തുരുമ്പ് പിടിച്ച ഹുക്കുള്ള ഒരു ബ്ലൌസ്

 
 
 
ലാജോയുടെ തുണിക്കെട്ടില്‍ എന്തിനാണ് ഇത്രയും പഴന്തുണികള്‍?
എച്ച്മുക്കുട്ടി എഴുതുന്നു

 
കള്ളു കുടിയന്‍ ഭര്‍ത്താവിന്റെ പ്രേമാവേശങ്ങള്‍ ഏല്‍പ്പിച്ച പരുക്കുകളില്‍ അമര്‍ന്ന് , ആര്‍ത്തവ രക്തത്തില്‍ കുതിര്‍ന്ന ബ്ളൌസിലെ തുരുമ്പ് പിടിച്ച ആ ഹുക്ക്, പതിന്നാലുകാരിയായ സുമനു കൊടുത്തത് ടെറ്റ്നസ്സും മരണവുമാണെന്ന് എനിക്ക് മനസ്സിലായി. സുമനെപ്പോലെയുള്ളവര്‍ക്ക് പോളിയോ വന്നാല്‍ , ഡിഫ്ത്തീരിയ വന്നാല്‍ , ടെറ്റ്നസ് വന്നാല്‍ …
ഇരിക്കെക്കുത്തനെ തീയിലേക്ക് വീണതു പോലെ ഞാന്‍ പുളഞ്ഞു. എന്‍റെ കണ്ണിലൂടെ അപ്പോള്‍ ഒഴുകിക്കൊണ്ടിരുന്നത് കണ്ണീരായിരുന്നില്ല, നീരാവിയായിരുന്നു – പച്ച ജീവിതത്തിന്റെ ചൂടും ചൂരും നിറഞ്ഞ ബ്ലോഗെഴുത്തുകളിലൂടെ ശ്രദ്ധേയയായ എച്ച്മുക്കുട്ടി എഴുതുന്നു

 

 

ഞങ്ങള്‍, ലാജോയും ഞാനും അങ്ങനെ അടുത്ത കൂട്ടുകാരൊന്നുമായിരുന്നില്ല, വെറും പരിചയക്കാര്‍ മാത്രമായിരുന്നു. അല്ലെങ്കിലും രണ്ട് സ്ത്രീകള്‍ തമ്മില്‍ ആത്മാര്‍ഥമായ സൌഹൃദം സാധ്യമല്ലെന്നാണല്ലോ നമ്മുടെ ചരിത്രാതീത കാല ശിലാരേഖകള്‍ മുതല്‍ അത്യന്താധുനിക ടാബ് ലറ്റ് പുസ്തകങ്ങളില്‍ വരെ എഴുതി വെച്ച്, ആവര്‍ത്തിച്ച ക്ഷീരബല പോലെ എല്ലാവരേയും പഠിപ്പിക്കുന്നത് ! അതുകൊണ്ടാവും ചങ്കു പിളര്‍ത്തുന്ന പരമ രഹസ്യങ്ങള്‍ കൈമാറുന്നതിനു പോലും സ്ത്രീകള്‍ക്ക് വെറും പരിചയം മാത്രം മതിയാകുന്നതും…

അവിടവിടെയായി തലമുടി പൊഴിഞ്ഞ്, വെളുത്തു കാണുന്ന തലയോട്ടിയും മുന്‍ വശത്തെ അടര്‍ന്ന പല്ലുകളും അസാധാരണമായി മെലിഞ്ഞ ശരീരവും എന്നും ധരിക്കാറുള്ള നരച്ചു വെളുത്ത സാരിയും ലാജോയ്ക്ക് ഉള്ളതിലുമെത്രയോ അധികം വയസ്സ് തോന്നിപ്പിച്ചിരുന്നു. എങ്കിലും അശരണയും ദു:ഖിതയുമായ ഒരു വൃദ്ധയ്ക്ക് ചേരാത്ത വിധം കിട്ടുന്ന എല്ലാ അവസരങ്ങളിലും ലാജോ അതീവ ഹൃദ്യമായി പൊട്ടിച്ചിരിച്ചു. മധുരപലഹാരത്തിന്‍റെ അവസാനത്തരിയും നാവിലിട്ടു നുണഞ്ഞു തീര്‍ക്കുമ്പോലെയായിരുന്നു കിക്കിക്കി എന്ന ആ ചിരി. ലാജോയെ മറന്നവര്‍ക്കു മാത്രമല്ല ജീവിതത്തില്‍ നിന്ന് പുറത്താക്കിയവര്‍ക്കു പോലും ആ ചിരിയെ മറക്കുവാന്‍ കഴിയുമായിരുന്നില്ല.

മഹാ നഗരത്തിലെ ഒരു ഷെല്‍റ്ററിലാണ് ഞാന്‍ ലാജോയെ കണ്ടുമുട്ടിയത്. പോകാനിടങ്ങളില്ലാത്ത സ്ത്രീകളൂടെ ഒരു കേന്ദ്രമായിരുന്നു ആ പഴയ കെട്ടിടം. ഈ അണ്ഡകടാഹത്തെ മുഴുവന്‍ തരിപ്പണമാക്കുന്ന വിധത്തില്‍ വേഗതയാര്‍ന്ന തീവണ്ടികള്‍, ഇടതടവില്ലാതെ ആ കെട്ടിടത്തിനു സമീപമുള്ള പഴയ പാലത്തിലൂടെ ഓടി. ചെകിടു പൊട്ടുമ്പോലെ അത്യുച്ചത്തില്‍ കൂകിവിളിച്ചു. ഷെല്‍റ്ററിലെ സ്ഥിരം അന്തേവാസിയായി, മാനസിക പ്രശ്നങ്ങളുള്ള തൊണ്ണൂറുകാരിയായ ഒരമ്മൂമ്മയുണ്ടായിരുന്നു. ആരുടേയോ കാമുകിയാണെന്ന് സ്വയം വിശ്വസിച്ചിരുന്ന അവര്‍ ആ ശബ്ദകോലാഹലത്തെ സ്ഥിരമായി പ്രാകിയിരുന്നു, നല്ല മനോഹരമായ ഇംഗ്ലീഷ് ഭാഷയില്‍! അങ്ങനെ ഇടമുറിയാത്ത മഴ പോലെ പ്രാകുമ്പോഴും അവര്‍ക്കുള്ളതില്‍ ഏറ്റവും നല്ല വസ്ത്രങ്ങളും അണിഞ്ഞ് ആ കാമുകനെയും കാത്ത് ഷെല്‍റ്ററിന്റെ വരാന്തയിലിരിക്കാറുള്ള അവര്‍ക്ക് തുളുമ്പാനൊരുങ്ങുന്ന ഒരു കണ്ണുനീര്‍ത്തുള്ളിയുടെ കോലമായിരുന്നു ഉണ്ടായിരുന്നത്.

സ്ത്രീകളുടെ സര്‍വതോന്‍മുഖമായ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണു ആ ഷെല്‍റ്റര്‍ നടത്തിയിരുന്നത്. നന്നെ അടുപ്പിച്ച് വരിവരിയായി നിരത്തിയിട്ട ചെറിയ ചെറിയ കയര്‍ കട്ടിലുകളില്‍ ദാനശീലരായ ചില സര്‍ദാര്‍ജിമാര്‍ നല്‍കിയ പുതപ്പുകളും പുതച്ച് അനാഥ സ്ത്രീകള്‍ സുരക്ഷിതരായി ഉറങ്ങി. ഷെല്‍റ്ററില്‍ വിളമ്പിയിരുന്ന ഭക്ഷണത്തില്‍ കുറച്ച് ദാരിദ്യ്രമുണ്ടായിരുന്നു. എല്ലാ ദിവസവും ഘനമുള്ള മൂന്നു റൊട്ടിയും പാലക് ചീരക്കറിയും സവാള അരിഞ്ഞതും രണ്ട് പച്ചമുളകും മാത്രം മൂന്നു നേരവും ഭക്ഷണമായി കിട്ടിപ്പോന്നു. ചായ, കാപ്പി മുതലായ ദു:ശãീലങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ല. എന്നാല്‍ ശുദ്ധജലം തികച്ചും സമൃദ്ധമായിരുന്നു.

 

Painting: Anjolie Ela Menon


 

ലാജോ വളരെ തുച്ഛമായ തുകയ്ക്ക് ഒന്നു രണ്ടു പ്രൈവറ്റ് ഓഫീസുകള്‍ അടിച്ചു വാരാന്‍ പോയിരുന്നു. കൂട്ടത്തില്‍ അവിടങ്ങളിലെ ചില ജോലിക്കാരുടെ വീടുകളും അടിച്ചു വാരേണ്ടതുണ്ടായിരുന്നു. അതിനു പ്രത്യേകം കൂലിയൊന്നും ഇല്ലെങ്കിലും ആ ജോലിക്കാരുടെ സന്മനസ്സ് ലഭിക്കുമെന്ന് ലാജോ വിശ്വസിച്ചു. ബാക്കി സമയം ഷെല്‍റ്ററിലെ പാചകത്തിലും മുറികള്‍ വൃത്തിയാക്കുന്നതിലും മറ്റ് അന്തേവാസികളുടെ തലമുടി കെട്ടിവെക്കുന്നതു മുതലുള്ള എല്ലാ ചില്ലറ കാര്യങ്ങളിലും വ്യാപൃതയായി. അതുമല്ലെങ്കില്‍ സ്വന്തം സമ്പാദ്യമായ ചില പഴന്തുണിക്കെട്ടുകള്‍ അഴിച്ചും മുറുക്കിക്കെട്ടിയും നേരംപോക്കി. ഒരു മിനിറ്റ് പോലും വെറുതെയിരിക്കുന്ന ലാജോവിനെ സങ്കല്‍പ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. എപ്പോഴും കിക്കിക്കി എന്ന് ചിരിച്ചുകൊണ്ട് വേവുന്ന വേനലിലും ഉറയുന്ന ശിശിരത്തിലും സ്വതവേ വിമൂകമായ ഷെല്‍റ്ററില്‍ ലാജോ ആഹ്ലാദമുണ്ടാക്കാന്‍ പരിശ്രമിച്ചിരുന്നു.

തൊണ്ണൂറുകാരിയായ ആ അമ്മൂമ്മയുള്‍പ്പടെ ഒരു ഗതിയുമില്ലാത്ത, അനാരോഗ്യവതികളായ കുറെ സ്ത്രീകളാണ് ആ കെട്ടിടത്തില്‍ കുടിപാര്‍ത്തിരുന്നത്. ചുരുക്കം ചിലര്‍ക്കെല്ലാം ചില്ലറ വരുമാനമുള്ള വളരെ ചെറിയ ജോലികള്‍ ഉണ്ടായിരുന്നു. അടിച്ചു വാരലോ, തറ തുടക്കലോ, ചവറു വാരലോ പോലെയുള്ള ജോലികള്‍. എന്നാലും പലപല കാരണങ്ങളാല്‍ ആര്‍ക്കും വേണ്ടാതായവരായിരുന്നു മിക്കവാറും എല്ലാവരും തന്നെ. അവരെ വേണ്ട എന്നു വെച്ചവരില്‍ അച്ഛന്മാരും അമ്മമാരും സഹോദരങ്ങളും കാമുകന്മാരും ഭര്‍ത്താക്കന്മാരും മക്കളും പിന്നെ ദൈവങ്ങളും ഉള്‍പ്പെട്ടിരുന്നു. അതുകൊണ്ട് രക്തബന്ധങ്ങളുടെയോ സ്നേഹബന്ധങ്ങളുടേയോ ഈശ്വരകാരുണ്യത്തിന്റെയോ ഒക്കെ പവിത്രതയേയും കെട്ടുറപ്പിനേയും മഹിമയേയും പറ്റിയൊന്നും ആ സ്ത്രീകളാരും തമ്മില്‍ത്തമ്മില്‍ പോലും സംസാരിച്ചിരുന്നില്ല. സ്വിച്ച് ഓണ്‍ ചെയ്ത് ഇരുവശങ്ങളിലും ആഞ്ഞടിച്ചാല്‍ മാത്രം പ്രവര്‍ത്തിക്കുന്ന ടി വിയുടെ മുന്നില്‍ ശൂന്യമായ നോട്ടങ്ങളോടെ ഒഴിവു കിട്ടുമ്പോഴെല്ലാം അവര്‍ കുത്തിയിരുന്നു. അപ്പോള്‍ പോലും ചിലര്‍ കാലിലെയും കൈയിലേയും ഉണങ്ങാ വ്രണങ്ങളില്‍ ഊതി, മറ്റു ചിലര്‍ നിരന്തരമായി ചുമച്ചു, ഇനിയും ചിലര്‍ വേദനിക്കുന്ന നെഞ്ചും വയറും പുറവും ഉഴിഞ്ഞു. സങ്കടങ്ങളും കണ്ണീരും മാത്രം കുടിച്ച് കുടിച്ച് ഏതു നിമിഷവും സമനില തെറ്റിയേക്കാമെന്ന മട്ടില്‍, മരിക്കാത്തതുകൊണ്ട് ജീവിക്കുന്ന ആ സ്ത്രീകള്‍, മരണത്തെ മാത്രമായിരുന്നു ആത്മാര്‍ഥമായി കാത്തിരുന്നത്. ഷെല്‍റ്ററില്‍ അവരെ തല്ലാനും ഭര്‍ത്സിക്കാനും ആരുമില്ലാത്തതു പോലെ തന്നെ, തലോടാനും ലാളിക്കാനും നല്ല വാക്കു പറയാനും ആരുമുണ്ടായിരുന്നില്ല.

അന്ന് രാത്രി തൊട്ടപ്പുറത്തെ കട്ടിലില്‍ കിടക്കുന്ന ലാജോ ഉറങ്ങുന്നതേ ഇല്ലെന്ന് എനിക്കെന്തുകൊണ്ടോ തോന്നുകയായിരുന്നു. ഉറങ്ങാനാവാത്ത രാത്രികള്‍ ആരുമില്ലാത്ത മനുഷ്യരെ ഭ്രാന്തെടുപ്പിക്കുന്നവയാണ്, ആത്മഹത്യയും കൊലപാതകവും വഞ്ചനയും ചെയ്യിക്കുന്നവയുമാണ്. ആ ഭയമാണ് കൈ നീട്ടി ലാജോയെ തൊട്ടു വിളിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ഒരു സെക്കന്‍ഡ് പോലും വൈകാതെ ലാജോ ചോദിച്ചു, ‘ദീദി ഉറങ്ങിയില്ലേ?’

എന്നേക്കാള്‍ പ്രായക്കൂടുതലുള്ള ലാജോ ചേച്ചിയെന്ന് വിളിക്കുന്നതില്‍ ആദ്യമൊക്കെ എനിക്ക് വല്ലായ്മയുണ്ടായിരുന്നു. അത് വിനയത്തിന്‍റെയും ആദരവിന്റെയും ഒരു സംബോധനയാണെന്നായിരുന്നു ലാജോയുടെ മറുപടി. എന്തു മണ്ണാങ്കട്ടയ്ക്കാണീ വിനയവും ആദരവുമെന്ന് ചോദിച്ചപ്പോള്‍ ലാജോ എന്റെ വൃത്തിയുള്ള ഉടുപ്പിനെയും വായിക്കാനും എഴുതാനുമുള്ള അറിവിനേയും ചൂണ്ടിക്കാട്ടി.

എന്റെ മറുപടി പ്രതീക്ഷിക്കാതെ ലാജോ പറഞ്ഞു. ‘എനിക്ക് ഇന്ന് ഉറക്കം വരില്ല, ദീദി.’ പറയുന്നതിനൊപ്പം ലാജോ വലതു കൈപ്പത്തി എന്‍റെ മൂക്കിലടുപ്പിച്ചു. അതിനു സിഗരറ്റിന്‍റെയും പുരുഷന്മാരുപയോഗിക്കുന്ന ഒരു സുഗന്ധദ്രവ്യത്തിന്‍റേയും മണമുണ്ടായിരുന്നു. എന്‍റെ മനസ്സില്‍ പെട്ടെന്ന് അപായമണി മുഴങ്ങുവാന്‍ തുടങ്ങി. ലാജോ ഏതോ പുരുഷനുമായി അടുപ്പത്തിലായിരിക്കുകയാണ്! അതാണു ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത്! നല്ലവനായ ഒരാളാണതെങ്കില്‍ ലാജോക്ക് ഒരു ജീവിതമുണ്ടായിക്കൂടെന്നില്ല, പക്ഷെ, അയാള്‍ നല്ലവനല്ലെങ്കില്‍…. അതു മനസ്സിലാക്കാന്‍ ഒരു വഴിയുമില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ വ്യസനിച്ചു. എത്രയോ അനവധി വിദ്യകള്‍ മനുഷ്യര്‍ക്ക് നല്‍കിയ ദൈവം ഒറ്റനോട്ടത്തില്‍ മനുഷ്യരുടെ നന്മയും തിന്മയും മനസ്സിലാക്കാന്‍ പറ്റുന്ന ഒരു വിദ്യയും നല്‍കിയിട്ടില്ലല്ലോ..

‘ദീദിയെ ഒരു പുരുഷന്‍ സ്നേഹിച്ചിട്ടുണ്ടോ? ആത്മാര്‍ഥമായി…. ദീദിയാണു അയാളുടെ ലോകമെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍, ദീദിയേക്കാള്‍ പ്രധാനമായി ആ ലോകത്തില്‍ മറ്റൊന്നുമില്ലെന്ന് തോന്നിപ്പിച്ചിട്ടുണ്ടോ?’

പൊടുന്നനെയുണ്ടായ തുറന്ന ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഞാന്‍ ഒരു നിമിഷം പതറി, പിന്നെ ഒരു സൂത്രക്കാരിയുടെ മനസ്സോടെ ‘ഉം’ എന്ന് മൂളി. പുരുഷന്റെ സ്നേഹത്തെക്കുറിച്ച് യാതൊന്നുമറിയാത്തവളാണ് ഞാനെന്ന് കരുതി ലാജോ നിശബ്ദയായിപ്പോവരുതെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. എന്നെക്കുറിച്ച് ഒന്നും തന്നെ ലാജോയോട് വെളിപ്പെടുത്തണമെന്ന് ഞാന്‍ കരുതിയിരുന്നില്ലെങ്കിലും…..

പൊള്ളുന്ന ഒരു നിശ്വാസം എന്റെ കവിളിലടിച്ചു. ‘പുരുഷന്റെ അടിയും ഇടിയും തൊഴിയുമൊക്കെ കിട്ടിയിട്ടുണ്ടെന്ന് പെട്ടെന്നറിയാം ദീദി. ജീവിതത്തില്‍ ഒരിയ്ക്കലെങ്കിലും സ്നേഹിക്കപ്പട്ടിട്ടില്ലെങ്കില്‍ അതെന്താണെന്ന് എങ്ങനെ മനസ്സിലാകും? അതാണു ഞാന്‍ അങ്ങനെ ചോദിച്ചത്.’

തുറന്നടിച്ച് സംസാരിക്കുന്ന ലാജോയുടെ മുന്നില്‍ എല്ലാ വാക്കുകളും നഷ്ടപ്പെട്ടവളായി ഞാന്‍. ചമ്മല്‍ മറയ്ക്കാനുള്ള ശ്രമത്തില്‍ എന്നിട്ടും വെറുതേ തര്‍ക്കിക്കാനൊരുമ്പെട്ടു.

‘ആരുടേതായാലും സ്നേഹമെപ്പോഴും മധുരകരമാണ്. അതില്‍ പുരുഷന്റെ എന്ന് എടുത്ത് പറയാനെന്തിരിക്കുന്നു?’

‘ദീദി, കണ്ണടച്ച് ഇരുട്ടാക്കല്ലേ….. ഈ ലോകം നടത്തുന്നത് പുരുഷന്മാരാണ്. അതുകൊണ്ട് അവരുടെ സ്നേഹത്തിനു മധുരം കൂടും, വെറുപ്പിനു കയ്പ് കൂടും, പ്രതികാരത്തിനു മൂര്‍ച്ചയും കൂടും. അതല്ലേ, ദീദി നമ്മള്‍ അവരെ പ്രസാദിപ്പിക്കാന്‍ ഇത്ര പാടുപെടുന്നത്!’

എനിക്ക് ഒന്നും പറയാന്‍ തോന്നിയില്ല. ലാജോ തുടര്‍ന്നു.

‘വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യമേ ഞങ്ങള്‍ തമ്മില്‍ കാണാറുള്ളൂ, ലീവിനു നാട്ടിലേക്ക് വരുമ്പോഴും ലീവു കഴിഞ്ഞ് നാട്ടില്‍ നിന്ന് മടങ്ങിപ്പോകുമ്പോഴും. അപ്പോള്‍ അദ്ദേഹം ഇവിടെ ഇറങ്ങും. ഒരു പകല്‍ ഞങ്ങളൊന്നിച്ചു കഴിയും. ഞാന്‍ മരിക്കാത്തതും എനിക്ക് ചിരിക്കാന്‍ സാധിക്കുന്നതും അതുകൊണ്ടാണ്, ദീദി. അല്ലെങ്കില്‍ ……’

‘നിങ്ങള്‍ക്ക് എന്നും ഒന്നിച്ച് കഴിഞ്ഞു കൂടേ? അതിനെന്താണു തടസ്സം?’

പെട്ടെന്ന് ലാജോ എന്റെ ചുണ്ടില്‍ സ്വന്തം വിരല്‍ ചേര്‍ത്ത് വാക്കുകളെ തടഞ്ഞു.

‘മഹാപാപം പറയല്ലേ, അദ്ദേഹത്തിനു ഭാര്യയും കുട്ടികളുമുണ്ട്. അവരെ സങ്കടപ്പെടുത്തുന്ന ഒന്നും ചെയ്യാന്‍ പാടില്ല.’

ആ വിചിത്രമായ യുക്തി എനിക്ക് മനസ്സിലായില്ല.

‘സ്വന്തം ഭര്‍ത്താവിനെ വേറൊരു പെണ്ണ് സ്നേഹിക്കുന്നതറിഞ്ഞാല്‍ വിഷമിക്കാത്ത ഭാര്യയുണ്ടോ ഈ ലോകത്ത്? വല്ല സിനിമയിലോ മറ്റോ അല്ലാതെ………..’

‘ഭര്‍ത്താവിനെ ആരെങ്കിലും സ്നേഹിക്കുന്നുവെന്നറിയുമ്പോഴാണോ അതോ വെറുക്കുന്നുവെന്നറിയുമ്പോഴാണോ വിഷമിക്കേണ്ടത് ദീദി ? സ്നേഹിക്കുന്നയാള്‍ അദ്ദേഹത്തിന്‍റെ കാലില്‍ ഒരു മുള്ളു പോലും കൊള്ളരുതെന്ന് വിചാരിക്കും………. വെറുക്കുന്നയാളോ ദീദി?’

‘ലാജോ എപ്പോഴാണു ഇയാളെ, ഈ മിടുക്കനെ കണ്ടു മുട്ടിയത്?’

ആ ചോദ്യം തെറ്റായിപ്പോയോ എന്നായിരുന്നു എന്‍റെ സംശയം. കാരണം ലാജോ കട്ടിലില്‍ നിന്ന് ചാടിയെണീറ്റു, എന്‍റെ കാല്‍ക്കീഴില്‍ വെറും തറയില്‍ പടഞ്ഞിരുന്നു…അടുത്ത നിമിഷം മെലിഞ്ഞ് ദുര്‍ബലമായ ആ ചുമലുകള്‍ ഉലച്ചുകൊണ്ട് ലാജോ തേങ്ങിത്തേങ്ങിക്കരയാന്‍ തുടങ്ങി. തേങ്ങലിനിടയില്‍ ചില വാക്കുകള്‍ തെറിച്ചു വീണു. ‘എന്‍റെ മോള്‍ മരിച്ചപ്പോഴാണ് ദീദി, ആ ദിവസമാണ് ദീദി…

സ്തംഭിച്ചിരുന്നു പോയി, ഞാന്‍. ആള്‍ക്കാരുമായി പൊടുന്നനെ അടുക്കുന്ന എന്‍റെ സ്വഭാവത്തെ ഞാന്‍ പിന്നെയും പിന്നെയും ശപിച്ചു. വേണ്ടായിരുന്നു, ഒരിക്കലും ചെയ്യേണ്ടായിരുന്നു. ലാജോ സമാധാനത്തോടെ രാത്രി കഴിച്ചുകൂട്ടുമായിരുന്നു. എന്‍റെ വാക്കുകള്‍ വടു കെട്ടിയ ഒരു വ്രണത്തെയാണു മാന്തിപ്പൊളിച്ചത്.

ലാജോയുടെ ചുമലില്‍ തലോടി, ഞാന്‍ നിശãബ്ദയായിരുന്നു. തൊട്ടപ്പുറത്തെ കട്ടിലുകളില്‍ അനക്കങ്ങളുണ്ടായിരുന്നെങ്കിലും ആരും എഴുന്നേറ്റ് വരികയുണ്ടായില്ല.

 

Painting: Anjolie Ela Menon


 

ലാജോ ദാരിദ്യ്രത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു………. ഒരു തുണ്ട് പൂരിയും, ഒരല്‍പം കടലയും ഒരച്ച് ശര്‍ക്കരയുമൊക്കെ ഏറ്റവും വലിയ കൊതികളാവുന്ന വറുതിയെക്കുറിച്ച്…. സാധിക്കുമ്പോഴെല്ലാം കള്ളു കുടിക്കുകയും ഇടയ്ക്കൊക്കെ ലാജോയെ പൊതിരേ തല്ലുകയും അതിനുശേഷവും ചിലപ്പോഴെല്ലാം ആര്‍ത്തിയോടെ ഭോഗിക്കുകയും ചെയ്യുന്ന ഭര്‍ത്താവിനെക്കുറിച്ച്….. പതിമൂന്നു വയസ്സു മുതല്‍ പതിനഞ്ചു വര്‍ഷം അയാള്‍ക്കൊപ്പം ജീവിച്ചതിനെക്കുറിച്ച്…. കുടിവെള്ളത്തിനും ഒരല്‍പം ധാന്യപ്പൊടിയ്ക്കുമെല്ലാം എട്ടും പത്തും മണിക്കൂര്‍ പണിയെടുക്കേണ്ടിയിരുന്നതിനെക്കുറിച്ച്….. മുപ്പതു കിലോമീറ്റര്‍ അകലെയുള്ള റേഷന്‍ കടയെക്കുറിച്ച്…….

ഞാന്‍ കേള്‍ക്കുക മാത്രം ചെയ്തു.

സോപ്പുകായും ചാരവും ഇട്ട് തുണി അലക്കി കുളിച്ചാല്‍ അതുണങ്ങുന്നതു വരെ കഴുത്തറ്റം വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതിനെക്കുറിച്ച്… തണുപ്പുകാലങ്ങളില്‍ പുതക്കാനല്‍പം വൈക്കോലു പോലുമില്ലാതെ വിറച്ച് വിറച്ച് രാത്രി കഴിക്കുന്നതിനെക്കുറിച്ച്, ആര്‍ത്തവ ദിനങ്ങളില്‍ ഒരു കഷണം തുണി കിട്ടാന്‍ ഇരന്നു നടക്കാറുള്ളതിനെക്കുറിച്ച്… ഒന്നും കിട്ടാതെ വരുമ്പോള്‍ പച്ചിലകളും ചണ്ടിചപ്പും കൊണ്ട് രക്തം തുടച്ചു മാറ്റുന്നതിനെക്കുറിച്ച്…

എന്‍റെ കണ്ണുകള്‍ നിറഞ്ഞു… എന്‍റെ ചെവിയില്‍ മഹത്തായ മുദ്രാവാക്യങ്ങള്‍ മുഴങ്ങി… റോട്ടീ കപ്ഡാ…

വിന്നി മണ്ടേലയുടെ ആത്മകഥയുടെ പുറങ്ങള്‍ എന്‍റെ മുന്നില്‍ മറിഞ്ഞു…. അവര്‍ക്കും ഒരു കഷണം തുണി വെള്ളക്കാരന്‍റെ ജയിലില്‍ ലഭിച്ചിരുന്നില്ല! സ്വന്തം കൈകളുപയോഗിച്ച് ആര്‍ത്തവ രക്തം എങ്ങനെ തടഞ്ഞു നിറുത്താമെന്ന് അവര്‍ക്ക് പഠിക്കേണ്ടിയിരുന്നു. വെള്ളക്കാര്‍ ആ ദയനീയമായ കഷ്ടപ്പാടില്‍ രസിക്കുകയും വിന്നിയുടെ വലുപ്പമേറിയ കൈപ്പത്തികളെക്കുറിച്ചു അസഭ്യം പറയുകയും ചെയ്തു.

ആദ്യമായി ഋതുമതിയായ ദിവസത്തെ അപമാനം ഞാനോര്‍മ്മിച്ചു. അച്ഛന്‍റെ മുഖത്തെ ഭാവം പുച്ഛം മാത്രമായിരുന്നു. ‘എനിക്ക് നാലു സഹോദരിമാരുണ്ട് , അവര്‍ക്കൊക്കെ ഇങ്ങനെ ഒരേര്‍പ്പാടുണ്ടെന്ന് ഞാനറിഞ്ഞിട്ടില്ല.’ അച്ഛനോട് വാര്‍ത്ത വിളമ്പിയ അമ്മയുടെ മുഖം ആദ്യം വിളറി, പിന്നെ മഞ്ഞച്ചു. അനിയത്തിമാര്‍ മിടുക്കികളായിരുന്നു. അച്ഛനെ അറിയിക്കാതെ, അങ്ങനെ അമ്മയുടെ മുഖം മഞ്ഞയാക്കാതെ, ആര്‍ത്തവമെന്ന അപമാനത്തെ അവര്‍ രഹസ്യമായി സൂക്ഷിച്ചു.

ആര്‍ത്തവമെന്നും അങ്ങനെയായിരുന്നു. ഒരിയ്ക്കലും ആര്‍ത്തവം അനുഭവിയ്ക്കാത്തവരില്‍ ചിലര്‍ അതിനെക്കുറിച്ച് ആധികാരികമായി സംസാരിച്ചു, ശാസ്ത്രീയമായി വിശദീകരിച്ചു, അല്ലെങ്കില്‍ കാല്‍പനികമായി അവതരിപ്പിച്ചു. മറ്റു ചിലര്‍ ദാ, ഒരു പെണ്ണ് പാകമായിരിക്കുന്നുവെന്ന് ഇളിച്ചുകൊണ്ട് പായസമുണ്ടു. വേറേ ചിലര്‍ ച്ഛീ, മ്ലേച്ഛം, അശ്രീകരം, അശുദ്ധം എന്ന് ആട്ടിയകറ്റി, ടി വി യിലെ സാനിറ്ററി പാഡുകളുടെ പരസ്യം കാണുമ്പോള്‍ പോലും അറപ്പോടെ തല കുടഞ്ഞു, ഇനിയും ചിലര്‍ ഓ! അതിലെന്തിരിക്കുന്നു എന്ന് നിസ്സാരമാക്കി. അനുഭവിച്ചവരില്‍ അധികവും തല കുമ്പിട്ട് ഈ അപമാനം, ഈ ശല്യം, ഈ നാശം എന്ന് പ്രാകി, അതൊഴിവായിക്കിട്ടിയ ആദ്യ അവസരത്തില്‍ തന്നെ അതനുഭവിക്കേണ്ടി വരുന്നവരെ പറ്റാവുന്ന രീതിയില്‍ നിന്ദിച്ചു.

വിന്നി മണ്ടേല സ്വാതന്ത്യ്ര സമരത്തില്‍ പങ്കെടുത്ത് വെള്ളക്കാരന്‍റെ ജയിലില്‍ കിടക്കുകയായിരുന്നു. ലാജോ സ്വന്തം ജന്മദേശത്ത് താലികെട്ടിയവനൊപ്പം കഴിയുകയായിരുന്നു . സ്ത്രീകള്‍ ആവശ്യത്തിനു ശരീരം മറയ്ക്കാത്തതുകൊണ്ട് പുരുഷന്മാരില്‍ ലൈംഗിക മോഹങ്ങള്‍ ഇരമ്പുന്നുവെന്നും അത് വ്യാപകമായ സ്ത്രീ പീഡനത്തിനു കാരണമാകുന്നുവെന്നും എല്ലാവരും ഇരുപത്തിനാലു മണിക്കൂറും സ്ത്രീകളെ ഉദ്ബോധിപ്പിക്കുന്ന മഹത്തായ ഒരു രാജ്യത്താണ് ലാജോ ജീവിക്കുന്നുണ്ടായിരുന്നത് .

വേദനകള്‍ ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ.

 

Painting: Anjolie Ela Menon


 

പതിനാലു വയസ്സില്‍ തന്നെ സുമനെ വിവാഹം ചെയ്യിച്ചു, അവളുടെ അച്ഛന് അതിന്‍റെ പേരില്‍ രണ്ട് ദിവസം കള്ളു കുടിക്കാന്‍ പറ്റി. സുമന്റെ അച്ഛനൊപ്പം കള്ളു കുടിക്കുന്ന ഒരാളായിരുന്നു വരന്‍. ലാജോയുടെ ഗ്രാമത്തില്‍ താഴ്ന്ന ജാതിയില്‍ പെട്ട ദരിദ്ര പെണ്‍കുട്ടികളെ വേഗം കല്യാണം കഴിപ്പിക്കുന്നതാണ് സുരക്ഷിതം. കാരണം ഉയര്‍ന്ന ജാതിക്കാരുടെ കണ്ണില്‍ വളര്‍ച്ചയെത്തിയ താണ ജാതി പെണ്‍കിടാങ്ങള്‍ക്ക് അനവധി ജോലികള്‍ അവരുടെ അകം മുറികളില്‍ ചെയ്യാനുണ്ടാവും. വേഗം കല്യാണം കഴിച്ച് ഒന്നു പെറ്റാല്‍ പിന്നെ ഉയര്‍ന്ന ജാതിക്കാരുടെ അകം ജോലികള്‍ക്ക് അങ്ങനെ അധികമായി വിളിപ്പിക്കില്ല. കല്യാണദിവസം ലാജോയ്ക്ക് നാലഞ്ചു പൂരിയും കുറച്ച് കടലയും തിന്നാന്‍ കിട്ടി. വധുവായ സുമനും അതില്‍ക്കൂടുതലൊന്നും കിട്ടിയില്ല.

‘പത്ത് ദിവസം കഴിഞ്ഞപ്പോള്‍ സുമന്‍ മരിച്ചു പോയീ ദീദി……’

ഇപ്പോള്‍ ലാജോ കരയുന്നില്ല. കല്ലില്‍ കൊത്തിവെച്ച മാതിരി നിശ്ചലയായിരിക്കുകയാണ്.

‘സുമന് പച്ചിലയും ചണ്ടിചപ്പുമൊന്നും വേണ്ടി വന്നില്ല, അവളുടെ അമ്മായിയമ്മ എവിടെ നിന്നോ ഒരു പഴയ ബ്ലൌെസ് എടുത്തു കൊടുത്തിരുന്നു.

‘ആ പഴന്തുണിയിലെ കൊളുത്തില്‍ തുരുന്‍മ്പിന്റെ വിഷമുണ്ടായിരുന്നു ദീദി. വിഷത്തിന്റെ ജന്നി വന്നാണു സുമന്‍ മരിച്ചത് .’

കള്ളു കുടിയന്‍ ഭര്‍ത്താവിന്റെ പ്രേമാവേശങ്ങള്‍ ഏല്‍പ്പിച്ച പരുക്കുകളില്‍ അമര്‍ന്ന് , ആര്‍ത്തവ രക്തത്തില്‍ കുതിര്‍ന്ന ബ്ളൌസിലെ തുരുമ്പ് പിടിച്ച ആ ഹുക്ക്, പതിന്നാലുകാരിയായ സുമനു കൊടുത്തത് ടെറ്റ്നസ്സും മരണവുമാണെന്ന് എനിക്ക് മനസ്സിലായി. സുമനെപ്പോലെയുള്ളവര്‍ക്ക് പോളിയോ വന്നാല്‍ , ഡിഫ്ത്തീരിയ വന്നാല്‍ , ടെറ്റ്നസ് വന്നാല്‍ ………. .

ഇരിക്കെക്കുത്തനെ തീയിലേക്ക് വീണതു പോലെ ഞാന്‍ പുളഞ്ഞു. എന്‍റെ കണ്ണിലൂടെ അപ്പോള്‍ ഒഴുകിക്കൊണ്ടിരുന്നത് കണ്ണീരായിരുന്നില്ല, നീരാവിയായിരുന്നു.

 

Painting: Anjolie Ela Menon


 

മകളുടെ ശവമടക്കിയ ശേഷമാണ് ആത്മഹത്യ ചെയ്യാനായി ലാജോ ഗ്രാമത്തിലെ റെയില്‍പ്പാളത്തിലെത്തിയത്. പക്ഷെ, അവിടെ അദ്ദേഹമുണ്ടായിരുന്നു. മരിയ്ക്കാന്‍ അനുവദിയ്ക്കാതെ…ചിലപ്പോഴൊക്കെ സിനിമാക്കഥകള്‍ പോലെ ചിലതെല്ലാം മനുഷ്യരുടെ ജീവിതത്തിലും ഉണ്ടാകും. ലാജോയ്ക്ക് അദ്ദേഹം ഈ മഹാനഗരത്തില്‍ വേറൊരു ജീവിതമുണ്ടാക്കിക്കൊടുത്തു. ഷെല്‍റ്ററിലെ താമസവും ഓഫീസ് അടിച്ചു വാരുന്ന ജോലിയും അദ്ദേഹം വഴിയാണു കിട്ടിയത്.

ലാജോയുടെ പഴന്തുണിക്കെട്ടില്‍ നിറയെ തുണികളായിരുന്നു. ആര്‍ത്തവത്തിനു സ്ത്രീകള്‍ക്കുടുക്കാന്‍ പാകത്തില്‍ തയാറാക്കിയ തുണിത്തുണ്ടങ്ങള്‍, ലാജോ വലിയ വലിയ ബംഗ്ലാവുകളില്‍ പോയി ഇരന്നു മേടിക്കുന്ന തുണികള്‍ കൊണ്ടാണു അതുണ്ടാക്കുന്നത്. ലാജോയുടെ ഗ്രാമത്തിലുള്ളതു പോലെ ഉടുതുണിക്ക് മറുതുണിയില്ലാത്ത പെണ്ണുങ്ങള്‍ എത്ര വേണമെങ്കിലുമുള്ള ഇടമാണ് മഹാനഗരം. ലാജോയെ കാണാന്‍ വരുന്ന ദിവസങ്ങളില്‍ ആ തുണികള്‍ ശേഖരിക്കാനും വിതരണം ചെയ്യാനും വൃത്തിയായി ഉപയോഗിച്ച് ശീലിക്കണമെന്ന് ഉപദേശിക്കാനും അദ്ദേഹവും ലാജോയ്ക്കൊപ്പം കൂടാറുണ്ട്.

‘ഈ ലോകത്തില്‍ എന്നെ ലാജോജീ എന്ന് വിളിക്കുന്ന ഒരേയൊരാള്‍ അദ്ദേഹമാണ് ദീദി. എന്‍റെ ഒപ്പം വര്‍ത്തമാനം പറഞ്ഞുകൊണ്ട്, എന്റെ കൂട്ടുകാരനെപ്പോലെ. എന്നോടു തമാശകള്‍ പറഞ്ഞ്…… ഞാവല്‍പ്പഴം തിന്ന് കറുത്ത നാക്കു നീട്ടിക്കാട്ടി റോഡരികില്‍ വെച്ച് പൊട്ടിച്ചിരിച്ച്……….’

ഒരു മനുഷ്യന്‍ മറ്റൊരാളുടെ മനസ്സില്‍ സ്ഥാനം പിടിക്കുന്നത് ഇങ്ങനെയുമായിരിക്കാം. കണ്ണ് ചുവപ്പിക്കുകയും കൈയോങ്ങുകയും ഒച്ചയുയര്‍ത്തുകയും ശാസിക്കുകയും പുച്ഛിക്കുകയും നിസ്സാരമാക്കുകയും ഒന്നുമാവശ്യമില്ലായിരിക്കാം.

കയര്‍ കട്ടിലിന്‍റെ വരിച്ചിലില്‍ അമര്‍ത്തിത്തിരുമ്മി, വൃത്തിയാക്കിയ കൈപ്പത്തികള്‍ തമ്മില്‍ കോര്‍ത്ത് ഞാന്‍ ലാജോയെ മുറൂക്കിക്കെട്ടിപ്പിടിച്ചു. എന്‍റെ ഈ ഇരുണ്ട് മെലിഞ്ഞ വിരലുകള്‍ക്കും നേര്‍ത്ത കൈത്തണ്ടുകള്‍ക്കും അതിലും പുണ്യമേറിയ ഒരു പ്രവൃത്തിയും അന്നേരമോ പിന്നീടോ ചെയ്യാനുണ്ടായിരുന്നില്ല.

ഇത് ഒരാളുടെ കഥയാണ്, വേറൊരാളുടെ അനുഭവമാണ്, മറ്റൊരാളുടെ ഓര്‍മ്മയാണ്, ഇനിയുമൊരാളുടെ കുറിപ്പാണ്, ചിലരുടെയെങ്കിലും ജീവിതവുമാണ്. അതുകൊണ്ട് എന്തു പേരിടണമെന്ന് അറിയില്ല…

ഉടുക്കാന്‍ കിട്ടാത്ത തുണിത്തുണ്ടുകളെപ്പറ്റി അപമാനത്തിന്റെ വേവോടെയും വേദനയുടെ ചൂടോടെയും എന്‍റെ മുന്നിലിരുന്ന് കണ്ണീരൊലിപ്പിച്ച, ദരിദ്ര സ്ത്രീകള്‍…അവര്‍ ബീഹാറികള്‍, ബംഗാളികള്‍, ഒഡീഷക്കാര്‍, രാജസ്ഥാനികള്‍, ത്സാര്‍ഖണ്ഡുകാര്‍എഎ.. പക്ഷെ, എല്ലാവരും സ്ത്രീകള്‍, പട്ടിണിപ്പാവങ്ങള്‍, ഇന്ത്യാക്കാര്‍…

ദില്ലിയിലെ ഗൂഞ്ജ് എന്ന എന്‍ ജി ഒ ആരംഭിക്കപ്പെട്ടത് ഇത്തരം പാവപ്പെട്ട സ്ത്രീകള്‍ക്ക് വൃത്തിയുള്ള തുണിത്തുണ്ടങ്ങള്‍ നല്‍കാനായിരുന്നു. നാലുവര്‍ഷം മുമ്പ് ഞാന്‍ ദില്ലിയില്‍ നിന്ന് താമസം മാറ്റുമ്പോഴും ഗൂഞ്ജ് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.

17 thoughts on “തുരുമ്പ് പിടിച്ച ഹുക്കുള്ള ഒരു ബ്ലൌസ്

 1. സ്വയം നിലവിളിക്കുന്ന ഇന്ത്യന്‍ യാഥാര്‍ത്ഥ്യം. ഒച്ചയുണ്ടാക്കി ആരെയും അറിയിക്കരുത്. ഇതൊക്കെ നമ്മുടെ സനാതനമൂല്യം കൂടിയാണല്ലോ!

 2. Really touching. It is heard that the situation of these women are pathetic even in shelters run by reputed NGOs like Guild of Service. But at least they are doing that much. Poverty has a different gender dimension that mainstream discourses often ignore. Thanks to the writer for bringing many subtle and silenced issues in the narration.

 3. എന്ത് എഴുതണം അറിയില്ല……. കണ്ണ് നീരല്ലാതെ മറ്റൊന്നും ഇല്ല …….

 4. നമുക്ക് ഇവര്‍ക് വേണ്ടി എന്തെങ്കിലും ചെയാന്‍ പറ്റില്ലേ? ഞാന്‍ എന്നെ കൊണ്ട് കഴിയുന്നത്‌ ചെയ്യാം. എച്ചുമുക്കുട്ടി ദയവു ചെയ്തു ഈ കമന്റിനു മറുപടി തരണം.

  kiranjyo@gmail.com

 5. വായിച്ചു കഴിഞ്ഞ ശേഷവും വല്ലാതെ വേട്ടയാടുന്നു “തുരുമ്പ് പിടിച്ച ഹുക്കുള്ള ആ ബ്ലൌസ്” ..
  ഇങ്ങനെയും സംഭവിക്കുന്നുണ്ടോ ഈ ലോകത്തില്‍…. ?

 6. ‘ആ പഴന്തുണിയിലെ കൊളുത്തില്‍ തുരുന്‍മ്പിന്റെ വിഷമുണ്ടായിരുന്നു ദീദി. വിഷത്തിന്റെ ജന്നി വന്നാണു സുമന്‍ മരിച്ചത് .’
  കള്ളു കുടിയന്‍ ഭര്‍ത്താവിന്റെ പ്രേമാവേശങ്ങള്‍ ഏല്‍പ്പിച്ച പരുക്കുകളില്‍ അമര്‍ന്ന് , ആര്‍ത്തവ രക്തത്തില്‍ കുതിര്‍ന്ന ബ്ളൌസിലെ തുരുമ്പ് പിടിച്ച ആ ഹുക്ക്, പതിന്നാലുകാരിയായ സുമനു കൊടുത്തത് ടെറ്റ്നസ്സും മരണവുമാണെന്ന് എനിക്ക് മനസ്സിലായി
  കയര്‍ കട്ടിലിന്‍റെ വരിച്ചിലില്‍ അമര്‍ത്തിത്തിരുമ്മി, വൃത്തിയാക്കിയ കൈപ്പത്തികള്‍ തമ്മില്‍ കോര്‍ത്ത് ഞാന്‍ ലാജോയെ മുറൂക്കിക്കെട്ടിപ്പിടിച്ചു. എന്‍റെ ഈ ഇരുണ്ട് മെലിഞ്ഞ വിരലുകള്‍ക്കും നേര്‍ത്ത കൈത്തണ്ടുകള്‍ക്കും അതിലും പുണ്യമേറിയ ഒരു പ്രവൃത്തിയും അന്നേരമോ പിന്നീടോ ചെയ്യാനുണ്ടായിരുന്നില്ല.

 7. i had never thought about such a situation. I believe it is not the story of a woman. but there will be many who has the same story to narrate. this is a society where a small stain on a girl’s dress that covers her ass is so uncomfortable, even among girls.then, think about the situation where you don’t have anything to absorb your blood. It might be so humiliating. it is the question of self respect. still the world of the modern girls have not been so bold, to be not ashamed of the stain. think!!!

 8. inganem manushyar undenno, proudiye kurichu veemb parayunna ee rajyath?!!!!

  I was totally in confusion whether its fiction or reality

 9. “ഈ ലോകം നടത്തുന്നത് പുരുഷന്മാരാണ്. അതുകൊണ്ട് അവരുടെ സ്നേഹത്തിനു മധുരം കൂടും, വെറുപ്പിനു കയ്പ് കൂടും, പ്രതികാരത്തിനു മൂര്‍ച്ചയും കൂടും. അതല്ലേ, ദീദി നമ്മള്‍ അവരെ പ്രസാദിപ്പിക്കാന്‍ ഇത്ര പാടുപെടുന്നത്!”
  അക്ഷരഭ്യാസമില്ലാത്ത ലാജൊയുടെ ഈ വരികള്‍ എത്രയോ ചിന്തോദ്ദീപകമാണ്…എച്മുക്കുട്ടിയുടെ എഴുത്തിന്റെ മാസ്മരികത വായനയെ മറ്റൊരു തലത്തിലെത്തിച്ചു..ഈ അത്യാധുനിക യുഗത്തിലും സ്ത്രീകള്‍ അനുഭവിക്കുന്ന യാതനകള്‍ പീഢകള്‍ ഒരു മാറ്റവുമില്ലാതെ ..അല്ലെങ്കില്‍ ആരും അതിനു ശ്രമിക്കാതെ….ഈ നല്ല എഴുത്തിനു ഭാവുകങ്ങള്‍ ..നന്മ നിറഞ്ഞ രചനകള്‍ ഇനിയും ആ കരാംഗുലികളില്‍ നിന്നും ജന്മമെടുക്കട്ടെ..

 10. എച്ചുമുക്കുട്ടിയുടെ എഴുത്തും അതിനൊത്ത ചിത്രങ്ങളും … വേവും ചൂടും വായനക്കാരിലേക്കും പകരുന്നു.. കണ്ണീരിൽ നനഞ്ഞു ചോരയിൽ പുരണ്ട വാക്കുകൾ.. ചിലരുടെയെങ്കിലും ജീവിതങ്ങൾ…

Leave a Reply

Your email address will not be published. Required fields are marked *