ഓര്‍ക്കുന്നതെന്തിന്, ഗാബോ

 
 
 
മാര്‍കേസും ഓര്‍മ്മകളും തമ്മിലെന്ത്?
പ്രശസ്ത കഥാകൃത്ത് ബി. മുരളി എഴുതുന്നു

 
 

ഓര്‍മകളുടെ പൊട്ടിത്തെറികളായിരുന്നു അദ്ദേഹത്തിന്റെ എഴുത്ത്. മാര്‍കേസിയന്‍ മാന്ത്രികതകള്‍. എന്നാല്‍ അതിനെ പറ്റി പറയുമ്പോഴും യഥാതഥ നിറങ്ങളില്‍ നിന്ന് എങ്ങനെ ഓര്‍മ എന്ന സങ്കല്‍പത്തെ വിമോചിപ്പിക്കാം എന്ന അന്വേഷണങ്ങളായിരുന്നില്ലേ അദ്ദേഹത്തിന്റെ എഴുത്തുകള്‍? അല്ലെങ്കില്‍ എങ്ങനെ ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ ഉണ്ടാകുമായിരുന്നു? കൊളംബിയയുടെ ബൊളിവേറിയന്‍ യുദ്ധങ്ങളെയും അക്രമാസക്തതയുടെയും ചരിത്രപരമായ ഓര്‍മകളെ റിയലിസത്തിന്റെ മാന്ത്രികത കൊണ്ട് മൂടുപടമിടുവിപ്പിച്ച് യഥാര്‍ഥ മാനവികതയുടെ സൂക്ഷ്മസ്ഥലങ്ങളിലേക്ക് എത്തിപ്പിച്ചില്ലേ അദ്ദേഹം? ഓര്‍മകളുടെ തിരസ്കാരം, വര്‍ത്തമാനത്തിന്റെ വിമോചനം- മറവിരോഗം വിഴുങ്ങിയ മഹാനായ കഥയെഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിനെയും അദ്ദേഹത്തിന്റെ എഴുത്തില്‍ പലവഴിക്ക് തുളുമ്പുന്ന ഓര്‍മ്മകളെക്കുറിച്ചും ഒരോര്‍മ്മപ്പെടുത്തല്‍. പ്രശസ്ത കഥാകൃത്ത് ബി.മുരളി എഴുതുന്നു

 
 

 
 

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന് ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്ലത്രേ. ഗാബോ എന്തെങ്കിലും ഓര്‍മിക്കുന്നതെന്തിന്? ഓര്‍മകളുടെ യാഥാസ്ഥിതിക സ്വഭാവത്തെ അട്ടിമറിച്ച് എങ്ങനെ ഉദാത്ത സാഹിത്യം നല്‍കാമെന്നല്ലേ മഹാനായ ഈ കഥാകാരന്‍ കാണിച്ചു തന്നത്. ഉപന്യാസ കാരന്‍മാരുടെ ഓര്‍മ സങ്കല്‍പത്തെ തകര്‍ത്തു തരിപ്പണമാക്കിയിട്ടല്ലേ ഏകാന്ത നിശ്ശൂന്യതയുടെ നൂറു വര്‍ഷങ്ങള്‍ അദ്ദേഹം വരച്ചത്.

സത്യം തന്നെ. ഓര്‍മകളുടെ പൊട്ടിത്തെറികളായിരുന്നു അദ്ദേഹത്തിന്റെ എഴുത്ത്. മാര്‍കേസിയന്‍ മാന്ത്രികതകള്‍. എന്നാല്‍ അതിനെ പറ്റി പറയുമ്പോഴും യഥാതഥ നിറങ്ങളില്‍ നിന്ന് എങ്ങനെ ഓര്‍മ എന്ന സങ്കല്‍പത്തെ വിമോചിപ്പിക്കാം എന്ന അന്വേഷണങ്ങളായിരുന്നില്ലേ അദ്ദേഹത്തിന്റെ എഴുത്തുകള്‍? അല്ലെങ്കില്‍ എങ്ങനെ ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ ഉണ്ടാകുമായിരുന്നു? കൊളംബിയയുടെ ബൊളിവേറിയന്‍ യുദ്ധങ്ങളെയും അക്രമാസക്തതയുടെയും ചരിത്രപരമായ ഓര്‍മകളെ റിയലിസത്തിന്റെ മാന്ത്രികത കൊണ്ട് മൂടുപടമിടുവിപ്പിച്ച് യഥാര്‍ഥ മാനവികതയുടെ സൂക്ഷ്മസ്ഥലങ്ങളിലേക്ക് എത്തിപ്പിച്ചില്ലേ അദ്ദേഹം? ഓര്‍മകളുടെ തിരസ്കാരം, വര്‍ത്തമാനത്തിന്റെ വിമോചനം.

 
 

മാര്‍കേസ്. ഒരു കുടുംബ ചിത്രം


 
 

ഓര്‍മകള്‍ ഒരു സര്‍ഗസാഹിത്യകാരന്റെ വലിയ കൈമുതല്‍ ഒന്നുമല്ല. ആ ഓര്‍മകള്‍ ഉണ്ടാക്കുന്ന, ഉണ്ടാക്കിയിട്ടുള്ള അനുഭൂതി മാത്രമാണ് കാര്യം. വസ്തുതകള്‍ക്ക് കഥയില്‍ എന്ത് കാര്യം? വസ്തുതകളുടെ ഒരു മണമോ നിറമോ ഒക്കെ മതി. അല്ലെങ്കില്‍ അതുമാത്രമാണ് സത്യം. മാര്‍ക്കേസ് തന്നെ കഥ പറഞ്ഞപ്പോള്‍ പറഞ്ഞതിങ്ങനെയല്ലേ: -ചവര്‍പ്പന്‍ ആല്‍മണ്ടിന്റെ മണം എന്നെ ഓര്‍മിപ്പിക്കുന്നത് നിര്‍ഹേതുകപ്രണയത്തിന്റെ വിധിയെപ്പറ്റിയാണ്, എന്ന്.

മണങ്ങള്‍ മറന്നുപോകുമെന്ന് ഓര്‍മനാശത്തിന്റെ പുസ്തകങ്ങളില്‍ പറയുന്നുണ്ടോ. എങ്കില്‍ തന്നെ ഓര്‍മയെ മണമായും നിറമായും പരിഭാഷപ്പെടുത്തിയ മഹാനായ എഴുത്തുകാരന് അതിനപ്പുറത്തേക്കുള്ള വിചിത്രതകളിലേക്ക് അതിനെ മാറ്റിയെഴുതാനാകുമല്ലോ.

പറഞ്ഞുവന്നാല്‍, ഓര്‍മയെ പുകഴ്ത്തി മാര്‍കേസ് ചില വാചകങ്ങള്‍ പറഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ എന്തു സംഭവിച്ചു എന്നതല്ല, അതില്‍ എന്താണ് നിങ്ങള്‍ ഓര്‍മിക്കുന്നത്, അഥവാ എങ്ങനെയാണ് നിങ്ങള്‍ അത് ഓര്‍മിക്കുന്നത് എന്നതാണ് കാര്യം എന്ന്. അതുപോലെ ഓര്‍മകളുടെ ക്രമത്തിനാണ് കാര്യം എന്നും. എന്നാല്‍ ഇതുപറഞ്ഞുകൊണ്ട് തന്നെ സൈമണ്‍ ബൊളിവറുടെ കൊളംബിയന്‍ ചരിത്രനിര്‍മിതികളുടെ ഓര്‍മകളെ നിഷ്കപടമായി അട്ടിമറിച്ച് മക്കൊണ്ടയുടെ നേന്ത്രപ്പഴ വിപ്ലവങ്ങളായി അദ്ദേഹം പുനര്‍ നിര്‍വചിച്ചു.

 
 

 
 

വര്‍ത്തമാനത്തിന്റെ സൂക്ഷ്മതകൊണ്ടാണ് അദ്ദേഹം ചരിത്രത്തെ വിവരിച്ചത്^ കേണല്‍ ഹോസെ ആരെക്കാദിയോ ബുവേന്‍ഡിയയുടെ മരണത്തെപ്പറ്റി ഊഹിക്കുന്ന അമ്മ ഉര്‍സുലയെ അവതരിപ്പിച്ചത് നോക്കുക. പതിനെട്ടു തവണ തോക്കിന്‍മുന്നില്‍ നിന്ന് രക്ഷപ്പെട്ട്, ഒരു കുതിരയെ കൊല്ലാനുള്ള വിഷം കുടിക്കാതെ മാറി ഒടുവില്‍ ഫയറിംഗ് സ്ക്വാഡിന്റെ വെടിയുണ്ട തുളച്ചുകയറി അയാളുടെ രക്തം ഏതൊക്കെയോ ചത്വരങ്ങളിലൂടെ ഒഴുകി ഒരുപള്ളിക്കകത്തുകൂടി നീങ്ങി ഒടുവില്‍ അടുക്കളയില്‍ അമ്മ ഉര്‍സുലയുടെ കാലില്‍ എത്തി തൊടുമ്പോള്‍ അവര്‍ പറയുന്നു: അവന്‍ മരിച്ചു. ഓര്‍മകളെ ഈ ചോര പോലെയാണ് മാര്‍കേസ് ഒഴുക്കുന്നത്. അത് എപ്പോഴും വര്‍ത്തമാനത്തില്‍ വന്നു തൊട്ടു പൊള്ളിക്കുന്നു.

അങ്ങനെ സ്മരണകളിരമ്പാത്ത അജ്ഞാത തീരത്തേക്ക് മാര്‍കേസ് സ്വയം കപ്പലോടിച്ച് പോകുമ്പോള്‍ തിളപ്പിക്കുന്ന ഓര്‍മപ്പെടുത്തലുകള്‍ ഈ തീരത്ത് അദ്ദേഹം മാന്ത്രികതയോടെ ഉപേക്ഷിക്കുന്നു. ഓര്‍മകള്‍ ശേഷിക്കുന്നവര്‍ക്ക് അത് പെറുക്കിയെടുക്കാം.

ഉദാഹരണത്തിന് അദ്ദേഹത്തിന്റെ ഈ രോഷം: ആളുകള്‍ ഒന്നാം ക്ലാസില്‍ യാത്ര ചെയ്യുകയും പുസ്തകങ്ങള്‍ ചരക്കുകപ്പലില്‍ അയക്കുകയും ചെയ്യുന്ന ഈ ലോകം മുടിഞ്ഞുപോകട്ടെ.

ഗാബോ ഓര്‍മപ്പെടുത്തികൊണ്ടിരിക്കുന്നു.

 
 
 
 

സനീഷ് എഴുതുന്നു

മാര്‍കേസിന് ഇനിയും എഴുതാനുണ്ട്,ദൈവമേ…

മാര്‍കേസ് സംസാരിക്കുന്നു
എഴുത്ത് പണ്ടത്തെക്കാള്‍ ശ്രമകരം
പാരീസ് റിവ്യൂവിനു വേണ്ടി പീറ്റര്‍. എച്ച്. സ്റ്റോണ്‍ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

 
 
 
 

6 thoughts on “ഓര്‍ക്കുന്നതെന്തിന്, ഗാബോ

 1. ഓര്‍മ്മക്കുമപ്പുറത്താണ് മാര്‍കേസ്. അതിനുമേറെയപ്പുറം

 2. അഭിനന്ദനങ്ങള്‍, നാലാമിടം.
  പ്രശസ്തരായ ആളുകള്‍ ഒക്കെ
  എഴുതാന്‍ തുടങ്ങിയത് സന്തോഷകരമാണ്.

 3. എങ്കിലും, ഓര്‍മ്മ ഇല്ലാതാവുന്ന
  മാര്‍കേസിനെ ഓര്‍ക്കാനേ കഴിയുന്നില്ല.
  സങ്കടം, ശരിക്കും.

 4. എന്തൊക്കെ പറഞ്ഞാലും മുരളിസാര്‍, നഷ്ടം എപ്പോഴും നഷ്ടം തന്നെയാണ്. അതിന്റെ ഓര്‍മ്മകള്‍ വേദനിപ്പിക്കും. ഓര്‍മ്മയില്ലാതെ ജീവിച്ചിരിക്കുന്ന ഗാബോയെക്കാള്‍ എനിക്കിഷ്ടം മരിച്ചുപോകുന്ന ഗാബോയെ ആണ്. ക്രൂരതയാണോ? അറിയില്ല. പക്ഷേ അതാണെന്നെ സംബന്ധിച്ച് ആത്മാര്‍ഥമായ സത്യം. ആ വാര്‍ത്ത കേട്ടയുടനെ ഒരു വിശ്വാസി മനസ്സ് കെടുമ്പോള്‍ സത്യവേദപുസ്തകം എടുത്ത് തുറന്നുനോക്കും പോലെ ഞാന്‍ ഓടിപ്പോയി അലമാര തുറന്ന് കോളറാകാലത്തെ പ്രണയം എടുത്ത് തുറന്ന് വായിച്ചു. ആ എനിക്ക് ഈ ഓര്‍മ്മനഷ്ടത്തെ ആലങ്കാരികമാക്കുവാനാകില്ല.

Leave a Reply

Your email address will not be published. Required fields are marked *