നെറ്റ് പരീക്ഷ: ഒറ്റയുത്തരം മതിയാവില്ല സര്‍, ആളെ അളക്കാന്‍

 
 
 
എന്താണ് നെറ്റ് പരീക്ഷയുടെ ഘടന മാറ്റത്തിനു പിന്നില്‍?
എന്ത് മാറ്റങ്ങളാണ് അവ സൃഷ്ടിക്കുന്നത്?
ഏകോത്തര ചോദ്യങ്ങളുടെ രാഷ്ട്രീയം എന്താണ്?
രൂപേഷ് ഒ.ബി പരിശോധിക്കുന്നു

 
 

അധ്യാപന യോഗ്യതയും ഗവേഷണ അഭിരുചിയുമുള്ള വിദ്യാര്‍ത്ഥികളെ അഖിലേന്ത്യാ തലത്തില്‍ തെരഞ്ഞെടുക്കുന്നതിന് യു.ജി.സി നടത്തുന്നതാണ് ജെ.ആര്‍.എഫ് – നെറ്റ് പരീക്ഷ. ഭാഷ, മാനവിക, സാമൂഹിക ശാസ്ത്ര വിഷയങ്ങളില്‍ നടത്തുന്ന നെറ്റ് പരീക്ഷയുടെ ഘടന ഇക്കഴിഞ്ഞ ജൂണ്‍ 24 മുതല്‍ സമൂലമായി മാറി. രണ്ട് ഏകോത്തര പരീക്ഷകളും ഒരു വിശകലനാത്മക പരീക്ഷയും ഉണ്ടായിരുന്ന സ്ഥാനത്ത് എല്ലാം ഏകോത്തര പരീക്ഷകളായാണ് മാറിയത്.
എന്താണ് ഈ മാറ്റത്തിനു പിന്നില്‍?
എന്ത് മാറ്റങ്ങളാണ് അവ സൃഷ്ടിക്കുന്നത്?
ഏകോത്തര ചോദ്യങ്ങളുടെ രാഷ്ട്രീയം എന്താണ്?
ഗവേഷകനായ രൂപേഷ് ഒ.ബി പരിശോധിക്കുന്നു

 
 

 
 

ഏഷ്യാനെറ്റ് ചാനലിലെ ‘നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍’ പരിപാടിയില്‍ ‘അമാനുഷ പണ്ഡിതനാ’യ സുരേഷ് ഗോപിക്കുമുന്നില്‍ വന്നിരിക്കുന്ന ‘പണ്ഡിത ശിശു’ക്കളും അവരുടെ പാണ്ഡിത്യം ശ്വാസമടക്കിപ്പിടിച്ച് കണ്ടുകൊണ്ടിരിക്കുന്ന മലയാളികളും ചേര്‍ന്ന് ഒരു പുതിയ ബുദ്ധിജീവി മാതൃക കേരളത്തില്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നുണ്ട്. പി.എസ്.സി പരീക്ഷയില്‍ വിജയിക്കുന്നവരെ ജീവിതവിജയം നേടിയ പണ്ഡിത, ബുദ്ധിജീവി മാതൃകകളായി പൊതുസമൂഹം അവരോധിക്കുന്ന പ്രക്രിയയും സജീവമാണ്. ഓര്‍മ്മയാണ് പാണ്ഡിത്യം എന്ന അതീവ ലളിത സമവാക്യങ്ങളിലേക്ക് പി.എസ്.സി ^മനോരോഗം പിടിപെട്ട ശരാശരി മലയാളികള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

കാലടി സര്‍വകലാശാല വി.സിയായിരുന്ന കെ.എസ് രാധാകൃഷ്ണന്‍ ഒരിക്കല്‍ ഇതേ സാമാന്യബോധം പങ്കിടുകയുണ്ടായി. ‘കേരളത്തിലെ പല പ്രമുഖ ചരിത്രകാരന്‍മാരും പി.എസ്.സി പരീക്ഷകള്‍ ജയിക്കാതെയാണ് യൂനിവേഴ്സിറ്റി അധ്യാപകരായത്. അവര്‍ക്ക് അതു പാസാകാനുള്ള യാതൊരു യോഗ്യതയുമില്ല ‘ എന്നായിരുന്നു പ്രസ്താവന. ഇതേ മനോരോഗത്തെ സ്വന്തമാക്കിക്കൊണ്ട് യൂനിവേഴ്സിറ്റി ഗ്രാന്റ് കമീഷന്‍ (യു.ജി.സി) അതിന്റെ ഒരു ദേശീയ മാതൃക സൃഷടിച്ചിരിക്കുകയാണ്-പുതിയ നെറ്റ് (National Eligibility Test -NET)പരീക്ഷയിലൂടെ.

വിദ്യാഭ്യാസത്തെക്കുറിച്ചും സാമൂഹിക നിര്‍മാണത്തെക്കുറിച്ചുമുള്ള വിശാല ധാരണകളെ നിഷേധിക്കുന്നതാണ് പുതിയ സമീപനം. നവലിബറല്‍ സാമൂഹിക യുക്തിയെയും അതിന്റെ പ്രത്യയശാസ്ത്രത്തെയും ഏറ്റെടുക്കുകയാണ് രാജ്യത്തെ ഏറ്റവും ഉന്നതമായ വിദ്യാഭ്യാസ ഏജന്‍സി. വിശകലന വിമര്‍ശനാത്മക ശേഷിയുള്ളവരെ തെരഞ്ഞെടുക്കുന്നതിനു പകരം അനുസരണയും ഉപകരണാത്മക യുക്തിയും സ്വന്തമാക്കിയ ഒരു വിഭാഗത്തെ സാമൂഹിക നിര്‍വഹണത്തിന്റെ ചുമതല ഏല്‍പ്പിച്ചു കൊടുക്കുന്ന പ്രക്രിയ കൂടിയാണിത്.

 

രൂപേഷ് ഒ.ബി


 
ഏകോത്തര പരീക്ഷയിലേക്കുള്ള
ചുവടുമാറ്റം

അധ്യാപന യോഗ്യതയും ഗവേഷണ അഭിരുചിയുമുള്ള വിദ്യാര്‍ത്ഥികളെ അഖിലേന്ത്യാ തലത്തില്‍ തെരഞ്ഞെടുക്കുകയാണ് ജെ.ആര്‍.എഫ് ^ നെറ്റ് പരീക്ഷയിലൂടെ യു.ജി.സി ചെയ്തുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 24 മുതല്‍ ഈ പരീക്ഷയുടെ ഘടന പൂര്‍ണമായും മാറി.

ഗണിത പരിചയം, യുക്തിബോധം, മനനശേഷി, ഗവേഷണാഭിരുചി, അധ്യാപനാഭിരുചി, തുടങ്ങിയവ പരിശോധിക്കാവുന്ന ഒരു ഏകോത്തര പരീക്ഷ , അതത് വിഷയങ്ങളില്‍ പ്രാവീണ്യം പരിശോധിക്കുന്ന രണ്ടാമത്തെ ഏകോത്തര പരീക്ഷ, വിഷയത്തിലെ ആഴത്തിലുള്ള അറിവും വിശകലന ശേഷിയും പരിശോധിക്കുന്ന മൂന്നാമത്തെ വിശകലനാത്മക പരീക്ഷ എന്നിങ്ങനെയായിരുന്നു ഭാഷ, മാനവിക, സാമൂഹിക ശാസ്ത്ര വിഷയങ്ങളില്‍ നെറ്റ് പരീക്ഷയുടെ ഘടന. ഇതില്‍ മൂന്നാമത്തെ വിശകലാനാത്മക പരീക്ഷ പൂര്‍ണമായും ഏകോത്തര ചോദ്യങ്ങളായി മാറ്റിയതാണ് പുതിയ പരിഷ്കാരം. അതായത് വിഷയാധിഷ്ഠിതവും ഏകോത്തര മാതൃകയിലുള്ളതുമായ രണ്ടാം പരീക്ഷയുടെ അതേ സ്വഭാവമുള്ള മറ്റൊന്നായി മൂന്നാമത്തെ പരീക്ഷ മാറി. യുക്തിസഹമായ യാതൊരു വ്യത്യാസവും രണ്ടും മൂന്നും പരീക്ഷകള്‍ തമ്മില്‍ ഇല്ലാതായി. നിലവില്‍ ശാസ്ത്ര വിഷയങ്ങളില്‍ ഈ രീതിയാണ് അവലംബിച്ചിരുന്നത്. ഭാഷ,മാനവിക,സാമൂഹിക ശാസ്ത്ര വിഷയങ്ങളിലേക്കു കൂടി ഈ പരിഷ്കരണം വ്യാപിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്തത്.

മുമ്പുണ്ടായിരുന്നതിനേക്കാള്‍ നല്ലൊരു രീതിയല്ല ഇപ്പോള്‍ നടപ്പാക്കിയത്. അതിനേക്കാള്‍ നിലവാരം കുറഞ്ഞതും വിജ്ഞാന വിരുദ്ധവും ഓര്‍മ്മശക്തിയെ കേന്ദ്രമാക്കിയതുമായ ഒരു പരിഷ്കരണമാണിത്. ഈ വിമര്‍ശനങ്ങളുടെ അര്‍ത്ഥം, ഇന്നലെ വരെ നിലനിന്ന വിവരാണാത്മക രീതി കുറ്റമറ്റതായിരുന്നു എന്നല്ല.തീര്‍ച്ചയായും, പ്രതിഭാധനരായ മുഴുവന്‍ പേരെയും ഉള്‍ക്കൊള്ളാന്‍ അതിനും കഴിഞ്ഞിരുന്നില്ല. അക്കാദമിക മികവാരം പുലര്‍ത്തുന്ന നിരവധി പേര്‍ യോഗ്യത പരീക്ഷകളില്‍ പരാജയപ്പെടാറുണ്ടെന്ന കാര്യം ഏവര്‍ക്കും അറിയാവുന്നതാണ്. പുറത്താവുന്ന അത്തരം വിദ്യാര്‍ത്ഥികളുടെ എണ്ണം കൂട്ടുന്നതാണ് പുതിയ പരീക്ഷണം.

പുതിയ മാറ്റം സൃഷ്ടിച്ച പ്രകടമായ വ്യത്യാസങ്ങള്‍ ഇവയാണ്.

1. ഒന്ന്, രണ്ട് പരീക്ഷകള്‍ 9.30 മുതല്‍ 12 മണിവരെ ഒന്നേകാല്‍ മണിക്കൂര്‍ വീതം രണ്ടര മണിക്കൂര്‍ വീതം എടുത്ത് ഒന്നിച്ച് നടത്തുന്നു. മൂന്നാമത്തെ പരീക്ഷ ഉച്ചക്കുശേഷം 1.30 മുതല്‍ 4 മണിവരെ രണ്ടര മണിക്കൂര്‍ നടത്തുന്നു.
2. രണ്ടാമത്തെ പരീക്ഷയില്‍ 50 ചോദ്യങ്ങളും മൂന്നാമത്തേതില്‍ 75 ചോദ്യങ്ങളുമുണ്ട്.

ഇതില്‍ക്കവിഞ്ഞ് , ഉള്ളടക്കത്തിലും രീതിയിലും യാതൊരു വ്യത്യാസവും വിഷയാധിഷ്ഠിതമായ രണ്ട് , മൂന്ന് പരീക്ഷകള്‍ തമ്മില്‍ ഇല്ലാതാക്കുകയായിരുന്നു യു.ജി.സി. ഇങ്ങനെയെങ്കില്‍ എന്തിനാണ് വിഷയാധിഷ്ഠിതമായ രണ്ട് പരീക്ഷകള്‍? വിദ്യാര്‍ഥികളുടെ അക്കാദമിക യോഗ്യത പരീക്ഷിക്കുന്നതിനു പകരം ഓര്‍മ്മ പരിശോധനയായി പരീക്ഷ മാറ്റുകയാണ് ചെയ്തത്.

ഇവര്‍ ലക്ഷ്യമിടുന്നത് എന്തെന്നത് വ്യക്തമാക്കുന്ന ശരാശരി നിലവാരം പോലും പുലര്‍ത്താത്ത ചോദ്യങ്ങളായിരുന്നു ഇത്തവണ കൂടുതല്‍.

യു.ജി.സി മലയാളം പരീക്ഷയിലെ ഒരു ചോദ്യം നോക്കുക.

വിട്ടു പോയ ഭാഗം പൂരിപ്പിക്കുക
ഭടജനങ്ങളുടെ …….
പടയണിക്കിഹ ചേരുവാന്‍
വടിവിയന്നൊരു ചാരുകേരള
ഭാഷതന്നെ ചിതംവരും

A) നടുവിലുള്ളൊരു
B) ഇടയിലുള്ള
C) അരികിലുള്ള
D) പുറകിലുള്ള

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളോട് ചോദിക്കുന്ന മട്ടിലുള്ളവയായിരുന്നു പല ചോദ്യങ്ങളും. ബാക്കിയുള്ളവയാകട്ടെ ഉപരിപ്ലവ വായനകളെയും അറിവുകളെയും മുന്‍നിര്‍ത്തിയുള്ളതായിരുന്നു. മറ്റു വിഷയങ്ങളിലും ഇത്തരം ഉദാഹരണങ്ങള്‍ സുലഭമാണ്.വിദ്യാര്‍ത്ഥികളെ ചിന്തയുടെയും വിശകലന പഠനങ്ങളുടെയും ലോകത്തുനിന്നകറ്റി ഗൈഡ് പുസ്തകങ്ങളിലും പരിശീലന കേന്ദ്രങ്ങളിലും കൊണ്ടുചെന്നെത്തിക്കുന്നതാണ് പുതിയ സമീപനം. ഉന്നത പഠന ഗവേഷണ മേഖല ആവശ്യപ്പെടുന്നത് എന്നാല്‍, ഇതല്ല.

 

 

ഏകോത്തര ചോദ്യങ്ങള്‍ ചെയ്യുന്നത്
പൊതുവെ, പരീക്ഷകള്‍ പഠിച്ചവയെ പുന:സൃഷ്ടിക്കാനുള്ള കഴിവാണ് പരിശോധിക്കുന്നത്. ഇവയില്‍, ഏകോത്തര ചോദ്യങ്ങള്‍ പൂര്‍വനിശ്ചിതവും കൃത്യവുമായ ഉത്തരങ്ങള്‍ മാത്രമാണ് പ്രതീക്ഷിക്കുന്നത്. ചോദ്യകര്‍ത്താവിന്റെ ഉത്തരങ്ങള്‍ നിങ്ങള്‍ക്കറിയാമോ എന്ന പരീക്ഷണം. നേരത്തെ പഠിച്ചവയെ ഓര്‍മ്മയിലൂടെ പുന:സൃഷ്ടിക്കുകയാണ് അവ മിക്കപ്പോഴും ചെയ്യുന്നത്.

വിശകലാനത്മക മാതൃകയിലും ഉത്തരം പൂര്‍വനിശ്ചിതവും, ചോദ്യകര്‍ത്താവ് മുന്നോട്ടുവെക്കുന്നതും തന്നെയായിരിക്കും. എന്നാല്‍, ഓര്‍മ്മ പരിശോധിക്കുന്ന ചോദ്യങ്ങള്‍ക്കു പകരം, പഠനവസ്തുതകളെ സ്വാംശീകരിച്ച് സ്വന്തം ചിന്തയിലൂടെ കടത്തിവിട്ട് വ്യത്യസ്തമായ ഉത്തരങ്ങള്‍ തരാന്‍ കഴിയുന്ന ചോദ്യങ്ങള്‍ ചോദിക്കാന്‍ വിവരണാത്മക ചോദ്യത്തിന് കഴിയും. ഇത് വിദ്യാര്‍ത്ഥിയുടെ ശേഷി പരിശോധിക്കാന്‍ അവസരമൊരുക്കുമ്പോള്‍ ഏകോത്തര ചോദ്യ രീതി നിരന്തര പരിശീലനത്തിലൂടെ സിദ്ധിക്കുന്നതും തലച്ചോറിലെ ഓര്‍മ്മയെന്ന ഫാക്കല്‍റ്റിയെ മാത്രം കേന്ദ്രീകരിച്ചുള്ളതുമാണ്. പരിശീലനത്തിലൂടെ പഠിച്ചെടുത്ത ഒരു നിയതമായ രീതിയെ പുന:സൃഷ്ഠിച്ചാല്‍ ഇവയുടെ ഉത്തരം ലഭ്യമാകും.

ബാങ്കുകളിലേക്കുള്ള റിക്രൂട്ട്മെന്റുകള്‍, പല തരം നിയമനങ്ങള്‍ എന്നിവയില്‍ ഇപ്പോള്‍ ഏകോത്തര രീതിയാണ് ഉപയോഗിച്ചു വരുന്നത്. ഇവയ്ക്ക് ഓര്‍മ്മപോലും ആവശ്യമില്ല. ചില തരം സൂത്രവാക്യങ്ങളുപയോഗിച്ച് നൊടിയിടയില്‍ ഉത്തരമെഴുതുന്ന രീതികള്‍ തൊഴില്‍ പരിശീലന സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. മനുഷ്യസമൂഹത്തിന്റെ നിരന്തരമായ മുന്നോട്ടു പോക്കിലെ സുപ്രധാന ഘടകമായ ചിന്തയും, പുതുതായി സൃഷ്ടിക്കാനുള്ള കഴിവുമാണ് ഇവിടെ അവഗണിക്കപ്പെടുന്നത്. സാങ്കേതികമായ അര്‍ത്ഥത്തില്‍ മാത്രമാണ് ഇവ രണ്ടും ഏകോത്തര ചോദ്യങ്ങളില്‍ പരീക്ഷണ വിധേയമാകുന്നത്.

 

 

വസ്തുനിഷ്ഠത പല പ്രകരണങ്ങള്‍
ഒബ്ജക്റ്റീവ് ക്വസ്റ്റ്യന്‍സ് എന്നതിനെയാണ് ഏകോത്തര ചോദ്യം എന്ന് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഒബ്ജക്റ്റീവ് എന്നാല്‍, വസ്തുനിഷ്ഠമായത് എന്ന് അര്‍ത്ഥം. വസ്തുനിഷ്ഠത ശാസ്ത്രവുമായി ബന്ധപ്പെട്ടാണ് ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. പിന്നീടത് സാമൂഹിക ശാസ്ത്രത്തിലേക്കു കൂടി വ്യാപിച്ചു.
സാമൂഹിക ശാസ്ത്രത്തിലെ ‘വസ്തുനിഷ്ഠത’ എന്ന ആശയം വളരെ വ്യാപകവും ആഴത്തിലുള്ള പരിശോധനകള്‍ക്ക് വിധേയവുമായ പ്രമേയമാണ്.

സയന്‍സിന്റെ വസ്തുനിഷ്ഠത സാമൂഹിക ശാസ്ത്രത്തിലും സാധ്യമാണെന്ന ആശയം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലാണ് യൂറോപ്പില്‍ സജീവമായത്. സോഷ്യോളജിയുടെ ആദ്യ പഥികനായ അഗ്സതെ കോംതെയാണ് ഈ വസ്തുനിഷ്ഠതാ സങ്കല്‍പ്പം ആദ്യം അവതരിപ്പിക്കുന്നത്. തുടര്‍ന്നിങ്ങോട്ട് സാമൂഹിക ശാസ്ത്രത്തിലെ സജീവ സംവാദ പ്രമയമായിരുന്നു വസ്തുനിഷ്ഠത. പോസിറ്റീവിസമെന്ന പേരില്‍ ഇത് അറിയപ്പെടുന്നു.

എന്നാല്‍, സാമൂഹിക ശാസ്ത്രത്തിലെ ‘വസ്തുനിഷ്ഠത’ എന്ന ആശയം പ്രശ്നവല്‍കരിക്കപ്പെടുകയും അതേ തുടര്‍ന്ന് ശാസ്ത്രത്തിന്റെ ‘വസ്തുനിഷ്ഠത’യല്ല സാമൂഹിക ശാസ്ത്രത്തില്‍ സാധ്യമാകുന്ന വസ്തുനിഷ്ഠതയെന്ന് അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ആത്മനിഷ്ഠത പൂര്‍ണമായും ഒഴിവാക്കപ്പെട്ട ഒരുതലമല്ല സാമൂഹിക ശാസ്ത്രത്തിനുള്ളത്. ആത്യന്തികമായ ശരികളും സാമൂഹിക നിയമങ്ങളും കണ്ടെത്തുകയല്ല സാമൂഹിക ശാസ്ത്രത്തിന്റെ ലക്ഷ്യം.
ഭാഷാ, മാനവിക വിഷയങ്ങളുടെ ലക്ഷ്യവും ഒട്ടുമേ അതല്ല. അതുകൊണ്ടാണ് നിരന്തരം പുന:പരിശോധിക്കപ്പെടുന്ന ഒടുങ്ങാത്ത സംവാദങ്ങളുടെ സജീവമേഖലയായി സാമൂഹിക ശാസ്ത്ര മാനവിക വിഷയങ്ങള്‍ മാറുന്നത്. അവയില്‍ ശാസ്ത്രത്തിന്റെ മട്ടിലുള്ള ‘ശരി’കള്‍ അസാധ്യമാണ്.

അന്വേഷണ വിധേയമാകുന്ന ഒരു സാമൂഹിക പ്രതിഭാസം പോലും ഒരു പ്രത്യേക ചരിത്ര സന്ധിയിലെ സവിശേഷ സംഭവമാകാം. മനുഷ്യബന്ധങ്ങളില്‍ ജാതമാകുന്ന സാമൂഹികതയിലാണ് മാനവിക വിഷയങ്ങളുടെ അടിസ്ഥാനം. പ്രകൃതിനിയമങ്ങളല്ല ഇവയെ നിര്‍ണയിക്കുന്നത്. പ്രകൃതിപ്രതിഭാസങ്ങളെക്കുറിച്ച് നടത്താവുന്ന അന്വേഷണമല്ല ഇവിടെ സാധ്യമാകുന്നത്. അപ്പോള്‍, ഏകോത്തര ചോദ്യങ്ങളുടെ സാംഗത്യമെന്താണെന്ന ചോദ്യം പ്രസക്തമാകുന്നു. ഉത്തരങ്ങളിലെ ആത്മനിഷ്ഠതയെ ഒഴിവാക്കാമെങ്കിലും ചോദ്യങ്ങള്‍ ആത്മനിഷ്ഠമാണ്. ചോദ്യങ്ങളുടെ തെരഞ്ഞെടുപ്പ് ആത്മനിഷ്ഠ പ്രകിയയാണ്.

 

 

ഏകോത്തര ചോദ്യങ്ങളുടെ പരിമിതികള്‍
ഒരു വിദ്യാര്‍ത്ഥി അവരവരുടെ പഠനമേഖലയില്‍ നിലനില്‍ക്കുന്ന സംവാദങ്ങളെ എത്രമാത്രം പരിചയപ്പെട്ടെന്നും, വിശകലന വിധേയമാക്കാന്‍ കഴിവു നേടിയെന്നും, വിഷയങ്ങള്‍ സ്വാംശീകരിച്ചുവെന്നും മറ്റുമുള്ള പരിശോധന ഏകോത്തര ചോദ്യങ്ങളിലൂടെ വെളിവാകില്ല. അതിന് വിവരണാത്മക രീതി അവലംബിക്കേണ്ടതുണ്ട്. ആഗോളവല്‍കരണം ഇന്ത്യന്‍ സമൂഹത്തില്‍ സൃഷ്ടിച്ച ഫലങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കാന്‍ ഏകോത്തര ചോദ്യങ്ങള്‍ അപര്യാപ്തമാണ്. ഈ പരിമിതിയിലാണ് വിദ്യാര്‍ഥി പരീക്ഷിക്കപ്പെടുന്നത്.

ഇതില്‍നിന്നും വ്യത്യസ്തമാണ് കല, സാഹിത്യ വിഷയങ്ങളുടെ സ്വഭാവം. തികച്ചും വിഭിന്നമാണ് തത്വചിന്തയുടെ തലം. സൌന്ദര്യാത്മകതയും, സര്‍ഗാത്മക രചനകളും മനസ്സിലാക്കാന്‍ ഇത്തരം ഏകോത്തര ചോദ്യങ്ങള്‍ കൊണ്ട് സാധിക്കില്ല.

ഉത്തരങ്ങളുടെ തലം വൈവിധ്യം നിറഞ്ഞതും ഭാഷയാല്‍ വിവരിക്കപ്പെടുന്നതുമാണ്. ഒരു ഉദാഹരണം പരിശോധിക്കാം.

ചങ്ങമ്പുഴക്കവിതയെക്കുറിച്ച് ഏകോത്തര മട്ടില്‍ സാധ്യമാകുന്ന ചില ചോദ്യങ്ങള്‍ ഇനി പറയുന്നു.

ചങ്ങമ്പുഴ ജനിച്ച വര്‍ഷം?
കൃതികള്‍?
കാലഘട്ടം?
രമണനിലെ നായിക എന്ന മട്ടിലുള്ളവ,
കവിതയിലെ വരികള്‍ തന്ന് വിട്ട ഭാഗം പൂരിപ്പിക്കുക എന്നിങ്ങനെ…

ചങ്ങമ്പുഴക്കവിതയിലെ സൌന്ദര്യാത്മകതയും അതിന്റെ ആസ്വാദന ശേഷിയും വിദ്യാര്‍ത്ഥിക്ക് എത്ര മാത്രമുണ്ടെന്ന് ഇവയിലൂടെ മനസ്സിലാക്കാനാവില്ല. ഇവ മനസ്സിലാക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് അദ്ദേഹം ജനിച്ച വര്‍ഷം ഓര്‍മയുണ്ടാവണമെന്നുമില്ല. സാഹിത്യവിദ്യാര്‍ഥിയുടെ അറിവിന്റെ ലോകം വര്‍ഷങ്ങളും പേരുകളും വരികളുമായി പിരമിതപ്പെടേണ്ടതല്ല. സാഹിത്യകൃതിയുടെ സൌന്ദര്യാനുഭൂതിയെ, അതിന്റെ ഭാവനാ ലോകത്തെ, ആഴത്തില്‍ അറിയുകയും അവ സ്വന്തം ഭാഷയില്‍ അവതരിപ്പിക്കാനുള്ള ശേഷി പ്രകടമാക്കുകയും ചെയ്യേണ്ടതാണ അത്്. അതിനുള്ള അവസരം നിഷേധിച്ച് കേവലം വിവരങ്ങള്‍ (information) ശേഖരിക്കുന്നവരെ തെരഞ്ഞെടുക്കുന്ന പ്രക്രിയയാക്കി യു.ജി.സി നെറ്റ് പരീക്ഷയെ മാറ്റുകയാണ് ഈ പരിഷ്കാരം.

സ്വന്തമായി ഒരു വാചകം എഴുതാനുള്ള ഭാഷാപ്രാവീണ്യമുണ്ടോ എന്നു പോലും ഇവിടെ പരിശോധിക്കപ്പെടുന്നില്ല. ഇന്ത്യയിലെ ആയുര്‍ദൈര്‍ഘ്യമെത്ര എന്ന ചോദ്യം പോലെ ചോദിക്കാവുന്നതാണ് ‘ഖസാക്കിന്റെ ഇതിഹാസം മലയാള സാഹിത്യത്തില്‍ സൃഷ്ടിച്ച ഭാവുകത്വ പരിണാമം’ എന്ന് വിചാരിക്കുന്നത് ലളിതമായ ഒരു മാറ്റമല്ല. മണ്ടത്തരം എന്ന മട്ടില്‍ ഇത് തള്ളാനും പറ്റില്ല.

ഇതേ യുക്തിയില്‍ ചരിത്രം കുറേ പേരുകളിലേക്കും വര്‍ഷങ്ങളിലേക്കും ഉറഞ്ഞുകൂടും. സാമ്പത്തിക ശാസ്ത്രം കുറേ കണക്കുകളാവും. ഇത് ഭയപ്പെടുത്തുന്ന ഒരു ചുരുക്കമാണ്.വിജ്ഞാനത്തില്‍നിന്ന് ഉന്നത വിദ്യാഭ്യാസത്തെ വിവരശേഖരണത്തിലേക്കും ഓര്‍മ്മിച്ചുവെക്കലിലേക്കും ചുരുക്കുന്ന പ്രക്രിയ. പ്രയോജനവാദ പരവും ,ഉപകരണാത്മക യുക്തിയെ മുന്‍നിര്‍ത്തിയുമുള്ളതുമായ വിദ്യാഭ്യാസമാറ്റം ആഗോളവല്‍കരണ സമൂഹത്തില്‍ ഏറെ സജീവമാണ്. പാഠ്യപദ്ധതികളിലും സര്‍വകലാശാലകളുടെപ്രവര്‍ത്തനങ്ങളിലും ഇത്തരം സമീപനങ്ങള്‍ വ്യാപകമാണ്. സ്കൂള്‍തലങ്ങളിലെ സാഹിത്യപഠനത്തില്‍ ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

ബഷീറിന്റെ പാത്തുമ്മയുടെ ആട് പഠിപ്പിക്കുകയും ആടു തിന്നുന്ന വിധത്തില്‍ പുസ്തകം സൂക്ഷിക്കരുത്് എന്ന ഗുണപാഠം കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുകയും ചെയ്യുന്ന അതേ യുക്തിയുടെ വികാസമാണ് നെറ്റ് പരീക്ഷയിലെ ഈ മാറ്റത്തിലും കാണുന്നത്.

 

 

മാറ്റങ്ങളുടെ രാഷ്ട്രീയം
ഇത് യാദൃശ്ചികമായ ഒരു മാറ്റമല്ല. ഒരു പ്രത്യേക സാമൂഹിക സാഹചര്യത്തില്‍ സംജാതമാകുന്ന സവിശേഷ പ്രവണതയാണ്. ഉന്നത വിദ്യാഭ്യാസത്തെ വിജ്ഞാനോല്‍പ്പാദനത്തില്‍നിന്നു മാറ്റി വിവരങ്ങളിലേക്കും ഉപകരണാത്മക യുക്തിയിലേക്കും മാറ്റുന്ന സവിശേഷ പ്രവണത. നവലിബറല്‍ സാമ്പത്തിക നയങ്ങളുമായി അഭേദ്യബന്ധമാണ് പുതിയ പ്രവണതക്ക്. മതലാളിത്ത മൂലധനത്തിന് അനുഗുണമായ മാനേജര്‍മാരെയും തൊഴിലാളികളെയും ചിന്തകരെയും സൃഷ്ടിക്കുന്ന വിധത്തില്‍ വിദ്യാഭ്യാസ മേഖലയെ കരുപ്പിടിപ്പിക്കുകയാണ് പുതിയ രീതികള്‍ ചെയ്യുന്നത്.

സര്‍വകലാശാലാ വിദ്യാഭ്യാസത്തിലും തൊഴിലിടങ്ങളിലും ഇത്തരം ഉപകരണാത്മക യുക്തിക്ക് മേല്‍ക്കൈ സംഭവിക്കുന്നുണ്ട്. ഭരണകൂടത്തിനെതിരായ വിമര്‍ശനങ്ങളും സമരങ്ങളും കലാപങ്ങളും തടയാനുള്ള മാര്‍ഗമായി ഉപകരാണാത്മക യുക്തിയെ ഭരണകൂടം സ്വീകരിക്കുന്നുണ്ട്. ഭരണകൂട^ സൌഹൃദ സമൂഹത്തെയും ബുദ്ധിജീവി വിഭാഗത്തെയും സൃഷ്ടിക്കുകയെന്ന പദ്ധതികൂടി ഇതിലൂടെ പ്രാവര്‍ത്തികമാകുന്നു. ഭരണകൂടത്തിന്റെ സുപ്രധാന തൂണായ വിദ്യാഭ്യാസത്തില്‍ സ്റ്റേറ്റിന്റെ ആവശ്യങ്ങളെ സാധൂകരിക്കുന്നതിനുള്ള ഏറ്റവും നല്ല ഉപാധിയാണ് ഏകോത്തര ചോദ്യങ്ങള്‍. അവര്‍ നിര്‍ണയിക്കുന്ന ചോദ്യങ്ങളിലൂടെ അവരാഗ്രഹിക്കുന്ന ഉത്തരങ്ങള്‍ നല്‍കുക എന്ന പ്രക്രിയയാണ് ഇവിടെ നടക്കുന്നത്.

ഭാവനയും വിശകലന വിമര്‍ശനാത്കമ ചിന്തയുമുള്ള വിഭാഗത്തെ പുറന്തള്ളുന്ന, ഉപകരണാത്മക യുക്തിയില്‍ വിരാജിക്കുന്ന ഒരു അക്കാദമിക സമൂഹത്തെ സൃഷ്ടിക്കുകയെന്നാല്‍ രാഷ്ട്രത്തെ അത്തരത്തില്‍ പുനര്‍നിര്‍മിക്കുക എന്ന് കൂടി അര്‍ഥമുണ്ട്. ഇത്തരമൊരു സമീപനം ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയില്‍ അതിഗുരുതരമായ ഫലങ്ങളുളവാക്കും. ചിന്താ ജഡത്വം ബാധിച്ച ഒരു സമൂഹത്തെ രൂപപ്പെടുത്താനേ യു.ജി.സിയുടെ ഈ തീരുമാനം സഹായിക്കുകയുള്ളൂ.

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ദൂരം ഓടിയെത്തുന്ന മട്ടില്‍ വേഗതാ നിര്‍ണയ പരീക്ഷണങ്ങളാവാതെ വിമര്‍ശനാത്മകതയും വിശകലനശേഷിയും പരിശോധിക്കുന്ന വിവരണാത്മക പരീക്ഷകള്‍ മുന്‍ രീതികളുടെ അപാകതകള്‍ പരിഹരിച്ച് കൊണ്ട് പുനസ്ഥാപിക്കണം. മികച്ച വിദ്യാര്‍ഥികളെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായ വിധത്തില്‍ പരീക്ഷകള്‍ പുനക്രമീകരിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. ഗൈഡ് പുസ്തക കമ്പനികള്‍ക്കും പരിശീലന സ്ഥാപനങ്ങള്‍ക്കും ഇന്ത്യന്‍ തലച്ചോറുകള മൊത്തമായി കൈമാറുന്ന ഈ പരിഷ്കരണം പിന്‍വലിക്കാന്‍ ഇനിയും മടിക്കരുത്.

16 thoughts on “നെറ്റ് പരീക്ഷ: ഒറ്റയുത്തരം മതിയാവില്ല സര്‍, ആളെ അളക്കാന്‍

 1. ഇങ്ങനെയൊക്കെ ഒരു വശമുണ്ടായിരുന്നല്ളേ.
  അതറിഞ്ഞില്ല.

 2. നല്ല ഇന്‍ഫര്‍മേറ്റീവ് ആയ എഴുത്ത്.
  നന്ദി

 3. ഒബ്ജക്റ്റീവ് പരീക്ഷകളെ അങ്ങനെ വിലകുറച്ചു കോണേണ്ട.
  കാണാപാഠം പഠിക്കുന്നത് അത്ര മോശം കാര്യമൊന്നുമല്ല.
  അതിനു കഴിയാത്തവരുടെ വെറും വിലാപകാവ്യം മാത്രമാണിത്

  • ശാസ്ത്ര വിഷയങ്ങളില്‍ ഒരു പരിധി വരെ ഒബ്ജെക്ടി പരിക്ഷകള്‍ വിജയിക്കും. എന്നാല്‍ സാമൂഹിക വിഷയങ്ങളില്‍ പ്രാവീണ്യം അളക്കുവാന്‍ ഒരിക്കലും ഉതകുന്നതല്ല അത്തരം രീതി. അവിടെ വിശകലന രീതിക്കാണ് പ്രസക്തി.

   രസതന്ത്രത്തില്‍ ഏതെന്കിലും കമ്പൌണ്ടിന്റെ കെമിക്കല്‍ ബോണ്ട്‌ ചോദിക്കുന്ന പോലെ യുക്തിക്ക് നിരക്കുന്നതല്ല മലയാളത്തില്‍ ചങ്ങമ്പുഴ കൃതിയിലെ ഉപനായികയുറെ പേര്. അവിടെ ആസ്വാദനമാണ് പ്രധ്ഹണം.

   ആ പോയിന്റ്‌ ആണ് ലേഖകന്‍ വിവരിക്കുന്നത്.

  • the point I think is that those old exam format had both objective and detailed papers.

   I had cleared JRF and NET in 2008 Dec, in the old format. Even then the standard of objective questions was appalling. From my subject they asked me to arrange famous psychologists in chronological order…. there were 3 or 4 questions like that. I do not think that chronologically arranging, Lewin and Le Bon and others measure ones knowledge in the field.

   however i have seen really good objective questions in entrance exams of NIMHANS which is also almost based on NET syllabus. But NET question paper at least for psychology many a times disappoints.

   കാണാപ്പാടം പഠിക്കാന്‍ കഴിയാത്തവരുടെ വിലാപ കാവ്യം … അത് ഇത്തിരി കൂടിപ്പോയില്ലേ .

   research about memory is a fascinating field… If interested just read up on rote memory, and how things become a part of long term memory. the chemical, structural changes in neurons () etc……

   attempting to answer the question why we remember some things for short duration and some things for longer, Tulving et al talks about levels of processing theory…… that processing in depth was actually measured in detailed paper…..

   whatever said and done, I feel the old format was a decent enough attempt as it was aimed to identify researchers and academicians 🙂

 4. പണ്ടും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്ന് രൂപേഷ് സമ്മതിക്കുന്നുണ്ട്.
  അപ്പോള്‍ വീണ്ടും അതേ പാതയില്‍ എങ്ങനെ തിരിച്ചു പോവും.
  അതിന്‍െറ അപര്യാപ്തതകള്‍ പരിഹരിക്കണമെന്ന്
  പറയുന്നുണ്ടെങ്കിലും എന്തൊക്കെയാണ് അവയെന്നും അതെങ്ങിനെ
  പരിഹരിക്കാനാവുമെന്നും കൂടി പറയേണ്ടതുണ്ട്.

 5. പുതിയ രീതിയേക്കാള്‍ എത്രയോ ഭേദമാണ് മുമ്പുണ്ടായിരുന്ന രീതി. ലേഖകന്‍റെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു. എന്നാല്‍, ഇതേ കാരണങ്ങള്‍ കൊണ്ട് തന്നെ ശാസ്ത്ര വിഷയങ്ങളിലും പഴയ രീതി തന്നെ കൊണ്ട് വരണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കേരളത്തില്‍ മുക്കിനു മുക്കിനു കാണുന്ന മെഡിക്കല്‍/എഞ്ചിനീയറിംഗ് കോച്ചിംഗ് കേന്ദ്രങ്ങള്‍ പോലെ ഇന്ന് ശാസ്ത്ര വിഷയങ്ങള്‍ക്ക് നെറ്റ് കോച്ചിംഗ് കേന്ദ്രങ്ങള്‍ മുളച്ചു വരുന്നു എന്നത് കാണാതിരുന്നു കൂടാ. സ്വന്തമായി പഠിച്ച് എഴുതിയാല്‍ കിട്ടാനുള്ള സാധ്യതയും, കോച്ചിങ്ങിനു പോയി പഠിച്ചാല്‍ കിട്ടാനുള്ള സാധ്യതയും പഴയ രീതിയില്‍ ഉള്ള പരീക്ഷക്ക്‌ തുല്യമായിരുന്നു. എന്നാല്‍ പുതിയ പരീക്ഷ അങ്ങനെ അല്ല, കൂടുതല്‍ പേര്‍ കോച്ചിങ്ങിനു പോകാന്‍ തുടങ്ങിയാല്‍ സ്വന്തമായി പഠിക്കുന്നവര്‍ക്ക് കിട്ടാനുള്ള സാധ്യത കുറഞ്ഞു വരും. ഇതിനു കാരണം ഇവിടെ ലേഖകന്‍ പറഞ്ഞ ഓര്‍മ അടിസ്ഥാനമാക്കിയുള്ള പരീക്ഷയാണ്. പഴയതിലും ഓര്‍മയ്ക്ക്‌ സ്ഥാനം ഉണ്ടായിരുന്നു. പക്ഷെ ഇപ്പോഴത്തേത് പറയുന്നത് ഓര്‍മയാണ് മറ്റെന്തു ഗുനത്തെക്കാളും പ്രധാനം എന്നാണു.

  • ആള്‍ക്കാര്‍ പേപ്പര്‍ വായിച്ചു മാര്‍ക്കിടുക എന്ന ദുഷ്കര കര്‍മം അനുഷ്ടിക്കാതെ കമ്പ്യൂട്ടര്‍ എല്ലാം ചെയ്തോളും !!!

   സത്യത്തില്‍ അധ്യാപകരെ നിയമിക്കുവാന്‍ ബിരുദാനന്തര ബിരുദവും അപര്യാപ്തം എന്ന് പറയുന്നത് നമ്മുടെ ഉന്നത വിദ്യാഭ്യാസ വ്യവസ്ഥയുടെ സമ്പൂര്‍ണ പരാജയം അല്ലെ കാണിക്കുന്നത്? ലോകത് വേറെ എവിടെയെങ്കിലും ഇങ്ങനെ ഒരു ഇടപാട് ഉണ്ടോ?

 6. നല്ല വിശകലനം. അഭിനന്ദനങ്ങള്‍
  മുങ്കൂട്ടി നിശ്ചയിചുറപ്പിചച്ച ഉത്തരങ്ങള്‍ ഗണിതശാസ്ത്രത്തിന്റെ കാര്യത്തില്‍ ഒരു പരിധിയോളം ഉന്നത വിദ്യാഭ്യാസത്തിനാവശ്യമായ പ്രതിഭയെ അളന്നേക്കാം. ചില ശാസ്ത്രവിഷയങ്ങളുടെ കാര്യത്തിലും ഇതു ശരിയാണു.
  എന്നാല്‍ സാമൂഹിക ശാസ്ത്രം , സാമ്പത്തിക ശാസ്ത്രം , മാനവികവിഷയങ്ങള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ MCQ ഉപയോഗിച്ചു ഗവേഷണാഭിരുചി അളക്കുന്നതു അപര്യാപ്തം തന്നെയാണ്.

 7. നന്നായിരിക്കുന്നു. അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും ഒരേ സ്വഭാവമുള്ള പരീക്ഷ അഥവാ തെരഞ്ഞെടുപ്പു രീതിയാണോ വേണ്ടെത്?. പരീക്ഷയെ കുറിച്ചുള്ള വിമര്‍ശനതിനോപ്പം അതും ചര്‍ച്ച ചെയ്യണം

 8. അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്ക് മുന്പ് യു ജി സി , നെറ്റ് / ജെ ആര്‍ എഫ് ജേതാക്കല്‍ക്കിടയില്‍ ഒരു സര്‍വേ നടത്തിയിരുന്നു. അതില്‍ ബഹുഭൂരിപക്ഷവും അഭിപ്രായപ്പെട്ടത് അന്നത്തെ പരിക്ഷ സമ്പ്രദായത്തിനു ഒരു അധ്യാപകനെയോ ഗവേഷകനെയോ കണ്ടെത്താന്‍ കഴിയില്ലയെന്നാണ്. നെറ്റ് പരിഇക്ഷ തന്നെ നിര്ത്തലാക്കനമെന്നാണ് പലരും അഭിപ്രായപ്പെട്ടഹ്ത്. നെറ്റ് ഉള്ളവര്‍ തന്നെ പറയുമ്പോള്‍ അത് കൊത്ക്കെരുവാനെന്ന്‍ പറയാന്‍ സാധിക്കില്ലല്ലോ. പിന്നെ യു ജി സി എത്തിച്ചേര്‍ന്നത് എകൊത്തര പരിക്ഷയെന്ന യമണ്ടന്‍ ആശയാത്തിലാണ്. പടവലങ്ങ പോലെ കിഴോട്ടൊരു ഘടഘടിയന്‍ വളര്ച്ച (വിലര്ച്ച്ച!)

 9. യോഗ്യതാ പരീക്ഷകള്‍ ഓര്‍മപ്പരീക്ഷകള്‍ ആയിക്കൂടാ എന്നതിനോട് പൂര്‍ണ്ണ യോജിപ്പ്.

  ഒബ്ജക്റ്റീവ് പരീക്ഷ പാടില്ല എന്നതിനോട് വിയോജിപ്പാണ്. ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷ എന്നു വച്ചാല്‍, ഓര്‍മശക്തി അളക്കുന്ന പരീക്ഷ എന്നൊരു ധാരണ പൊതുവേയുണ്ടെന്നു തോന്നുന്നു. വിശദമായി ഉത്തരം എഴുതേണ്ട പരീക്ഷ എന്നു വച്ചാല്‍, കോപ്പി അടിച്ചു ജയിക്കാവുന്ന പരീക്ഷയാണ് എന്നു പറയുന്നതു പോലെയേ ഉള്ളൂ ഇത്. രണ്ടോ മൂന്നോ മണിക്കൂറുകൊണ്ടു നൂറും നൂറ്റമ്പതും ചോദ്യങ്ങളുടെ ഉത്തരമെഴുതേണ്ടുന്ന പരീക്ഷകള്‍, ഫലത്തില്‍ ഓര്‍മ്മപ്പരീക്ഷകള്‍ തന്നെയാണ്. എല്ലാ ചോദ്യത്തിന്റെയും ഉത്തരം കണ്ടു പിടിക്കാന്‍ അറിയാമെങ്കിലും, ചില കുറുക്കുവഴികള്‍ അറിഞ്ഞാലേ സമയത്തിനു ഉത്തരമെഴുതാന്‍ പറ്റൂ. പഴയ ചോദ്യപ്പേപ്പറുകള്‍, മാതൃകാ ചോദ്യപ്പേപ്പറുകള്‍ എന്നിവയൊക്കെ സോള്‍‌വു ചെയ്തു പഠിക്കുമ്പോള്‍ ( കോച്ചിങ്ങ് ), ഈ കുറുക്കു വഴികള്‍ പഠിച്ചു പോകും. എന്നാല്‍, ഓരോ ചോദ്യങ്ങള്‍ക്കും ഉത്തരം ആലോചിക്കാന്‍ ആവശ്യത്തിനു സമയം കൊടുത്തും ഒബ്ജക്റ്റീവ് പരീക്ഷ നടത്താവുന്നതേയുള്ളൂ. അന്നേരം കുറുക്കുവഴികള്‍ അറിയാത്തവര്‍ക്കും ഉത്തരം ആലോചിച്ചു എഴുതാന്‍ പറ്റും.

  സബ്ജക്റ്റീവ് പരീക്ഷകളുടെ പ്രശ്നം, ഇവാല്യുവേഷന്‍ സ്കീമും സബ്ജക്റ്റീവ് ആണെന്നാണ്. ഒരു സ്കീമനുസരിച്ചു മുഴുവന്‍ മാര്‍ക്കും കിട്ടുന്ന ഉത്തരം ആരും എഴുതിയില്ലെന്നു വരും. ചെറിയ ഗ്രൂപ്പിലാണു പരീക്ഷ നടത്തുന്നതെങ്കില്‍ ( ക്ലാസ് പരീക്ഷ ), വേണമെങ്കില്‍ ഉത്തരങ്ങളെല്ലാം വായിച്ചു സ്കീമില്‍ ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്താന്‍ പറ്റും. ഒരുപാടു പേര് എഴുതുന്ന പരീക്ഷകളില്‍ ഇതു പ്രാക്റ്റിക്കല്‍ അല്ല. പരീക്ഷകനു തിരിമറി നടത്താനുള്ള സാധ്യത വേറെ.

Leave a Reply

Your email address will not be published. Required fields are marked *