മുഹമ്മദലി: ക്ഷീരപഥങ്ങള്‍ തേടിപ്പോയ സഞ്ചാരി
അടിയന്തരാവസ്ഥാ കുറിപ്പുകള്‍ക്ക് ഒരനുബന്ധം.
മുഹമ്മദലിയുടെ പൊള്ളിക്കുന്ന ഓര്‍മ്മ.
അടിയന്തരാവസ്ഥാ വാര്‍ഷികവുമായി ബന്ധപ്പെട്ട് നാലാമിടം പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ക്ക് ഒരനുബന്ധം കൂടി. ഇത് മുഹമ്മദലിയുടെ ജീവിതം. അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടക്കപ്പെടുകയും അതിക്രൂരമായി പീഡിപ്പിക്കപ്പെടുകയും ചെയ്ത കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി മുഹമ്മദലിയുടെ പൊള്ളിക്കുന്ന ഓര്‍മ്മ. ജയില്‍വാസമേല്‍പ്പിച്ച ശാരീരിക, മാനസിക പീഡകള്‍ക്കൊടുവിലാണ് പ്രതിഭാശാലിയായ ഈ മനുഷ്യന്‍ അകാലത്തില്‍ മരിച്ചത്. ജീവിച്ച കാലത്തേക്കാള്‍ അറിവിലും ധിഷണയിലും ഒരു പാട് മുന്നില്‍ നടന്ന മുഹമ്മദലി മാര്‍ക്സിസം -ലെനിനിസത്തിനകത്തെ സൈദ്ധാന്തിക വിടവുകള്‍ ഏറെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. അപാരമായ സാധ്യതകളുണ്ടായിട്ടും അതൊന്നും ഉപയോഗിക്കപ്പെടാതെ പോയ, അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രം പൂര്‍ണമായി തിരിച്ചറിയാനായ ഒരാള്‍. വിപ്ലവത്തിന്റെയും ധൈഷണിക ചിന്തയുടെയും സാഹിത്യത്തിന്റെയും സൈദ്ധാന്തികതയുടെയും സൌഹൃദത്തിന്റെയും ഉന്‍മാദത്തിന്റെയും പല വഴികളിലായിരുന്നു അവിശ്വസനീയമെന്നു നമ്മുടെ കാലത്തിന് ഒരുപക്ഷേ, തോന്നിപ്പിക്കാവുന്ന മുഹമ്മദലിയുടെ നടത്തങ്ങള്‍. കുട്ടിക്കാലം മുതല്‍ അദ്ദേഹത്തെ അടുത്തറിയാവുന്ന, ജയിലിലും പുറത്തും ഒപ്പമുണ്ടായിരുന്ന കെ.എച്ച് ഹുസൈന്റെ ഈ ഓര്‍മ്മക്കുറിപ്പില്‍ ആ കാലം അതേപടി കല്ലിച്ചു നില്‍ക്കുന്നുണ്ട്.
അടിയന്തരാവസ്ഥക്കു ശേഷം പുറത്തിറങ്ങിയ ‘തടവറക്കവിതകളി’ല്‍ ഉള്‍പ്പെട്ട രണ്ടു കവിതകള്‍ മാത്രമാണ് മുഹമ്മദലിയുടെ ധൈഷണിക അടയാളമായി ശിഷ്ടകാലം ബാക്കിവെച്ചത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് എഴുതപ്പെട്ട ആ കവിതകളും ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു
മുഹമ്മദലി മരിച്ചിട്ട് ഒമ്പതു വര്‍ഷം ആവാറായി. അടിയന്തരാവസ്ഥയിലെ മര്‍ദ്ദനത്തിന്റെ അടയാളങ്ങള്‍ ശരീരത്തിലും മനസ്സിലും പേറി അമ്പതു വയസ്സിനിടെ ആരുമറിയാത്ത വഴികളിലൂടെ അദ്ദേഹം ഏറെ ദൂരങ്ങള്‍ നടന്നു. ഉരുട്ടേറ്റു തകര്‍ന്ന തുടകള്‍, ഷോക്കേറ്റു തകര്‍ന്ന തലച്ചോറ്. പൊടുന്നനവെ ഒരു വൈകുന്നേരം മുഹമ്മദലി വന്നെത്തുമ്പോള്‍ മറക്കാനാഗ്രഹിച്ചവയൊക്കെ മഴയായി പെയ്യാന്‍ തുടങ്ങും. നിശ്ശബ്ദനായി കിടന്നുറങ്ങി, അലങ്കോലപ്പെട്ട് രാവിലെ അദ്ദേഹം പടിയിറങ്ങിപ്പോകും. അപൂര്‍വ്വമായി രാത്രി മുഴുവന്‍ സംസാരിക്കും. അഗ്നി പടര്‍ത്താന്‍ തേടിപ്പോയ ഗ്രാമാന്തരങ്ങള്‍. വാത്മീകം പണിത ജയിലഴികളുടെ കാരുണ്യം. സ്മൃതിയില്‍ പച്ചപ്പു തേടി മടങ്ങിയെത്തുന്ന സഖാക്കള്‍.
നക്സലിസത്തിന്റെ ജ്വാലകളുമായി ആ പഴയ മുഹമ്മദലി മുന്നിലിരിക്കുന്നതായി തോന്നും. തത്വചിന്തയുടെയും യുക്തിവിചാരത്തിന്റെയും തീക്ഷ്ണതകള്‍. പ്രപഞ്ചത്തിന്റെയും ആത്മാവിന്റെയും അജ്ഞേയതകള്‍ തേടിയുള്ള അലച്ചില്‍…. അകം ലോകത്തിന്റെ ഇരുളും നിഴലും കൂട്ടുകാര്‍ക്കു മുന്നില്‍ അദ്ദേഹം നിലാവു പോലെ തുറന്നു.
സുഹൃത്തുക്കള്‍ക്കെന്നും നിരാശയായിരുന്നു. അനേകം ലോകങ്ങള്‍ കീഴടക്കാന്‍ പിറന്ന പ്രതിഭാധനനായ വിദ്യാര്‍ത്ഥി എന്നു കരുതിയ ഗുരുക്കന്‍മാര്‍ക്കും നിരാശയായിരുന്നു. ആത്മാവ് വിങ്ങുമ്പോഴും പൊട്ടിച്ചിരികള്‍ വിതറിയവന്‍, സംഭാഷണങ്ങളില്‍ വര്‍ണമഴ പെയ്യിച്ചവന്‍, ആര്‍ദ്ര തീരങ്ങള്‍ തേടിയലഞ്ഞവന്‍, മാര്‍ക്സിനെയും നീഷെയെയും നെഞ്ചിലേറ്റി താലോലിച്ചവന്‍, ദൈവത്തെയും ചെകുത്താനെയും തള്ളിപ്പറഞ്ഞവന്‍, സ്തുതിച്ചവന്‍.
എന്തെങ്കിലുമൊക്കെയൊന്ന് പേനയെടുത്തു കോറിയിരുന്നെങ്കില്‍ എന്ന് സുഹൃത്തുക്കള്‍ വിഫലമായി ആശിച്ചു. ജീവിതങ്ങള്‍ ഒടുങ്ങാറാകുന്നു എന്ന് ഓര്‍മ്മിപ്പിക്കുമ്പോള്‍ മുഹമ്മദലി പറയും, തലച്ചോറില്‍ അനേകം മരണങ്ങള്‍ സംഭവിച്ച എനിക്ക് ഇനിയൊരു മരണമില്ല. അദ്ദേഹം ആകെ അവശേഷിപ്പിച്ചു പോയത് രണ്ട് കവിതകള്‍ മാത്രം. അടിയന്തിരാവസ്ഥക്കാലത്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ചെഴുതിയത്’നഗരങ്ങള്‍’, ‘യുദ്ധാനന്തര തലമുറക്കാരോട്’.
ജോലിക്കായി ജില്ല വിട്ട് പുറത്തേക്ക് യാത്രയായപ്പോഴും കൊടുങ്ങല്ലൂരിലെ എറിയാടിലെ കൊച്ചു സുഹൃദ് വലയത്തിനുള്ളിലേക്ക് മുഹമ്മദലി എപ്പോഴും മടങ്ങിയെത്തി. ഇന്ത്യ മുഴുവന്‍ കാല്‍നടയായി പോകണമെന്ന ആഗ്രഹം പല പ്രാവശ്യം ഉപേക്ഷിച്ചപ്പോഴൊക്കെ ഹൈദിഗറെ ഉദ്ധരിക്കുമായിരുന്നു. ‘ എന്റെ ഗ്രാമത്തില്‍ ജീവിച്ചുമരിച്ച് ഞാന്‍ ലോകത്തെ കണ്ടെടുക്കും’.
അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിനും ഒരു വര്‍ഷം മുമ്പേ പാര്‍ട്ടി പ്രവര്‍ത്തനത്തിനായി ഒളിവില്‍ പോയപ്പോള്‍ മാത്രമായിരിക്കണം മുഹമ്മദലി ലോകം കണ്ടത്. മാര്‍ക്സിസം ലെനിനിസത്തിന്റെ അടവുകളെയും തന്ത്രങ്ങളെയും കുറിച്ച് വാചാലനാവുമ്പോഴും ജീവിതത്തിലൊരു നിമിഷം പോലും തന്ത്രജ്ഞനാകാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. വട്ടം കൂടിനിന്ന് പോലീസുകാര്‍ മര്‍ദ്ദിക്കുമ്പോഴും സഖാക്കളെ വഞ്ചിക്കില്ലെന്നു പറഞ്ഞ് ഇങ്ക്വിലാബ് വിളിച്ച വിഡ്ഢി.
ശക്തന്‍തമ്പുരാന്റെ ഊട്ടുപുരയില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത് പോരെന്നു വന്നപ്പോള്‍ ഇടപ്പള്ളിയില്‍ ജയറാം പടിക്കലിന്റെ മുമ്പില്‍ പോയി ഉരുട്ട് തുടര്‍ന്നു.നൂറിലേറെ ദിനരാത്രങ്ങളില്‍ നുറുങ്ങിപ്പോയ ലോക്കപ്പ് ജീവിതം. അടിയന്തിരാവസ്ഥ പിന്‍വലിക്കപ്പെട്ട് മറ്റു സഖാക്കള്‍ സ്വതന്ത്രരായപ്പോഴും കള്ളക്കേസില്‍ കുടുങ്ങി മുഹമ്മദലി കുറച്ചു കൂടി ജയിലില്‍ തങ്ങി. ചളുങ്ങിയ തുടകളുമായി പുറത്തിറങ്ങുമ്പോഴേക്കും മുഹമ്മദലിയുടെ ലോകങ്ങള്‍ തകര്‍ന്നു കഴിഞ്ഞിരുന്നു. ചുവന്ന നഗരം പുതുക്കിപ്പണിയണമെന്ന പ്രത്യാശ അകലെ ഒരു മറവിയായി ചുരുങ്ങി.
പൊടിനിറഞ്ഞ, ചിലന്തികളെമ്പാടും വല നെയ്ത, കരിനാഗങ്ങള്‍ തിമിര്‍ത്ത അകത്തളങ്ങളില്‍ അശരീരികള്‍ക്കായി അദ്ദേഹം കാതോര്‍ത്തു. തീക്ഷ്ണമായ യുക്തിശീലങ്ങള്‍ ഷോക്കേറ്റു തളര്‍ന്നു. പ്രളയങ്ങളുടെ കാലങ്ങളില്‍ തട്ടിന്‍പുറത്തുകയറി ആര്യവേപ്പില തിന്ന് ധ്യാനിച്ചു. കൂര്‍മാവതാരമായി ഇറങ്ങിവന്ന് കുളത്തില്‍ ഊളിയിട്ടു. മനുഷ്യവംശം നിലനിര്‍ത്താനായി പാടത്തെ ചെളിതിന്നു. വിഭ്രമങ്ങളടങ്ങുമ്പോള്‍ ഏകനായി മാവോയുടെയും ലോര്‍ക്കയുടെയും കവിതകള്‍ രാത്രി മുഴുക്കെ പാടി.
പിറന്നനാള്‍ മുതലേ അശാന്തമായ മനസ്സ് സ്വാസ്ഥ്യം എന്തെന്നറിഞ്ഞത് നിലാവ് നിഴല്‍ വീഴ്ത്തിയ കുളത്തില്‍ ജലസമാധിയായപ്പോള്‍ മാത്രമായിരിക്കണം. ഖബറടക്കിയശേഷം ചേര്‍ന്ന ചരമയോഗത്തില്‍ കെ.എ മോഹന്‍ദാസ് പറഞ്ഞു: ‘അനേകം കമ്പനങ്ങളേറ്റുവാങ്ങിയ വലിഞ്ഞുമുറുകിയ ഒരു ലോഹച്ചരടായിരുന്നു മുഹമ്മദലി’.
മാര്‍ക്സിസം പഠിച്ചും പറഞ്ഞും നടന്ന നാളുകളിലെ മുഹമ്മദലിയെ ഒരു തീക്കനല്‍ പോലെ സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. തര്‍ക്കങ്ങളുടെയും ശാഠ്യങ്ങളുടെയും വെളിപാടുകളുടെയും അക്കാലത്ത് ഒരു തുണ്ട് അറിവു പോലും കോസ്മിക് റിയാലിറ്റിയുമായി ബന്ധിപ്പിക്കാനായിരുന്നു അദ്ദഹത്തിന്റെ ഉല്‍സാഹങ്ങള്‍. .ദൈവവും ആത്മാവും ‘ഞാനും’ മാര്‍ക്സിസത്തിന്റെ പ്രധാന അന്വേഷണ വിഷയങ്ങളാകണമെന്ന വാദങ്ങള്‍ സഖാക്കളില്‍ പലരെയും ഭയപ്പെടുത്തി.
ക്ഷീരപഥത്തില്‍ കണ്ണുനട്ട് ചേരമാന്‍ മൈതാനത്ത് ഉറങ്ങാതെ കിടന്ന എത്ര രാത്രികള്‍.. പ്രപഞ്ചത്തിന്റെ ഒടുങ്ങാത്ത ഉല്‍പ്പത്തി വിശേഷങ്ങള്‍., സ്ഥലകാലങ്ങള്‍ക്കും മുമ്പേ പിറവി പൂണ്ട ചരിത്രത്തിന്റെ അനാഥത്വം, പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്തിരുന്ന് തേങ്ങിക്കരഞ്ഞ നക്ഷത്രം – മുഹമ്മദലി കൂട്ടുകാര്‍ക്കായി പല ലോകങ്ങളും തുറന്നിട്ടു. തീയും പൂക്കളും വിതറി. വര്‍ഷങ്ങള്‍ക്കുശേഷം ശൂന്യതയും ഇരുട്ടും പൊതിഞ്ഞ നാളുകളില്‍ അന്തിമയങ്ങി ആദ്യ നക്ഷത്രം ഉദിക്കുന്നതു കാണുമ്പോള്‍ മുഹമ്മദലി പറയുമായിരുന്നു: ‘പരിഹാസികള്‍ ഉണരുകയായി’.
നഗരങ്ങള്‍
ഉലക്ക കൊണ്ടുരുട്ടിയുരുട്ടിയവരെന്റെ
തുടകള്‍ രണ്ടും ചളുക്കി.
താഢനങ്ങളേറ്റെന്റെ നട്ടെല്ലു നുറുങ്ങി
പിശാചുക്കള്‍!
ചരിത്രവികാസത്തെ പ്രതിനിധീകരിച്ചുയര്‍ന്ന
പുതുനഗരം പോലുള്ളയെന്റെ ആത്മാവിനു മീതെ
അവര,വരുടെ വിജയരഥം നിസ്സാരമായി ഓടിച്ചുകയറ്റി
അവിടെ വാണ ചെങ്കല്ലിന്റെ മഹാസൌധങ്ങള്‍ തകര്‍ന്നുടഞ്ഞു
ചുകന്ന ഇഷ്ടികകള്‍ പടുത്തു കെട്ടിയെന്റെ നഗരം
നഷ്ട വ്യവസ്ഥയില്‍ തപിച്ച്
സ്വയം പ്രതിനിധീകരിക്കാന്‍ ശ്രമിച്ച ചരിത്രത്തിന്റെ
‘നന്ദികേടിലും’ അന്യതയിലും ചൂളിച്ചുരുങ്ങി
എന്റെയാന്തര നഗരത്തിന്റെ ചുവന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍
കരിനാഗങ്ങളും കരിന്തേളുകളും യഥേഷ്ടമിഴഞ്ഞു
അനാഥമായ
വിസ്തൃതമായ
ചുവന്നിരുണ്ട നഗരാവശിഷ്ടങ്ങളെ
എട്ടുകാലി വലകള്‍ സമൃദ്ധമായി പൊതിഞ്ഞു
കടുത്ത
ശൈത്യം കണ്ണീര്‍ പൊഴിച്ച,വയില്‍ തുള്ളികളായി തൂങ്ങിനിന്നു.
ഈയൊരു വര്‍ഷം ഞാനെന്തു ചെയ്യുകയായിരുന്നു?
അന്തര്‍നേത്രനായി, ചുവന്ന പൊടികളില്‍
ചരിത്ര ഗവേഷണം നടത്തി,
അവയൊരിക്കല്‍ പ്രതിനിധീകരിച്ചിരുന്ന
ചുവന്ന സൌധങ്ങള കണ്ടത്തൊന്‍ ശ്രമിക്കുകയായിരുന്നു
വെറുതെ, ഭ്രാന്തമായി
എല്ലാ വികാരങ്ങളിലും വിരക്തനായി,
എന്റെ ആത്മാവിന്റെ അവശിഷ്ടങ്ങളില്‍
മുട്ടുകുത്തിയിരുന്ന് രണ്ടു കൈകള്‍ കൊണ്ടും
ചുവന്ന പൊടി വാരി തുടരെ തൂവുകയായിരുന്നു.
എന്നാല്‍
ഇന്നെനിക്കത് വ്യക്തമായി.
സ്വയമറിയുന്ന വസ്തുവാണല്ലോ മനുഷ്യന്‍.
പാടിപ്പാടി, പൊരുതിപ്പൊരുതി
ധീരന്‍മാര്‍ ഇപ്പോഴും കിഴക്കു ചുവപ്പിച്ചു കൊണ്ടേയിരിക്കുന്നു.
കരുണാര്‍ദ്രമായ ആ സൌരോര്‍ജം
എന്റെ നഗര ശിഥിലങ്ങളിലും
വീണ്ടും ചെങ്കതിരുകളേല്‍പ്പിക്കുന്നു
ഹാ!
ചരിത്രമെന്നെ തീര്‍ത്തും തഴഞ്ഞിട്ടില്ല
സാര്‍വത്രികമായ ചുവപ്പില്‍
എന്റെ ഇരുണ്ട നഗരവും വീണ്ടും ചുവക്കുന്നു
പടയാളികളവിടെ പഴയ പൊടി നനച്ചുരുട്ടി
പുതിയ ഇഷ്ടികകള്‍ കൊണ്ടതു പുതുക്കിപ്പണിയുന്നു
ഇപ്പോള്‍,
ഞാന്‍ പുതിയ അടിസ്ഥാനങ്ങളില്‍
സ്വയം പടുത്തുകൊണ്ടിരിയ്ക്കുന്നു
എന്റെ ശവം ജീവന്‍ വീണ്ടെടുത്തിരിക്കുന്നു
എന്നാല്‍
ഇനിയുമൊരിക്കലും പഴയതുപോലൊരു രഥത്തിന്
നിസ്സാരമായി തകര്‍ക്കാന്‍ കഴിയാത്തത്ര ബലമുള്ള കല്ലുകള്‍കൊണ്ട്
ഞാനെന്റെ പുതുനഗരം വാര്‍ക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു
‘യുദ്ധനന്തര തലമുറ’ക്കാരോട്
നാക്കെടുത്താല്‍ തെറി പറയുന്ന നാണം കെട്ടവരേ,
ഭാഷക്കുഷ്ണപ്പുണ്ണു പിടിച്ചപ്പോള്‍ നൊട്ടിനുണഞ്ഞവരേ,
ലോകത്തെ മുഴുവന്‍ പ്രതിനിധീകരിക്കാന്‍ നോക്കാതെ!
ആ ദുരന്ത ബോധവും യുദ്ധമരണഭീതികളും
എല്ലാരുടേതുമാക്കാന്‍ നോക്കാതെ!
ആയ കാലത്തു വേണ്ടത്ര കൂത്താടിയല്ലോ,
അന്നൊക്കെ ചരിത്രത്തോടൊപ്പമായിരുന്നല്ലോ.
ഇന്നിപ്പോള്‍ ചരിത്രം പുറന്തള്ളുമ്പോള്‍
കുറേ മോങ്ങി, വേഗം രംഗം കാലിയാക്ക്!
അന്നുമിന്നും വിടാതെ കൊണ്ടുനടക്കുന്ന
ആ വടിയുണ്ടല്ളോ, ഈ ‘നമ്മുടെ’ പ്രയോഗം
അതുകള!
കളഞ്ഞില്ളെങ്കിലും കാര്യം ഞങ്ങള്‍ക്കറിയാം
‘നമ്മുടെ’യില്ല എല്ലാം ‘ഞങ്ങടെ’, ‘നിങ്ങടെ’,
ഇനിയിപ്പോള്‍ ചരിത്രത്തിന്റെ മുന്‍കൈ ഞങ്ങള്‍ക്കാണ്,
ദുരന്തബോധം നിങ്ങള്‍ക്കും.
നിങ്ങളുടെ ഒരു ജൂതസ്നേഹിതന്‍ പറഞ്ഞതു കേട്ടില്ലേ,
“തീരുമാനിക്കണം ഈ ഞെരുക്കുന്ന മൂവന്തിയില്‍
നാമെന്തു ചെയ്യണമെന്നല്ല
എങ്ങനെ ജീവിക്കുമെന്നല്ല
…(ഇനി അതൊന്നും തീരുമാനിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല:
എന്തു ചെയ്യണമെന്നത് എന്നേ തീരുമാനിച്ചു)…
വരാനിരിക്കുന്ന രാത്രികളില്‍ ഏറ്റവും നോവുകുറഞ്ഞ
സ്വപ്നങ്ങളുള്ള ജീവിതമേതെന്ന്”
അതെ അങ്ങനെ വല്ലതും നോക്കൂ.
എന്നാലും ഇത്രയധികം ബോംബുകളുമധികാരവുമുണ്ടായിരുന്നിട്ടും
നിങ്ങളോ നോവുള്ളോര്‍, നിസ്സഹായര്‍!
നിങ്ങളിപ്പോള്‍ ഞെരുക്കുന്ന മൂവന്തിയിലാണല്ലോ?
എന്നാല്‍ കേട്ടോളൂ
ഞങ്ങളിപ്പോള്‍ ഉദിക്കുന്ന പൊന്നുഷസ്സിലാണ്.
POSTS ON EMERGENCY
കണ്ണാടിമുറികളില്‍ നമ്മുടെ പോള്‍ഡാന്‍സുകള്‍
നിങ്ങള്‍ക്കു മുന്നില്‍ കൊട്ടിയടയാന്‍ ചില വാതിലുകളുണ്ട്






ത്ഫൂ…പിന്നേം സ്തുതി പാടുന്നുണ്ടല്ലോ അടിയന്തരാവസ്ഥക്ക്, പലരും
പൊള്ളിപ്പോയി
എനിക്കുവല്ലാതെ ഭയം തോന്നുന്നു
ഈ മനുഷ്യനെ,
മരിച്ചതില്‍ പിന്നീടും
തിരിച്ചെത്തി,
എന്റെ നേര്‍ക്കെപ്പോഴൊക്കയോ
ചിരിച്ച ചിരിയുടെ
പൊരുളറിയാതെ
വിളറിപ്പോകുന്നു
ഞാന്‍….
എനിക്കറിയുന്ന മുഹമ്മദ് അലി വായനയിലൂടെ മാത്രം. അടിയന്തിരാവസ്ഥ കാലത്തും ഞാന്‍ പ്രവാസി ആയിരുന്നു…മുഹമ്മദ് അലിയുടെ സ്നേഹിതനായ ഹുസൈന്ക്കനെയും പ്രേരണ മുഹമ്മദിനെയും അറിയാം. അവരിലുടെ മുഹമ്മദ് അലിയെയും. തലകുനിക്കുന്നു…
എത്ര മനുഷ്യര്‍.
എത്ര ഉള്ളുള്ള ജീവിതങ്ങള്‍.
അടിയന്തരാവസ്ഥ മുറിച്ചുകളഞ്ഞത്
എത്ര നാവുകളെയാണ്?
Really Shocking!!!
ആദരാഞ്ജലികള്‍
നന്‍മ നിറഞ്ഞ ആ മനസ്സിനെ
പരിചയപ്പെടുത്തിയതിന് നാലാമിടത്തിന് നന്ദി
ആദ്യമായി കേള്‍ക്കുകയാണ്.
സങ്കടവും രോഷവും അപമാനവും
കൊണ്ട് തലകുനിയുന്നു.
പ്രിയപ്പെട്ട മുഹമ്മദലി,
കേരളത്തിന്, മലയാളിക്ക്
ഒരിക്കലും മനസ്സിലാക്കാന്‍ കഴിയില്ല
നിങ്ങളെ.
പക്ഷേ, ഇനിയുള്ള ഒരു കാലത്തിന്
നോക്കാതിരിക്കാന്‍ കഴിയില്ല
ഈ കണ്ണാടിയില്‍.
shocking!
“എന്റെ ശവം ജീവന്‍ വീണ്ടെടുത്തിരിക്കുന്നു
എന്നാല്‍
ഇനിയുമൊരിക്കലും പഴയതുപോലൊരു രഥത്തിന്
നിസ്സാരമായി തകര്‍ക്കാന്‍ കഴിയാത്തത്ര ബലമുള്ള കല്ലുകള്‍കൊണ്ട്
ഞാനെന്റെ പുതുനഗരം വാര്‍ക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു…”…………….”എന്നാലും ഇത്രയധികം ബോംബുകളുമധികാരവുമുണ്ടായിരുന്നിട്ടും
നിങ്ങളോ നോവുള്ളോര്‍, നിസ്സഹായര്‍!
നിങ്ങളിപ്പോള്‍ ഞെരുക്കുന്ന മൂവന്തിയിലാണല്ലോ?
എന്നാല്‍ കേട്ടോളൂ
ഞങ്ങളിപ്പോള്‍ ഉദിക്കുന്ന പൊന്നുഷസ്സിലാണ്………….”
നഗരങ്ങള്‍ ഗ്രാമങ്ങളെ വളയുന്നതും വസന്തത്തിന്റെ ഇടിമുഴക്കവും സ്വപ്നം കണ്ട ഒരു തലമുറയുടെ പ്രതിനിധി
…ലാല്‍ സലാം സഖാവെ…
അടിയന്തരാവസ്ഥയിൽ പൊരുതി മരിച്ചവർ,ജീവച്ഛവമായവർ,എന്തിന് ‘അടിയന്തരാവസ്ഥ’ തന്നെ ഓർമ്മകളിൽ നിന്ന് നീക്കം ചെയ്യപ്പെടുമ്പോൾ അതിന്റെ വക്താക്കൾ വാഴ്ത്തപ്പെടുന്നു.