ന്യൂ ജനറേഷന്‍ വിദ്യാഭ്യാസം: ഒരു വന്‍ വഞ്ചനയുടെ കഥ

 
 
 
ന്യൂജനറേഷന്‍ കോഴ്സുകള്‍ വിദ്യാര്‍ഥികളെ എവിടെയെത്തിക്കുന്നു?
കെ.എസ് ബിനു എഴുതുന്നു

 

കോഴ്സുകളുടെ മഹാപ്രളയത്തില്‍ , തിരിച്ചറിവില്ലാത്ത പ്രായത്തില്‍, ഗുണദോഷവിശകലനസഹിതമായ മാര്‍ഗനിര്‍ദേശങ്ങളുടെ അഭാവത്തില്‍ ന്യൂ ജനറേഷന്‍ കോഴ്സുകളില്‍ എത്തിപ്പെടുന്ന കുട്ടികള്‍ക്ക് മികച്ച ജീവിതസാഹചര്യത്തിനായി നാട്ടില്‍ നിന്ന് അകന്ന്, ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള അന്യദേശങ്ങളില്‍ ജീവിക്കേണ്ടി വരുന്നു. കോര്‍പ്പറേറ്റ് ജീവിതങ്ങളെ പ്രണയിക്കുന്നവര്‍ മാത്രം ഈ ലോകം ആസ്വദിക്കുകയും വിജയിക്കുകയും ചെയ്യുന്നു. ശേഷിക്കുന്ന ലക്ഷക്കണക്കിന് യുവാക്കളില്‍ നല്ലൊരു പങ്ക് വിഫലസ്വപ്നങ്ങളുടെ രാവണന്‍കോട്ടയില്‍ പില്‍ക്കാലം കഴിയേണ്ടി വരുന്നു- ന്യൂജനറേഷന്‍ കോഴ്സുകള്‍ എന്ന ഓമനപ്പേരുകളിട്ട് മാധ്യമങ്ങളും വിദ്യാഭ്യാസ വിദഗ്ദരും ശുപാര്‍ശ ചെയ്യുന്ന പുത്തന്‍ പഠനവഴികള്‍ നമ്മുടെ കുട്ടികളെ എവിടെയാണ് എത്തിക്കുന്നത്? കെ.എസ് ബിനു എഴുതുന്ന അനുഭവസാക്ഷ്യം.

 

 
ഇന്ത്യന്‍ വിദ്യാഭ്യാസരംഗം അഭൂതപൂര്‍വ്വമായ പുരോഗതിയാര്‍ജിക്കുന്ന കാലമാണിത്. ഹൈ ക്വാളിറ്റി – ഉന്നതവിദ്യാഭ്യാസം ലഭിക്കുന്ന യുവാക്കളുടെ ശതമാനം അത്ഭുതകരമായ രീതിയില്‍ വര്‍ധിച്ചിരിക്കുന്നു. രാജ്യത്ത് പുതുതായി ആരംഭിച്ച ഉന്നതവിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളും സര്‍വ്വകലാശാലകളും എണ്ണിയാലൊടുങ്ങാത്ത പുതിയ പഠനശാഖകളും ഈ വളര്‍ച്ചയില്‍ കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍, ഈ വളര്‍ച്ചക്ക് മറ്റ് ചില വശങ്ങള്‍ കൂടിയുണ്ട്. ഗുണനിലവാരത്തിന്റെ പുറന്തോടിനുള്ളില്‍ ആരുമറിയാതെ മിടിക്കുന്ന ചില നേരുകള്‍., ചില ധര്‍മ സങ്കടങ്ങള്‍,. അവയൊക്കെ പകല്‍വെളിച്ചത്തിലും ആരാലും കാണാതെ പോകുന്നു.

കെ.എസ് ബിനു


കൊഴിയുന്ന സ്വപ്നങ്ങള്‍
പുതുതലമുറ കോഴ്സുകളുടെ ഉല്‍സവപ്പറമ്പാണ് ഇപ്പോള്‍ നമ്മുടെ കോളജുകള്‍.. ഒന്നരപ്പതിറ്റാണ്ടേയുള്ളൂ ഈയവസ്ഥക്ക്. ബയോടെക്നോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി തുടങ്ങിയ ന്യൂ ജനറേഷന്‍ കോഴ്സുകള്‍ “ജനറല്‍, മെഡിക്കല്‍ , ഇന്‍ഡസ്ട്രിയല്‍ , അപ്ലൈഡ്” തുടങ്ങി നേരിയ വ്യത്യാസങ്ങളോടെ പുതിയ പുറന്തോടുകളില്‍ അവതരിക്കപ്പെടുകയായിരുന്നു. ഇതിനാവട്ടെ, അനുകര്‍ത്താക്കള്‍ ഏറെയായിരുന്നു. മുഖ്യധാരാമാധ്യമങ്ങള്‍ അവയെ വാനോളം പുകഴ്ത്തി. വിദ്യാഭ്യാസവിദഗ്ദ്ധര്‍ അവയുടെ അനന്തസാധ്യതകളെക്കുറിച്ച് നീണ്ട ലേഖനങ്ങള്‍ എഴുതി. എവിടെത്തിരിഞ്ഞ് നോക്കിയാലും പുതിയ കോഴ്സുകള്‍! അനന്തസാധ്യതകള്‍!

പ്ലസ് ടു കഴിഞ്ഞിറങ്ങുന്ന, മെഡിക്കല്‍ / എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകളില്‍ വിജയിക്കാത്തവരും ആ മേഖലകളില്‍ താല്പര്യമില്ലാത്തവരുമായ മിടുക്കരായ ഒരുപാട് കുട്ടികള്‍ മേല്‍പ്പറഞ്ഞ ‘സ്പെഷ്യല്‍’ കോഴ്സുകളിലേയ്ക്ക് മുന്നും പിന്നും നോക്കാതെ എടുത്തുചാടി. മാധ്യമങ്ങളും ലേഖനങ്ങളും അവര്‍ക്ക് പ്രചോദനമായി. ഗുണദോഷങ്ങളെക്കുറിച്ച് അഭിപ്രായമോ ഉപദേശമോ ആരായാന്‍ അവര്‍ക്ക് മുമ്പില്‍ മുന്‍ഗാമികള്‍ ഇല്ലായിരുന്നു. അവരായിരുന്നു അത്തരം കോഴ്സുകളുടെ ആദ്യതലമുറവിദ്യാര്‍ഥികള്‍. അവര്‍ കേട്ടതാകട്ടെ സുന്ദരസുരഭിലസ്വപ്നങ്ങളുടെ സംഗീതം മാത്രം.

എന്നാല്‍, മികച്ച രീതിയില്‍ നാട്ടിലും പുറത്തും പഠനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയവരെ കാത്തിരുന്നത് പക്ഷേ അവരുടെ സ്വപ്നമായിരുന്ന കോഴ്സിനും, കഠിന വിദ്യാഭ്യാസ തപസ്യക്കും, സുദീര്‍ഘങ്ങളായ നിദ്രാവിഹീനവര്‍ഷങ്ങള്‍ക്കും ചേരാത്ത ജോലികളായിരുന്നു. ചെറിയ വരുമാനം മാത്രമുള്ളവയായിരുന്നു അവയില്‍ പലതും. ഉദാഹരണമായി മൈക്രോബയോളജി ബിരുദാനന്തരബിരുദമെടുത്തവര്‍ക്ക് നാട്ടിലെ വലിയൊരു ഉദ്യോഗസ്രോതസ് ആശുപത്രികളായിരുന്നു. ആശുപത്രികളില്‍ /ലാബുകളില്‍ മൈക്രോബയോളജിസ്റുകളായി ജോലിയ്ക്ക് കയറുന്ന ഒരു ബിരുദാനന്തരബിരുദധാരിയ്ക്ക് ആകെ ലഭിക്കുന്നത് ആറായിരമോ എട്ടായിരമോ രൂപയാണ്. ഗവേഷണരംഗത്താവട്ടെ കരാറടിസ്ഥാനത്തില്‍ ലഭിക്കുന്ന അവസരങ്ങള്‍ (പ്രധാനമായും ഫെലോഷിപ്പുകള്‍) ആയിരുന്നു മറ്റൊരു സാധ്യത. അതും സ്ഥിരതയില്ലാത്ത വരുമാനമാണ്.

അങ്ങനെ, ഇക്കാലത്ത് ഒരു കുടുംബത്തിന് കഴിയാന്‍ ഒട്ടും തികയാത്ത വരുമാനം നല്‍കുന്നതായി ഈ കോഴ്സുകള്‍ പെട്ടെന്ന് മാറി. ഭൂരിപക്ഷം വിദ്യാര്‍ഥികളും ലോണെടുത്താണ് ഈ കോഴ്സുകള്‍ പഠിച്ചതെന്നും പഠനം കഴിഞ്ഞ് ലക്ഷങ്ങളുടെ കടക്കാരായാണ് പുറത്തിറങ്ങുന്നതെന്നുമുള്ള വസ്തുത കണക്കിലെടുക്കുക. യൌവ്വനത്തിന്റെ പാതിയെത്തിയ അവര്‍ക്ക് ലോണുകള്‍ തിരിച്ചടയ്ക്കണ്ടേ? അരക്ഷിതമായൊരു സാമ്പത്തികസാഹചര്യത്തില്‍ എങ്ങനെ അവര്‍ കുടുംബത്തെ പോറ്റും?

സ്വകാര്യ കമ്പനി ജോലികള്‍ക്ക് പോവുക എന്നതാണ് അവര്‍ക്ക് മുന്‍പില്‍ അവശേഷിക്കുന്ന പ്രധാന സാധ്യത. പക്ഷേ സര്‍ക്കാറും മറ്റും സഹായിച്ച് നമ്മുടെ നാട്ടില്‍ അത്തരം കമ്പനികള്‍ വിരലിലെണ്ണാന്‍ പോലുമില്ല.

പിന്നെയുള്ള വഴി നാടും വീടും വിട്ട് ബാംഗ്ലൂര്‍ , മുംബൈ തുടങ്ങിയ വിദൂരനഗരങ്ങളില്‍ അല്ലെങ്കില്‍ അതിനുമപ്പുറം അതിവിദൂരപാശ്ചാത്യരാജ്യങ്ങളില്‍ ചേക്കേറുകയാണ്. എന്നാല്‍, വിദേശത്തുപോകുന്നതിനും പ്രവൃത്തിപരിചയപത്രം പോലെയുള്ള കടമ്പകള്‍ ഏറെ.

ഒരു രാവണന്‍ കോട്ടയുടെ പൂമുഖത്താണ് നിങ്ങളിപ്പോള്‍ നില്‍ക്കുന്നത്. അതിന്റെ ഉള്ളറകളിലേക്ക് നമുക്ക് പതിയെ കടക്കാം.

 

 
അധ്യാപകനാവാന്‍ യോഗ്യത വേറെ
എല്ലാ ജോലികള്‍ക്കും അതിന്റേതായ മാന്യതയുണ്ട്. പക്ഷേ അതിനപ്പുറം ചില ആത്യന്തിക സ്വപ്നങ്ങളും കാണുമല്ലോ, എല്ലാവര്‍ക്കും. മൈക്രോബയോളജിയില്‍ ബിരുദാനന്തരബിരുദം നേടിയ, അധ്യാപകനാവുക എന്ന സ്വപ്നം പേറുന്ന, എന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ചിലത് പറയട്ടെ.

ജീവശാസ്ത്രരംഗത്ത് അധ്യാപകനാവാന്‍ ബിരുദാനന്തരബിരുദവും ‘നെറ്റും’ഒരിക്കലും പ്രായോഗിക തലത്തില്‍ യോഗ്യതകളേ അല്ല. ഗവേഷണബിരുദധാരികള്‍ വരെ ഈ
മേഖലയില്‍ സ്ഥിരം തൊഴിലില്ലാതെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്ത് ജീവിക്കുകയാണ്. അവരുടെ എണ്ണമോ മറ്റൊരിടത്തുമില്ലാത്തത്ര ഭീമവും. അവരില്‍ത്തന്നെ ഏറ്റവും മികവ് തെളിയിക്കുന്ന വളരെ ചെറിയൊരു വിഭാഗം ഉപരിപഠനത്തിനും ഗവേഷണത്തിനും ജോലിയ്ക്കുമായി വിദേശങ്ങളിലേയ്ക്ക് വിമാനം കയറുന്നു.

ഇനി ഒരു കോളജ് അധ്യാപകനാകാമെന്ന സ്വപ്നത്തിന് പുറകെ പോകാമെന്ന് വിചാരിച്ചാല്‍ അവിടെയും സ്ഥിതി ദയനീയമാണ്. കേരളത്തില്‍ ഒരു കോളജിലും മൈക്രോബയോളജി, ബയോടെക്നോളജി തുടങ്ങിയ ന്യൂ ജനറേഷന്‍ കോഴ്സുകള്‍ റഗുലറൈസ് ചെയ്തിട്ടില്ല. അതിനാല്‍ കേരളത്തില്‍ ഒരു ആര്‍ട്ട്സ് & സയന്‍സ് കോളജില്‍പ്പോലും ഇത്തരം വിഷയങ്ങളില്‍ സ്ഥിരാധ്യാപകനിയമനം ഇല്ല! എല്ലാം ഗസ്റ് ലക്ചറേഴ്സ് മാത്രം. മണിക്കൂര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അവര്‍ക്ക് ലഭിക്കുന്ന വേതനം അയ്യായിരമോ എണ്ണായിരമോ വരെ മാത്രം.

ഇനിയുള്ള സാധ്യത ഗവേഷണസ്ഥാപനങ്ങളിലും യൂണിവേഴ്സിറ്റികളിലുമാണ്. പക്ഷേ, അവിടെ അധ്യാപകതസ്തികകളില്‍ നിയമനം ലഭിക്കാന്‍ നിങ്ങളുടെ നെറ്റും പിഎച്ച്ഡിയും പോസ്റ്റ് ഡോക്ടറല്‍ ഗവേഷണപരിചയവുമൊന്നും പോര. പണമെറിഞ്ഞാലും അത് കിട്ടില്ല. അതിന് പിടിപാട് വേണം; മന്ത്രിതലത്തില്‍! അതും സംസ്ഥാനമന്ത്രിമാര്‍ പോരാ, കേന്ദ്രമന്ത്രിമാരെങ്കിലും വേണം. എങ്കിലും കിട്ടാന്‍ പാടാണ്. കാരണം ഒരു സ്ഥാനത്തിനുവേണ്ടി ശുപാര്‍ശ ചെയ്യുന്നത് പലര്‍ക്ക് വേണ്ടിയും പല മന്ത്രിമാരായിരിക്കും. രാഷ്ട്രീയസ്വാധീനവും പണവുമില്ലാത്ത ഒരു സാധാരണ മലയാളിയുവാവിന് മുമ്പില്‍ ആ വഴിയും അടയുന്നു.

എങ്കില്‍പ്പിന്നെ ഹയര്‍സെക്കണ്ടറി, സെക്കണ്ടറി അധ്യാപകനാകാമെന്ന് കരുതുക. അവിടെ പക്ഷേ പരമ്പരാഗത സുവോളജി, ബോട്ടണി ബിരുദധാരികള്‍ക്കാണ് പച്ചക്കൊടി
ലഭിക്കുക. മൈക്രോബയോളജി പോലുള്ള ജീവശാസ്ത്ര കോഴ്സുകള്‍ പഠിച്ച ബിരുദാനന്തരബിരുദധാരികള്‍ക്ക് സ്ക്കൂള്‍ തലത്തില്‍ ജീവശാസ്ത്രം പഠിപ്പിക്കുവാനുള്ള യോഗ്യത പോലും നമ്മുടെ അധികാരികള്‍ കല്‍പ്പിക്കുന്നില്ല. അറിയുക, വിദ്യ പകര്‍ന്നുനല്‍കുന്നതിന്റെ മഹിമ തിരിച്ചറിഞ്ഞ് അത് ഒരു ആവേശം പോലെ മനസ്സില്‍ താലോലിക്കുന്ന മനുഷ്യരുടെ മുന്‍പില്‍ ആശകളുടെയും ആദര്‍ശങ്ങളുടെയും വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെടുന്നത് ഇങ്ങനെയാണ്. ഒരു സ്വപ്നം ഇരുളടഞ്ഞ് പോകുന്നതെങ്ങനെയെന്ന് നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോ? അതും ഒരു മുഴുവന്‍ തലമുറയുടെ സ്വപ്നങ്ങള്‍?

അടയുന്ന വാതിലുകള്‍*
വീണ്ടും കോളജില്‍ പോയി സുവോളജിയിലോ ബോട്ടണിയിലോ ഒരു റഗുലര്‍ ബിരുദാനന്തരബിരുദം സമ്പാദിക്കാനുള്ള സാഹചര്യങ്ങള്‍ അന്യമായിക്കഴിഞ്ഞ ഒരാളെന്ന നിലയില്‍ എനിക്കെന്തു ചെയ്യാനാവും? സാഹിത്യത്തോടും ഭാഷയോടുമുള്ള താല്‍പര്യം മുന്‍നിര്‍ത്തി, ജോലിയ്ക്കൊപ്പം കൊണ്ടുപോകാന്‍ കഴിയുന്ന രീതിയില്‍ മലയാളസാഹിത്യത്തിലോ ഇംഗ്ലീഷ് സാഹിത്യത്തിലോ ഒരു ബിരുദാനന്തരബിരുദം നേടാന്‍ ആകുമോ? മിക്കവാറും ഇല്ല എന്ന് തന്നെയാണ് ഉത്തരം. അതിനുകാരണം ഞാന്‍ പഠിച്ച ന്യൂ ജനറേഷന്‍ കോഴ്സിന്റെ ഘടനയാണ്. മറ്റ് പരമ്പരാഗത ബിരുദങ്ങളെപ്പോലെ ഇവയ്ക്ക് ആദ്യ രണ്ടുവര്‍ഷങ്ങളില്‍ പഠിപ്പിക്കുന്ന ഒന്നാം ഭാഷയും രണ്ടാം ഭാഷയുമില്ല. ഒന്നാം വര്‍ഷം പഠിക്കുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് മാത്രം. അത് ഒരു യൂണിവേഴ്സിറ്റിയും ബിരുദാനന്തരബിരുദഭാഷാപഠനത്തിന് യോഗ്യതയായി പരിഗണിക്കുന്നുമില്ല.

ഇനി എങ്ങനെയെങ്കിലും, ഏതെങ്കിലും വിഷയത്തില്‍ ഒരു പരമ്പരാഗത ബിരുദം സ്വകാര്യമായോ വിദൂരവിദ്യാഭ്യാസം വഴിയോ നേടിയെന്ന് വയ്ക്കുക. അതുമായി കേരള പി.എസ്.സിയുടെ മുന്‍പില്‍ ചെന്നാല്‍ അവര്‍ പറയും, മാറിനില്‍ക്കുക എന്ന്. കാരണം കോളേജുകളിലോ യൂണിവേഴ്സിറ്റികളിലോ റഗുലര്‍ ബിരുദ കോഴ്സിന്
പഠിച്ചവരെ മാത്രമേ കേരള കൊളിജിയറ്റ് അധ്യാപക, സ്കൂള്‍ അധ്യാപക നിയമനങ്ങള്‍ക്ക് ആദ്യം പരിഗണിക്കൂ. അതു കഴിഞ്ഞേയുള്ളൂ പ്രൈവറ്റ്/ വിദൂര ഡിഗ്രിക്കാര്‍! തെങ്ങുകളെക്കാള്‍ കൂടുതല്‍ ബിരുദാനന്തരബിരുദധാരികളുള്ള നാട്ടില്‍ ഒരു സ്വകാര്യബിരുദക്കാരന് അങ്ങനെയൊരു അവസരം ലഭിക്കുമെന്ന് കരുതുന്നുണ്ടോ നിങ്ങള്‍?

 

 
വൈകിപ്പോയ തിരിച്ചറിവുകള്‍
ഫലത്തില്‍, കോഴ്സുകളുടെ മഹാപ്രളയത്തില്‍ , തിരിച്ചറിവില്ലാത്ത പ്രായത്തില്‍, ഗുണദോഷവിശകലനസഹിതമായ മാര്‍ഗനിര്‍ദേശങ്ങളുടെ അഭാവത്തില്‍ ന്യൂ ജനറേഷന്‍ കോഴ്സുകളില്‍ എത്തിപ്പെടുന്ന കുട്ടികള്‍ക്ക് മികച്ച ജീവിതസാഹചര്യത്തിനായി നാട്ടില്‍ നിന്ന് അകന്ന്, ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള അന്യദേശങ്ങളില്‍ ജീവിക്കേണ്ടി വരുന്നു. കോര്‍പ്പറേറ്റ് ജീവിതങ്ങളെ പ്രണയിക്കുന്നവര്‍ മാത്രം ഈ ലോകം ആസ്വദിക്കുകയും വിജയിക്കുകയും ചെയ്യുന്നു. ശേഷിക്കുന്ന ലക്ഷക്കണക്കിന് യുവാക്കളില്‍
നല്ലൊരു പങ്ക് വിഫലസ്വപ്നങ്ങളുടെ രാവണന്‍കോട്ടയില്‍ പില്‍ക്കാലം കഴിയേണ്ടി വരുന്നു.

ഈ ദുരന്തത്തിന് ഇരകള്‍ ഉണ്ടായതിന്റെ അനന്തരഫലമാണ് കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്ത. പുതിയ അധ്യയന വര്‍ഷത്തില്‍ പരമ്പരാഗത ആര്‍ട്സ് & സയന്‍സ് ബിരുദ കോഴ്സുകള്‍ക്ക് പ്രിയമേറുന്നു എന്നതാണ് ആ വാര്‍ത്ത, കുട്ടികള്‍ വീണ്ടും ഇംഗ്ലീഷും ഹിസ്ററിയും കണക്കും സുവോളജിയുമൊക്കെ പഠിക്കാന്‍ ധൈര്യവും ആവേശവും കാട്ടുന്നു. അത് ഒരു തിരിച്ചറിവിന്റെ പിന്‍ബലത്തിലാണ്. ഓര്‍ക്കുക, പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുവോളജി പോലുള്ള ബിരുദ കോഴ്സുകളില്‍ വിദ്യാര്‍ഥികളുടെ സംഖ്യ തീരെ തുച്ഛമായിരുന്നു.

ഇനി പറയൂ, ഈ ന്യൂ ജനറേഷന്‍ കോഴ്സുകള്‍ സൃഷ്ടിക്കുന്ന വിദ്യാഭ്യാസവിദഗ്ദ്ധരും അവയ്ക്ക് അനുമതി നല്‍കുന്ന സര്‍ക്കാറുകളും ആ കോഴ്സുകള്‍ക്കു ശേഷം വിദ്യാര്‍ഥികളുടെ അവസ്ഥയെന്ത് എന്ന് അന്വേഷിക്കാന്‍ ബാധ്യസ്ഥരല്ലേ? അങ്ങനെയുള്ള കോഴ്സുകള്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് മറ്റ് പരമ്പരാഗത കോഴ്സുകളില്‍ പ്രവേശനം നിഷിദ്ധമാക്കുന്ന യൂണിവേഴ്സിറ്റി നിയമങ്ങള്‍ മാറേണ്ടതല്ലേ? ആ ബിരുദക്കാര്‍ക്ക് മുന്നില്‍ മറ്റ് കോഴ്സുകളുടെ വാതിലടയുന്ന വിധത്തില്‍ അവയുടെ ഘടനയെ നിര്‍വ്വചിച്ച വിദ്യാഭ്യാസവിദഗ്ദ്ധര്‍ ഇതിനും പരിഹാരം കാണേണ്ടതല്ലേ? അദ്ധ്യാപനമേഖല അവര്‍ക്ക് അന്യമാക്കിത്തീര്‍ത്ത സര്‍ക്കാറുകള്‍ ഇനിയെങ്കിലും തെറ്റു തിരുത്തേണ്ടതല്ലേ? സ്വന്തം മാനവശേഷി വിദേശത്തു കയറ്റി അയക്കാന്‍ മാത്രമേ കൊള്ളൂ എന്ന അവസ്ഥ ഒരു ആധുനിക ജനാധിപത്യരാജ്യമെന്ന നിലയില്‍ എത്രമാത്രം ഹീനമാണ്.

 

 

വിദേശപ്പണമെന്ന ബാഗ് പൈപ്പര്‍*
ഇതേ ന്യൂ ജനറേഷന്‍ കോഴ്സുകളുടെ ആവിര്‍ഭാവ കാലയളവില്‍ തന്നെയാണ് കേരളത്തില്‍ ‘നഴ്സിംഗ് ബൂമും കത്തിപ്പിടിച്ചത്. ബി.എസ്.സി നഴ്സിംഗും ജനറല്‍ നഴ്സിംഗും പഠിപ്പിച്ച് മാലാഖമാരെ സൃഷ്ടിക്കാന്‍ നാടാകെ നഴ്സിംഗ് സ്കൂളുകള്‍ ആരംഭിച്ചു. കുട്ടികളായ കുട്ടികളെല്ലാം ആണ്‍- പെണ്‍ വ്യത്യാസമില്ലാതെ നഴ്സ് പഠനത്തിന് പോയി. ‘അതിബുദ്ധിയുള്ള’ കുട്ടികളും ആ ഒഴുക്കില്‍ പെട്ടു. പലരും നിര്‍ധനരായിരുന്നു.ഭൂരിപക്ഷം വിദ്യാര്‍ഥികളും ഭീമമായ ലോണുകളെടുത്താണ് പഠിക്കുവാനിറങ്ങിയത്.

ഇന്ത്യയില്‍ തട്ടുകടകള്‍ പോലെയാണ് ആശുപത്രികള്‍. പഠനമൊക്കെ കഴിഞ്ഞ് ഈ ആശുപത്രികളില്‍ ജോലിക്ക് കയറിയ കുട്ടികള്‍ക്ക് മിച്ചമെന്താണ്? രാപ്പകലില്ലാത്ത കഠിനാധ്വാനവും, പഠനച്ചിലവിനോടും അധ്വാനത്തോടും ചിലവിട്ട വര്‍ഷങ്ങളോടും യാതൊരു നീതിയും പുലര്‍ത്താത്ത വരുമാനവും! ലക്ഷങ്ങള്‍ ലോണെടുത്ത് പഠിച്ച ഒരു
നഴ്സിന് കിട്ടുക രണ്ടായിരമോ മൂവായിരമോ രൂപയാണ്. സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കുന്ന നഴ്സുകള്‍ക്ക് മാത്രമാണ് മാന്യമായ ശമ്പളം ലഭിക്കുന്നത്. പക്ഷേ പഠിച്ചിറങ്ങുന്ന കുട്ടികളുടെ എണ്ണവും സര്‍ക്കാര്‍ സര്‍വീസിലെ ഒഴിവുകളുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം അജഗജാന്തരം എന്ന ഉപമയേക്കാള്‍ എത്രയോ ഭീമമാണ്.

പഠിത്തം പൂര്‍ത്തിയാക്കുന്നവര്‍ എങ്ങനെയെങ്കിലും നാമമാത്രശമ്പളവുമായി നാട്ടില്‍ കുറച്ചു നാളുകള്‍ പിടിച്ച് നിന്നിട്ട് അതിന്റെ പ്രവൃത്തി പരിചയ പത്രവുമായി പെട്ടെന്ന് വിദേശം പറ്റാന്‍ ശ്രമിക്കുന്നു. അതിനും പക്ഷേ ഭാഷാപരീക്ഷകള്‍ പോലുള്ള കടമ്പകളുണ്ട്. അതും കഴിഞ്ഞെത്തുന്ന നല്ലൊരു ശതമാനം കുട്ടികളുടെയും അറിവും അധ്വാനവും യൌവ്വനവും വിദേശങ്ങളില്‍ ഒടുങ്ങുന്നു. (സാമ്പത്തികവരുമാനത്തെ അവഗണിക്കുന്നില്ല. പക്ഷേ അതുമാത്രമാണോ ജീവിതം? രാജ്യത്തിന് അതിന്റെ യുവാക്കള്‍ എ.ടി.എം മെഷീനുകള്‍ മാത്രമാണോ?). ശേഷിക്കുന്നവര്‍ രാജ്യത്തെ ആശുപത്രികളില്‍ നെടുവീര്‍പ്പുകളോടെ ജീവിതം ഹോമിച്ചുതീര്‍ക്കുന്നു.

എന്നിട്ടും ഇന്നും നല്ലൊരു ശതമാനം കുട്ടികളും ആദ്യം തിരഞ്ഞെടുക്കുന്നത് നഴ്സിംഗാണ്. ബാഗ് പൈപ്പറിന്റെ പിന്നാലെ പോയ എലികളെപ്പോലെ അവര്‍ ഒരു
മാന്ത്രികവലയത്തിലകപ്പെട്ടതുപോലെ ആ വഴിയേതന്നെ പോവുകയാണ്. ഒരുപക്ഷേ വിദേശരാജ്യങ്ങളിലെ നാണയക്കിലുക്കമായിരിക്കണം അവരെ ഭ്രമിപ്പിക്കുന്നത്.

 

 
വിദ്യാലയങ്ങള്‍ ലേലച്ചന്തകള്‍*
പഴയ കാലത്ത് ഒരു മാസ്റര്‍ ബിരുദം മാത്രം മതിയായിരുന്നു കോളജ് അധ്യാപകനാകാന്‍. ഇന്ന് ബിരുദാനന്തരബിരുദവും നെറ്റുമെല്ലാം വേണം. പക്ഷേ, പിഎച്ച്ഡിക്കാരും പോസ്റ്റ് ഡോക്ടറല്‍ ഗവേഷണ പരിചയമുള്ളവരുമൊക്കെ ക്യൂ നില്‍ക്കുമ്പോള്‍ അടിസ്ഥാന യോഗ്യതയുമായി ചെല്ലുന്നവന് പുറത്താണ് സ്ഥാനം. ഫലത്തില്‍ ഇന്ന് ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ കലാലയാധ്യാപക യോഗ്യത നേടുകയെന്നത് ഒരു ബാലികേറാമലയാണ്. ഇവയൊക്കെ നേടിവന്നാലോ? ഉദ്യോഗം ഉറപ്പാണ്, ലക്ഷങ്ങള്‍ കയ്യിലുണ്ടെങ്കില്‍ മാത്രം! ഒരു കോളജ് അധ്യാപകജോലിയ്ക്ക് എയ്ഡഡ്, അണ്‍എയ്ഡഡ് കോളജ് മാനേജ്മെന്റുകള്‍ ഇട്ടിരിക്കുന്ന ശരാശരി വില ഇപ്പോഴത്തെ മാര്‍ക്കറ്റ് നിലവാരമനുസരിച്ച് ഇരുപത് മുതല്‍ മുപ്പത് വരെ ലക്ഷങ്ങളാണ്! ലേലം മൂത്താല്‍ തുക ഇനിയും ഉയരാം! സ്ക്കൂളുകളിലും സ്ഥിതി ഇതുതന്നെ. അവിടെയും ലേലം തകൃതിയാണ്.

സത്യത്തില്‍, എന്താണ് വിദ്യാഭ്യാസത്തിന്റെ വില? എന്തിനാണ് ഒരു വിദ്യാര്‍ഥിനീണ്ട നീണ്ട വര്‍ഷങ്ങള്‍ ചോരയും നീരും ബുദ്ധിയും ഒക്കെയും ഉന്നതപഠനത്തിനും ഗവേഷണത്തിനുമായി ചിലവിടുന്നത്? വര്‍ഷങ്ങള്‍ ഉറക്കമിളച്ചും പട്ടിണികിടന്നും അവന്‍ സമ്പാദിക്കുന്ന ഉന്നതബിരുദങ്ങള്‍ക്കും യോഗ്യതകള്‍ക്കും എത്രയാണ് മൂല്യം?

കേരളത്തിലെ മുഴുവന്‍ അഭ്യസ്തവിദ്യരുടെയും പ്രതിനിധി എന്ന നിലയില്‍ നീറുന്ന നെഞ്ചോടെ ഞാന്‍ ചോദിക്കട്ടെ, ആരാണിതിനുത്തരവാദി? പരിശുദ്ധമെന്ന് കരുതി ആരാധിച്ചുപോരുന്ന വിദ്യാലയങ്ങളെ ലേലച്ചന്തകളാക്കുന്നത് ആരാണ്? സംസ്ഥാനത്തെ കോളജുകളില്‍ അധ്യാപകനിയമനത്തിന് പി.എസ്.സി മാതൃകയില്‍ ‘കോളേജ് സര്‍വീസ് കമ്മീഷന്‍’ തുടങ്ങാന്‍ സര്‍ക്കാര്‍ ആരെയാണ് ഭയപ്പെടുന്നത്? എന്തുകൊണ്ടാണ് സ്കൂളുകളില്‍ അധ്യാപകനിയമനം സര്‍ക്കാര്‍ വഴി മാത്രം ആക്കാത്തത്? നാടിന്റെ ഏറ്റവും വലിയ സ്വത്തെന്ന് കരുതുന്ന നമ്മുടെ യുവാക്കളുടെ അമൂല്യമായ വിദ്യയ്ക്ക് വില പറയുന്ന, പാവനമാം വിദ്യയെ കളങ്കപ്പെടുത്തുന്ന സര്‍ക്കാറുകളെയും വിദ്യാഭ്യാസമാനേജ്മെന്റുകളെയും നാം എന്ത് പേരാണ് വിളിക്കേണ്ടത്?

when you share, you share an opinion
Posted by on Jul 2 2012. Filed under പറയാതെ വയ്യ. You can follow any responses to this entry through the RSS 2.0. You can skip to the end and leave a response. Pinging is currently not allowed.

14 Comments for “ന്യൂ ജനറേഷന്‍ വിദ്യാഭ്യാസം: ഒരു വന്‍ വഞ്ചനയുടെ കഥ”

  1. deepa shaji

    ‘സംസ്ഥാനത്തെ കോളജുകളില്‍ അധ്യാപകനിയമനത്തിന് പി.എസ്.സി മാതൃകയില്‍ ‘കോളേജ് സര്‍വീസ് കമ്മീഷന്‍’ തുടങ്ങാന്‍ സര്‍ക്കാര്‍ ആരെയാണ് ഭയപ്പെടുന്നത്? എന്തുകൊണ്ടാണ് സ്കൂളുകളില്‍ അധ്യാപകനിയമനം സര്‍ക്കാര്‍ വഴി മാത്രം ആക്കാത്തത്? ‘
    മുന്‍പേ പോന്ന ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ കാലാകാലങ്ങളായി ചോദിച്ചു പോന്ന ചോദ്യം. സാമുദായിക സമവാക്യങ്ങള്‍ മാത്രം അധികാര വഴികള്‍ തീരുമാനിക്കുമ്പോള്‍ ഇനി വരാന്‍ പോകുന്നവരും ഇതേ ചോദ്യം ആവര്‍ത്തിക്കും.

       2 likes

  2. sindhu

    valare karyamathra prasakthamaya vishayam ………..nannayi parajirikkunnu nigalude e kazhivengilum nigalude thunakku yethathirikkilla

       0 likes

  3. mathew tharakan

    വെളിച്ചം പരത്തുന്നു നഗ്ന യാഥാർത്ഥ്യങ്ങൾ..

       0 likes

  4. Bachoo Mahe

    നന്നായി എഴുതി, ബിനു.
    നമ്മുടെ ഔദ്യോഗിക പോളിസികളിലെ ക്ലാരിറ്റിയില്ലായ്മകളില്‍ / സാങ്കേതിക മര്‍ക്കടമുഷ്ടികളില്‍ തട്ടിത്തകരുന്ന ഒരുപാട് ജീവിതങ്ങള്‍ ഉണ്ട്. ആര്‍ക്കോ വേണ്ടി ഓക്കാനിക്കും വണ്ണം എന്തിനാണാവോ സര്‍ക്കാര്‍ ഇങ്ങനെ ‘പുത്തന്‍’ കോഴ്സുകള്‍ തുടങ്ങ്ന്നത്? മൈക്രോബയോളജിയെ ഒക്കെ റെഗുലര്‍ ബിരുദമായി അംഗീകരിക്കാതെ രണ്ടാനമ്മ ബന്ധത്തിലെ സന്തതിയെ പോലെ മാറ്റി നിര്‍ത്തുന്നത്‌ എന്തിനാണാവോ? എന്തിനാണ് ഒരേ കാറ്റഗരിയില്‍ വരേണ്ട സയന്‍സ് കോഴ്സുകള്‍ക്ക്‌ വ്യത്യസ്ത ലാങ്ഗ്വേജ് പാറ്റേന്‍?!

    ഈയെഴുത്ത്, വേണ്ടുംവിധം തൊഴില്‍ / ഉപരിപഠന സാദ്ധ്യതകള്‍ ആരായാതെ ചാടിക്കേറി പുത്തന്‍ കോഴ്സുകള്‍ക്ക്‌ പുറപ്പെടാതിരിക്കാന്‍ ഇനിയുള്ളവര്‍ക്കെങ്കിലും വഴികാട്ടട്ടെ!

       1 likes

  5. ബച്ചൂ,

    കേരളത്തിലെ കോളേജുകളില്‍ ന്യൂ ജനരേഷന്‍ കോഴ്സുകള്‍ തുടങ്ങിയിട്ട് പത്ത് പതിനഞ്ച് കൊല്ലങ്ങളായി. ആദ്യം യുജിസി സ്പോണ്‍സര്‍ ചെയ്ത് തുടങ്ങിയ കോഴ്സുകള്‍ യുജിസി സ്പോണ്‍സര്‍ഷിപ്പ് അവസാനിപ്പിക്കുമ്പോള്‍ അവസാനിപ്പിക്കേണ്ടി വരുമെന്ന് കോളജുകള്‍ ഭയന്നു. അതിനാലാണ് ഗസ്റ്റ് ലക്ചേഴ്സിനെ നിയമിച്ചുതുടങ്ങിയത്. പക്ഷേ യുജിസി സ്പോണ്‍സര്‍ഷിപ്പ് അവസാനിപ്പിച്ച ശേഷവും കോളജുകള്‍ക്ക് സെല്‍ഫ് ഫൈനാന്‍സിംഗ് ആയി ഇത്തരം കോഴ്സുകളെ നിലനിര്‍ത്താനുള്ള അവസരം ഉണ്ടായി. സെല്‍ഫ് ഫൈനാന്‍സിംഗ് ആക്കിയത് നിലവാരം അല്‍പ്പം കുറച്ചുവെങ്കിലും ഈ കോഴ്സുകള്‍ അങ്ങനെ സ്ഥിരമായി. മാറിയ കാലഘട്ടത്തില്‍ ഒരു കോളജും ഭാവിയില്‍ ഈ കോഴ്സുകള്‍ നിര്‍ത്തുവാന്‍ പോകുന്നില്ല. അതിനന്ര്ഥം ഇന്ന് ഇത്തരം കോഴ്സുകള്‍ ഫലത്തില്‍ റഗുലര്‍ തന്നെയാണെന്നാണ്. അതിനാല്‍ ഇവയ്ക്ക് സ്ഥിരാധ്യാപകനിയമനവും വേണം. പക്ഷേ ഔദ്യോഗികമായി റഗുലറൈസ് ചെയ്യാത്തതിനാല്‍ ഇപ്പോഴും സ്ഥിരനിയമനത്തിന് സാധ്യത ഇല്ല. ഇവ റഗുലറൈസ് ചെയ്തിരുന്നെങ്കില്‍ നമ്മുടെ എത്ര കുട്ടികള്‍ക്ക് നാട്ടില്‍ തന്നെ അധ്യാപകജോലി ചെയ്ത് നല്ല നിലയില്‍ ജീവിക്കാമെന്നോ! കാരണം നാട്ടില്‍ ഒരുവിധം കോളേജുകളിലെല്ലാം ഇത്തരം കോഴ്സുകളുണ്ട്. അവയിലെല്ലാം കൂടി ആയിരക്കണക്കിന് അധ്യാപക ഒഴിവുകള്‍ വരും. ഇവയൊക്കെ സ്ഥിരമായിരുന്നെങ്കിലോ? ചിന്തിച്ചുനോക്കുമ്പോള്‍ എത്ര ശോഭനമായ അവസ്ഥയാണത്.

    എന്നെ പഠിപ്പിച്ച അധ്യാപകര്‍ ഉണ്ട്. പത്ത് വര്‍ഷം മുന്‍പ് അവര്‍ ഗസ്റ്റ് ലക്ചേഴ്സ് ആയിരുന്നു. ഇന്ന് ഈ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷവും അവര്‍ ഗസ്റ്റ് ലക്ചേഴ്സ് തന്നെയാണ്! അധ്യാപനത്തോടുള്ള താല്പര്യം മൂലം സ്ഥിരാധ്യാപകനിയമനം എന്നെങ്കിലും സംഭവിക്കും എന്ന് സ്വപ്നം കണ്ട് കഴിയുന്നവര്‍! അവരെപ്പോലെ ഒരുപാട് പേര്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്!

       3 likes

  6. അറിയുക, വിദ്യ പകര്‍ന്നുനല്‍കുന്നതിന്റെ മഹിമ തിരിച്ചറിഞ്ഞ് അത് ഒരു ആവേശം പോലെ മനസ്സില്‍ താലോലിക്കുന്ന മനുഷ്യരുടെ മുന്‍പില്‍ ആശകളുടെയും ആദര്‍ശങ്ങളുടെയും വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെടുന്നത് ഇങ്ങനെയാണ്. ഒരു സ്വപ്നം ഇരുളടഞ്ഞ് പോകുന്നതെങ്ങനെയെന്ന് നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോ? അതും ഒരു മുഴുവന്‍ തലമുറയുടെ സ്വപ്നങ്ങള്‍?

    ബിനു വളരെ നന്നായിരിക്കുന്നു.

    ഒരു തുല്യതസര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പറ്റാതെ, ഹയര്‍ സക്കണ്ടറി അധ്യാപകനാകാനുള്ള ലിസ്ടില്‍നിന്നു പുറന്തള്ളപ്പെട്ട്(അഭിമുഖവും കഴിഞ്ഞ്) കേരളാ പബ്ലിക്‌ സര്‍വീസ് കമ്മീഷനു മുന്‍പില്‍ തലകുനിച്ചു നിന്നവനാണ് ഈയുള്ളവന്‍). …(((. ഏതോ ഒരു കാലത്തെ, അടിസ്ഥാനയോഗ്യതാ മാനദണ്ഡങ്ങള്‍ ഇവര്‍ എന്നും കാലംതെറ്റാതെ(നോക്കാതെ). പാലിക്കുന്നു(എന്തൊരച്ചടക്കം!!!).

       2 likes

    • വിപിന്‍

      എനിക്ക് മനസ്സിലാകും. കാലഹരണപ്പെട്ട വ്യവസ്ഥിതികള്‍ തന്നെ. മറ്റൊരു ഉദാഹരണം പറയാം. പി.എസ്.സിയുടെ ഒരു ക്ലറിക്കല്‍ / സെക്രട്ടറിയേറ്റ് ജോലിക്ക് ഇന്നും ടൈപ്പിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഈ കമ്പ്യൂട്ടര്‍ യുഗത്തില്‍ അത് കാലികമായൊരു യോഗ്യതയാണോ? ഡിഗ്രിയ്ക്ക് സബ്സിഡിയറി ആയി രണ്ടുവര്‍ഷം കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ചവനാണ് ഞാന്‍. കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയറും നെറ്റ് വര്‍ക്കിംഗും അതിനുമുന്‍പേ പഠിച്ചതാണ്. പത്ത് വര്‍ഷമായി കമ്പ്യൂട്ടറുമായി (സോഫ്റ്റ് വെയറും ഹാര്‍ഡ് വെയറും) നല്ല പരിചയത്തിലാണ്. ഇംഗ്ലീഷിലും മലയാളത്തിലും നല്ല ടൈപ്പിംഗ് സ്പീഡുമുണ്ട്. എങ്കിലും ടൈപ്പിംഗ് സര്‍ട്ടിഫിക്കറ്റും ഡി.സി.എ സര്‍ട്ടിഫിക്കറ്റുമൊന്നും ഇല്ലാത്തതുകൊണ്ട് എനിക്കിതിനൊന്നും അപ്ലൈ ചെയ്യാന്‍ പറ്റില്ല. ഡിഗ്രിയ്ക്ക് രണ്ടുവര്‍ഷം കമ്പ്യൂട്ടര്‍ പഠിച്ചിട്ടെന്ത് പ്രയോജനം? ഇതൊക്കെ തുല്യത വരുത്തേണ്ട സംഭവങ്ങളല്ലേ? എനിക്കുതോന്നുന്നു എം.സി.എ പോലും അടുത്തകാലത്താണ് ഡി.സി.എയ്ക്ക് തത്തുല്യമാക്കിയതെന്ന്!

         0 likes

  7. വിദ്യാഭാസരംഗം നമ്മുടെ കൈവിട്ടുപോയി.
    നന്നാക്കാൻ ആരും ആത്മാർത്ഥമായി ശ്രമിച്ചില്ല.
    ശ്രമിച്ചാലും അത് വിജയിക്കാൻ നാട്ടിലെ ജാതി-മത-രാഷ്ട്രീയ സെറ്റ് അപ്പ് അനുവദിക്കുകയുമില്ല.
    ആ‍കെ ചെയ്യാവുന്നത് കുട്ടികളെ അവരുടെ അഭിരുചികൾക്കനുസരിച്ചുള്ള കൊഴ്സുകളിൽ ചേർക്കുക എന്നതാണ്.
    പിന്നെ, ഞരങ്ങീം മൂളീം പ്ലസ് ടു പാസാകുന്നവനൊക്കെ ഡോക്ടറും എഞ്ചിനീയറും ആകാനാണ് അഭിരുചി എന്ന് അവനും അവന്റെ രക്ഷാകർത്താക്കളും ചിന്തിച്ചാൽ മറ്റുള്ളവർക്കെന്തു ചെയ്യാൻ കഴിയും!

    ഇക്കാര്യത്തിൽ ഒരു വിവേചനബുദ്ധിയും, ജാഗ്രതയും ഉണ്ടാവേണ്ടത് രക്ഷിതാക്കളുടെ പക്ഷത്തു നിന്നാണ്.

    നല്ല ലേഖനം, ബിനൂ.

       1 likes

    • ക്രമാതീതമായ രീതിയില്‍ ഉയര്‍ന്ന സീറ്റുകളുടെ എണ്ണം വിദ്യാഭ്യാസത്തിന്റെ നിലവാരത്തെ കൂടുതല്‍ ബാധിച്ചിരിക്കുന്നു ഡോക്ടര്‍. ഡിഗ്രിയുള്ളവരുടെ എണ്ണം കൂടി, പക്ഷേ നിലവാരം കുറഞ്ഞു. സ്വാശ്രയവല്‍ക്കരണം മൂലമുണ്ടായ ഏറ്റവും വലിയ അപകടങ്ങളിലൊന്നാണിത്. അറുപതില്‍ താഴെ ശതമാനമുള്ളവനും കാശുണ്ടെങ്കില്‍ ഡോക്ടറാകാം. വളരെയധികം ബുദ്ധിവേണ്ടുന്ന, വര്‍ഷങ്ങള്‍ നീണ്ട അത്തരം കോഴ്സുകള്‍ക്ക് തട്ടിമുട്ടി ജയിക്കുന്നവന്‍ പഠിച്ചുകഴിഞ്ഞുള്ള അവസ്ഥ ചിന്തിക്കുക. ഇവര്‍ എങ്ങനെയെങ്കിലും ഒരുവിധം പഠിച്ചിറങ്ങിയിട്ട് ഏതെങ്കിലും സ്വകാര്യഹോസ്പിറ്റലുകളിലോ ക്ലിനിക്കിലോ ഒക്കെ ജോലി ചെയ്യുന്നു. രോഗികളുടെ അവസ്ഥ എന്താണ് ഈ മുറിവൈദ്യന്മാരുടെ മുന്‍പില്‍? ആതുരസേവനരംഗത്തെ ഈ നിലവാരത്തകര്‍ച്ച തടയാനാണ് കഴിഞ്ഞ വര്‍ഷം സ്വകാര്യവൈദ്യപഠനരംഗത്തെ യോഗ്യതയില്ലാത്ത മെഡിക്കല്‍ വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

      രക്ഷിതാക്കള്‍ മക്കളുടെ അഭിരുചി ചെറുപ്പത്തിലെ തിരിച്ചറിയേണ്ടതുണ്ട്. അത് പ്രായോഗികമാണ്. പക്ഷേ ഇപ്പോഴത്തെ വിദ്യാഭ്യാസസാഹചര്യങ്ങളില്‍ ഈ കോഴ്സുകളുടെയെല്ലാം എല്ലാ വശങ്ങളും പരിശോധിച്ച് വരുംവരായ്കകള്‍ മുങ്കൂട്ടി അറിയുക എന്നത് രക്ഷിതാക്കളെ സംബന്ധിച്ച് പ്രായോഗികമാണോ? മിക്കവരുടെയും വിവേചനശക്തികളെ കവച്ചുവയ്ക്കുന്ന സങ്കീര്‍ണതകളാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ-തൊഴില്‍ രംഗത്ത്. പുതിയ തലമുറയാണെങ്കിലും വീണ്ടുവിചാരം കുറഞ്ഞ പ്രായത്തില്‍ കുട്ടികളും എത്ര വരെ പോകാനാണ്. അധികാരപ്പെട്ടവര്‍ തന്നെയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.

         0 likes

      • Dr.E.Govindan

        വിദ്യാഭ്യാസം ഏറ്റവും വലിയ ബിസിനസ് ആയിരിക്കയാണ്. ഇതിന്‍റെ ഉത്തരവാദിതുതുല്‍നിന്നു മാറി മാറി ഭരിച്ച സര്കരുക്ള്‍ക്ക് ഒഴിയാന്‍ പറ്റില്ല.

           1 likes

  8. Parthan

    സര്‍ക്കാര്‍ എന്തെങ്ങിലും ചെയ്തു തരും എന്ന് വിചാരിച്ചിരുന്നിട്ട്‌ ഒരു കാര്യവും ഇല്ല. ഇപ്പോഴും ടൈപ്പിസ്റ്റ് സര്‍ട്ടിഫികറ്റ് ആവശ്യപ്പെടുന്ന പി എസ് സി അല്ലെ? കാലാകാലങ്ങളില്‍ വേണ്ട പരിഷ്ക്കാരങ്ങള്‍ വരുത്താന്‍ യാതൊരു ശുഷ്ക്കാന്തിയും ഇല്ലാത്ത സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും കൂടുതല്‍ ഒന്നും പ്രതീക്ഷിക്കേണ്ട. സ്വകാര്യ മൂലധനവും സ്വകാര്യ സ്ഥാപനങ്ങളും ബയോട്ടെക്നോളജി രംഗത്ത് വരണം.

       0 likes

  9. dhanusha

    ഒരു കാര്യം കൂടി കൂട്ടിചെര്കാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ കേരളത്തിലെ പല യൂനിവേര്സിട്ടികളും ഇനിയും സെന്‍ട്രല്‍ യൂണിവേഴ്സിറ്റി എന്നൊരു പ്രസ്ഥാനം ഇന്ത്യയില്‍ ഉള്ളത് അറിഞ്ഞിട്ടില്ല എന്നാ മട്ടിലാണ്. കേരള യൂണിവേഴ്സിറ്റി പ്രത്യേകിച്ചും.പല സെന്‍ട്രല്‍ യൂണിവേഴ്സിറ്റികളുടെയും കോഴ്സുകള്‍ കേരള അന്ഗീകരിച്ചിട്ടില്ല. എന്തിനു കാലിക്കറ്റ് സര്‍വകലാശാലയിലെ പല കോഴ്സുകളും കേരള അന്ഗീകരിച്ചിട്ടില്ല. അത് മാത്രവുമല്ല, രസകരമായ വസ്തുത, ഈ കേന്ദ്ര സര്വകലാസാലകളില്‍ ഒന്നിലും ഈ സ്റ്റേറ്റ് യൂണിവേഴ്സിറ്റി കോഴ്സുകളെ ചോദ്യം ചെയ്യുന്നില്ല എന്നതാണ്. നല്ല സ്ഥലങ്ങളില്‍ പഠിച്ചാലും അറിവുണ്ടായാലും, കൂടെ നെറ്റോ സെറ്റോ എന്തുണ്ടായാലും കേരളത്തിലെ സരവകലാസാലകല്ക് തോന്നിയാലെ കേന്ദ്രത്തിന്റെ കോഴ്സുകളെ അന്ഗീകരികൂ. എന്നാല്‍ , പാവം മഹാത്മ ഗാന്ധി യൂനിവേര്‍സിറ്റി എല്ലാ കോഴ്സുകളും അന്ഗീകരിചിരിക്കുന്നു. പാവം അഭ്യസ്ത വിദ്യനായ മലയാളി.

       2 likes

  10. ഒരു ജനതയുടെ ഇശ്ചാശക്തിയെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഇല്ലായ്മചെയ്യുന്ന രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ഒരിക്കലും ഇതൊന്നും കാണുവാൻ കഴിയുകയില്ല. അവരെ യഥാസമയം ഉപദേശിക്കണ്ടവരും ഇപോൾ അന്ധന്മാരാണ്. ബിനുവിന്റെ നല്ല എഴുത്തുകൾ തുടരുക.

       1 likes

  11. dsumod

    utter truth..
    പക്ഷെ നാന്‍ നോക്കിയിട്ട് …ഈ ഗുരുതര അവസ്ഥക്ക് പ്രധാന കാരണം മുറുവൈദ്യന്‍ മരെപ്പോലുള്ള അധ്യാപകരും ചില അനഅഭ്യസ്ത വിദ്യരുമാണ്.. തികച്ചും സാധാരണയായി സംഭവിക്കുന്ന ഒന്നാണ് തന്നേക്കാള്‍ അറിവുള്ള, താന്‍ ആരാധിക്കുന്നവരോട് … തന്റെ (തന്റെ മക്കളുടെ) ഭാവിക്ക് യോചിച്ച പഠനം തിരഞ്ഞെടുക്കുകന്നതിനു അഭിപ്രായം ചോദിക്കുക എന്നത് .. പക്ഷെ ഈ മണ്ടന്മാര്‍ സ്വന്തമായ് യാതൊരു പിടിയുമില്ലതതിനെപ്പറ്റി പ്രയോഗിഗ ബോധമില്ലാതെ ഓരോന്ന് അടിച്ചു വിടും … അവിടം തൊട്ടു വഴിതെറ്റുന്നു .. ഇപ്പോള്‍ സംഭവിച്ചത് പലര്‍ക്കും ആ പ്രായോഗികത കൈവന്ന്നു എന്നതാണ് … പക്ഷെ ഇടക്കുള്ള ഒരു കൂട്ടം വഴിതെറ്റി ..

    ഒരു example
    B S Warrier എന്ന ആളും ഈ കൂട്ടത്തിലാണ് .. ഒരു ഇടക്കുവരെ അയാളെ പ്പറ്റി എനിക്ക് നല്ല മതിപ്പായിരുന്നു.. പക്ഷെ ലേഖനങ്ങള്‍ തുടര്‍ച്ചയായ് വായിച്ചപ്പോളാണ് ഇയാളെ പ്പറ്റി ഒരു രൂപം കിട്ടിയത്.. അതിലൊന്ന് ടിയാന്‍ CSIR-UGC exam നെ പ്പറ്റി എഴുതിയ ഒരുലെഖനമാണ്.. കാരണം അതിനെ pattern മാറ്റിയ കാര്യം അയാളറിഞ്ഞില്ല.. ഒരു പക്ഷെ മുന്‍വര്‍ഷത്തെ കോപ്പി ചെയ്തട്ടയിരിക്കാം… പക്ഷെ എന്തിനെയും ഇതിനെയും പറ്റി ഇയാള്‍ ലേഖന mezhuthunnundu .. അതിനര്‍ത്ഥം ഇയാള്‍ക്കും ഒന്നിലും കാര്യമായ പിടിയില്ല .. എങ്ങനെയൊക്കെയോ സങ്ങടിപ്പിക്കുന്നു .. ഉടായിപ്പന്‍.

       1 likes

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers