അടിയന്തരാവസ്ഥ പോലും വേണ്ട ഇനി നമ്മള്‍ നിശ്ശബ്ദരാവാന്‍

 
 
 
അടിയന്തരാവസ്ഥക്കാലത്തെ കേരളം:
ദീര്‍ഘലേഖനത്തിന്റെ അവസാന ഭാഗം

 

കേരളീയ പൊതുസമൂഹം ഒരുമധ്യവര്‍ഗ്ഗ കുടുംബത്തിന്റെ തുടര്‍ച്ചയാണെന്നു കാണാം. കുടുംബത്തിന്റെ ആകുലതകളും ആശങ്കകളും പ്രതീക്ഷകളും കുട്ടികളുടെ വിദ്യാഭ്യാസവുമൊക്കെയാണ് ഇന്ന് പൊതുസമൂഹത്തിന്റെ കേന്ദ്ര പ്രശ്നം. എഴുപതുകളിലെ ക്ഷുഭിതയൌവ്വനമാണ് ഇന്നത്തെ രക്ഷാകര്‍ത്താക്കള്‍. അവര്‍ തെളിക്കുന്ന വഴികളിലാണ് അണുകുടുംബത്തിലെ കുട്ടികള്‍ നയിക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ എഴുപതുകളുടെ രാഷ്ട്രീയ സാംസ്കാരിക ക്ഷോഭങ്ങള്‍ ഒരു കാലഘട്ടത്തിന്റെ മുഴുവന്‍ സാമൂഹ്യബോധത്തെ നിര്‍ണ്ണയിക്കുന്നതായിരുന്നില്ല എന്ന് സമ്മതിക്കേണ്ടിവരും. ഇനിയൊരു അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ തന്നെ ഭരണകൂടത്തിനും അധിനിവേശമൂല്യങ്ങള്‍ക്കും അവയുടെ അമിതാധികാരങ്ങള്‍ പ്രയോഗക്ഷമമാക്കാന്‍ കഴിയുന്ന നിസ്സംഗമായ ഒരു സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കപ്പെടുകയാണെന്ന് നിരീക്ഷിക്കുന്നു കെ.പി ജയകുമാര്‍.. അടിയന്തരാവസ്ഥയുടെ വാര്‍ഷികത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പിന്റെ രണ്ടാം ഭാഗം.
 
ഒന്നാം ഭാഗം: എഴുപതുകള്‍ തിരിഞ്ഞുകൊത്തുമ്പോള്‍

 
 

 

അടിയന്തരാവസ്ഥക്കുമുമ്പുതന്നെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിലും എറണാകുളം മഹാരാജാസ് കോളെജിലും തലശേരി ബ്രണ്ണന്‍ കോളെജിലും കെ എസ് യു കുത്തക തകര്‍ത്തുകൊണ്ട് എസ് എഫ് ഐ ഭരണത്തില്‍ വന്നിരുന്നു. അടിയന്തരാവസ്ഥക്കുശേഷം കേരളത്തിലെ മുഴുവന്‍ ക്യാമ്പസുകളിലും അവര്‍ മുന്നേറ്റമുണ്ടാക്കി. കേരള, കോഴിക്കോട് സര്‍വ്വകലാശാലാ ഭരണം എസ് എഫ് ഐക്ക് ലഭിക്കുന്നു.

സാംസ്കാരികമായ ഉണര്‍വ്വിന്റെ കാലമായിരുന്നു അത്. സുരേഷ് കുറുപ്പ് ചെയര്‍മാനായിരുന്ന കേരള സര്‍വ്വകലാശാല ചരിത്രത്തിലാദ്യമായി അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം സംഘടിപ്പിച്ചു. കെ പി ബഷീര്‍ സെക്രട്ടറിയായിരുന്ന അന്നത്തെ കോഴിക്കോട് സര്‍വ്വകലാശാലായൂണിയന്‍ വരവുചെലവു കണക്കുകള്‍ ആദ്യമായി പ്രസിദ്ധീകരിച്ചു. സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക കാലത്തോട് പ്രതികരിക്കുന്ന യുവത്വമായിരുന്നു എസ് എഫ് ഐയുടെ നേതൃത്വം.

കെ. പി ജയകുമാര്‍


കലയിലും സാഹിത്യത്തിലും ആധുനികതയുടെ കാലമായിരുന്നു അത്. കേവലമായ മനുഷ്യാവസ്ഥയുടെ സത്യസന്ധമായ പ്രകാശനമായി ആധുനികത വാഴ്ത്തപ്പെട്ടു. സാമൂഹ്യ മുന്‍വിധികളുടെ തടവറയില്‍നിന്നും വ്യക്തി ആത്മബോധം നേടുന്ന ഘട്ടമായി അത് സ്വീകരിക്കപ്പെട്ടു. ആധുനികതയെ പുണര്‍ന്നുകൊണ്ട് കെ പി അപ്പന്റെ ലേഖനം പ്രസിദ്ധീകരിക്കപ്പെടുന്നു. സാമൂഹ്യ പൊതുമണ്ഡലത്തില്‍ അതൊരു സംവാദമായി വളര്‍ന്നു. കെ പി അപ്പന്റെ ലേഖനത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ആധുനികത കാപട്യവും ഇറക്കുമതിചെയ്യപ്പെട്ട ആശയവുമാണെന്ന പ്രതിവാദം ഉന്നയിക്കപ്പെട്ടു. ആധുനികത മുന്നോട്ടുവയ്ക്കുന്ന ജീവിത മരണാവബോധങ്ങള്‍ പ്രതിലോമ പ്രത്യയശാസ്ത്രത്തെ വഹിക്കുന്നന്നതാണെന്ന് വാദം സംവാദത്തിന് ചൂടേറ്റി. മഹാരാജാസ് കോളെജിലെ അന്നത്തെ എം എ വിദ്യര്‍ത്ഥിയായിരുന്ന എസ് എഫ് ഐ നേതാവ് പി കെ ഹരികുമാര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനം അപ്പന്റെ ആധുനികതാ വാദത്തിനെതിരായ മൂല്യവത്തായ ഇടപെടലായിരുന്നു.

‘മൂല്യപരമായ സംവാദമായിരുന്നു അന്ന് നടന്നത്. എതിരാളികളും അനുകൂലികളും എന്ന നിലയ്ക്കല്ല. രണ്ട് ആശയങ്ങള്‍ എന്ന നിലയ്ക്കാണ് അത് സംഭവിച്ചത്. അപ്പന്‍ സാറിനെപ്പോലെയുള്ളവര്‍ വിമര്‍ശനത്തെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തിലാണ് സ്വീകരിച്ചത്. ആധുനിതകയെക്കുറിച്ചുള്ള അപ്പന്‍ സാറിന്റെ പുസ്തകം ഇറങ്ങിയപ്പോള്‍ എന്റെ വിമര്‍ശനവും അതില്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഉള്‍പ്പെടുത്തി. കവിതയും സംവാദങ്ങളും വായനയും നിറഞ്ഞതായിരുന്നു അന്നത്തെ ക്യാമ്പസ്. ചുള്ളിക്കാടും വിജയലക്ഷ്മിയും അന്ന് മഹാരാജാസിലെ വിദ്യാര്‍ത്ഥികളായിരുന്നു. കഥാകൃത്ത് ടി പത്മനാഭന്‍ ഹോസ്റലില്‍ എന്റെ മുറിയില്‍ വന്ന് താമസിച്ചിട്ടുണ്ട്.’^ യൌവ്വനം തുടിച്ചുനില്‍ക്കുന്ന ഓര്‍മ്മകളാണതെന്ന് ഹരികുമാര്‍ പറയുന്നു.

 

PaintingL Leon Zernitsky


 

കാമ്പസ് ജ്വാലകള്‍
പക്ഷെ, ആ ക്ഷോഭകാലത്തിന് ആയുസ്സു കുറവായിരുന്നോ?
‘ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ച് ഒരിക്കല്‍ ക്യാമ്പസില്‍ ഒരു ചര്‍ച്ച നടന്നു. ഖസാക്ക് ഒരു പനിയായി പടര്‍ന്ന കാലമായിരുന്നു അത്. ചര്‍ച്ച കഴിഞ്ഞ് ക്യാമ്പസിന്റെ ഇടനാഴിയിലൂടെ നടന്നുവരുമ്പോള്‍ പ്രീഡിഗ്രിക്കാരിയായ ഒരു പെണ്‍കുട്ടി എന്നെ വഴിയില്‍ തടഞ്ഞു. മെലിഞ്ഞ് കട്ടിക്കണ്ണടവെച്ച ഒരു കൊച്ചു പെണ്‍കുട്ടി. “ഹരികുമാര്‍ രവിയുടെ അച്ഛനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?’ അതൊരു ഞെട്ടിക്കുന്ന ചോദ്യമായിരുന്നു. ഖസാക്ക് കമ്പോടുകമ്പ് പലയാവര്‍ത്തി വായിച്ചിട്ടുള്ള ഞാന്‍ ഓര്‍മ്മയില്‍ പരതിയെടുത്ത ഉത്തരങ്ങളില്‍ അവള്‍ തൃപ്തയായില്ല. ഞാന്‍ വീണ്ടും ലൈബ്രറിയിലേക്ക് ഓടി. “സായാഹ്ന യാത്രകളുടെ അച്ഛാ മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്തു തുന്നിയ പുനര്‍ജ്ജനിയുടെ കൂടുവിട്ട് മകന്‍ യാത്രയാവുകയാണ്…..’ ഖസാക്ക് പിന്നെ പിന്നെയും വായിച്ചു. പിന്നീട് എത്രയോ കാലത്തിന് ശേഷമാണ് രവിയുടെ അച്ഛനെ പിന്തുടരുന്ന പിതൃഘടികാരം പോലെയുള്ള രചനകള്‍ പുറത്തുവരുന്നത്. ആ പെണ്‍കുട്ടി പഠിച്ച് എന്‍ജിനീയറായി. ജപ്പാനിലെവിടെയോ ഉയര്‍ന്ന ജോലിയിലാണ്. ഇന്നു ഞാന്‍ പല പരിപാടികള്‍ക്കായി കേരളത്തിലെ വിവധ ക്യാമ്പസുകളിലൂടെ യാത്ര ചെയ്യാറുണ്ട്. എന്നെ ഞെട്ടിക്കുന്ന ഒരു ചോദ്യവുമായി ആരെങ്കിലും വരുമെന്ന് ഓരോ യാത്രയിലും ഞാന്‍ പ്രതീക്ഷിക്കാറുണ്ട്. നമ്മളെ തോല്‍പ്പിക്കുന്ന ഒരാള്‍, ചോദ്യങ്ങളില്‍ കുരുക്കുന്ന ഒരാള്‍…. അങ്ങനെ ഒരിടത്തും സംഭവിക്കുന്നില്ല’-മാറിയ കാലം പലകാരണങ്ങള്‍ക്കൊണ്ട് പ്രശ്നരഹിതമായിപ്പോകുന്നുവെന്ന ആശങ്ക ഹരികുമാര്‍ മറച്ചുവയ്ക്കുന്നില്ല. ഉല്‍കണ്ഠകളില്ല, രാഷ്ട്രീയമായ ആശങ്കകള്‍ നമ്മ പിന്തുടരുന്നില്ല, കാലത്തിന്റെ ഈ മാറ്റത്തെ സൂക്ഷ്മമായി നിര്‍വചിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു.

ഈ മാറ്റത്തിന്റെ പ്രധാന കാരണം നമ്മുടെ കുടുംബ സാമൂഹ്യ ഘടനയില്‍ വന്ന മാറ്റങ്ങളാണെന്ന് സുരേഷ് കുറുപ്പ് വിലയിരുത്തുന്നു. ‘കൂട്ടു കുടുംബത്തില്‍നിന്നും അണു കുടുംബത്തിലേക്കുള്ള മാറ്റം പുതിയൊരു സംസ്കാരം സൃഷ്ടിച്ചു. ഒന്നോ പരമാവധി രണ്ടോ കുട്ടികള്‍ മാത്രമുള്ള കുടുംബങ്ങളാണ് അധികവും. രക്ഷാകര്‍ത്താക്കളുടെ എല്ലാ ശ്രദ്ധയും ഈ കുട്ടികളുടെ വളര്‍ച്ചയില്‍ കേന്ദ്രീകരിക്കപ്പെടുന്നു. ഏതാണ്ട് ഇടത്തരക്കാരും അതിനുമുകളിലുള്ളവരുടെയും കുട്ടികള്‍ സ്വകാര്യ അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലാണ് പഠിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ പലകാരണങ്ങള്‍കൊണ്ടും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടക്കില്ല. കൂടാതെ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയിലേക്കുള്ള തള്ളിക്കയറ്റം രാഷ്ട്രീയമായ സംഘംചേരലിന്റെ സാധ്യത ഇല്ലാതാക്കി. പരീക്ഷയില്‍ ജയിക്കുക എന്ന ഏക ലക്ഷ്യത്തിലേക്ക് പൊതുവിദ്യാര്‍ത്ഥി സമൂഹത്തെ മാറ്റാന്‍ ഈ ഘടകങ്ങള്‍ക്ക് സാധിച്ചു. മറ്റുള്ള കാര്യങ്ങള്‍ക്ക് സമയം ചെലവഴിക്കുന്നത് അനാവശ്യമാണെന്ന ഒരുബോധം സമൂഹ മനസ്സിലെ ആഴത്തില്‍ സ്വാധീനിച്ചു കഴിഞ്ഞിട്ടുണ്ട്. അതിന്റെയെല്ലാം സ്വാഭാവിക പരിണാമമായിട്ടാണ് വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തനങ്ങള്‍ ക്യാമ്പസില്‍ കുറഞ്ഞത്. രാഷ്ട്രീയമായ ഇടങ്ങള്‍ നഷ്ടപ്പെടുന്ന ക്യാമ്പസുകളില്‍ നിന്നാണ് റാഗിങ് പോലെയുള്ള ക്രിമിനല്‍ സംഭവങ്ങള്‍ പുറത്തുവരുന്നത്. ജാതിവര്‍ഗ്ഗീയ സംഘടനകള്‍ വിദ്യാര്‍ത്ഥി മനസ്സുകളെ വിഭജിക്കുന്നത്.’

കേരളത്തിന്റെ മാറിയ സാമൂഹ്യ സാഹചര്യത്തില്‍ ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പ്രസക്തി കുറഞ്ഞുപോയതായി എം മുരളിയും സമ്മതിക്കുന്നു. ‘ പൊതുസമൂഹത്തില്‍ രാഷ്ട്രീയം അപചയത്തെ നേരിടുന്നുവെന്ന് സമ്മതിക്കേണ്ടിവരും. രാഷ്ട്രീയത്തോടും രാഷ്ട്രീയ നേതൃത്വത്തോടുമുള്ള അവമതിപ്പ് ജനങ്ങളില്‍ ഏറിവരുന്നു. വിശ്വാസരാഹിത്യം പൊതുപ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുന്നു. ഈ കാലഘട്ടങ്ങളിലൂടെ കേരളത്തില്‍ ശക്തിയാര്‍ജ്ജിച്ചുവന്ന മധ്യവര്‍ഗ്ഗം സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തനങ്ങളോട് വിമുഖത കാണിക്കുകയും ചെയ്യുന്നുണ്ട്.”

 

 

മധ്യവര്‍ഗ്ഗവല്‍ക്കരിക്കപ്പെട്ട രാഷ്ട്രീയം
കേരളീയ പൊതുസമൂഹം ഒരുമധ്യവര്‍ഗ്ഗ കുടുംബത്തിന്റെ തുടര്‍ച്ചയാണെന്നു കാണാം. കുടുംബത്തിന്റെ ആകുലതകളും ആശങ്കകളും പ്രതീക്ഷകളും കുട്ടികളുടെ വിദ്യാഭ്യാസവുമൊക്കെയാണ് ഇന്ന് പൊതുസമൂഹത്തിന്റെ കേന്ദ്ര പ്രശ്നം. എഴുപതുകളിലെ ക്ഷുഭിതയൌവ്വനമാണ് ഇന്നത്തെ രക്ഷാകര്‍ത്താക്കള്‍. അവര്‍ തെളിക്കുന്ന വഴികളിലാണ് അണുകുടുംബത്തിലെ കുട്ടികള്‍ നയിക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ എഴുപതുകളുടെ രാഷ്ട്രീയ സാംസ്കാരിക ക്ഷോഭങ്ങള്‍ ഒരു കാലഘട്ടത്തിന്റെ മുഴുവന്‍ സാമൂഹ്യബോധത്തെ നിര്‍ണ്ണയിക്കുന്നതായിരുന്നില്ല എന്ന് സമ്മതിക്കേണ്ടിവരും. രാഷ്ട്രീയമായ ഉല്‍കണ്ഠയും സമൂഹത്തെപ്രതിയുള്ള സങ്കടങ്ങളും വിമോചന സ്വപ്നങ്ങളും ഒരു ന്യൂനപക്ഷത്തിന്റെ ബൌദ്ധിക/വൈകാരിക ക്ഷോഭമായിരുന്നുവെന്ന് ചരിത്രം. വിപ്ളവം ജനങ്ങളുടെ ആനന്ദോല്‍സവമായിത്തീരുമെന്ന ഒരവസ്ഥയെക്കുറിച്ചുള്ള സ്വപ്നം ചരിത്രത്തിന്റെ നടവഴിയില്‍ പിന്നെയും പിന്നെയും തടഞ്ഞുവീഴുന്നു. യുവത്വത്തെ വിപ്ളവത്തിന് സജ്ജരാക്കുകയെന്ന മഹാ ദൌത്യത്തില്‍നിന്നും സമൂഹത്തിന്റെ/ വര്‍ഗ്ഗത്തിന്റെ സജ്ജമാകായ്കയില്‍ അത് നിരാശമാകുന്നു.

കേരള ചരിത്രത്തില്‍ വര്‍ഗ്ഗ രാഷ്ട്രീയം അധീശത്വം നേടിയതിനുപിന്നാലെ രൂപപ്പെട്ടുവന്ന, എണ്‍പതുകളോടെ ശക്തിയാര്‍ജ്ജിച്ച ഒരു മധ്യവര്‍ഗ്ഗ (സവര്‍ണ്ണ) സൌന്ദര്യ ശാസ്ത്രത്തിന്റെ നിലപാടു തറയില്‍ നിന്നാണ് ഈ ചരിത്രവും സമൂഹത്തെ ‘വഴിമാറ്റിയ’ സാമാന്യ ബോധവും നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ആദ്യകാല വ്യവസായ സംരംഭങ്ങളുടെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഉല്‍പാദന മേഖലയില്‍ നിന്നും സേവന മേഖലയിലേക്ക് ഭരണകൂടത്തിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി കേരള ചരിത്രം നമുക്ക് കാണിച്ചു തരുന്നു. അത്തരമൊരു ചരിത്ര സന്ദര്‍ഭത്തില്‍ അറുപതുകളുടെ അവസാനത്തോടെ രൂപപ്പെട്ടുവരുന്ന സേവനമേഖലാമധ്യവര്‍ഗ്ഗത്തിന്റെ ചരിത്രവുമായി മാറുന്ന സാമൂഹ്യ ബോധത്തെ ചേര്‍ത്തുവായിക്കാവുന്നതാണ്.

ഈ മധ്യവര്‍ഗ്ഗത്തിന്റെ ശാക്തീകരണം സംഭവിക്കുന്നതും എഴുപതുകളില്‍ തന്നെയാണ്. ഇടതുപക്ഷ തീവ്രവാദം, ഇടതു വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍, എന്‍ ജി ഒ സംഘടനകള്‍, സാമൂഹ്യ, സാംസ്കാരിക, ശാസ്ത്ര സാഹിത്യ പരിഷത്ത് പോലെയുള്ള സാമൂഹ്യ ശാസ്ത്ര പ്രസ്ഥാനങ്ങള്‍, ഫിലിം സൊസൈറ്റികള്‍ എന്നിങ്ങനെ എഴുപതുകളിലെ ശാക്തീകരണ പ്രക്രിയയുടെ പശ്ചാത്തലത്തില്‍ അതിനായുള്ള ഇടപെടലുകളെയും ആധുനികതയിലേക്കുള്ള നീക്കങ്ങളെയും വേഗമാക്കുന്ന ധാരകള്‍ ആധിപത്യമുറപ്പിക്കുന്നുണ്ട്. ‘ജാതി’, ‘സമുദായം’ എന്നിവയിലധിഷ്ഠിതമായ പരിഷ്കരണമുന്നേറ്റങ്ങള്‍ക്ക് ശേഷം ശക്തമാകുന്ന കമ്യൂണിസ്റ് ചിന്ത ‘വര്‍ഗ്ഗം’ എന്ന ഒറ്റക്കുടക്കുകീഴില്‍ ഇവയെ ഒതുക്കുന്നു. ജാതി, സമുദായ യാഥാര്‍ത്ഥ്യങ്ങള്‍ പൊതുമണ്ഡലത്തില്‍ നിന്നും മറഞ്ഞുനില്‍ക്കുന്നതിന് ഇത് കാരണമായി.

അതായത് ജാതിയുടെ ഉച്ച നീചത്വങ്ങളെ ഇല്ലാതാക്കുന്നതിനുപകരം അതേക്കുറിച്ച് സംസാരിക്കാന്‍ പുതിയൊരു ഭാഷ രൂപപ്പെടുത്തുകയാണുണ്ടായത്. വര്‍ഗ്ഗ സമരത്തിലൂടെ ജാതി, സമുദായ ചിന്തകളെ ഇല്ലാതാക്കാന്‍ കഴിയുമെന്ന വിശ്വാസം രൂഡമൂലമാവുകയും ചെയ്തു. എന്നാല്‍ എണ്‍പതുകളോടെ ഈ മധ്യവര്‍ഗ്ഗത്തിന്റെ സദാചാര മൂല്യങ്ങളും സാംസ്കാരിക വിചാരവും സൌന്ദര്യശാസ്ത്രവും സമൂഹത്തില്‍ അധീശത്വം സ്ഥാപിക്കുന്നു. എഴുപതുകളോടെ കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളില്‍ നിലയുറപ്പിച്ച സേവനമേഖലാ മധ്യവര്‍ഗ്ഗത്തെയാണ് വിദ്യാഭ്യാസം മുതല്‍ വികസനംവരെയുള്ള പദ്ധതികള്‍ അഭിസംബോധന ചെയ്തത്.

ഉയര്‍ന്നുവന്ന ഈ മധ്യവര്‍ഗ്ഗത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനുപകരം മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ മധ്യവര്‍ഗ്ഗവല്‍ക്കരിക്കപ്പെടുകയായിരുന്നുവെന്നു കാണാം. മധ്യ തിരുവിതാംകൂറിലെ കാര്‍ഷിക ഉല്‍കണ്ഠയുമായി രൂപംകൊണ്ട് വിവിധ കേരള കോണ്‍ഗ്രസുകളും കോണ്‍ഗ്രസ് പാര്‍ട്ടിയും ഈ മധ്യവര്‍ഗ്ഗത്തിന്റെ ജാതി സാമ്പത്തിക താല്പര്യങ്ങളിലേക്ക് അവരുടെ അജണ്ടകള്‍ ചുരുക്കുകയായിരുന്നു. പിന്നീട് കേരളത്തിന്റെ പ്രത്യേകിച്ച് മുസ്ലിം ഭാഗദേയമേറ്റടുത്ത് പ്രബലമായ മുസ്ലിം ലീഗ് മധ്യവര്‍ഗ്ഗ, ഉപരി മധ്യവര്‍ഗ്ഗ താല്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന പാര്‍ട്ടിയായിത്തീരുന്നു. ലീഗിന്റെ വികസന സങ്കല്‍പ്പങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും അത് പ്രകടമാണ്. കമ്യൂണിസ്റ് വികസന സങ്കല്‍പ്പങ്ങളോട് ചേര്‍ത്താണ് ‘കേരളമോഡല്‍ വികസന’ത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്നത്.

സമനിരപ്പായ ഒരു സമൂഹനിര്‍മ്മിതിക്കുള്ള വികസനം എന്നതാണ് അതിന്റെ രാഷ്ട്രീയം. എന്നാല്‍ കേരള മോഡല്‍ വികസനം അഭിസംബോധന ചെയ്യുന്നത്/ ചെയ്തിരുന്നത് ആരെയാണ് എന്ന ചോദ്യം പലപ്പോഴും വിട്ടുകളയുന്നു. എന്നാല്‍ ആദിവാസികള്‍, ദലിതര്‍, തീരദേശ മേഖലയില്‍ വസിക്കുന്നവര്‍ തുടങ്ങിയ അരികുജീവിതങ്ങള്‍ വികസന മാതൃകയുടെ പുറംലോകത്താണെന്ന വസ്തുത ഇന്ന് തര്‍ക്കരഹിതമാണ്. സാമൂഹ്യ മുഖ്യധാരയില്‍ ശക്തിയാര്‍ജ്ജിച്ച മധ്യവര്‍ഗ്ഗ താല്പര്യങ്ങളുമായി ബന്ധപ്പെട്ടാണ് നമ്മുടെ “കമ്യൂണിസ്റ് വികസന സങ്കല്‍പ്പ’ങ്ങളും നിലനില്‍ക്കുന്നതെന്നു സാരം.

 

 

സമൂഹത്തിലെ ഘടനാക്രമീകരണങ്ങള്‍
തൊണ്ണൂറുകള്‍ മുതല്‍ ഈ മധ്യവര്‍ഗ്ഗം ഒരു പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്നു. ആഗോള വല്‍ക്കരണവും ഉദാരവല്‍ക്കരണവും സൃഷ്ടിച്ച പുത്തന്‍ സാമ്പത്തിക നയത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സേവനമേഖലയില്‍നിന്നും പിന്‍വാങ്ങിത്തുടങ്ങുന്നു. സേവനമേഖലയെ അടിസ്ഥാനമാക്കി രൂപ്പെട്ടുവന്ന മധ്യവര്‍ഗ്ഗത്തെ ഇത് സാരമായി ബാധിച്ചു. സര്‍ക്കാര്‍ തണലില്‍ വളര്‍ന്നുവന്ന മധ്യവര്‍ഗ്ഗം ഈ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. ഈ ദശകത്തിന്റെ ആരംഭത്തില്‍ പൊട്ടിപ്പുറപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരുടെ സമരം അതിന്റെ പ്രകടിതരൂപമായി കാണാം. പുത്തന്‍ സാമ്പത്തിക നയങ്ങളും ആഗോളവല്‍ക്കരണനടപടികളും കാര്‍ഷിക സമ്പദ് വ്യവസ്ഥയുടെ നട്ടെല്ളൊടിക്കുകയും കര്‍ഷകര്‍ വ്യാപകമായി ആത്മഹത്യചെയ്തപ്പോഴും ഉയര്‍ന്നുവരാതിരുന്ന പ്രതിഷേധസമരമാണ് നയവ്യതിയാനം സര്‍ക്കാര്‍ ജീവനക്കാരെ ബാധിച്ചപ്പോള്‍ പൊട്ടിപ്പുറപ്പെട്ടത്.

പൊതുമേഖലാ ബാങ്ക്, ഇന്‍ഷുറന്‍സ് തൊഴിലാളികളുടെ സമരം, അധ്യാപകരുടെ പ്രൊട്ടക്ഷന്‍ പ്രശ്നം, രജനി എസ് ആനന്ദ് എന്ന ദലിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയത്തുടര്‍ന്ന് ബാങ്കുകള്‍ക്കും ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും എതിരെ നടന്ന സമരം (യഥാര്‍ത്ഥത്തില്‍ പുത്തന്‍ വിദ്യഭ്യാസ നയത്തിനെതിരെ ഉന്നയിക്കപ്പെടേണ്ടതായിരുന്നു ആ സമരം.) എന്നിങ്ങനെ നീളുന്ന ആ പ്രശ്നത്തിന്റെ ഇങ്ങത്തേലയ്ക്കലാണ് സ്വാശ്രയ ഫീസ് വര്‍ദ്ധന പൊതുസമൂഹത്തിന്റെ ‘കാതലായ’ പ്രശ്നമായി ഉന്നയിക്കപ്പെടുന്നത്.

എഴുപതുകളിലെ യുവത്വം എന്ന ഇന്നത്തെ രക്ഷാകര്‍തൃ സമൂഹം അണ്‍ എയ്ഡഡ് സ്കൂളിലെ ഫീസ് വര്‍ദ്ധനയ്ക്കെതിരായി എറണാകുളത്തും മറ്റും സംഘടിപ്പിച്ച കൂട്ടായ്മയും സമരവും പുതിയ കാലത്തെ മധ്യവര്‍ഗ്ഗം കടന്നുപോകുന്ന ‘അരക്ഷിതാ’വസ്ഥയുടെയും വിലപേശലിന്റെയും പ്രകടിത രൂപങ്ങളാണ്. സൂക്ഷ്മ വിശകലനത്തില്‍ വ്യവസായം, വികസനം, വിദ്യാഭ്യാസം തുടങ്ങിയവയില്‍ സ്വകാര്യവല്‍ക്കരണം നടപ്പാക്കുന്ന സി പി എം നയവ്യതിചലനത്തെക്കുറിച്ച് പാര്‍ട്ടിയിലുണ്ടായ ‘ആശയ സമരത്തിലും’ ഈ മധ്യവര്‍ഗ്ഗഅരക്ഷിതാവസ്ഥ അന്തര്‍ലീനമായിരിക്കുന്നു. ഒരു നിക്ഷേപസൌഹൃദ പാര്‍ട്ടിയായും കോര്‍പ്പറേറ്റ് പ്രസ്ഥാനമായും മാറിയ സി പി എം ഒരു മുതലാളിത്ത പാര്‍ട്ടിയായി രൂപം മാറുന്നുവെന്ന ആശങ്ക പാര്‍ട്ടിക്കുള്ളിലുയര്‍ത്തിയതും അതൊരു ആശയസമരമായി വളര്‍ത്തിയതും ഈ മധ്യവര്‍ഗമാണ്.

വിവരസാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള പുത്തന്‍ സാമ്പത്തിക മേഖലകളിലേക്ക് ചെറിയൊരുവിഭാഗം എത്തിപ്പിടിച്ചുവെങ്കിലും ഭൂരിപക്ഷം വരുന്ന വിഭാഗം തികച്ചും അരക്ഷിതമായ സാമ്പത്തിക സാമൂഹ്യ സമ്മര്‍ദ്ദത്തില്‍ പിന്തള്ളപ്പെട്ടുപോവുന്നു. ഈയൊരു ചരിത്രസന്ധിയിലാണ് ജാതി വീണ്ടും ഉന്നയിക്കാവുന്ന രാഷ്ട്രീയ പ്രശ്നമായി ഉയര്‍ന്നുവരുന്നത്. അത് സംവരണവിരുദ്ധ സംവാദമായും “മിടുക്കിനെ’ക്കുറിച്ചുള്ള (മെറിറ്റ് ) ആശങ്കയായും പൊതു സമൂഹത്തില്‍ പ്രക്ഷേപണം ചെയ്യപ്പെടുകയും സവര്‍ണ്ണതയെ ആധികാരികമായൊരു സാംസ്കാരിക മൂലധനമായി പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. സാമൂഹ്യ രാഷ്ട്രീയ മുഖ്യധാരയെ പിടിച്ചെടുക്കുന്ന ഈ മധ്യവര്‍ഗ്ഗത്തിന്റെ ജാതീയവും സാമ്പത്തികവുമായ ആകുലതകളാണ് പൊതുസമൂഹത്തിന്റെ പ്രശ്നങ്ങളായി ഉയര്‍ന്നുവരുന്നത്. സംവാദത്തിന്റെ പൊതുമണ്ഡലം ചുരുങ്ങുകയാണെന്നര്‍ത്ഥം. അതുകൊണ്ടുതന്നെ കമ്യൂണിസ്റ് പാര്‍ട്ടി ഉള്‍പ്പെടെയുള്ള മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ‘അച്ചടക്ക’ സീമയ്ക്കു പുറത്താണ് സമരവും സംവാദവും ഇനി സാധ്യമാകുന്നത്.

എഴുപതുകളിലെ ഭൂപരിഷ്കരണത്തിനുശേഷം ഭൂമിയുടെ വിതരണ വിനിയോഗങ്ങളെ സംബന്ധിച്ച് നയരൂപീകരണമുണ്ടാക്കാന്‍ കമ്യൂണിസ്റ്/ ഇതര ഭരണകൂടത്തിന് കഴിയാതെ പോകുന്നതും എ കെ ജിയുടെ നേതൃത്വത്തില്‍ നടന്ന മിച്ച ഭൂമി പിടിച്ചെടുക്കല്‍ സമരത്തിനുശേഷം ഒരു ഭൂസമരത്തിനും നേതൃത്വം കൊടുക്കാന്‍ സി പി എമ്മിന് കഴിയാതെ പോകുന്നതും സമൂഹപരിണാമത്തില്‍ മധ്യവര്‍ഗ്ഗ വല്‍ക്കരിക്കപ്പെട്ട പാര്‍ട്ടികളുടെ അരാഷ്ട്രീയതയുടെ വെളിപ്പെടലാണ്. ടീകോമിന് ഭൂമി അനുവദിക്കുന്നതില്‍ വരുന്ന കാലതാമസം നമ്മെ അസ്വസ്ഥരാക്കുകയും ചെങ്ങറയിലെ സമരക്കാര്‍ മിച്ചഭൂമിയില്‍ വിഹിതം ആവശ്യപ്പെടുമ്പോള്‍ അത് നമ്മെ ബാധിക്കപ്പെടാതിരിക്കുകയും ചെയ്യുന്നത് അതുകൊണ്ടാണ്. മൂന്നാറിലെ റിസോര്‍ട്ടുകള്‍ ഇടിച്ചുനിരത്തിയപ്പോള്‍ ഉണ്ടായ പ്രതിഷേധവും നിയമപരമായ ഇടപെടലുകളും മൂലമ്പിള്ളിയില്‍ അതേ ബുള്‍ഡോസറുകള്‍ കയറിയിറങ്ങിയപ്പോള്‍ ഉണ്ടാകാതിരുന്നത് ഇതേ പ്രക്രിയയുടെ സൂചകങ്ങളാണ്.

അതേ സമയം തന്നെ മുഖ്യധാരാപ്രസ്ഥാനങ്ങള്‍ സാമൂഹ്യഇടപെടലില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുമ്പോഴും ചെറുസമരങ്ങളും ചെറുത്തുനില്‍പ്പുകളും പുതിയ ജനാധിപത്യ ഇടങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. സമരത്തിന്റെയും സംവാദത്തിന്റെയും മേഖലകളിലേക്ക് നവസാമൂഹ്യപ്രസ്ഥാനങ്ങളും ചെറുഗ്രൂപ്പുകളുമാണ് കടന്നുവരുന്നത്. എന്നാല്‍ എന്‍ ജി ഒ കളുടെയും പലപ്പോഴും സുതാര്യമല്ലാത്ത അവയുടെ താല്‍പര്യങ്ങളുടെയും വിഹാരരംഗമാവുന്നതോടെ പൊതുസമരമണ്ഡലം പല വിധത്തില്‍ അവ്യക്തവും പ്രശ്നസങ്കീര്‍ണവുമാകുന്നു. കുടിവെള്ളം, ശുചിത്വം, ദലിത് ആദിവാസി അവകാശങ്ങള്‍, മനുഷ്യാവകാശങ്ങള്‍, അസംഘടിത തൊഴിലാളികള്‍ തുടങ്ങി വികസന പ്രവര്‍ത്തനങ്ങള്‍ മുതല്‍ അവകാശസമരങ്ങള്‍ വരെ എന്‍ ജി ഒ വല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ചെറിയ പ്രതിഷേധങ്ങളെപ്പോലും ചിതറിപ്പിച്ചുകളയുകയുന്ന വിധം സമൂഹത്തെ ഘടനാപരമായി ക്രമീകരിക്കാന്‍ ഇതുമൂലം കഴിയുന്നു.

ഇനിയൊരു അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ തന്നെ ഭരണകൂടത്തിനും അധിനിവേശമൂല്യങ്ങള്‍ക്കും അവയുടെ അമിതാധികാരങ്ങള്‍ പ്രയോഗക്ഷമമാക്കാന്‍ കഴിയുന്ന നിസ്സംഗമായ ഒരു സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കപ്പെടുകയാണ്.

കടപ്പാട്
ബി എസ് ബിമിനിത്
സോമശേഖരനും പി കെ നാണുവുമായി നടത്തിയ സംഭാഷണം

റഫറന്‍സ്
1. F R Ankersmith. Historiography and Post Modernism
2. കെ വേണു. മലയാളി മനസ്സ്. പച്ചക്കുതിര, ജൂണ്‍ 2005
3. ഡോ. ടി ടി ശ്രീകുമാര്‍. സിവില്‍ സമൂഹവും ഇടതുപക്ഷവും 2007
4. പി കെ വാസുദേവന്‍ നായര്‍. ഒരു കമ്യൂണിസ്റുകാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍. ഹരിതം ബുക്സ്, 2004
5. പി കെ പ്രകാശ്. മുണ്ടൂര്‍ രാവുണ്ണി. മാധ്യമം ആഴ്ചപ്പതിപ്പ്, സെപ്റ്റംബര്‍, 16, 2005
6. ഷാനവാസ് എം എ. 1975 അടിയന്തിരാവസ്ഥയുടെ ഓര്‍മ്മപ്പുസ്തകം. പ്രണത ബുക്സ്, കൊച്ചി, 2006

 
 
 

POSTS ON EMERGENCY

കണ്ണാടിമുറികളില്‍ നമ്മുടെ പോള്‍ഡാന്‍സുകള്‍

നിങ്ങള്‍ക്കു മുന്നില്‍ കൊട്ടിയടയാന്‍ ചില വാതിലുകളുണ്ട്

നിങ്ങള്‍ നിരീക്ഷണത്തിലാണ്!

എഴുപതുകള്‍ തിരിഞ്ഞുകൊത്തുമ്പോള്‍

പറയേണ്ട, ഞങ്ങള്‍ കുനിഞ്ഞോളാം

ഭാവിയുടെ ചുമരെഴുത്തുകള്‍

Leave a Reply

Your email address will not be published. Required fields are marked *