ജ്യോനവന്റെ ഡയറിക്കുറിപ്പുകള്‍

 
 
 
ജ്യോനവന്റെ ഡയറിക്കുറിപ്പുകള്‍
 
 
ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഓണ്‍ലൈന്‍ മലയാളത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒരെഴുത്തുകാരനാവുമായിരുന്നു ജ്യോനവന്‍ എന്ന പേരില്‍ ബ്ലോഗെഴുതിയിരുന്ന നവീന്‍ ജോര്‍ജ്. എഴുത്തിന്റെ സ്വന്തം കരകളിലേക്ക് തുഴഞ്ഞടുക്കുന്നതിനിടയിലാണ് മൂന്നു വര്‍ഷം മുമ്പ് അപ്രതീക്ഷിതമായി മരണം ജ്യോനവനെ തെരഞ്ഞുവന്നത്. വരുംകാലത്തിന്റെ എഴുത്തു വഴികളില്‍ സ്വന്തം മുദ്ര പതിപ്പിക്കാന്‍ ത്രാണിയുള്ള കവിതകളും കുറിപ്പുകളും, വെര്‍ച്വലും അല്ലാത്തതുമായ അനേകം സൌഹൃദങ്ങള്‍ക്കിടയില്‍ ആഴത്തിലുള്ള മുറിവുകളും, തീര്‍ത്ത് ഒരു യാത്ര.

മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ജ്യോനവന്റെ സൃഷ്ടികള്‍ പുസ്തകമാവുകയാണ്. ബ്ലോഗ് ലോകത്തുനിന്നുയിര്‍ത്ത, ജ്യോനവന്റെ കൂട്ടുകാരടങ്ങുന്ന ‘ബുക്റിപ്പബ്ലിക’ എന്ന പ്രസാധന കൂട്ടായ്മയാണ് പുസ്തകം ഒരുക്കുന്നത്. ഈ മാസം 21ന് ശനിയാഴ്ച കോഴിക്കോട് സ്പോര്‍ട്സ് കൌണ്‍സില്‍ ഹാളിലാണ് പ്രകാശന ചടങ്ങ്. അക്ഷരങ്ങളുടെ ഓണ്‍ലൈന്‍ ആകാശങ്ങളില്‍ വീണ്ടും ജ്യോനവന്‍ നിറയുന്ന ആ ദിവസത്തിനു മുന്നോടിയായി നാലാമിടം, ഒരു പാട് സാധ്യതകളുണ്ടായിരുന്ന ആ പ്രതിഭയെ ഓര്‍ക്കുന്നു. ആ ഓര്‍മ്മകളെ വീണ്ടും ഓര്‍ത്തുവെക്കുന്നു

 

 

ജീവിതത്തെക്കുറിച്ചും എഴുത്തിനെക്കുറിച്ചും ജീവിക്കുന്ന ലോകത്തെക്കുറിച്ചും ആഴമുള്ള നിരീക്ഷണങ്ങളുണ്ടായിരുന്നു ജ്യോനവന്. അതിന്റെ മിന്നല്‍ കാണാം, ഈ ഡയറിക്കുറിപ്പുകള്‍. മരണശേഷം സുഹൃത്തുക്കള്‍ ചേര്‍ന്ന് ജ്യോനവന്റെ അനുഭവക്കുറിപ്പുകള്‍ എന്ന പേരില്‍ തുടങ്ങിയ ബ്ലോഗില്‍ (http://jyonavan.blogspot.in/) പ്രസിദ്ധീകരിച്ചതാണ് ഈ ഡയറിക്കുറിപ്പുകള്‍.
 
 
 
എഴുത്തുകാരനാവണമെന്നാണ് എന്റെ ഏറ്റവു൦ വലിയ ആഗ്രഹ൦
 
 
12 july 2003
ഈ ഡയറി തീ൪ത്തു൦ സ്വകാര്യമാണ്. ഇതെന്റെ കാലശേഷ൦ വായിക്കപ്പെടേണ്ടതാകുന്നു. ഞനെന്റെ വീക്ഷണങ്ങള്‍ തൊട്ടുതൊട്ട് ഹ്രിദയത്തില്‍ തൊട്ട് എഴുതാ൯ ശ്രമിക്കുകയാണ്. ഒരു എഴുത്തുകാരനാവണമെന്നാണ് എന്റെ ഏറ്റവു൦ വലിയ ആഗ്രഹ൦. എന്നാല്‍ എന്റെ ഭാഷ തീരെ നന്നല്ല, അതിന് കാബില്ല. അത് പൊട്ട തന്നെ. അത് നന്നക്കിയെടുക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. കാരണ൦ ഞാനൊരു കുഴിമടിയനാണ്.

എഴുത്തുകാരനെന്നാല്‍ ചെറുത്
തീരെ ചെറുത്.
ഒരു മൂന്നാ൦ കിടയെങ്കിലു൦!!
അതിനായ് ഞാ൯ ദിനവു൦ പ്രാ൪ത്ഥിക്കുന്നു.

 
 
 
ജലവിതാനമെന്നത്
എന്റെ മിഥ്യാ സങ്കല്പമല്ല

 
 
9 June 2004

ചില കാര്യങ്ങള്‍ ഞാന്‍ വളരെ പ്രാധാന്യത്തോടെയാണ്‌ കാണുന്നത്.
ജീവിത ബന്ധങ്ങളെ ഞാന്‍ അഴകോടെയാണ്‌ വീക്ഷിക്കുന്നത്.
എന്നിട്ടും (ഞാനെന്ന്) അഹങ്കരിക്കാത്തവര്‍ക്ക്
ജീവിതമില്ലെന്ന് അവരെന്നോടു പറഞ്ഞു.
ദേശത്തിലുള്ള അഹങ്കാരം..
വസ്തുക്കളിലുള്ളത്..

കഴുത്തിരിക്കുന്നിടത്തേയ്ക്ക് ജലവിതാനം ഉയരുമ്പോള്‍
നാം എന്തിനെക്കുറിച്ചാണ്‌ വ്യാകുലപ്പെടുന്നത്.
നമ്മുടെ കാലുകള്‍ സ്വതന്ത്രമല്ലല്ലോ.
അതു മറ്റുള്ളവരോടുള്ള വിശ്വാസത്തിന്റെ തടങ്കല്‍ പാളയങ്ങളില്‍ കെട്ടപ്പെട്ടിരിക്കുകയല്ലേ?
ജലവിതാനത്തെ ഭയന്ന് നമ്മള്‍ ഉയരാന്‍ ശ്രമിക്കുകയാണ്‌.
അതിനു ഒരിക്കലും കഴിയാറില്ലല്ലോ?

അപ്പോഴും നാം കാണാന്‍ വിധിക്കപ്പെടുകയല്ലേ…

നിസ്സഹായരായി ജലവിതാനത്തോട് പൊരുതി ചീഞ്ഞളിഞ്ഞ് കെട്ടുകളില്‍ നിന്ന് വേര്‍പെട്ട
നമ്മുടെ മുഖത്തേയ്ക്ക് ഒഴുകിയടുക്കുന്ന ശവങ്ങളെ.
അതു കണ്ട് കണ്‍നിറഞ്ഞ്, ശ്വസിച്ച് നാമും മരിക്കുന്നു.

ജലവിതാനമെന്നത് എന്റെ മിഥ്യാ സങ്കല്പമല്ല.
സ്പഷ്ടമായ ചിന്തയുടെ ഫലമാണ്‌.
 
 
 

 
 
 
ഞാന്‍ താഴേക്കു വിതയ്ക്കുന്നു. കൊയ്യുന്നു
 
 
29 മെയ്‌ 2004
ഇന്നലെകളുടെ ദൂരപരിധിയില്ലാത്ത സഞ്ചാരത്തില്‍
അലംഘനീയ നിയമങ്ങളുടെ വീര്‍പ്പുമുട്ടലുകളായിരുന്നു.
ഇന്നലെ, ഇന്ന്, ഇനി നാളെ.
എവിടെയോ ഉത്കണ്ട്ഃകളുടെ ഭാരം തകര്‍ത്തു കളിക്കുന്നു.
പരിക്ഷീണതയ്ക്ക് അറുതിയില്ല, അയവില്ല.
ശാലിനി പറഞ്ഞതു പോലെ ശരിക്കുമൊരു ഗാന്ധി.

ആലിയ ലോഡ്ജിനു മുകളില്‍ കോണ്‍ക്രീറ്റ്.
ഞാനവിടെ സൂപ്പര്‍ വൈസര്‍.
ചെറിയ തലവേദന.

ഞാന്‍ താഴേക്കു വിതയ്ക്കുന്നു. കൊയ്യുന്നു.
ഫലം കാഴ്ചകളായിരുന്നു.
‘ഹസ്തരേഖാ ശാസ്ത്രം’
അവിടെ കൂടിക്കിടന്ന ചപ്പുചവറുകള്‍ക്കു മുന്‍പിലേയ്ക്ക് ഒരു ബാനര്‍ ഉയരുകയായിരുന്നു.
വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, ആയുസ്സ്, വിവാഹം, പ്രേമം.
അതു വായിച്ചുകൊണ്ടിരിക്കെ എന്നില്‍ ഒരു കഥ വിരിഞ്ഞു വന്നു.
 
 
 

പത്തു വര്‍‍‌ഷത്തിനുള്ളില്‍ നിങ്ങള്‍
വലിയൊരു പൊസിഷനിലെത്തും

 
 
20 മെയ് 2004
വെറുതെയിരുന്നപ്പോള്‍ ഞാന്‍ ഒരു കഥയെഴുതി തീര്‍ത്തു.
“മാലാഖ” യെന്ന് അതിന് പേരിട്ടു.
നാളെ പകര്‍ത്തിയെഴുത്ത് തുടങ്ങണം.
ദേവരാജന്‍സാര്‍‍ കഥ വായിച്ചു.
നല്ല അഭിപ്രായം പറഞ്ഞു.
നാരായണനോട് കഥയുടെ സാരാംശം പറയുകയും ചെയ്തു.
അവനും അതിഷ്ടപ്പെട്ടു.
അങ്ങനെയിരിക്കെയാണ് ദേവരാജന്‍സാറിന്റെ പ്രവചനം വന്നത്.
അദ്ദേഹം എന്റെ കാല്‍ സസൂക്ഷ്മം വീക്ഷിച്ചു.
“വെച്ചടി കയറ്റമാ”.
സന്തോഷം. പക്ഷെ പുളു.
“അല്ലെങ്കില്‍ എഴുതി വച്ചോ ഞാന്‍‌ പയുന്നത് സംഭവിച്ചിരിക്കും.”
ഞാന്‍‌‍ ചിരിച്ചു.
“നിങ്ങളില്‍ ഒരുപാട് ലക്ഷണങ്ങളുണ്ട്. പത്തു വര്‍‍‌ഷത്തിനുള്ളില്‍ നിങ്ങള്‍ വലിയൊരു പൊസിഷനിലെത്തും.”
എവിടുന്ന്?
“സാഹിത്യത്തിലൂടെയൊക്കെ നിങ്ങളൊരുപാട് വളരും.”
സന്തോഷം. മുഖസ്തുതിയാണെങ്കിലും!
അനന്തരം ഞങ്ങള്‍ ബഷീറിന്റെ കല്യാണത്തിനു പോയി.
നായനാര്‍ മരിച്ചതു കാരണം ഇന്ന് ഓഫീസ് ലീവയിരുന്നു.
 
 
 

 
 
 

ബസ്സിലേയ്ക്ക് മറ്റൊരു ജനക്കൂട്ടം ഇരച്ചു കയറി.
 
 
12 ഏപ്രില്‍ 2004
നാലരയ്ക്ക് ഉണര്‍ന്നു.
ഡയറി എഴുതി.
സാധനസാമഗ്രികള്‍ എടുത്ത് ആറുമണിയുടെ ബസ്സില്‍ കയറി കാഞ്ഞങ്ങാടേയ്ക്ക്.
പ്രേമനെ കണ്ടു.
അവിടെനിന്നും ഒരു ഉറക്കം കഴിഞ്ഞപ്പോള്‍ കാസര്‍ഗോഡ്.
മൂത്രശങ്ക തീര്‍‌ത്ത് കുമ്പളയിലേക്ക്.
ഞാന്‍ കെ. എസ്. ആര്‍.ടി. സി. സ്റ്റാന്റില്‍‍ നിന്നുമാണ് കയറിയത്. പ്രൈവറ്റ് സ്റ്റാന്റില്‍ ചെന്നപ്പോള്‍ ഏഴു പെണ്‍കുട്ടികള്‍ ബസ്സിലേയ്ക്ക് ഇരച്ചു കയറി. ഞാന്‍ പുറകിലത്തെ സീറ്റില്‍ ഏകന്‍; മറ്റൊരു സീറ്റും ഒഴിവില്ല. അവര്‍ ഏഴു പേരും “എന്റെ” സീറ്റില്‍ ഇരുന്നു.
ഞാന്‍ ഒരു വശത്തു ഞെരുങ്ങിപ്പോയി. എന്നെ തൊട്ടിരുന്ന പെണ്‍കുട്ടി ചിരിച്ചു. ഞാനും ചിരിച്ചു. എനിക്കൊന്നും സംസാരിക്കാന്‍ ഇല്ലായിരുന്നു. അവരും ഒന്നും സംസാരിച്ചില്ല. അവര്‍ മംഗലാപുരത്തേക്ക് പോവുകയാണ്. അവര്‍ എന്നേപ്രതി എന്തോ കമന്റുകള്‍ പറഞ്ഞു ചിരിച്ചു.
ഇറ്ങ്ങാന്‍നേരം ഒരു പെണ്‍കുട്ടി പറഞ്ഞു.
“പാവത്തെ ഞെക്കി ഞെക്കി കുമ്പളയില്‍ ഇറക്കിവിട്ടു.”
ഞാനത് കേട്ടതായി ഭാവിച്ചില്ല.
ഇനിയവര്‍ ഞെങ്ങിഞെരുങ്ങാതെ സുഖമായി യാത്രചെയ്തുകൊള്ളട്ടെ. ഞാന്‍ പടിയില്‍നിന്ന് ഇറങ്ങാന്‍‌നേരം അവരെയാകെ ഒന്നു നോക്കി.
തൊട്ടിരുന്ന പെണ്‍കുട്ടി ഒരു ചിരി തന്നു.
ഞാന്‍‌ ചിരിച്ചില്ല
ഞാന്‍ ഇറങ്ങി.
ബസ്സിലേയ്ക്ക് മറ്റൊരു ജനക്കൂട്ടം ഇരച്ചു കയറി.

 
 
 

അപ്പാപ്പന്‍ അപ്പാപ്പനായിരുന്നു.
 
 
18 ഓഗസ്റ്റ് 2004
അപ്പാപ്പന്റെ മരണം. അതു സംഭവിച്ചു കഴിഞ്ഞു. പത്തു ദിവസത്തിനു മുമ്പാണ് എന്നെ അപ്പാപ്പന്‍ കെട്ടിപ്പിടിച്ചത്. കവിളത്ത് പാതിജീവന്‍കൊണ്ട് ചുംബിച്ചത്.
തുമ്പി എന്ന കഥ ഞാന്‍ എഴുതി തീര്‍ന്നില്ല. അതിന്റയവസാനം നിശബ്ദ്മായൊരു കാലത്തിനു ശേഷം തുമ്പി വരുന്നുണ്ട്.
അപ്പൂപ്പന്റെ (അപ്പാപ്പന്റെ) കുഴിമാടത്തിനരുകില്‍.
വാര്‍ദ്ധക്യം പൂണ്ട ചിറകുകള്‍ കൊരുത്ത് അതു കരഞ്ഞു.
കുട്ടാ- ഇനിയെന്ത് ഞാനും പൊയ്ക്കോട്ടേ?
കുഴിയിലേയ്ക്കു വീണ കുന്തിരിക്കമണികള്‍ക്കിടയില്‍ ചിറകുകള്‍ പൊഴിച്ച് തുമ്പി അനാദിയുടെ പടുകുഴിയിലേക്ക് എടുത്തു ചാടി.
ഇങ്ങനെ കഥയവസാനിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു. തുമ്പി ജനിച്ചില്ല. മരിച്ചുമില്ല. എന്റെ മനസ്സിന്റെ താളുകളില്‍ അത് എഴുതപ്പെട്ടു.
അപ്പാപ്പന്‍ അപ്പാപ്പനായിരുന്നു. എനിക്കാ വലിയ മനസ്സിനോടു സ്നേഹം പ്രകടിപ്പിക്കാന്‍ അറിയില്ലായിരുന്നു.

ആറരമണിക്ക് കാസറഗോഡു നിന്നും പുറപ്പെട്ടു. പത്തുമണിയായി മണ്ഡപത്തെത്തിയപ്പോള്‍.
ചെന്നപാടെ അപ്പാപ്പനെ ഒന്നു നോക്കി.
പിന്നെ മുത്തലിന്റെ സമയത്തും.
മെജോച്ചായനും ബിജോച്ചായനും വിങ്ങിവിങ്ങി കരയുന്നതുകണ്ടപ്പോള്‍ എനിക്കു സങ്കടം തോന്നി.
എനിക്കു കരയാന്‍ പോലും അര്‍ഹതയില്ലല്ലോ. എല്ലാവരും എന്നെ അളവറ്റു സ്നേഹിച്ചു. അപ്പാപ്പനും. എനിക്കു സ്നേഹം തിരിച്ചു കൊടുക്കാനുള്ള അറിവില്ലായിരുന്നു.
ഒരു തരത്തില്‍ അത്തരമൊരു ദുഃഖം മാത്രമേ അപ്പാപ്പന്റെ മരണത്തോടെ എനിക്കു തോന്നിയുള്ളു.
പിന്നെയൊരുതരം ആശ്വാസമാണ്. നമ്മുടെ കണ്‍വെട്ടത്തെ ദുരിതങ്ങളില്‍ നിന്നു രക്ഷപെട്ടോട്ടെ.
അപ്പുറത്ത് ദുരിതവും സന്തോഷവും സമാധാനവും ശവക്കോട്ടയും ഇല്ലാത്ത ഒരു ലോകം.
ചുംബിക്കാനുള്ള സമയമടുത്തപ്പോള്‍…
കുട്ടിക്കാലത്ത് അപ്പാപ്പന്റെ കൈകളില്‍ കിടന്നു നീന്തല്‍ പഠിക്കുകയായിരുന്നു.
അവധി ദിവസങ്ങളില്‍ അവിടെ ചെല്ലുമ്പോള്‍ കുഞ്ഞു കൈവെള്ളയില്‍ വച്ചുതരുന്ന അഞ്ചുരൂപയുടെയും പത്തുരൂപയുടെയും ലഹരിയിലായിരുന്നു.
ഞാന്‍ കരഞ്ഞില്ല.
ഞാന്‍ ചുംബിച്ചു.
പത്തു ദിവസത്തിനു മുമ്പ് പാതിബോധത്താല്‍ എനിക്കു തന്ന മുത്തത്തോടുള്ള കടപ്പാട് ഞാന്‍ അങ്ങനെയെങ്കിലും രേഖപ്പെടുത്തുകയായിരുന്നു.
 
 
 

“ലോകപ്രശസ്തരെല്ലാം ഇങ്ങനെ ചിന്തിച്ചു നടക്കുന്നവരായിരിക്കണം.”
 
 
march 1 2004
കല്പ്പണി മേസ്തിരി സോജര്‍ സൈമണ്‍ ക്രിസ്റ്റോ ചോദിച്ചു, “എന്താണ് താങ്കള്‍ എപ്പൊഴുമിങ്ങനെ ചിന്തിച്ചു നടക്കുന്നത്?
ഞാന്‍ പറഞ്ഞു. “ലോകപ്രശസ്തരെല്ലാം ഇങ്ങനെ ചിന്തിച്ചു നടക്കുന്നവരായിരിക്കണം.”
മിസ്റ്റര്‍ സൈമണ്‍ ക്രിസ്റ്റോ ചിരിക്കുന്നു.
ഒപ്പം പാഞ്ചന്‍ ക്രാസ്തയും തോമസ് ക്രാസ്തയും.
ഞാന്‍ വിശദീകരിച്ചു.
“ഞാന്‍ ചിലപ്പോഴൊരു ശാസ്ത്രഞ്ജന്‍, കവി, മൊത്തത്തിലൊരു സാഹിത്യകാരന്‍, ചിന്തകന്‍ ഒക്കെ ആകേണ്ട ആളായിരുന്നിരിക്കണം.
സാഹചര്യങ്ങളുടെ സമ്മര്‍ദം എന്നെയിങ്ങനെ ചിന്തിച്ചു നടക്കുന്നവന്‍ മാത്രമാക്കി മാറ്റി.”

 
 
 

അറിവുകള്‍ക്കിടയില്‍ എന്‍റെ ജീവിതം
 
 
25 january 2004
ഞാന്‍ ആയിത്തീരേണ്ടതിനെക്കുച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. പക്ഷെ; ആയിത്തീരുന്നതിനെക്കുറിച്ച് ഈശ്വരന്‌ നന്നായറിയുകയും ചെയ്യാം! ഈ അറിവുകള്‍ക്കിടയില്‍ കിടന്ന് എന്‍റെ ജീവിതം പാഴാകുന്നു.
 
 
 

ആഗ്രഹിക്കാത്ത സൗഭാഗ്യങ്ങള്‍, ദുരന്തങ്ങളും
 
 
1 january 2004
എന്തു വിശേഷപ്പെട്ട പുലരി?!

ഓരോ വ൪ഷാരംഭത്തിലും നാം കണ്ടെത്താനാഗ്രഹിക്കുക,പ്രസന്നമായ കണ്ണാടിപോലെ തെളിഞ്ഞ ജലം, ഉന്മേഷത്തിന്‍റെ തൊപ്പിയണിഞ്ഞ് നേ൪ത്തു മന്ദഹസിക്കുന്ന മുഖങ്ങള്‍, നല്ല തുടക്കത്തിനായി ത്രസിക്കുന്ന, കാലടികള്‍ കമനീയമാക്കാ൯ കൊതിക്കുന്ന അടിത്തളിരുകള്‍, കളകൂജനം.

കണ്ടെത്തുന്നതോ?

ഉറക്കച്ചടവുള്ള വാടിക്കരിഞ്ഞ മുഖങ്ങള്‍. എവിടെയും മദ്യത്തിന്‍റെ നിറമുള്ള ജലം. പാതി വിരിഞ്ഞ കണ്ണുകളില്‍ പരിഹാസവും കിളിക്കൊഞ്ചല്‍ കേള്‍ക്കാ൯ കൊതിക്കുന്ന കാതുകളില്‍ നിന്ദയും, പക്ഷെ, നാവുകള്‍ മാത്രം മധുരിമയോടെ തുടിക്കുന്നു ‘ഹാപ്പി ന്യൂ ഇയ൪’.

ആഗ്രഹിക്കാത്ത സൗഭാഗ്യങ്ങള്‍ നമ്മെ തേടിയെത്തുന്നു, ആഗ്രഹിക്കാത്ത ദുരന്തങ്ങളും.
 
 
 

എന്നില്‍നിന്നും മികച്ച എന്തോ പുറത്തു വരാനുണ്ടാവും.
 
 
13 january 2004
ഞാ൯ ഏറെ അസ്വസ്ഥതപ്പെട്ടിരിക്കുന്നു. ഒരു കവിതയുടെ വിഷയം മനസ്സില്‍ വരുമ്പോള്‍ അതില്‍ മരണമുണ്ടാവും. കഴിഞ്ഞയാഴ്ച എഴുതിയപ്പോഴും ഇങ്ങനെയൊരു ദുരവസ്ഥ എന്നെ പിടികൂടിയിരുന്നു.
ഞാ൯ എഴുതി:

‘ഉമ്മറവാതിലില്‍ തൂങ്ങിക്കിടക്കുന്നു
മരണം ഉമ്മവയ്ക്കുവാനായ് വരുന്ന-
താണുതാണു നിലത്തിഴഞ്ഞൊ-
ച്ചയില്ലാതെ വരുന്നു.’

ഇങ്ങനെയൊക്കെ പലതും എഴുതിപ്പോകുന്നു. സിന്ധുചേച്ചിയോട് ഞാ൯ കാര്യം തുറന്നു പറഞ്ഞു. ചേച്ചി ഒന്നു ചിരിച്ചു അത്രതന്നെ.

ചിലപ്പോള്‍ എന്നില്‍നിന്നും മികച്ച എന്തോ പുറത്തു വരാനുണ്ടാവും.

അതായിരിക്കട്ടെ സത്യം.
അതുമാത്രമായിരിക്കട്ടെ സത്യം.

 
 
 

മരണശേഷം
 
 
10 june 2003
മരണശേഷം എന്ത്?
അത് കടുത്ത ശൂന്യതയാണ്.
ശൂന്യത ഒരു ശക്തിയാണ്.
ശൂന്യതയില്‍ ‍നിന്നാണ്‌ ആദ്യത്തെ അണു ഉണ്ടായത്‌.
ശൂന്യത ഈശ്വരനാണ്‌.
അതിനാല്‍ ശൂന്യതയെ ഭജിക്കൂ എന്ന് ഞാന്‍ പറയും.
മനസ്സ് ശൂന്യമാക്കുക വഴി നിങ്ങള്‍ അഭൗമമായ ശക്തിയെ അറിയും.
അതാണ്‌ എന്റെ ധ൪മ്മം.
അതാണ്‌ എന്റെ ക൪മ്മം.
അതാണ് എന്റെ ശൂന്യമതം

(എഴുതാനിരിക്കുന്ന നോവലില്‍ ചേ൪ക്കേണ്ടുന്ന കാര്യങ്ങള്‍)
 
 
 

എഴുതു൦. മരണ൦ വരെ…
 
 
22 august 2003
ഇനി ദിവസവു൦ അധിക൦ ഇല്ല. സമയ൦ തീ൪ന്നാല്‍ പിന്നെ ഒന്നു൦ പറഞ്ഞിട്ട് കാര്യമില്ല.
എന്തോ കഥ മനസ്സുഖ൦ നഷ്ടപ്പെടുത്തുന്നു. ഒരിക്കലു൦ ഞാനൊരു നല്ല എഴുത്തുകാരനാവില്ല. പക്ഷെ എന്നാലു൦ എഴുതു൦.
മരണ൦ വരെ……

എന്റെ എഴുത്ത് എന്നെ എന്നെങ്കിലു൦ രക്ഷപെടുത്തുമെന്ന് ഞാ൯ കരുതുന്നില്ല. പക്ഷെ കാലങ്ങള്‍ക്കുശേഷ൦ ആരെങ്കിലു൦ പറയണ൦ അയാള്‍ ഒരു എഴുത്തുകാരനായിരുന്നു.

വെറുതെ…

ഭാഷ നന്നല്ല
വലിയ പഠിപ്പില്ല.
ലോകമായ ലോകമൊന്നു൦ ചുറ്റിയ അനുഭവമില്ല.

സണ്ണി ഒരിക്കല്‍ പറഞ്ഞു,
“നീ കുറച്ചു കൂടി ഗഹനമായ ഭാഷ ഉപയോഗിക്കണ൦.”
എന്താണ് ഗഹനത?
ഒരു കവിതയെഴുതുമ്പോള്‍, കഥയെഴുതുമ്പോള്‍ ഞാ൯ എനിക്കുമാത്ര൦ അറിയുന്ന ഒരു വഴിയിലൂടെ സഞ്ചരിക്കുന്നു.
ആ യാത്ര എന്നെ കരയിപ്പിക്കുന്നില്ല.
ഞാ൯ എനിക്കു മനസ്സിലാവുന്നതു പോലെ ഭാഷയെ കൈകാര്യ൦ ചെയ്യുന്നു.

2 thoughts on “ജ്യോനവന്റെ ഡയറിക്കുറിപ്പുകള്‍

  1. ബുക്ക്‌ റിപബ്ലികിനും ബ്ലോഗിലെ സുഹൃത്തുകല്‍കും ഒത്തിരി നന്ദി. ഞങ്ങളുടെ നിങ്ങളറിയാത്ത നവീന്റെ സൃഷ്ടികള്‍ ഒരു പുസ്തകമായി പുറത്തിറക്കി അവന്റെ ഓര്‍മ്മകള്‍ എന്നേക്കുമായി നിലനിര്തിയത്തിനു. ഇന്നെല്ലാവരും പറഞ്ഞത് പോലെ ആയിരുന്നില്ല നവീന്‍ കുറഞ്ഞപക്ഷം എന്റെ കാഴ്ചപാടില്‍, കാരണം നവീന്റെ മനസിന്റെ വിങ്ങലുകള്‍ തന്നെയാണ് നവീന്റെ കവിതകളില്‍ നിഴലിചിരുനത്. നല്ലൊരു ചിത്രകാരനായിരുന്നു ഒരു നല്ല കൂട്ടുകാരനായിരുന്നു, ഒപ്പം ഒരു നല്ല സഹോദരനും. ഒന്നും തിരിച്ചു പ്രതീക്ഷികാതെ ശാന്തമായി ജീവിച്ച ഒരാള്‍.
    കേരളവും, മലയാളവും അവന്‍റെ ഒരു ബലഹീനതയായിരുന്നു. കാരണം ഡിപ്ലോമ പഠനം കഴിഞ്ഞു ഗുജറാത്തില്‍ ഒരു ജോലി അന്വേഷിച്ചു വന്ന അവനു അവിടം പിടിച്ചില്ല എന്ന് മാത്രമല്ല, എഹ്ട്രയും വെഘം തിരിച്ചു പോരാന്‍ ദ്രിതി കൊട്ടുകയും ചെയ്തിരുന്നു.
    ടിജോ.

Leave a Reply

Your email address will not be published. Required fields are marked *