മരണം ഒരു സൈബര്‍ പ്രതിഭാസമല്ല

 
 
 
ഈ ശനിയാഴ്ച ജ്യോനവന്റെ ഓര്‍മ്മപ്പുസ്തകം പുറത്തിറങ്ങുന്നു.
ആ പുസ്തകത്തിന് പ്രശസ്ത കവി പി.എന്‍ ഗോപീകൃഷ്ണന്‍
എഴുതിയ അവതാരിക

 
 
ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഓണ്‍ലൈന്‍ മലയാളത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒരെഴുത്തുകാരനാവുമായിരുന്നു ജ്യോനവന്‍ എന്ന പേരില്‍ ബ്ലോഗെഴുതിയിരുന്ന നവീന്‍ ജോര്‍ജ്. എഴുത്തിന്റെ സ്വന്തം കരകളിലേക്ക് തുഴഞ്ഞടുക്കുന്നതിനിടയിലാണ് മൂന്നു വര്‍ഷം മുമ്പ് അപ്രതീക്ഷിതമായി മരണം ജ്യോനവനെ തെരഞ്ഞുവന്നത്. വരുംകാലത്തിന്റെ എഴുത്തു വഴികളില്‍ സ്വന്തം മുദ്ര പതിപ്പിക്കാന്‍ ത്രാണിയുള്ള കവിതകളും കുറിപ്പുകളും, വെര്‍ച്വലും അല്ലാത്തതുമായ അനേകം സൌഹൃദങ്ങള്‍ക്കിടയില്‍ ആഴത്തിലുള്ള മുറിവുകളും, തീര്‍ത്ത് ഒരു യാത്ര.

മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ജ്യോനവന്റെ സൃഷ്ടികള്‍ പുസ്തകമാവുകയാണ്. ബ്ലോഗ് ലോകത്തുനിന്നുയിര്‍ത്ത, ജ്യോനവന്റെ കൂട്ടുകാരടങ്ങുന്ന ‘ബുക്റിപ്പബ്ലിക’ എന്ന പ്രസാധന കൂട്ടായ്മയാണ് പുസ്തകം ഒരുക്കുന്നത്. ഈ മാസം 21ന് ശനിയാഴ്ച കോഴിക്കോട് സ്പോര്‍ട്സ് കൌണ്‍സില്‍ ഹാളിലാണ് പ്രകാശന ചടങ്ങ്. അക്ഷരങ്ങളുടെ ഓണ്‍ലൈന്‍ ആകാശങ്ങളില്‍ വീണ്ടും ജ്യോനവന്‍ നിറയുന്ന ആ ദിവസത്തിനു മുന്നോടിയായി നാലാമിടം, ഒരു പാട് സാധ്യതകളുണ്ടായിരുന്ന ആ പ്രതിഭയെ ഓര്‍ക്കുന്നു. ആ ഓര്‍മ്മകളെ വീണ്ടും ഓര്‍ത്തുവെക്കുന്നു

 

 

ഒരു അകാലമരണത്തിനാണ് ഞാന്‍ അവതാരികയെഴുതുന്നത്. അകാലം മാത്രമല്ല, ആകസ്മികവും. അകലങ്ങളില്‍നിന്ന് ഒഴുകിയെത്തിയ ഒരു സൌഹൃദമായിരുന്നു ജ്യോനവന്റേത്. ശരിയായ പേരുപോലുമറിയാത്ത സൌഹൃദം. കാര്യകാരണങ്ങളുടെ എങ്ങോട്ടും വ്യാപിക്കാവുന്ന വല നിവര്‍ത്തിയെറിഞ്ഞിട്ടും ജ്യോനവന്‍ പുറത്തുനില്‍ക്കുന്നു. ആരാണ് അയാളുടെ കൊലയാളി? രോഗമോ ദുരിതമോ അല്ല. വൈരാഗ്യമല്ല. “കറ്റാസ്ട്രോഫി ഈസ് ദി സ്റാറ്റസ് കോ ഓഫ് ഡെവലപ്മെന്റ്’ എന്ന് വാള്‍ട്ടര്‍ ബന്‍യാമിന്റെ വാചകത്തിന്റെ സാധൂകരണം പോലെ ജ്യോനവന്‍ ഉയര്‍ന്നുനില്‍ക്കുന്നു.

വികസനത്തിന്റെ ദുരന്തനായകന്‍. റോഡില്‍ അരഞ്ഞുപോയ അനേകങ്ങളില്‍ ഒരുവനായി. അവരൊക്കെ സാധാരണമട്ടില്‍ മരിച്ചവരായി കാണാന്‍ മാത്രം ലോകം പ്രത്യേകതരത്തില്‍ വളര്‍ന്നിരിക്കുന്നു. പാഞ്ഞുപോകുന്ന മനുഷ്യസംസ്കൃതിക്ക് വളമായവര്‍. വേഗതയുടെ പല്‍ച്ചക്രങ്ങളില്‍ എണ്ണയിട്ടവര്‍. ഇന്നും ഏതു വാഹനത്തിലിരിക്കുമ്പോഴും ഞൊടിയിടെ ജ്യോനവന്‍ ഓര്‍മ്മയില്‍ വരും. ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്തവന്‍. അവന്റെ ഒരു പടമെങ്കിലും കണ്ടത് മരിച്ചതിനുശേഷം.

പി.എന്‍ ഗോപീകൃഷ്ണന്‍


രണ്ടായിരത്തിന്റെ ആദ്യദശകത്തിലെ രണ്ടാം പകുതിയിലാണ് ബ്ളോഗെഴുത്തുകാരുമായി ഞാന്‍ പരിചയം തുടങ്ങുന്നത്. ഒരു പുതിയ സ്ഥലത്തിന്റെ രസവും വിരസതയും അവര്‍ തന്നു. നാട്ടിന്‍പുറത്തെ കൂട്ടായ്മപോലെ അവര്‍ക്കിടയിലെ ജൈവികമായ അടുപ്പത്തെ ഞാന്‍ കണ്ടറിഞ്ഞു. കാറോടിക്കാന്‍ പഠിച്ചപോലെ ബ്ളോഗടിക്കാന്‍ പഠിച്ച എന്നെപ്പോലുള്ളവരുടെ മുന്നില്‍, സ്വാഭാവികമായി ബ്ളോഗില്‍ എത്തിപ്പെട്ടവര്‍ ഒരു വിസ്മയംപോലെ ദൂരത്തുനിന്നു. പലതരം ചേരുവകള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഓരോ മാധ്യമങ്ങളെയും ഗൌരവതരമായി കൈകാര്യം ചെയ്യുന്നവര്‍ മുതല്‍ എല്ലാറ്റിന്റെയും കനംചോര്‍ത്തിക്കളയുന്നവര്‍ വരെ.

പക്ഷെ, കുലീനമെന്നോ മ്ളേച്ഛമെന്നോ വേര്‍പിരിയാതെ അവര്‍ തമ്മില്‍തമ്മില്‍ ഇടപെട്ടു. അപക്വതകളും പക്വതകളും കൂടിക്കലര്‍ന്നു. ധിഷണയും മണ്ടത്തരങ്ങളും കൂട്ടുചേര്‍ന്നു. ചരിത്രഭാരമില്ലാത്ത ഒരു ലോകത്തില്‍ അവര്‍ പാറിനടന്നു. ആ ലോകം അങ്ങനയാണുണ്ടായത്. അത് ദൈവം സൃഷ്ടിച്ചതായിരുന്നില്ല. മനുഷ്യന്‍ സൃഷ്ടിച്ചത്. അത്തരമൊരു അഹന്തയുടെ നിഷ്കളങ്കത്വം അവിടെ സുലഭമായിരുന്നു. ആ ഏദനില്‍നിന്ന് കുടിയിറക്കപ്പെടാന്‍ അവര്‍ക്ക് വിധിയുണ്ടാവില്ല. അങ്ങനെ കുടിയിറക്കാന്‍ അവിടെ ഒരു അധികാരിയുമുണ്ടായിരുന്നില്ല. ഭാഷപോലും അവിടെ ഒരു അധികാരമായിരുന്നില്ല. മൊഴി കീമാനിന്റെ അജ്ഞാത സങ്കലനങ്ങളില്‍ വിരിയുന്ന യന്ത്രപുഷ്പങ്ങള്‍.

ആ ലോകത്തെ, ഞെട്ടിച്ച ഒരു ദുരന്തമായിരുന്നു, ജ്യോനവന്റേത്. എന്നെ സംബന്ധിച്ചിടത്തോളം ആദ്യദുരന്തം. എന്റെ പരിമിതമായ കവിതകള്‍ക്കു കീഴെ മിക്കവാറും വന്നുപോയിരുന്ന പ്രതികരണങ്ങളുടെ കര്‍ത്താവ് എന്നന്നേക്കുമായി ഇല്ലാതായി. ആ ഏദനില്‍നിന്നും ഒരാള്‍ കുടിയിറക്കപ്പെട്ടു. അയാളുടെ ബ്ളോഗ് എന്നന്നേക്കുമായി അടയ്ക്കപ്പെട്ടു. അത് തുറക്കാന്‍ പറ്റാത്തവിധം അടഞ്ഞുപോയി. യഥാര്‍ത്ഥലോകത്തില്‍ മരിച്ചവന്റെ മുറി തുറക്കുംപോലെ, ആ ലോകത്തില്‍ നമുക്കു കയറാന്‍ പറ്റില്ല. കയറണമെങ്കില്‍ത്തന്നെ ആ ലോകത്തെ ഒരു പെരുംപൂട്ടുതകര്‍ക്കലുകാരനാകണം.

ഒരു ലോകം, അയാളുടെ വിയര്‍പ്പുകള്‍, ആലോചനകള്‍, അഭിനിവേശങ്ങള്‍ എല്ലാം വാഗ്രൂപമണിഞ്ഞ ആ ലോകം; നമ്മുടെ കണ്ണുകള്‍ക്കു മുമ്പില്‍ ഒരു ഭൂതകാലമായി. ബ്ളോഗിന്റെ ലോകത്തില്‍ ആദ്യമായി ഒരു ഭൂതകാലം രൂപപ്പെട്ടു. വാസ്തവികലോകത്തിലെ ഭൂതകാലമായിരുന്നില്ല, അത്. ഭൂമിക്കുള്ളില്‍ ഒരു അന്യഗ്രഹം രൂപപ്പെടുംപോലെ അതിവിചിത്രമായ ഒന്ന്. അയാള്‍ ഇപ്പോള്‍ അതുമാത്രമാണ്. നമ്മുടെ കൈവിരലുകളുടെ അറ്റംകൊണ്ട് തൊടാനാകാത്ത ഒരു ലോകമാണയാള്‍. മലയാളം അക്ഷരമാലയിലെ അക്ഷരങ്ങള്‍ തിരിച്ചും മറിച്ചുമിട്ട കുറെ വാക്കുകള്‍. ശീലംകൊണ്ടും ധാരണകൊണ്ടും നാമതിനെ കവിത എന്നു വിളിക്കുന്നു.

 

 

ആത്മനിഷ്ഠകവിതയെ മാരകരോഗം പോലെ വെറുത്തിരുന്ന ഒരാളാണ് ഞാന്‍, ഇപ്പോഴുമതെ. പക്ഷേ, ജ്യോനവന്റെ കാര്യത്തിലെങ്കിലും ആത്മനിഷ്ഠ കവിതയ്ക്ക് സാധുതയുണ്ടായേനെ, എന്ന് മനസ്സ് ഇച്ഛയ്ക്കെതിരെ സംസാരിക്കുന്നു. ആ എഴുതപ്പെട്ട വാക്കുകളെല്ലാം അയാളെപ്പറ്റി തന്നെയായിരുന്നെങ്കില്‍, അയാളിലേക്കുള്ള വഴിചൂണ്ടിയായിരുന്നെങ്കില്‍ ഒരു കണ്ണാടിയിലെന്നവണ്ണം, അയാളെ നമുക്കെല്ലാം കാണാമായിരുന്നു. നമ്മുടെ കാലത്ത്, മരണം ഓര്‍മ്മപോലും അവശേഷിപ്പിക്കുന്നില്ല. കാണാതെയുള്ള അടുത്ത പരിചയങ്ങള്‍, ഹൃദയത്തെ മാന്തിക്കീറുന്ന അനുഭവങ്ങളായി വിയോഗത്തില്‍ മാറും എന്ന് ജ്യോനവന്‍ നമ്മെ പഠിപ്പിച്ചു.

ലോകത്തിലെ എന്തോ ഒന്ന് ജ്യോനവനോടും നമ്മോടും നീതി കാട്ടിയില്ല. ദയ എന്ന വാക്കിനേക്കാള്‍ നീതി എന്ന വാക്കിന് ആഴവും മുഴക്കവും ഏറും. അത് മരണമാണെങ്കില്‍ നമ്മുടെ കാലത്തെ ഏറ്റവും നീതിരഹിതമായ വാക്കിന്റെ പേരാണത്. അത് കാല്പനികമായ ഒന്നല്ല. ഇടപ്പള്ളി ആത്മഹത്യ ചെയ്തതല്ല. മറിച്ച് ക്രൂരമായ കൊലപാതകത്തിന് ഇരയാവുകയായിരുന്നു, എന്ന് അക്കാലം കടന്നുവന്ന ഒരു ജ്ഞാനവൃദ്ധന്‍ എന്നോടു പറഞ്ഞുതന്ന ആ ദിവസം ഇന്നും ഉള്ളില്‍ കിടുകിടുക്കുന്നു. യാഥാര്‍ത്ഥ്യമായേക്കാവുന്ന ഒരു ശ്രുതിയെപ്പറ്റിയാണ് അദ്ദേഹം പറഞ്ഞത്. ആ രാത്രി ഇടപ്പള്ളിയെ സൂക്ഷിച്ചിരുന്ന രൂപക്കൂടിന്റെ ചില്ലുകള്‍ തകര്‍ന്നുവീണു. ആ പ്രതിമ മഴയും വെയിലും കൊണ്ടു. നിറക്കൂട്ടുകള്‍ പിടിപ്പിച്ച ആ പ്രതിമയുടെ ഉള്ള് നീതി നീതി എന്നലറിവിളിച്ചു. ‘മണിമുഴക്കം, മരണദിനത്തിന്റെ മണിമുഴക്കം’ എന്ന കവിതയേക്കാള്‍ ‘കാട്ടാറിന്റെ കരച്ചില്‍’ പ്രധാനപ്പെട്ടതായി.

പുഴു പോലെ ജീവിച്ച് പുഴുപോലെ മരിക്കേണ്ടിവന്ന ഒരു കവിയെ റൊമാന്റിക് ഔട്ട്സൈഡറാക്കിയ കെ.പി.അപ്പനോടരിശംവന്നു. ശരിയായിരിക്കാം. അത് ഒരു ആത്മഹത്യ തന്നെയായിരിക്കാം. പക്ഷെ, ആ ആത്മഹത്യയുണ്ടാക്കിയ സൌന്ദര്യശാസ്ത്രപരമായ ഒരു കുരുക്കില്‍നിന്നും ഒരു നിമിഷം പുറത്തുചാടി തിരിച്ചെത്തുമ്പോള്‍ ലോകം മാറുന്നു. മരണം നിരവധി വര്‍ണ്ണത്തൂവലുകളുള്ള പക്ഷിയല്ല, അവിടെ. അതൊരു ബ്ളാക്ക്ഹോള്‍ ആണ്. നീതിയില്ലാത്ത ഇടം. ജ്യോനവന്‍ അവിടെ എത്തിപ്പെടുകയായിരുന്നു. നമ്മുടെ വികസന സങ്കല്പങ്ങള്‍, വേഗതയെക്കുറിച്ചുള്ള കാല്പനികതകള്‍ ജ്യോനവനെ അവിടെയെത്തിച്ചു. തികച്ചും കാലപ്നികരഹിതമായ ഒരു മരണം.

ഇത്തരം കാല്പനികരഹിതമായ മരണങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്. ഫേസ്ബുക്കില്‍ മുന്‍ജന്മങ്ങളെപ്പറ്റി പറഞ്ഞുതരുന്നു എന്ന വ്യാജേനയുള്ള കൌതുകങ്ങളിലൊന്നില്‍, തലയിടുന്ന സുഹൃത്തുക്കളുടെ പൂര്‍വ്വജന്മം പട്ടികവല്‍ക്കരിച്ചത് ഇടയ്ക്കിടെ ഹോംപേജില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതിലൂടെ കടന്നുപോകുമ്പോള്‍ എന്നെ ഞെട്ടിക്കുന്ന ഒരു വസ്തുത, അതിലെ മരണങ്ങളെല്ലാം കത്തികൊണ്ടോ തോക്കുകൊണ്ടോ മലയിടുക്കില്‍ വീണോ ഒക്കെയാണ്. എല്ലാം അപകടമരണങ്ങള്‍ക്കുമാത്രം കൊത്തിയെടുക്കാന്‍ കഴിയുന്ന ജീവത്സ്വരൂപമായി മനുഷ്യനെ സങ്കല്പിക്കാന്‍ മാത്രമേ ഇന്നിനു കഴിയൂ.

ഓരോ മനുഷ്യനും ഏതു നിമിഷവും പിരിഞ്ഞുപോകാവുന്ന സാധ്യതയായാണോ നമ്മുടെ മുന്നില്‍ നില്‍ക്കുന്നത്? ഇത് മരണത്തെപ്പറ്റിയുള്ള പഴയ പേടിയല്ല. പുതിയ പേടിയാണ്. പഴയ മരണങ്ങള്‍ക്ക് ഈ സമസ്യയെ ചുരുളഴിക്കാനാവില്ല. പുതിയ മരണം, ശാന്തമല്ല. അതൊരു നീതികേടാണ്. ആ നീതികേടിനെതിരെ പൊരുതാന്‍ ജ്യോനവന്റെ സുഹൃത്തുക്കള്‍ ശ്രമിച്ചതിന്റെ നിദര്‍ശനമാണ് ഈ പുസ്തകം. ഇതിലെ കവിതകളെക്കുറിച്ചെങ്കിലും പറയാന്‍ ഞാന്‍ അശക്തനാണ്. ആ മരണം ദിനം ചെല്ലുംതോറും അതിന്റെ സമസ്യകള്‍ കൂടുതല്‍ കൂടുതല്‍ വിരിച്ചിടുമ്പോള്‍.

One thought on “മരണം ഒരു സൈബര്‍ പ്രതിഭാസമല്ല

  1. enne thottu kadannu povuna oruvan! ee blog……ee mukham………..manju poyikazhinjanallo njan thiranju thudangiyath? peythozhinjittanallo njaan aaa thanuppu arinjath!

Leave a Reply

Your email address will not be published. Required fields are marked *