അത് പ്രസാധകനോ മ്യൂസിക് ലേബലോ സിനിമാക്കമ്പനിയോ കൈവശപ്പെടുത്തുന്ന അവകാശമാണ്. അവര്‍ക്കാണ് പുതിയ സാങ്കേതികവിദ്യകള്‍ പാരയായത്. കലാകാരന്മാര്‍ക്ക് ഇന്റര്‍നെറ്റില്‍ നേരിട്ടിടപെടാമെന്ന അവസ്ഥവന്നു. അവര്‍ക്ക് കൂടുതല്‍ പ്രേക്ഷകരെ ലഭിക്കുമെന്ന അവസ്ഥ വന്നു. വലിയ വിലയിട്ട് തങ്ങള്‍ വില്‍ക്കുന്ന സംഗീതം ആളുകള്‍ സൌജന്യമായി പകര്‍ത്തിയെടുക്കുമെന്ന അവസ്ഥ വന്നു. ഇതൊക്കെ കോര്‍പ്പറേറ്റ്വത്കൃതമായ പകര്‍പ്പവകാശലോബിയെ സമ്മര്‍ദ്ദത്തിലാക്കി. ഇന്ന് ലോകമാകെ ഇന്റര്‍നെറ്റിനെതിരെ നടക്കുന്ന നിയന്ത്രണശ്രമങ്ങളില്‍ ഗണ്യഭാഗം, പകര്‍പ്പവകാശ വ്യവസായികളുടെ ഈ കാലഹരണപ്പെട്ട കുത്തകാവകാശങ്ങളെ സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്. അവരുടെ പണത്തിന്റെ ധവളിമയില്‍ കണ്ണുനട്ടാണ് അധികാരം അതിന് അരുനില്‍ക്കുന്നത്.

മൂടിവെയ്ക്കാനാവില്ല, ഇനി പഴയപോലെ
ഓണ്‍ലൈന്‍ സൌകര്യങ്ങളുപയോഗപ്പെടുത്തി സമഗ്രാധിപത്യരാഷ്ട്രങ്ങളില്‍ നിന്നു പുറത്തുവരുന്ന മൂടിവയ്ക്കപ്പെട്ട വിവരങ്ങളാണോ അധികാരികളെ ഭയപ്പെടുത്തുന്നത് എന്ന സംശയം ചിലര്‍ ഉന്നയിച്ചുകാണാറുണ്ട്. ഈ സംശയത്തില്‍ വലിയ കഴമ്പില്ലെന്നാണ് എനിക്കു തോന്നുന്നത്. കാരണം ഇന്ത്യയെപ്പോലെ ദീര്‍ഘകാലം ലൈസന്‍സ് രാജിലും മറ്റും വിശ്വസിച്ചിരുന്ന രാഷ്ട്രങ്ങള്‍ പോലും വിവരാവകാശനിയമങ്ങള്‍ നടപ്പാക്കിത്തുടങ്ങിയിരിക്കുന്നു. ജനതയ്ക്ക് അധികാരം പകര്‍ന്നുനല്‍കുകയാണ്, ഇതിലൂടെ എന്നാണ് വയ്പ്പ്. സത്യത്തില്‍ അതൊരു മരീചിക മാത്രമാണ്്.

സാങ്കേതികവിദ്യയുടെ വികാസം മൂലംതന്നെ, പണ്ടത്തേതുപോലെ വിവരങ്ങള്‍ മറച്ചുവച്ചുകൊണ്ട് ചെറിയചെറിയ അഴിമതികള്‍ നടത്തി പണം സമ്പാദിക്കാം എന്ന സാധ്യത ഏറെക്കുറെ അസ്തമിച്ച മട്ടാണ്. വിനിമയങ്ങളൊക്കെത്തന്നെ ട്രാക്ക് ചെയ്യപ്പെടുന്നുണ്ട്. ഒരു കമ്പ്യൂട്ടര്‍ ശൃംഖലയില്‍ നുഴഞ്ഞുകയറി, അതില്‍ സൂക്ഷിച്ച വിവരങ്ങള്‍ കയ്യടക്കുക എന്നത് അസാധ്യമായ കാര്യമല്ല. അതുകൊണ്ടുതന്നെ, പലതും മറച്ചുവച്ചുകൊണ്ടുള്ള കൃത്രിമങ്ങള്‍ പണ്ടേപ്പോലെ നടക്കില്ല. ഇത് അറിയാവുന്നത് അധികാരത്തിനു തന്നെയാണ്. അതുകൊണ്ടാണ്, ലോകമെമ്പാടുംതന്നെ, ബുദ്ധിയുള്ള അധികാരവര്‍ഗ്ഗം ഭരണം സംബന്ധിച്ച രേഖകള്‍ ‘good governanceന്റെ ഭാഗമായി’ തുറന്നുകൊടുക്കുന്നത്. അപ്പോള്‍ ഇനി നടക്കുന്ന അഴിമതികള്‍ ഇങ്ങനെ തുറന്ന പുസ്തകത്തിലൂടെയാവും. അത് ബ്യൂറോക്രസിക്കു കൂടിയുള്ള അറിയിപ്പാണ്. അവര്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ പരിശീലിക്കേണ്ടിയിരിക്കുന്നു.

ടാര്‍ഗറ്റഡ് ഡെലിവറിയുടെ പിന്നില്‍
ഇത് തിരിച്ചറിയാനാവുന്നത് ഉദാരവത്കരണത്തിലെ മറ്റൊരു പ്രധാന രാഷ്ട്രീയപ്രയോഗം വായിച്ചെടുക്കുമ്പോഴാണ്. പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റത്തില്‍ (PDS) തുടങ്ങി, NREGA, NRHM, അടക്കം ഒട്ടേറെ നയതീരുമാനങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാവുന്ന കാര്യം നമ്മുടെ delivery model മാറി എന്നതാണ്. 1996ലെ ദേവഗൌഡ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്ന പി ചിദംബരം 1997 മാര്‍ച്ചില്‍ അവതരിപ്പിച്ച സ്വപ്ന ബജറ്റിലൂടെയാണ് സാമൂഹ്യസുരക്ഷിതത്വപദ്ധതികളുടെ കാര്യത്തില്‍ universal delivery എന്ന രീതി മാറി targetted delivery എന്ന രീതി കടന്നുവരുന്നത്. targetted deliveryയിലാണ് ഇനി അഴിമതിയുടെ വമ്പന്‍ സാധ്യതകള്‍ ഒളിച്ചിരിക്കുന്നത്. കാരണം, ഇവിടെ ആര്‍ക്കാണ്് സഹായം ആവശ്യമാകുക എന്നു തീരുമാനിക്കുന്നത് അധികാരമുള്ളവരാണ്. അത് ഉദ്യാഗസ്ഥരോ രാഷ്ട്രീയപ്രവര്‍ത്തകരോ ആവാം.

ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തിലെ പ്രധാനപ്പെട്ട ആശയമാണ്, യൂണിവേഴ്സല്‍ ഡെലിവറി. ആ ആശയത്തെയാണ്, പരിപൂര്‍ണ്ണമായും നാം ടാര്‍ഗെറ്റഡ് ഡെലിവറിയിലൂടെ replace ചെയ്തിരിക്കുന്നത്. ടാര്‍ഗെറ്റഡ് ഡെലിവറിക്ക് ഏറ്റവും ആവശ്യം, വ്യക്തിയെ സംബന്ധിച്ച വിവരങ്ങളാണ്. ഭരണകൂടത്തിന്റെ വിവരശേഖരത്തില്‍ പെടാതെ പോകുന്നവരും അര്‍ഹതയില്ലാത്തവരുടെ ഗണത്തിലേക്ക് ചെന്നുവീഴും. അപ്പോള്‍ അര്‍ഹത നേടണമെങ്കില്‍ വ്യക്തിസ്വകാര്യതയെ ബലികൊടുക്കണം എന്നുവരുന്നു. കര്‍ഷകര്‍ക്കുള്ള സഹായങ്ങള്‍ ലഭിക്കണമെങ്കില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വേണ്ടിവരുന്നു. അതില്‍ കൃഷിസ്ഥലവും മറ്റും സംബന്ധിച്ച വിവരങ്ങള്‍ വേണ്ടിവരുന്നു. ബാങ്കിങ് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നു. വ്യക്തിയുടേതായ എല്ലാം ഭരണകൂടത്തിന്റെ വിരല്‍ത്തുമ്പിലേക്കെത്തുന്നു. ഇതൊന്നും പോരാഞ്ഞിട്ട് ആധാറായും വിവരശേഖരണം നടക്കുന്നു. കാനേഷുമാരിയിലെ വെറും അക്കങ്ങളുടെ സ്ഥാനത്തുനിന്ന്, ജയിലിലടയ്ക്കപ്പെട്ട കുറ്റവാളിയുടെ സ്ഥാനത്തേക്ക് നിരീക്ഷണസംവിധാനങ്ങള്‍ പൌരനെ കൊണ്ടെത്തിക്കുന്നു. കണ്ണാടിമുറികളില്‍ പോള്‍ഡാന്‍സ് നടത്തുന്ന സ്ട്രിപ് ടീസര്‍മാരെപ്പോലെ നാം ജീവിതം വില്‍പ്പനയ്ക്കുവയ്ക്കുന്നു.

ആശയവിനിമയത്തിന്റെ സ്വകാര്യത
ഇന്ത്യയില്‍ സ്വകാര്യതാ ലംഘനത്തിനായി നടക്കുന്ന ഏറ്റവും സംഘടിതമായ ശ്രമം ആധാര്‍ പദ്ധതിയാണ്. ബയോമെട്രിക് സെന്‍സറിങ്ങടക്കം ടാമ്പര്‍ ചെയ്യാനാവുന്നതാണെന്ന് തെളിയിക്കപ്പെട്ടിരിക്കെ നാസ്കോമിന്റെ ലോബിയിങ്ങിനു വഴങ്ങി മാന്ദ്യത്തില്‍ പെട്ട സോഫ്റ്റ്വെയര്‍ കമ്പനികളെ സഹായിക്കുകയാണ്, ഭരണകൂടം. അതേസമയം കര്‍ഷക ആത്മഹത്യകള്‍ പെരുകുകയും വരള്‍ച്ച രൂക്ഷമാവുകയും ചെയ്യുമ്പോഴും കര്‍ഷകരെ സഹായിക്കാനോ ആദിവാസികളെ സംരക്ഷിക്കാനോ ശ്രമിക്കാതെ ആദിവാസിഭൂമികളില്‍ നിന്ന് അവരെ കുടിയിറക്കി ഖനിവ്യവസായികളെ പോഷിപ്പിക്കുകയാണ്, നമ്മുടെ രാഷ്ട്രീയം.

ആശയവിനിമയത്തിന്റെ സ്വകാര്യത നിലനിര്‍ത്താന്‍ പബ്ലിക് കീയും പ്രൈവറ്റ് കീയും ഉപയോഗപ്പെടുത്തിയുള്ള എന്‍ക്രിപ്റ്റഡ് മെസേജുകളിലേക്ക് നമ്മുടെ ഇ-മെയില്‍ വിനിമയങ്ങളെ മാറ്റിത്തീര്‍ക്കേണ്ടതുണ്ടെന്നു വരുന്നു. സാങ്കേതികവിദ്യ എന്തെന്തെല്ലാം വെല്ലുവിളികളേയും അത്രതന്നെ സാധ്യതകളേയുമാണ് കൊണ്ടുവരുന്നതെന്ന് അത്ഭുതത്തോടെ നോക്കിപ്പോകുന്നു.

 

 

18 thoughts on “കണ്ണാടിമുറികളില്‍ നമ്മുടെ പോള്‍ഡാന്‍സുകള്‍

 1. സമൂഹത്തിന്റെ ഒരു പരിശ്ചേദം ;നേര്‍ക്കാഴ്ചകള്‍ ..നല്ലൊരു വായനാനുഭവം .

 2. സെബിന്റെ ഇത്രയും ഗംഭീരമായ എഴുത്ത് അടുത്തെങ്ങും വായിച്ചിട്ടില്ല. നന്നായി.

 3. പൂര്‍ണമായും യോജിക്കേണ്ടി വരുന്നു,
  സങ്കടം വരുന്നു.

  ആറേഴ് കൊല്ലം കൊണ്ട് എല്ലാവരും മറന്നിരിക്കാനിടയുള്ളൊരു പേരാണ്, സിഡ്നിയില്‍ നിന്നും ഹോസ്റ്റ് ചെയ്തിരുന്ന ജോവിയാസ്.നെറ്റ് എന്ന വെബ് സൈറ്റിന്റേത്.
  ഇപ്പൊ ഒരു ഗൂഗിള്‍ സര്‍ച്ച് ചെയ്ത് നോക്കിയിട്ട്, അതിന്റെ പൊടിപോലുമില്ല കണ്ടു പിടിക്കാന്‍…

  വിക്കി ലീക്ക്സ് ഒക്കെ അമേരിക്കയെ അഥവാ അധികാരമുള്ളവനെ, കുറിച്ചുള്ള കല്‍പനകളുടെ നിര്‍മ്മാണത്തിനായി അവര്‍ തന്നെ നടത്തുന്ന ബോധപൂര്‍വ്വമായ ശ്രമങ്ങളാണ്.
  അതിന്റെ ഏറ്റവും വലിയ തെളിവ് വിക്കി ലീക്ക്സ് ആളുകള്‍ കാണുന്നു എന്നതും അതിനെപ്പറ്റി സംസാരിക്കുന്നു എന്നതും തന്നെയാണ്.

  ലോകത്തിലെ ഏറ്റവും സ്വതന്ത്രനായ മനുഷ്യന്റെ പോലും കൈകാലുകള്‍ എത്ര വിദഗ്ദമായി ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്ന ചിന്ത നടുക്കമുണ്ടാക്കുന്നു…
  വെറുതെ പറഞ്ഞൂ എന്ന് മാത്രം…
  അവയെ പൊട്ടിച്ചെറിയാനുള്ള ശക്തി എനിക്കില്ല.
  ഭരിക്കപ്പെടാന്‍ മാത്രം അലസനാണു ഞാന്‍.

 4. ഗംഭീര ലേഖനം. അടിയന്തിരാവസ്ഥയുടെ വാര്‍ഷികത്തില്‍ നമ്മുടെ സ്വതന്ത്ര ആശയവിനിമയ സംവിധാനങ്ങളെ ചങ്ങലയ്ക്കിടുന്ന അധികാര കേന്ദ്രങ്ങളെ കുറിച്ചുള്ള ലേഖനം അവസരോചിതമായി.

 5. very good artcle…നാലാമിടത്തില്‍ ഈയിടെ വന്നവയില്‍ ഏറ്റവും മികച്ച ലേഖനം…അഭിനന്ദനങ്ങള്‍ സെബിന്‍……

 6. Excellent article. There is a strong need to mobilize these ideas in the form of mass movements. The meaning and purpose of government is being manipulated and distorted. Every change is accepted without any questioning. The people and the third world governments are ‘programmed communities’, completely programmed by a few brains in the world. That is why we are unable to raise relevant questions. We actually do not know what question is to be asked and how to ask it…!

 7. നന്നായിട്ടുണ്ട്. ഇരുവശവും കണ്ടുകൊണ്ടുള്ള എഴുത്ത്…

 8. സെബിന്‍, സുന്ദരമായ ഭാഷ. നല്ല ഉള്ളുള്ള എഴുത്തും.

 9. സെബിന്,
  ചരിത്രത്തെ, അഥവാ ഭൂതകാലത്തെ വിശകലനം ചെയ്യുക താരതമ്യേന എളുപ്പമാണ്. അതിന്റെ ഗുണദോങ്ങള് സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. പിന്നീടുള്ളത് വ്യാഖ്യാനങ്ങളാണ്, വായനകള്. കണ്ണാടിമുറികളില്‍ നമ്മുടെ പോള്‍ഡാന്‍സുകള്‍ എന്ന ലേഖനം നമ്മുടെ തന്നെ വര്ത്താമാനത്തെ മുഖാമുഖം നിന്നുകൊണ്ട് വിശകലനം ചെയ്യുകയാണ്. കണിശമായി കൂടുതല് സൂക്ഷ്മമായി ജീവിച്ചിരിക്കേണ്ട ആവശ്യകതയെക്കുറിച്ചാണ് സെബിന്റെ ലേഖനം പറയുന്നത്.

 10. ‘ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തിലെ പ്രധാനപ്പെട്ട ആശയമാണ്, യൂണിവേഴ്സല്‍ ഡെലിവറി. ആ ആശയത്തെയാണ്, പരിപൂര്‍ണ്ണമായും നാം ടാര്‍ഗെറ്റഡ് ഡെലിവറിയിലൂടെ replace ചെയ്തിരിക്കുന്നത്’.
  India’s public distribution system was based on universal delivery prior to 1997. That is the old ration card system which we are all aware of.

  But in the post-liberalisation era there is a shift from universal to targeted delivery. can be reasonably justified. That those who belong to the BPL and APL need to be considered as two different kinds of people in accordance with the forces of privatization and market economy.
  ”ടാര്‍ഗെറ്റഡ് ഡെലിവറിക്ക് ഏറ്റവും ആവശ്യം, വ്യക്തിയെ സംബന്ധിച്ച വിവരങ്ങളാണ്. ഭരണകൂടത്തിന്റെ വിവരശേഖരത്തില്‍ പെടാതെ പോകുന്നവരും അര്‍ഹതയില്ലാത്തവരുടെ ഗണത്തിലേക്ക് ചെന്നുവീഴും. അപ്പോള്‍ അര്‍ഹത നേടണമെങ്കില്‍ വ്യക്തിസ്വകാര്യതയെ ബലികൊടുക്കണം എന്നുവരുന്നു”.

  Is targeted delivery the only reason why personal information are needed by the government.

  That these are areas where corruption, mismanagement are rampant. in my understanding is a totally different issue.

  India is a country, that has terrorist, racist , religious and criminal elements. In addition to this, any government in the post-liberation socio-economical and political scenario needs to get personal information from individuals for all good intentions. During the time of emergency, no government there had personal information as at the moment. Did it help Indians from being brutalized.

  So with personal information or not the government can violate a nation as we have seen.

  What an individual should learn from all these, is how to liberate himself or herself and what our social and political institution should do is to help individuals to reach that state of existence. we are not achieving that target. I am not inclined to any politics. But when I see my country sitting in a far away place, I can see a lot of things there-both good and bad. But my conviction is that the biggest enemy of that nation is its religious set up. Look at Kerala, Is kerala having any democracy, when it is ruled by a minority government? The problem to me is more when my personal information is collected by a cohort of Christians, Muslims, Nairs and a subservient SNDP, members than by a corrupt democratic government. Is my worry out of place?

 11. മറുപടികള്‍ പറയാനുള്ള കെല്‍പ്പില്ല. നല്ലവാക്കുകള്‍ക്കു് നന്ദി. പങ്കുവച്ചതത്രയും ആശകളും ആശങ്കളുമാണു്. രാഷ്ട്രീയം പറയുമ്പോള്‍ പോലും നിഹിലിസ്റ്റായിപ്പോവുക എന്നതൊരു ദുര്യോഗമാണു്. ആ ദുര്യോഗവുംപേറിയിങ്ങനെ…

 12. ലോകത്ത് ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഉപയോക്താക്കളുള്ള രാജ്യമായ ചൈനയിൽ (ചൈനയിലെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം 45 കോടി; തൊട്ടടുത്ത സ്ഥാനത്തുള്ള അമേരിക്കയിലേത് 24 കോടി) ഇന്റർനെറ്റ് ഉപയോഗത്തിന് സെൻസർഷിപ്പ് നിലവിലുള്ളതായും, ഇത് നടപ്പിലാക്കാൻ അറസ്റ്റുകളും മറ്റ് മർദ്ദകനടപടികളും സ്വീകരിക്കുന്നതായും കൂടി നാം അറിയേണ്ടതാണ്.

  “Fines and short arrests are becoming an optional punishment to whoever expresses undesirable information through the different Internet formats, as this is seen as a risk to social stability.”

  “Shi Tao, a Chinese journalist, used his Yahoo! email account to send a message to a U.S.-based pro-democracy website. In his email, he summarized a government order directing media organizations in China to downplay the upcoming 15th anniversary of the 1989 crackdown on pro-democracy activists. Police arrested him in November 2004, charging him with “illegally providing state secrets to foreign entities.””

  അതോ ഇതൊക്കെ CIA-യുടെ കളിയായിരിക്കുമോ? മറ്റേ അസാഞ്ജിന്റെ കാര്യം പോലെ?

  അവലംബം
  ————–
  1. http://en.wikipedia.org/wiki/List_of_countries_by_number_of_Internet_users

  2. http://en.wikipedia.org/wiki/Internet_censorship_in_the_People%27s_Republic_of_China

Leave a Reply

Your email address will not be published. Required fields are marked *