മാര്‍കേസിന് ഇനിയും എഴുതാനുണ്ട്,ദൈവമേ…

 
 
 
ഈ കുറിപ്പില്‍ ആവശ്യത്തിലേറെ തവണ ദൈവമേ , ദൈവമേ എന്ന് വിളിച്ചുവോ ഞാന്‍? ഞാന്‍ മാത്രമല്ല, എത്ര കോടി പേരാകും ഈ മറവിരോഗ വാര്‍ത്തയറിഞ്ഞ് ദൈവത്തെ വിളിച്ചു കാണുക? ദൈവം എന്നൊരാളുണ്ടെങ്കില്‍ ഈ വിളികള്‍ കേട്ട് ഓര്‍മയും യൌവ്വനവും മാര്‍കേസിനും, അദ്ദേഹം പറയാനിരിക്കുന്ന കഥകള്‍ വായനക്കാര്‍ക്കും തിരിച്ചു കൊടുക്കുമോ, ആവോ.
സഹോദരന്‍ ജെയ്മി മാര്‍കേസ് ഇന്നലെ ഇങ്ങനെ കൂടി പറഞ്ഞു കരച്ചിലോടെ…’ലിവിംഗ് ടു ടെല്‍ ദി ടെയ് ലി’ ന്റെ രണ്ടാം ഭാഗം എഴുതാന്‍ അദ്ദേഹത്തിന് കഴിയില്ല എന്നാണ് എനിക്ക് തോന്നുന്നത്, എന്റെ തോന്നല്‍ തെറ്റിപ്പോകട്ടെ എന്ന് . തെറ്റിപ്പോകട്ടെ…, മാര്‍കേസ് ഇനി എഴുതില്ലെന്ന് റിപ്പോര്‍ട്ട് ചെയ്ത സകലമാന മാധ്യമങ്ങള്‍ക്കും… – ഗബ്രിയല്‍ ഗാര്‍സിയ മാര്‍കേസിനെ മറവി രോഗം പൂര്‍ണമായി വിഴുങ്ങിയെന്ന വാര്‍ത്ത സൃഷ്ടിച്ച കടലിളക്കങ്ങള്‍. ഇ. സനീഷ് എഴുതുന്നു

 

 

“What matters in life is not what happens to you but what you remember and how you remember it.”
― Gabriel Garcí­a Márquez

അതി സാധാരണമായി പോകുന്ന ദിവസങ്ങളെ, ചിലപ്പോള്‍ ചില കാര്യങ്ങള്‍, അതു വരെയില്ലാത്ത വിധം ചലിപ്പിക്കും. കഴിഞ്ഞ ദിവസം അങ്ങനെയൊരു കാര്യമുണ്ടായി. ജെയ്മി ഗാര്‍സിയാ മാര്‍കേസ് എന്നൊരാളിന്റെ വാക്കുകള്‍, പതിവു പോലെ തീരുമായിരുന്ന, എന്റെ ഒരു ദിവസത്തെ പിടിച്ചു കുലുക്കി. അദ്ദേഹത്തിന്റെ സഹോദരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന് ഇനി എഴുത്ത് തുടരാനാകില്ലെന്നായിരുന്നു ആ വാക്കുകള്‍. ലോകത്തെ എല്ലാ മാധ്യമങ്ങളിലും അതായിരുന്നു ആ നിമിഷത്തെ പ്രധാനവാര്‍ത്ത .

മാര്‍കേസ്…ഹോ, എന്റെ ദൈവമേ…മാര്‍കേസ് എഴുത്തു നിര്‍ത്തിയെന്ന്.
ജീവിക്കുന്ന ലോകത്തില്‍ നിന്ന്, അതിന്റെ യഥാര്‍ത്ഥമെങ്കിലും മാന്ത്രികമായ എല്ലാ ദിനസരികളില്‍നിന്നും, പതുക്കെ പതുക്കെ മറവിരോഗം അദ്ദേഹത്തെ അകറ്റുകയാണെന്ന് …ഓര്‍മകളെ കുഴിച്ച് കുഴിച്ച് നക്ഷത്രങ്ങളെടുത്ത് നിസ്സാരരായ മനുഷ്യര്‍ക്കിടയില്‍ വിതറിയ ആ ഉയരം കുറഞ്ഞ കട്ടി മീശക്കാരനില്‍ നിന്ന് ഓര്‍മകള്‍ ഇറങ്ങിപ്പോകുന്നുവെന്ന്… ഇനിയുണ്ടാകില്ല ആ കഥകളെന്ന്!

 

 

എഴുത്ത് നിര്‍ത്തുമോ, ശരിക്കും?
ഏകാന്തതയുടെ നൂറുവര്‍ഷങ്ങളുടെ തുടക്കം തന്നെ ഓര്‍മയെക്കുറിച്ചാണ്, ഓര്‍ക്കുന്നില്ലേ…’ഫയറിംഗ് സ്ക്വാഡിനെ അഭിമുഖീകരിക്കുമ്പോള്‍ കേണല്‍ അറീലിയാനോ ബുവേന്‍ഡിയ വിദൂരമായ കുട്ടിക്കാലത്ത് അച്ഛനൊപ്പം ഐസ് കാണാന്‍ പോയത് ഓര്‍ത്തു’ എന്നാണ് മാര്‍കേസ് മഹാഭാരതം പോലത്തെ ആ നോവല്‍ തുടങ്ങുന്നത്. സത്യത്തില്‍, ഓര്‍മയെയും മറവിയെയും കുറിച്ചും, മറവിയെ പ്രതിരോധിക്കേണ്ടത് എങ്ങനെയെന്നതിനെക്കുറിച്ചും കൂടെയല്ലേ ആ നോവല്‍?

ചരിത്രാതീത കാലത്തെ മുട്ടകള്‍ പോലെ, മിനുസപ്പെട്ട വെളുവെളുത്ത കല്ലുകളുള്ള പുഴ. അതിന്റെ തീരത്ത് പത്തിരുപത് വീടുകള്‍ മാത്രമുള്ള ഇടമായിരുന്നു ആ കുട്ടിക്കാലത്ത് മക്കൊണ്ടോ. ലോകം പുതിയതായിരുന്നു, വസ്തുക്കള്‍ക്ക് പേരുണ്ടായിരുന്നില്ല. പരിചിതമായ വസ്തുക്കളുടെ പേര് മറന്നു പോകുന്നതിനെക്കുറിച്ച് അതേ നോവലില്‍ മറ്റൊരിടത്തും മാര്‍കേസ് പറയുന്നുണ്ട്. സാധാരണ വസ്തുക്കള്‍ക്ക് മേലും അവയുടെ പേര് എഴുതിവെക്കുകയാണ് മറവിയെ പ്രതിരോധിക്കാന്‍ മക്കൊണ്ടോക്കാര്‍ കണ്ടെത്തിയ വഴി. അക്ഷരങ്ങളാണ്, എഴുത്താണ് , കഥയാണ് മറവിയെ പ്രതിരോധിക്കാന്‍ ശക്തമായ ആയുധമെന്ന്. അത് കൊണ്ടാണ് അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര് ‘ലിവിംഗ് ടു ടെല്‍ ദ് ടെയ്ല്‍’ എന്നായത്. കഥ പറയാന്‍ വേണ്ടി ജീവിക്കുന്നുവെന്ന്.

ഇനിയും കേള്‍ക്കാനുണ്ടായിരുന്ന എത്രയെത്രയോ കഥകള്‍ മറവിരോഗത്തില്‍ മുങ്ങിത്താണു പോയിരിക്കുന്നു എന്നാണോ സഹോദരന്‍ കാര്‍ത്തജീനയില്‍ കഴിഞ്ഞ ദിവസം പറഞ്ഞതിനര്‍ത്ഥം? വിശ്വസിക്കണോ, മാര്‍കേസ് എഴുത്ത് നിര്‍ത്തിയോ, ശരിക്കും?

 

 

അപ്പോള്‍, ആ രണ്ട് പുസ്തകങ്ങള്‍, മാര്‍കേസ്?
മൂന്ന് ഭാഗങ്ങളായാണ് ആ ആത്മ കഥ പുറത്ത് വരിക എന്നായിരുന്നു ‘ലിവിംഗ് ടു ടെല്‍ദി ടെയില്‍’ എന്ന ആത്മകഥാ പുസ്തകം പുറത്തിറക്കുമ്പോള്‍ മാര്‍കേസിന്റെ വാക്ക് . അതില്‍ ഒന്നല്ലേ വന്നുള്ളൂ. ഓര്‍മ്മകളാണ് , മുഴുവന്‍. വീട് വില്‍ക്കാന്‍ എന്റെ കൂടെ നാട്ടിലേക്ക് വരണം എന്ന ആവശ്യവുമായി അമ്മ, മുന്നില്‍ പ്രത്യക്ഷപ്പെടുന്നിടത്താണ് മാര്‍കേസ് ആത്മകഥ തുടങ്ങുന്നത്-കുടുംബത്തിന്റെ ഓര്‍മകള്‍ നിറഞ്ഞ പഴയ വീട് വില്‍ക്കാന്‍. എഴുത്തിന്റെ ആദ്യകാലങ്ങളെക്കുറിച്ച് വരെയേയുള്ളൂ ആ ആദ്യഭാഗ ആത്മകഥയില്‍. രണ്ട് പുസ്തകം കൂടെ പറയാനുണ്ട് ജീവിതകഥയെന്ന് അന്ന് വാക്ക് തന്നതും മറന്നുകാണും, ഗാബോ.

മാര്‍കേസിന്റെ അച്ഛന്‍ അമ്മയെ പ്രണയിച്ചാണ് കെട്ടിയത്. അപ്പൂപ്പന്റെ കഠിനമായ എതിര്‍പ്പിനെ മറികടന്ന്. പ്രണയിതാവിനെ മറക്കാന്‍ മകളെ ആ കര്‍ക്കശക്കാരനായ പിതാവ് നാടു കടത്തുക പോലും ചെയ്തു.ലോകത്ത് പിന്നീട് പിറക്കാനിരിക്കുന്ന വായനക്കാരുടെ സുകൃതം കൊണ്ടാകാം, ആ പ്രണയം പക്ഷെ അങ്ങനെ മരിച്ചില്ല. അപ്പനമ്മമാരുടെ പ്രണയത്തെക്കുറിച്ചുള്ള കേട്ടറിവുകളുടെ ഓര്‍മയാണ് മാര്‍കേസ് ലവ് ഇന്‍ ദ് ടൈം ഓഫ് കോളറയില്‍ പ്രയോഗിക്കുന്നത്.

 

 

പെണ്ണുങ്ങളില്‍ ഫെര്‍മിനാ ഡാസയെ
തെരയുന്ന വായനക്കാരന്‍ ഞാന്‍ മാത്രമാകില്ല!

ദൈവമേ, എന്തൊരു പുസ്തകമാണത്, കോളറാ കാലത്തെ പ്രണയം…!
അതിലും ഓര്‍മ്മ തന്നെ കഥ. ഡോ ജുവനാല്‍ അര്‍ബിനോയുടെ മരണത്തിന് ശേഷം പിന്നിലേക്ക് തൂങ്ങിക്കിടക്കുന്ന ഓര്‍മകളിലൂടെയാണ് മാര്‍കേസ് കഥ പറയുന്നത്. കൌമാര കാലത്തെ പ്രണയം, അസംഖ്യം മറ്റ് പ്രണയങ്ങള്‍ക്കും ശാരീരിക വേഴ്ചകള്‍ക്കും അരനൂറ്റാണ്ടോളം മറവിക്ക് കൊടുക്കാതെ സൂക്ഷിച്ച് വെച്ചാണ് ഫ്ളോറന്റിനോ അരിസ, അര്‍ബിനോയുടെ ശവമടക്കു ദിവസം അയാളുടെ ഭാര്യ ഫെര്‍മിനാ ഡാസയോട് വീണ്ടും പ്രണയാഭ്യര്‍ത്ഥന നടത്തുന്നത്. 53 വര്‍ഷങ്ങള്‍ക്കും, ഏഴ് മാസങ്ങള്‍ക്കും, 11 ദിനരാത്രങ്ങള്‍ക്കും ശേഷമാണ്, നമ്മള്‍ എക്കാലത്തേക്കുമായി പ്രണയത്തിലൂടെ യാത്ര ചെയ്യാന്‍ പോവുകയാണെന്ന് അരിസ ഫെര്‍മിനാ ഡാസയോട് പറയുന്നത്. മറവിയല്ല, കോളറയ്ക്കും, യുദ്ധങ്ങള്‍ക്കും പ്രളയത്തിനും കെടുത്താനാകാത്ത ഓര്‍മകളാണ് മാര്‍കേസില്‍ നിറയെ…

കൂട്ടത്തില്‍ പറയട്ടെ , നീളന്‍ വസ്ത്രങ്ങളില്‍ പാമ്പുകളിക്കാരുടെയും തെരുവു കച്ചവടക്കാരുടെയും ഇടയിലൂടെ , പുച്ഛത്തോടും അഹങ്കാരത്തോടുമൊപ്പം എത്തുന്ന, ‘ഞാന്‍’ എന്ന ഭാവവുമായി നടന്നു പോകുന്ന മാര്‍കേസിന്റെ ആ പെണ്‍കഥാപാത്രത്തോളം സുന്ദരിയായ ഒരാള്‍ പുസ്തകങ്ങളിലും പുറത്തും എന്റെ പരിചയത്തില്‍ ഇല്ല. നോവലിനെ അടിസ്ഥാനമാക്കി എടുത്ത സിനിമയിലെ നായിക അവളുടെ ഏഴയലത്ത് എത്തില്ല. ഇപ്പോഴും പെണ്ണുങ്ങളില്‍ ഫെര്‍മിനാ ഡാസയെ തെരയുന്ന വായനക്കാരന്‍ ഞാന്‍ മാത്രമാകില്ല!

 

 

അക്ഷരങ്ങളുടേതടക്കം
എല്ലാത്തിന്റേതുമായിരിക്കുന്ന പടച്ചോനേ…

ക്രോണിക്കിള്‍സ് ഓഫ് എ ഡെത്ത് ഫോര്‍ടോള്‍ഡിലും, ദി ജനറല്‍ ഇന്‍ ഹിസ് ലാബിറിന്‍തിലും, നോ വണ്‍ റൈറ്റ്സ് ടു ദി കേണലിലും ഓര്‍മകളാണ്…
മെമ്മറീസ് ഓഫ് മൈ മെലങ്കളി വോര്‍സില്‍ പ്രാദേശിക പത്രത്തിലെ കോളമിസ്റ്റാണ് കഥാനായകന്‍. കണ്ണട മൂക്കില്‍ ഉണ്ടായിരിക്കെ അതിന് വേണ്ടി വീട് കീഴ് മേല്‍ മറിച്ചതും, മറവി കൊണ്ട് രണ്ട് തവണ പ്രഭാതഭക്ഷണം കഴിച്ചതും കണ്ണട വെച്ചു കൊണ്ട് കുളിച്ചതും…പ്രായം തരുന്ന മറവി നന്നായുള്ള വൃദ്ധന്‍. തൊണ്ണൂറാമത് ജന്‍മദിനത്തില്‍ പൊയ്പോയ ഓര്‍മകള്‍ തിരിച്ചു പിടിക്കാന്‍ കൂടെയാണ് കന്യകയായ പെണ്ണിനൊപ്പം രാത്രി കിടക്കുകയെന്ന ജന്‍ദിനസമ്മാനം അയാള്‍ സ്വയം നല്‍കുന്നത്.

അക്ഷരങ്ങളുടേതടക്കം എല്ലാത്തിന്റേതുമായിരിക്കുന്ന പടച്ചോനേ…, ഇങ്ങനെ ഓര്‍മ്മ തിന്നു കഴിഞ്ഞവനെയാണോ അങ്ങ് മറവിരോഗത്തിന് വിട്ടുകൊടുത്തത്? മാര്‍കേസിനേക്കാള്‍ വലിയ എഴുത്തുകാരന്‍ ആണ് അങ്ങെന്ന് അങ്ങയില്‍ വിശ്വസിക്കുന്നവര്‍ പറയുന്നത് ഇമ്മാതിരി ക്രൂരതകള്‍ ആവര്‍ത്തിക്കുന്നത് കൊണ്ടാകും അല്ലേ…

 

 

അമ്പത്തിയൊന്ന് വെട്ടുകളേറ്റ് മരിച്ച
ഒരാളുടെ ചോര

മാര്‍കേസ് വായനക്കാരനെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഏതെങ്കിലും കഥകള്‍ വന്ന് തൊടുമെന്നാണ് വ്യക്തിപരമായ അനുഭവം. ഉദാഹരണത്തിന് ഞാന്‍ ജീവിക്കുന്ന നാട്ടില്‍ കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍, അമ്പത്തിയൊന്ന് വെട്ടുകളേറ്റ് ഒരാള്‍ മരിച്ചെന്ന വാര്‍ത്ത കേട്ട് വിറച്ച രാത്രിയില്‍ പോലും ആദ്യ ഓര്‍മകളിലൊന്ന് മാര്‍കേസ് കഥയെക്കുറിച്ചായിരുന്നു.വെടിയേറ്റ മരിച്ചവന്റെ ചോര, അവന്റെ അമ്മയ്ക്കരികിലേക്ക് എത്താന്‍, കാടും നിരത്തുകളും തോടും കടന്നോടുന്നു എന്ന കല്‍പ്പന അങ്ങനെ ഉറച്ചിട്ടുണ്ട്, മനസ്സില്‍. ഇയാളുടെ ചോരയും അയാള്‍ അമ്മയെന്ന് കരുതിയിരുന്ന രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് ഓടിത്തുടങ്ങിയിട്ടുണ്ടാകുമോ എന്ന് ചിന്തിപ്പിച്ചത് മാര്‍കേസ്. ആ അമ്മ കുലംകുത്തി, കുലം കുത്തി എന്ന് വീണ്ടും വീണ്ടും വിളിച്ച് ആ ചോരയെ തിരിച്ച് ഓടിച്ചു കൊണ്ടിരിക്കുന്നുവെന്നതും എനിക്ക് മാജിക്കല്‍ റിയലിസത്തിനാണ് തെളിവ് നല്‍കുന്നത്.

രോഗമാകുന്ന മറവിയും, ഓര്‍മ്മകളെ അവനവന്റെ ആവശ്യത്തിന് വേണ്ടി തെരഞ്ഞെടുക്കുന്ന പ്രക്രിയയും വ്യക്തികളുടെ മാത്രം സവിശേഷതയല്ല. സംഘടനകള്‍ക്കുമുണ്ട് അത്തരം ഇരട്ടത്താപ്പുകള്‍. ദൈവമേ, ഒരാളുടെ മറവിയെക്കുറിച്ചുള്ള വാര്‍ത്ത എത്രായിരം നിസ്സാര ജീവികളുടെ ഓര്‍മകളെ ഏത് വിധത്തിലൊക്കെയാണ് ഉണര്‍ത്തുന്നത്? സമകാലികവും രാഷ്ട്രീയവുമാക്കുന്നത്?

 

 

തെറ്റിപ്പോകട്ടെ, റിപ്പോര്‍ട്ട് ചെയ്ത
സകലമാന മാധ്യമങ്ങള്‍ക്കും

ഈ കുറിപ്പില്‍ ആവശ്യത്തിലേറെ തവണ ദൈവമേ , ദൈവമേ എന്ന് വിളിച്ചുവോ ഞാന്‍? ഞാന്‍ മാത്രമല്ല, എത്ര കോടി പേരാകും ഈ മറവിരോഗ വാര്‍ത്തയറിഞ്ഞ് ദൈവത്തെ വിളിച്ചു കാണുക? ദൈവം എന്നൊരാളുണ്ടെങ്കില്‍ ഈ വിളികള്‍ കേട്ട് ഓര്‍മയും യൌവ്വനവും മാര്‍കേസിനും, അദ്ദേഹം പറയാനിരിക്കുന്ന കഥകള്‍ വായനക്കാര്‍ക്കും തിരിച്ചു കൊടുക്കുമോ, ആവോ.

സഹോദരന്‍ ജെയ്മി മാര്‍കേസ് ഇന്നലെ ഇങ്ങനെ കൂടി പറഞ്ഞു കരച്ചിലോടെ…’ലിവിംഗ് ടു ടെല്‍ ദി ടെയ് ലി’ ന്റെ രണ്ടാം ഭാഗം എഴുതാന്‍ അദ്ദേഹത്തിന് കഴിയില്ല എന്നാണ് എനിക്ക് തോന്നുന്നത്, എന്റെ തോന്നല്‍ തെറ്റിപ്പോകട്ടെ എന്ന് . തെറ്റിപ്പോകട്ടെ…, മാര്‍കേസ് ഇനി എഴുതില്ലെന്ന് റിപ്പോര്‍ട്ട് ചെയ്ത സകലമാന മാധ്യമങ്ങള്‍ക്കും…

വാര്‍ത്ത കേട്ട ബേജാറില്‍ ഓര്‍മയെ മാത്രം ആശ്രയിച്ച്, ഒറ്റ ഇരിപ്പിനാണ് ഇതുവരെ എഴുതിയത്. പുസ്തകങ്ങള്‍ മറിച്ച് കൃത്യമായി തന്നെയല്ലേ എന്ന് പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല. അത് കൊണ്ട്,വിശദാംശങ്ങളില്‍ പിശകുണ്ടാകാം ഈ കുറിപ്പിലെ എന്റെ പിശകുകള്‍, മറവികള്‍ നിസ്സാരങ്ങളാണ്.വാക്കുകളുടെ കിരീടം വെച്ച ആള്‍രൂപത്തിന്റെ ഓര്‍മ്മകള്‍ അദ്ദേഹത്തെ വിട്ടു പോയിരിക്കുന്നു എന്ന വാര്‍ത്തക്കിടയില്‍…

മാര്‍കേസ്: എഴുത്ത് പണ്ടത്തെക്കാള്‍ ശ്രമകരം
മാര്‍കേസ് സംസാരിക്കുന്നു
പാരീസ് റിവ്യൂവിനു വേണ്ടി പീറ്റര്‍. എച്ച്. സ്റ്റോണ്‍ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

10 thoughts on “മാര്‍കേസിന് ഇനിയും എഴുതാനുണ്ട്,ദൈവമേ…

 1. എന്നും കൊതിപ്പിച്ച എഴുത്തുകാരാ, ഓര്‍മ്മകളുടെ കടലില്‍ സ്വപ്നങ്ങളുടെ യാനപാത്രം തുഴയാന്‍ മടങ്ങിവരൂ..

  നമ്മുടെ കൂട്ടത്തില്‍പ്പെട്ട വലിയ ഒരു മനുഷ്യന്‍ ആണ് മാര്‍ക്ക്വേസ് എന്നാണു എപ്പോഴും തോന്നുക, ഒരു മലയാളി, മലയാളി പുരുഷന്‍…. മുകുന്ദനെപ്പോലെ, കൊച്ചുബാവയെപ്പോലെ നമ്മുടെതാവേണ്ടിയിരുന്ന കഥകള്‍ എഴുതുന്നയാള്‍..

 2. ലേഘനത്തിന്റെ പേര് മറ്റെന്തെങ്ങിലും ആയിരുന്നു എങ്കില്‍ ഒരു പക്ഷെ ശ്രദ്ധിയ്ക്കാതെ പോയിരുന്നേനെ.എല്ലാം തന്നെ മെറ്റഫറുകലാണെന്ന് മുറകാമി പറഞ്ഞത് ഓര്മ വരുന്നു.ദൈവമേ എന്ന വിളി പോലെ.
  കോളറ കാലത്തെ പ്രണയം, മേശപ്പുറത്തിരിയ്കകുന്നു .അപരിഹാര്യമായൊരു വിടവിന്റെ സൂചകം.ദൈവമേ, ആ ഓര്‍മയെ ഏകാന്തതയുടെ നൂറു വര്‍ഷങ്ങളിലെയ്ക്ക് മടക്കി വിളിയ്ക്കാതിരിയ്ക്കുക.വസന്തത്തിന്റെ വിത്തുകള്‍, നീ മറ്റേതു കര്‍ഷകന് നല്‍കാനാണ്?

 3. njan vayana thudangiyite ollu enkilm, markesinte 2books enik vayikan sadichu, 100years of solitude and love in the time of cholera. 2buksm enne kuduthal vayikkanai preripikunnu. 100years of solitude vayich njan adbhuthapettupoi, aa 100 years athra crct ayi varachu kanikkan veroralkm kazhiyumen enk thonanilla. Cholera aanel 1st part vaykan adukuna time mathre baki buk full vayikan adukku. Athile ” i dont believed in god but i’m afraid of him ” enna lines ente fav quote aanu. Adhehathinte ezhuthu ninnal ath oru valiya nashtam thanne ayirikkm

 4. സനീഷ്‌ സര്‍, നല്ല ലേഖനം. ആ മഹാനായ എഴുത്തുകാരനെ കൂടുതല്‍ വായിക്കാന്‍ പ്രചോദനം നല്‍കുന്നു. അദ്ദേഹത്തിനും മറവി..ദൈവമേ..!

 5. ഭൂമി ഉരുണ്ടതാണെന്ന അത്ഭുതം ! അതെ ഒരു ഓറഞ്ചു പോലെ എന്ന വിസ്മയം…നമുക്കറിയില്ലല്ലോ സനീഷ്‌ , ഓര്‍മയുടെ പുതിയ ഭൂപ്രദേശങ്ങളിലൂടെ മൂടല്‍മഞ്ഞുനിറഞ്ഞ വഴികളിലൂടെ അദ്ദേഹം…… …Roberto Bolano നമ്മെ കൊണ്ടുപോകുന്ന ചില ഭ്രമാത്മക വഴികള്‍ .വിദൂരതയില്‍ ഒരു ഹിമമറക്കപ്പുറം നടന്നു മറയുന്നത് ചിലപ്പോള്‍ Bolano ആയിരിക്കണം…………

 6. മറവിയല്ല, കോളറയ്ക്കും, യുദ്ധങ്ങള്‍ക്കും പ്രളയത്തിനും കെടുത്താനാകാത്ത ഓര്‍മകളാണ് മാര്‍കേസില്‍ നിറയെ…

  ആ ഓര്‍മ്മകള്‍ മാഞ്ഞു മറഞ്ഞു പോകാതെ ഇരികെട്ടെ ….

 7. അന്ന് മുഴുവന്‍ മനസ്സ് ഇരുണ്ട് കിടന്നു. ഞെട്ടിപ്പോയി ആ വാര്‍ത്തകേട്ടപ്പോള്‍. ഏറ്റവും പ്രിയപ്പെട്ടവര്‍ക്കാര്‍ക്കോ അത്യാഹിതം സംഭവിച്ചതുപോലെ എന്റെ കണ്ണ് നിറഞ്ഞു. നിറഞ്ഞുവെന്ന് പറഞ്ഞത് ആലങ്കാരികമല്ല. ശരിക്കും നിറഞ്ഞത് തന്നെയാണ്. ഒരുപാട് വര്‍ഷം മുന്‍പ് കൌമാരകാലത്താണ് 100 വര്‍ഷങ്ങള്‍ വായിക്കുന്നത്. അന്ന് കീഴടങ്ങിയതാണ് ഞാന്‍ മാര്‍ക്കേസിനുമുന്‍പില്‍. പിന്നെ ഒരുപാട് പേരെ വായിച്ചെങ്കിലും മാര്‍ക്കേസ് ആയിരുന്നു എന്റെ എഴുത്തുകാരന്‍. ഓ.വി.വിജയനാണ് പിന്നെ അങ്ങനെ സ്വാധീനിച്ചത്.

  ഇവാഞ്ചല്‍ പാര്‍ക്കിനൊന്നും കാലദേശങ്ങളില്ല. എന്റെ നാട്ടിലെ ഒരു പാര്‍ക്ക് പോലെയാണ് ഞാന്‍ ഇവാഞ്ചല്‍ പാര്‍ക്കിനെ കണ്ടത്. ചാന്ദ്രശവക്കുന്നിനെയും ഫെര്‍മിനയുടെ ബാല്‍ക്കണിയെയുമൊക്കെ ഞാന്‍ വളരെ വ്യക്തമായി ഒരു കേരളചിത്രം പോലെ കണ്ടു. ഇത്രയധികം പിക്ചറൈസേഷന്‍ തരുന്ന മറ്റൊരു എഴുത്തുകാരന്‍ ഇല്ല. അതാവണം എന്നെ മാര്‍ക്കേസിന്റെ അടിമയാക്കിയത്.

  അദ്ദേഹം മരിച്ച് പോയിരുന്നെങ്കില്‍ ഇത്ര വിഷമമില്ലായിരുന്നു. ഇതിപ്പോ ഓര്‍മ്മകളെക്കുറിച്ച് നിരന്തരം എഴുതിക്കൊണ്ടിരുന്ന, കാലഭേദങ്ങളില്ലാത്ത പ്രണയത്തിന്റെ ഓര്‍മ്മകളെ അക്ഷരങ്ങളില്‍ വരച്ചിട്ട ഒരാള്‍ക്ക് ഓര്‍മ്മകളില്ലെന്ന് പറയുമ്പോ എങ്ങനെയാ അത് സഹിക്കാന്‍ പറ്റുക? എനിക്ക് നെഞ്ച് വിങ്ങുന്നുണ്ട്. മാര്‍ക്കേസിനെപ്പോലെ മാജിക്കല്‍ റിയലിസം എഴുതാന്‍ കൊതിച്ച ഒരു മലയാളിപ്പയ്യന്‍ എന്താ പറയ്ക..

  മാര്‍ക്കേസിന് ഓര്‍മ്മ തിരിച്ചുകിട്ടണമെന്ന് ആത്മാര്‍ഥമായി ഹൃദയം നൊന്ത് ആഗ്രഹിക്കുന്നുണ്ട്. ഏറ്റവും കുറഞ്ഞത് ലിവിംഗ് ടു ടെല്‍ ദ ടെയില്‍ തീര്‍ക്കാനെങ്കിലും. അത്രയെങ്കിലും… 🙁

 8. ഏറെ അടുപ്പം തോന്നിയ ഒരാള്‍ ..വിയോഗവും വല്ലാതെ അലട്ടുന്നു …ഒരു ലഹരിപോലെ ഈ ദിവസം കോളറ കാലത്തെ പ്രണയം വായിക്കാന്‍ തുടങ്ങുകയാണ് …പ്രിയ എഴുത്തുകാരന് വിട ..കരയുന്നില്ല കാരണം “Nobody deserves your tears, but whoever deserves them will not make you cry.”

Leave a Reply

Your email address will not be published. Required fields are marked *