നന്‍മ ഒരു വാക്കല്ല

 
 
 
നന്‍മ പെയ്യുന്ന ഒരു ജീവിതം. സ്മിത മീനാക്ഷി എഴുതുന്നു
 
 
ഞാന്‍ ഭീരുവിന്റെ പതിഞ്ഞ ചുവടുകളോടെ ഇറങ്ങിച്ചെന്നു, വേഗം പൊയ്ക്കോളൂ എന്നും വഴി തിരിയുന്ന വരെ അവിടെ നോക്കി നിന്നോളാമെന്നും പറഞ്ഞ് എന്നെ യാത്രയാക്കി. കുറ്റപ്പെടുത്തുന്ന ഒരു നോട്ടമോ പരിഹാസമോ, നന്ദി കാണിക്കണമെന്ന അധികാരമോ ഒന്നും ആ മുഖത്തുണ്ടായിരുന്നില്ല. നീ ഭയന്നോ എന്ന് ഞാന്‍ സപ്പനോട് ചോദിച്ചു, “ഭയന്നില്ല, പക്ഷേ എന്റെ പണം, അതിന്ന് വീട്ടുചെലവിനുള്ളതാണെ‘’ന്ന് പറയുമ്പോള്‍ അവന്റെ ശബ്ദം വല്ലാതായിരുന്നു. എനിക്കു പിന്നെ ഒന്നും ചോദിക്കാനായില്ല. റിക്ഷയിലിരുന്ന് ഞാന്‍ ഒച്ചയില്ലാതെ കരഞ്ഞു. നന്‍‌മയും സ്നേഹവുമൊക്കെ എന്നെ കരയിക്കാറുണ്ട്. ആ വിധത്തില്‍ എന്നെ ഒരുപാടു തവണ കരയിച്ച വ്യക്തിയാണു മഹീന്ദ്ര ദീദി- നന്‍മ പെയ്യുന്ന ഒരു ജീവിതം. സ്മിത മീനാക്ഷി എഴുതുന്നു

 
 

നന്മയ്ക്ക് ദേവാലയങ്ങള്‍ പണിയാന്‍ തക്കവണ്ണം കൃത്യമായ വാസ്തു ലക്ഷണങ്ങളോടെ ഭൂമിയിലെത്തുന്ന ചില മനുഷ്യശരീരങ്ങളുണ്ട്.. അവയില്‍ ചിലതൊക്കെ നമ്മുടെ കണ്‍‌മുന്‍പില്‍ ചുറ്റുവിളക്ക് കത്തിച്ചങ്ങനെ പ്രഭ ചൊരിയുമ്പോഴാണ് ജീവിതം സഫലമെന്നും ധന്യമെന്നുമൊക്കെ ദിവസത്തിന്റെ ചുവരില്‍ കോറിയിടാന്‍ തോന്നുന്നത്. അത്തരത്തിലുള്ള ഓര്‍മ്മത്തിരികള്‍ മനസ്സില്‍ കെടാവിളക്കുകളാകുകയും ചെയ്യും.

കുറെക്കാലം മുന്‍പാണ്. ഔദ്യോഗിക സ്ഥലം മാറ്റം മൂലം പുതിയ നാട്ടില്‍ എത്തി അധികകാലമായിരുന്നില്ല. ഗുഡ്ഗാവ് എന്ന് ഹിന്ദിയിലും ഗുരുഗോണ്‍ എന്ന് ഇംഗ്ലീഷിലും വിളിക്കപ്പെടുന്ന ദില്ലി പ്രാന്ത പ്രദേശത്തെ വ്യവസായ പട്ടണം. വികസനത്തിന്റെ ഫാസ്റ്റ് ട്രാക്കില്‍, സ്റ്റാര്‍ട്ടിംഗ് പോയിന്റ് കഴിഞ്ഞ സമയം. പൊതുഗതാഗത സൌകര്യങ്ങള്‍ തീരെ കുറവായിരുന്നു. ( ഇന്നും ആ നിലയില്‍ വലിയ മാറ്റമില്ല ). ഡ്രൈവിംഗ് ഒരു ബാലികേറാ മലയായതുകൊണ്ട് സൈക്കിള്‍ റിക്ഷയായിരുന്നു എന്റെ വാഹനം.

ഒരു ദിവസം രാവിലെ മകളെ സ്കൂളിലും ഭര്‍ത്താവിനെ ഓഫീസിലും അയച്ചതിനുശേഷം ( വീട്ടമ്മയുടെ കര്‍ത്തവ്യങ്ങള്‍ ) പതിവുപോലെ പുറപ്പെടാന്‍ തയാറായി. അപ്പോഴാണ് കോളിംഗ് ബെല്‍ ശബ്ദിച്ചത്. ഗേറ്റിനു പുറത്താണ് ബെല്ലിന്റെ സ്വിച്ച്. ഗേറ്റ് ആര്‍ക്കും പുറത്തു നിന്നു തുറക്കാനുമാകില്ല. ആ സ്ഥലത്തെ സുരക്ഷാക്രമീകരണങ്ങള്‍ പൊതുവെ അങ്ങനെയായിരുന്നു. (വികസനത്തിന്റെ പേരില്‍ നഗരവികസനവകുപ്പ് സ്ഥലമേറ്റെടുത്തപ്പോള്‍ പരിഷ്കൃത ജനവാസ സെക്ടറുകളും അവയ്ക്കുള്ളില്‍ ചുറ്റപ്പെട്ട പഴയ ഗ്രാമവാസികളുടേതായ ഗാവുകളുമായിരുന്നു അവിടുത്തെ ഭൂപ്രകൃതി. ഏറ്റെടുത്ത സ്ഥലം പ്ലോട്ടുകളായി തിരിച്ച് വില്പന നടത്തിയതില്‍ വീടുകള്‍ ഉയര്‍ന്നു വന്നുകൊണ്ടിരുന്നും. പഴയതും പുതിയതും തമ്മില്‍ നിലവില്‍ വന്ന ജീവിതസമരത്തിലെ അന്തിമവിജയികള്‍ ആരായിരിക്കുമെന്ന് ആര്‍ക്കും സംശയമുണ്ടായിരുന്നില്ലെങ്കിലും സമരം നിലനിന്നിരുന്നു എന്നതാണ് ആ ദിനങ്ങളുടെ സാമൂഹ്യപാഠം. ‘ഗാവ് വാല’കളെ സംശയത്തില്‍ വീക്ഷിച്ചിരുന്ന സെക്റ്റര്‍ നിവാസികള്‍ കൂടുതലും ദില്ലിയുടെ തിരക്കില്‍ നിന്ന് രക്ഷപ്പെടാന്‍ എത്തിയവരായിരുന്നു )
 

 
പാമ്പിന്‍ പേടി
ഞാന്‍ ജനലിന്റെ കര്‍ട്ടന്‍ മാറ്റി നോക്കി, ഒറ്റ നോട്ടത്തില്‍ ഭയന്നു, വടക്കേ ഇന്ത്യന്‍ ജീവിതത്തില്‍ അന്നും ഇന്നും എനിക്ക് പേടി സ്വപ്നമായ, ഞാന്‍ പാമ്പു സന്യാസി എന്നു വിളിക്കുന്ന വര്‍ഗ്ഗത്തില്‍ പെട്ട രണ്ടു പേര്‍. വേഷഭൂഷാദികള്‍ സന്യാസിമാരുടേതാണ് , പക്ഷേ കയ്യിലോ കഴുത്തിലോ കാഴ്ചയില്‍ ഭീകരത്വം തോന്നിപ്പിക്കുന്ന പാമ്പുകളെ ചുറ്റിയിരിക്കും. അതിനെ കാണിച്ച് പേടിപ്പെടുത്തി പണം തട്ടിയെടുക്കുകയാണുദ്ദേശം. കൊടുക്കുന്ന പണം കുറഞ്ഞുപോയാലും നമ്മുടെ കയ്യില്‍ കൂടുതല്‍ പണമുണ്ടെന്നറിഞ്ഞാലും പാമ്പിനെ നമ്മുടെ ദേഹത്തേയ്ക്കിട്ട് അവര്‍ ഭയപ്പെടുത്തും . സ്ത്രീകളാണ് കൂടുതലും ഇതിനു ഇരയാകുന്നത്. പലപ്പോഴും അവരെ ഭയന്ന് ഞാന്‍ വഴി മാറി ഓടിയിട്ടുണ്ട്, അപരിചിതരോട് ലിഫ്റ്റ് ചോദിച്ച് കൈനീട്ടിയിട്ടുണ്ട്, ഇതിപ്പോള്‍ വീട്ടുപടിക്കല്‍.

എന്തുവന്നാലും ഗേറ്റു പോയിട്ട് ,കതകു പോലും തുറക്കില്ലെന്ന് ഞാനുറപ്പിച്ചു. കര്‍ട്ടന്‍ മാറ്റുന്നത് കണ്ടിട്ടോ എന്തോ അവര്‍ തുടര്‍ച്ചയായി ബെല്ലമര്‍ത്താനും തുടങ്ങി. ഇടയ്ക്കിടെ ഞാന്‍ പതുക്കെ ഒളിഞ്ഞു നോക്കും, അവര്‍ പോയിട്ടില്ലെന്ന് അറിഞ്ഞ് മുഖം കര്‍ട്ടനു പിന്നില്‍ ഒളിപ്പിക്കും. അപ്പോഴാണതു സംഭവിച്ചത്, കൂനിന്‍ മെല്‍ കുരു എന്നതുപോലെ എന്നെ കൂട്ടി ക്കൊണ്ടുപോകാനുള്ള റിക്ഷ . അതിന്റെ സാരഥി ഒരു കുട്ടിയാണ്. (കഷ്ടിച്ച് 12 വയസ്സു തോന്നിക്കുന്ന പതിനാലു വയസെന്ന് അവകാശപ്പെട്ട സപ്പന്‍ – സത്യത്തില്‍ ആ പേരു അങ്ങനെയാണോയെന്ന് എനിക്കറിയില്ല, അവന്‍ അങ്ങനെയാണതുച്ചരിച്ചത്.- എന്റെ യാത്രയുടെ സ്ഥിരസ്വഭാവം മനസ്സിലാക്കി അവന്‍ വച്ച നിര്‍ദ്ദേശമായിരുന്നു വീട്ടു പടിക്കലെത്താമെന്നത്. റിക്ഷകളുടെ സ്റ്റാന്‍ഡ് വരെ നടക്കേണ്ടല്ലോ എന്ന ആശ്വാസത്തില്‍ അവനു കരാര്‍ കൊടുത്തിട്ട് ഒരാഴ്ചയേ ആയിരുന്നുള്ളു. ബാലവേലയുടെ കുറ്റബോധത്താല്‍ അവനോട് എല്ലാ ദിവസവും മനസ്സില്‍ ക്ഷമ ചോദിച്ചിരുന്നു. പിതാവിന്റെ അസുഖം മൂലം റിക്ഷ ഏറ്റെടുത്തതാണ്, അദ്ദേഹത്തിനു സുഖമായാല്‍ മറ്റൊരു നല്ല ജോലിക്കു പോകും എന്നൊക്കെ അവന്‍ എന്നോട് പറഞ്ഞിരുന്നു.)

അവനെ കണ്ടതും പാമ്പു സന്യാസികള്‍ ഗേറ്റിലെ പിടി വിട്ട്, അവന്റെ നേരെ തിരിഞ്ഞു. പണമില്ലെന്ന് അവന്‍ കെഞ്ചുന്നതു ഞാന്‍ കേട്ടു ,പക്ഷേ അവന്റെ പോക്കറ്റിലെ അന്‍പതു രൂപ നോട്ട് അവര്‍ കണ്ടുപിടിച്ചു. പാമ്പിനെ എടുത്തു അവന്റെ തോളിലിട്ട് അവര്‍ പണം കൊടുക്കാനാവശ്യപ്പെട്ടു. ആ സമയത്താണെങ്കില്‍ വഴി വിജനമായിരുന്നു. അവനെ രക്ഷിക്കണമെന്നു തോന്നിയെങ്കിലും ഭയം കൊണ്ട് ഒരു ചുവട് മുന്‍പോട്ടു വയ്ക്കാന്‍ എനിക്കായില്ല. അവനു നഷ്ടമാകുന്ന പണം കൊടുത്ത് പരിഹാരമാക്കാം എന്നു മനസ്സില്‍ കരുതി. വാക്കു തര്‍ക്കത്തിന്റെ ബഹളത്തില്‍ പെട്ടെന്ന് , ഒരു സ്ത്രീ ശബ്ദവും കൂടി കേട്ടപ്പോള്‍ ഞാന്‍ വീണ്ടും ജനാല ച്ചില്ലിലൂടെ നോക്കി. മഹീന്ദ്ര ദീദിയാണ്. എതിര്‍വശത്തെ വീട്ടില്‍ താമസിക്കുന്ന ഹിമാചല്‍ കുടുംബത്തിലെ ഗൃഹനായിക.

ഞാന്‍ ആശ്വാസത്തോടെ രംഗം നോക്കി നിന്നു. ആ നേരം കൊണ്ടു തന്നെ സപ്പന്റെ കയ്യില്‍ നിന്നും അന്‍പതു രൂപ അവര്‍ പിടിച്ചെടുത്തു കഴിഞ്ഞിരുന്നു. അതു തിരിച്ചുകൊടുക്കാന്‍ ആജ്ഞാപിക്കുന്ന ദീദിയുടെ സ്വരത്തിലെ ദൃഢത എന്നെ അത് അതിശയിപ്പിച്ചു . അവര്‍ പാമ്പിനെ ദീദിയുടെ നേര്‍ക്ക് കാട്ടി, ദീദിയോ, ഒരു ഭാവമാറ്റവും കൂടാതെ കഴുത്തു കാട്ടിക്കൊടുത്തു, ‘നിങ്ങള്‍ക്കാണു വിഷമുള്ളത് , പാമ്പിനല്ല, എനിക്കതിനെ പേടിയില്ല ‘എന്ന മറുപടി എനിക്കു കേള്‍ക്കാന്‍ കഴിഞ്ഞു. ഏതായാലും രണ്ടൊ മൂന്നോ മിനിറ്റു കൂടിയേ പാമ്പു നാടകം നീണ്ടു നിന്നുള്ളു, രൂപ തിരിച്ചു കൊടുത്ത് പാമ്പന്‍ മാര്‍ സ്ഥലം വിട്ടു. അടുത്ത വീടുകളിലേയ്ക്ക് കേറാന്‍ പോലും മെനക്കെട്ടില്ല. അവര്‍ പോയ ഉടനെ ദീദി എന്നെ വിളിച്ചു തുടങ്ങി.

ഞാന്‍ ഭീരുവിന്റെ പതിഞ്ഞ ചുവടുകളോടെ ഇറങ്ങിച്ചെന്നു, വേഗം പൊയ്ക്കോളൂ എന്നും വഴി തിരിയുന്ന വരെ അവിടെ നോക്കി നിന്നോളാമെന്നും പറഞ്ഞ് എന്നെ യാത്രയാക്കി. കുറ്റപ്പെടുത്തുന്ന ഒരു നോട്ടമോ പരിഹാസമോ, നന്ദി കാണിക്കണമെന്ന അധികാരമോ ഒന്നും ആ മുഖത്തുണ്ടായിരുന്നില്ല. നീ ഭയന്നോ എന്ന് ഞാന്‍ സപ്പനോട് ചോദിച്ചു, “ഭയന്നില്ല, പക്ഷേ എന്റെ പണം, അതിന്ന് വീട്ടുചെലവിനുള്ളതാണെ‘’ന്ന് പറയുമ്പോള്‍ അവന്റെ ശബ്ദം വല്ലാതായിരുന്നു. എനിക്കു പിന്നെ ഒന്നും ചോദിക്കാനായില്ല. റിക്ഷയിലിരുന്ന് ഞാന്‍ ഒച്ചയില്ലാതെ കരഞ്ഞു. നന്‍‌മയും സ്നേഹവുമൊക്കെ എന്നെ കരയിക്കാറുണ്ട്. ആ വിധത്തില്‍ എന്നെ ഒരുപാടു തവണ കരയിച്ച വ്യക്തിയാണു മഹീന്ദ്ര ദീദി.
 

 
കരുണയുടെ ലസ്സി
ഒരിക്കല്‍ ഓഫീസില്‍ നിന്നു മടങ്ങി വീടെത്തുമ്പോള്‍ കണ്ടു ദീദിയുടെ വീട്ടുപടിക്കല്‍ സ്ത്രീകളുടെ ഒരു കൂട്ടം. അല്പം കൂടി അടുത്തുവന്നപ്പോള്‍ പ്രത്യേകത ശ്രദ്ധയില്‍പ്പെട്ടു. എല്ലാവരും തന്നെ വലിയ വയറിന്റെ ഉടമകളാണ്. ആറോ ഏഴോ ഗര്‍ഭിണികള്‍, പല പ്രായത്തിലുള്ള ഗര്‍ഭസ്ഥ ശിശുക്കള്‍ വയറുകളില്‍ കിടന്ന് ചിരിച്ചതുകൊണ്ടാകാം ആ സന്ധ്യക്ക് കൂടുതല്‍ തെളിച്ചം തോന്നിയത്. കാര്യമറിയാന്‍ ചെന്നപ്പോഴേയ്ക്കും ദീദി വലിയൊരു പാത്രവും, കൂടെ കുറെ ഗ്ലാസ്സുകളുമായി എത്തിയിരുന്നു. ലസ്സി എന്ന സംഭാരത്തിന്റെ വിതരണമാണ്. ഞാന്‍ കണ്ടു നിന്നു.

എല്ലാവര്‍ക്കും കൊടുത്തിട്ട് നാളെയും വന്നോളൂ എന്നു പറഞ്ഞ് എല്ലാവരെയും യാത്രയാക്കി ദീദി കാര്യം പറഞ്ഞു, അയല്‍ ജില്ലകളിലെയും അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ കെട്ടിടം പണികള്‍ക്കായി എത്തിയ സ്ത്രീകളാണ്. തലേന്ന് ഗര്‍ഭിണിയായ ഒരു സ്ത്രീ കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയിരുന്നു, ഗര്‍ഭിണികളുടെ താല്പര്യങ്ങളറിയുന്ന ദീദി അവര്‍ക്ക് ലസ്സി കൊടുത്തു. കൂടെ വേറെയും സ്ത്രീകള്‍ ഇതേ അവസ്ഥയിലുണ്ടെന്നു പറഞ്ഞപ്പോള്‍ അവരെയും കൂട്ടി വരൂ എന്നു ദീദി അനുവാദം കൊടുത്തതിന്‍ പ്രകാരമാണ് അവരെത്തിയത്.

ആ സംഭാര വിതരണം ഒരുപാടു നാള്‍ നീണ്ടു നിന്നു. വീട്ടിലെ തൈരു തികയില്ലെന്നു കണ്ടാല്‍ അയല്‍പക്കങ്ങളില്‍ പാത്രവുമായി ചെന്ന് ചോദിച്ചു വാങ്ങും, അതില്‍ അവര്‍ക്ക് ഒരു അപമാനവും തോന്നിയില്ല. 12 വീടുകളില്‍ പോയി ഭിക്ഷയാചിച്ച് പഴനിയില്‍ പോകാമെന്ന് നേര്‍ന്നിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് തട്ടത്തില്‍ ഭസ്മവുമായി വരുന്ന സ്ത്രീകളെ കണ്ടിട്ടുണ്ട്, അവരെക്കാളും എത്ര ഇരട്ടി പുണ്യമാണ് ഈ ദീദിക്ക് ഗര്‍ഭസ്ഥ ശിശുക്കളുടെ അനുഗ്രഹമായി കിട്ടുക എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്.

മാറാരോഗമാണെന്ന പേരില്‍ ഉപേക്ഷിക്കപെട്ട കഴുതയെയും പശുവിനെയും തെരുവുനായ്ക്കളെയുമൊക്കെ (അസുഖം വന്ന വളര്‍ത്തു മൃഗങ്ങളെ ആളൊഴിഞ്ഞ ഇടത്ത് കൊണ്ടു പോയി ഉപേക്ഷിക്കുന്ന രീതിയായിരുന്നു നാട്ടുകാര്‍ക്ക്) അവര്‍ ചികിത്സിച്ചു ഭേദപ്പെടുത്തിയിരുന്നു. ഇനിയുമൊരുപാടു കഥകളുണ്ട് ഓര്‍മ്മയിലെ വിളക്കു തറയില്‍.

മൂന്നുവര്‍ഷത്തെ ജീവിതത്തില്‍, നന്‍‌മ കണികണ്ടുണരാന്‍ പാകത്തില്‍ വീട്ടുമുന്‍പിലൊരു ദേവാലയം പോലെ മഹീന്ദ്ര ദീദിയുടെ വീടുണ്ടായിരുന്നു. ദൈവനാമം ജപിക്കുന്ന അതേ ആത്മാര്‍പ്പണത്തോടെ ഈ വരികള്‍ കുറിക്കുമ്പോള്‍ ആ നന്‍‌മയുടെ കടലാഴമാണ് , കാഴ്ച മറച്ചുകൊണ്ട് എന്റെ കണ്ണടച്ചില്ലുകളെ ഈറനാക്കുന്നത്.

13 thoughts on “നന്‍മ ഒരു വാക്കല്ല

 1. നന്മ തൊട്ട മനസ്സില്‍ അനുവാദം ചോദിക്കാതെ അരക്കാതം നടന്നു. ഇത്തിരി തണലേറ്റിരിക്കുകയും ചെയ്തു . ഇറങ്ങുമ്പോള്‍ പറയുന്നു
  ” പോകുന്നു ” . നന്മയുടെ നല്ല തണല്‍ വിരിപ്പുണ്ടായിരുന്നു ഈ എഴുത്തിന്‌ . പറച്ചില്‍ പോലെ ഇങ്ങനെ എഴുതാന്‍ കഴിയണം . ഇങ്ങനെ പറയാന്‍ തോന്നുമ്പോഴൊക്കെയും എഴുതണം . പറഞ്ഞെഴുതണം സ്മിത .

 2. പലപ്പോഴും നന്മക്കു കയ്യും കാലും മനുഷ്യ രൂപവും ആണ്ടവരെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്
  .ഭയമോ കൂസലോ ഇല്ലാതെ തനിക്കു ശരി എന്ന് തോന്നുന്നത് ചെയ്യുന്നവര്‍
  ദീദിയും അങ്ങിനെ ഒരാള്‍..അപൂര്‍വ്വ ജന്മ്മം
  സ്മിത മനസ്സില്‍ തട്ടുന്ന പോലെ എഴുതി..അഭിനന്ദനങ്ങള്‍

 3. വളരെ നല്ല ഒരു ലേഖനം ആയിരിന്നു സ്മിത. ഇനിയും എഴുതണം.

  • നന്നായി സ്മിത.ദീദിയെപ്പോലുള്ളവരെക്കുറിച്ച് ഇനിയും എഴുതുക.നന്മയുടെ നാമ്പുകൾ പാടേ ഇല്ലാതായിട്ടില്ലെന്ന് ആശ്വസിക്കാമല്ലോ!

 4. It’s so happened that your article fell into me when I was writing about
  VIRTUE, a residue seldom found as a silver lining amongst people. A real coincidence! Well written tribute to Didi. Keep writing.

 5. ഓര്‍മചിത്രങ്ങളില്‍ ചിലത് കരിന്തിരിയായി കത്തും .എന്നിട്ടും കെടില്ല. വിളക്കിലെ എണ്ണയില്‍ വീര്‍പ്പടക്കി ഞെളിഞ്ഞും പിരിഞ്ഞും കത്തുന്ന തിരിയിലെ തീ നാളങ്ങള്‍ ചുവരില്‍ ചിത്രങ്ങളാകും ….. ! എനിക്കീ വെളിച്ചത്തിലും സ്മിത വരച്ചിട്ട ചിത്രങ്ങള്‍ കാണാന്‍ കഴിയുന്നുണ്ട് . ഈ ഭാഷ അതിനു എന്നെ പ്രാപ്തനാക്കുന്നുണ്ടല്ലോ ……. സ്മിത . നന്ദി

 6. കാരുണ്യത്തിന്റെ നിറകുടമായ മഹീന്ദ്ര ദീദി എല്ലാവര്ക്കും മാതൃകയാവട്ടെ …………….

 7. നന്മ കിനിയുന്നു… സ്മിത കുറിച്ചിട്ട അക്ഷരങ്ങളിലും.. കാലത്ത് തന്നെ മനസ്സ് ആര്ദ്രമാക്കിയത്തിനു നന്ദി..

 8. കണ്ണുനിറ‍ഞ്ഞു േപായി……..ആ കുട്ടിെയ കുറിച്ച് ചി‍ന്തിച്ചു….

 9. നന്മയുടെ അവതാരങ്ങളെ കണ്മുന്നില്നിന്നു കട്ടിതരുന്നതിനു ഒത്തിരി നന്ദി ,കുടുത്തൽ കൃതികള പ്രധീഷിക്കുന്നു ……

Leave a Reply

Your email address will not be published. Required fields are marked *