നിങ്ങള്‍ക്കു മുന്നില്‍ കൊട്ടിയടയാന്‍ ചില വാതിലുകളുണ്ട്

 
 
 
 
സ്വാതന്ത്യ്രത്തിന്റെ വിലയും ചില ഒത്തു തീര്‍പ്പുകളും. കെ.എന്‍ അശോക് എഴുതുന്നു
 
 

അറിവുകള്‍ക്ക് പരിധി നിശ്ചയിക്കുകയും അതിനൊപ്പം, ചില കാര്യങ്ങള്‍ കൂടുതല്‍ അറിയുകയും ചെയ്യുമ്പോഴാണ് നിങ്ങള്‍ സ്വയം ഭയക്കേണ്ടത്. എന്റെ മൂക്കിന്‍ തുമ്പു വരെയേ നിങ്ങള്‍ക്ക് സ്വാതന്ത്യ്രമുള്ളൂ എന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഒരു പാഴ്ച്ചൊല്ലാണ്. ഓരോ കുടിയിറക്കും അവനെ സംബന്ധിച്ചിടത്തോളം അടിയന്തരാവസ്ഥ തന്നെയാണ്. അതിനെ കുറിച്ച് ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്കു മുന്നില്‍ ചില വാതിലുകള്‍ എന്നെന്നേക്കുമായി കൊട്ടിയടയ്ക്കപ്പെടും എന്നതാണ് ഇന്നത്തെ കാലം. അതാകട്ടെ, പുറത്തേക്കുള്ള വാതിലുകളുമാണ് എന്നത് യാഥാര്‍ഥ്യവും-ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായ കെ.എന്‍ അശോക് എഴുതുന്നു

 
 

 
 

ആറു വര്‍ഷം മുമ്പാണ് ഛത്തീസഗഡിലെ നക്സല്‍ മേഖല സന്ദര്‍ശിക്കാന്‍ ക്ഷണം കിട്ടുന്നത്. ഓപറേഷന്‍ ഗ്രീന്‍ ഹണ്ടൊക്കെ തുടങ്ങുന്നതിന് വളരെ മുമ്പ്. ഏതെങ്കിലും വിദേശ രാജ്യത്തേക്കോ, സുഖവാസ കേന്ദ്രത്തിലേക്കോ ഉള്ള ക്ഷണം പോലെ വിളിച്ചു കൊണ്ടു പോയി കാണിക്കേണ്ട ഒരിടമല്ലായിരുന്നു, ഒരു യാഥാര്‍ഥ്യത്തെ നേരിടാനുള്ള കെല്‍പ്പ് ഉണ്ടാവുകയും അത് സംഭവിക്കുകയുമായിരുന്നു വേണ്ടതെന്ന ബോധ്യം ഇന്നുണ്ട്. പക്ഷേ, ജോലി ചെയ്തു തുടങ്ങി ഒരു വര്‍ഷം പോലും തികയാത്ത ഡല്‍ഹി ജീവിതത്തിന്റെ പകപ്പ് അപ്പോഴും വിട്ടു മാറിയിരുന്നില്ല.

പോകുന്നതിന് തലേന്നു തന്നെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. സ്വന്തം പേരിലെടുത്ത ടിക്കറ്റ് പിന്നീട് കൃത്യമായി പരിശോധിക്കപ്പെടുമെന്നും ഞാനൂഹിക്കുന്നതിനേക്കാള്‍ വലിയൊരു വലയം എനിക്കു ചുറ്റും ഡല്‍ഹി ജീവിതത്തിലുണ്ടെന്നും അറിയുന്നത് വൈകിയാണ്. പത്തു ദിവസത്തോളം കൊടും വനത്തില്‍ നക്സലുകള്‍ക്കൊപ്പം ജീവിക്കുമ്പോള്‍ കണ്ടത് ആഭ്യന്തര സുരക്ഷയുടെ ഏറ്റവും വലിയ വെല്ലുവിളികളെന്ന് പ്രധാനമന്ത്രി തന്നെ ആവര്‍ത്തിച്ചു വിളിക്കുന്ന, എ.കെ47ഉം മാരകായുധങ്ങളുമുള്ള, കണ്ണില്‍ ചോരയില്ലാത്ത, ഭരണകൂടത്തെ അട്ടിമറിക്കാന്‍ വെമ്പുന്ന ഭീകരരൂപികളായ മാവോയിസ്റുകളെയല്ല. മറിച്ച് തോളത്ത് ഒരു കുഞ്ഞിനെയെന്ന വിധം കോര്‍ത്തിട്ടിട്ടുള്ള പഴയ .307 റൈഫിളുമേന്തി കിലോ മീറ്ററുകളോളം അകലെ നിന്ന് തലയില്‍ കുടിവെള്ളവുമേറ്റി വരുന്ന, അതുവരെ കണ്ടു പരിചയിച്ച നദിയില്‍ നിന്ന്, മൈനിംഗ് അവശേഷിപ്പിച്ച ചുവന്നു കൊഴുത്ത വെള്ളം കോരിയെടുത്തു കാട്ടുന്ന മെലിഞ്ഞുണങ്ങിയ ചില ആണ്‍^പെണ്‍ ശരീരങ്ങളെയാണ്. ആത്മാഭിമാനത്തോടു കൂടി ജീവിക്കാനുള്ള ശ്രമത്തിനു വിലങ്ങു തടിയാവുന്നത് എന്തു തന്നെയായാലും, എത്ര രക്തരൂക്ഷിതമാണ് അതെങ്കിലും പ്രശ്നമല്ലെന്ന തിഞ്ഞ ബോധ്യമുള്ള കുറച്ചു മനുഷ്യരെയാണ്.

പേടിച്ചതാകട്ടെ, ഓരോ ചുവടിലും ഒരു ശത്രുവിനെയാണ് കാണുന്നതെന്ന ഉറപ്പോടെ ഉള്ളിലേക്ക് തുറിച്ചു നോക്കുന്ന സി.ആര്‍.പി.എഫുകാരെ മാത്രമാണ്. പക്ഷേ അതു പറഞ്ഞാല്‍, പുറം ലോകത്തിന്റെ കണ്ണില്‍, കൂലിയെഴുത്ത് നടത്തുന്നവരുടെ കണ്ണില്‍, സര്‍വോപരി ഭരണകൂടത്തിന്റെ കണ്ണില്‍ ഞാന്‍ രാജ്യദ്രോഹിയായി മാറും. നിശ്ചയമായും ഞാന്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവനാണെന്ന് ലോകത്തെ അറിയിക്കാനും ബോധ്യപ്പെടുത്താനും ആ ഒരു ധാരണ ധാരാളവുമാണ്.

 

Painting: Paulo Zerbato

അടിയന്തിരാവസ്ഥയുടെ രക്തത്തൂവലുകള്‍
കുറച്ചധികം വ്യക്തിപരമായ അനുഭവങ്ങള്‍ നിരത്തി വച്ചു കൊണ്ടു മാത്രമേ ഇത്തരം ഒരു വിഷയം ഇപ്പോള്‍ പറയാന്‍ പറ്റൂ. അതൊക്കെ ഓര്‍ക്കുമ്പോള്‍ ഒരു ശരാശരി മധ്യവര്‍ഗക്കാരന്റെ ജീവിതത്തോടുള്ള ആശങ്കകള്‍ സൃഷ്ടിക്കുന്ന അരക്ഷിത ബോധം അതിന്റെ അകക്കാമ്പോളം ചെന്നു മുട്ടുന്നുവെന്ന ബോധ്യവും ഇന്നുണ്ട്. ഉത്തരവാദിത്തങ്ങള്‍ പൊടുന്നനെ പൊട്ടി മുളയ്ക്കുന്നതല്ല, അവ തിരിച്ചറിവുകള്‍ കൂടിയാണെന്ന് അറിയാന്‍ വൈകുന്നവരുടെ എണ്ണം കുറവല്ല താനും. അടിയന്തരാവസ്ഥ കഴിഞ്ഞ് ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞുവെന്നും അതാത് തീയതികള്‍ വരുമ്പോള്‍ ചില കാര്യങ്ങള്‍ സ്വയം ഓര്‍മപ്പെടുത്തേണ്ടതുണ്ടെന്നും വിചാരിക്കുമ്പോഴാണ് ഇക്കാര്യങ്ങള്‍ വീണ്ടും പുറത്തേക്ക് തികട്ടുന്നത്.

അതിന്, നിസ്സഹായതയുടെ, ഭീരുത്വത്തിന്റെ, ആത്മരോഷത്തിന്റെ സത്യസന്ധതയുടെ പുളിപ്പുണ്ട്. ചുറ്റും ഇടപെടുന്ന ലോകം, മനുഷ്യര്‍, അവരുടെ വേദനകള്‍, കലഹങ്ങള്‍, സന്തോഷങ്ങള്‍. അവിടെ നിന്ന് സ്വയം ചുഴിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ ഞാനല്ലാതായി മാറുന്നുവെന്നും സമൂഹമെന്ന ഉറച്ച മൂശയില്‍ വാര്‍ത്തെടുക്കുമ്പോള്‍ നേരെ കാണുന്നതിനെ പിറകോട്ടു മാറ്റി നിര്‍ത്തേണ്ടി വരുന്നുമെന്നുമുള്ള ഉറച്ച യാഥാര്‍ഥ്യം പൊള്ളിക്കുന്നുണ്ട്. അടിയന്തരാവസ്ഥ അതിന്റെ ഭീമാകാരമായ ചിറകുകള്‍ ഒന്നു കുടഞ്ഞതിന്റെ ബാക്കിയായ ചില രക്തത്തൂവലുകളാണ് എന്റെ തലമുറ കണ്ടു വളര്‍ന്നത്. ഇന്നാകട്ടെ, ഓരോ ചെറിയ ചെയ്തികളിലും അത് പ്രതിഫലിക്കുന്നത് അറിയുന്നുണ്ട്. ഓരോ ദിവസവും അത് ചിലത് ഓര്‍മപ്പെടുത്തുന്നുണ്ട്. നിങ്ങളോ ഞാനോ സുരക്ഷിതരല്ലെന്നും സുരക്ഷിതത്വം എന്നത് സ്വാതന്ത്യ്രത്തിന് പകരം വയ്ക്കേണ്ടി വരുന്ന ചില ഒത്തുതീര്‍പ്പുകളാണെന്നുമുള്ള ഓര്‍മപ്പെടുത്തലുകള്‍. അതിന്റെ വിമ്മിഷ്ടം.

 

Cartoon: Abu Abraham

അവര്‍ എന്തെടുക്കുകയാണ്?
അടിയന്തരാവസ്ഥ കാലത്ത് പല രീതിയിലും ഉദിച്ചുയര്‍ന്ന ചില നക്ഷത്രങ്ങളുണ്ട് ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍. ലാലു പ്രസാദ് യാദവും ശരത് യാദവും നിതീഷ് കുമാറുമടങ്ങുന്ന പഴയ “ബിഹാര്‍ സോഷ്യലിസ്റുകള്‍”. അരുണ്‍ ജയ്റ്റ്ലിയും സുശീല്‍ കുമാര്‍ മോഡിയുമടങ്ങുന്ന ഇന്നത്തെ ബി.ജെ.പി നേതാക്കള്‍, പ്രകാശ് കാരാട്ടും സീതാറാം യെച്ചുരിയും പിണറായി വിജയനും ബുദ്ധദേബ് ഭട്ടാചാര്യയും അടങ്ങുന്ന ഇടതു നേതാക്കള്‍, ദിഗ്വിജയ് സിംഗും പ്രണാബ് മുഖര്‍ജിയും വയലാര്‍ രവിയും ഉമ്മന്‍ ചാണ്ടിയുമടങ്ങുന്ന കോണ്‍ഗ്രസ് നേതാക്കള്‍. എന്നാല്‍ അടിയന്തരവാസ്ഥ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്തു മാറ്റമാണ് ഉണ്ടാക്കിയതെന്ന് അറിയാന്‍ ഈ നേതാക്കളുടെ ഇന്നത്തെ പ്രൊഫൈല്‍ ഒന്നു ശ്രദ്ധിച്ചാല്‍ മതി.

ഇന്ത്യന്‍ ജനാധിപത്യത്തില്‍ അത്ര വലിയ മുറിവായിരുന്നു അടിയന്തരാവസ്ഥയെങ്കില്‍, ഒരു ജനത അത്ര മേല്‍ സ്വയം തിരുത്തപ്പെടാന്‍ ആഗ്രഹിച്ചിരുന്നുവെങ്കില്‍ ഈ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ആരാകുമായിരുന്നു? ഇന്ത്യന്‍ പൊതുജീവിതത്തേയും ഒരു പരിധിവരെ വ്യക്തിജീവിതത്തേയും ആഴത്തില്‍ ഗ്രസിച്ചിരിക്കുന്ന അഴിമതിയെ നേരിടാന്‍ സ്ഥാപനവത്ക്കരിക്കപ്പെട്ടതോ അല്ലാത്തതോ ആയ ഒരു സംവിധാനം കൊണ്ടു വരാന്‍ മറ്റു പാര്‍ട്ടികളിലെ “അടിയന്തരാവസ്ഥാ രക്തസാക്ഷികള്‍”ക്ക് എന്തു കൊണ്ട് കഴിയാതെ പോകുന്നു. ഇന്റലിജന്‍സ് ബ്യൂറോ മുതല്‍ നാട്ടിലെ സ്പെഷ്യല്‍ ബ്രാഞ്ചുകാര്‍ വരെ വേട്ടയാടിയതിന്റെ ഓര്‍മയുള്ള ഇവരെന്തു കൊണ്ട് ഈ ഏജന്‍സികള്‍ക്ക് ഭരണഘടനാപരമായ അക്കൌണ്ടബിലിറ്റി ഉണ്ടെന്ന് ഓര്‍മിപ്പിക്കുകയോ അത്തരത്തില്‍ നിയമ നിര്‍മാണം കൊണ്ടു വരികയോ ചെയ്യുന്നില്ല?

അപ്പോള്‍ ഞാന്‍ വീണ്ടുമൊരു അടിയന്തരാവസ്ഥ മുന്നില്‍ കാണുന്നുണ്ട്. അത് അണ്ണാ ഹസാരെയെ പ്രതിയാണ്. കൃത്യമായ വലതുപക്ഷവാദവും അരാഷ്ട്രീയതയും മധ്യവര്‍ഗ ലാളനയും അതിന്റെ ഒത്തുതീര്‍പ്പുകളും ആഗ്രഹിക്കുന്ന ഒരു ജനതയ്ക്ക് അണ്ണാ ഹസാരയെ ലഭിച്ചേ മതിയാകൂ. ജയപ്രകാശ് നാരായണ്‍ തുടങ്ങിവച്ചതും എങ്ങുമെത്താതെ പോയതുമായ “ഇന്ത്യന്‍ വിപ്ളവം” പരിഹാസ്യമായ ഏതൊക്കെയോ വിധത്തില്‍ പൂരിപ്പിക്കാനാണ് ഹസാരെ ശ്രമിക്കുന്നത്. അതിനെ നേരിടാന്‍ അത്, കോണ്‍ഗ്രസോ, ബി.ജെ.പിയോ ആകട്ടെ, ഭരണകൂടത്തിന്റെ മുന്നില്‍ മറ്റു വഴിയില്ല. അടിച്ചമര്‍ത്തുക തന്നെ. എന്നാല്‍ സംഘ്പരിവാറിന്റെ എല്ലാ ആശീര്‍വാദങ്ങളുമുള്ള, എണ്ണയിട്ട പോലെ പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനത്തെ ഒതുക്കുക അത്രയെളുപ്പമല്ല. മറിച്ച് പി. ചിദംബരത്തെ പോലെയും കപില്‍ സിബലിനെ പോലെയുമുള്ള ചില നേതാക്കളുടെ ധാര്‍ഷ്ട്യ ദൃഷ്ടിയില്‍ ഒരു അടിയന്തരവാസ്ഥ ഒരുങ്ങിയേക്കാം. അതിന്റെ ലക്ഷണമായിരുന്നു യോഗാ ഗുരു രാംദേവിനെ രാംലീലാ മൈതാനത്തു നിന്ന് അര്‍ധരാത്രി അടിച്ചോടിച്ചപ്പോള്‍ തോന്നിയത്. (അത് വേണ്ടതു തന്നെയായിരുന്നു എന്ന അഭിപ്രായം ഉണ്ടു താനും.) ആ ഭീതിയാണോ, ഹസാരെയുടെ നാക്കും മനസുമായ അരവിന്ദ് കെജ്രിവാള്‍ എന്ന ചെറുപ്പക്കാരന്‍ ഉയര്‍ത്തുന്ന സ്വേച്ഛാധിപത്യ പ്രവണതയാണോ? രണ്ടായാലും ഒന്നു തന്നെ.

 

വിനോദ് കെ. ജോസ്

ഫ്രീ പ്രസ്: ചില പാഠങ്ങള്‍
ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന ഒരാളെന്ന നിലയില്‍ ഭരണകൂടത്തോടും അതിന്റെ താത്പര്യങ്ങളോടുമുള്ള ഒത്തുതീര്‍പ്പുകള്‍ ആവശ്യത്തേക്കാളുപരി ഒരു അനിവാര്യതയാണെന്നും എന്നാല്‍ പ്രതിരോധിക്കാന്‍ കഴിയുന്ന ചില പാഠങ്ങള്‍ ചുറ്റും സംഭവിക്കുന്നുണ്ടെന്നും പഠിപ്പിച്ച ചില കാര്യങ്ങളുണ്ട്. ഇന്ന് കാരവന്‍ മാസികയുടെ ഡപ്യൂട്ടി എഡിറ്ററായ വിനോദ് കെ. ജോസ് ആറേഴു വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ നിന്നു “ഫ്രീ പ്രസ്” എന്നൊരു മാസിക പ്രസിദ്ധീകരിച്ചിരുന്നു. തീര്‍ത്തും യാദൃശ്ചികമെന്നു തോന്നിപ്പിച്ചതും എന്നാല്‍ മാരകവുമായിരുന്ന, കുറഞ്ഞത് മൂന്ന് ആക്രമണ ശ്രമങ്ങളെങ്കിലും വിനോദിനു നേരെ ആ കാലത്ത് ഉണ്ടായിട്ടുണ്ട്. രണ്ടു “തെറ്റുകളാ”ണ് വിനോദ് ചെയ്തത്. 2001ലെ പാര്‍ലമെന്റ് ആക്രമണ സംഭവം അത്ര “സുതാര്യ”മല്ലെന്നും അന്നത്തെ എന്‍.ഡി.എ സര്‍ക്കാരിലെ ചില പ്രമുഖര്‍ക്ക് അതില്‍ മറ്റു ചില താത്പര്യങ്ങളുണ്ടെന്നും ഫ്രീ പ്രസിലൂടെ ലോകത്തെ അറിയിച്ചത് ഒരു തെറ്റ്.

മറ്റൊന്ന് “പോളിസ്റര്‍ പ്രിന്‍സ്: ദി റിയല്‍ സ്റ്റോറി ഓഫ് ധീരുഭായി അംബാനി”യെന്ന, ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ള, പുസ്തകം വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയും ആ ബിസിനസ് സാമ്രാജ്യത്തിന് കല്ലുകടിക്കുന്ന ചില വിവരങ്ങള്‍ പുറത്തു വിടുകയും ചെയ്തത്. മാസിക പൂട്ടിക്കാന്‍ നടന്നിട്ടുള്ള ശ്രമങ്ങള്‍ എണ്ണിയാല്‍ തീരില്ല. എന്നാല്‍ വര്‍ഷങ്ങളോളം മാസികയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു. സ്ഥാപനവത്ക്കരിക്കപ്പെട്ടതോ വ്യക്തിപരമോ ആയ താത്പര്യങ്ങളില്ലാതെ മാധ്യമ പ്രവര്‍ത്തനം സാധ്യമാകുമോ എന്നുള്ള ശ്രമമായിരുന്നു അതെന്ന് വിനോദ് പിന്നീട് പറഞ്ഞിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തനം ഈ രീതിയിലും സാധ്യമാകാം എന്നതും ചില അളവു കോലുകള്‍ നമ്മള്‍ തന്നെ പുതുക്കി പണിയേണ്ടതുണ്ടെന്നും ബോധ്യപ്പെടുത്തിയ ഒരു കാര്യമായിരുന്നു അത്.

 

സോണി സൂരി

സോണി സൂരി പറയുന്നത്
ഡല്‍ഹി മാധ്യമ മേഖലയില്‍ സോണി സൂരി ഒറ്റപ്പെട്ട ഒരുദാഹരണമല്ല. പക്ഷേ പുറം ലോകമറിയുകയും എല്ലാവരും അത്രതന്നെ നിസംഗരാവുകയും ചെയ്തതാണ് സോണിയുടെ ജീവിതം. ജനനേന്ദ്രിയത്തില്‍ മണ്ണു വാരിയിട്ട് ഒരു സ്ത്രീയെ പീഡിപ്പിക്കാന്‍ മാത്രം ക്രൂരത എന്തുകൊണ്ടാണ് “ഉത്തരവാദപ്പെട്ട” ചിലര്‍ക്ക് ഉണ്ടാകുന്നത്. അതിനെ തെളിവിന്റെ അളന്നു കുറിച്ച വാക്ധോരണികള്‍ കൊണ്ട് എത്ര നാള്‍ മൂടിവയ്ക്കാനാവും. നിവര്‍ന്നു നില്‍ക്കാന്‍ ജീവനില്ലാത്ത ആ സ്ത്രീക്ക് കോടതി ഉത്തരവുണ്ടായിട്ടു പോലും എയിംസ് പോലൊരു ആശുപത്രിയിലെ അധികൃതര്‍ ചികിത്സ നിഷേധിച്ചതിനു പിന്നിലുള്ള മാനസികാവസ്ഥ എന്തായിരിക്കും? ഒരു കാര്യം ഉറപ്പാണ്. നിങ്ങള്‍ ഭരണകൂടം എനിശ്ചയിച്ചിട്ടുള്ള മാനസികാവസ്ഥയ്ക്ക്, അതിന്റെ എല്ലാ ചെയ്തികള്‍ക്കും ഒപ്പമാണോ അല്ലയോ? അതനുസരിച്ചിരിക്കും നിങ്ങള്‍ക്കു ലഭിക്കുന്ന നീതി.

ലോകത്ത് ഏറ്റവുമധികം ആളുകള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി കുടിയിറക്കപ്പെടുന്ന രാജ്യം ഇന്ത്യയാണെന്ന റിപ്പോര്‍ട്ടുകള്‍ നാം സൌെകര്യ പൂര്‍വം മറന്നു. സ്വാതന്ത്യ്രാനന്തരം ഓരോ വര്‍ഷവും പത്തുലക്ഷം പേര്‍ വീതം ഇന്ത്യയില്‍ കുടിയിറക്കപ്പെടുന്നു. ഇങ്ങനെ ഇറങ്ങിപ്പോരേണ്ടി വരുന്നവരില്‍ 40 ശതമാനം പേരും ആദിവാസികളും ദലിതരും പാവപ്പെട്ട ഗ്രാമീണരുമാണെന്നാണ് ആ യു.എന്‍ റിപ്പോര്‍ട്ട് പറയുന്നത്. എന്നിട്ടും അണിയറയില്‍ തയാറായിക്കൊണ്ടിരിക്കുന്ന നിര്‍ദിഷ്ട “ഭൂമിയേറ്റെടുക്കല്‍ പുനരധിവാസ ബില്ലി”ന് കോര്‍പറേറ്റ് ഭീമന്‍മാരുടെ അഭിപ്രായം ആരാഞ്ഞ് അതിന് അനുസരിച്ച് വേണ്ടത്ര മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍.

പോവരുതാത്ത ചില ഇടങ്ങള്‍
ബട്ല ഹൌസ് ഏറ്റുമുട്ടല്‍ വ്യാജമാണെന്ന പരാതി അന്വേഷിച്ച ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പോലീസ് റിപ്പോര്‍ട്ട് അതേ പടി പകര്‍ത്തി തങ്ങളുടെ റിപ്പോര്‍ട്ടാക്കിയതിലൂടെ അംഗീകൃത നീതിയെന്നത് ചില ഒത്തുതീര്‍പ്പുകളിലൂടെ മാത്രം നടപ്പാക്കാന്‍ പറ്റുന്നതാണെന്ന് കൃത്യമായി തന്നെ പറഞ്ഞു വച്ചു. പൊതു മന:സാക്ഷിയെ തൃപ്തിപ്പെടുത്താന്‍ അഫ്സല്‍ ഗുരുവിന് മരണശിക്ഷ വിധിച്ചേ മതിയാകൂ എന്ന് വിധിന്യായമെഴുതിയ ന്യായാധിപന്‍മാര്‍ ഉണ്ടായിരുന്ന നാടു കൂടിയാണിത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഡല്‍ഹിയിലെ ഊര്‍ജ മന്ത്രാലയത്തിനു മുന്നില്‍ സമരമിരുന്ന മേധാ പട്കറെയും കൂട്ടരേയും ഒരു ഞായറാഴ്ച ഉച്ചയ്ക്ക് ബലം പ്രയോഗിച്ച് അറസ്റ് ചെയ്തിരുന്നു. ഒരുവിധപ്പെട്ട മാധ്യമ പ്രവര്‍ത്തകരാരും ആ സമയത്ത് ഉണ്ടാകില്ലെന്ന ഉറപ്പില്‍ നടപ്പാക്കിയ ഒരു പോലീസ് ബുദ്ധി. യാദൃശ്ചികമായി അവിടെയെത്തിയ ഞാനും പോലീസിന്റെ കണ്ണില്‍ കൂട്ടുപ്രതിയായി. മാധ്യമ പ്രവര്‍ത്തകന്റെ ഐഡന്റിറ്റി തെളിയിച്ചിട്ടും പോലീസ് അതു കണ്ടില്ലെന്ന് നടിച്ചതിനു പിന്നില്‍ പോലീസ് അതിക്രമത്തിന് സാക്ഷ്യം വഹിച്ച മാധ്യമ പ്രവര്‍ത്തകന്‍ എന്ന എന്റെ ഐഡന്റിറ്റി തന്നെയായിരുന്നു. എന്തിനാ ആവശ്യമില്ലാത്ത കാര്യത്തിന് പോയത് എന്ന ചോദ്യം പല മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും എന്നോട് അന്നു പങ്കുവച്ചതിനു പിന്നിലെ വികാരം ഇന്നു മനസിലാക്കാന്‍ പറ്റുന്നുമുണ്ട്. നിങ്ങളുടെ ഐഡന്റിറ്റിയെ നിങ്ങള്‍ പേടിക്കുന്നുണ്ടെന്ന് ഉറപ്പിക്കുകയും അത് ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്ന അധികാരതന്ത്രം.

എന്തിനാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ അക്രഡിറ്റേഷന്‍ നല്‍കുന്നത് എന്ന് ഒരു സുഹൃത്ത് കഴിഞ്ഞ ദിവസം ചോദിച്ചത് ഓര്‍ക്കുന്നു. യാത്രാ ചെലവിലും മറ്റു ചില കാര്യങ്ങളിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇളവു നല്‍കിയുള്ള ആ സംരക്ഷണം മാധ്യമ പ്രവര്‍ത്തകരെ ആരില്‍ നിന്നു സംരക്ഷിക്കാനാണ്? അതോ ഭരണകൂടത്തിന്റെ നോട്ടമെത്തുന്നിടത്ത് നിങ്ങളുണ്ടെന്ന് ഉറപ്പാക്കാനോ? അറിവുകള്‍ക്ക് പരിധി നിശ്ചയിക്കുകയും അതിനൊപ്പം, ചില കാര്യങ്ങള്‍ കൂടുതല്‍ അറിയുകയും ചെയ്യുമ്പോഴാണ് നിങ്ങള്‍ സ്വയം ഭയക്കേണ്ടത്. എന്റെ മൂക്കിന്‍ തുമ്പു വരെയേ നിങ്ങള്‍ക്ക് സ്വാതന്ത്യ്രമുള്ളൂ എന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഒരു പാഴ്ച്ചൊല്ലാണ്. ഓരോ കുടിയിറക്കും അവനെ സംബന്ധിച്ചിടത്തോളം അടിയന്തരാവസ്ഥ തന്നെയാണ്. അതിനെ കുറിച്ച് ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്കു മുന്നില്‍ ചില വാതിലുകള്‍ എന്നെന്നേക്കുമായി കൊട്ടിയടയ്ക്കപ്പെടും എന്നതാണ് ഇന്നത്തെ കാലം. അതാകട്ടെ, പുറത്തേക്കുള്ള വാതിലുകളുമാണ് എന്നത് യാഥാര്‍ഥ്യവും.

 

12 thoughts on “നിങ്ങള്‍ക്കു മുന്നില്‍ കൊട്ടിയടയാന്‍ ചില വാതിലുകളുണ്ട്

 1. ”ഞാനൂഹിക്കുന്നതിനേക്കാള്‍ വലിയൊരു വലയം എനിക്കു ചുറ്റും ഡല്‍ഹി ജീവിതത്തിലുണ്ടെന്നും അറിയുന്നത് വൈകിയാണ്. ”
  ഫ്രീ പ്രസ്സിന്‍റെ കോഴിക്കോട് ലേഖകനായി ജോലിനോക്കിയിരുന്നപ്പോള്‍ ഞങ്ങള്ക്ക് നേരിട്ട് മനസിലായ കാര്യമാണിത്. വിഎച്ച് നിഷാദ് മുസ്ലീമായതിന്‍റെ പേരില്‍ ഡല്‍ഹി പോലീസ് അവന് വന്ന കത്തുകള്‍ പൊട്ടിച്ച് രാജ്യരക്ഷ പരിശോധിച്ചതും… റിലയന്‍സ് വാര്‍ത്തയെ തുടര്‍ന്ന വിനോദ് കെ ജോസിനെ 5 മണിക്കൂറോളം ചോദ്യം ചോദ്യം ചെയ്തതും.. പിന്നെ അവസാനം ഡല്‍ഹിയിലെ ഒരു പ്രസ്സിലും പ്രിന്റ് ചെയ്യാനാവാതെ നോയിഡയില്‍ നിന്ന് അവസാന ലക്കം പ്രസിദ്ധീകരിച്ചതും.. അവസാനം സ്വതന്ത്ര പത്രപ്രവര്‍ത്തനം നടത്താനാഗ്രഹിച്ചവരെയാകെ നിരാശപ്പെടുത്തി ഫ്രീ പ്രസ്സിന് നിറുത്തേണ്ടി വന്നതും….

 2. നക്സൽ എന്നാൽ പാവപെട്ടവന്റെ ജീവിക്കാനുള്ള ചെറുത്ത് നില്പ് എന്ന് വായിക്കാമയിരുന്ന ഒരു കാലമുണ്ട്. ആ കാലം നിലനില്ക്കുന്ന ചില ഇടങ്ങൾ ഇന്നുമുണ്ട്. പക്ഷേ ചില സ്ഥലങ്ങളിലെങ്കിലും ‘ at some point terror become a business ‘ എന്ന സിദ്ധാന്തം സത്യമാവുന്നു. പണക്കാരൻ രാജ്യത്തെയും സാധരണക്കാരെയും വഞ്ചിക്കുന്നതിനു ബിസിനസ്സ് എന്നും പാവപെട്ടവന്റെ ചെറുത്ത് നില്പിനെ നക്സലിസവും എന്നു പറഞ്ഞ് നമ്മൾ വ്യവഹരിക്കുന്നു. സത്യത്തിൽ ഇന്ദിരാഗാന്ധി പ്രയോഗിച്ച അടിയന്തിരാവസ്ഥ ജനാധിപത്യത്തെ രാഷ്ട്രീയ ഭിക്ഷാം ദേഹികൾക്ക് ടോയ്‌ലറ്റിൽ ഫ്ളഷടിച്ചു കളയാറുള്ള തീട്ടമാണെന്ന് ബോധ്യപെടുത്തിയ ഒന്നാണ്‌. റിലയൻസും ജെ.പി യും ഒക്കെ നഗ്നമായ് തന്നെ രാജ്യത്തെ ജനതയ്ക്ക് മൊത്തം അവകാശപെട്ട സ്വത്ത് ഒറ്റയ്ക്ക് ഊറ്റിയെടുക്കുന്നതിനെ നമ്മൾ ബിസിനസ്സ് എന്ന ചെല്ലപെരിലും. ആദിവാസി മേഖലകളിലും നോർത്തീസ്റ്റിലും അടിച്ചർത്തപെട്ടവന്റെ പ്രതിഷേധത്തിനെ സൈലൻസർ ഘടിപ്പിച്ച് കൊല്ലുന്നതിനെ നക്സലിസവും എന്നു ഭരണകൂടം വ്യാഖ്യാനിക്കുന്നു. ഓർക്കുക നാം ജനാധിപത്യ രാജ്യത്തെ വോട്ടു ചെയുന്ന പൗരന്മാരാണ്‌ , ഈ ഏമാന്മാരെ ഇങ്ങനെ കുറ്റം പറയുന്നത് ജനാധിപത്യത്തെ കുറ്റം പറയുന്നതാണ്‌. മുസ്ളീമിന്റെ മുഖഛായ ഉള്ളത് കൊണ്ട് തല്ല് വാങ്ങിച്ച നാട്ടിൽ കുരീപ്പുഴ പാടും പോലെ“ഒരക്ഷരം മിണ്ടരുത് പരിക്കേറ്റ കുട്ടി ഞാൻ”

 3. ഉഷാര്‍. നല്ല ലേഖനം. സവാദിന്റെ കമന്റിനും ലൈക്ക്‌. ഒരോ ദിവസവും കൂടുതല്‍ തോറ്റ ജനതയായി ഉണരുന്ന നമ്മള്‍ക്ക്‌ ഇത്തരം ചില ഓര്‍മ്മപ്പെടുത്തലുകള്‍ വേണം.

 4. യാഥാര്‍ത്ഥ്യ ബോധത്തില്‍ ഊന്നിയുള്ള ലേഖനം.വിഷയത്തോടുള്ള അശോകിന്റെ താലപര്യം ലേഖനത്തിന് കൂടുതല്‍ ചാരുതയേകുന്നു…..

 5. its really informative ..brilliant language ,gud observations…keep it up .go ahead .all the best in all ur way

 6. great…article….and the experience u achieved will make you a real indian in ur life…… that language really deserves a big applause….go ahead…

 7. Excellent article, when truths are inconvenient, when facts are irritating, when alternatives are difficult what should we do? Congrats and Solidarity, Asokan.

 8. Excellent article. i think i am late to read this.
  Happy to see that at least some are there to understand the truth, and respond.

 9. Ashokan……. you have got a good experience…knowing naked truths…really unforgettable..and you have got a rare breed of language also…..keep in touch

Leave a Reply

Your email address will not be published. Required fields are marked *