ചരിത്രത്തില്‍നിന്ന് അറ്റുവീണ രണ്ടിടങ്ങള്‍

 
 
 
അശ്വതി സേനന്‍ പകര്‍ത്തിയ ചിത്രങ്ങള്‍.. യാത്രാ കുറിപ്പുകള്‍
 
 
 

അശ്വതി സേനന്‍

 

ചരിത്രം പതിഞ്ഞു കിടക്കുന്ന
ഭോജ്പൂരിലെയും വിദിഷയിലെയും
പുരാതന വഴികളിലൂടെ ഒരു ക്യാമറയുടെ സഞ്ചാരം.

 
 
 

 
 
 
കാര്‍വര്‍ണമാണ് വിദിഷയ്ക്ക്.
ഗുഹകളിലും അമ്പലങ്ങളിലും
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ
മൂടിവെച്ച മുറികളിലുമൊക്കെ
കാര്‍വര്‍ണ്ണത്തിലുള്ള കല്‍രൂപങ്ങള്‍.
ചരിത്രവും പുരാണവും,
ആ ദേശത്തിനു മാത്രം പറയാനാവുന്ന
വിചിത്രമായ കഥകളും പറയുന്നു,
ആ കല്‍രൂപങ്ങള്‍.
സാഞ്ചിയില്‍ നിന്നു
ഏതാണ്ട് 10 കിലോ മീറ്റര്‍ ദൂരത്താണ്
ബെത് വ നദിയുടെയും
ബെസ് നദിയുടെയും
തീരത്തുള്ള ഈ ഗ്രാമം.
ബുദ്ധ മതം സ്വീകരിക്കുന്നതിനും
ചക്രവര്‍ത്തി ആകുന്നതിനും മുമ്പ്
അശോകന്‍ ഭരിച്ചിരുന്ന
ബെസ്നഗര്‍ ആയിരുന്നു
ഇവിടം -ചരിത്രത്തില്‍നിന്ന്
അറ്റു വീണ രണ്ടു ദേശങ്ങളില്‍നിന്ന്
അശ്വതി സേനന്‍
പകര്‍ത്തിയ ചിത്രങ്ങള്‍,യാത്രാ കുറിപ്പുകള്‍

 
 
 

 
 
 

ബോംബെയിലെ സുഹൃത്തായ ഭാഗിയെന്ന ഭാഗീരഥിക്കൊപ്പം ഭോപാല്‍ യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ ചില വെബ്സൈറ്റുകളില്‍ കണ്ട ചിത്രങ്ങളും വിവരങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ, മനസ്സില്‍. ഭോപ്പാല്‍ എന്നാല്‍ ഭീംബെക്ത ഗുഹയും സാഞ്ചിയും എന്ന മട്ട്. എന്നാല്‍, ഭോപ്പാല്‍ യാത്രക്കിടെ അപരിചിതമായ മറ്റ് രണ്ടിടങ്ങളിലും ചെന്നെത്തി. ഭോജ്പൂരിലും വിദിഷയിലും. പുരാതനമായ ഗുഹയും രഥവും കല്‍രൂപങ്ങളും കര്‍ണന്റെ ബെത് വ നദിയും വെളുത്ത തീപ്പെട്ടിക്കൂടു വീടുകളുമൊക്കെ നിറഞ്ഞ് ചരിത്രത്തില്‍നിന്ന് അറ്റു വീണ രണ്ടു ദേശങ്ങള്‍!.
 
 
 

 
 
 

കാര്‍വര്‍ണമാണ് വിദിഷയ്ക്ക്. ഗുഹകളിലും അമ്പലങ്ങളിലും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മൂടിവെച്ച മുറികളിലുമൊക്കെ കാര്‍വര്‍ണ്ണത്തിലുള്ള കല്‍രൂപങ്ങള്‍. ചരിത്രവും പുരാണവും ആ ദേശത്തിനു മാത്രം പറയാനാവുന്ന വിചിത്രമായ കഥകളും പറയുന്നു, ആ കല്‍രൂപങ്ങള്‍. സാഞ്ചിയില്‍ നിന്നു ഏതാണ്ട് 10കിലോ മീറ്റര്‍ ദൂരത്താണ് ബെത് വ നദിയുടെയും ബെസ് നദിയുടെയും തീരത്തുള്ള ഈ ഗ്രാമം ബുദ്ധ മതം സ്വീകരിക്കുന്നതിനും ചക്രവര്‍ത്തി ആകുന്നതിനും മുമ്പ് അശോകന്‍ ഭരിച്ചിരുന്ന ബെസ്നഗര്‍ ആയിരുന്നു.
 
 
 

 
 
 

 
 
 

സാഞ്ചിയില്‍നിന്ന് വിദിഷയിലേക്കു പോയത്, ഓട്ടോ ഡ്രെവര്‍ ചന്ദന് ഈ ദേശത്തെക്കുറിച്ച് പറയാനുള്ള കഥകള്‍ കേട്ടാണ്. വിനോദ സഞ്ചാരികളുടെ തിരക്കില്ലായിരുന്നതിനാല്‍ ഉദയഗിരി ഗുഹയിലെ ഗൈഡിനു നല്ല കോള് കിട്ടിയ ആവേശമായിരുന്നു.

 
 
 

 
 
 
എ.ഡി 320- 60 കാലയളവില്‍ നിര്‍മ്മിക്കപ്പെട്ടതാണ് ഉദയഗിരി ഗുഹകള്‍. വിഷ്ണുവിന്റെ വരാഹാവതാരവും അനന്തശയനവും പിന്നെ മനസിലാക്കാന്‍ കഴിയാത്ത വണ്ണം പൊട്ടിത്തകര്‍ന്ന കല്‍രൂപങ്ങളും കണ്ടു
 
 
 


 
 
 

താഴിട്ടു പൂട്ടിയ ഒരു ഇരുമ്പു വാതിലിനു മുന്‍പിലെത്തിയപ്പോള്‍ അയാള്‍ പറഞ്ഞു, “ഗേറ്റിന് പുറത്തു നിന്നാണ് ഇതുവരെ എല്ലാവരും പ്രതിമകള്‍ കണ്ടിട്ടുള്ളു. വേണേല്‍ ഞാന്‍ വാതില്‍ തുറന്നു തരാം. അകത്തു കയറി വിശദമായി കണ്ടു വാ. ആരോടും പറയരുത് കേട്ടോ?”- അയാള്‍ ഗേറ്റ് തുറന്നു തന്നു.

‘ഞങ്ങള്‍ മുഖത്തോടു മുഖം നോക്കി. ധൈര്യപ്പെട്ട് എങ്ങനെ പോവും? ഇയാളെങ്ങാന്‍ അകത്തു പൂട്ടിയിട്ടാലോ?

ഒരാള്‍ പുറത്തു നില്‍ക്കുക, മറ്റെയാള്‍ പോയി വരുക. അതായിരുന്നു ഞങ്ങളുടെ മുന്നിലുണ്ടായിരുന്നു വഴി. നാലടി പൊക്കമുണ്ടായിരുന്നു ആ ഇരുണ്ട തുരങ്കത്തിന്. അതിനകത്ത് കയറുമ്പോള്‍ എലികാഷ്ഠത്തിന്റെ ദുസ്സഹമായ നാറ്റമായിരുന്നു. അരണ്ട വെളിച്ചത്തില്‍ ഭീഭല്‍സമായ ആ കല്‍രൂപം എന്താണെന്നു മനസിലാക്കാന്‍ കഴിയാതെ നോക്കി നിന്ന് പോയി.

പുറത്തു കടന്നു പോകാറായപ്പോള്‍ ഒരിക്കല്‍ കൂടി അവിടുത്തെ പ്രധാന ആകര്‍ഷണമായ വരാഹ കല്‍പ്രതിമയെ നോക്കി.

ആദ്യം കണ്ണില്‍പ്പെട്ടത് ആ രൂപത്തിന്റെ കൊമ്പില്‍ കുരുങ്ങി കിടന്ന പെണ്‍രൂപമാണ്. ആയിരം വര്‍ഷങ്ങള്‍ നീണ്ടുനിന്ന യുദ്ധത്തിനു ശേഷം പാതാളത്തിലെ സമുദ്രത്തില്‍ നിന്നും ഭൂമിയെ ഉയര്‍ത്തി കൊണ്ടു വന്ന വരാഹരൂപന്റെ വീരകൃത്യം എത്ര വര്‍ണിച്ചിട്ടും പുകഴ്ത്തിയിട്ടും ഗൈഡ് ഭയ്യക്ക് പോരാത്തതുപോലെ.

 
 
 

 
 
 
ബിജമന്ദല്‍ അമ്പലത്തിലേക്കായിരുന്നു അടുത്ത യാത്ര. 11ാം നൂറ്റാണ്ടില്‍ പണി തുടങ്ങിയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍. ചുറ്റും നടന്നപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഒരു സ്റ്റോര്‍ റൂം കണ്ടു. പരിസരത്തു നിന്നും ശേഖരിച്ച ചരിത്ര വസ്തുക്കള്‍ ആരും തിരിഞ്ഞുനോക്കാനില്ലാതെ കൂട്ടിയിരിക്കുകയായിരുന്നു ആ ചെറിയ മുറിയില്‍. ചരിത്രത്തിലേക്ക് വഴി തുറക്കുന്ന ആ ഭൂതകാലശിഷ്ടങ്ങള്‍ക്ക് അവിടെ കിട്ടുന്ന ശ്രദ്ധ കണ്ടു ശരിക്കും ഞെട്ടി! വിനോദ സഞ്ചാരികളുടെ തിരക്കില്ലെങ്കില്‍ ചരിത്രവും ചരിത്രാവശിഷ്ടങ്ങളും എത്ര സൂക്ഷ്മമായി കൈകാര്യം ചെയ്യപ്പെടുമെന്നു അത് പറഞ്ഞുതന്നു. കൂര്‍ക്കം വലിച്ചുറങ്ങുന്ന സെക്യൂരിറ്റി ചേട്ടന് മനസ്സാ സലാം വെച്ച് അവിടുന്ന് തിരിച്ചു.

വിദിഷ റെയില്‍വേ സ്റ്റേഷനില്‍നിന്ന് 200 അടി ഉയരത്തില്‍ ഉള്ള രാജേന്ദ്ര ലോഹി കുന്നിന്‍ മുകളിലെ ‘sunset point’ നെ കുറിച്ച് കുറേ കേട്ടിരുന്നു. അവസാനിക്കില്ലെന്ന് തോന്നിയ പടികെട്ടുകള്‍ കയറി മുകളില്‍ എത്തിയപ്പോള്‍ കണ്ടത് അടച്ചിട്ട ഗേറ്റ്ആണ്.

ഒന്നും മിണ്ടാതെ ഞങ്ങള്‍ രണ്ടാളും ഒരേ സമയം ആ ഗേറ്റ് ചാടിക്കടന്നു!
ചാടി അപ്പുറത്തെത്തിയപ്പോള്‍ അതാ ഒരു പയ്യന്‍സ് വരുന്നു. ഒരു മിനിറ്റ് പകച്ചു നിന്നു. ‘അവരുടെ ആളായിരിക്കും. ചീത്ത ഉറപ്പ് ‘.
പയ്യന്‍ പടി കയറി വന്നു. ശേഷം, ആരെയും നോക്കാതെ കൂളായി ഗേറ്റ് ചാടി ഞങ്ങള്‍ക്ക് മുന്നിലൂടെ മുകളിലേക്ക് പോയി. ഞങ്ങള്‍ പകച്ചു നിന്നു. ചെക്കന്‍ ഒറ്റയ്ക്കു പോവുകയാണ്. അങ്ങോട്ട് ഞങ്ങള്‍ പോയാല്‍ വല്ല പ്രശ്നവുമാവുമോ? പോട്ടെ, വരുന്നിടത്തു വെച്ചു കാണാം. ബാക്കി ദൂരം കൂടി നടന്നു. മുകളിലെത്തിയപ്പോള്‍ അവനെ കാണാനില്ല.

 
 
 

 
 
 
5.30ന് തിരിച്ചു ട്രെയിന്‍ പിടിക്കണമെന്നുള്ളത് കൊണ്ട് സൂര്യാസ്തമയം കാണാനാവില്ല. ഒരു ദര്‍ഗയും അതിനു അഭിമുഖമായി ഒരു ജൈന മന്ദിരവും.

കുറേ നേരം കുന്നിന്‍ മുകളില്‍ നിന്ന് വെളുത്ത തീപ്പെട്ടിക്കൂട് നഗരം കണ്ടു മടങ്ങുമ്പോള്‍ അതേ പയ്യന്‍സുണ്ട് വഴിയില്‍ ഞങ്ങളെ കാത്തു നില്‍ക്കുന്നതു പോലെ! അടുത്തെത്തിയപ്പോള്‍ അവന്‍ ചാടിയിറങ്ങി ഒറ്റ പോക്ക്. അപ്പോഴല്ലേ കാര്യം പിടികിട്ടിയത്. പൂട്ടിയിട്ട സ്ഥലത്തു ഒറ്റയ്ക്കു പോകുന്നത് കണ്ട് കൂട്ടു വന്നതാണ് അവന്‍.

 
 
 

 
 
 

വിദിഷ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോള്‍ വേലിചാട്ടത്തിന്റെ ആവേശത്തേക്കാള്‍ മനസില്‍ നിറഞ്ഞത് അപരിചിതനെ സംശയത്തോടു കൂടി മാത്രം നോക്കാന്‍ പഠിപ്പിച്ച നഗരത്തോടുള്ള ഈര്‍ഷ്യയാണ്.

 
 
 

 
 
 

ഭോപ്പാലില്‍നിന്ന് 45 കിലോ മീറ്റര്‍ ദൂരെ ഭീം ബെക്ത ഗുഹ കണ്ട് മടങ്ങുന്ന വഴിയിലാണ് ഭോജ്പുര്‍ എന്ന സ്ഥലത്തെ പറ്റി കേള്‍ക്കുന്നത്. ‘എല്ലാ വീട്ടിലും ശൌചാലയം എന്നത് സ്ത്രീകളുടെ സ്വപ്നം’ എന്ന പരസ്യമാണ് ആദ്യം കണ്ണില്‍പ്പെട്ടത്. കുടത്തില്‍ വെള്ളവുമായി പോകുന്ന ഒരു സ്ത്രീയെ കണ്ടപ്പോള്‍ ബാഗിലെ മിനറല്‍ വെള്ളത്തിന്റെ ബോട്ടിലിലേക്ക് അറിയാതെ കൈ നീണ്ടു.

 
 
 

 
 
 


 
 
 
ബെത് വ നദീതീരത്തേക്കുപോകുമ്പോള്‍ ഗ്രാമത്തില്‍നിന്നും പ്രകൃതി ഒരുക്കിയ കല്‍രൂപങ്ങള്‍ക്ക് മുന്നിലെത്തി. പുരാണങ്ങള്‍ പ്രകാരം കുന്തി റാണി സൂര്യപുത്രനായ കര്‍ണനെ ഉപേക്ഷിച്ചത് ബെത്വ നദീതീരത്താണെന്ന് മധ്യപ്രദേശ് ടൂറിസം വകുപ്പ് സ്ഥാപിച്ച ബോര്‍ഡ് പറഞ്ഞുതന്നു.
 
 
 

 
 
 

 
 
 
ആ നദിയുടെ തീരത്തുള്ള, ഇന്ത്യയുടെ കിഴക്കന്‍ സോമനാഥ ക്ഷേത്രം എന്നറിയപ്പെടുന്ന, ശിവക്ഷേത്രം 11ാം നൂറ്റാണ്ടില്‍ ജീവിച്ച ഭോജദേവ രാജാവാണ് നിര്‍മ്മിച്ചത്.
പൂര്‍ത്തിയാകാത്ത ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ 22 അടി പൊക്കമുള്ള ശിവലിംഗമാണ് . വനവാസ കാലത്ത് പാണ്ഡവര്‍ നിര്‍മിച്ചതാണ് ഈ ക്ഷേത്രമെന്നേ ഓട്ടോ ചേട്ടന്‍ വിശ്വസിക്കുന്നുള്ളൂ.

 
 
 

 
 
 

 
 
 

കഥകളെയും പുരാണങ്ങളെയും തകര്‍ന്ന ശിലാരൂപങ്ങളെയും പടിക്കെട്ടുകളെയും പിന്നില്‍ ഉപേക്ഷിച്ച് കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ വീര്‍പ്പുമുട്ടലിലേക്ക് മടങ്ങുമ്പോള്‍ ആ ദേശത്തെ മുഴുവന്‍ മൂടിയ കാര്‍വര്‍ണ കല്‍രൂപങ്ങളുടെ ചാരുതയായിരുന്നു, മനസ്സു നിറയെ.

 
 
 

 
 
 

NALAMIDAM PHOTO JOURNIES

‘ഇവനെ ഒരു ഫുട്ബോളറാക്കണം’

നിയോണ്‍ നിലാവത്ത്

ചായാ ചിത്രങ്ങള്‍

ആണായും പെണ്ണായും ചാന്ദ്നിയുടെ ജീവിതങ്ങള്‍

ചാന്ദ്നിയുടെ പെണ്‍ ‘കുട്ടിക്കാലം’

അകക്കാഴ്ചയിലെ പകല്‍ക്കിനാവുകള്‍

പൂമ്പാറ്റകള്‍ക്കൊപ്പം ഒരു ക്യാമറ

ചില നേരങ്ങളില്‍ പൂക്കള്‍

തീവെയിലിന് ഒരാമുഖം

രമിക്കുന്ന ബുദ്ധന്റെ നാട്ടില്‍

പഴനിയിലെ വാണിഭക്കാര്‍

 
 
 

2 thoughts on “ചരിത്രത്തില്‍നിന്ന് അറ്റുവീണ രണ്ടിടങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *