ജ്യോനവന്‍: വിഷാദം കൊത്തിയ പറവ

 
 
 
ജ്യോനവന്‍ ഓര്‍മ്മ.
സിമി നസ്രത്ത് എഴുതുന്നു

 
 

ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഓണ്‍ലൈന്‍ മലയാളത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒരെഴുത്തുകാരനാവുമായിരുന്നു ജ്യോനവന്‍ എന്ന പേരില്‍ ബ്ലോഗെഴുതിയിരുന്ന നവീന്‍ ജോര്‍ജ്. എഴുത്തിന്റെ സ്വന്തം കരകളിലേക്ക് തുഴഞ്ഞടുക്കുന്നതിനിടയിലാണ് മൂന്നു വര്‍ഷം മുമ്പ് അപ്രതീക്ഷിതമായി മരണം ജ്യോനവനെ തെരഞ്ഞുവന്നത്. വരുംകാലത്തിന്റെ എഴുത്തു വഴികളില്‍ സ്വന്തം മുദ്ര പതിപ്പിക്കാന്‍ ത്രാണിയുള്ള കവിതകളും കുറിപ്പുകളും, വെര്‍ച്വലും അല്ലാത്തതുമായ അനേകം സൌഹൃദങ്ങള്‍ക്കിടയില്‍ ആഴത്തിലുള്ള മുറിവുകളും, തീര്‍ത്ത് ഒരു യാത്ര.

മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ജ്യോനവന്റെ സൃഷ്ടികള്‍ പുസ്തകമാവുകയാണ്. ബ്ലോഗ് ലോകത്തുനിന്നുയിര്‍ത്ത, ജ്യോനവന്റെ കൂട്ടുകാരടങ്ങുന്ന ‘ബുക്റിപ്പബ്ലിക’ എന്ന പ്രസാധന കൂട്ടായ്മയാണ് പുസ്തകം ഒരുക്കുന്നത്. ഈ മാസം 21ന് ശനിയാഴ്ച കോഴിക്കോട് സ്പോര്‍ട്സ് കൌണ്‍സില്‍ ഹാളിലാണ് പ്രകാശന ചടങ്ങ്. അക്ഷരങ്ങളുടെ ഓണ്‍ലൈന്‍ ആകാശങ്ങളില്‍ വീണ്ടും ജ്യോനവന്‍ നിറയുന്ന ആ ദിവസത്തിനു മുന്നോടിയായി നാലാമിടം, ഒരു പാട് സാധ്യതകളുണ്ടായിരുന്ന ആ പ്രതിഭയെ ഓര്‍ക്കുന്നു. ആ ഓര്‍മ്മകളെ വീണ്ടും ഓര്‍ത്തുവെക്കുന്നു

 

 

ജ്യോനവന്റെ കവിതകള്‍ നിറയെ സങ്കടങ്ങളാണ്. വിഷാദത്തിന്റെ ഇരുള്‍ വീണ കവിതകളാണ് കൂടുതലും. തൊടാന്‍ പറ്റാത്ത അകലങ്ങളെപ്പറ്റിയുള്ള വിഷമങ്ങള്‍, കൊഴിഞ്ഞുപോയവയെപ്പറ്റിയുള്ള വിഷമങ്ങള്‍, വിഷാദത്തിന്റെ അറ്റമായ നിര്‍മ്മമതയും മരണവും അവന്റെ കവിതകളില്‍ പലപ്പൊഴും കയറിവരുന്നു. കവിതകള്‍ വായിക്കുമ്പോള്‍ പലപ്പൊഴും ജ്യോനവനു ഒരു കൊട്ട് വെച്ചു കൊടുക്കാന്‍ തോന്നുന്നു, അവനെ ചീത്തവിളിക്കാന്‍ തോന്നുന്നു, ചിലപ്പോള്‍ കൊള്ളാമെടാ എന്നു പറയാന്‍ തോന്നുന്നു. ജ്യോനവന്‍ എഴുതിയത് ജീവനുള്ള കവിതകളാണ്- സിമി നസ്രത്ത് എഴുതുന്നു
 
 

ജ്യോനവന്റെ കവിതകള്‍ ഞാന്‍ വായിച്ചിരുന്നില്ല. ഏതാനും തവണ അവന്റെ ബ്ലോഗില്‍ (pottakkalam.blogspot.com) എത്തിപ്പെട്ടിട്ടുണ്ടെങ്കിലും കവിത മനസിലാവാതെ തിരിച്ചുപോരാറാണ് പതിവ്. എനിക്ക് ഒറ്റവായനയില്‍ മനസിലാവുന്ന, സൗന്ദര്യാനുഭവം തരുന്ന സൃഷ്ടികളാണിഷ്ടം, അതുകൊണ്ട് കൂടുതലും കവിതകള്‍ വായിക്കാറില്ല. എന്റെ ബ്ലോഗില്‍ ഞാനെഴുതിയ കഥകള്‍ ജ്യോനവനും വായിച്ചിരുന്നില്ല. ഒരു കഥയിലോ മറ്റോ ആണ് അവന്റെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരു കുറിപ്പു കണ്ടത്. അവനുമായി മെയിലയയ്ക്കുകയോ ചാറ്റ് ചെയ്യുകയോ ഫോണ്‍ വിളിക്കുകയോ ചെയ്തിട്ടില്ല. പരസ്പരം മുറിച്ചുകടക്കാത്ത പാളങ്ങളായിരുന്നു ഞങ്ങള്‍ .

ജ്യോനവന്റെ ലോകവും എന്റെ ലോകവും വെവ്വേറെയായിരുന്നെങ്കിലും ഞങ്ങള്‍ക്ക് പൊതുവായി ഒരു ഭൂമികയുണ്ടായിരുന്നു, മലയാളം ബ്ലോഗ് വസന്തത്തിന്റെ തട്ടകം. വലിയ സൗഹൃദങ്ങളുള്ളവരോടൊപ്പം തന്നെ ഉള്ളാലെ ഒതുങ്ങിയും അധോന്മുഖമായും ജീവിക്കുന്ന ഒറ്റയാന്മാരും സഭാകമ്പമില്ലാതെ തങ്ങളുടെ മനസു തുറന്ന ലോകമായിരുന്നു മലയാളം ബ്ലോഗ്.

സിമി നസ്രത്ത്


പലരും ഒതുങ്ങിപ്പോവുന്നത് അവര്‍ പറയുന്നത് മറ്റുള്ളവര്‍ക്കു മനസിലാവാത്തതുകൊണ്ടാണ്. തനിക്ക് ഇഷ്ടപ്പെടുന്ന ഈണങ്ങള്‍ മറ്റൊരാള്‍ക്ക് ഇമ്പമല്ലാതെ വരുമ്പോള്‍ , തനിക്കിഷ്ടമുള്ള പുസ്തകങ്ങളോ സിനിമകളോ മറ്റൊരാള്‍ക്ക് ഇഷ്ടമല്ലാതെ വരുമ്പോള്‍ അന്തര്‍മുഖര്‍ ഉരുവം കൊള്ളുന്നു. പക്ഷേ ഇവരും ബ്ലോഗില്‍ വരുമ്പോള്‍ തന്റെ അതേ ആവൃത്തിയില്‍ സ്പന്ദിക്കുന്ന മനസുകളെ കണ്ടെത്തുന്നു, അവര്‍ കുവൈറ്റിലോ കൊറിയയിലോ തെക്കേ ആഫ്രിക്കയിലോ ഗള്‍ഫിലോ ആകാം. എവിടെയായിരുന്നാലും അവര്‍ പരസ്പരം വാക്കുകളിലൂടെ തൊടുന്നു. സ്വന്തം അനുഭവങ്ങളും എഴുത്തുകളും മറ്റൊരാള്‍ ആസ്വദിക്കുന്നു എന്ന് പ്രകടമായി അറിഞ്ഞ് പങ്കുവെയ്ക്കുന്ന ഒരു ലോകമായിരുന്നു മലയാളം ബ്ലോഗ്. അവിടെ ഓരോരുത്തരും സ്വന്തം തരക്കാരെ കണ്ടെത്തി, ബ്ലോഗ് ലോകത്തെ കൂട്ടായ്മയുടെ ഒരു ഉല്‍സവമാക്കിയെടുത്തു.

ബ്ലോഗ് എന്ന ഈ നവ്യാനുഭവം വിവാഹങ്ങളിലും (രണ്ട് ബ്ലോഗര്‍മാര്‍ തമ്മിലുള്ള വിവാഹം പത്രങ്ങള്‍ വരെ ആഘോഷിച്ചു) ആള്‍ക്കൂട്ടങ്ങള്‍ രൂപം കൊള്ളുന്നതിലും ചില കുടുംബ കലഹങ്ങളിലും വരെ ചെന്നെത്തി. ഒരുപാട് ഗൃഹാതുരത്വവും നൊമ്പരങ്ങളും പങ്കുവെയ്ക്കപ്പെട്ടു, അവനവന്‍ പ്രസാധനത്തിന്റെ ഈ നവലോകത്ത് പലരും കഥകളും കവിതകളും നിരൂപണങ്ങളും ഉള്‍പ്പെടെ തങ്ങളുടെ സര്‍ഗ്ഗ സൃഷ്ടികള്‍ പങ്കുവെച്ചു, അവരില്‍ , സ്വന്തം കൂട്ടത്തെ കണ്ടെത്തിയ ഒരധോമുഖനായിരുന്നു ജ്യോനവന്‍.

ജ്യോനവന്‍
കൂട്ടുകാരില്‍ ആരോ ഒരാള്‍ വന്ന് ജ്യോനവന്‍ ഒരു അപകടത്തില്‍പ്പെട്ട് മരണാസന്നനായി കുവൈറ്റിലെ ഒരു ആശുപത്രിയില്‍ കിടക്കുന്നു എന്നു പറയുന്നതു വരെ നവീന്‍ ജോര്‍ജ്ജിനെ എനിക്കറിയില്ലായിരുന്നു. നവീന്‍ ജോര്‍ജ്ജ് എന്ന പേര് മിക്കവര്‍ക്കും അറിയില്ലായിരുന്നു – പരസ്പരം ഫോണ്‍ വിളിച്ചും ചാറ്റിലും ഞങ്ങള്‍ പലരും വെകിളിപിടിച്ച് അവന്റെ അഡ്രസ് തിരക്കി, വാര്‍ത്ത സ്ഥിരീകരിക്കാന്‍ ശ്രമിച്ചു. ഒരു ദിവസത്തെ ശ്രമത്തിനു ശേഷമാണെന്നു തോന്നുന്നു, കാസര്‍ഗോഡുള്ള അവന്റെ വീട്ടിലെ കോണ്ടാക്ട് കിട്ടിയതും അവന്റെ അനിയനെ വിളിച്ച് വിവരങ്ങള്‍ സ്ഥിരീകരിച്ചതും. ഒരുപാട് പ്രാര്‍ത്ഥനകളുടെ നടുവില്‍ കുവൈറ്റിലെ ഒരു ആശുപത്രിയില്‍ നവീന്‍ ജോര്‍ജ്ജ് ശ്വസ്സിക്കുന്നത് നിറുത്തി.

ഒരാളുടെ എഴുത്ത് അയാളുടെ കയ്യൊപ്പാണ്. എത്രതന്നെ വേഷം കെട്ടിയാലും അയാളുടെ അക്ഷരങ്ങള്‍ അയാളെ ഒറ്റുകൊടുക്കുന്നു, അയാളുടെ ചിന്തകളും വികാരങ്ങളും അക്ഷരങ്ങളില്‍ തുളുമ്പിവീഴുന്നു. ഈ നീണ്ടകാലത്തിനു ശേഷം പുസ്തകം ചിട്ടപ്പെടുത്താന്‍ വേണ്ടി ജ്യോനവന്റെ കവിതകള്‍ വായിക്കുമ്പോള്‍ നവീന്‍ ജോര്‍ജ്ജ് എന്ന മനുഷ്യന്‍ എന്റെ മുന്നില്‍ തുളുമ്പി വരുന്നു. അധികം സംസാരിക്കാത്ത, ഒരുപാട് നേരം തനിയേ ഇരിക്കുന്ന ഒരു മനുഷ്യന്‍.

 

 
വിഷാദത്തിന്റെ ഇരുള്‍ വീണ കവിത
ജ്യോനവന്റെ കവിതകള്‍ നിറയെ സങ്കടങ്ങളാണ്. വിഷാദത്തിന്റെ ഇരുള്‍ വീണ കവിതകളാണ് കൂടുതലും. തൊടാന്‍ പറ്റാത്ത അകലങ്ങളെപ്പറ്റിയുള്ള വിഷമങ്ങള്‍, കൊഴിഞ്ഞുപോയവയെപ്പറ്റിയുള്ള വിഷമങ്ങള്‍, വിഷാദത്തിന്റെ അറ്റമായ നിര്‍മ്മമതയും മരണവും അവന്റെ കവിതകളില്‍ പലപ്പൊഴും കയറിവരുന്നു. കവിതകള്‍ വായിക്കുമ്പോള്‍ പലപ്പൊഴും ജ്യോനവനു ഒരു കൊട്ട് വെച്ചു കൊടുക്കാന്‍ തോന്നുന്നു, അവനെ ചീത്തവിളിക്കാന്‍ തോന്നുന്നു, ചിലപ്പോള്‍ കൊള്ളാമെടാ എന്നു പറയാന്‍ തോന്നുന്നു. ജ്യോനവന്‍ എഴുതിയത് ജീവനുള്ള കവിതകളാണ്.

കവിതകളിലേയ്ക്കൊരു പഠനത്തിനു പറ്റിയ ആളല്ല ഞാന്‍, അതിലേയ്ക്കു കടക്കാതെ തന്നെ – ജ്യോനവനും നവീന്‍ ജോര്‍ജ്ജും രണ്ട് സ്വത്വങ്ങളാണെന്ന് പറഞ്ഞുകൊള്ളട്ടെ.

എഴുത്തുകാരനു മരണമില്ല, എഴുത്തുകാരന്‍ ജീവിക്കുന്നത് അവന്റെ കൃതികളിലൂടെയാണ്. ഒരു ക്രൈം ത്രില്ലര്‍ വായിക്കുമ്പോള്‍, ഒരു ക്ലാസിക്ക് വായിക്കുമ്പോള്‍, പഴയ ഒരു പ്രേമഗാനം കേള്‍ക്കുമ്പോള്‍ – അതിന്റെ സൃഷ്ടാവ് നമ്മോടു മിണ്ടുന്നു. സ്രഷ്ടാവിന്റെ നിലനില്‍പ്പ് അവന്‍ സൃഷ്ടിച്ചവയിലൂടെയാണ്. ആസ്വാദകന്‍ ഒരു കൃതിയുടെ സ്രഷ്ടാവിനെ അറിയുന്നത് അയാളുടെ സൃഷ്ടികളിലൂടെയാണ്. ജ്യോനവന്റെ കവിതകള്‍ക്ക് വായനക്കാരുള്ളിടത്തോളം ജ്യോനവന്‍ എന്ന തൂലികാനാമവും നാമധാരിയും ജീവിക്കുന്നു.

നവീന്‍ ജോര്‍ജ്ജ് മണ്മറഞ്ഞു, എങ്കിലും അയാള്‍ സൃഷ്ടിച്ച തൂലികാനാമം; ശൂന്യതയില്‍ കൈവീശി ഒരു പറ്റം കറുത്ത കാക്കകളെ സൃഷ്ടിച്ച മാന്ത്രികനെപ്പോലെ അവന്‍ സൃഷ്ടിച്ച കവിതകള്‍ – അവ അല്പം ദു:ഖം മുറ്റിയ പക്ഷികളായി കുറുകിക്കൊണ്ട് നമുക്കു ചുറ്റും പറന്നുയരുന്നു, വരികളായി വീണ് അച്ചടിമഷി പുരളുന്നു, വായനക്കാരുടെ കൈകളിലെത്തുന്നു, അവനെ വായിക്കുന്ന നമ്മളില്‍ പലരും അവന്റെ അതേ ആവൃത്തിയില്‍ തുടിച്ച് നിശ്വസിക്കുന്നു, ജ്യോനവന്‍ എന്ന മാന്ത്രികന്‍ അവരെനോക്കി പുഞ്ചിരിക്കുന്നുണ്ടാവണം.

പുസ്തക പ്രസാധനം കോഴിക്കോട് മാനാഞ്ചിറ മൈതാനത്തിനടുത്തുള്ള സ്പോര്‍ട്ട്സ് അക്കാദമി ഹാളിലാണ്. മറഞ്ഞുപോയ ഒരു വിഷാദിയുടെ ഓര്‍മ്മ പുതുക്കലിനോടൊപ്പം തന്നെ അവന്റെ കവിതകളുടെ ആഘോഷവുമാണ് ഈ ചടങ്ങ്. വരൂ, അവനെ വായിക്കൂ.

3 thoughts on “ജ്യോനവന്‍: വിഷാദം കൊത്തിയ പറവ

  1. നവീന്‍, ജ്യോനവന്‍ തന്നെ ആയിരുന്നു.. വിഷാദമായിരുന്നു സ്ഥായിഭാവം. അതിനുള്ളില്‍ എന്നും ഒരു സൗമ്യത എന്നും നിലനിര്‍ത്തിയിരുന്നു… എന്ന് മാത്രം. എന്നും തന്‍റേതായ ലോകത്തില്‍ ആരെയും അധികം ബുദ്ധിമുട്ടിക്കാതെ ശാന്തമായി കഴിഞ്ഞിരുന്ന നവീന്‍ തന്‍റെ വിങ്ങലുകളെ പുറത്തെത്തിക്കാന്‍ കണ്ടിരുന്ന മുഖം മൂട്ടിയാണ് ജ്യോനവന്‍ എന്ന് മാത്രം. എന്തായിരുന്നു ആ വിങ്ങലുകല്ക് അടിസ്ഥാനം എന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ ഞാന്‍ ആളല്ല..
    എന്നാലും ഒന്നുറപ്പ്, ഒന്നും അവന്‍റെ കുറവുകൊണ്ടായിരുന്നല്ല എന്ന് മാത്രം ഉറപ്പ്‌.

  2. നന്നായി എഴുതിയിരിക്കുന്നു സിമി,

    ഞാനും ജോനവനെ വായിച്ചിട്ടില്ല. കവിത എനിക്കു വഴങ്ങുന്ന ഒരു വകുപ്പല്ല എന്നറിയാവുന്നതുകൊണ്ട്, കവിതകൾ തള്ളിവിടുകയാണ് ചെയ്യാറ്.

    ജോനവനെ കുറിച്ച് വായിച്ചപ്പോൾ എനിക്കു തോന്നിയത്, അങ്ങനെയാണ്, നമ്മുടെ സമൂഹം,- ഉള്ള കഴിവുകളെ ആരും അംഗീകരിക്കില്ല, കാശുണ്ടാക്കാൻ അതുപകരിക്കില്ലെങ്കിൽ. ‘നന്നായിരിക്കുന്നു’ എന്നൊന്നു പറഞ്ഞാൽ, മനസിന്റെ ചിന്തകൾ മാറും, അല്ലെങ്കിൽ അവർ അന്തർമുഖരാകും,

    ഇന്നത്തെ പ്രകാശനത്തിന് എല്ലാ ആശംസ്കളൂം.

Leave a Reply

Your email address will not be published. Required fields are marked *