ദലിതനെന്ന രാഷ്ട്രമീമാംസകന്‍

 
 
 
എസ് ആര്‍ നന്ദകുമാര്‍ എഴുതുന്നു

 

എങ്കിലും ദലിതര്‍ക്ക് ചരിത്രത്തില്‍ വിലാസമുണ്ടാക്കിയെടുക്കാനുള്ള കഠിനപരിശ്രമത്തിനിടയില്‍ പല അപകടങ്ങളും കടന്നുകൂടി. അതിലേറ്റവും പ്രധാനപ്പെട്ടത്, ശാശ്വതീകരിക്കപ്പെട്ടതും സ്വച്ഛന്ദവുമായ ഒരു പദവിമൂല്യം ദലിതരില്‍ അധ്യാരോപിച്ചതുമായി ബന്ധപ്പെട്ടാണ്. വര്‍ത്തമാനത്തിലെ ആവശ്യങ്ങളെ സാധൂകരിക്കാനാണല്ലോ നാം ചരിത്രത്തിലേക്ക് പിന്തിരിഞ്ഞു നോക്കുന്നത്. സമകാലികാവസ്ഥയില്‍ ദലിതര്‍ അനുഭവിച്ചിരുന്ന രൂക്ഷമായ അപകര്‍ഷതാബോധത്തെ മറികടക്കാനും ദലിതര്‍ നായകരായിരുന്ന ഒരു സുവര്‍ണഭൂതകാലത്തെ നിര്‍മിച്ചെടുക്കാനും വേണ്ടി സവര്‍ണാധീശ ചരിത്രത്തെ പുതിയ രീതികളില്‍ വ്യാഖ്യാനിച്ചെടുക്കേണ്ടിയിരുന്നു. ഈ പുതിയ ചരിത്രത്തിന്റെ കര്‍ത്താക്കളായി ദലിതരെ സ്ഥാനപ്പെടുത്തിയതോടെ അപരത്വത്തെ ആദര്‍ശവത്കരിക്കുന്ന വിപര്യയത്തിലേക്ക് ദലിത് രാഷ്ട്രീയം കൂപ്പുകുത്തി- എസ് ആര്‍ നന്ദകുമാര്‍ എഴുതുന്നു

 
 


 

ഒരു ചരിത്രസന്ദര്‍ഭവും അതിന്റെ ജ്ഞാനവ്യവസ്ഥയുമെന്ന നിലയില്‍ കൊളോണിയല്‍ ആധുനികത സവിശേഷവും അനന്യവുമായ ഒരു ലോകബോധത്തെയും മൂല്യവ്യവസ്ഥയെയും വ്യവഹാരരൂപങ്ങളെയും നിര്‍മിച്ചുകൊണ്ടാണ് നിലവില്‍ വന്നത്. അതാകട്ടെ സവര്‍ണ മേല്‍ക്കോയ്മാ പ്രത്യയശാസ്ത്രത്തിന്റെ വിചാരമാതൃകയെ പൂര്‍ണമായും പിന്‍പറ്റുന്ന ഒന്നായിരുന്നു. അങ്ങനെ പൌരത്വത്തിന്റെ മാനകരൂപമായി സവര്‍ണ ഹിന്ദു പുരുഷന്‍ സ്ഥാപനവത്കരിക്കപ്പെടുകയും ആധുനികതയുടെ ലിംഗ-ജാതി-സാമൂഹ്യ സമവാക്യങ്ങളില്‍ നിന്ന് വേര്‍തിരിഞ്ഞു നിന്ന സാമൂഹ്യ വിഭാഗങ്ങളെ ദേശീയ ശരീരത്തില്‍ നിന്ന് പുറന്തള്ളുകയോ അപരവത്കരിക്കുകയോ ചെയ്തു. ഇപ്രകാരം മുഖ്യധാരയില്‍ നിന്ന് പ്രാന്തവത്കരിക്കപ്പെട്ട ദലിതര്‍, സ്ത്രീകള്‍, മുസ്ലിംകള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവര്‍ തങ്ങളുടെ സ്വത്വം വീണ്ടെടുക്കുകയും ഇടങ്ങളും ഇടപെടലുകളും നിര്‍വചിക്കുകയും ആധുനികതയോട് കണക്ക് തീര്‍ക്കുകയും ചെയ്യുന്ന ഒരു സമരോത്സുക സമകാലികതയെയാണ് നാം ഉത്തരാധുനികത എന്ന് വിളിക്കുന്നത്.

എസ് ആര്‍ നന്ദകുമാര്‍


സവര്‍ണാധികാരം അടിച്ചേല്‍പ്പിച്ച അദൃശ്യതയില്‍ നിന്നും മൌനത്തില്‍ നിന്നും ശൂന്യതയില്‍ നിന്നും പുറത്ത് കടക്കുകയും അതിന്റ സാമാന്യബോധത്തെ വെല്ലുവിളിക്കുകയും ചെയ്തു കൊണ്ടാണ് ദലിത് രാഷ്ട്രീയം വര്‍ത്തമാനത്തിലേക്ക് കടന്നു വരുന്നത്. ഗാന്ധിജി ഔദാര്യപൂര്‍വം വച്ചുനീട്ടിയ ‘ഹരിജന്‍’ എന്ന വിശേഷണത്തെ ധിക്കരപൂര്‍വം നിരസിച്ചു കൊണ്ട് അടിച്ചമര്‍ത്തപ്പെട്ടവര്‍ / ചവിട്ടിയരക്കപ്പെട്ടവര്‍ എന്നര്‍ത്ഥമുള്ള ‘ദലിത്’ എന്ന പദം സ്വയം തെരഞ്ഞെടുത്തതില്‍ തന്നെ രാഷ്ട്രീയ രക്ഷാകര്‍തൃത്വത്തിന്റെ കപടനാട്യങ്ങളെ കടപുഴക്കുന്ന നിലപാടുകളിലെ വിധ്വംസകത തിരിച്ചറിയാം. ഓര്‍മയില്‍ കാടുള്ള മൃഗം ഒരിക്കലും മെരുങ്ങാത്ത പോലെ, ഭൂതകാലത്തെ അടിച്ചമര്‍ത്തലുകളും ജാതിപീഡനങ്ങളും ദലിത്പ്രസ്ഥാനങ്ങള്‍ക്ക് പുതിയ കുതിപ്പിനുള്ള കരുത്ത് നല്‍കി. ദേശീയത, സാഹിത്യം,കല, ചരിത്രം, രാഷ്ട്രീയം, തുടങ്ങിയ ജ്ഞാനമണ്ഡലങ്ങളിലെ എകാത്മകവും നിഷ്പക്ഷവുമായ സത്താസങ്കല്‍പ്പങ്ങളുടെ അടിയിളക്കാന്‍ അതിനു കഴിഞ്ഞു. ഭദ്രമെന്നും സ്വച്ഛന്ദമെന്നും നമ്മള്‍ കരുതിപ്പോന്ന സങ്കല്‍പ്പങ്ങളുടെയും സ്ഥാപനങ്ങളുടെയും കേവലത്വത്തെ അപനിര്‍മിക്കാന്‍ ശേഷിയുള്ള കേന്ദ്രപരാങ്മുഖശക്തികളുടെ പ്രതികര്‍തൃമണ്ഡലത്തെയാണ് ദലിത് രാഷ്ട്രീയം പ്രതിനിധാനം ചെയ്തത്.

 

Painting: Savi Savarkar

 
ആദര്‍ശവത്കരണത്തിന്റെ അപകടങ്ങള്‍
സവര്‍ണ ആധുനികത ദലിതര്‍ക്ക് കല്‍പ്പിച്ചു നല്‍കിയ അപരപദവിയെ അതിലംഘിക്കുകയാണ് ദലിത് സ്വത്വസ്ഥാപനത്തിന്‍റെ മുന്നുപാധി എന്ന് ആദ്യകാല ദലിത്ചിന്തകര്‍ കൃത്യമായി തിരിച്ചറിഞ്ഞിരുന്നു. ജ്യാതിറാവു ഫൂലെ, പെരിയാര്‍ ഇ വി രാമസ്വാമി നായ്ക്കര്‍, ഡോ. ബി ആര്‍ അംബേദ്ക്കര്‍ തുടങ്ങിയ ചരിത്രപുരുഷന്മാര്‍ തങ്ങള്‍ കാലൂന്നിയിരുന്ന കാലത്തിന്റെ ഈ അനിവാര്യതകളെയാണ് അഭിസംബോധന ചെയ്തത്.

എങ്കിലും ദലിതര്‍ക്ക് ചരിത്രത്തില്‍ വിലാസമുണ്ടാക്കിയെടുക്കാനുള്ള കഠിനപരിശ്രമത്തിനിടയില്‍ പല അപകടങ്ങളും കടന്നുകൂടി. അതിലേറ്റവും പ്രധാനപ്പെട്ടത്, ശാശ്വതീകരിക്കപ്പെട്ടതും സ്വച്ഛന്ദവുമായ ഒരു പദവിമൂല്യം ദലിതരില്‍ അധ്യാരോപിച്ചതുമായി ബന്ധപ്പെട്ടാണ്. വര്‍ത്തമാനത്തിലെ ആവശ്യങ്ങളെ സാധൂകരിക്കാനാണല്ലോ നാം ചരിത്രത്തിലേക്ക് പിന്തിരിഞ്ഞു നോക്കുന്നത്. സമകാലികാവസ്ഥയില്‍ ദലിതര്‍ അനുഭവിച്ചിരുന്ന രൂക്ഷമായ അപകര്‍ഷതാബോധത്തെ മറികടക്കാനും ദലിതര്‍ നായകരായിരുന്ന ഒരു സുവര്‍ണഭൂതകാലത്തെ നിര്‍മിച്ചെടുക്കാനും വേണ്ടി സവര്‍ണാധീശ ചരിത്രത്തെ പുതിയ രീതികളില്‍ വ്യാഖ്യാനിച്ചെടുക്കേണ്ടിയിരുന്നു. ഈ പുതിയ ചരിത്രത്തിന്റെ കര്‍ത്താക്കളായി ദലിതരെ സ്ഥാനപ്പെടുത്തിയതോടെ അപരത്വത്തെ ആദര്‍ശവത്കരിക്കുന്ന വിപര്യയത്തിലേക്ക് ദലിത് രാഷ്ട്രീയം കൂപ്പുകുത്തി.

ആര്യവംശജര്‍ ഇന്ത്യയിലെ ആദിമനിവാസികളായ ദ്രാവിഡരെ തോല്‍പ്പിച്ച് ഭൂമിയും സ്വത്തുക്കളും കൈയ്യടക്കുകയായിരുന്നുവെന്ന ഓറിയന്റല്‍ സിദ്ധാന്തങ്ങളെ പൂര്‍ണമായി വിശ്വസിച്ചുകൊണ്ട് ദ്രാവിഡരാണ് ഈ മണ്ണിന്റെ യഥാര്‍ഥ അവകാശികള്‍ എന്ന ലളിതയുക്തിയിലേക്ക് ദലിത് ചരിത്രബോധത്തെ വെട്ടിച്ചുരുക്കിക്കൊണ്ട് ഫൂലെയാണ് ഇതിനാദ്യം തുടക്കമിട്ടത്. ഇന്‍ഡോ-ആര്യന്‍ സമൂഹത്തിലെ നാലാം വര്‍ണക്കാരായിരുന്ന ശൂദ്രര്‍ വാസ്തവത്തില്‍ സൂര്യവംശത്തില്‍പ്പെട്ട ക്ഷത്രിയരായിരുന്നുവെന്നുള്ള അംബേദ്ക്കറുടെ സിദ്ധാന്തങ്ങളും ഇത്തരുണത്തില്‍പ്പെട്ടതായിരുന്നു (അംബേദ്ക്കരുടെ ഈ വാദങ്ങളെ ആര്‍ എസ് ശര്‍മ യുക്തിപൂര്‍വം ഖണ്ഡിക്കുന്നുണ്ട്.)

സമകാലീന ദലിത് ചിന്തകനായ കാഞ്ച ഇളയ്യയുടെ “Why Iam Not A Hindu” എന്ന പുസ്തകം പോലും ദളിതത്വത്തെ ആദര്‍ശവത്കരിക്കുന്ന ദുര്യാഗങ്ങളെ കയ്യൊഴിയാനുള്ള ദളിത് ചിന്തകരുടെ അശക്തിയെയാണ് വെളിപ്പെടുത്തുന്നത്.
കേരളത്തിലെ മുന്‍നിര ദലിത് ബുദ്ധിജീവിയായ കെ കെ കൊച്ച് പ്രാചീന ഇന്ത്യാചരിത്രത്തെക്കുറിച്ച് എഴുതുമ്പോള്‍ എല്ലാ ചരിത്രകാരന്മാരും ഇതിനോടകം ഉപേക്ഷിച്ചു കഴിഞ്ഞ ആര്യാധിനിവേശ സിദ്ധാന്തം (ഹാരപ്പന്‍ സംസ്കൃതിയെ ആര്യന്മാര്‍ ആക്രമിച്ചു നശിപ്പിച്ചുവെന്ന സിദ്ധാന്തം) പിന്നെയും കെട്ടിയെഴുന്നള്ളിച്ചു കൊണ്ട് വരുന്നത്, അതങ്ങനെ അല്ലാതായാല്‍ ആദിമ ദ്രാവിഡ സംസ്കൃതിയുടെ വീരപരിവേഷം നഷ്ടപ്പെടും എന്നതിനാലാണ്. ഹാരപ്പന്‍ കോടതിയില്‍ ഇന്ദ്രന്‍ ശിക്ഷിക്കപ്പെടണം എന്നത് ഇവരുടെയെല്ലാം ആവശ്യമാണ്.

ഇത്തരം സിദ്ധാന്തീകരങ്ങളെ “തലതിരിഞ്ഞ വംശീയത” എന്നാണു ഗെയ്ല്‍ ഓംവേത് വിമര്‍ശിച്ചത്. ഇത് കേവലം ജ്ഞാനസിദ്ധാന്തപരമായ പ്രശ്നം മാത്രമായി ചുരുക്കിക്കാണാനാവില്ല; ആധുനികതയുടെ ആന്തര വൈരുധ്യങ്ങളില്‍ തന്നെ വേരോടിക്കിടക്കുന്ന പ്രശ്നമാണ്. അള്‍ജീരിയന്‍ വിമോചനപോരാളിയും പോസ്റ് കൊളോണിയല്‍ ചിന്തയുടെ അപ്പോസ്തലനുമായ ഫ്രാന്‍സ് ഫാനന്‍ ഇത്തരം ആദര്‍ശവത്കരണത്തിലെ അപകടങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് എഴുതി: “എന്റെ വര്‍ത്തമാന കാലത്തിന്റെയും ഭാവിയുടെയും ചെലവില്‍ ഭൂതകാലത്തെ പ്രകീര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്‍റെ കറുത്ത തൊലി നിശ്ചിത മൂല്യങ്ങളുടെ ഒരു കലവറയുമല്ല.”

കീഴാളപഠനങ്ങളെക്കുറിച്ചുള്ള (Subaltern Studies) സംവാദങ്ങള്‍ കത്തി നിന്ന കാലത്ത് ഗായത്രി ചക്രവര്‍ത്തി സ്പിവാക് ഉന്നയിച്ച ചില മൌലിക വിമര്‍ശനങ്ങള്‍ ഇവിടെ പ്രസക്തമാണ് : “ബൂര്‍ഷ്വാ ചരിത്ര രചനയില്‍ പരമാധികാരമുള്ള കര്‍ത്താവായ പൌരന്‍ സത്യത്തില്‍ വരേണ്യര്‍ മാത്രമാണെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. എന്നിട്ടുമെന്തുകൊണ്ടാണ് കീഴാളരെ ഇതേ ഉടയാടകള്‍ തന്നെ ചാര്‍ത്തി ചരിത്രസ്രഷ്ടാവായി അരങ്ങത്ത് കൊണ്ട് വരുന്നത്? കീഴാള ചരിത്രം വെല്ലുവിളിച്ചത് ചരിത്രത്തിനു സുഭദ്രവും സമഗ്രവുമായ അവബോധത്തോടു കൂടിയ പരമാധികാരകര്‍ത്താവ് ആവശ്യമാണെന്ന ആശയത്തെയാണ്. പിന്നെയെന്തിനാണ് ഇതേ ആശയം കീഴാളചരിത്രരചനയില്‍ പുനരാനയിക്കുന്നത്?”
ദലിത് അവബോധത്തിന്റെ സ്വച്ഛന്ദ്യം സമര്‍ഥിക്കുകയല്ല, മറിച്ച് വരേണ്യരുടെ അപരമായി ദലിതര്‍ നിര്‍മിക്കപ്പെടുന്നത് ഏതൊക്കെ പ്രക്രിയകളിലൂടെയാണെന്നു ഫലപ്രദമായി പരിശോധിക്കുകയാണ് വേണ്ടതെന്ന് സ്പിവാക്കിനെ ഉപജീവിച്ചു പറയാം.

 

Painting: Savi Sawarkar


 

ദലിതെഴുത്ത്: സാധ്യതകളും പരിമിതികളും
കല/സാഹിത്യത്തെക്കുറിച്ചും അതിനു ജീവിതത്തോടുണ്ടെന്ന് സങ്കല്‍പ്പിക്കപ്പെടുന്ന ബന്ധങ്ങളെക്കുറിച്ചും രണ്ടു പ്രബലസിദ്ധാന്തങ്ങളായിരുന്നു ആധുനികത ഉയര്‍ത്തിപ്പിടിച്ചിരുന്നത് എന്ന് കാണാം. ഒന്ന്, കലാസാഹിത്യാദികളെ അചരിത്രപരവും മഹത്വപൂര്‍ണവുമായിക്കാണുന്ന കേവലവാദം; മറ്റേത്, കലയെ ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന്റെയോ സാമൂഹ്യലക്ഷ്യങ്ങളുടെയോ ഉപകരണം മാത്രമായി ചുരുക്കിക്കാണുന്നത്. ഈ രണ്ടു സമീപനങ്ങളും പ്രത്യക്ഷത്തില്‍ പരസ്പരവിരുദ്ധമെന്ന് തോന്നിക്കുമെങ്കിലും അന്തിമമായി പാശ്ചാത്യാധുനികതയുടെ പ്രതിനിധാനാത്മക യുക്തിയെയാണ് പിന്‍പറ്റുന്നത്.

ഭാഷയെ അടഞ്ഞതും അമൂര്‍ത്തവും ചരിത്രനിരപേക്ഷവുമായിക്കാണുന്ന അതിഭൌതികവീക്ഷണങ്ങള്‍ക്കും വെറും ഉപകരണം മാത്രമായി ചുരുക്കിക്കാണുന്ന ഉപകരണവാദസമീപനങ്ങള്‍ക്കും പകരം വിവിധ സാമൂഹ്യവര്‍ഗങ്ങളുടെ ബലതന്ത്രങ്ങള്‍ ഏറ്റുമുട്ടുന്ന നിരന്തരസംഘര്‍ഷങ്ങളുടെ പ്രശ്നമണ്ഡലമായി തിരിച്ചറിയുന്ന സമീപനങ്ങളാണ് ആധുനികാനന്തരം പ്രബലമായിക്കൊണ്ടിരിക്കുന്നത്.ഈയര്‍ഥത്തില്‍ ഭാഷ ഒരു വിധ്വംസകയന്ത്രമാണ്. ഒരു സമൂഹ്യവര്‍ഗം ഭാഷയെ വ്യവസ്ഥപ്പെടുത്താന്‍, ഭാഷാരൂപങ്ങളെ ഉറപ്പിച്ചെടുക്കാന്‍ പരിശ്രമിക്കുമ്പോള്‍ ഈ വ്യവസ്ഥാവത്കരണത്തെ ചെറുക്കുന്ന അപകേന്ദ്രശക്തികള്‍ അതില്‍ത്തന്നെ സന്നിഹിതമാണ്. ഭാഷയുടെ മണ്ഡലത്തിലെ വര്‍ഗസമരം എന്ന് ഇതിനെ വിശേഷിപ്പിക്കാം.

ദലിതെഴുത്ത് സാഹിത്യത്തില്‍ ആഢ്യതത്വവും പ്രാമാണികതയും സ്വയമവകാശപ്പെടുന്ന സമൂഹ്യവിഭാഗങ്ങളോടെതിരിട്ടു നില്‍ക്കുന്ന പ്രതിപക്ഷശക്തിയാണ്. അത് ഭാഷയ്ക്കുള്ളില്‍ കടന്ന് പ്രവര്‍ത്തിക്കുകയും സൂചകസൂചിത ബന്ധങ്ങളെയം വിനിമയക്രമങ്ങളെയും ഏകകാലികതയെയും ആര്‍ഥികവ്യവസ്ഥയെയും അസ്ഥിരപ്പെടുത്തുകയും പുനര്‍നിര്‍മിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഔദ്യാഗിക സവര്‍ണഭാഷയോട് അത് നിരന്തരം ശത്രുതാപരമായ സംഘര്‍ഷത്തിലാണ് ( Antagonistic Clash) എന്ന് ബക്തിന്‍.

“വാക്കുകള്‍ക്ക് ചുറ്റും ഈച്ചകള്‍ പൊതിഞ്ഞു
എഴുത്തച്ഛനെപ്പോലെ എഴുത്
എന്ന് ഭാഷാമുന്‍ഷി
നമ്പ്യരെപ്പോലെ തുള്ള്
എന്ന് ചടുലപദകാമുകന്‍
ആശാനെപ്പോലെയാവ് എന്ന് ഉത്തുംഗമാനസര്‍
അവന്‍ പോലെയായില്ല
അറിയാവഴികളിലൂടെ ഒറ്റയ്ക്ക് നടന്നു
അവന്റെ വേദന കവിതയായിതീര്‍ന്നു.”

“സ്കൂളില്‍ ഒരിക്കല്‍ ദ്രോണാചാര്യരെക്കുറിച്ചുള്ള പാഠം പഠിപ്പിക്കുകയായിരുന്നു. ദാരിദ്യ്രത്തിലാണ്ട ദ്രോണാചാര്യര്‍ പാലെന്നു പറഞ്ഞ് അശ്വഥാമാവിന് അരിമാവ് കലക്കി കുടിക്കാന്‍ കൊടുത്ത കഥ അദ്ധ്യാപകന്‍ കണ്ണീരോടെയാണ് വിവരിച്ചത്. പെട്ടെന്നുണ്ടായ ധൈര്യത്തില്‍ ഞാന്‍ എണീന് മാസ്ററോട് ചോദിച്ചു : ” പാലിന് പകരം അശ്വഥാമാവിന് അരിമാവ് കലക്കിയ വെള്ളം കിട്ടി. കഞ്ഞിവെള്ളം കുടിച്ചു വിശപ്പടക്കുന്ന ഞങ്ങളുടെ സ്ഥിതിയോ? അതാരും ഇതിഹാസങ്ങളിലൊന്നും എഴുതിക്കണ്ടില്ലല്ലോ? ഒരു ഇതിഹാസകവിയും ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് ഒരു വാക്കുപോലും കുറിക്കാതതെന്താണ്??

ക്ലാസ്സ് ഒന്നടങ്കം എന്നെ തുറിച്ച് നോക്കി. മാസ്റര്‍ സാഹെബ് ദേഷ്യം കൊണ്ട് വിറച്ചു. ‘ഹോ..കലിയുഗം പിറന്നിരിക്കുന്നു. ഒരു കീഴാളച്ചെറുക്കന്‍ തിരിഞ്ഞു നിന്ന് ചോദ്യം ചോദിക്കാന്‍ പഠിച്ചിരിക്കുന്നു’

‘എടാ ചൂഹരേ, ദ്രോണാചാര്യരുമായി നീ സ്വയം താരതമ്യം ചെയ്തു തുടങ്ങിയോ? ഇതാ പിടിച്ചോ നിന്‍റെ നടുമ്പുറത്ത് ഞാനീ വടി കൊണ്ട് ഇതിഹാസമെഴുതാം.’ അയാള്‍ വടി ആഞ്ഞു വീശി. ആ ഇതിഹാസം എന്‍റെ മുതുകത്ത് ഇന്നും പതിഞ്ഞു കിടക്കുന്നു.” (എച്ചില്‍ ഓംപ്രകാശ് വാല്മീകി )

ഇങ്ങനെ ഉച്ചരിക്കപ്പെട്ട വാക്കുകളോടും എഴുതപ്പെട്ട ഇതിഹാസങ്ങളോടും പടവെട്ടിയാണ് ദലിതര്‍ സാഹിത്യത്തില്‍ സ്വന്തം മേല്‍വിലാസം സ്ഥാപിച്ചെടുത്തത്. ദലിതെഴുത്തിനെ സാഹിത്യത്തിലെ സംവരണമണ്ഡലമെന്ന് പരിഹസിക്കുന്ന ശുദ്ധകലാവാദികള്‍ സാഹിത്യത്തിന്റെ സഹജമായ ബഹുസ്വരതയെ തിരിച്ചറിയാന്‍ കൂട്ടാക്കാത്തവരാണ്. “സാഹിത്യത്തില്‍ നരകത്തെക്കുറിച്ച് സങ്കല്‍പ്പമല്ലേയുള്ളൂ. ജീവിതത്തില്‍ ശരിക്ക് നരകം കാണുന്നവരാണ് ഞങ്ങള്‍” എന്ന് ദലിതനെഴുതുമ്പോള്‍ ചിലര്‍ ഭയചകിതരാവുന്നത് സാഹിത്യത്തിനു തങ്ങള്‍ തുന്നിക്കൊടുത്ത പ്രഭാവലയം പിച്ചിചീന്തപ്പെടുമോ എന്ന ഭയമാണ്.

എന്നാല്‍ മറ്റൊരപകടം ദലിതെഴുത്തിനെ കാത്തിരിപ്പുണ്ടെന്ന് കാണാതെ പോകരുത്. അത്, ഉപകരണവാദത്തിന്‍റെ ഭൂതങ്ങള്‍ ദലിതെഴുത്തിനെ ആവേശിക്കാനുള്ള സാധ്യതയാണ്. ദലിതെഴുത്തിനെ ദലിത് രാഷ്ട്രീയത്തിന്റെ ഉപകരണം മാത്രമായി കാണാനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ തന്നെ ചെറുത്തുതോല്പ്പിക്കേണ്ടതുണ്ട്.

റഫറന്‍സ്
1. അംബേദ്കര്‍ സമ്പൂര്‍ണ കൃതികള്‍ വാല്യം 13
2. ദലിത് ചിന്തകള്‍ , ഗെയ്ല്‍ ഓംവേദ്
3. കീഴാളപഠനങ്ങള്‍ , എഡി: സൂസി താരു, സഞ്ജീവ്
4. ഞാനെന്തു കൊണ്ട് ഒരു ഹിന്ദുവല്ല, കാഞ്ച ഇളയ്യ
5. ബുധനിലെക്കുള്ള ദൂരം, കെ കെ കൊച്ച്
6.ഉരിയാട്ടം,സുനില്‍ പി ഇളയിടം
7.വാക്കുകളും വസ്തുക്കളും, ബി രാജീവന്‍
8.ദലിതപാതകള്‍, എഡി: ബോബി തോമസ്
9.കറുപ്പിന്റെ സൌെന്ദര്യശാസ്ത്രം, കെ ഇ എന്‍
10. എച്ചില്‍, ഓംപ്രകാശ് വാല്മീകി

10 thoughts on “ദലിതനെന്ന രാഷ്ട്രമീമാംസകന്‍

 1. ഇത് വായികേണ്ടി വരുന്ന ദളിതന്‍ ആത്മഹത്യ ചെയ്തേക്കും..
  ആര്യ മലയാളം അങ്ങിനെ പടം വിടര്‍ത്തി ആടുന്നു..
  സാധാരണ പദങ്ങള്‍ ഉപയോഗിച്ച് എഴുതാന്‍ നന്ദ കുമാറിന് സാധിക്കുന്നില്ല..
  എങ്കില്‍ അത് ദളിത സാഹിത്യം ആകുന്നില്ല തന്നെ..
  അത് വീണ്ടും ആര്യ സാഹിത്യം തന്നെ ആയി തീരുന്നു..
  മേലാള സാഹിത്യം ..
  വരേണ്യ വര്‍ഗ സാഹിതീ കുതുകികള്‍ക്കായി എഴുതിയ ഈ ലേഖനം അത് കൊണ്ട് തന്നെ മടുപ്പിച്ചു എന്ന് പറയേണ്ടി വരുന്നു
  കഠിനമായ വാക്കുകളും ,ആശയങ്ങള്‍ അവതരിപ്പിചിരിക്കുന്നതിലെ ക്ളിഷ്ട്ടതയും ..
  എഴുത്തിനെ വല്ലാതെ വര്‍ഗീയവല്‍ക്കരിചിരിക്കുന്നു.
  നല്ല ശുദ്ധ മലയാളത്തില്‍ എഴുതിയെങ്കില്‍
  ആര്‍ക്കു വേണ്ടിയാണോ ഇത് എഴുതപെട്ടത്‌ അവര്‍ ഇത് പിന്‍ തുടര്‍ന്നേനെ

 2. നന്ദകുമാര്‍, ഞാന്‍ ഒരു സാദാ വായനകാരന്‍ ആണ്. തങ്ങള്‍ ഇങ്ങനെ ഉള്ള വാക്കുകള്‍ ജ്ഞാനവ്യവസ്ഥ, പ്രത്യയശാസ്ത്ര, മാനകരൂപ, പ്രന്തവല്കരണം തുടങ്ങിയവ കഴിയുമെങ്കില്‍ ഒഴിവാകി എല്ലാവര്ക്കും മനസിലാകുന്ന രീതിയില്‍ മലയാളം എഴുതിയാല്‍ നന്നായിരിന്നു. നിങ്ങളുടെ മനസിലുള്ളത് എഴുത്തിലൂടെ മറ്റുള്ളവര്‍ നല്‍കുമ്പോള്‍ വായികുന്നവന് അത് മനസിലാകണം അല്ലെങ്കില്‍ അത് വായിക്കാന്‍ തോന്നണം.

 3. ഈ ലേഖനത്തിന്റെ ഭാഷ അതിന്റെ ഉദ്ദേശത്തെ വെട്ടിമുറിച്ചു വികൃതമാക്കിയിരിക്കുന്നു. ഇത് ദളിത-സവർണ സാഹിത്യമോ?.ഇനി ഇതിന്റെ ഉദ്ദേശമെന്താണ് അതും സംശയമാണ്.

  മനസിലാക്കിയതു വച്ച് പറഞ്ഞാൽ:
  ആര്യൻ(?) സൃഷ്ടിച്ചു വച്ച സവർണ ചരിത്ര ബിംബങ്ങളുടെ ചുവടു പിടിച്ചാണ് ദളിതനും തങ്ങളുടെ ചരിത്ര സ്വത്വ സൃഷ്ടി നടത്തിയത് എന്നു പറയാനാണ് താങ്കൾ ഒരുങ്ങുന്നത് എന്നു തോന്നുന്നു.

  പക്ഷെ അതു പറയുന്നതു തന്നെ സവർണൻ സൃഷിച്ച ഭാഷ ജാഡയ്ക്കുള്ളീൽ കിടന്നു കൊണ്ടാണ്.

  യദ്ധാർഥത്തിൽ ദളിതർ ഈ പിൻപറ്റലിൽ നിന്നാണ് പിന്മാറേണ്ടത്.

 4. കമന്റു കണ്ട് ചിരി വന്നു.
  ഈ ഭാഷ മനസ്സിലാവുന്നില്ല, വായിക്കേണ്ടി വന്നാല്‍ ദളിതര്‍ ആത്മഹത്യ ചെയ്യും, ഈ ഭാഷ ദളിത-സവര്‍ണ സാഹിത്യമാണ് എന്നൊക്കെ.

  ഈ ഭാഷ മനസ്സിലാവാത്തത് എന്തു കൊണ്ടാണ്? എനിക്ക് മനസ്സിലായിടത്തോളം ഇത് ദളിത് എഴുത്തിനെ, ദളിത് രാഷ്ട്രീയത്തെ പ്രശ്നവല്‍കരിക്കുന്ന സൈദ്ധാന്തികമായ ഒരു അഭിപ്രായ പ്രകടനമാണ്.
  സൈദ്ധാന്തിക തലത്തില്‍ നടക്കാറുള്ള ചര്‍ച്ചകള്‍ എല്ലാവര്‍ക്കും മനസ്സിലാവുന്ന പത്രഭാഷയിലാണോ എഴുതപ്പെടാറുള്ളത്?
  പൊതുയുക്തിക്കുള്ളിലെ കാണാത്ത ഇടങ്ങള്‍ ചില അറിവുകളുടെ, ധാരണകളുടെ, സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്ന അത്തരം എഴുത്തുകള്‍ സൈദ്ധാന്തികമായ ഒരു മണ്ഡലത്തില്‍ നടക്കുന്ന ഒന്നാണ്. അത് ലക്ഷ്യം വെക്കുന്നതും അത്തരം ഇടപെടലുകളാണ്. അതിലെ പരികല്‍പ്പനകളും ടെര്‍മിനോളജിയും ഭാഷയും തികച്ചും വ്യത്യസ്തമാണ്. അത് കൂടുതല്‍ ആഴത്തിലേക്കുള്ള യാത്രകളാണ് ലക്ഷ്യമിടുന്നത്. ഉപരിപ്ലവമായ വായനാ സുഖങ്ങളല്ല.

  ദളിതര്‍ ഇത് വായിച്ച് ആത്മഹത്യ ചെയ്യുമെന്ന് തീര്‍പ്പു കല്‍പ്പിക്കുന്നവര്‍ മലയാളത്തിലെ ദളിത് സൈദ്ധാന്തിക മേഖലയില്‍ നടക്കുന്ന ഇടപെടലുകളെക്കുറിച്ച് പൂര്‍ണ അജ്ഞരാണ്. ദളിത് എഴുത്തിനും രാഷ്ട്രീയത്തിനും സൈദ്ധാന്തിക അടിത്തറയുണ്ടാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അനേകം ഇടപെടലുകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. ഡോ. സനല്‍മോഹനും കെ.കെ കൊച്ചും യേശുദാസന്‍ മാഷും സനില്‍ എം. എന്നും അടക്കമുള്ളവര്‍ നടത്തിയ, നടത്തിക്കൊണ്ടിരിക്കുന്ന അനേകം സൈദ്ധാന്തിക അന്വേഷണങ്ങളുടെ ഫലമാണ് മലയാളത്തില്‍ നാം ഇന്ന് എത്തപ്പെട്ട ദളിത് അവബോധം. അവ വായിച്ച ദളിതരാരും ആത്മഹത്യ ചെയ്തതായി കേട്ടിട്ടില്ല.

  ഈ ലേഖനത്തിന്റെ ഭാഷ അതില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല. പിന്നെ എന്തു കൊണ്ടാണ് ഇത് മാത്രം സവര്‍ണമാവുന്നത് എന്ന് മനസ്സിലായില്ല. പ്രസന്ന രാഘവന്‍ ചൂണ്ടിക്കാട്ടിയതു പോലെ ഒറ്റവരിയില്‍ പറയാനാവുമെങ്കില്‍ അവര്‍ ഇതേ നാലാമിടത്തില്‍ എഴുതിയ ഫെമിനിസ്റ്റ് ലേഖനവും മൂന്നോ നാലോ വരികളില്‍ ഒതുങ്ങുമായിരുന്നു. അങ്ങനെ കഴിയാത്തതു കൊണ്ടാവാം സമാനമായ ഭാഷയില്‍ പ്രസന്നഎഴുതിയ ലേഖനവും ഏറെ നീണ്ടുപോയത്.

  ഇത്രയും പറഞ്ഞത്, ഈ ലേഖനം മുന്നോട്ടുവെക്കുന്ന കാര്യങ്ങളെ ഒട്ടും പരാമര്‍ശിക്കാതെ, ഭാഷയെക്കുറിച്ച് നടക്കുന്ന ഈ നിലവിളികള്‍ അസഹ്യമായി തോന്നിയതിനാലാണ്. ലേഖകന്‍ മുന്നോട്ടുവെക്കുന്ന പല കാര്യങ്ങളിലും വിയോജിപ്പുണ്ട്. പല പോയിന്റുകളും കുറച്ചു കൂടി വിശദീകരിക്കപ്പെടണമായിരുന്നു എന്നു തോന്നുന്നുണ്ട്.
  അതിനെക്കുറിച്ച് സൈദ്ധാന്തികമായി പറയാന്‍ എന്നാല്‍, ഞാന്‍ അശക്തനാണ്. എന്നാല്‍ അതിനു കഴിയുന്ന അനേകം ദലിത് സൈദ്ധാന്തികര്‍ മലയാളത്തിലുണ്ട്. അവര്‍ ഇതില്‍ ഇടപെടുമെന്ന് പ്രതീക്ഷിക്കാം.

  വാല്‍ക്കഷണം:
  ഡോ. നിസാര്‍ അഹമ്മദ് മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ തുടര്‍ച്ചയായി എഴുതുന്ന ലേഖനം കണ്ടാല്‍ ഇവരൊക്കെ എന്തു പറയുമെന്ന് ആലോചിച്ചു നോക്കാവുന്നതാണ്. ചിരിക്കാവുന്നതാണ്.

 5. ദളിതന്‍ എന്നതിനു ചിതറിയവന്‍ എന്നും ഒരു അര്‍ഥം ഉണ്ട്. ഇന്നലത്തെ സവര്‍ണ്ണതയെ മാത്രം കുറ്റം പറയുക്ും ഇന്നത്തെ സി.പി.എം-ന്യൂനപക്ഷ മേല്‍ക്കോയ്മയെ കുറിച്ച് മൌനം പാലിക്കുന്നത് വങ്കത്തരമാണ്. യാദാര്‍ഥ്യങ്ങളില്‍ നിന്നും ഉള്ള ഒളിച്ചോട്ടവും ഒപ്പം ഭീരുത്വവും. ടി.പി.വധം/ഷുക്കൂര്‍ വധം അഞ്ചാം മന്ത്രി തുടങ്ങിയ്‌വയിലൂഓറ്റെ പുറത്തുവന്നത് മഞ്ഞുമലയുടെ തുമ്പാണെന്നും വരാനിരിക്കുന്നത് ഭീകരമായ സി.പി.എം-ന്യൂനപക്ഷ ഫാസിസമാകാം എന്നും തുറന്നു പറയാതെ ഇന്നലെ കളിലെ സവര്‍ണ്ണാധികാര ക്രമത്തെ ചൂണ്ടി ജഢമായതൊ ജീര്‍ണ്ണിച്ചു തീര്‍ന്നതോ ആയ അതിന്റെ ഇല്ലാത്ത ഭീഷണിയെ പെരുപ്പിച്ച കാട്ടികെ.ഈ.എന്നൊക്കെ വാക്കുകളുടെ നിഴല്‍ വച്ച് ജാലവിദ്യയാണ് നടത്തുന്നത്.

  സവര്‍ണ്ണാധിപത്യത്തിനെതിരെ ദളിത്െ സംഘടിപ്പിച്ച് അവരുടെ ജീവിതങ്ങളെ “മോചിപ്പിച്ചത്” കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു കാര്യമായ പങ്കുണ്ട്. മറ്റൊര്ഥത്തില്‍ ദളിതന്റെ ഇന്നത്തെ ശാപം അതെ സി.പി.എം ആയി എന്നതാണ് വൈരുധ്യം. ഇന്നിപ്പോള്‍ സി.പി.എം ദളിത് വിഭാഗങ്ങളെ വരിഞ്ഞു മുറുക്കിയിരിക്കുന്നു. സവര്‍ണ്ണന്റെ ചൂഷണങ്ങളില്‍ നിന്നും രക്ഷപ്പെട്ട് അവര്‍ അകപ്പെട്ടത് സി.പി.എമ്മിന്റെ ദാര്‍ഷ്ട്യം നിറഞ്ഞ ആധിപത്യത്തിനു കീഴിലാണ്. അതില്‍ നിന്നും കുതറിമാറി സ്വന്തം സ്വത്വം തേടുകയും പ്രസ്ഥാനം കെട്ടിപ്പടുക്കുകയും വേണം. ഇന്നു കാണുന്ന രീതിയില്‍ ഉള്ള സി.പി.എമ്മിന്റെ തകര്‍ച്ചയിലൂടെ മാത്രമേ ദളിതനും, തീയ്യനും, നായരും എല്ലാം അടങ്ങുന്ന ചിതറിയ ഭൂരിപക്ഷം ഇനി രക്ഷപ്പെടുവാന്‍ കഴ്യൂ എന്നാണ് എനിക്ക് തോന്നുന്നത്. സി.പി.എമ്മിനു ജ്ഥയില്‍ എണ്ണം തികച്ചും, കൊലനടത്തിയും പോസ്റ്റര്‍ പതിച്ചും ദാസ്യവേലചെയ്യുന്നതല്ല കീഴാളരുടെ ജീവിതം ദൌത്യം.
  -എന്റെ വ്യക്തിപരമായ കാഴ്ചപ്പാട് ആണിത്.

  • What is the relevance of “your personal view” while discussing an article on Dalit Writing? Or is it an inexorcisable possession of anti-CPM tirade writing that manifests in certain people on each and every online pages and walls.
   Sir, if your views are to be presented, isnt it a better option to write an independent article and get it posted on your facebok wall or some online magazines? When you publish it here out of context, that doesnt carry any credibility than certain lunatics scribbling non sense on every walls they see.

 6. അജയ് ഇവിടെ കുറിച്ചത് നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായം അല്ലേ? ഏഡിറ്റര്‍ക്ക് നിങ്ങള്‍ ഉന്നയിച്ച പോലെ ഒരു അഭിപ്രായം ഉണ്ടെങ്കില്‍ എന്റെ കമന്റ് നീക്കം ചെയ്യാമല്ലോ.

  ഈ ലേഖനവുമായി ബന്ധപ്പെട്ട് നിരവധി ദളിത് വിഷയങ്ങള്‍ (ദളിത് ജീവിത സാഹചര്യങ്ങള്‍, സാഹിത്യം, രാഷ്ടീയം ….) ഉയര്‍ന്നു വരുന്നുണ്ട്. ഇവിടെ രേഖപ്പെടുത്തിയത് എന്റെ വീക്ഷണം ആണെന്ന് പറഞ്ഞത് താങ്കളെ പോലെ ഉള്ള അന്ധമായ രാഷ്ടീയ മൌലികവാദികളെ ഉദ്ദേശിചു തന്നെയാണ്. ലേഖകന്‍ ഉള്‍പ്പെടെ പലരും വിട്ടുകളയുന്ന ഒരു വിഷയത്തിലേക്ക് ഞാന്‍ ശ്രദ്ധ ക്ഷണിച്ചു എന്നേ ഉള്ളൂ. താങ്കള്‍ ഞാന്‍ ഉന്നയിച്ച വിഷയത്തെ പറ്റി പറയൂ.

  ലുണാറ്റിക്കായൈ കണ്ടിടത്തൊക്കെ സി.പി.എം വിരുദ്ധത പോസ്റ്റു ചെയ്യലല്ല എന്റെ നിലപാട്. ഉചിതമായ ഇടത്തു അഭിപ്രായം പറഞ്ഞു എന്ന് മാത്രം. സി.പി.എം ദളിതരെ രാഷ്ടീയമായി ചൂഷണം ചെയ്യുന്നില്ല എന്ന് താങ്കള്‍ക്ക് പറയാമോ? ലേഖകനും അത്തരം വിഷയങ്ങളില്‍ നിന്നും ഓടിയൊളിച്ചിരിക്കുന്നു.

  • സുഹൃത്തേ , ലേഖനത്തിന്റെ വിഷയം ദളിത്‌ എഴുത്ത് എന്നതാണ്. അല്ലാതെ സി പി എമും ദളിതരും എന്നതല്ല. അതിനാല്‍ തന്നെ തങ്ങളുടെ കമന്റ്‌ സന്ദര്‍ഭത്തിനു യോജിക്കുന്നില്ല എന്ന് മാത്രം ആണ് ഞാന്‍ പറഞ്ഞത്.
   സന്ദര്‍ഭത്തിനു യോജിചാലും ഇല്ലേലും ഞാന്‍ കമന്റ്‌ ഇട്ടേ പോകു എന്ന് തീരുമാനിച്ചാല്‍ അതില്‍ അശ്ലീലമില്ലെങ്കില്‍ എഡിറ്റര്‍ പബ്ലിഷ് ചെയ്യുക തന്നെ ചെയ്യും.

 7. ദളിത് ചരിത്രത്തിലൂടെയും അവരുടെ അതിജീവനത്തിലൂടെയും ലേഖകന്‍ കടന്നു പോകുന്നുണ്ട്. സാഹിത്യം ഉണ്ടാകണമെങ്കില്‍ ദളിതര്‍ക്ക് ജീവിക്കുവാനും എഴുതുവാനും വായിക്കുവാനും പഠിക്കുവാനും അത്മ പ്രകാശനത്തിനും ഉള്ള സാഹചര്യം ഉണ്ടാകണം. ഇന്നത്തെ സാമൂഹ്യ രാഷ്ടീയ സമുദായ ഭരണ അവസ്ഥകളില്‍ നിന്ന് ദളിത് ജീവിതത്തെ വിശകലനം ചെയ്യപ്പെടാതെ ഇന്നലെകളിലെ സവര്‍ണ്ണതയെ പറ്റി വാചാലമാകുന്നു ലേഖകന്‍. സാഹിത്യം എന്നത് രചയിതാവിന്റെ ജീവിതവുമായി വേര്‍പെടുത്താനാവത്ത ബന്ധമുണ്ടെന്നത് പ്രാഥമികമായ തിരിച്ചറിവാണെന്ന് ഞാന്‍ ഓര്‍മ്മപ്പെടുത്തേണ്ടതില്ല എന്ന് കരുതുന്നു.

  ഇന്നലെകളിലെ സവര്‍ണ്ണാവസ്ഥയെ വെല്ലുന്ന രീതിയില്‍ ഉള്ള ഇന്നത്തെ ചിലരുടെ ഫസിസ്റ്റ് രീതികളെ പറ്റി പറയുമ്പോള്‍ വിളറി പിടിച്ചിട്ട് കാര്യമില്ല. ദളിതരും-ഈഴവനും-നായരും ഒക്കെ ഒന്നിച്ചു നിന്ന് സി.പി.എമ്മില്‍ നിന്നും മുക്തി നിന്നും മുക്തി നേടേണ്ടതുണ്ട്.

 8. അസ്ലീലം മാത്രമാണ് കമന്റ് പ്രസിദ്ധീകരണത്തെ നിയന്ത്രിക്കുന്ന മാനദണ്ഡം എന്ന കാഴ്ചപ്പാടു പോലും തെറ്റാണ്. വിഷയവുമായി ബന്ധമില്ലാത്തതോ അനുചിതമാണെന്ന് തോന്നുന്ന എന്തും എഡിറ്റര്‍ക്ക് മോഡറേഷനു വിധേയമാക്കാം എന്നാണ് എന്റെ ധാരണ. ഞാന്‍ ഉന്നയിച്ചത് ലേഖകന്‍ ഇന്നലെ കളിലെ സവര്‍ണ്ണതയെ മാത്രം ചികഞ്ഞെടുക്കുകയും ഇന്നത്തെ അവസ്ഥകളെ തമസ്കരിക്കുകയും ചെയ്യുന്നതിനെ പറ്റിയാണ്. ലേഖകനാകട്ടെ അതേ പറ്റി നിശ്ശ്ബ്ദത പാലിക്കുകയും ചെയ്യുന്നു. അധികരത്തില്‍ നിര്‍ണ്ണായക ശക്തിയായ ന്യൂനപക്ഷങ്ങളും – രാഷ്ടീയ ശത്രുക്കളെ വെട്ടിയും, കുത്തിയും, വെടിവെച്ചും കൊലപ്പെടുത്തുന്നാതയി സ്വയം പരസ്യമായി സമ്മതിക്കുന്ന നേതാക്കള്‍ ഉള്ള സി.പി.എം എപ്രകാരം ദളിതരെ കാണുന്നു ഉപയോഗപ്പെടുത്തുന്നു എന്നതിനെ പറ്റി ഒരു ചര്‍ച്ച ഉയര്‍ന്നു വരേണ്ട വിഷയമാണെന്നാണ് എനിക്ക് തോന്നുന്നത്.

Leave a Reply

Your email address will not be published. Required fields are marked *