ഉസ്താദ് ഹോട്ടലില്‍ അന്‍വര്‍ റഷീദ് വിളമ്പുന്നത്

 
 
 
ഉസ്താദ് ഹോട്ടലിന് ഒരു റിവ്യൂ കൂടി.
സഞ്ജീവ് സ്വാമിനാഥന്‍ എഴുതുന്നു

 
 
അഞ്ച് നേരവും പള്ളിയില്‍ പോകുന്ന റംസാന്‍ മാസത്തില്‍ ഒറ്റ നോമ്പും ഒഴിവാക്കാത്ത നല്ലവരായ നിരവധി മുസ്ലിം സുഹൃത്തുക്കള്‍ എനിക്കുണ്ട്. സദാസമയവും തൊപ്പി തലയില്‍ വെച്ചല്ല അവരെല്ലാം നടക്കാറ്. അങ്ങനെ ചെയ്താലേ മുസ്ലിം ആയി ഒരാളെ ചിത്രീകരിക്കാനാകൂ എന്ന സ്ഥിരം പാരഡൈമില്‍നിന്ന് ഈ ചിത്രവും മോചിതമല്ല എന്ന് പറയാതെ നിവൃത്തിയില്ല.
ഒരു പെണ്ണ് തിരക്കഥ എഴുതിയിട്ടും ഒരു പെണ്‍കഥാപാത്രങ്ങള്‍ക്കുപോലും കരുത്ത് പകരാന്‍ കഴിഞ്ഞതുമില്ല. മാത്രമല്ല, സ്ത്രീകള്‍ക്ക് എല്ലാം എളുപ്പമാണ് എന്ന പെണ്‍വിരുദ്ധമായ ഡയലോഗു പോലും പുരുഷനെക്കൊണ്ട് അഞ്ജലി മേനോന്‍ പറയിപ്പിച്ചു കളഞ്ഞു-സഞ്ജീവ് സ്വാമിനാഥന്‍ എഴുതുന്നു

 

 

ഒരു ബാര്‍ബറുടെ ധര്‍മസങ്കടത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?
അനേകായിരം തലകള്‍ വെടിപ്പാക്കിയ അയാളുടെ തല ആര് നേരേ ചൊവ്വേ ആക്കും? പണിത്തികവറിയാവുന്ന ബാര്‍ബറാണെങ്കില്‍ ആരൊക്കെ വെടിപ്പാക്കിയാലും അയാളില്‍ പിന്നെയും വെടിപ്പായില്ല എന്ന വിചാരമായിരിക്കും ബാക്കിയാവുക. മറ്റൊരാളുടെ മുന്നില്‍ അയാളും തലകുനിച്ചിരുന്നേ മതിയാവൂ…
ഏതാണ്ട് ഇതേ ധര്‍മ സങ്കടത്തിന്റെ ചട്ടുകവും പിടിച്ചാണ് പാചകക്കാരന്റെയും നില്‍പ്പ്.. എത്രയോ പേര്‍ക്ക്, എത്രയോ കാലം ഭക്ഷണം വെച്ചുവിളമ്പിയ അയാള്‍ക്കും മറ്റൊരാള്‍ നിവര്‍ത്തിയിട്ട ഇലയുടെ മുന്നില്‍ ചമ്രംപടിഞ്ഞ് ഇരുന്നേ മതിയാവൂ…
എന്നാലും സംശയം ബാക്കിയാവും; ഉപ്പല്‍പ്പം കൂടുതലല്ലേ? പുളി കുറച്ചുകൂടി ആവാമായിരുന്നില്ലേ? ജീരകത്തിന്റെ കുത്തല്‍ അല്‍പം കൂടിയില്ലേ?

സിനിമയുടെ കാര്യവും ഇങ്ങനെയാണ്..
എത്രയോ സിനിമകള്‍ എടുക്കുകയും അതില്‍ ഒട്ടുമുക്കാലും ഹിറ്റാക്കുകയും ചെയ്താലും ഒരു സിനിമ നേരാംവണ്ണം കാണണമെങ്കില്‍ ക്യാമറയ്ക്ക് പിന്നില്‍
നിന്ന് തിയറ്ററിലെ ഇരുട്ടിലേക്ക് ഓരോ സംവിധായകനും വന്നേ തീരൂ…അതിന് മറ്റൊരാള്‍ സംവിധാനം ചെയ്ത സിനിമക്ക് ടിക്കറ്റ് എടുക്കുന്നതായിരിക്കും ഏറ്റവും നല്ലത്. അപ്പോള്‍ അയാള്‍ക്ക് അയാളെ മറന്ന് സിനിമ കാണാന്‍ കഴിയും..
കാട്ടിലും പൊന്തയിലും തല്ലിയ ഈ വിചാരങ്ങളെല്ലാം അന്‍വര്‍ റഷീദിന്റെ ‘ഉസ്താദ് ഹോട്ടല്‍’ കണ്ടിറങ്ങിയപ്പോള്‍ മനസ്സിലേക്ക് കൂടുംപൊട്ടിച്ച് കയറിവന്നതാണ്.

 

 

രുചിയുടെ വിലാസം
ഭക്ഷണം ശരീരത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമാണ് എന്ന് ശാസ്ത്രീയമായി പഠിച്ചില്ലെങ്കിലും ഭക്ഷണം കഴിച്ചുകൊണ്ടേയിരിക്കും നമ്മള്‍. അതില്‍
ഏതൊക്കെ എപ്പോള്‍ എന്ന വീണ്ടുവിചാരത്തിനിടയിലേ നമ്മള്‍ ശാസ്ത്രത്തെ തിരുകിക്കയറ്റാറുള്ളു. ശരീരത്തിന്റെ ആവശ്യത്തിന് മാത്രമല്ല ഭക്ഷണം. മനസ്സിന്റെ സഞ്ചാരവേഗത്തിനും ഭക്ഷണം ആവശ്യമാണ്. വയറ് നിറയ്ക്കലല്ല പാചകക്കാരന്റെ ധര്‍മം, കഴിക്കുന്നവന്റെ മനസ്സ് നിറയ്ക്കല്‍ കൂടിയാണ് എന്ന് പറയുന്നതില്‍ ശാരീരികാവശ്യത്തെ മറികടക്കുന്ന ആത്മീയതയുണ്ട്. അതുകൊണ്ടാണ് രുചിയുടെ മേല്‍വിലാസത്തില്‍ അറിയപ്പെടുന്ന എത്രയെത്രയോ ഭക്ഷണശാലകള്‍ നമ്മുടെ നാവിലേക്ക് കയറിവരുന്നത്. പക്ഷേ, ആ ഭക്ഷണശാലയ്ക്കും ഒരുനാള്‍ താഴ് വീണേക്കാം. അതിന്റെ ഉടമയും ഒരുനാള്‍ മറ്റൊരാളുടെ മുന്നില്‍ പ്ലേറ്റ് നീട്ടി ഇരുന്നേക്കാം…

രുചി മേല്‍വിലാസമാക്കിയ ഒരു ഹോട്ടലിനെ ചുറ്റിപ്പറ്റിയാണ് അന്‍വര്‍ റഷീദ് ഈ സിനിമ പാകപ്പെടുത്തി നമുക്ക് തന്നിരിക്കുന്നത്. വയറ് നിറഞ്ഞുകഴിഞ്ഞാല്‍
ഒരു ഏമ്പക്കം പതിവാണ്. മലയാളിയാകുമ്പോള്‍ അതിന് ഒരല്‍പ്പം ഒച്ച കൂടും. സംതൃപ്തിയുടെ ഒരീണം ഏമ്പക്കത്തില്‍ അടങ്ങിയിട്ടുണ്ട്. അരുതാത്തത് കഴിച്ച്
വീര്‍ത്ത വയറില്‍നിന്നുയരുന്ന അസ്ക്യതയുടെ ഏമ്പക്കമല്ല, മറിച്ച്, വിരല്‍ത്തുമ്പില്‍ പറ്റിപ്പിടിച്ച അവസാനത്തെ കറിക്കൂട്ടും നക്കിത്തുടച്ച സന്തോഷത്തിന്റെയും സംതൃപ്തിയുടെയും ആഹ്ളാദത്തില്‍ പൊതിഞ്ഞ ഏമ്പക്കമാണ് ‘ഉസ്താദ് ഹോട്ട’ലില്‍ നിന്നിറങ്ങുന്നവരില്‍ കാണുന്നത്.

ഭക്ഷണത്തിന്റെ ആത്മീയത
പെണ്ണു കാണാന്‍ വന്നപ്പോള്‍ കഴിച്ച ഉണ്ണിയപ്പത്തിന്റെ രുചിയില്‍ അതുണ്ടാക്കിയ പാചകക്കാരനെ കടത്തിക്കൊണ്ടുപോയപ്പോള്‍ വിജയക്കൊടി പാറിയ
ചിത്രമാണ് ആഷിക് അബുവിന്റെ ‘സോള്‍ട്ട് ആന്റ് പെപ്പര്‍’. പക്ഷേ, സോള്‍ട്ട് ആന്റ് പെപ്പറില്‍ രുചിയുടെ ആത്മീയാന്വേഷണത്തിന് തീരെ ഇടമുണ്ടായിരുന്നില്ല. ഉസ്താദ് ഹോട്ടല്‍ ആ അന്വേഷണമാണ് നടത്തുന്നത്.

രുചിയുടെ അസാധാരണ പെരുമയുമായി കോഴിക്കോട് കടപ്പുറത്ത് തലപൊക്കി നില്‍ക്കുന്ന ഉസ്താദ് ഹോട്ടല്‍. അതിന്റെ ഉടമയായ കരീമിക്കയും (തിലകന്‍)
പേരക്കുട്ടി ഫൈസിയും (ദുല്‍ഖര്‍ സല്‍മാന്‍)ചേര്‍ന്ന് സൃഷ്ടിക്കുന്ന നാവില്‍ വെള്ളമൂറുന്ന രുചിക്കൂട്ടാണ് ഈ സിനിമ. അനേക കാലം കോഴിക്കോട് നഗരത്തിലും കല്ല്യാണപ്പുരകളിലും ആവി പാറുന്ന ബിരിയാനി വെച്ചു വിളമ്പിയ വെപ്പുകാരന്‍ കരീമിന്റെ പേരക്കുട്ടിക്ക് ചോരയില്‍ കലര്‍ന്ന വികാരമാണ് രുചിയുടെ രസക്കൂട്ടുകള്‍. വിദേശത്ത് ബിസിനസ് മാനേജ്മെന്റ് പഠിക്കുന്നതിന് പകരം അയാള്‍ പൈതൃകത്തിന്റെ വഴിയിലാണ് വന്ന് നില്‍ക്കുന്നത്. ഷെഫ് ആകുക എന്നതാണ് അയാളുടെ ഏറ്റവും വലിയ സ്വപ്നം. സ്വന്തം പിതാവിനോടുപോലും അതിന്റെ പേരില്‍ കലഹിക്കേണ്ടിവരുന്നുണ്ട് അയാള്‍ക്ക്.

 

 

സുലൈമാനിയും മൊഹബ്ബത്തും
ഉപ്പുപ്പ പേരക്കുട്ടിയോട് പറയുന്ന ഒന്നു രണ്ട് വാചകങ്ങളും കൊടുത്തുവിടുന്ന ഒരു കത്തുമാണ് ഈ സിനിമ എന്താണ് എന്ന് പ്രേക്ഷകന് പറഞ്ഞുതരുന്നത്. ‘ഓരോ സുലൈമാനിയിലും ഓരോ മൊഹബ്ബത്തുണ്ട്’ എന്ന് ആ ഉപ്പുപ്പ പേരക്കുട്ടിക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്. ‘വയറ് നിറയ്ക്കാന്‍ ആര്‍ക്കും കഴിയും; പക്ഷേ, കഴിക്കുന്നവന്റെ മനസ്സ് നിറയ്ക്കുന്നതാണ് കൈപ്പുണ്യം’ എന്ന് വിശ്വസിക്കുന്ന ഈ വൃദ്ധന്‍ തേടുന്നത് ഭക്ഷണത്തിലെ ആത്മീയാംശം അല്ലാതെ മറ്റെന്താണ്?

ഭക്ഷണം വിളമ്പുക വെറുമൊരു കച്ചവടമല്ല എന്ന് അയാള്‍ പ്രഖ്യാപിക്കുകയാണ്. കാക്കത്തൊള്ളായിരം ഭക്ഷണശാലകളുണ്ട് ഈ നാട്ടില്‍. എന്തെങ്കിലും കൊടുത്ത് കാശ് വാങ്ങിക്കളയാം എന്ന വിചാരത്തിലല്ലാതെ നടത്തുന്ന കേന്ദ്രങ്ങളേ രുചിയോടുള്ള തൃഷ്ണ നാവില്‍ ചുരമാന്തുമ്പോള്‍ നമ്മുടെ ഓര്‍മയില്‍ വരാറുള്ളൂ എന്നോര്‍ക്കുക. അതിനു പിന്നില്‍ ഈ കൈപ്പുണ്യമാണ്.

വെജ്-നോണ്‍വെജ് സംവാദം
ഉപ്പുപ്പ തന്റെ മധുരയിലുള്ള സുഹൃത്തിന് പേരക്കുട്ടിയുടെ കൈവശം കൊടുത്തുവിടുന്ന കത്തിലെ വാചകം ഇങ്ങനെയാണ്. ‘എങ്ങനെ ഉണ്ടാക്കണം എന്ന് ഇവനെ ഞാന്‍ പഠിപ്പിച്ചിട്ടുണ്ട്. എന്തിന് ഉണ്ടാക്കണം എന്ന് നീ ഇവനെ പഠിപ്പിക്കണം’ എന്ന്.

രുചിക്കൂട്ടുകള്‍ക്ക് മതപരമായ ചുറ്റുപാടുകളുമായുള്ള ബന്ധം നിഷേധിക്കാനാവില്ല. ബിരിയാനി ഇന്ന് എല്ലാവരുടെയും രുചിയാണെങ്കിലും അത് കടന്നുവന്ന പശ്ചാത്തലം എല്ലാവര്‍ക്കും അറിയാം. ബിരിയാനി വെച്ച് തഴമ്പുവീണ കരീം, കത്തും കൊടുത്ത് പേരക്കുട്ടിയെ അയക്കുന്നത് സാമ്പാറും പുളിശേãരിയും ഇഡലിയും വടയുമൊക്കെ ഉണ്ടാക്കുന്ന വെജിറ്റേറിയന്‍ സുഹൃത്തിന്റെ അടുത്തേക്കാണ്.

വെജിറ്റേറിയന്‍ നോണ്‍ വെജിറ്റേറിയന്‍ ടേബിളിന്റെ ഇരുപുറവുമിരുന്ന് മതത്തിന്റെയും ജാതിയുടെയും സംവാദം പെരുപ്പിക്കുന്ന തലകളെ ഉള്ളി അരിയുംപോലെ അരിഞ്ഞുവീഴ്ത്തുകയാണ് തിരക്കഥാകൃത്ത് അഞ്ജലി മേനോനും അന്‍വര്‍ റഷീദുംകൂടി ഇവിടെ.

വിശപ്പും വിഭവവും
‘ഒരാളുടെ ഹൃദയത്തിലേക്ക് കടക്കാനുള്ള ഏറ്റവും നല്ല വഴി വായയാണ്’ എന്ന പഴമൊഴിയെ ഉസ്താദ് ഹോട്ടല്‍ എപ്പോഴും ഓര്‍മിപ്പിക്കുന്നുണ്ട്. രുചിയുടെ ഈ വായനക്ക് ഒരു സൂഫി ടച്ചുണ്ട്. അത് ചിത്രത്തില്‍ എപ്പോഴും കിടന്ന് തിളയ്ക്കുന്നുമുണ്ട്. വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുന്ന ശീലത്തില്‍നിന്നും വിശക്കാത്തപ്പോഴും ഭക്ഷണം കഴിണം എന്ന വിചാരത്തിലേക്ക് ‘വളര്‍ന്ന’ മലയാളിക്ക് വിശപ്പിന്റെ മറുവശം കാണിച്ചുകൊടുക്കുമ്പോള്‍ ഉയരുന്നത് ഒരു സൂഫീ സംഗീതത്തിന്റെ ഏറ്റവും നേര്‍ത്ത സ്ഥായിയിലുള്ള ഈണമാണ്.

പാരമ്പര്യത്തെയും പുതുകാലത്തെയും ചേര്‍ത്ത് നിര്‍ത്തിയാല്‍ ഉണ്ടാകാവുന്ന വിപണന സാധ്യത പരോക്ഷമായി ചൂഷണം ചെയ്യുമ്പോഴും വിശപ്പ് എന്ന ഭാവത്തിന്റെ മറുകരയിലേക്കാണ് ഈ സിനിമ കടന്നുപോകുന്നത്. വില്ലന്‍ എന്ന് തോന്നിപ്പിക്കുന്ന ഒരു കഥാപാത്രം രംഗപ്രവേശം ചെയ്യുമ്പോഴും മധുരയിലേക്ക് വണ്ടി കയറുമ്പോഴും സിനിമ കൈവിട്ടുപോയി എന്ന് തോന്നിപ്പിക്കുകയും മറ്റൊരു സാധാരണ ചിത്രമായി മാറുന്നു എന്ന് പ്രതീതി ജനിപ്പിക്കുകയും ചെയ്തെങ്കിലും അസാധാരണമായ കൈയൊതുക്കത്തോടെ മടങ്ങിവരുന്നുണ്ട്. ഒടുവില്‍, മറ്റൊരോ തയാറാക്കിയ ഭക്ഷണത്തിന് മുന്നില്‍ ഊഴം കാത്തിരുന്നേ മതിയാകൂ എന്ന് പറഞ്ഞാണ് സിനിമ തീരുന്നത്.

 

 

തിലകന്റെ സിനിമ
സത്യത്തില്‍ തിലകന്‍ എന്ന ജീനിയസിന്റെതാണ് ഈ സിനിമ. മറ്റൊരു നടനെയും ആ റോളില്‍ പാകമാക്കാന്‍ പറ്റില്ല. മറ്റൊരു നടനായിരുന്നെങ്കില്‍ എന്തിലിട്ടാലും രുചി മാറാത്ത ഉരുളക്കിഴങ്ങുപോലെ തള്ളിക്കയറി നിന്നേനെ. തിലകനോട് മലയാള സിനിമയിലെ മേലാപ്പീസറന്മാരും കമ്മിസാറുമാരും ചെയ്തുകൊണ്ടിരിക്കുന്ന തോന്ന്യവാസത്തിനുള്ള മറുപടികൂടിയാണ് ഈ സിനിമ.

ദുല്‍ഖര്‍ സല്‍മാന്‍ ആദ്യ ചിത്രത്തില്‍ നിന്ന് ഒത്തിരി വളര്‍ന്നിട്ടുണ്ട് ഈ ചിത്രത്തില്‍. പക്ഷേ, ആ റോളില്‍ ദുല്‍ഖര്‍ ഇല്ലെങ്കിലും ഈ സിനിമയ്ക്ക് ഒന്നും സംഭവിക്കില്ല. കാരണം, ഇത് തിലകന്റെ സിനിമയാണ്. തിലകനാണ് നായകന്‍. നായികയായി അഭിനയിക്കുന്ന പാവം നിത്യാ മേനോന് ദുല്‍ഖറിനൊപ്പം കറങ്ങി
നടക്കുക എന്ന പതിവ് ഡ്യൂട്ടിക്കപ്പുറം ഒന്നും ചെയ്യാനില്ല. നായിക ഒഴികെ ഒരു സീനില്‍ മാത്രം വന്നു കടന്നുപോകുന്ന കഥാപാത്രങ്ങള്‍ക്കുപോലും വ്യക്തിത്വമുണ്ട്

തൊപ്പിയും പെണ്ണും
അഞ്ച് നേരവും പള്ളിയില്‍ പോകുന്ന റംസാന്‍ മാസത്തില്‍ ഒറ്റ നോമ്പും ഒഴിവാക്കാത്ത നല്ലവരായ നിരവധി മുസ്ലിം സുഹൃത്തുക്കള്‍ എനിക്കുണ്ട്. സദാസമയവും തൊപ്പി തലയില്‍ വെച്ചല്ല അവരെല്ലാം നടക്കാറ്. അങ്ങനെ ചെയ്താലേ മുസ്ലിം ആയി ഒരാളെ ചിത്രീകരിക്കാനാകൂ എന്ന സ്ഥിരം പാരഡൈമില്‍നിന്ന് ഈ
ചിത്രവും മോചിതമല്ല എന്ന് പറയാതെ നിവൃത്തിയില്ല.

ഒരു പെണ്ണ് തിരക്കഥ എഴുതിയിട്ടും ഒരു പെണ്‍കഥാപാത്രങ്ങള്‍ക്കുപോലും കരുത്ത് പകരാന്‍ കഴിഞ്ഞതുമില്ല. മാത്രമല്ല, സ്ത്രീകള്‍ക്ക് എല്ലാം എളുപ്പമാണ് എന്ന പെണ്‍വിരുദ്ധമായ ഡയലോഗു പോലും പുരുഷനെക്കൊണ്ട് അഞ്ജലി മേനോന്‍ പറയിപ്പിച്ചു കളഞ്ഞു. എങ്കില്‍ എളുപ്പത്തില്‍ ഒരു കുഞ്ഞിന്റെ തന്തയാകാമോ? എന്ന് തിയറ്ററിലെ ഇരുട്ടില്‍ ഒരു പെണ്‍ശബ്ദം അടക്കിപ്പിടിച്ച സ്വരത്തില്‍ പറയുന്നത് അപ്പോള്‍ കേട്ടു. അവര്‍ അത് ഭര്‍ത്താവിനോടായിരിക്കും പറഞ്ഞിരിക്കുക.

ഒത്തിരിയൊത്തിരി സിനിമകള്‍ക്ക് ലൊക്കേഷനായ കോഴിക്കോടിനെ ഇത്രയും മനോഹരമായി മറ്റൊരു ചിത്രത്തിലും പകര്‍ത്തിയിട്ടുണ്ടാവില്ല. അത്രയ്ക്ക്
കേമമാണ് ലോകനാഥന്റെ ക്യാമറ. ‘ബ്രിഡ്ജ്’ എന്ന 20 മിനിട്ട് സിനിമയിലൂടെ നല്‍കിയ പ്രതീക്ഷ അന്‍വര്‍ റഷീദ് സഫലമാക്കിയിരിക്കുന്നു.

 

 

അന്‍വര്‍ റഷീദിന്റെ കൈപ്പുണ്യം
പോരായ്മകളോ മറുഭാഷാ ചിത്രങ്ങളോട് സാമ്യമോ ഇല്ലെന്നല്ല. വികസിപ്പിക്കാവുന്ന ഒരു പിടി കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളുമൊക്കെ വേണ്ടെന്നുവെച്ചുകളഞ്ഞു. നാല് ഇത്താത്തമാരെയും ഒരു മ്യൂസിക്കല്‍ ബാന്‍ഡിനെയുമൊന്നും വേണ്ടവണ്ണം ഉപയോഗപ്പെടുത്തിയുമില്ല.

ഫതീഹ് അകിന്‍ സംവിധാനം ചെയ്ത ‘സോള്‍ കിച്ചണ്‍’ എന്ന ജര്‍മന്‍ ചിത്രവുമായി ഈ സിനിമയ്ക്കുള്ള സാദൃശ്യങ്ങള്‍ തികച്ചും യാദൃച്ഛികമാണെന്ന്
വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതിലെ പ്രധാന കഥാപാത്രമായ അരക്കിറുക്കനായ ഷെഫ് വാതിലില്‍ കത്തികൊണ്ട് തറച്ചുവെച്ച കുറിപ്പിലെ വാചകം ‘ ‘Voyager hasn’t been reach his target. It is not over…’ എന്നാണ്. ഒടുവില്‍ അന്‍വര്‍ പറയാന്‍ ശ്രമിക്കുന്നതും അതുതന്നെയല്ലേ?

പക്ഷേ, ഈ ചിത്രം കണ്ടതിനുശേഷമെങ്കിലും ‘സോള്‍ കിച്ചണ്‍’ കാണുന്നവര്‍ക്ക് ഒരു കാര്യം ബോധ്യമാകും. ഫതീഹ് അകിനെക്കാള്‍ എത്രയോ മികച്ച കൈപ്പുണ്യത്തോടെയാണ് അന്‍വര്‍ റഷീദ് ഈ സിനിമ പാകപ്പെടുത്തിയിരിക്കുന്നത് എന്ന്.

എങ്കിലും പറഞ്ഞേ പറ്റൂ അടുത്ത കാലത്ത് മലയാളത്തിലിറങ്ങിയ ഏറ്റവും മികച്ച സിനിമ തന്നെയാണിത്. ഇതിനെ വെല്ലാന്‍ ഇനിയും സിനിമകള്‍ വരട്ടെ…

 

 

മുറിവാല്‍
ഇനിയും ഈ സിനിമ കണ്ടിട്ടില്ലാത്തവരോട് ഒരു നിര്‍ദേശം പറയാനുണ്ട്. നിറഞ്ഞ വയറുമായി ഈ സിനിമ കാണാന്‍ പോകരുത്. വിശന്നു പൊരിയുന്ന വയറുമായാണെങ്കില്‍ അത്യുത്തമം. കാരണം, വിശപ്പാണ് ഏറ്റവും നല്ല കറി എന്നൊരു ചൊല്ലുണ്ട്. സ്വന്തം സിനിമകളുടെ ചെടിപ്പ് മാറ്റാന്‍ മലയാളത്തിലെ ഒട്ടുമിക്ക സംവിധായകര്‍ക്കും ഈ സിനിമ ശുപാര്‍ശ ചെയ്യുന്നു.

when you share, you share an opinion
Posted by on Jul 1 2012. Filed under സിനിമ. You can follow any responses to this entry through the RSS 2.0. You can skip to the end and leave a response. Pinging is currently not allowed.

20 Comments for “ഉസ്താദ് ഹോട്ടലില്‍ അന്‍വര്‍ റഷീദ് വിളമ്പുന്നത്”

  1. unni

    എല്ലാത്തിനേം വിമര്‍ശിക്കുന്ന മാന്യന്മാര്‍ക്ക് എന്നാ പിന്നെ എല്ലാം തികഞ്ഞൊരു സ്ക്രിപ്റ്റ് എഴുതികൂടെ ???

       2 likes

  2. siraj abdulla

    ഇതിലെവിടെയാ ഉണ്ണീ വിമര്‍ശനം.
    അങ്ങന കരുതിയാണ് ഞാനും വായിച്ചു തുടങ്ങിയത്.
    നല്ല അഭിപ്രായമാണല്ലോ ഈ സിനിമയെക്കുറിച്ച്
    പറഞ്ഞിരിക്കുന്നത്. ഉണ്ണി ഇതു വായിച്ചിട്ടില്ലേ?

       0 likes

  3. Rawoof

    ചില ആളുകളുണ്ട് കല്യാണത്തിനു സ്ഥിരമായി പോകും എന്നിട് വയറു നിറയെ കഴിക്കും എനിട്ട്‌ പുറത്തു വന്നിട്ട് പറയും കൊള്ളാം നല്ല ഭക്ഷണം പക്ഷെ ബിരിയാണിയില്‍ കുറച്ചു ഉപ്പു കൂടുതലായിരുന്നു ബിരിയാണി മസാലയില്‍ എരിവ് കുറവായിരുന്നു അങനെ ആയിരം കുറ്റങ്ങള്‍ അത് പോലയാണ് ഇപ്പോള്‍ കുറച്ചു മുറിവാലന്മാര്‍ ഇറങ്ങിയിട്ടുണ്ട് സിനിമയില്‍ സ്ത്രീകള്‍ക് പ്രാധാന്യം ഉണ്ടോ ഇല്ലെ എന്നതാണ് അവരുടെ പ്രശ്നം പോന്നു സഹോദര ആദ്യം നിങ്ങളുടെ ഈ നിലപാടുകള്‍ മാറണം സ്ത്രീക് അര്‍ഹാതപെടതനങ്കില്‍ നല്ല റോളുകള്‍ സിനിമയില്‍ ഉണ്ടാകും. ഏറ്റവും മികച്ച സ്ത്രീ എയുതുകാര്‍ ഉള്ളത് ഇറാനിയന്‍ സിനിമകളില്‍ ആണ് അവര്‍ ഒന്നും സിനിമയെ കാണുനത് സ്ത്രീകള്‍ക് പ്രാധാന്യം ഉണ്ടോ ഇല്ലയെ എന്നല്ല സമൂഹത്തില്‍ നമുക്ക് ചുറ്റും ജീവികുന്നവരെയാണ് അവര്‍ പറയാന്‍ ശ്രമികുനത് അതെന്നു മനസിലാകണം

       3 likes

    • anne

      റവൂഫ്, നിങ്ങളെ പോലുള്ളവര്‍ ജീവിതത്തിലും സ്ത്രീകലക്ക് പ്രത്യേകം പ്രദാന്യം കൊടുക്കുകയോ മാനിക്കുകയോ ചെയ്യില്ല, അത് കൊണ്ടാണ് ഇങ്ങിനെ എഴുതുന്നത്…

         0 likes

      • rawoof

        നിങ്ങളെ പോലുള്ള അല്‍പ ബുധികളോട് എന്ത് പറഞ്ഞാലും അത് സ്ത്രീ വിരുധതയാകും എന്നെ വ്യക്തിപരമായി അറിനിരുനെനെങ്കില്‍ നിങ്ങള്‍ ഈ അഭിപ്രായം പറയില്ല ഒരാളെ കുറിച്ച് അറിയാതെ ആക്ഷേപം ഉന്നയികുനത് ഉത്തരം മാറ്റുമ്പോള്‍ മാത്രമാണ് ഞാന്‍ പറഞ്ഞത് നിങ്ങള്ക് മനസിലായിട്ടില്ല എന്നത് സാരം

           0 likes

  4. Anoop.M.Das

    “സ്ത്രീകള്‍ക്ക് എല്ലാം എളുപ്പമാണ്” എന്ന് ആ കഥാപാത്രം പറഞ്ഞെങ്കിലും, അടുത്ത സീനില്‍ അത് അങ്ങനെ അല്ല എന്ന് ആ കഥാപാത്രം അനുഭവിക്കുന്നും ഉണ്ട് . അപ്പോള്‍ “ഇപ്പോള്‍ മനസ്സിലായില്ലേ സ്ത്രീകളുടെ ബുദ്ധിമുട്ടുകള്‍” എന്ന് തിരിച്ചും ചോദ്യം ഉണ്ട്

       4 likes

  5. ഹരി...

    അനൂപ്‌ പറഞ്ഞതാണ്‌ ഞാനും പറയാന്‍ വന്നത്,വളരെ കൃത്യമായി,ആണിനെ പെണ്ണ് അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസിലാക്കി കൊടുത്തിരിക്കുകയാണ്.എന്നിട്ട് ഈ വക അഭിപ്രായം പറയണ കാണുമ്പോ സഹതാപം തോന്നുന്നു.
    പിന്നെ,മുസ്ലിം കഥാപാത്രമാണെന്ന് തെളിയിക്കാനോ ,അത് തെളിയിക്കാന്‍ മുസ്ലിം തൊപ്പി വഴിയോ ഒന്നും ഇവിടെ ആരും ശ്രമിച്ചതായി എനിക്ക് തോന്നിയില്ല.അതിന്റെ ഒരു ആവശ്യവും ചിത്രതിലില്ലതാനും.സിദ്ദിക്കിനെയും ദുല്ഖരിനെയും ഒക്കെ കാണിക്കുന്നത് അങ്ങനെ അല്ലതാനും.ചില കഥാപാത്രങ്ങള്‍ തൊപ്പി വക്കുന്നു ചിലര്‍ വച്ചിട്ടില്ല…എന്തിനു ഇങ്ങനെ ഒരു പ്രാധന്യവുമില്ലാത്ത കാര്യങ്ങളുടെ പിന്നാലെ പോയി ബാകി എഴുത്യിരിക്കുന്ന കാര്യങ്ങളുടെ ശ്രദ്ധ കളയുന്നു…?
    മനോഹരമായ ഈ ചിത്രത്തെക്കുറിച്ച് വേറെ എന്തൊക്കെയുണ്ട് എഴുതാന്‍….
    പറ്റുമെങ്കില്‍ ഇനി വരുന്ന സിനിമക്ക് റിവ്യൂ എഴുതാന്‍ എനിക്ക് ഒരവസരം തരൂ….

       3 likes

  6. anilwilson

    വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കുന്ന സ്ഥിരം പരിപാടി.

       0 likes

  7. മാത്യൂ തരകൻ

    വിമർശനം മുതൽമുടക്കില്ലാത്ത ഒരു ഉപജീവനമാർഗ്ഗമായി സ്വീകരിച്ചിരിക്കുന്ന ഒത്തിരി ഇത്തിക്കണ്ണികൾ നമ്മുടെ സമുഹത്തിന്റെ അവിഭാജ്യ ഘടകമാറികഴിഞ്ഞു.

       0 likes

  8. Firdos k.n

    പാചകം ചെയ്യാന്‍ അറിയാവുന്നവരേ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കാവൂ…
    അവരേ ഭക്ഷണം നല്ലതാണോ മോശമാണോ എന്ന് അഭിപ്രായം പറയാവൂ….
    ഉണ്ണിയെപ്പോലുള്ളവരുടെ അഭിപ്രായം കേട്ടാല്‍ അങ്ങനെയാ തോന്നുന്നത്…
    കാശുമുടക്കി സിനിമ കാണുന്നവര്‍ക്ക് അതേ കുറിച്ച് അഭിപ്രായം പറയാന്‍ അവകാശവുമുണ്ട്..
    നല്ല റിവ്യൂ ആണ്
    keep it up Sanjeev

       0 likes

    • True Commnter

      ഈ വര്‍ഷത്തിലെ ഏറ്റവും വലിയ വിഡ്ഢിത്തം പറയല്ലേ ഫിര്‍ദോസ് ഭക്ഷണം പാകം ചെയ്യാന്‍ അറിയുനവര്‍ മാത്രമേ ഹോട്ടലില്‍ കയറാന്‍ പാടുള്ളൂ എന്നാണെങ്കില്‍ പലരും വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാല്‍ പട്ടിണി കിടകേണ്ടി വരും കാശു മുടകുനവര്ക് അഭിപ്രായം പറയാം പക്ഷെ മുകളിലെ കമന്റ്‌ പോലെ എന്തിനെയും വിമര്ഷികുനവരോട് എന്ത് പറയാന്‍ പിന്നെ നിങ്ങള്‍ ഈ സിനിമ കണ്ടിട്ടില്ല എന്നും തോനുന്നു

         0 likes

  9. “സ്ത്രീകള്‍ക്ക് എല്ലാം എളുപ്പമാണ്” എന്ന് ഒരു പുരുഷ കഥാപാത്രം പറയുന്നു എന്നത് സിനിമയിലെ സ്ത്രീ വിരുദ്ധതയുടെ അടയാളമാണോ!? agreeing with Anoop on this.

       2 likes

  10. Ami

    Dear Annammakutty & Sanjeev Swaminathan

    Congratulations for your review on Ustad Hotel, which I must admit, drove film lovers in droves to the theatres. And, I was one among them!
    Hats off to you for the free-flowing language and uncanny knack in juxtaposing the ideas, but not for the content or the thoughts.
    As I left the theatre after 120 plus minutes, my mind was filled with thoughts. Not about Anwar Rasheed nor Anjali Menon. But it was all about you, our beloved reviewers!
    Why did you sing paean in unison for one of the average movies made in Malayalam this year?

    Do you think Ustad Hotel is the finest thing that has ever happened in Malayalam cinema?
    The answer is simple: No, not at all.

    Has Anwar Rasheed grown as a finest movie maker?
    No. Not at all. The film didn’t give even a hint about it. (But he knows the craft to make commercially viable movies.)

    Did the film show the intricacies of human relationships?
    Are you joking, dude?

    Let me tell you why.
    The movie is based on a loosely written, flawed story. The director and the scriptwriter try to fill the age-old, redundant clichés about Muslims in a new bottle.
    Sample the character played by Siddique. His wait for a baby boy, migration to the Gulf, second marriage at an older age (after marrying off all his daughters) and his greed for wealth, to list a few. Remember, he began wearing the scull-cap after he became a wealthy man.

    Thilakan: The only silver lining in the movie, though the role doesn’t ask much from the versatile actor. He’s the epitome of all virtues, who shares everything with his employees and sends a fixed amount to a friend in Madurai (We’ve seen characters like this many a time)

    Nitya Menon: She has to wear a Burqa to enter her house, but she flies like a free bird out of the four walls (blame it on her family!)

    Dulqar: Doesn’t look like he has a bright acting career ahead of him. But he’s a lucky guy. He can always piggyback on his dad’s clout.

    Jokes and twists: The poor joke on joint family. It’s ages old, isn’t it? (Anjali had spent her childhood in the Middle East, but what about Anwar Rasheed?)

    The long journey to Madurai: How many times have we seen images like this? Should he go to Madurai to see starving folks?

    The TV expose: It’s the essential ingredient of any Malayalam cinema these days, right?

    At the end, the hero, heroine and their families join hands to set up a hotel on the lovely beach with a sole aim to make money! (That completes the story of a Muslim family who relishes the art of making money. A small step in the attempt to make Kerala a ‘GREEN’ country!)

    Thank you very much, our beloved reviewers.
    Keep writing.
    Feed the readers with your incisive insights.

    THE END

    Ami

       1 likes

    • Passenger

      അമി എങ്കില്‍ നിങ്ങള്‍ എടുക്കൂ ഒരു നല്ല സിനിമ
      വെറുതെ വിടുവായത്തം പറയല്ലേ അല്പത്തരം വിളംബാതിരികൂ

         0 likes

    • Kozhikottukaran

      Lame comment

         0 likes

  11. റിവ്യൂ കൊള്ളാം. പടവും കൊള്ളാം. പക്ഷേ റിവ്യൂവില്‍ പറഞ്ഞിട്ടുള്ള രണ്ട് വിമര്‍ശനങ്ങളോട് (ആകെ രണ്ടെണ്ണമേ ഉള്ളെന്ന് തോന്നണ്) യോജിക്കാന്‍ ഒക്കുന്നില്ല. തിലകന്‍റെ ജനറേഷനില്‍ ബാക്കിയുള്ള പല മുസ്ലീംകളും ഇപ്പോഴും തലയില്‍ തൊപ്പി വക്കുന്നുണ്ട്. ആ കഥാ പാത്രത്തെ ഒരു മുസ്ലീം ആയി ആണ് ചിത്രീകരിച്ചിരിക്കുന്നത് എന്ന് ചിന്തിക്കുന്നത് സഞ്ജീവിലെ വിമര്‍ശകന്‍റെ കണ്ണിലെ പരിമിതി മാത്രം ആണ്. നേരെ മറിച്ച് തിലകന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിമിതികള്‍ക്കപ്പുറം കണ്ടാല്‍ ആ തൊപ്പിയടക്കം എല്ലാം വളരെ മാച്ച് ആണ് അന്നദാനത്തിലെ ആത്മീയത അറിയുന്ന ഒരു സൂഫിയെ പോലെ. ഇനിയിപ്പൊ മുസ്ലീം തന്നെ ആയിട്ട് കണ്ടാലും ആ ഒരു പ്രായവും ജനറേഷനും വച്ച് തൊപ്പി ഉണ്ടായി എന്നതില്‍ തെറ്റില്ല.

    രണ്ടാമത്തെ കാര്യം: സ്ത്രീകള്‍ക്ക് എല്ലാം എളുപ്പമാണ് എന്ന ഒരു ഡയലോഗ് പുരുഷനെ കൊണ്ട് പറയിച്ചു എന്ന് പറഞ്ഞതും വിമര്‍ശകന്‍റെ കണ്ണിലെ പരിമിതി. അവിടെ സത്യത്തില്‍ സഞ്ജീവ് പകുതിയേ കണ്ടുള്ളൂ എന്ന് ചിന്തിക്കേണ്ടി വരും. കാരണം സത്യത്തില്‍ ആ രംഗങ്ങള്‍ കണ്ടാല്‍ മനസ്സിലാവുന്നത്, സ്ത്രീകള്‍ക്ക് എല്ലാം എളുപ്പമാണ് എന്ന ഒരു പുരുഷ ചിന്താഗതി തെറ്റാണ് എന്ന് സ്ഥാപിക്കുകയാണ് അഞ്ജലീ മേനോന്‍ ചെയ്യുന്നത്. (പര്‍ദ്ദയിട്ട് നായകന്‍ അനുഭവിക്കുന്നതും, അപ്പോള്‍ നായികയുടെ മറുപടി ഡയലോഗും സഞ്ജീവ് എന്ത് കൊണ്ട് കണ്ടില്ലെന്ന് അറിയില്ല.

    കൂടാതെ സിനിമയിലെ നായകന്‍റെ ചിന്തകള്‍ക്ക് ടേണിംഗ് പോയിന്‍റ് ആവുന്ന കഥാപാത്രം പറയുന്ന കഥ നമുക്ക് പുതിയ കഥ അല്ല. അത് ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ ചരിത്രം ആയി നമ്മള്‍ അടുത്തിടെ വാര്‍ത്തകളില്‍ വായിച്ചതാണ്.

       0 likes

  12. പിന്നെ, പറയാന്‍ വിട്ട ഒരു കാര്യം.. ഉസ്താദ് ഹോട്ടലിലെ ആ പാട്ട് എഴുതിയവനേം, സംഗീതം ചെയ്തവനേം ഓതിയവരേം അതിനൊപ്പം പേക്കൂത്ത് നടത്തിയതുങ്ങളേം ഒന്നിനേം വിടാതെ പിടിച്ച് വല്ല ഭ്രാന്താശുപത്രീല്‍ ആക്കണം..! എന്തിന മനുഷ്യനെ ഇങ്ങനെ ഛര്‍ദ്ദിപ്പിക്കണേ.. കഷ്ടം!

       0 likes

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers