പറയേണ്ട, ഞങ്ങള്‍ കുനിഞ്ഞോളാം

 
 
 
ഭരണകൂടവും മേധാവിത്വ ശക്തികളും ആഗ്രഹിക്കുംവിധം
മാധ്യമങ്ങളുടെ സ്വയം സെന്‍സര്‍ഷിപ്പിനെക്കുറിച്ച് കെ. സുനില്‍ കുമാര്‍

 

ചാനല്‍ ചര്‍ച്ചകളില്‍/ വാരാന്ത്യ വിചാരണകളില്‍ മ അദനിയെ മാത്രമല്ല, ‘തൊപ്പി വെച്ചവരെയും താടി വളര്‍ത്തിയവരെയും’ നിരന്തരം വേട്ടയാടുന്ന മാധ്യമ വിശകലനക്കാര്‍ എന്നാല്‍, അന്യ ദേശങ്ങളിലെ സ്വാതന്ത്യ്ര നിഷേധങ്ങളെ കുറിച്ച് അത്യുച്ചത്തില്‍ സംസാരിക്കുന്നവരാണ് എന്നതാണ് കൌതുകകരം. മ അദനിയുടെ തടവറ ജീവിതത്തെ കുറിച്ചുള്ള മൌനം മാധ്യമങ്ങളുടെ സെല്‍ഫ് സെന്‍സര്‍ഷിപ്പിന്റെ ഒരു പ്രതീകം മാത്രമാണ്. പോലീസും സര്‍ക്കാരും ആഗ്രഹിക്കുന്നത് അറിയാതെ വിളമ്പുക മാത്രമാണ് നമ്മുടെ മാധ്യമങ്ങള്‍ ചെയ്യുന്നത്. ബംഗ്ലൂര്‍ സ്ഫോടന കേസില്‍ മ അദനിക്കുള്ള ബന്ധത്തിന്റെ വസ്തുത അന്വേഷിച്ചു പോയ കെ കെ ഷാഹിന എന്ന പത്ര പ്രവര്‍ത്തകക്കെതിരെ കര്‍ണാടക പോലിസ് കേസ് എടുത്തപ്പോഴും കേരളത്തിലെ മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും ബുദ്ധിപരമായ മൌെനം പാലിച്ചു.
തീവ്രവാദിയെന്ന് ഒരു ജനവിഭാഗത്തെ/ ഒരു വ്യക്തിയെ പോലിസ് മുദ്രകുത്തും മുമ്പ് തന്നെ മുഖ്യധാര മാധ്യമങ്ങള്‍ അതിനു തെളിവുകള്‍ ഹാജരാക്കും. അങ്ങനെ വേട്ടയാടപ്പെടുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധി മാത്രമാണ് മ അദനി. ഒരു കാലത്ത് മാധ്യമങ്ങളില്‍ നിറഞ്ഞ ലവ് ജിഹാദ് കഥകള്‍ ഉണ്ടാക്കിയ സാമൂഹിക വിഭജനങ്ങളുടെ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. കേരളത്തില്‍ ലവ് ജിഹാദ് നിലനില്‍ക്കുന്നില്ല എന്നും ഇത്തരം പ്രചാരണങ്ങള്‍ ‘സാമുദായിക സൌഹര്‍ദ്ദം തകര്‍ക്കുകയാണ് ചെയ്യുന്നത്’ എന്നും കേസ് അവസാനിപ്പിച്ചുകൊണ്ട് കേരള ഹൈക്കോടതി ചൂണ്ടിക്കാട്ടിയത് മാധ്യമങ്ങള്‍ അദൃശ്യമാക്കുകയും ചെയ്തു. -മാധ്യമ പ്രവര്‍ത്തകനായ കെ. സുനില്‍ കുമാര്‍ എഴുതുന്നു

 

 

‘നിങ്ങളോട് കുനിയാന്‍ പറഞ്ഞപ്പോള്‍ , നിങ്ങള്‍ ഇഴഞ്ഞു… ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇഴഞ്ഞു’- അടിയന്തിരാവസ്ഥയുടെ ഇരുണ്ട നാളുകളില്‍ പൌര സ്വാതന്ത്യ്രത്തിന്റെ നാവുകള്‍ ആകേണ്ടിയിരുന്ന മാധ്യമ ലോകം എങ്ങനെ ‘കര്‍ത്തവ്യ നിര്‍വഹണം’ നടത്തി എന്ന് വ്യക്തമാക്കുന്നതിന് ഏറ്റവും ഉചിതമായ നിര്‍വചനം ബിജെപി നേതാവ് എല്‍ കെ അദ്വാനിയുടെത് തന്നെയാണ്. പില്‍ക്കാലത്ത് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഫാസിസ്റ് രാഷ്ട്രീയം അധികാരം കയ്യാളിയപ്പോള്‍ പല പ്രകാരത്തില്‍ പൌര മാധ്യമ സ്വാതന്ത്യ്രം നിഷേധിക്കാന്‍ ശ്രമിച്ചു എന്നത് മറ്റൊരു വൈചിത്യ്രം. അത് നമുക്ക് മറ്റൊരു തരത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്.

എന്നാല്‍, 1975 മുതല്‍ 1977 വരെ ഇഴഞ്ഞു നടന്നവര്‍ അടിയന്തിരാവസ്ഥ പിന്‍വലിച്ച ശേഷം അങ്ങിനെയായിരുന്നില്ല. കുറച്ചു കാലത്തേക്ക് അവര്‍ പത്ര/ പൌര സ്വാതന്ത്യ്രത്തിന്റെ പ്രവാചകരായി മാറി. ഇപ്പോഴും അതെ നാട്യം തന്നെയാണ് കേരളത്തില്‍ ഉള്‍പ്പെടെ നമ്മുടെ മാധ്യമ ലോകം പുലര്‍ത്തുന്നത്. പക്ഷെ യാഥാര്‍ത്ഥ്യം പരിശോധിക്കുമ്പോള്‍ പഴയ ഇഴച്ചില്‍ തന്നെയാണ് പല കാര്യങ്ങളിലും തുടരുന്നതെന്ന് കാണാന്‍ കഴിയും.

ഒരു വ്യത്യാസമുണ്ട്, ഇപ്പോള്‍ കുനിയാന്‍ ആരും പറയേണ്ടതില്ല. ഭരണകൂടവും മേധാവിത്വ ശക്തികളും ആഗ്രഹിക്കുന്നതെന്തെന്നു മനസിലാക്കി ഇഴയാന്‍ അവര്‍ പഠിച്ചിരിക്കുന്നു. സ്വമേധയയാ ഉള്ള സെന്‍സര്‍ഷിപ്. നമ്മുടെ മാധ്യമ ലോകം പല വിഷയങ്ങളിലും അത് നടപ്പാക്കുന്നു എന്നതിന് കേരളത്തില്‍ നിന്ന് സമീപകാല ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും ചൂണ്ടിക്കാട്ടാം.

 

അബ്ദുല്‍ നാസര്‍ മ അദനി


 

മ അദനി: മാധ്യമ നിലപാടുകള്‍
കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മ അദനിയുടെ പ്രശ്നം തന്നെയാണ് മികച്ച ഉദാഹരണം. ഈ പേര് പറയുമ്പോള്‍ നെറ്റി ചുളിയുകയും പരിഹാസം കൊണ്ട് ചിറി കോട്ടുകയും ചെയ്യുന്ന ‘സ്വാതന്ത്യ്ര വാദി’കളായ അനേകം മാധ്യമ സുഹൃത്തുക്കളുടെ മുഖങ്ങള്‍ മുന്നില്‍ തെളിഞ്ഞു വരുന്നു. കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ പ്രതിയാക്കി ജയിലിലേക്ക് കൊണ്ടുപോകുമ്പോള്‍ മുതല്‍ അവരില്‍ പലരും അദ്ദേഹത്തിന്റെ ‘തീവ്രവാദ’ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ദീര്‍ഘമായ കഥകള്‍ ചമച്ചവരും ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍ പ്രസംഗിച്ചവരുമാണ്.

എന്നാല്‍ 10 വര്‍ഷത്തോളം നീണ്ട വിചാരണ തടവിനു ശേഷം കോടതി വെറുതെ വിട്ടപ്പോള്‍ ജയില്‍മോചിതനായ മ അദനിയെ ആഘോഷ പൂര്‍വ്വം സ്വീകരിച്ച് ഇരട്ടത്താപ്പും ഇവര്‍ പ്രകടിപ്പിച്ചു. ഇടത്തും വലത്തുമുളള നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ കാണിച്ച അതേ നാട്യം തന്നെ ഈ സ്വാതന്ത്യ്രവാദികളും കാട്ടിക്കൂട്ടി.
എന്നാല്‍ അവരുടെ തനിനിറം പുറത്തു വരാന്‍ ഏറെ നാള്‍ കാത്തിരിക്കേണ്ടി വന്നില്ല. ബംഗളുരു സ്ഫോടന കേസില്‍ പ്രതിയാക്കി ബിജെപി (അദ്വാനിയുടെ പാര്‍ടി) നേതൃത്വം നല്‍കുന്ന കര്‍ണാടക സര്‍ക്കാര്‍ അദ്ദേഹത്തെ കൊല്ലത്ത് നിന്ന് വീണ്ടും തടവറയിലേക്ക് കൊണ്ടുപോയപ്പോള്‍ സ്വാതന്ത്യ്ര വാദികളുടെ മതേതരത്വവും ദേശസ്നേഹവും വീണ്ടും സട കുടഞ്ഞെഴുന്നേറ്റു.

അന്ന് വൈകുന്നേരം മ അദനിയുടെ ‘ഭീകരവാദത്തെ’ കുറിച്ച് ചാനല്‍ മൈക്കിന് മുന്നില്‍ വാഗ്ധോരണി മുഴക്കിയ കടുത്ത ‘മതേതരവാദി’യായ ഒരു മുതിര്‍ന്ന ചാനല്‍ റിപ്പോര്‍ട്ടറെ ഇതെഴുതുമ്പോള്‍ ഓര്‍മ്മ വരുന്നു. രാഷ്ട്രീയമായി അര്‍ദ്ധ സാക്ഷരരായ മറ്റു പല മാധ്യമ സിംഹങ്ങളെയും പോലെ “മ അദനി തീവ്രവാദിയാണ്” എന്നതില്‍ അദ്ദേഹത്തിന് തെല്ലും സംശയം ഉണ്ടായിരുന്നില്ല. അതിനു തെളിവ് ഹാജരാക്കിയത് കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരിന്റെ കുറ്റാരോപണങ്ങളും പഴയ ചില പ്രസംഗങ്ങളും മാത്രവും.

വാര്‍ത്തകളില്‍/ രാത്രി ചാനല്‍ ചര്‍ച്ചകളില്‍ മ അദനി വീണ്ടും ഭീകരവാദിയും താടിയും തൊപ്പിയും വെച്ച മത മൌെലികവാദിയും ആയി രൂപാന്തരം പ്രാപിച്ചു. സൂഫിയ മ അദനി ആകട്ടെ മറ്റൊരു പെണ്‍ ഭീകരവാദി ആയി ചിത്രീകരിക്കപ്പെട്ടു. ഇപ്പോള്‍ പരപ്പന ജയിലില്‍ കോയമ്പത്തൂരിലെ അതേ നാടകം ആവര്‍ത്തിക്കപ്പെടുമ്പോള്‍ അടിയന്തിരവസ്ഥക്കാലത്തെ പൌരാവകാശ നിഷേധത്തെ കുറിച്ചു വാചാലരാകുന്നവര്‍ കണ്‍മുന്‍പില്‍ നടക്കുന്ന ഈ നീതി നിഷേധത്തെ കുറിച്ച് ഇപ്പോഴും തികഞ്ഞ മൌെനത്തിലാണ്. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും, കടുത്ത രോഗങ്ങളാല്‍ വേട്ടയാടപ്പെടുകയും ചെയ്യുമ്പോഴും അത് കാണാന്‍ നമ്മുടെ ചാനല്‍ ക്യാമറകള്‍ക്ക്/ന്യൂസ് റൂമുകള്‍ക്ക് കാഴ്ച മങ്ങിയിരിക്കുന്നു.

ബുദ്ധിപരമായ മൌനം
ചാനല്‍ ചര്‍ച്ചകളില്‍/ വാരാന്ത്യ വിചാരണകളില്‍ മ അദനിയെ മാത്രമല്ല, ‘തൊപ്പി വെച്ചവരെയും താടി വളര്‍ത്തിയവരെയും’ നിരന്തരം വേട്ടയാടുന്ന മാധ്യമ വിശകലനക്കാര്‍ എന്നാല്‍, അന്യ ദേശങ്ങളിലെ സ്വാതന്ത്യ്ര നിഷേധങ്ങളെ കുറിച്ച് അത്യുച്ചത്തില്‍ സംസാരിക്കുന്നവരാണ് എന്നതാണ് കൌതുകകരം. മ അദനിയുടെ തടവറ ജീവിതത്തെ കുറിച്ചുള്ള മൌനം മാധ്യമങ്ങളുടെ സെല്‍ഫ് സെന്‍സര്‍ഷിപ്പിന്റെ ഒരു പ്രതീകം മാത്രമാണ്. പോലീസും സര്‍ക്കാരും ആഗ്രഹിക്കുന്നത് അറിയാതെ വിളമ്പുക മാത്രമാണ് നമ്മുടെ മാധ്യമങ്ങള്‍ ചെയ്യുന്നത്. ബംഗ്ലൂര്‍ സ്ഫോടന കേസില്‍ മ അദനിക്കുള്ള ബന്ധത്തിന്റെ വസ്തുത അന്വേഷിച്ചു പോയ കെ കെ ഷാഹിന എന്ന പത്ര പ്രവര്‍ത്തകക്കെതിരെ കര്‍ണാടക പോലിസ് കേസ് എടുത്തപ്പോഴും കേരളത്തിലെ മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും ബുദ്ധിപരമായ മൌെനം പാലിച്ചു.

തീവ്രവാദിയെന്ന് ഒരു ജനവിഭാഗത്തെ/ ഒരു വ്യക്തിയെ പോലിസ് മുദ്രകുത്തും മുമ്പ് തന്നെ മുഖ്യധാര മാധ്യമങ്ങള്‍ അതിനു തെളിവുകള്‍ ഹാജരാക്കും. അങ്ങനെ വേട്ടയാടപ്പെടുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധി മാത്രമാണ് മ അദനി. ഒരു കാലത്ത് മാധ്യമങ്ങളില്‍ നിറഞ്ഞ ലവ് ജിഹാദ് കഥകള്‍ ഉണ്ടാക്കിയ സാമൂഹിക വിഭജനങ്ങളുടെ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. കേരളത്തില്‍ ലവ് ജിഹാദ് നിലനില്‍ക്കുന്നില്ല എന്നും ഇത്തരം പ്രചാരണങ്ങള്‍ ‘സാമുദായിക സൌഹര്‍ദ്ദം തകര്‍ക്കുകയാണ് ചെയ്യുന്നത്’ എന്നും കേസ് അവസാനിപ്പിച്ചുകൊണ്ട് കേരള ഹൈക്കോടതി ചൂണ്ടിക്കാട്ടിയത് മാധ്യമങ്ങള്‍ അദൃശ്യമാക്കുകയും ചെയ്തു.
നമ്മുടെ ഭരണകൂടം സൃഷ്ടിച്ചെടുക്കുന്ന വ്യാജ മതേതര, ദേശസ്നേഹ മാതൃകകള്‍ അതേ പടി പകര്‍ത്തുന്ന മാധ്യമ വേട്ടയുടെ ഉദാഹരണങ്ങള്‍ കേരളത്തിനകത്തും പുറത്തും ഏറെയുണ്ടെങ്കിലും വിസ്താരഭയത്താല്‍ അതിനു മുതിരുന്നില്ല.

 

ഡി.എച്ച്. ആര്‍. എം പ്രവര്‍ത്തകര്‍


 

കണ്ണില്‍പ്പെടാത്ത ചില കാഴ്ചകള്‍
മുസ്ലിങ്ങളോ ന്യൂനപക്ഷങ്ങളോ മാത്രമല്ല ഇപ്രകാരം മാധ്യമങ്ങളാല്‍ അപരവല്‍ക്കരിക്കപ്പെടുകയും വിചാരണക്കു ഇരയാകുകയും ചെയ്യുന്നത്. മുത്തങ്ങയിലെ ആദിവാസികള്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കു ഇരയായപ്പോള്‍ ഏതാനും ദിവസത്തേക്ക് ആണെങ്കിലും പോലിസ് ഭാഷ്യം പകര്‍ത്തിയ മാധ്യമങ്ങളില്‍ സി കെ ജാനുവും, ഗീതാനന്ദനും എല്‍ ടി ടി ഇ മാവോയിസ്റ് ബന്ധമുള്ള തീവ്രവാദികളായി നിറഞ്ഞു. ചെങ്ങറ സമരക്കാര്‍ തീവ്രവാദികളാകാതെ രക്ഷപ്പെട്ടത് ‘ഒരു തുള്ളി ചോര പൊടിയാതെ കയ്യേറ്റക്കാരെ ഒഴിപ്പിക്കണ’മെന്ന ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശവും ദളിത് സംഘടനകളുടെയും ജനാധിപത്യവാദികളുടെയും സമയോചിത ഇടപെടല്‍ കാരണവുമാകണം. എങ്കിലും ചില മാധ്യമങ്ങളെങ്കിലും സമരക്കാരുടെ ‘തീവ്രവാദ ബന്ധങ്ങളെ’ കുറിച്ച് കഥകള്‍ ചമയ്ക്കാന്‍ തുടങ്ങിയിരുന്നു.

വര്‍ക്കലയില്‍ ശിവപ്രസാദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു ഡി.എച്ച്. ആര്‍. എം എന്ന സംഘടനക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ തുടര്‍ച്ചയായി വന്ന ‘ദലിത് തീവ്രവാദം’ എന്ന പോലിസ് ഭാഷ്യവും കഥകളും പത്രങ്ങളും ചാനലുകളും കോറസ് പോലെ ഏറ്റുപാടിയതും മറക്കാറായിട്ടില്ല. കേസ് അന്വേഷണത്തിന്റെ പേരില്‍ ഡി.എച്ച്. ആര്‍. എം പ്രവര്‍ത്തകര്‍ പോലിസ് ക്യാമ്പുകളില്‍ ക്രൂര മര്‍ദ്ദനത്തിനു ഇരയായി എന്നും സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടു എന്നുമുള്ള പരാതികള്‍ ഒരു മാധ്യമത്തിലും കടന്നു വന്നില്ല. കൊലപാതകം നടത്തിയത് തങ്ങളല്ല എന്ന് ഡി.എച്ച്. ആര്‍. എം പ്രവര്‍ത്തകര്‍ പറഞ്ഞതും വാര്‍ത്തകളായില്ല. പകരം പോലിസ് ഓഫീസര്‍മാരും കോണ്‍സ്റബിള്‍മാരും മെനഞ്ഞെടുത്ത കഥകളായിരുന്നു അവര്‍ നിറച്ചത്. ഇത് തന്നെയായിരുന്നു പിന്നീട് പോലിസ് ഹാജരാക്കിയ തെളിവുകളും.

സ്വയം സെന്‍സര്‍ഷിപ്പ്
പോലിസ് ആഗ്രഹിച്ചത് നടപ്പാക്കുക ആയിരുന്നു നമ്മുടെ മാധ്യമങ്ങള്‍ ചെയ്തത്. ഇത്തരത്തില്‍ ദുര്‍ബലരായ മനുഷ്യരെ തീവ്രവാദികളും പൊതു സമൂഹത്തില്‍ നിന്ന് അപരരും ആക്കി മാറ്റുന്നതില്‍ ഭരണകൂടം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിര്‍വഹിച്ചു കൊടുക്കുന്നതിലൂടെ ആണ് മാധ്യമങ്ങള്‍ ഇന്ന് സ്വയം സെന്‍സര്‍ഷിപ്പ് നടപ്പാക്കി ഉത്തമ ‘ദേശസ്നേഹികളും മതേതര വാദികളും’ ആയി മാതൃക കാട്ടുന്നത്. അവര്‍ നേരിടുന്ന ജീവിത ദുരിതങ്ങളേയും ഒറ്റപ്പെടലുകളെയും പാടെ അവഗണിക്കുന്ന തിമിരവും ഇതിന്റെ മറുപുറമാണ്.

മുല്ലപ്പെരിയാര്‍ ഉടന്‍ തകര്‍ന്ന് ആയിരക്കണക്കിന് ജനങ്ങള്‍ മരിച്ചു വീഴുമെന്നും ഉടന്‍ പുതിയ ഡാം പണിയണമെന്നും മന്ത്രി പി ജെ ജോസഫിനൊപ്പം ചേര്‍ന്ന് പാടിയ മാധ്യമങ്ങള്‍ ഈ മണ്ടത്തരത്തിന് എതിരായ വാദങ്ങളെ പോലും അവഗണിച്ചു കളഞ്ഞു. മാധ്യമ സാക്ഷരതയെ കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്ന സന്ദര്‍ഭം ആയിരുന്നു അത്. കേരളത്തില്‍ ഉള്‍പ്പെടെ ജനജീവിതത്തിനു ഭീഷണിയായ കൂടംകുളം ആണവ നിലയം പോലുള്ള ജനവിരുദ്ധ വികസന നയങ്ങള്‍ക്കെതിരായ സമരങ്ങളെയും ഭരണകൂട താല്‍പര്യങ്ങളാല്‍ അവഗണിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്.

ഇങ്ങനെ വ്യത്യസ്തങ്ങളായ ജന താല്‍പര്യങ്ങളെ അവഗണിക്കുകയും ഭരണകൂടവും നിക്ഷിപ്ത താല്‍പര്യക്കാരായ മൂലധന, മത, ജാതി, പുരുഷ മേധാവിത്വ ശക്തികളും ആഗ്രഹിക്കുന്ന തരത്തില്‍ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ അവരുടെ താല്പര്യങ്ങള്‍ വാര്‍ത്തകള്‍ എന്ന പേരില്‍ ജനങ്ങള്‍ക്ക് നല്‍കുകയാണ് മാധ്യമങ്ങള്‍ പലപ്പോളും ചെയ്യുന്നത്.

അവിടെ മനുഷ്യാവകാശ ലംഘനങ്ങളും, നീതി നിഷേധങ്ങളും, ജനവിരുദ്ധ വികസന നയങ്ങളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ അപ്രസക്തമായി മാറുന്നു. അടിയന്തിരാവസ്ഥ ഇല്ലാതെ തന്നെ ഭരണകൂടങ്ങള്‍ക്ക് മാധ്യമ സ്വാതന്ത്യ്രത്തെ നിയന്ത്രിക്കാനോ തടയാനോ കഴിയുന്ന തരത്തില്‍ അതിനു സ്വയം സജ്ജരാണ് നമ്മുടെ മാധ്യമ സ്ഥാപനങ്ങളിലും മാധ്യമ പ്രവര്‍ത്തകരിലും വലിയൊരു വിഭാഗം എന്നതാണ് യാഥാര്‍ത്ഥ്യം.

8 thoughts on “പറയേണ്ട, ഞങ്ങള്‍ കുനിഞ്ഞോളാം

 1. നന്ദി..മദനിയെ കുറിച് എഴുതിയതിന്‍….. നമ്മുടെ പ്രിയപ്പെട്ട ടി പി യുടെ കൊലയാളികളെ കണ്ടെത്താന്‍ സര്‍കാര്‍ കാണിച്ച ശുഷ്കാന്തി തീര്‍ത്തും അവശനായി ജയിലില്‍ കഴിയുന്ന മദനിയോടും കൂടി കാണിച്ചിരുന്നെങ്കില്‍…

 2. ഇതൊന്നും അറിയാതെ ചെയ്യുന്ന തെറ്റല്ല. അപ്പോള്‍പ്പിന്നെ, ബോധ്യപ്പെടളിനും തിരുത്തലിനും പ്രസക്തിയുമില്ല. അങ്ങനെ ‘ഞങ്ങള്‍’ ജനജിഹ്വയായി വാഴ്ത്തപ്പെടട്ടെ.

 3. I salute you Mr.സുനില്‍ കുമാര്‍…………

  ഈ നശിച്ച മാധ്യമങ്ങള്‍ കോടിക്കണക്കിനു ജനങ്ങളില്‍ കുത്തിനിറച്ചിട്ടുള്ള വിഷം ചെറുതായി കാണുന്നവരാണ് വിഡ്ഢികള്‍ , ഈ വിഷങ്ങള്‍ ചൂണ്ടി കാണിക്കുന്നവരേയും അതിന്റെ ബവിഷതുകള്‍ അനുപവിക്കുന്നവരുടെയും അനുഭവിക്കേണ്ടി വരുന്നവരുടെയും വാക്കുകള്‍ ശ്രെധിക്കാന്‍ പോലും ചെവികൊടുക്കാന്‍ തയ്യാറല്ലാത്ത ഒരു മാധ്യമ ലോകമാണ് ‌ നമുക്ക് ചുറ്റും എന്നറിയുമ്പോള്‍ ഭയമാകുന്നു 🙁

 4. മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകരുടെയും താൽപ്പര്യത്തിനൊത്ത് നിൽക്കാതെ പോയതാണ് മദനി ചെയ്ത തെറ്റ്. മാധ്യമങ്ങളുടെയും വി.എസിന്റെയും ശത്രുവും ലാവ്ലിൻ കേസിൽ പ്രതിയുമായ പിണറായി വിജയനൊപ്പം വേദി പങ്കിടുകയും തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കാൻ നോക്കിയതുമാണ് അതുവരെ മാധ്യമങ്ങൾക്ക് പ്രിയങ്കരനായ മദനി പൊടുന്നനെ തീവ്രവാദി ആയത്. മദിനി മാധ്യമപ്രവർത്തകരുടെ മനമറിഞ്ഞ് പ്രവർത്തിച്ചില്ല . നാട്ടുകാർ എന്തു പറയുന്നു എന്നതാണ് പല കാര്യങ്ങളുക്കും മാനദണ്ഡമെന്ന് പല മാധ്യമ പ്രവർത്തകർക്കും നന്നായി അറിയാം

 5. പരാജയപ്പെട്ടവനെ ഇകഴ്ത്തുകയും തള്ളിപ്പറയുകയും വിജയിച്ചവനെ പിന്തുണയ്ക്കുകയും പുകഴ്ത്തുകയും ചെയ്യുന്ന ഒരു പ്രാകൃത നീതിശാസ്ത്രം തന്നെ മഅദനി വിഷയത്തിലും നമ്മുടെ പൊതു സമൂഹം സ്വീകരിച്ചതായി കാണാന്‍ കഴിയുന്നു

 6. സമൂഹത്തിൽ മനസ്സ് മരവിച്ചിട്ടില്ലാത്ത നല്ല എഴുത്തുകാർ ഇനിയുമുണ്ടെന്നു തെളിഞ്ഞിരിക്കുന്നു…അപവാദങ്ങൾ മാത്രം സഹിക്കാൻ വിധിക്കപ്പെട്ട ഒരു സമൂഹത്തിലെ പ്രതിനിധിയോട് കാണിക്കുന്ന ക്രൂര വിവേചനത്തോട് പ്രതികൂലിച്ച് എഴുതാൻ തയ്യാറായ സുനിൽകുമാറിനോട് നന്ദി പറയുന്നു…മതത്തിനേക്കാളും മനുഷ്യനെയാണ് നാം പരിഗണന കൊടുക്കേണ്ടത് എന്ന് നിങ്ങൾ തെളിയിച്ചിരിക്കുന്നു..താങ്കൾക്ക് അഭിവാദ്യങ്ങൾ നേരുന്നു…!!!!

 7. മതെതരത്തവും ദേശീയത്തവും സ്വയം എടുത്തണിയുന്ന കേരളത്തിലെ മാധ്യമ ശിങ്കങ്ങള്‍ എത്രത്തോളം നപുംസകങ്ങള്‍ കൂടിയാണ് എന്ന് തെളിയിച്ച ഒരുപാട് സംഭവങ്ങളില്‍ പ്രമുഖമാണ് ‘മഅദനി’. അശോക്‌ സിന്ഗാളിനും മറ്റു സന്ഘു പരിവാര്‍ നേതാക്കള്‍ക്കും ന്യുനപക്ഷത്ത്തിനു നേരെ വെടിയുതിര്‍ത്തു പ്രസന്ഗിക്കാന്‍ കഴിയുന്നു ഈ കേരളത്തില്‍! രണ്ടാം മാറാടിനു തോട്ടുടനെ കോഴിക്കോട്ടു വന്ന വി.എച്.പി.നേതാവ് കോഴിക്കോടെ സിറ്റി പോലീസ് കമ്മിഷനരുടെ ഓഫീസിനു തൊട്ടടുത്തുള്ള മുതലക്കുളം മൈദാനിയില്‍ മുസ്ലിം സമുദായത്തെ പേരെടുത്തു പറഞ്ഞു ഭീഷണിപ്പെടുത്തിയ പ്രസംഗത്തിന് എതിരെ പോലീസ് കേസെടുത്തു. പിന്നെ എന്തുണ്ടായി? നിങ്ങള്‍ വല്ലതും കേട്ടോ? അടുത്തിടെ സമാനമായ ചില പ്രസ്‌താവനകള്‍ കേരളത്തില്‍ നടന്ന ബി.ജെ.പി. ദേശീയ യോഗത്തിനെത്തിയ ചില നേതാക്കളും നടത്തുകയുണ്ടായി. അവരെയൊന്നും കൈകാര്യം ചെയ്യനുല്ലതല്ലല്ലോ ഇവിടുത്തെ നിയമം. പൊതുവേ അത്തരം വാര്‍ത്തകള്‍ നമ്മുടെ മാധ്യമങ്ങളില്‍ കാണില്ല, അവര്‍ക്ക് അതിന്റെ ”ആവശ്യവുമില്ല”.

  മഅദനി മുസ്ലിം യുവാക്കളെ ആവേശം കൊള്ളിക്കുന്ന പ്രസംഗം നടത്തിയിരുന്നു. അറിഞ്ഞെടത്തോളം ഒരിക്കലും മറ്റു സമുദായങ്ങളെ വേദനിപ്പിക്കുന്ന എന്തെങ്കിലും അദ്ദേഹം പറഞ്ഞിട്ടില്ല. മുസ്ലിം സമുദായം ഭരണകൂടത്തില്‍ നിന്നും അനുഭവിക്കുന്ന അവഗണനയും ഒറ്റതിരിഞ്ഞുള്ള ആക്രമണവും ആയിരുന്നു അതിന്റെ പ്രതിപാദ്യ വിഷയം, കൂടെ ഇന്ത്യയിലെ ദളിടുകള്‍ അനുഭവിക്കുന്ന അവഗണയും വിഷയമായി. എന്നാല്‍ കേള്‍വിക്കാരായ മുസ്ലിം ചെറുപ്പക്കാരില്‍ ആവേശം ഉണ്ടാക്കാന്‍ തക്കതായിരുന്നു അവയുടെ ശൈലി. അങ്ങിനെ അവ്യവസ്ഥാപിതമായി സംഘടിപ്പിക്കപ്പെട്ട ഒരു ജനകൂട്ടം ഉണ്ടായി. ചില മുസ്ലിം സംഘടനകള്‍ അദ്ധേഹത്തെ ഈ ഉദ്യമത്തില്‍നിന്നും പിന്തിരിയണമെന്ന് ഗുണദോഷിക്കുകയും ചൈര്തിരുന്നു-പിന്നീട് രാഷ്ട്രീയ പാര്‍ടി രൂപീകരിച്ചപ്പോഴും ഏതാണ്ട് ഒരു ആള്‍കൂട്ടം തന്നെയായിരുന്നു അത്. ബാബരി ധ്വംസനത്തിനു ശേഷം അത് നിരോധിക്കപ്പെടുകയും അതേത്തുടര്‍ന്ന് പിരിച്ചു വിട്ടെങ്കിലും കേരളത്തിലെ രാഷ്ട്രീയ പാര്ടികലോ സന്ഘു പരിവാരമോ ചെയ്തപോലുള്ള അക്രമങ്ങളോ കൊലപാതകങ്ങലോ അവര്‍ ചെയ്തിരുന്നില്ല. അദ്ധേഹത്തെ ആര്‍.എസ്.എസ്സുകാര്‍ ഇരുളിന്റ്റെ മറവില്‍ കൊലപ്പെടുത്താന്‍ നോക്കി. പിന്നീടു പിടിക്കപ്പെട്ട പ്രതിയെ (ഒരാള്‍ മാത്രം!) കോടതി വെറുതെ വിട്ടു. അയാള്‍ക്കെതിരെ അപ്പീലുപോവാതെ പ്രതിക്ക് മാപ്പ് കൊടുത്തു. എന്നിട്ടും മഅദനി ഒരു ഭീകരവാദിയായി! അദ്ധേഹത്തിന്റെ സംഘടനാ നിരോധത്തെതുടര്‍ന്നു അനവാര്‍ശെരി യാതീമ്ഖാനയില്‍ നടന്ന പോലീസ് രൈടിന്റ്റെ തികച്ചും സ്തോഭജനകമായ വിവരണങ്ങള്‍ ആയിരുന്നു പത്രങ്ങളില്‍ വന്നത്. പക്ഷെ അടുക്കളയിലെ കരിക്കത്തിയല്ലാതെ ഒന്നും അവിടുന്ന് കിട്ടിയുമില്ല. സമാനമായ പേടിപ്പെടുതലുകള്‍ ആണ് ഡി.എച്.ആര്‍.എമ്മിനെ ക്കുറിച്ച് മാധ്യമങ്ങള്‍ കേരളത്തിന്‌ നല്കിയതും.

  അവസാനമായി മഅദനിയെ അറസ്റ്റു ചെയ്തപ്പോഴുണ്ടായ പോലീസ് നാടകവും എല്ലാവര്ക്കും അറിയാം. സുപ്രീം കോടതിയില്‍ മുന്‍‌കൂര്‍ ജാമ്യ ഹരജി പരിഗനക്ക് എടുക്കുന്നതിനു തൊട്ടു മുമ്പ് അറസ്റ്റു. അറസ്റ്റു വിവരം ഉടനെ സുപ്രീം കോടതിയില്‍, പിന്നെ താമസിച്ചില്ല-അറസ്റ്റു ചെയ്തയാല്ക്കെങ്ങിനെ മുന്‍‌കൂര്‍ ജാമ്യം നല്‍കും. സുപ്രീം കോടതി വിധി! ഹോ, ഇന്ത്യയിലെ പോലീസും നീതിന്യായവും എന്തൊരു ഒത്തൊരുമ! എല്ലാം ”തത്സമയം” റിപ്പോര്‍ട്ട് ചെയ്താ മാധ്യമങ്ങള്‍ക്ക് മാത്രം ഈ നാടകങ്ങള്‍ ഒന്നും അറിവില്ല. മതെതരത്തെ ”കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന” കേരളത്തിലെ മുത്തശ്ശി പത്രങ്ങളുടെയും മറ്റുള്ളവരുടെയും നിലപാടുകള്‍ എന്തുകൊണ്ടും അസൂയാര്‍ഹം തന്നെ!

  എങ്കിലും നല്ല മാധ്യമ പ്രവര്‍ത്തകര്‍ കുറ്റിഅറ്റു പോയിട്ടില്ല അന്നോരാശ്വാസം നല്‍കി കെ.സുനില്‍ കുമാരിന്റ്റെ ലേഖനം വായിച്ചപ്പോള്‍. അഭിനന്ദനങ്ങള്‍.

  ഒരു കുറിപ്പുകാരന്‍ പറയുന്നു മാധ്യമങ്ങളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും താൽപ്പര്യത്തിനൊത്ത് നില്‍ക്കാത്തതാണ് മഅദനി ചെയ്താ തെറ്റെന്നു! നന്നായിട്ടുണ്ട്. നീതിയുടെയും നിയമത്തിന്റെയും അളവുകോല് അതാവുന്നത് എത്ര നീചമല്ല. എന്താണ് ആ ”താല്പര്യം” എന്ന് ഇനിയെങ്കിലും പഠിക്കുവാന്‍ മഅദനി കാരാഗ്രഹത്തിനു പുറത്തു വരുമോ? മതെതരത്തത്ത്തിന്റെ കാവല്‍ ഭടന്മാര്‍ കേരളത്തില്‍ നടപ്പാക്കിയ ഒരു അലിഖിത നിയമമുണ്ട്-മഅദനിയെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്!

Leave a Reply

Your email address will not be published. Required fields are marked *