ഒളിച്ചുകടത്തിയ കേരളം തിരിച്ചു ചോദിക്കുന്നത്

 
 
 
കനേഡിയന്‍ പ്രവാസ ജീവിതത്തെക്കുറിച്ച് നിര്‍മല എഴുതുന്നു.
ദീര്‍ഘ ലേഖനത്തിന്റെ രണ്ടാം ഭാഗം

 

 

മധ്യ തിരുവിതാംകൂറില്‍ നിന്നുമാണ് അമേരിക്കയിലേക്കുള്ള ആദ്യകാല കുടിയേറ്റക്കാരില്‍ മുഖ്യപങ്കും. അതില്‍ തന്നെ ക്രിസ്ത്യാനികളായിരുന്നു ഭൂരിപക്ഷവും. കഴിഞ്ഞൊരു ദശകമായി ഇതിനു സാരമായ മാറ്റം വന്നുകൊണ്ടിരിക്കുന്നു.എഴുപതുകളില്‍ ഇവിടെയെത്തിയ നേഴ്സുമാരില്‍ കൂടിയപങ്കും കൌമാരം കഴിയുന്നതിനു മുന്‍പേ വീടുവിട്ടവരാണു. പഠനത്തിനുവേണ്ടി മറ്റു സംസ്ഥാനങ്ങളിലും, അവിടെനിന്നും പിന്നെ ഏതൊക്കെയോ പരിചയക്കാരുടെ മേല്‍വിലാസത്തില്‍ അമേരിക്കയിലും എത്തിയ ഇവരെല്ലാം കേരളത്തില്‍ ജീവിച്ചതിന്റെ ഇരട്ടി വര്‍ഷങ്ങള്‍ അമേരിക്കയിലാണു ജീവിച്ചത്.

മൃഗശാലയിലേക്കും സര്‍ക്കസിലേക്കും പറഞ്ഞയച്ച മൃഗങ്ങള്‍ക്ക് കുറെക്കഴിയുമ്പോള്‍ കാട്ടില്‍ ഇരപിടിക്കാനറിയാതാവും. ഇലകളുടെ പച്ചപ്പും മണ്ണിന്റെ ഗന്ധവും പാറയുടെ ഉറപ്പും സ്വപ്നം കണ്ടുകണ്ട് അവയുടെ ജന്മവാസനകളും ജന്മസിദ്ധികളും നഷ്ടമായേക്കാം. അഴിക്കുള്ളിലേക്കു നീട്ടിത്തരുന്ന ഇറച്ചിക്കഷണം തിന്നാനും പാത്രത്തിലെ വെള്ളം മൊത്തിക്കുടിക്കാനും അറിയുന്ന തലമുറയെ ഒരു ദിവസം കാട്ടിലേക്കഴിച്ചുവിട്ടാല്‍ അതിജീവിക്കാനാവുമോ?-കനേഡിയന്‍ പ്രവാസജീവിതത്തിന്റെ ഋതുഭേദങ്ങളിലൂടെ ഒരു യാത്ര. പ്രശസ്ത എഴുത്തുകാരി നിര്‍മലയുടെ ദീര്‍ഘ ലേഖനത്തിന്റെ രണ്ടാം ഭാഗം. ചിത്രങ്ങള്‍ നിര്‍മല

 

ആദ്യ ഭാഗം: കാനഡ മരത്തില്‍ ഡോളര്‍ പറിക്കാന്‍ പോയവര്‍
 

 

 

വായന, എഴുത്ത്
മലയാളഭാഷ ജീവവായുപോലെ നിലനില്‍പ്പിന് ഒരത്യാവശ്യമാവുമ്പോള്‍ കാനഡയിലെ ജീവിതം കൂടുതല്‍ ദുഷ്കരമായി അനുഭവപ്പെടും. ദിവസത്തിലെ പത്തോ പന്ത്രണ്ടോ മണിക്കൂറുകള്‍ ഡോളര്‍ കൃഷിക്കായി നീക്കിവെക്കണം. ശേഷിച്ചത് വീട്ടാവശ്യങ്ങള്‍ക്കും നാട്ടാവശ്യങ്ങള്‍ക്കുമായി പങ്കിട്ടു കഴിയുമ്പോള്‍ സ്വകാര്യസമയവും ഏകാഗ്രതക്കല്‍പം വിജനതയുമൊക്കെ അത്യാഗ്രഹവും സ്വാര്‍ത്ഥതയുമെന്ന ഭീഷണരൂപങ്ങളായി പരിണമിക്കുന്നു. ഉറക്കവും വായനയും എഴുത്തും കലഹിക്കാന്‍ തുടങ്ങുമ്പോള്‍ മതിയാവുന്നതുവരെ ഒന്നുറങ്ങുക എന്നത് അതിമോഹമായി അകന്നു നില്‍ക്കും.

ഈ നാട്ടില്‍ ജോലി സമയം എന്നാല്‍ ജോലി ചെയ്യാന്‍ മാത്രമുള്ള സമയമാണ്. അവിടെ ആഴ്ചപ്പതിപ്പു വായനയും മറ്റിനങ്ങളും നടപ്പില്ല. കസ്റമറിന് ഏറ്റവും മികച്ച സേവനം നല്‍കുന്നതിനുള്ള പ്രതിഫലമാണു ശമ്പളം. നാളെ വാ, പിന്നെത്തരാം. ഇപ്പോ സമയമില്ല തുടങ്ങിയ മറുപടികള്‍ ഓഫീസിനുള്ളില്‍ കേള്‍ക്കാറില്ല. How can I be possibly helpful to you എന്ന ചോദ്യമാണ് ഇടപാടുകാരോട് ഒരോജോലിക്കാരും ചോദിക്കേണ്ടതും നിര്‍വ്വഹിക്കേണ്ടതും.

12 രൂപവിലയുള്ള ഒരുആഴ്ചപ്പതിപ്പ് കാനഡയിലെത്തിക്കാന്‍ 75 രൂപയുടെ സ്റാമ്പാണ് ഇന്ത്യന്‍ പോസ്റല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ ചാര്‍ജ്ജ്. ഓരോ പ്രസിദ്ധീകരണത്തിനുവേണ്ടിയും ഏകദേശം 625% തപാലിന് എല്ലാ ആഴ്ചയും ചിലവാക്കുന്നുണ്ട്. എന്നാലും ഇവയൊക്കെ കൃത്യമായി ആഴ്ചതോറും വരുമെന്നു തെറ്റിദ്ധരിക്കരുത്. രണ്ടാഴ്ചത്തേക്ക് തപാല്‍പ്പെട്ടിയില്‍ ഒന്നും തന്നെ ഉണ്ടാവാറില്ല. മൂന്നാമത്തെയാഴ്ച തപാല്‍ക്കാരനെ ബുദ്ധിമുട്ടിച്ചുകൊണ്ട് അപ്രധാനമായ ‘പ്രിന്റഡ് മാറ്റര്‍’ കെട്ടായി വരും. വായന എവിടെ തുടങ്ങണം എന്നറിയാത്തൊരു പരിഭ്രമത്തിലേക്ക് പേജുകള്‍ മറിച്ചു നോക്കിയും പുറംചട്ട കണ്ട് മുന്‍വിധി നടത്തിയും കുറച്ചു കഴിയുമ്പോള്‍ തിരിച്ചറിയും, ഇടക്കുള്ള ലക്കങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.അവ ഒരിക്കലും വന്നെന്നിരിക്കില്ല. ചിലപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞ് എത്തിയേക്കാം.

എന്തായാലുംമുറിഞ്ഞുപോകുന്ന വായനയില്‍ നിന്നും വായനക്കൂമ്പാരത്തിലേക്ക് ആമഗ്നയാവുന്നത് ചിലപ്പോഴൊക്കെ ഭാരമായിമാറും.വായന ഭാരമാവുകയോ, അംഗീകരിക്കാന്‍ വിഷമമുള്ള ഒരു സത്യം. ചിലപ്പോള്‍ സ്വകാര്യസമയം അനുവദിച്ചുതരാതെ ജീവിതം തലകുത്തനെ മറിയുന്ന ആഴ്ചകളിലാവും പ്രസിദ്ധീകരണങ്ങളുടെ ഒന്നിച്ചുള്ള വരവ്. അതെല്ലാം വായിച്ചെത്തിക്കുന്നതിനുമുന്‍പേ അടുത്ത ലക്കങ്ങള്‍ കൃത്യതയോടെ വന്നെന്നുമിരിക്കാം.അതുകൊണ്ടൊക്കെത്തന്നെ ആനുകാലികങ്ങളില്‍ വന്ന കൃതികളെപ്പറ്റി ഇന്റര്‍നെറ്റില്‍ വരുന്ന ചര്‍ച്ചകളും അഭിപ്രായങ്ങളും കഥയറിയാതെ ആട്ടം കാണുന്നതുപോലെയാവുന്നു. സിനിമയുടെ കാര്യവും വ്യത്യസ്തമല്ല. ഇന്റര്‍നെറ്റില്‍ വരുന്ന കള്ളക്കോപ്പികള്‍, തിയേറ്റര്‍ കോപ്പികള്‍ എങ്ങനെയെങ്കിലും ഒന്നും കാണാന്‍പറ്റിയാല്‍ മതിയെന്ന മൂന്നാംകിട മോഹങ്ങളിലൊളിക്കുന്നു കാനഡയിലെ മലയാളി.

നിര്‍മല

എഴുത്തുവഴികള്‍
എം. മുകുന്ദന്റെ ‘കേശവന്റെ വിലാപങ്ങള്‍’ വായിക്കുന്ന അമേരിക്കന്‍ പ്രവാസിക്ക് കേശവനോട് കടുത്ത അസൂയ തോന്നാം. നോവലില്‍ മുഴുവന്‍ അയാള്‍ അവധിയിലാണ്. ഇത്രയേറെ അവധിയെടുക്കാന്‍ കഴിയുന്ന ഒരു ജോലിയും, സുജാതയെപ്പോലെ പരാതിയില്ലാതെ വീട്ടുകാര്യം അന്വേഷിക്കുന്ന ഒരു ഭാര്യയുമുണ്ടെങ്കില്‍ ഏതു അമേരിക്കന്‍ മലയാളിക്കും ഒരെഴുത്തുകാരനാകാന്‍ കഴിയുമെന്ന് മുകുന്ദനോടൊരു തമാശപറയാന്‍ തോന്നിപ്പിക്കുന്നു. വര്‍ഷത്തില്‍ രണ്ടാഴ്ചത്തെ അവധിയെന്ന തുടക്കത്തില്‍ നട്ടംതിരിയുന്ന കനേഡിയന്‍ മലയാളിക്ക് ഇതൊക്കെ സ്വപ്നങ്ങള്‍ മാത്രമാണ്.

ഇന്ന് പ്രധാന മലയാള പത്രങ്ങളെല്ലാം ഇന്റര്‍നെറ്റില്‍ വായിക്കാന്‍ കിട്ടുന്നുണ്ട്. ഇന്റര്‍നെറ്റില്‍ മലയാളം അനായാസമായി ഉപയോഗിക്കുവാന്‍ സാധിക്കുന്നതിനു പിന്നില്‍ സിബു സി.ജെ എന്ന അമേരിക്കന്‍ മലയാളിയുടെ പങ്ക് പ്രധാനമാണു. തൃശൂര്‍ സ്വദേശിയായ സിബു 2002ല്‍ രൂപപ്പെടുത്തിയ യൂണികോഡിലധിഷ്ഠിതമായ വരമൊഴി എഡിറ്റര്‍ പലതരം ഫോണ്ടുകളിലായി ‘ഛിന്നഭിന്നമായി കിടന്ന ഇ^മലയാളത്തെഏകീകരിച്ചു. ഈ വഴിത്തിരിവ് ഇന്റര്‍നെറ്റിലെ എഴുത്തും, വായനയും, ഏതെങ്കിലും വാക്കോ വിഷയമോ തിരയുന്നതും സാധാരണക്കാരനു സാധ്യവും ലളിതവുമാക്കി. സൈബര്‍ലോകത്ത് മലയാളം കത്തിപ്പടരാനും ലോകത്തിന്റെ ഏതുകോണില്‍ നിന്നും ഭാഷയെ ആഗിരണം ചെയ്യാനും അതുകൊണ്ടുതന്നെ മരണപ്പെട്ടുകൊണ്ടിരുന്ന ഈ പ്രാദേശികഭാഷയെ പുനരുജ്ജീവിപ്പിക്കാനും ഇതടക്കമുള്ള ശ്രമങ്ങള്‍ സഹായിച്ചു. 2006ല്‍ മലയാളം ബ്ലോഗുകളുടെ കുത്തനെയുള്ള വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഇതിനെപ്പറ്റി മലയാളം വാരിക,മാതൃഭൂമി, മംഗളം ഏഷ്യാനെറ്റ്, ഹിന്ദു, മാധ്യമം എന്നിവ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

പി.കെ. രാജശേഖരന്റെ ‘പ്രവാസരേഖകള്‍’ (ഭാഷാപോഷിണി മെയ് 2011) എം.മുകുന്ദന്റെ പ്രവാസം എന്ന നോവലിലൂടെയാണ് അമേരിക്കന്‍ മലയാളികളെ കണ്ടെത്താനുള്ള ശ്രമം നടത്തുന്നത്. ‘മലയാളി ഡയസ്പെറയുടെ ഭാവനാത്മകമായ ചരിത്രമാണ് എം. മുകുന്ദന്റെ പ്രവാസം’ എന്നംഗീകരിക്കുന്ന ലേഖകന്‍ മറ്റു ലേഖനങ്ങളെ അപേക്ഷിച്ച് കുറച്ചുകൂടി നീതി പുലര്‍ത്തുന്നുണ്ട് എന്നതു നിര്‍വിവാദമായ സത്യമാണ്. ‘ഈ പ്രവാസ കര്‍ത്തൃത്വത്തിന്റെ സവിശേഷതകളിലേക്ക് ദിങ് മാത്രദര്‍ശനമേ നോവലിസ്റ് നടത്തുന്നുള്ളൂവെങ്കിലും പ്രവാസാനുഭവത്തിന്റെ പുതിയ സാംസ്കാരിക രൂപവത്കരണങ്ങളിലേക്ക് അതു വെളിച്ചം പായിക്കുന്നുണ്ട്’ എന്ന് ലേഖകന്‍ സമര്‍ത്ഥിക്കുന്നു.

 

 

എഴുത്തുകാര്‍
അമേരിക്കയിലും യൂറോപ്പിലുമുള്ള പ്രവാസികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ‘പരമ്പരാഗതമായ ഇതിവൃത്ത ഘടനകള്‍ പരദേശ ജീവിത പശ്ചാത്തലത്തില്‍ ആവിഷ്കരിക്കുന്നു എന്നതിനപ്പുറം എത്തുന്നില്ല പല രചനകളും’ എന്ന് പരാതിപ്പെടുന്ന പി.കെ.രാജശേരന്റെ ‘പ്രവാസരേഖകള്‍’ അമേരിക്കയില്‍ നിന്നുമുള്ള എഴുത്തുകാരെ പൂര്‍ണ്ണമായും പുറന്തള്ളിയിരിക്കുന്നു.അമേരിക്കയിലെ ജീവിതം പ്രതിഫലിക്കുന്ന മലയാളം കൃതികള്‍ കുറവാണെങ്കില്‍ കൂടി ഉള്ളതിനെ വേണ്ടവിധം പരിശോധിക്കാതെയുള്ള വിലയിരുത്തലുകളാണ് കൂടുതലും കാണുന്നത്. കാനഡയിലെ ഗോത്രവര്‍ഗത്തിന്റെ ഇടയില്‍ പാര്‍ത്തുകൊണ്ടു ആര്‍ട്ടിക്കിലെ വിസ്മയകരമായ അനുഭവത്തെപ്പറ്റി എത്സി താരമംഗലം എഴുതിയ പുസ്തകമാണ് ‘അമേരിന്ത്യന്‍ നോട്ട് ബുക്ക്’ . ‘വേട്ടമൃഗങ്ങളുടെ കാല്‍പാടുകളും കാഷ്ഠവും പിന്തുടര്‍ന്ന് ഭൂണ്ഡങ്ങള്‍ താണ്ടിയ ചുവന്ന ഇന്ത്യക്കാരനെന്ന പൂര്‍വ്വികന്റെ ലോകത്തില്‍ നിന്നുള്ള ഈ മലയാളി വനിതയുടെ അനുഭവക്കുറിപ്പുകളിലൂടെ നമ്മുടെ ഭാഷാസാഹിത്യം ധന്യമായിരിക്കുന്നു’ എന്ന് ഇതിന്റെ മുഖക്കുറിയില്‍ കൃഷ്ണദാസ് (ഗ്രീന്‍ബുക്സ)് പറയുന്നതില്‍ ഒട്ടുമേ അതിശയോക്തിയില്ല.

എം.ടി. വാസുദേവന്‍ നായര്‍ മാതൃഭൂമിയുടെ പത്രാധിപരായിരുന്ന കാലത്ത് ഓട്ടവയില്‍ നിന്നും കാനഡയിലെ ജീവിതത്തെപ്പറ്റി കുമാരന്‍ എം.കെ.അനുഭവക്കുറിപ്പുകള്‍ എഴുതിയിരുന്നു.കാനഡയിലെ പ്രകൃതിയുടെ അന്യാദൃശമായ ഭാവരേഖകളും ജീവിതവും ഉള്‍ക്കൊണ്ട ലേഖനങ്ങളായിരുന്നു ഇവ. ചെറിയാന്‍ കെ. ചെറിയാന്‍, ജയന്‍ കെ.സി., രാജേഷ് ആര്‍.വര്‍മ്മ, കെ.വി. പ്രവീണ്‍ തുടങ്ങി മലയാള സാഹിത്യത്തില്‍ അടയാളം കുറിച്ച പല എഴുത്തുകാരുമുണ്ട് ഐക്യനാടുകളില്‍.സന്തോഷ് പാല, ഡോണ മയൂര തുടങ്ങിയ പുതിയ തലമുറയുടെ ശക്തവും വിഭിന്നവുമായ കവിതകളും അമേരിക്കയില്‍ പിറവിയെടുക്കുന്നുണ്ട്. അച്ചടിമാദ്ധ്യമത്തിലെ പതിവുകാരായ റീനി മമ്പലം, നീനാ ജെ. പനക്കല്‍ തുടങ്ങിയവരുടെ രചനകള്‍ പ്രവാസത്തിന്റെ പെണ്‍വഴികളിലേക്കു തുറന്നുവെച്ചവയാണ്.

രാജു മൈലപ്രയുടെ ആക്ഷേപഹാസ്യ രചനകള്‍, അജയന്‍ വേണുഗോപാലന്‍ രചന നിര്‍വ്വഹിച്ച് പൂര്‍ണമായും ഐക്യനാട്ടില്‍ മുളച്ചു പന്തലിച്ചവ,അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ ഹരമായി മാറിയ അക്കരക്കാഴ്ചകള്‍ തുടങ്ങിയവ പ്രവാസികളുടെ ചില സ്വഭാവ വൈകൃതങ്ങളെയും അതോടൊപ്പം തന്നെ ചില സാമൂഹിക പ്രതിസന്ധികളേയും ഉപരിപ്ലവമായിട്ടെങ്കിലും പുറത്തുകൊണ്ടുവരുന്നത് ഒരു തുടക്കമാണ്. ഭുരിപക്ഷം വരുന്ന സാധാരണക്കാരനില്‍ സ്വകീയബോധം ഉണ്ടാക്കിയെടുക്കാന്‍ അക്കരക്കാഴ്ചകള്‍ക്കു കഴിഞ്ഞു എന്നുള്ളത് അഭൂതപൂര്‍വ്വമായൊരു വിജയമായിട്ടുവേണം അടയാളപ്പെടുത്തേണ്ടത്.

കാനഡയുടെ തൊട്ടപ്പുറത്ത് ഐക്യനാടുകളില്‍ കുറച്ചു സൌഭാഗ്യ നഗരങ്ങളുണ്ട്. ഷിക്കാഗൊ, ന്യൂയോര്‍ക്ക്, ടെക്സസ്. അവിടെസേതുവരുന്നു, സക്കറിയവരുന്നു, എം.ടിവരുന്നു, വത്സല വരുന്നു, ബ്രിട്ടാസ് വരുന്നു.എന്നിങ്ങനെയൊക്കെ കേരളത്തിലെ പ്രശസ്തര്‍ വരുന്ന വാര്‍ത്തകള്‍ വായിച്ചറിയാറുണ്ട്. ഉത്തരയമേരിക്കയുടെ മലയാള സാംസ്ക്കാരിക തലസ്ഥാനം ന്യൂയോര്‍ക്കാണെന്നു പറയാം. അവിടെ സമ്മേളനങ്ങളും കൂട്ടായ്മകളും ചര്‍ച്ചകളും നടക്കാറുണ്ട്. പക്ഷെ കാനഡയിലുള്ളവര്‍ക്കും അമേരിക്കയുടെ തന്നെ മറ്റു സംസ്ഥാനങ്ങളില്‍ പാര്‍ക്കുന്നവര്‍ക്കും അതൊക്കെ കൈയെത്താ ദൂരത്തെ കളിപ്പാട്ടങ്ങളാണ്. അതെ, നിത്യമായി ജോലിക്കുപോവുകയും പണം കഴിയുന്നത്ര ചിലവാക്കാതെ സൂക്ഷിക്കുകയും ചെയ്യുന്നതാണ് പ്രവാസിയുടെ പ്രാഥമിക ധര്‍മ്മം. ഇത്തരം കളിയവസരങ്ങളും കളിപ്പാട്ടങ്ങളും കവിയുന്ന അപരാധബോധത്തോടെയും പാപബോധത്തോടെയും നേടുമ്പോഴും കേരളം മനസ്സില്‍ സൂക്ഷിക്കാത്തവര്‍ എന്ന അധിക്ഷേപം അമേരിക്കന്‍ മലയാളിക്കു പതിച്ചു കിട്ടുന്നു.

 

 

ദേശാതിഥി
അവധിക്ക് കേരളത്തിലെത്തുമ്പോള്‍ നാട്ടിലുള്ളവര്‍ ചോദിക്കുന്നു. ‘നിങ്ങളവിടെ ചോറുണ്ണുമോ, സാരി ഉടുക്കുമോ, പത്രം വായിക്കുമോ’. ‘അതുകഴിഞ്ഞാല്‍ പിന്നെ, എനിക്ക് അല്ലെങ്കില്‍ എന്റെ കുട്ടിക്ക് അങ്ങോട്ടെത്താന്‍ എന്താണു എളുപ്പമായ മാര്‍ഗ്ഗം. ഏതു വിഷയമാണു പഠിക്കേണ്ടത്, ഏതു ഏജന്‍സിയാണു മെച്ചപ്പെട്ടത’്.

ബ്ലാക്ക് ഹോളിലേക്കാണു തിരക്കിട്ടു പറന്നെത്താന്‍ ശ്രമിക്കുന്നത്. എങ്ങനെയായാലും കൊഴുത്ത് വെളുത്ത് ഡോളറു കിലുക്കി വിരുന്നു വരണം. അത്രമാത്രം മതി.ഇന്ത്യയിലെ ജീവിതം അത്രക്കു അതൃപ്തവും അനിഷ്ടകരവുമാണ്.

വൃത്തിയുള്ള നിരത്തുകള്‍ പൊതുസ്ഥലങ്ങള്‍, സ്വമേധയ നിയമം അനുസരിക്കുന്ന പൌരന്മാര്‍, എല്ലാ സ്ഥാപനങ്ങളിലും കൃത്യനിഷ്ഠയോടെയും കാര്യക്ഷമവുമായ പ്രവര്‍ത്തനരീതി.അന്വേഷണങ്ങള്‍ക്ക് ഉത്തരം നല്‍കാനും ആവശ്യങ്ങള്‍ നടത്തി തരാനും ഓരോ സ്ഥാപനത്തിലെയും ഉദ്യോഗസ്ഥര്‍ കാണിക്കുന്ന ഉത്സാഹം.ഒരു മലയാളിയെ അന്ധാളിപ്പിക്കുന്ന സാധാരണകാര്യങ്ങള്‍ പലതുണ്ടിവിടെ. കുറെയേറെക്കാലം ഇതു ശീലമായിക്കഴിയുമ്പോള്‍ നാട്ടിലെ കാഴ്ചകളും അനുഭവങ്ങളും പ്രവാസിക്ക് അരോചകവും അസഹ്യവുമായി തോന്നുന്നത് തികച്ചും സ്വാഭാവികമാണ്.

യൂറോപ്പിന്റെയും അമേരിക്കയുടേയും പ്രകൃതിക്കും ജീവിതത്തിനും യോജിച്ച വസ്തുക്കള്‍ ഉഷ്ണമേലയിലെ ജീവിതത്തിനു പൊരുത്തപ്പെടാതെ നില്‍ക്കും. കാനഡയുടെ മൃദുവായ ചൂടിനെ, കാറ്റിനെ, മഴയെ തടുക്കാനുണ്ടാക്കിയ കുടയെ ചുളിക്കിയൊടിച്ച് കേരളത്തിലെ മണ്‍സൂണ്‍ പരിഹസിക്കും. കനം കുറഞ്ഞ ശീലയിലൂടെ തുളച്ചുകയറി സൂര്യന്‍ പൊട്ടിച്ചിരിക്കും. ഒരു ഫോറിന്‍ കൊട!

ചെന്നെയും മുബൈയും ഗുല്‍മോഹറും കണ്ട് ഉള്ളിലെ മദ്രാസും ബോംബെയും വാകപ്പൂമരവും ഇടറുന്നു.മാര്‍ക്കറ്റില്ലാത്ത ഗൃഹാതുരതയായി അതിനെ മാറ്റിവെക്കാം. കേരളത്തിലെ തെരുവുകളില്‍ ജാതിക്കുപ്പായങ്ങള്‍ പെരുകിയിരിക്കുന്നു. സിന്ദൂരം തൊട്ട ആണ്‍കുട്ടികള്‍, കാതും കഴുത്തും മുടിയും ഒളിപ്പിച്ച പെണ്‍കുട്ടികള്‍, അതിക്രൂരത സ്വര്‍ണത്തില്‍ കൊത്തി കഴുത്തില്‍ ഊഞ്ഞാലാട്ടുന്ന മതപ്രഖ്യാപനങ്ങള്‍.

മാറാത്ത ചിലതുണ്ട്: ഇടിവെട്ടു മീന്‍കറി വെക്കുന്നതും,ചെളിയും കറയും പിടിച്ച വസ്ത്രങ്ങള്‍ വെണ്‍മയാക്കുന്നതും, മുറികളിലേയും കക്കൂസിലേയും ഒന്നര അണുക്കളെ ബാക്കി നിര്‍ത്തി മറ്റെല്ലാം ഇല്ലാതാക്കുന്നതും സുന്ദരികളായ സ്ത്രീകള്‍ തന്നെയാണ് എന്നുകരുതി അവര്‍ ഒറ്റപ്പെട്ടുവെന്നു തെറ്റിദ്ധരിക്കരുത്. മീന്‍കറി കൂട്ടി പ്രശംസിക്കാനും മിന്നിത്തിളങ്ങുന്ന വസ്ര്തങ്ങള്‍ ധരിക്കാനും ഉമ്മറത്തിരിക്കാനും അവര്‍ക്കിപ്പോഴും കൂട്ടുകാരന്മാരുണ്ട്. പെണ്ണിനെ കെട്ടിച്ചയക്കുക എന്നതാണു കുടുംബങ്ങളിലെ ഏറ്റവും വലിയ പ്രതിസന്ധി.

 

 

ഇരപിടിക്കാന്‍ മറക്കുന്ന മൃഗങ്ങള്‍
മധ്യ തിരുവിതാംകൂറില്‍ നിന്നുമാണ് അമേരിക്കയിലേക്കുള്ള ആദ്യകാല കുടിയേറ്റക്കാരില്‍ മുഖ്യപങ്കും. അതില്‍ തന്നെ ക്രിസ്ത്യാനികളായിരുന്നു ഭൂരിപക്ഷവും. കഴിഞ്ഞൊരു ദശകമായി ഇതിനു സാരമായ മാറ്റം വന്നുകൊണ്ടിരിക്കുന്നു.എഴുപതുകളില്‍ ഇവിടെയെത്തിയ നേഴ്സുമാരില്‍ കൂടിയപങ്കും കൌമാരം കഴിയുന്നതിനു മുന്‍പേ വീടുവിട്ടവരാണു. പഠനത്തിനുവേണ്ടി മറ്റു സംസ്ഥാനങ്ങളിലും, അവിടെനിന്നും പിന്നെ ഏതൊക്കെയോ പരിചയക്കാരുടെ മേല്‍വിലാസത്തില്‍ അമേരിക്കയിലും എത്തിയ ഇവരെല്ലാം കേരളത്തില്‍ ജീവിച്ചതിന്റെ ഇരട്ടി വര്‍ഷങ്ങള്‍ അമേരിക്കയിലാണു ജീവിച്ചത്.

മൃഗശാലയിലേക്കും സര്‍ക്കസിലേക്കും പറഞ്ഞയച്ച മൃഗങ്ങള്‍ക്ക് കുറെക്കഴിയുമ്പോള്‍ കാട്ടില്‍ ഇരപിടിക്കാനറിയാതാവും. ഇലകളുടെ പച്ചപ്പും മണ്ണിന്റെ ഗന്ധവും പാറയുടെ ഉറപ്പും സ്വപ്നം കണ്ടുകണ്ട് അവയുടെ ജന്മവാസനകളും ജന്മസിദ്ധികളും നഷ്ടമായേക്കാം. അഴിക്കുള്ളിലേക്കു നീട്ടിത്തരുന്ന ഇറച്ചിക്കഷണം തിന്നാനും പാത്രത്തിലെ വെള്ളം മൊത്തിക്കുടിക്കാനും അറിയുന്ന തലമുറയെ ഒരു ദിവസം കാട്ടിലേക്കഴിച്ചുവിട്ടാല്‍ അതിജീവിക്കാനാവുമോ?

എഴുപതുകള്‍ മുതല്‍ അമേരിക്കയില്‍ നിന്നും മദ്ധ്യതിരുവിതാംകൂറിലേക്കൊഴുകിയ പണത്തിന്റെ സമൃദ്ധിയില്‍ പുളച്ചിരുന്ന വീടുകളെ വാര്‍ദ്ധക്യം കീഴടക്കുക തന്നെ ചെയ്തു. പടികളും പറമ്പുകളും കയറി ഇറങ്ങാന്‍ അവര്‍ ബദ്ധപ്പെട്ടപ്പോള്‍ വീടിനുള്ളില്‍ ചിതലും പാറ്റയും കയറിയിറങ്ങി. അടുക്കളകള്‍ പഴയ ദാരിദ്യ്രത്തിലേക്കു മടങ്ങി.പ്രായമായ അപ്പനമ്മമാരെ നോക്കാന്‍ ആരുമില്ലാത്തത് എന്താണെന്ന് സമൂഹം പഴങ്കഥകള്‍ മറന്ന് ചോദ്യങ്ങളും പരാതികളും എറിഞ്ഞു രസിക്കുന്നു. അമേരിക്കന്‍ (കാനഡയെ ഉള്‍പ്പെടുത്തി) മലയാളിക്കു ദേശസ്നേഹമില്ലെന്നും മാതാപിതാക്കളെ മറന്നെന്നും കഥയും സിനിമയും പടച്ച് കല്ലെറിയുന്നു. കൌമാരവും യൌവനവും കുടിച്ചു തീര്‍ത്തു, ഇനി മദ്ധ്യവയസ്സും ഉഴിഞ്ഞു വെക്കുക. നിന്റെ മക്കളേയും നിന്റെ ജരാനരകളേയും മറന്നേക്കുക, എന്ന യയാതി സിന്‍ഡ്രോമാണൊ ഇത്?

എയര്‍പ്പോര്‍ട്ടിലെ ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലിരിക്കുന്നവര്‍ക്ക് ഏകമനസ്സാണ്, നഷ്ടബോധം. യാത്രതിരിച്ചിരിക്കുന്നത് യൂറോപ്പിനോ, അമേരിക്കക്കോ, ഗള്‍ഫിലേക്കോ ആണെങ്കിലും മടങ്ങിവരവിലേക്കുള്ള കണക്കുകൂട്ടലാണു ഉള്ളില്‍. കാത്തിരുപ്പു മടുപ്പാകുമ്പോള്‍ സൌഹാര്‍ദ്ദത്തോടെ ലക്ഷ്യസ്ഥലം ചോദിക്കുന്നു അടുത്തിരിക്കുന്നയാള്‍.അവിടെ ഗള്‍ഫുകാരനും അമേരിക്കക്കാരനും തമ്മില്‍ സ്പര്‍ദ്ധയില്ല, തന്മയീഭാവമാണുള്ളത്.

 
 

‘വിമാനത്താവളത്തിലെ തിരക്കില്‍ അവസാന യാത്രയും പറഞ്ഞു പിരിയുമ്പോള്‍ ഒരു പേമാരി കഴിഞ്ഞതിന്റെ ശാന്തത യാത്രയയക്കാന്‍ വന്നവരുടേയും ജീവിതത്തിനുണ്ടാവുമെന്ന് ജോഷിക്കു തോന്നി.

ഉച്ച ഭാഷണിയിലൂടെ അറിയിപ്പു വന്നു കൊണ്ടിരുന്നു. പാസ്പ്പോര്‍ട്ടും ടിക്കറ്റുമുള്ള ബാഗ് ഒന്നുകൂടി പരിശോധിച്ച് പേളി ചേര്‍ത്തു വച്ചു.

അടുത്ത പ്രാവശ്യം വരുമ്പോള്‍ എനിക്ക് ആയുവ്വേദത്തിന്റെ തിരുമ്മലിനു പോകണം-പേളി പറഞ്ഞു.

അലീഷ അമ്മയുടെ തോളില്‍ ചാഞ്ഞിരുന്നുറങ്ങാന്‍ ശ്രമിക്കുന്നു. വിനീത് എതോ പുസ്തകത്തില്‍ തലപൂഴ്ത്തി ഇരിക്കുകയാണ്.ജോഷി പോക്കറ്റിലെ പേഴ്സ് അവിടെ ത്തന്നെയുണ്ടെന്ന് പതുക്കി തടവി ഉറപ്പാക്കി. പിന്നെ ആരും കാണാതെ പണ്ട് ഒളിച്ചു കടത്തിയ കേരളത്തെ കരളില്‍ നിന്നും പുറത്തെടുത്തു. ടാറിടാത്ത വഴികള്‍ക്കും.ആന്തൂറിയം വിരിയാത്ത മുറ്റത്തിനും മാറ്റമൊന്നുമില്ലെന്നുറപ്പു വരുത്തി മുറിഞ്ഞാല്‍ കൂടാത്ത കോശങ്ങളുള്ള കരളിലേക്കയാള്‍ അതു വീണ്ടുമൊളിപ്പിച്ചു.’

(തലകീഴായി കെട്ടിയുണക്കിയ പൂവുകള്‍)0)
 
 

കൂടുതല്‍ പേരെ കയറ്റി അയക്കാനുള്ള വഴികള്‍ക്കും പോയവര്‍ മടങ്ങി വരാതിരിക്കാനുള്ള കൌശലങ്ങള്‍ക്കും പകരംഎല്ലാവര്‍ക്കും മടങ്ങി വരാന്‍ കഴിയുന്നതും ആരെയും ഓടിപ്പോവാന്‍ ആഗ്രഹിപ്പിക്കാത്തതുമായ ഒരു ഇന്ത്യ സങ്കല്‍പ്പിക്കുന്നത് തീര്‍ത്തും വിഡ്ഢിത്തമാവുമോ?

രാജ്യം വിട്ടുപോരുന്നതിനു തൊട്ടുമുന്‍പ് ഒരു സുഹൃത്തിന്റെ കത്തു പറഞ്ഞു – അന്തിമമായി എല്ലാവരും പരാജയപ്പെടുന്നു.അതു വായിച്ചപ്പോഴുണ്ടായ അമ്പരപ്പ് ഇന്നും കൂടെ കൊണ്ടുനടക്കുന്നു.

ആദ്യ ഭാഗം: കാനഡ മരത്തില്‍ ഡോളര്‍ പറിക്കാന്‍ പോയവര്‍

23 thoughts on “ഒളിച്ചുകടത്തിയ കേരളം തിരിച്ചു ചോദിക്കുന്നത്

 1. മനസ്സില്‍ തട്ടിയ എഴുത്ത്‌ .. ഡോളര്‍ കൃഷികഴിഞ്ഞു വന്നാല്‍ ആര്‍ത്തിയോടെയാണ് മലയാളം വായിക്കാന്‍ വന്നിരിക്കുന്നത്‌, ആ വായന ഭക്ഷണത്തേക്കാളും ഉറക്കത്തെ ക്കാളും പ്രാധാനമാണ് പലപ്പോഴും … ഈ അക്ഷരങ്ങളിലൂടെയാണ് മനസ്സില്‍ കനല്‍പോലെ സൂക്ഷിക്കുന്ന നാടിന്റെ ഓര്‍മ്മ നീറി നിലനില്‍ക്കുന്നത് .. നിര്‍മല പ്രവാസിയുടെ നൊമ്പരം വാക്കുകളാക്കി. ……

 2. രണ്ടാം ഭാഗം അത്ര ഒത്തില്ല . ഞാന്‍ ഒരു കാനഡയിലെ മലയാളിയാണ് .

 3. even if i disagree with so many points in first part i like the second part. keep write and way to go. congrts

 4. [ചെന്നെയും മുബൈയും ഗുല്‍മോഹറും] കണ്ട് ഉള്ളിലെ [മദ്രാസും ബോംബെയും വാകപ്പൂമരവും] ഇടറുന്നു.

 5. ഞാന്‍ കാണ്ടായില്‍ എത്തിയതിന്റെ പിറ്റേന്ന് എന്റെ സുഹൃത്ത്‌ ഡല്‍ഹിയില്‍ നിന്നും വിളിച്ചു, എന്നിട്ട് പറഞ്ഞു തോമാച്ച ഇച്ചിരെ കാശ് അയച്ചു തരൂ, അദ്ദേഹവും എന്നെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ കൊണ്ട് വിടാന്‍ വന്നിരുന്നു. ഞാന്‍ ആദ്യം ഒന്ന് ഞട്ടി, പിന്നെ പതുക്കെ പറഞ്ഞു, ചേട്ടാ ഇവിടെ വെള്ളം വീണു മരം നനഞ്ഞു കിടക്കുവ, അത് കൊണ്ട് കേറാന്‍ പറ്റുന്നില്ല, സ്ലയിപ്പിട്ടിടും പറ്റുന്നില്ല, അപ്പൊ ചേട്ടന്‍ ചോദിച്ചു തോമാച്ചന്‍ എന്നെ കളിയാക്കുവ…

 6. അഭിനന്ദനങ്ങള്‍ നിര്‍മ്മല, അമേരിക്കന്‍ മലയാളികളുടെ ജീവിതവും കനേഡിയന്‍ മലയാളികളുടെ ജീവിതവും പുറം‌ലോകത്തിന് കാട്ടിക്കൊടുത്തതിന്. കേരളത്തിലെ ജീവിത സാഹചര്യങ്ങളും അമേരിക്കയിലെയും കാനഡയിലെയും ഡോളര്‍ മരം കുലുക്കിയാല്‍ കിട്ടുന്ന പച്ചയുടെ തുണ്ടുകളും ആ പച്ചയെ ഗുണിച്ചാല്‍ കിട്ടുന്ന രൂപയും സായിപ്പിന്റെ നാട്ടിലെ സുഖസൌകര്യ ജീവിതവും തുലനം ചെയ്തിട്ട് തിരഞെടുക്കുന്നതല്ലേ ഇവിടത്തെ പ്രവാസജീവിതം?വന്നു കഴിഞാല്‍ എലിപ്പത്തായത്തിനുള്ളില്‍ വീഴുമ്പോലെ ഇവിടെ തന്നെ ശിഷ്ടജീവിതം. കേരളം വല്ലപ്പോഴും ഒരിക്കല്‍ പോവുമ്പോഴുള്ള അവധിക്കാല കാഴ്ചയായിത്തിര്‍ന്ന മക്കളും കൊച്ചുമക്കളും കാന്തശക്തിയോടെ നില്‍ക്കും. ഈ ആര്‍ട്ടിക്കിളില്‍ പറയുമ്പോലെ മൃഗശാലയിലേക്കും സര്‍ക്കസിലേക്കും പറഞ്ഞയച്ച മൃഗങ്ങള്‍ക്കും കുറെക്കഴിയുമ്പോള്‍ കാട്ടില്‍ ഇരപിടിക്കാനറിയാതാവും സാംസ്ക്കാരിക കേന്ദ്രമായ ന്യൂയോര്‍ക്കില്‍ സഖറിയയും എം മുകുന്ദനും പുനത്തിലും വരുമ്പോള്‍ ഒന്നര മണിക്കൂറും റ്റോളും മുടക്കി യാത്ര ചെയ്യുന്നത് ഭാഷയോടുള്ള സ്നേഹം കൊണ്ട്. പന്ത്രണ്ട് രൂപ വിലയുള്ള മാതൃഭൂമി എഴുപത്തിയഞ്ചു രൂപ പോസ്റ്റേജ് കൊടുത്ത് വരുത്തുന്നതും അതേകാരണത്താല്‍ . പുതുതായി ഇറങ്ങിയ ബുക്കുകള്‍ തത്സമയം ഓര്‍ഡര്‍ ചെയ്യാത്തതിന്റെ കാരണം പോസ്റ്റേജ് വര്‍ദ്ധനവ് തന്നെ. ഗള്‍ഫ് മലയാളിയെപ്പോലെ ലൈബ്രറിയില്‍ നിന്നും പുസ്തകങ്ങള്‍ എടുക്കുവാനും എല്ലാവര്‍ഷവും നാട്ടില്‍ പോകുവാനും അപ്പോള്‍ പുതിയ പുസ്തകങ്ങള്‍ വാങ്ങുവാനും കഴിഞില്ലെന്നു വരാം. അങ്ങനെയുള്ള പരിമിധിക്കുള്ളില്‍ നിന്നുകൊണ്ട് ‘ആടുജീവിതം’ പോലെ ‘അമേരിക്കന്‍ ജീവിതം’ ഒരു അമേരിക്കന്‍ പ്രവാസി മലയാളി എഴുതിയെന്നും വരാം. അല്‍പ്പം കൂടി സമയം കൊടുക്കു.

 7. What the heck is പ്രവാസിയുടെ നൊമ്പരം ? It is not like somebody put gun on their head and migrate to Canada, Europe or USA. Most of the people had a choice and they chose to go for “N” number of reasons. And honestly most them can still make a choice and go back to their homeland but they chose not to. Instead they go into “fake nostalgia” mode but feels a weird satisfaction inside.

  Also why do we need all the Mallus to go back to Kerala? It is not going to improve the homeland in any way shape or form and is not practical at so many levels. Please don’t put pressure on the homeland any more.

  നാട്ടില്‍ പോയി തിരിച്ചു വന്ന പ്രവാസി –
  ഹോ രാവിലെ എഴുന്നേറ്റു ഒരു നല്ല ചായയും കുടിച്ചു, പത്രവും വായിച്ചു റേഡിയോയില്‍ പ്രാദേശിക വാര്‍ത്തകളും കേട്ടിരിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാ… നമ്മുക്കിതൊക്കെ ഇവിടെ ഇല്ലല്ലോ…
  അത് കേട്ട സുഹൃത്ത്‌ –
  ഡോളര്‍ ഉള്ളത് കൊണ്ട് താന്‍ പറഞ്ഞതൊക്കെ ഒരു സുഖം. അതില്ലങ്കിലോ?

  So pravaasis suck it up and move on. Don’t shed anymore tears with “fake nostalgia”. You guys are not losing anything and your homeland too. It may sound counter intuitive – actually Kerala is gaining a lot as you guys stay outside. It is needed for Kerala to survive!

  Happy living and no more whining please…

 8. എണ്ണത്തില്‍ കൂടുതലുണ്ടായ ഗള്‍ഫ് മലയാളികളായിരുന്നു ‘അദ്ധ്വാനിക്കുന്ന ജനവിഭാഗ’മായി കരുതപ്പെട്ടിരുന്നത്. അമേരിക്കയിലും യൂറോപ്പിലുമുള്ളവര്‍ ‘ബൂര്‍ഷ്വാ’ കളും. ഇന്നുവരെ അതു തിരുത്താന്‍ രണ്ടാം വിഭാഗം ശ്രമിച്ചിട്ടുമില്ല. രണ്ടും അനുഭവിച്ചറിഞ്ഞതിനാല്‍ ഈ സ്വത്വപ്രതിസന്ധി എനിക്ക് നന്നായി തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. നിര്‍മ്മലയുടെ കഥകളും കുറിപ്പുകളും അക്കാര്യത്തിലുള്ള തീവ്രമായ അവബോധങ്ങളുണ്ടാക്കാന്‍ പ്രതിജ്ഞാബദ്ധവുമാണ്‌.
  ഏഴുകടലുകള്‍ക്കപ്പുറത്ത് അനാഥമായിപ്പോകുന്ന പ്രവാസത്തിന്‍റെ സൂക്ഷ്മഭൂപടരചനയാണിത്. ഓരോ കോണില്‍ നിന്നുള്ള നോട്ടത്തിലും വിഭ്രാമകതയുളവാക്കുന്ന അതിരുകളുടെ ചിത്രം.
  അഭിനന്ദനങ്ങള്‍!

 9. ‘കേരളത്തിന്റെ സമസ്ത മേഖലകളെയും പ്രവാസ സാന്നിദ്ധ്യംകൊണ്ട് നിറച്ചവര്‍ ഗള്‍ഫ് മലയാളികള്‍ മാത്രമാണ്. അമേരിക്കയിലും യൂറോപ്പിലും ചെന്നെത്തിയ മലയാളികള്‍ ഇത്ര താല്‍പര്യത്തോടെ കേരളം മനസ്സില്‍ സൂക്ഷിച്ചവരല്ല’ എന്ന ആരോപണം ‘ചരിത്രത്തില്‍ ഒന്നും കൂട്ടിച്ചേര്‍ക്കാനില്ലാത്ത ചരിത്രത്തിന്റെ ചവിറ്റുകുട്ടകള്‍’ എന്ന മാര്‍ക്സിയന്‍ വിശേഷണത്തോടെ തുടരുന്നുവെന്ന്” ഭരദ്വാജ് എഴുതിയതില്‍ എന്താണ് തെറ്റ്? ഭരദ്വാജിനു മറുപടിയായി ഒരു വ൪ഷം കഴിഞ്ഞ് നി൪മ്മല തോമസ് എഴുതുന്ന ഈ മറുപടിലേഖനം ഭരദ്വാജിന്‍റെ നിരീക്ഷണത്തെ തന്നെ ശരിവക്കുകയാണ്. നി൪മ്മല എഴുതുന്നു: ഏകാന്തതയാല്നിരന്തരമായിവേട്ടയാടപ്പെടുന്നവനാണു കാനഡയിലെ മലയാളി. കനേഡിയന് മലയാളിക്കുനാടു പൂര്ണമായും നഷ്ടമാകുന്നു. അയാളുടെ മലയാളിത്തം നഷ്ടമാകുന്നു. അടുത്ത തലമുറയെ നഷ്ടമാകുന്നു.അച്ഛനുമമ്മയും ചെറുപ്പത്തില് ചെയ്തിരുന്നത്, നടന്ന വഴികള് പഠിച്ച സ്ക്കൂള് ഒക്കെയും കുട്ടികള്ക്കു കഥകള്, ചിലപ്പോള് കെട്ടുകഥകള് മാത്രമായി മാറുന്നു.അവര്ക്ക് അന്നവും വസ്ര്തവും ഉണ്ട്. പണവും കിടപ്പാടവും ഉണ്ട്. പക്ഷെ പാശ്ചാത്യര്ക്കിടയില് അവരെന്നും മൂന്നാംകിട പൌരന്മാരായ അവഗണിത വര്ഗമായി സ്വയംകാണുകയും കേരളം കാനല്ജലം പോലെ അകന്നകന്നു പോവുകയും ചെയ്യുന്നു.കേരളം നഷ്ടമാവാത്ത, മക്കളെ നഷ്ടപ്പെടാത്ത ഗള്ഫുകാരനെ നോക്കി ഡോളറുകാരന് എന്നും അസൂയപ്പെടുന്നു.
  “…നാടോടുമ്പോള്‍ നടുവെ…ചേരയെത്തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുത്തുണ്ടം…”
  ഇതെല്ലാം ശരിയാണെങ്കില്‍, എന്തു സംഭാവനയാണ് നോ൪ത്ത് അമേരിക്കന്‍ മലയാളി മലയാണ്മയ്ക്ക് നല്‍കിയിട്ടുള്ളത്? അതില്ലാത്തിടത്തോളം കാലം ഭരദ്വാജിനോട് കലഹിച്ചിട്ടുകാര്യമില്ല.
  ഇനിയും പിറവിയെടുത്തിട്ടില്ലാത്ത, വരാനിരിക്കുന്ന “അമേരിക്കന്‍ ജീവിതം” എന്ന നോവലിനുവേണ്ടി നോ൪ത്ത് അമേരിക്കന്‍ മലയാളികള്‍ നോമ്പുനോറ്റിരിക്കുന്നുവെന്ന് വിശ്വസിക്കുമ്പോള്‍ പോലും ആ നോവല്‍ വന്നാല്‍ എത്ര നോ൪ത്ത് അമേരിക്കന്‍ രണ്ടാംതലമുറമക്കള്‍ക്ക് മലയാള അക്ഷരം കൂട്ടിവായിച്ച് അത് രസിക്കുവാന്‍ കഴിയുമെന്ന് ഓ൪ക്കുക.എത്രയോ വ൪ഷമായി കുടിയേറ്റക്കാ൪ നോ൪ത്ത് അമേരിക്കയിലേക്ക് പോയിട്ട്.രണ്ടാം തലമുറയില്‍പെട്ട മലയാളത്തിലെഴുതുവാന്‍ കഴിയുന്ന ഒരു മലയാളിയേയെങ്കിലും സൃഷ്ടിക്കുവാന് ‍മലയാളത്തെ നെഞ്ചിലേറ്റുന്നുവെന്ന് പറയുന്നവ൪ക്ക് എന്തേ കഴിഞ്ഞില്ല? മലയാളമെന്നാല്‍ കറിവേപ്പിന്‍റെ തൈ നടലും ഇഡലിയുണ്ടാക്കലുമല്ല.വേറെ പലതുമാണ്.
  ഗള്‍ഫ് മലയാളിയുടെ മക്കള്‍ക്ക് അതിനു കഴിയും.സ്വന്തം ഉണ്ണികളോടുപോലും തൊണ്ടവണ്ണമുള്ള,ചൊറിയുന്ന ഇംഗ്ലീഷ് വിളമ്പുന്ന നോ൪ത്ത് അമേരിക്കന്‍ അമ്മമാരും അച്ഛന്മാരും മലയാളത്തെ ഹൃദയത്തിലേറ്റുന്നുവെന്ന് പറയുന്നത് സത്യവിരുദ്ധമാണ് നി൪മ്മല തോമസ്.

 10. azeezks@gmail.com
  നൊസ്റ്റാല്‍ജിയ എന്താണെന്നറിയാം പക്ഷേ ഇതില്‍ JT എഴുതിയ fake nostalgia എന്താണെന്ന് മനസ്സിലായില്ല. ഇല്ലാത്ത നഷ്ടബോധങ്ങളും ദു:ഖങ്ങളും ഗൃഹാതുരത്വവും പട൪ത്തിയെഴുതി ഈ ലേഖനമെഴുതിയ നി൪മ്മല തോമസ് ആത്മവഞ്ചനചെയ്യുകയാണെന്നാണോ അതിന൪ത്ഥം? നി൪മ്മലയുടെ കഥകള്‍ വായിച്ചിട്ടുള്ളവ൪ക്ക് അങ്ങിനെ ഫേയ്ക്ക് നൊസ്റ്റാള്‍ജിയ എന്ന പദം ഉപയോഗിക്കുവാന്‍ കഴിയില്ല. മാനസം റ‌ബറുകൊണ്ടല്ലാതുള്ളവ൪ക്കൊക്കെ നൊസ്റ്റാല്‍ജിയ ഉണ്ടാകും.ഉപേക്ഷിച്ചുപോന്ന ഗ്രാമവും ജന്മനാടും ജനിച്ചുവള൪ന്ന നാട്ടിലെ നൂറുനുറായിരം ഓ൪മ്മകളുമൊക്കെ അവരെ , അവ൪ നോ൪ത്ത് അമേരിക്കയില്‍ എത്ര ശമ്പളം വാങ്ങിയാലും, വേട്ടയാടിക്കൊണ്ടിരിക്കും.നി൪മ്മല തോമസിനെ പോലുള്ളവ൪ നൊസ്റ്റാല്‍ജിയയുടെ കുത്തിയൊഴുക്ക് വല്ലാതെയാകുമ്പോള്‍ പേനയെടുത്തെഴുതും.കാനഡയില്‍ ജീവിക്കുന്ന ഞാന്‍ അത് നല്ല ഇംഗ്ലീഷ് കള്ളടിച്ചുതീ൪ക്കും. രണ്ടിന്‍റേയും ഫലം ഒന്നുതന്നെ- ഒഴിഞ്ഞുപോക്ക്.നി൪മ്മല തോമസ് എഴുതിയ മദ്ധ്യതിരുവിതാംകൂറിലെ പല കുടിയേറ്റ ഗ്രാമങ്ങളും ഇന്ന് ആളൊഴിഞ്ഞ പ്രേതാലyaങ്ങളാണ്. വലിയവീടുകളില്‍ വൃദ്ധന്മാരായ അച്ഛനുമമ്മയും.ചില വീട്ടില്‍ അമ്മയുമില്ല. അവരെ നോ൪ത്ത് അമേരിക്കയില്‍ എത്തിച്ചിട്ടുണ്ടാകും: ” ഉമ്മച്ചീ, മരിക്കുന്നതിനു മുമ്പ് നയാഗ്ര ഫോള്‍സ് ഒക്കെ കാണണ്ടായോ? സി എന്‍ ടവറിന് എന്നാ ഹൈറ്റാ! മുകളിലെത്തിയാല്‍ ലോകം മുഴുവന്‍ കാണാം! കാണണമെന്നുണ്ട് മോനേ, പക്ഷേ, പ്രായമായ ബാപ്പയെ തനിച്ചാക്കിയിട്ടെങ്ങനാ? അതിപ്പോ വീട് പൂട്ടിയിട്ട് എല്ലാവ൪ക്കും പോകാന്‍ കഴിയ്വോ? നമ്മക്ക് ആ ആസിയാത്തെയെ ഏല്‍പ്പീക്കാം ബാപ്പായുടെ കാര്യം അവ൪ നോക്കി ക്കൊള്ളും.അവരുടെ മോളെ കെട്ടിക്കാറാകുമ്പോള്‍ എന്തെങ്കിലും കൊടുത്താല്‍ മതി. പിന്നെ ബാപ്പ ഡെയ്ലി സ്കൈപ്പിലും വരട്ടെ, നമുക്ക് കാണുകയും ചെയ്യാമല്ലോ.”
  ഫലത്തില്‍ ആ അമ്മയും നോ൪ത്ത് അമേരിക്കയില്‍ കുട്ടികളെ നോക്കുന്ന ഒരു ആയയായി. ഭാര്യയ്ക്കും ഭ൪ത്താവിനും ഒരുമിച്ച് ഡോള൪ കൃഷിചെയ്യാം. രണ്ടുവീട് മോ൪ട്ട്ഗേജ് എടുക്കാം.
  ഇതുപോലെ എത്രയെത്ര ഓ൪മ്മകള്‍. ബാപ്പയുമുമ്മയുമൊക്കെയായുള്ള കുട്ടിക്കാല ഓ൪മ്മകളും അവ൪ ഇപ്പോള്‍ തനിച്ചായതിലുള്ള ദു:ഖവും ആരെങ്കിലും പങ്കുവയ്ച്ചാല്‍ ” നീ തിരിച്ചുപോയി ബാപ്പയുടെ കൂടെയിരിയെടാ, നിന്നെ തോക്കുചൂണ്ടി ആരെങ്കിലും കൊണ്ടുവന്നതാണോ കാനഡയില്‍ എന്നൊക്കെ ചോദിക്കുന്നവരോട് എന്തുപറയാനാണ്. ദു:ഖം പങ്കിടുന്നവരോടൊത്തു കരയേണ്ട, പക്ഷെ അവരുടെ കണ്ണുനീ൪ ഫെയ്ക്ക് ആണെന്ന് പറയല്ലേ മാഷേ.

  • @Azeez Yes, unfortunately the tears that shed on the name of “nostalgia” is fake – that is the truth and it hurts and that is why you went so defensive. It is very easy to hang on to “nostalgia” when one is not ready to go through the daily “grind” at homeland. I am not saying that the daily “grind” in Canada is easy but it is far far less intense. Once tuned to western life and its amenities there is a big sacrifice one has to make to go to Kerala and to go on with daily lives. I can go on and cite multiple examples. The easiest one would be the character of Dileep( as JohnyKutty) in the “Nostalgia” episode of the movie “Kerala Cafe”. If not seen try to watch that and most Keralitie NRIs can see them in him.

   I would say most of the “nostalgia” freaks are same or worse than “Johnykuttys”. Please do not interpret that I am jealous that you guys are having a good life. I am really happy about your efforts and its effects on homeland economy. For e.g. It has even created new employment categories like home nursing, eco tourism, resorts etc:- which are kind of unheard at current levels twenty years ago.

   I still say the tears of “nostalgia” freaks are fake but not of their parents. I can certainly understand a certain level of “nostalgia” which will be in every human being. But I cannot imagine that “whole world lost” type of nostalgia.

   Happy living and peace!

   • എന്തിനെക്കുറിച്ചും ആധികാരികമായി പ്രതികരിക്കുക എന്നത് മലയാളിയുടെ കടമയാണ്‌. ഇവിടെ ചുരുക്കം ചിലരെങ്കിലും നിർമ്മലയുടെ ലേഖനം മുഴുവൻ വായിച്ചിട്ട് പ്രതികരിച്ചതിൽ സന്തോഷം. അതിൽ നല്ലൊരു ശതമാനം നിർമ്മല എഴുതിയതെന്താണെന്നു മനസ്സിലാക്കിയിട്ട് പ്രതികരിച്ചതിൽ അതിലേറെ സന്തോഷം. ഈ സന്തോഷം മുഴുവനും കൊണ്ട് ഞാനെന്തു ചെയ്യും, കാറൽ മാർക്സേ? കമ്മ്യുണിസ്റ്റുകാരനായതു കൊണ്ടാണ്‌, മാർക്സിനെ വിളിച്ചത്. ഞങ്ങൾക്ക് ദൈവം നിക്ഷിദ്ധമാണ്‌.
    നോസ്റ്റാൾജിയ എന്നൊരു പദം ഈ ലേഖനത്തിൽ നിന്ന് എങ്ങനെയൊ തപ്പി പിടിച്ചെടുത്ത്, ചിലർ ഫെയ്ക്കാണെന്നും മറ്റുചിലർ ഫെയ്ക്കല്ലന്നു കലപില കൂടുന്നു. ഒരു പ്രതികാരി പറഞ്ഞതു പോലെ ഈ പായസക്കലത്തിലേക്ക് സ്വയമെടുത്തു ചാടിയതാണ്‌ ഭൂരിപക്ഷപവും. ചുരുക്കം ചില ഡയബറ്റിസുകാർ അറിയാതെ വന്നു വീണതാണ്‌. പിന്നെ കുറച്ചു പേരെ ഇവനു് പായസമിഷ്ടമാണെന്നു വിചാരിച്ച് തള്ളിയിട്ടതും. ഈ കൂട്ടർക്കു വേണ്ടി ഒന്നു ദുഖിച്ചിട്ട് പ്രതികാരത്തിലേക്ക് തിരിച്ച് വരാം.വൺ മിനിറ്റ് പോസ്.
    വടക്കെ അമേരിക്കയെന്ന പായസക്കലത്തിലേക്ക് സ്വയമെടുത്തു ചാടിയവർക്ക് നോസ്റ്റാൾജിക്കാനവകാശമില്ലെന്നും അഥവ നോസ്റ്റാൾജിച്ചാലതു ഫെയ്ക്കാണെന്നും ജെറ്റി എന്ന രണ്ടക്ഷരപ്രതികാരി പറഞ്ഞതിനോട് തത്വത്തിൽ യോജിക്കുന്നു.(എനിക്ക് പായസമിഷ്ടമായതു കൊണ്ടാണ്‌ അമേരിക്കയെ പായസക്കലമെന്ന് ഉപമിച്ചത്. നിങ്ങൾക്ക് പഴക്കഞ്ഞിയാണിഷ്ടമെങ്കിൽ പഴക്കഞ്ഞിക്കലമെന്നു തിരുത്തി വായിക്കണമെന്ന് അപേക്ഷ.) ഈ പായസക്കലത്തിൽ കിടക്കുന്നവർ അങ്ങോട്ടുമിങ്ങോട്ടും കുറെ ഇമ്മിണി ഫെയ്ക്ക് നോസ്റ്റാൾജിയ പറഞ്ഞ് ദുഖിക്കുന്നതിൽ ജെറ്റിക്കെന്താ വിഷമം? ആ പായസക്കലത്തിൽ ചാടാൻ പറ്റാത്തതു കൊണ്ട് നിർമ്മല പറിച്ച മുന്തിരി പുളിച്ചതാകാനാണോ ചാൻസ്?
    നിർമ്മലയുടെ ലേഖനത്തിലെ മുഖ്യ വിഷയം നോസ്റ്റാൾജിയ അല്ല സുഹൃത്തെ. വടക്കെ അമേരിക്കയിൽ വന്നു പെട്ടു പോയ മലയാളികളും സ്വന്തം നാടിനോട് കൂറുള്ളവരാണെന്നും, ഗൾഫ് മലയാളികൾക്ക് മാത്രമെ രാജ്യസ്നേഹമുള്ളുവെന്ന് വായിൽ കൊള്ളാത്ത പേരുള്ള ഒരു എഴുത്ത് തൊഴിലാളി ഏകദേശം ഒരു വർഷത്തിനു മുൻപ് എഴുതി വെച്ച പമ്പര വിഡ്ഡിത്തരത്തിന്‌ മറുപടിയുമാണ്‌. വേറൊരു ആരോപണം, അങ്ങോർക്ക് മറുപയെഴുതാൻ എന്തിന്‌ ഒരു വർഷമെടുത്തു എന്നതാണ്‌!. പ്രതികരണ ബൈലോ 101-ൽ അങ്ങനെയൊരു കാലപരിധിയുണ്ടോ?
    ഞാനൊരു വായനക്കാരനായതു കൊണ്ട് വായനക്കരന്റെ വേദന എനിക്കറിയാം. അതു കൊണ്ട് അധികം നീട്ടി പിടിക്കുന്നില്ല. അയ്യപ്പ ബൈജുവിനെ പോലെയുള്ളവർ സഹൃദയകൂട്ടത്തിലുമുണ്ട്. രണ്ടെണ്ണം കിട്ടിയില്ലെങ്കിൽ ഉറക്കം വരില്ലവർക്ക്. അവരും ഉറങ്ങട്ടെ, ഇങ്ങനെ തല്ലുമ്പോൾ അതു മറ്റുള്ളവർക്ക് ഉറങ്ങാനുപകരിക്കുമല്ലോ എന്നറിയുമ്പോൾ, തല്ലിയതിന്റെ വിഷമം മാറി. ഇനി എനിക്കും സുഖമായുറങ്ങാം!
    വളരെ ശക്തമായ ഭാഷയിൽ പലരും പറയാനാഗ്രഹിച്ച ചിലകാര്യങ്ങൾ ഇത്ര മനോഹരമായി നിർമ്മലക്കല്ലാതെ ആർക്കു പറയാനാകും? നിർത്താതെഴുതുക.

 11. Chandran Nair commented on your link.
  Chandran wrote: ““കൂടുതല് പേരെ കയറ്റി അയക്കാനുള്ള വഴികള്ക്കും പോയവര് മടങ്ങി വരാതിരിക്കാനുള്ള കൌശലങ്ങള്ക്കും പകരംഎല്ലാവര്ക്കും മടങ്ങി വരാന് കഴിയുന്നതും ആരെയും ഓടിപ്പോവാന് ആഗ്രഹിപ്പിക്കാത്തതുമായ ഒരു ഇന്ത്യ സങ്കല്പ്പിക്കുന്നത് തീര്ത്തും വിഡ്ഢിത്തമാവുമോ?”

  So, the issue should be as concluded above, made prominently in Keralam.. We go beyond Dubai and Singapore 1. to make a living. 2. to raise our standards of living. 3 for better career prospects- in that order. This comes at a MONSTROUS price. Loosening of our ties with the society which is our link to our speaking, thinking, loving and living styles is no easy matter, especially when one is reminded of it repeatedly living in faraway lands of juxtaposed characters- climate, culture, dialect,- everything, in short. The writer’s ‘inheritance of loss’ so well presented is hundred percent logical, Scratches on one’s self respect and pride in the country of adoption to the total neglect or scant recognition at the home of birth (e.g cultural and social activists stopping with US East Coast and Midwest), too, deserve sympathy. Looking at it realistically, moving away from ‘Vyloppilly’s Mampazham’ wavelength, the stark reality of the coming generations born and brought up in the changed surroundings certainly weaning away from what we consider as sacred and sentimental, has to be accepted . Simply put, they would not know that they miss anything at all. That feeling should make them merge with the society, which I have been seeing in the US. For instance, Shashi Tharoor’s sons, niece and nephew have great future in US society. There is a central Travancore X’ian, a multimillionaire in Texas, who is flourishing in a typically American profession- cattle breeding and beef production. Indian children are making their mark in academic excellence. You find Indians heading many institutions, including two governorships. As to getting over our inferiority problems-both induced and self made-, I repeat a remark by a closely connected young IT professional: ‘Some three decades ago, we, the South Indians in particular would be branded with nick names at the office, for the others’ ease of pronunciation. Thus Sathyanarayanan became Sat, Radhakrishnan became Rad. Now they pronounce Shivarama Subramanyan in its fullness- they better, he is the CEO!’. Unlike the imperialist conquerors of old, or the slaves from Africa, Indians have a history of migrating voluntarily for better prospects, adventure. (Some were tricked thru tall promises, alright). Thus small farmers and land labour related to Sugar, Grains, Cotton, Rubber from India ended up as predominant races in Fiji, Malaysia, Seychelles, Mauritius, many African countries and the West Indies. Now, it is the period of literate migrants. We are not strong enough to stop evolution- even Anand’s ‘Abhayarthikal’ or Pottekkat’s ‘Visha Kanyaka’ won’t slow us down. Sad. Suresh(my own anujan), Nirmala Thomas and the authors she mentioned may well belong to a vanishing species of Malayalam writers among migrants in Canada, as the present generation draws to a close!”

 12. മൃഗശാലയിലേക്കും സര്‍ക്കസിലേക്കും പറഞ്ഞയച്ച മൃഗങ്ങള്‍ക്ക് കുറെക്കഴിയുമ്പോള്‍ കാട്ടില്‍ ഇരപിടിക്കാനറിയാതാവും. ഇലകളുടെ പച്ചപ്പും മണ്ണിന്റെ ഗന്ധവും പാറയുടെ ഉറപ്പും സ്വപ്നം കണ്ടുകണ്ട് അവയുടെ ജന്മവാസനകളും ജന്മസിദ്ധികളും നഷ്ടമായേക്കാം. അഴിക്കുള്ളിലേക്കു നീട്ടിത്തരുന്ന ഇറച്ചിക്കഷണം തിന്നാനും പാത്രത്തിലെ വെള്ളം മൊത്തിക്കുടിക്കാനും അറിയുന്ന തല.മുറയെ ഒരു ദിവസം കാട്ടിലേക്കഴിച്ചുവിട്ടാല്‍ അതിജീവിക്കാനാവുമോ? ……:(((.കൂടുതല്‍ പേരെ കയറ്റി അയക്കാനുള്ള വഴികള്‍ക്കും പോയവര്‍ മടങ്ങി വരാതിരിക്കാനുള്ള കൌശലങ്ങള്‍ക്കും പകരംഎല്ലാവര്‍ക്കും മടങ്ങി വരാന്‍ കഴിയുന്നതും ആരെയും ഓടിപ്പോവാന്‍ ആഗ്രഹിപ്പിക്കാത്തതുമായ ഒരു ഇന്ത്യ സങ്കല്‍പ്പിക്കുന്നത് തീര്‍ത്തും വിഡ്ഢിത്തമാവുമോ?……randam bhagavum nannayi ,Congrats Nirmala

 13. അഭിനന്ദനങ്ങള്‍…… ..
  വളരെ അര്‍ത്ഥവത്തായി എഴുതിയിരിക്കുന്നു ……
  കേരളവും മലയാളിത്തവും ഒരു നീറുന്ന വേദനയായി മനസ്സിളിരിക്കുമ്പോഴും പറയട്ടെ…
  ഡോളര്‍ കൊയ്യാമെന്ന മോഹതലല്ലാതെ, അനുദിനം വഷളായികൊണ്ടിരിക്കുന്ന കേരളത്തിന്‍റെ സാമൂഹിക സാഹചര്യങ്ങളില്‍നിന്ന് മാറിനില്കണം എന്ന ആഗ്രഹമാണ് എന്നെ കാനഡയില്‍ എത്തിച്ചത്….. ഒരു രാഷ്ട്രീയ പാര്‍ടിക്കും ഒരു പ്രസ്ഥാനത്തിനും സ്വന്തം തലച്ചോറിനെ പണയപ്പെടുത്താത്ത ഒരാള്‍ പറയുകയാണ് ‘കേരളത്തില്‍ ജീവിക്കാന്‍ ഭയമാകുന്നു എന്ന്’. ഇതില്‍ അതിശയോക്തി ഒന്നുമില്ല സത്യമാണ്. എങ്കിലും ഇവിടുത്തെ ആസ്തിതുളയ്ക്കുന്ന തണുപ്പില്‍ മനസ്സിനെ പിടിച്ചുനിര്‍ത്തുന്നത് കേരളത്തിലെ സുന്ദരമായ ഓര്‍മകള്‍തന്നെ…..

 14. യുനികോഡിൽ പോസ്റ്റ് ചെയ്യാത്തതു കൊണ്ട് വായിക്കാൻ പറ്റിയില്ലയെന്നു പരാതി. തെറ്റ് എന്റെത്. മാത്രമല്ല പുതിയ പോസ്റ്റുകൾ അവസാനമാണ്‌ പോസ്റ്റ് ചെയ്യേണ്ടതുമെന്ന് പറയപ്പെടുന്നു. അതും എന്റെ തെറ്റ്. ഈ തെറ്റെല്ലാം തിരുത്തി പിന്നെ ഒരു അക്ഷര പിശകും തിരുത്തി അടിയിൽ വീണ്ടും പോസ്റ്റു ചെയ്യുന്നു.
  എന്തിനെക്കുറിച്ചും ആധികാരികമായി പ്രതികരിക്കുക എന്നത് മലയാളിയുടെ കടമയാണ്‌. ഇവിടെ ചുരുക്കം ചിലരെങ്കിലും നിർമ്മലയുടെ ലേഖനം മുഴുവൻ വായിച്ചിട്ട് പ്രതികരിച്ചതിൽ സന്തോഷം. അതിൽ നല്ലൊരു ശതമാനം നിർമ്മല എഴുതിയതെന്താണെന്നു മനസ്സിലാക്കിയിട്ട് പ്രതികരിച്ചതിൽ അതിലേറെ സന്തോഷം. ഈ സന്തോഷം മുഴുവനും കൊണ്ട് ഞാനെന്തു ചെയ്യും, കാറൽ മാർക്സേ? കമ്മ്യുണിസ്റ്റുകാരനായതു കൊണ്ടാണ്‌, മാർക്സിനെ വിളിച്ചത്. ഞങ്ങൾക്ക് ദൈവം നിക്ഷിദ്ധമാണ്‌.
  നോസ്റ്റാൾജിയ എന്നൊരു പദം ഈ ലേഖനത്തിൽ നിന്ന് എങ്ങനെയൊ തപ്പി പിടിച്ചെടുത്ത്, ചിലർ ഫെയ്ക്കാണെന്നും മറ്റുചിലർ ഫെയ്ക്കല്ലന്നു കലപില കൂടുന്നു. ഒരു പ്രതികാരി പറഞ്ഞതു പോലെ ഈ പായസക്കലത്തിലേക്ക് സ്വയമെടുത്തു ചാടിയതാണ്‌ ഭൂരിപക്ഷപവും. ചുരുക്കം ചില ഡയബറ്റിസുകാർ അറിയാതെ വന്നു വീണതാണ്‌. പിന്നെ കുറച്ചു പേരെ ഇവനു് പായസമിഷ്ടമാണെന്നു വിചാരിച്ച് തള്ളിയിട്ടതും. ഈ കൂട്ടർക്കു വേണ്ടി ഒന്നു ദുഖിച്ചിട്ട് പ്രതികാരത്തിലേക്ക് തിരിച്ച് വരാം.വൺ മിനിറ്റ് പോസ്.
  വടക്കെ അമേരിക്കയെന്ന പായസക്കലത്തിലേക്ക് സ്വയമെടുത്തു ചാടിയവർക്ക് നോസ്റ്റാൾജിക്കാനവകാശമില്ലെന്നും അഥവ നോസ്റ്റാൾജിച്ചാലതു ഫെയ്ക്കാണെന്നും ജെറ്റി എന്ന രണ്ടക്ഷരപ്രതികാരി പറഞ്ഞതിനോട് തത്വത്തിൽ യോജിക്കുന്നു.(എനിക്ക് പായസമിഷ്ടമായതു കൊണ്ടാണ്‌ അമേരിക്കയെ പായസക്കലമെന്ന് ഉപമിച്ചത്. നിങ്ങൾക്ക് പഴങ്കഞ്ഞിയാണിഷ്ടമെങ്കിൽ പഴങ്കഞ്ഞിക്കലമെന്നു തിരുത്തി വായിക്കണമെന്ന് അപേക്ഷ.) ഈ പായസക്കലത്തിൽ കിടക്കുന്നവർ അങ്ങോട്ടുമിങ്ങോട്ടും കുറെ ഇമ്മിണി ഫെയ്ക്ക് നോസ്റ്റാൾജിയ പറഞ്ഞ് ദുഖിക്കുന്നതിൽ ജെറ്റിക്കെന്താ വിഷമം? ആ പായസക്കലത്തിൽ ചാടാൻ പറ്റാത്തതു കൊണ്ട് നിർമ്മല പറിച്ച മുന്തിരി പുളിച്ചതാകാനാണോ ചാൻസ്?
  നിർമ്മലയുടെ ലേഖനത്തിലെ മുഖ്യ വിഷയം നോസ്റ്റാൾജിയ അല്ല സുഹൃത്തെ. വടക്കെ അമേരിക്കയിൽ വന്നു പെട്ടു പോയ മലയാളികളും സ്വന്തം നാടിനോട് കൂറുള്ളവരാണെന്നും, ഗൾഫ് മലയാളികൾക്ക് മാത്രമെ രാജ്യസ്നേഹമുള്ളുവെന്ന് വായിൽ കൊള്ളാത്ത പേരുള്ള ഒരു എഴുത്ത് തൊഴിലാളി ഏകദേശം ഒരു വർഷത്തിനു മുൻപ് എഴുതി വെച്ച പമ്പര വിഡ്ഢിത്തരത്തിന്‌ മറുപടിയുമാണ്‌. വേറൊരു ആരോപണം, അങ്ങോർക്ക് മറുപയെഴുതാൻ എന്തിന്‌ ഒരു വർഷമെടുത്തു എന്നതാണ്‌!. പ്രതികരണ ബൈലോ 101-ൽ അങ്ങനെയൊരു കാലപരിധിയുണ്ടോ?
  ഞാനൊരു വായനക്കാരനായതു കൊണ്ട് വായനക്കരന്റെ വേദന എനിക്കറിയാം. അതു കൊണ്ട് അധികം നീട്ടി പിടിക്കുന്നില്ല. അയ്യപ്പ ബൈജുവിനെ പോലെയുള്ളവർ സഹൃദയകൂട്ടത്തിലുമുണ്ട്. രണ്ടെണ്ണം കിട്ടിയില്ലെങ്കിൽ ഉറക്കം വരില്ലവർക്ക്. അവരും ഉറങ്ങട്ടെ, ഇങ്ങനെ തല്ലുമ്പോൾ അതു മറ്റുള്ളവർക്ക് ഉറങ്ങാനുപകരിക്കുമല്ലോ എന്നറിയുമ്പോൾ, തല്ലിയതിന്റെ വിഷമം മാറി. ഇനി എനിക്കും സുഖമായുറങ്ങാം!
  വളരെ ശക്തമായ ഭാഷയിൽ പലരും പറയാനാഗ്രഹിച്ച ചിലകാര്യങ്ങൾ ഇത്ര മനോഹരമായി നിർമ്മലക്കല്ലാതെ ആർക്കു പറയാനാകും? നിർത്താതെഴുതുക.

 15. ബാബു ഭരദ്വാജ് അമേരിക്കന്‍ മലയാളിയെ പഠിക്കാന്‍ ശ്രമിക്കാത്തതു കൊണ്ടും, അറേബ്യന്‍ രാജ്യത്ത് സ്വാനുഭവങ്ങള്‍ ഉള്ളതു കൊണ്ടുമാണ്‌ അദ്ദേഹത്തിന്‍റെ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നത്. ഒരാള്‍ക്ക് അറിയില്ലാത്ത കാര്യങ്ങളെക്കുറിച്ച് എഴുതാന്‍ കഴിയില്ലല്ലോ! അതിന്‍റെ പേരില്‍ അദ്ദേഹത്തെ ‘വായില്‍ കൊള്ളാത്ത പേരുള്ള എഴുത്തുതൊഴിലാളി’ എന്നൊക്കെ വിശേഷിപ്പിക്കുന്നത് സ്വയമൊരു തരംതാഴലാണ്‌, ശശിധരന്‍../ പ്രത്യേകിച്ചും പേരുകള്‍ ജാതിയും മതവും പോലെ നമ്മുടെ തെരഞ്ഞെടുപ്പുകള്‍ അല്ലാത്തിടത്തോളം കാലം. മാത്രമല്ല. അദ്ദേഹമൊരു പ്രൊഫെഷണലും എഴുത്തിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഒരാളുമല്ല. എല്ലാ എഴുത്തിനും കൃത്യമായി എല്ലാ പ്രസിദ്ധീകരണങ്ങളും വിലയും കൊടുക്കാറില്ല.

  ഭരദ്വാജിനെ കൂടുതല്‍ വായിച്ചാല്‍ ഒരു പക്ഷേ ശശിധരന്‌ ഈ ധാരണ തിരുത്താന്‍ കഴിഞ്ഞേക്കും. ബാബു ഭരദ്വാജിനോടല്ലല്ലോ നാം എതിരിടേണ്ടത്, അദ്ദേഹത്തിന്‍റെ ചിന്തകളോടല്ലേ?

 16. അഭിപ്രായം എഴുതാന്‍ സമയമെടുത്ത എല്ലാവര്ക്കും ഒരുപാടൊരുപാട് നന്ദി.

  ‘Culture’ refers to the entire way of life for a group of people. It encompasses every aspect of living and has four elements that are common to all culture: technology, institutions, language, and arts (The World Book, 1997) ഭാഷ സംസ്ക്കാരത്തിന്റെ ഒരു ഭാഗം മാത്രമാണ്. അമേരിക്കയിലെ ഭാഷാസേവനം നടത്താത്ത മലയാളികളെല്ലാം ദേശസ്നേഹം ഇല്ലാത്തവരാണെന്നു പറയുന്നത് ശരിയാണോ? അറുപതുകളിലും എഴുപതുകളിലും ഇവിടെ വന്നുപെട്ട മലയാളികള്‍ നേരിട്ട ജീവിതം ഇന്നത്തേതില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു. “don’t judge another person until you have walked a mile in their shoes”. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനു പകരം നമുക്കെന്തു ചെയ്യാന്‍ കഴിയുമെന്നു നോക്കാം. മലയാളം സ്കൂളുകള്‍ ഉത്തരയമേരിക്ക മുഴുവന്‍ നിറയട്ടെ. അവിടെ വരാതിരിക്കുന്ന നൂറു പേരെ ഓര്‍ത്തു വ്യഥപ്പെടാതെ വരുന്ന ഒരു കുട്ടിയെ ഹൃദയപൂര്‍വം സ്വീകരിക്കാം.

  ഇവിടെ നിന്നും ശക്തമായ കൃതികള്‍ ഉണ്ടാവുക തന്നെ ചെയ്യും, ഒരുപക്ഷെ ‘ഖസാക്കിനെ’ hold-ല്‍ ഇടുന്നത്ര ഉല്‍കൃഷ്ടമായാത്, ഈ മഞ്ഞുകാലം ഒന്ന് കഴിഞ്ഞോട്ടെ – ഗ്രീഷ്മത്തെ ഗര്‍ഭം ധരിച്ചൊരു വസന്തം കാത്തിരുപ്പുണ്ട്!

 17. നിര്‍മ്മലചെച്ചി,
  ഞാന്‍ ഇന്നാണ് ചേച്ചിയുടെ ഡോളര്‍ പറിക്കാന്‍ പോയ ഫസ്റ്റ് ആര്‍ട്ടിക്കിലും അതിന്റെ രണ്ടാം ഭാഗം ആയ, ഒളിച്ചു കടത്തിയ കേരളം തിരിച്ചു ചോദിക്കുന്നതും മുഴുവന്‍ വായിക്കുന്നത്. സത്യം പറഞ്ഞാല്‍ ഇതൊരു അനുഭവം തന്നെയായിരുന്നു. ഫസ്റ്റ് ആര്‍ട്ടിക്കിള്‍ ഞാന്‍ ഒന്ന് ഓടിച്ചു വായിച്ചതാണ്. ഇന്ന് അതൊന്നു കൂടി വായിച്ചു നോക്കി. രണ്ടാമത്തെതും മനസിരുത്തി വായിച്ചു. നമ്മള്‍ പറയണം എന്ന് വിചാരിക്കുന്ന കാര്യങ്ങള്‍ മറ്റൊരാള്‍ നന്നായി പറഞ്ഞു കേള്‍ക്കുമ്പോള്‍ ആണല്ലോ ഒരു എഴ്തുകാരന്റെ വിജയം. hats ഓഫ് to യു നിര്‍മ്മല! നമിച്ചിരിക്കുന്നു. പറയാനുള്ളതെല്ലാം ഭംഗിയായി കുറിക്കു കൊള്ളുന്നത്‌ പോലെ പറഞ്ഞു വെച്ചിരിക്കുന്നു. വായനയെക്കുറിച്ചും എഴുത്തുകാരെക്കുരിച്ചും എഴുത്ത് വഴികളെക്കുറിച്ചും എല്ലാം പറഞ്ഞിരിക്കുന്നു. ഇര പിടിക്കാന്‍ മറന്ന മൃഗങ്ങള്‍ എന്നാ പാരഗ്രാഫു എനിക്ക് വളരെ അദികം touchy ആയി തോന്നി. തല കീഴായി കേട്ടിയുനക്കിയ പൂവുകള്‍ ചേച്ചിയുടെ കഥയാണോ?

  എനിക്ക് ചേച്ചിയെക്കുറിച്ചു അഭിമാനം തോന്നുന്നു. അലക്സ്‌ ചേട്ടായി എപ്പോളും പറയാറുണ്ട്..കാര്യം. ചേച്ചി സ്ഥിരമായി ലേഖങ്ങള്‍ എഴുതാറുണ്ടോ?
  എല്ലാ ഭാവുന്കങ്ങളും.

  മീനു

Leave a Reply

Your email address will not be published. Required fields are marked *