ജ്യോനവന്റെ കവിതകള്‍

 
 
 
സ്വന്തം ബ്ലോഗില്‍ ജ്യോനവന്‍ എഴുതിയ കവിതകളില്‍ ചിലത്.
 
 
ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഓണ്‍ലൈന്‍ മലയാളത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒരെഴുത്തുകാരനാവുമായിരുന്നു ജ്യോനവന്‍ എന്ന പേരില്‍ ബ്ലോഗെഴുതിയിരുന്ന നവീന്‍ ജോര്‍ജ്. എഴുത്തിന്റെ സ്വന്തം കരകളിലേക്ക് തുഴഞ്ഞടുക്കുന്നതിനിടയിലാണ് മൂന്നു വര്‍ഷം മുമ്പ് അപ്രതീക്ഷിതമായി മരണം ജ്യോനവനെ തെരഞ്ഞുവന്നത്. വരുംകാലത്തിന്റെ എഴുത്തു വഴികളില്‍ സ്വന്തം മുദ്ര പതിപ്പിക്കാന്‍ ത്രാണിയുള്ള കവിതകളും കുറിപ്പുകളും, വെര്‍ച്വലും അല്ലാത്തതുമായ അനേകം സൌഹൃദങ്ങള്‍ക്കിടയില്‍ ആഴത്തിലുള്ള മുറിവുകളും, തീര്‍ത്ത് ഒരു യാത്ര.

മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ജ്യോനവന്റെ സൃഷ്ടികള്‍ പുസ്തകമാവുകയാണ്. ബ്ലോഗ് ലോകത്തുനിന്നുയിര്‍ത്ത, ജ്യോനവന്റെ കൂട്ടുകാരടങ്ങുന്ന ‘ബുക്റിപ്പബ്ലിക’ എന്ന പ്രസാധന കൂട്ടായ്മയാണ് പുസ്തകം ഒരുക്കുന്നത്. ഈ മാസം 21ന് ശനിയാഴ്ച കോഴിക്കോട് സ്പോര്‍ട്സ് കൌണ്‍സില്‍ ഹാളിലാണ് പ്രകാശന ചടങ്ങ്. അക്ഷരങ്ങളുടെ ഓണ്‍ലൈന്‍ ആകാശങ്ങളില്‍ വീണ്ടും ജ്യോനവന്‍ നിറയുന്ന ആ ദിവസത്തിനു മുന്നോടിയായി നാലാമിടം, ഒരു പാട് സാധ്യതകളുണ്ടായിരുന്ന ആ പ്രതിഭയെ ഓര്‍ക്കുന്നു. ആ ഓര്‍മ്മകളെ വീണ്ടും ഓര്‍ത്തുവെക്കുന്നു

 

 

പൊട്ടക്കലം എന്ന പേരിട്ട സ്വന്തം ബ്ലോഗില്‍ ജ്യോനവന്‍ എഴുതിയ കവിതകളില്‍ ചിലത്. ജീവിതത്തെക്കുറിച്ചും എഴുത്തിനെക്കുറിച്ചുമുള്ള ജ്യോനവന്റെ ആലോചനകളും സന്ദേഹങ്ങളും ആശങ്കകകളും ഈ കവിതകളില്‍ വിതറിക്കിടക്കുന്നു.
കവിതയില്‍ കൂടുതല്‍ മൂര്‍ത്തമായി തന്നെ അടയാളപ്പെടുത്താനുള്ള യാത്രയിലായിരുന്നു ജ്യോനവനെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ കവിതകള്‍.

 
 
 

MANHOLE

ഞാനൊരു നഗരവാസിയാണ്‌.
തെളിച്ചു പറഞ്ഞാല്‍ ഒരഴുക്കുചാല്‍‌.

നിങ്ങളുടേതായ ഭാഷ്യങ്ങളെ,
ഭാഷാന്തരങ്ങളെ മറന്നിട്ടല്ല;
എന്റെ ഇടത്താവളങ്ങളെ
‘പുരുഷന്റെ പ്രായോഗികത’
എന്നു വിവര്‍ത്തനം ചെയ്യുന്നു.

അതിന്റെ,
ഇരുമ്പില്‍ നെയ്ത
സ്മാരകങ്ങളിലൂടെയാണ്
ഞാന്‍ സംസാരിക്കുന്നത്.

പവിത്രമായ പാതകളേ,
പാവനമായ വേഗതകളേ,
കേള്‍ക്കുന്നില്ലേ?
ചെവിയുരിഞ്ഞു വീണതിന്നൊപ്പം.

ഒരു ‘ഹമ്മര്‍’ കയറിയിറങ്ങിയതാണ്‌.

TUESDAY, SEPTEMBER 8, 2009
 
 
 

നാരായണാ…

എന്റെ പട്ടി
പാലം കടന്നു പോകുന്നു.
അതിനു്‌
നാലു കാലുണ്ട്,
വാലുണ്ട്,
തലയുണ്ട്,
അതിന്റെ വായിലെന്താ
പിണ്ണാക്കാണോ?

അതാ
എന്റെ പട്ടി
പാലം കടന്ന് തിരിച്ചു വരുന്നു.
അതിനു്‌
നാലു കാലുണ്ട്,
വാലുണ്ട്,
തലയുണ്ട്,
അതിന്റെ വായില്‍
കൂരായണന്റെ എല്ലുണ്ട്!

ഇല്ലാ…
എന്നെ നിര്‍ബന്ധിക്കരുത്,
പിടിച്ചുന്തരുത്,
എന്റെ പട്ടി കയറിയ
പാലത്തില്‍
ഞാന്‍ കയറില്ല!
WEDNESDAY, AUGUST 19, 2009
 
 
 


 
 
 
വിചാരഗിരി
 

വിജാഗിരിയില്‍
ഒരു മലയുടെ നടുക്കെത്തി
നിന്നുപോകലാണു്

വാതില്‍ തുറക്കുകയെന്നോ
അടയ്ക്കുകയെന്നോ
തിരിച്ചറിയാതെ
പിടിച്ചു നിര്‍ത്തിക്കളഞ്ഞു

ഇറക്കമോ കയറ്റമോ
എന്നറിയാതെ ഒറ്റപ്പെട്ടു

അടച്ചാലും തുറന്നാലും
ഏകാന്തമാണു്

എന്തായാലും;
ഒരു ഞരക്കം കേട്ടാണു്
നിന്നുപോയതു്,
നിര്‍ത്തിക്കളഞ്ഞതു്!
WEDNESDAY, AUGUST 19, 2009
 
 
 

മാജിക്കല്‍ റിയലിസം
തലോടിത്തലോടിയിരിക്കെ
കൊമ്പു മുളച്ചുപോയൊ-
രുച്ച മയക്കം

വാരിവാരി
ആറ്റിനക്കരെ തൂത്തുവാരി
തൂത്തപെണ്ണിനെ വാരി
വരി മൂത്തനേരം
ഇടയിലൊരു വാഴ
കുലച്ചുപൊന്തി

പന്തുകൊണ്ടു കളിച്ചരം വന്നേരം
പൊന്തക്കാടുവന്നു വിളിച്ചു കിന്നരം
പന്തുപോയി ഒളിച്ചരംകിന്നരം

കൊമ്പു കുത്തി
കുലച്ചവാഴ
പന്തുതട്ടി
പൊന്തക്കാടിളക്കി

ഉള്ളില്‍
ഉള്ളിന്റെയുള്ളില്‍…!

WEDNESDAY, AUGUST 5, 2009

 
 
 
വിശപ്പു്‌ എപ്പോഴും ഒരു കോമ

ഒരു ചോദ്യചിഹ്നത്തിന്റെ
വിലാസം
ഒരരിവാളും ഒരരിമണിയും
മാത്രമാണു്‌

ആശ്ചര്യമെന്തെന്നാല്‍
വിളഞ്ഞുകിടക്കുന്ന
വയലെന്നോര്‍ക്കുമ്പോള്‍
കുത്തനെ നില്‌ക്കുന്ന
കിടക്കുന്ന
രണ്ടരിമണികള്‍

പൂര്‍ണവിരാമമിടാന്‍ നേരം
മരിച്ചുകിടക്കുന്ന
ഒരരിമണി ബാക്കി

വിശപ്പു്‌ എപ്പോഴും ഒരു കോമ

ഒട്ടിയ വയറുള്ള
ഉടല്‍ വളഞ്ഞുപോയ
ഒരു മനുഷ്യനുമേല്‍
ഒത്തൊരു തല
ഒരു വലിയ അര്‍ധവിരാമം

ചിഹ്നങ്ങളുടെ ശരീരഭാഷയെ അതിമനോഹരമായി അവതരിപ്പിച്ച ഈ ലാപുഡീയന്‍ കവിത യുടെ ഒരു പാരഡിയായി മാത്രം കണ്ടാല്‍ മതി. വിഷയദാരിദ്ര്യം കൊണ്ടാണ്‌. മാപ്പ്.
FRIDAY, JULY 17, 2009

 
 
 

കള്ളന്‍
വിരല്‍തുമ്പിലെ കറക്കങ്ങള്‍
പോക്കറ്റിലെ മൃഷ്ടാന്നങ്ങള്‍
പൂച്ചട്ടിയിലെ ഒളിവുകാലം
കാര്‍പ്പെറ്റു്‌ തടവ്
ഭയഭ്രമകല്‌പിത കട്ടിളപ്പടി
ആശയങ്ങളുടെ അലമാര
ആശകളുടെ മടിക്കുത്ത്.

ഇപ്പോള്‍ ഒരു താഴിനുള്ളില്‍
തല പെട്ടിരിക്കുകയാണ്‌.
“ആരെങ്കിലുമൊന്നു
വലിച്ചൂരിത്തായോ അയ്യോ!
എനിക്കിതൊന്നും
സഹിക്കാന്‍ മേലേ,,,!!!”

SUNDAY, MAY 31, 2009

 
 
 
ജീവിച്ചിരിക്കുന്നതിനെക്കുറിച്ചുള്ള ബദ്ധപ്പെടലുകള്‍

ഉരച്ചുകളഞ്ഞ
ജീവിതത്തിന്റെ
മുന
അക്ഷരപ്പേരില്‍
ഉരച്ചുണ്ടാക്കിയ
ജീവിതത്തിന്റെ
ഊഷരതയ്ക്കുമേല്‍
മുനയില്ലാതായപ്പോള്‍
കുത്തിവരച്ചത്..
മഷിത്തണ്ടറ്റങ്ങളില്‍
കരയുന്നവര്‍,
അടയാളങ്ങളുടെ
മറവിയടുക്കിന്‍
തെളിച്ചവരകള്‍-
കൊണ്ട്
എനിക്കുമേല്‍
യാത്രചെയ്യുന്നവര്‍,
ഞാന്‍ ജീവിച്ചതിന്റെ
ഉറപ്പുകള്‍
ഇല്ലാതാക്കും വരെ
കരയുന്നവര്‍..

പുഴകള്‍ നിറഞ്ഞു –
കവിഞ്ഞ്
ഉയരവൃക്ഷങ്ങള്‍
മൂടിപ്പോകുന്നതിന്റെ
മേല്പരപ്പില്‍
കിടന്നു നോക്കുന്നു.
ആകാശം
മേലെ അടയിരിക്കുന്നു.

മരിക്കുന്നതിനെക്കുറിച്ച്
ഇങ്ങനെയൊരാശയം.

FRIDAY, MAY 15, 2009

 
 
 

4 thoughts on “ജ്യോനവന്റെ കവിതകള്‍

 1. പുഴകള്‍ നിറഞ്ഞു –
  കവിഞ്ഞ്
  ഉയരവൃക്ഷങ്ങള്‍
  മൂടിപ്പോകുന്നതിന്റെ
  മേല്പരപ്പില്‍
  കിടന്നു നോക്കുന്നു.
  ആകാശം
  മേലെ അടയിരിക്കുന്നു.
  മരിക്കുന്നതിനെക്കുറിച്ച്
  ഇങ്ങനെയൊരാശയം.

 2. ഘടികാര ചിന്തകള്‍
  ഘടികാരസൂചികള്‍
  മുന്നോട്ടുള്ള
  പ്രയാണത്തെയല്ല
  മറിച്ച്;
  കടന്നുവന്ന
  വഴികളെയാണ്
  കണക്കുകുറിക്കുന്നത്.

  ഒരേ യുഗങ്ങള്‍
  കറങ്ങിത്തിരിഞ്ഞിട്ടും
  പോകേണ്ട വഴികള്‍
  പരകോടിവട്ടം
  കണ്ടുതീര്‍ത്തിട്ടും
  കടമ്പകളെക്കുറിച്ച്
  സ്വപ്നങ്ങള്‍ മാത്രം
  അവയ്ക്ക്’
  ബാക്കിയാവുന്നതെന്ത്?

  അതെ,
  വലത്തോട്ട് കറങ്ങുമ്പോഴും
  ഇടത്തോട്ട് ചിന്തിക്കുകയാണ്
  തരമ്പോലെ.***

  (മനോഹരമായൊരു ചിന്ത
  ആദ്യം കണ്ടെത്തിയത്
  ഞാനായിരിക്കില്ല.
  തീര്‍ച്ച!)

  അതെ,
  എന്റേതെന്ന് ഉറപ്പില്ല
  മിനക്കെട്ടിരുന്നിട്ടും
  നിന്റേതെന്ന്
  ഓര്‍ത്തെടുക്കാനും
  കഴിഞ്ഞില്ല.
  കടമ്പകളൊരുപാട്
  ഞാനും കടന്നു.
  പലവട്ടം
  പലവഴി
  കറങ്ങിത്തിരിഞ്ഞു.
  എന്നിട്ടുമൊരു
  ഘടികാരസൂചിപോലെ
  കൃത്യമായി ഒന്നുമങ്ങനെ
  കുറിച്ചില്ല.
  മറവിയല്ലാതെ.

  (നോക്കൂ…
  നിനക്കറിയാമെങ്കില്‍
  പറയണം.
  മറ്റൊന്നിനുമല്ല.
  അടിയിലൊടുവില്‍
  ഒരു കടപ്പാടെന്നു
  കുറിക്കണം.)

  എന്റെ ഘടികാരത്തില്‍
  ഞാനേതു സൂചിയാണ്?
  ചിലപ്പോള്‍,
  കൊലുന്നനെ
  നീണ്ടതാലാവണം.
  മെലിഞ്ഞു
  തൊലിഞ്ഞതാലാവണം.
  ഓരോ നിമിഷവും
  പ്രവര്‍ത്തിക്കുന്നെന്ന്
  നിന്നിലേയ്ക്ക്
  ഒരു തോന്നലിടാനാവുന്നത്.

  മുന്‍പില്‍
  അക്കങ്ങള്‍ പോലെയാണ്
  കുണ്ടും കുഴിയും.
  വലുതും ചെറുതുമാണ്.
  എന്നാല്‍,
  ക്രമരഹിതമാണ്.

  ഞാനോടുന്നതുകൊണ്ടാണ്
  നീയിഴയുന്നതെന്നും
  മറ്റവന്‍
  അനങ്ങാതിരുന്ന്
  വലിയ കാര്യങ്ങള്‍
  സാധിക്കുന്നതെന്നും
  മറക്കാതിരിക്കുക.

  ചേര്‍ത്തുവെക്കാനാവുന്നില്ലല്ലോ.
  ഞാനഴിച്ചതാണ്.
  ഞാന്‍ മാത്രമാണ്.
  നിങ്ങളെയൊരു
  ബിന്ദുവില്‍
  സംയോജിപ്പിക്കേണ്ടപ്പോള്‍
  ഞാനെവിടേയ്ക്കാണ്
  തിരിയേണ്ടതെന്നും
  ഞാന്‍,
  നിങ്ങളിലാരാണെന്നും
  മറന്നുപോയിരിക്കുന്നു.

  (ദേ….
  വെളുപ്പാന്‍ കാലത്തിരുന്ന്
  ഒരു ഘടികാരത്തിന്റെ
  പരിപ്പിളക്കിയപ്പോള്‍
  നിനക്കൊക്കെ
  സമാധാനമായല്ലോ!)

  അതെ, ഇതു നിങ്ങളുടെ
  കവിതയാണ്.
  എന്റെയല്ല!

Leave a Reply to isam Cancel reply

Your email address will not be published. Required fields are marked *