ദേശാടനത്തിന്റെ ജന്മവാസനകള്‍

 
 
 
തുമ്പികളിലൂടെ, മീനുകളിലൂടെ, പഴുതാരയിലൂടെ
ദേശാടനത്തിന്റെ ജന്‍മവാസനകളിലേക്ക് ഒരു സഞ്ചാരം.
സര്‍ജു എഴുതുന്ന കോളം ആരംഭിക്കുന്നു

 
 

 
 

സാമൂഹികശാസ്ത്രപരമായും ചരിത്രപരമായും മനുഷ്യരുടെ ദേശാന്തര ജിവിതം വിശകലനം ചെയ്യുമ്പോള്‍ മനുഷ്യസഞ്ചാരവും അതിന്റെ രാഷ്ട്രീയവുമാണ് പ്രഥമവും പ്രധാനവുമായി വരിക.യാത്രകള്‍ക്ക് രാഷ്ട്രീയമുണ്ടോ ? എന്താണ് യാത്രയുടെ രാഷ്ട്രീയം എന്ന് ചോദിച്ചാല്‍ വഴിനടക്കാനുള്ള സ്വാതന്ത്യ്രത്തിനായി നമ്മുടെ ദേശത്ത് നടന്ന പ്രക്ഷോഭങ്ങളോളം ചെന്ന് അത് വിശദീകരിക്കേണ്ടതുണ്ട്. ഇരണ്ടകളും കരീബുകളും തുമ്പികളും ശലഭങ്ങളും തിമിംഗലങ്ങളും സാമനുകളും കടലാമകളുമാണ് പ്രവാസ ചരിത്രത്തിന്റെ ആമുഖം എഴുതിയവര്‍ എന്ന് ദീര്‍ഘമായൊരു അദ്ധ്യായത്തെ സംഗ്രഹിക്കാം- തുമ്പികളിലൂടെ, മീനുകളിലൂടെ, പഴുതാരയിലൂടെ ദേശാടനത്തിന്റെ ജന്‍മവാസനകളിലേക്ക് ഒരു സഞ്ചാരം. ഒ.വി വിജയനും മേതില്‍ രാധകൃഷ്ണനും ഞാനക്കൂത്തനും അസംഖ്യം ജീവജാലങ്ങള്‍ക്കുമിടയിലെ ദേശാടനത്തിന്റെ വിത്തും വേരും തിരയുന്ന യാത്ര. സര്‍ജു എഴുതുന്നു

 
 

ആ പുല്‍പ്പറമ്പുനിറയെ തുമ്പികളായിരുന്നു. ആയിരക്കണക്കിന് തുമ്പികള്‍. ആകാശത്തില്‍ നിന്ന് ഇറങ്ങാതെ പാറിനടക്കുന്നവ. ചെടികളിലേയ്ക്ക് ഇറങ്ങി വന്ന
പച്ചത്തുമ്പികളെ പിടിക്കാന്‍ വിഷമമില്ല. ഈ പച്ചത്തുമ്പികളുടെ പളുങ്കുകണ്ണുകളിലേയ്ക്ക് ഞാന്‍ നോക്കിയിട്ടുണ്ട്. ഭയം തോന്നിയിട്ടില്ല.പച്ചത്തുമ്പി കൂട്ടുകാരനാണ്. വിരലുകാണിച്ചു കൊടുത്താല്‍ കടിയ്ക്കും. നോവിക്കും.എന്നാല്‍ തവിട്ടുനിറത്തിലുള്ള തുമ്പി ആകാശത്തിലെ അപ്രാപ്യനായ കിന്നരനാണ്.അരിയക്കോട്ടെ ഈ തവിട്ടുതുമ്പികളെയാണ് ഞാന്‍ ഖസാക്കിലെ വെളിമ്പറമ്പില്‍ പാറാന്‍ വിട്ടത്
(ഒ.വി വിജയന്‍ ഇതിഹാസത്തിന്റെ ഇതിഹാസം)

 
 

എല്ലാഭുഖണ്ഡങ്ങളിലും തുമ്പികളുടെ ദേശാന്തര സഞ്ചാരം നടക്കുന്നുണ്ട്. പറക്കലിന്റെ നിയമങ്ങള്‍ പറവകളുടേത് തന്നെ. വലിയ കണ്ണ് തുറിച്ച് ,സൂര്യവെളിച്ചവും നക്ഷത്രവിളക്കുകളും നോക്കി, കാറ്റുള്ളപ്പോള്‍ വിശ്രമിച്ച്, പ്രകൃതി ഉള്ളില്‍ തിരുകിയ നന്നേചെറിയ കോമ്പസുകളുടെ തുണയാല്‍ ദിക്ക് തെറ്റാതെ.


 
 

ഭാവന ചെയ്ത ഇടങ്ങളിലും കഥകളുടെ മൂലഗ്രാമങ്ങളിലും നിത്യമായി പറന്നലയുകയായിരുന്നില്ല തുമ്പികള്‍. ജീവജാലങ്ങളുടെ ദേശാന്തര ജീവിതത്തിന്റെ
സഹജവാസനകളില്‍ പക്ഷികള്‍ക്ക് ഒട്ടും പിന്നിലല്ലാതെ ഉശിരന്‍ ദേശാടകരായി ചിലതരം തുമ്പികള്‍ കടന്നു വരുന്നു. ഇന്ത്യയില്‍ നിന്ന് മാലിദ്വീപിലേയ്ക്ക്,
സീഷെല്‍സിലേയ്ക്ക്, മൊസാംബിക്കിലേയ്ക്ക്, ഉഗാണ്ടയിലേയ്ക്ക് തുമ്പികളുടെ ദേശാന്തരഗമനം നീളുന്നു. മറ്റൊരറ്റത്ത് വടക്കന്‍ അമേരിക്കയില്‍ നിന്ന്
തെക്കനമേരിക്കയിലേയ്ക്ക് , കരീബിയന്‍ ദ്വീപുകളിലേയ്ക്ക്, മെക്സിക്കോയിലേയ്ക്ക് അവയുടെ ദീര്‍ഘയാത്രകള്‍. അന്റാര്‍ട്ടിക ഒഴികെയുള്ള എല്ലാഭുഖണ്ഡങ്ങളിലും തുമ്പികളുടെ ദേശാന്തര സഞ്ചാരം നടക്കുന്നുണ്ട്. പറക്കലിന്റെ നിയമങ്ങള്‍ പറവകളുടേത് തന്നെ. വലിയ കണ്ണ് തുറിച്ച് ,സൂര്യവെളിച്ചവും നക്ഷത്രവിളക്കുകളും നോക്കി, കാറ്റുള്ളപ്പോള്‍ വിശ്രമിച്ച്, പ്രകൃതി ഉള്ളില്‍ തിരുകിയ നന്നേചെറിയ കോമ്പസുകളുടെ തുണയാല്‍ ദിക്ക് തെറ്റാതെ.

 
 

അല്‍പ്പായുസായതിനാല്‍ ഒരു ശലഭവും രണ്ടു മഞ്ഞുകാലങ്ങളെ നേരിടുന്നില്ല. അതുകൊണ്ടുതന്നെ ഒരിക്കല്‍ മെക്സിക്കൊയിലേയ്ക്ക് പോയ മൊണാര്‍ക്കുകളല്ല പിന്നീട് പോകുന്നത്. എന്നിട്ടും അതേ ഇടങ്ങളില്‍ അതേ മരങ്ങളില്‍ അവ ചെന്നുപറ്റുന്നു.


 
 

ഒരു ശലഭവും രണ്ടു മഞ്ഞുകാലങ്ങളെ നേരിടുന്നില്ല
പ്രാണികളില്‍ മൊണാര്‍ക്ക് ശലഭങ്ങളാണ് പേരുകേട്ട ദേശാടകര്‍. കാനഡയിലെ കൊല്ലുന്ന തണുപ്പില്‍ നിന്ന് മെക്സിക്കോയിലേയ്ക്ക് പറക്കുമ്പോള്‍ ഏഴായിരത്തിലേറെ കിലോമീറ്ററാണ് ഈ ശലഭങ്ങള്‍ സഞ്ചരിക്കുന്നത്. അവിടെ ശരത്ക്കാലനിദ്രയില്‍ മുഴുകി വസന്തമാകുമ്പോള്‍ മടങ്ങുന്നു. എന്നാല്‍ വസന്തത്തില്‍ , നല്ലകാലങ്ങളില്‍ ആറാഴ്ചയോളമേ ഇവ ജീവിച്ചിരിക്കുന്നുള്ളൂ. നാലാം തലമുറയിലെത്തുമ്പോള്‍ ആയുസ് ആറുമുതല്‍ എട്ട് മാസം വരെയായി നീളുന്നു. ഇതാണ്
ദേശാടനകാലം. അല്‍പ്പായുസായതിനാല്‍ ഒരു ശലഭവും രണ്ടു മഞ്ഞുകാലങ്ങളെ നേരിടുന്നില്ല. അതുകൊണ്ടുതന്നെ ഒരിക്കല്‍ മെക്സിക്കൊയിലേയ്ക്ക് പോയ
മൊണാര്‍ക്കുകളല്ല പിന്നീട് പോകുന്നത്. എന്നിട്ടും അതേ ഇടങ്ങളില്‍ അതേ മരങ്ങളില്‍ അവ ചെന്നുപറ്റുന്നു.

പക്ഷികളില്‍ നിന്നല്ല തുമ്പികളില്‍ നിന്നാവണം വിമാനത്തിന്റെ നിര്‍മ്മാണരഹസ്യങ്ങള്‍. വാലറ്റത്തു വന്നുമുട്ടുന്ന പിന്‍ കാറ്റാണ് പറക്കലിന്റെ ദിശയില്‍ രണ്ടിനും വേഗം പകരുന്നത്. തുമ്പികളുടെ ദേശാടനദൂരം പതിനെണ്ണായിരം കിലോമിറ്റ? വരെ നീളുമെങ്കിലും ഒരേ പ്രാണികളല്ല ഈ ദൂരം താണ്ടുന്നത്.ഒരിടത്തു നിന്ന് മറ്റൊരിടത്തേയ്ക്ക് നീങ്ങുമ്പോള്‍ തലമുറകള്‍ മാറുന്നു.ഒരു തലമുറയില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് ബാറ്റണ്‍ കൈമാറുന്ന കൌെതുകകരമായ ഒരു ക്രോസ് കണ്‍ ട്രി റിലേയാണ് തുമ്പികളുടേത്. കല്ലെടുപ്പിക്കാന്‍ വിഷമമെങ്കിലും മുന്നൂറു മില്ലിഗ്രാം ഭാരവും ഒരു സെന്റീമീറ്റര്‍ വലിപ്പവുമുള്ള റേഡിയോ ട്രാന്‍സ്മിറ്റര്‍ റ്റാഗുകള്‍ ഇവയ്ക്ക് പേറാനാവും. ഈ റ്റാഗുകളിലൂടെയാണ് ജന്തുസ്വഭാവശാസ്ത്രം തുമ്പികളുടെ ദേശാന്തര ജീവിതകഥകളുടെ ചുരുളഴിക്കുന്നത്.

 
 

ദേശാന്തര ജീവിതത്തിന്റെ ആഴവും ഒഴുക്കുമാണ് സാല്‍മന്‍ മത്സ്യങ്ങള്‍.. അവ പുഴകളില്‍ ജനിച്ച് നീന്തല്‍ക്കാരായ് വളര്‍ന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ സഞ്ചരിച്ച് സമുദ്രങ്ങളിലേയ്ക്ക് പോകുന്നു. കടല്‍ ജീവിതത്തിന്റെ ഒരുഘട്ടം പിന്നിട്ട് മുട്ടയിടാനും ശേഷം ജീവിതത്തിനുമായി നദികളിലേയ്ക്ക് തന്നെ മടങ്ങുന്നു.


 
 

പ്രവാസത്തിന്റെ അന്തര്‍വാഹിനി
കരയിലും ആകാശത്തിലും മാത്രമല്ല വെള്ളത്തിലുമുണ്ട് ദേശാടന വഴികള്‍. മീനുകള്‍ മുതല്‍ തിമിംഗലങ്ങള്‍ വരെ ആ കഥകള്‍ പറയും. പരദേശത്ത് , മാളുകളിലെ ഐസ് മൂടിയ മീന്‍ തട്ടില്‍ അതികായരായ അയക്കൂറകളുടേയും സാല്‍മനുകളുടേയും വെട്ടിമുറിച്ച ശരീരങ്ങള്‍ക്കരികില്‍ ചില ഒഴിവ് ദിവസങ്ങള്‍ കുഴങ്ങി നില്‍ ക്കും. മണം കുറഞ്ഞ ചെറിയ മീനുകളായ വേളൂരിയും നെത്തോലിയൊമൊക്കെ കഴിച്ചു മടുക്കുമ്പോഴാണ് ഇവയ്ക്കരികിലേയ്ക്ക് തിരിയുക. അയക്കൂറയോളം മീന്‍ മണമില്ലാത്തതുകൊണ്ടാകണം സാല്‍മന്‍കളോട് പ്രിയം തോന്നിയത്. എങ്കിലും അവയുടെ ഇളം പിങ്കുനിറമുള്ള ഇറച്ചി മുറിച്ചു വാങ്ങുമ്പോള്‍ ഒരു വല്ലായ്മ വന്നുമൂടും.

ദേശാന്തര ജീവിതത്തിന്റെ ആഴവും ഒഴുക്കുമാണ് സാല്‍മന്‍ മത്സ്യങ്ങള്‍.. അവ പുഴകളില്‍ ജനിച്ച് നീന്തല്‍ക്കാരായ് വളര്‍ന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ സഞ്ചരിച്ച്
സമുദ്രങ്ങളിലേയ്ക്ക് പോകുന്നു. കടല്‍ ജീവിതത്തിന്റെ ഒരുഘട്ടം പിന്നിട്ട് മുട്ടയിടാനും ശേഷം ജീവിതത്തിനുമായി നദികളിലേയ്ക്ക് തന്നെ മടങ്ങുന്നു. മഹാസമുദ്രങ്ങളില്‍ നിന്നുള്ള ആ മടക്കയാത്രയില്‍ പിറന്ന നദിയിലെ വെള്ളം അവയ്ക്ക് മണത്തറിയാനാവുമത്രെ! വ്യത്യസ്തമായ രണ്ട് ആവാസ വ്യവസ്ഥയില്‍ പൂര്‍ത്തിയാകുന്ന ഒരു ജന്മത്തെ, പ്രവാസത്തിന്റെ അന്തര്‍വാഹിനിയെ, ഇറച്ചിത്തുണ്ടങ്ങളാക്കി വാങ്ങിക്കുമ്പോള്‍ വന്നുമൂടുന്ന വല്ലായ്മയെ അകാരണമായ ഖേദങ്ങളില്‍ പെടുത്തുക വയ്യ.

കുയിലുകള്‍ പാടാറുള്ളതായി
കവികള്‍ പറയാറുണ്ട്
പക്ഷിവിജ്ഞാനി പറയുന്നത്
വേറൊരു കഥ
മരത്തിന്മേല്‍ തങ്ങള്‍ പിടിച്ച ഇടം
തങ്ങളുടേതുതന്നെ എന്ന്
മറ്റ് പക്ഷിവര്‍ഗ്ഗത്തെ
അറിയിക്കുന്നതിനാണത്രേ ഇത്.
ഇളംതളിര്‍മിനുപ്പുള്ള ആല്‍മരത്തില്‍
കുയില്‍ കൂവുന്നതു കേള്‍ക്കുന്നു ഇപ്പോള്‍

പാട്ടെന്നു വിചാരിച്ചത് തെറ്റായാലും
ഉടമാവകാശത്തെ
ഇങ്ങനെ മധുരമായി പറയാ?
ആര്‍ക്കാണ് കഴിയുക
പറയിന്‍ .

(വേറെ ആര്‍ക്ക് കഴിയും? ഞാനക്കൂത്തന്‍/ആറ്റൂര്‍)

 

പ്രവാസത്തിന്റെ ജീവശാസ്ത്രം, ഇക്കോളജി
ജന്തുജാലങ്ങള്‍ പൊതുവില്‍ സ്വന്തം ഭൂപ്രദേശം (റ്റെറിറ്ററി) സൂക്ഷിക്കുന്നവരാണ്. സ്ഥലങ്ങളുടെ മേലുള്ള ഉടമസ്ഥത , കൈവശാവകാശം, ഇണക്കം, വൈകാരികത ഇതൊക്കെ എല്ലാജീവികളിലും ഉണ്ടാവും.എന്നാല്‍ ചിലതിന് പ്രദേശം, ദേശം എന്നതിനപ്പുറം ലോകം തന്നെ ഒരു റ്റെറിറ്ററിയായ് വരും. ചുറ്റുപാടുകള്‍ ഇവയുടെ ജീനുകളില്‍ ചില രഹസ്യങ്ങള്‍ എഴുതുന്നുണ്ടാവണം. കാലാവസ്ഥ, ആഹാരം,പാര്‍പ്പിടം, വംശവര്‍ദ്ധനവ് തുടങ്ങി നിലനില്‍പ്പിന്റെ അടിസ്ഥാനങ്ങള്‍ തന്നെയാണ് ഇവിടെ പുറപ്പാടിന്റെ പ്രേരണകള്‍. വന്നുപെട്ട ഒരു പ്രതികൂലാവസ്ഥയെ നേരിടുകയല്ല, ദിനരാത്രങ്ങളുടെ ദൈര്‍ഘ്യവ്യത്യാസത്തെ നിരീക്ഷിച്ച് വരാനിരിക്കുന്നതിനെ മുന്‍ കൂട്ടി അറിഞ്ഞ് , ഒരുക്കങ്ങള്‍ നടത്തി യാത്ര ആരംഭിക്കുന്നു. ഇങ്ങനെ ഒരാവാസവ്യവസ്ഥയില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് പുറപ്പെട്ടു പോകാനുള്ള ജീവിവാസനകളും പ്രേരണകളുമാണ് പ്രവാസത്തെ ജീവശാസ്ത്രത്തോടും ഇക്കോളജിയോടും ബന്ധിപ്പിക്കുന്നത്.

സാമൂഹികശാസ്ത്രപരമായും ചരിത്രപരമായും മനുഷ്യരുടെ ദേശാന്തര ജിവിതം വിശകലനം ചെയ്യുമ്പോള്‍ മനുഷ്യസഞ്ചാരവും അതിന്റെ രാഷ്ട്രീയവുമാണ് പ്രഥമവും പ്രധാനവുമായി വരിക.യാത്രകള്‍ക്ക് രാഷ്ട്രീയമുണ്ടോ ?എന്താണ് യാത്രയുടെ രാഷ്ട്രീയം എന്ന് ചോദിച്ചാല്‍ വഴിനടക്കാനുള്ള സ്വാതന്ത്യ്രത്തിനായി നമ്മുടെ ദേശത്ത് നടന്ന പ്രക്ഷോഭങ്ങളോളം ചെന്ന് അത് വിശദീകരിക്കേണ്ടതുണ്ട്. ഇരണ്ടകളും കരീബുകളും തുമ്പികളും ശലഭങ്ങളും തിമിംഗലങ്ങളും സാമനുകളും കടലാമകളുമാണ് പ്രവാസ ചരിത്രത്തിന്റെ ആമുഖം എഴുതിയവര്‍ എന്ന് ദീര്‍ഘമായൊരു അദ്ധ്യായത്തെ സംഗ്രഹിക്കാം.

ഒരു മോശയും അവയെ കൂട്ടിക്കൊണ്ടുപോയതല്ല.ഓരോ ജീവിയും അവയുടെ ജന്മവാസനയാല്‍ സ്വന്തം മഹാപ്രസ്ഥാനങ്ങളെ നയിച്ചു. ഇവിടെ കപടപാദങ്ങള്‍ വച്ചുനീങ്ങുന്ന അമീബ മുതല്‍ തിമിംഗലംവരെയുള്ള ജിവികളുടെ സഞ്ചാരവും അതിന്റെ സ്വാതന്ത്യ്രവും വിഷയ കേന്ദ്രത്തിലേയ്ക്ക് പ്രവേശിക്കും. ദേശാടനം,ദേശാന്തരം എന്നതിലെ ദേശം,രാഷ്ട്രം എന്നിവയൊക്കെ മനുഷ്യരെ എന്നപോലെ ജന്തുജാലങ്ങളെ ബാധിക്കുന്ന ഒന്നല്ല..അവയുടെ രാഷ്ട്രീയം ഭൌമികമാണ്.വിപുലവും സൂക്ഷ്മവുമായ, വിഭാഗീയമല്ലാത്ത സവിശേഷ രാഷ്ട്രീയം.

 
 

ചില്ലകളില്‍ ഒരു പഴുതാര പൂവിട്ടുനില്‍ക്കുന്നു എന്ന് എഴുതുമ്പോള്‍ നമ്മുടെ സസ്യപ്രകൃതിയില്‍, വെജിറ്റേറിയന്‍ ഭാവനയില്‍ ഒരു 'ക്ഷുദ്രജീവിയെ' ചേര്‍ത്തുവച്ച് മറ്റൊരു വസന്തത്തിനായ് മേതില്‍ ബഡ് ചെയ്യുകയായിരുന്നു.


 
 

‘എങ്ങനെ ഒരു പഴുതാരയെ കൊല്ലാം’

ഒരു ചെറുജീവിയുടെ സഞ്ചാരത്തെ മുന്‍നിര്‍ത്തി ഈ രാഷ്ട്രീയത്തിലേയ്ക്ക് പല പതിറ്റാണ്ടുകള്‍ക്കു മുന്നേ ശ്രദ്ധക്ഷണിച്ച ഒരു രചനയുണ്ട് മലയാളത്തില്‍ ,
മേതില്‍ രാധാകൃഷ്ണന്റെ ‘എങ്ങനെ ഒരു പഴുതാരയെ കൊല്ലാം’ എന്ന കഥ.

കുവേറ്റിലെ തന്റെ കിടപ്പുമുറിയില്‍ പ്രത്യക്ഷപ്പെടുന്ന പഴുതാര ജന്തുസ്വഭാവ നിരീക്ഷകന്‍ കൂടിയായ ആഖ്യാതാവില്‍ വലിയ കൌതുകവും അയാളുടെ ഭാര്യയില്‍ കടുത്ത ഭയവും, സൃഷ്ടിക്കുന്നു.അവളുടെ നിര്‍ബന്ധപ്രകാരം അയാളതിനെ കൊല്ലാന്‍ തീരുമാനിച്ച് പിന്തുടരുന്നതും,കൊലയുടെ വ്യത്യസ്തമായ വഴിയുമാണ് കഥയുടെ സ്ഥൂല ശരീരം.

‘ഈ ജന്തു മുറിയില്‍തന്നെയുണ്ടായാല്‍ സന്ധ്യവരെ എങ്ങനെ കഴിച്ചുകൂട്ടുമെന്നോര്‍ത്തു ദേഹം വിറയ്ക്കുന്നു.അതിനെ കൊന്നാല്‍ മാത്രം പോര, കൊന്ന വിവരം ഇതേ കടലാസിലെഴുതി ഇതു കിട്ടിയേടത്തു തന്നെ വെക്കണം.മറക്കരുതേ,മറന്നാല്‍ ഞാന്‍ ചത്തുപോകും…

ഞാന്‍ ഒരുപാട് പ്രാവശ്യം വരിവരിയായ് ചത്തു പോകും. ആരുചത്താലും ഞാന്‍ പഴുതാരയെ കൊല്ലാന്‍ പോകുന്നില്ല. ഈ പ്രഭാതത്തില്‍ അതെന്റെ പൂവാണ്. അതിന്റെ ഓരോ കാലും ഓരോ വസന്തത്തിന്റെ വേരാണ്…’

ചില്ലകളില്‍ ഒരു പഴുതാര പൂവിട്ടുനില്‍ക്കുന്നു എന്ന് എഴുതുമ്പോള്‍ നമ്മുടെ സസ്യപ്രകൃതിയില്‍, വെജിറ്റേറിയന്‍ ഭാവനയില്‍ ഒരു ‘ക്ഷുദ്രജീവിയെ’ ചേര്‍ത്തുവച്ച്
മറ്റൊരു വസന്തത്തിനായ് മേതില്‍ ബഡ് ചെയ്യുകയായിരുന്നു. ഒരു ചെറുജീവിയുടെ വലിയ വിനിമയങ്ങളെ വിശദമാക്കാന്‍? ഒരുപാടുകാലുകള്‍ ഒറ്റ ഉടലിന്റെ ചലനത്തില്‍ ഏകോപിക്കുന്നതുപോലെ എന്ന വാക്യത്തിനാവും. സ്ഥലത്തിന്റെ വ്യാകരണത്തോട് ഇടയുന്ന നൂറ് കോമകള്‍ എന്ന പഴുതാരയുടെ ഘടനയിലൂന്നിയ ചെറുവാചകം കൊണ്ടാണ് അത് ദേശാന്തരങ്ങള്‍ക്ക് കുറുകെ രാഷ്ട്രീയമായി ഇഴയുന്നത്.

‘എന്റെ സൌന്ദര്യാസ്വാദനത്തിനിടയിലെല്ലാം അതിന് സമാന്തരമായി, വളരെ കാര്യനിഷ്കര്‍ഷയുള്ളൊരു ജന്തുസ്വഭാവ നിരീക്ഷകന്റെ കാഴ്ചപ്പാടിലൂടെയും ഞാന്‍
ചിന്തിക്കുന്നുണ്ടായിരുന്നു.വിനയപൂര്‍വം പറഞ്ഞുകൊള്ളട്ടെ ഞാന്‍ അക്കാലത്ത് ഷഡ്പദങ്ങള്‍,തേളുകള്‍,ഒച്ചുകള്‍, ഞാഞൂളുകള്‍ തുടങ്ങിയ ചെറിയ ജീവികളുടെ ചലനങ്ങളേയും അഭിഗതികളേയും കുറിച്ച് ഒരു ഗവേഷണപ്രബന്ധം തയ്യാറാക്കുന്നതില്‍ വ്യാപൃതനായിരുന്നു… ‘ ഇങ്ങനെ പതിവ് കഥയിലെ പാത്രസ്വഭാവ വിശേഷങ്ങള്‍ ജന്തുസ്വഭാവ നിരീക്ഷണങ്ങളായി മാറുന്നവിധം ഈ കഥ തുറന്നു പറയുന്നുണ്ട്.

‘പഴുതാര പഴുതുകളുടെ താരയായിരുന്നു.സാധ്യതകളുടെ എണ്ണമറ്റ വഴികള്‍ പൂന്തോട്ടത്തിലേയ്ക്ക് വഴുക്കി ഇറങ്ങുന്ന വെളുത്ത ഇഷ്ടികകള്‍ തോന്നിച്ചുകൊണ്ട് പഴുതാര പച്ചയുടെ പുറത്ത് ചത്തു മലര്‍ന്നു കിടന്നു. ഞാന്‍ ഒരു മാളത്തിലേയ്ക്ക് വീണത് അന്നാദ്യമായിരുന്നില്ല … ‘ഇങ്ങനെ വെളുത്ത പാവുകല്ലുകള്‍ വിരിച്ച വഴിയായ് വാക്കുകള്‍കൊണ്ട് ചത്തുമലച്ചതിനെ സൂം ചെയ്ത ശേഷം ആഖ്യാതാവ് അയാളെത്തന്നെ ഒരു മാളത്തിലേയ്ക്ക് ചുരുട്ടി എറിയുന്നു!

 
 

ഒ.വി വിജയന്‍ നമ്മുടെ ഭാഷയിലും ഭാവനയിലും വിചാരവേഗങ്ങളിലും വിളക്കുമാടമായ എഴുത്തുകാരനാണ്.എന്നാല്‍ പ്രതിഭയുടെ ക്ഷീണത്തേയും മറവികളേയും ജീവശാസ്ത്രപരമായി അറിയുന്നതാണ് ഉചിതം. ഓര്‍മ്മ അതിന്റെ രേഖാരൂപം നശിച്ച് മനസ് തന്നെയായി മാറുന്നതിനെ കഥയില്‍ മറവി എന്ന് വിളിക്കുന്നു. ഏറ്റവും വിദൂരമായ ഓര്‍മ്മയെ ജന്മവാസനയെന്നും.


 
 

തുമ്പികളെക്കുറിച്ച് വീണ്ടും
വളര്‍ത്തുമൃഗങ്ങള്‍, അരുമകള്‍, ആശ്രിതജീവികള്‍, കരുണയും കനിവും യാചിക്കുന്നവ എന്നിങ്ങനെ അല്ലാതെ തുമ്പികളും പഴുതാരകളുമടങ്ങുന്ന ജന്തുജാതികള്‍ക്കാകെയും അവയുടേതായ ഒരു അന്തസ് ഉണ്ട്. അതുകൊണ്ടാണ് മനുഷ്യവിമോചന രാഷ്ട്രീയത്തേക്കാള്‍ ജന്തുവിമോചന രാഷ്ട്രീയം പ്രധാനമാകുന്നത് .അത് ഉള്‍വഹിക്കുന്ന എഴുത്ത് ഏറ്റവും റാഡിക്കലായ എഴുത്താകുന്നതും. നമ്മുടെ ഭാഷയിലും സംസ്കാരത്തിലും ഈ വഴിത്തിരിവിന്റെ പശ്ചാത്തലം മനസിലാക്കാന്‍ തുമ്പികളെക്കുറിച്ച് വിജയന്‍ പറഞ്ഞ കാര്യങ്ങളിലേയ്ക്ക് തന്നെ മടങ്ങിവരേണ്ടി വരും.

‘…മൂന്നാം ദിവസം പെട്ടകം പരിശോധിച്ചു. തുമ്പി അതിനകത്തുണ്ടായിരുന്നില്ല.എന്നാല്‍ ഗര്‍വിഷ്ഠമായ അവന്റെ നോട്ടം എന്നെ അലട്ടി. തവിട്ടുനിറത്തിലുള്ള ഈ ആകാശകിന്നരന്‍ സൂക്ഷ്മരൂപിയായ ഒരു സഹയാത്രികനായി. വെയിലിലും മഴയിലും മഞ്ഞിലും ഇരുട്ടിലും നിലാവിലും കലാലയത്തിലും കമ്മ്യൂണിസ്റുപാര്‍ട്ടിയിലും ഉത്തരേന്ത്യന്‍ നഗരങ്ങളുടെ കഠിനമായ ഉഷ്ണശൈത്യങ്ങളിലും പത്രമാപ്പീസിന്റെ വിരസമായ ബദ്ധപ്പാടിലും കലാപ്രദര്‍ശനത്തിലും വിദ്വല്‍ സദസിലും അവന്‍ എന്നെ തിരിച്ചു നായാടി. അവന്‍ എന്റെ സ്വകാര്യമായ മിഥോളജിയായി. പരേതാന്മാക്കളുടെ ഓര്‍മ്മ…ഞാന്‍ ചിലന്തിയെ ഭയപ്പെടുന്നെങ്കിലും അവന്റെ നഷ്ടഗോപുരങ്ങളെ ആദരിക്കാന്‍ മറന്നിട്ടില്ല.കൃശമായിതീര്‍ന്ന അവന്റെ ശരീരത്തില്‍ ഒരു യുഗാസ്തമയത്തിന്റെ ഗാംഭീര്യം എന്നും തെളിയുന്നു. അങ്ങിനെയാണ് രവി ചിലന്തിയുടെ പ്രതീകത്തില്‍ തന്റെ പിതൃസ്മൃതിയെ സംക്രമിപ്പിച്ചത്…’

(ഇതിഹാസത്തിന്റെ ഇതിഹാസം -പേജുകള്‍ 28, 95 )

 

മരിച്ചവരുടെ ഭാരം പേറുന്ന ചുമടുതാങ്ങികള്‍
ഖസാക്കിലെ പുളിയുറുമ്പും പരല്‍മീനും തുമ്പിയും ചിലന്തിയും മുതല്‍ അപ്പുക്കിളിയുടെ തലയിലെ പേന്‍ വരെ പരേതാന്മാക്കളായിരുന്നു, മരിച്ചവരുടെ ഭാരം പേറുന്ന ചുമടുതാങ്ങികളായിരുന്നു.ഭയവും ഭക്തിയും വിശ്വാസവും പുരാണവും തത്വചിന്തയും ചേര്‍ന്ന് അവയ്ക്ക് മേല്‍ കെട്ടിവച്ച മനുഷ്യരുടെ ഭാരങ്ങള്‍ … ഈ
ഭാരമിറക്കല്‍ കൂടിയായിരുന്നു ജന്തു വിമോചനം. അവിടെ തുമ്പി തുമ്പിയായും പഴുതാര പഴുതാരയായും വരും. ധര്‍മ്മപുത്രര്‍ക്കൊപ്പം പരലോകം കണ്ട പട്ടി പട്ടിതന്നെ. ഒ.വി വിജയന്‍ നമ്മുടെ ഭാഷയിലും ഭാവനയിലും വിചാരവേഗങ്ങളിലും വിളക്കുമാടമായ എഴുത്തുകാരനാണ്.എന്നാല്‍ പ്രതിഭയുടെ ക്ഷീണത്തേയും മറവികളേയും ജീവശാസ്ത്രപരമായി അറിയുന്നതാണ് ഉചിതം. ഓര്‍മ്മ അതിന്റെ രേഖാരൂപം നശിച്ച് മനസ് തന്നെയായി മാറുന്നതിനെ കഥയില്‍ മറവി എന്ന് വിളിക്കുന്നു. ഏറ്റവും വിദൂരമായ ഓര്‍മ്മയെ ജന്മവാസനയെന്നും.

സൂഷ്മദര്‍ശിനിക്ക് കീഴില്‍ ഇളകിമറിയുന്ന ജിവികളെ കണ്ടുശീലിച്ചതുകൊണ്ട്, ഏഴ് മൈക്രോണ്‍ വലിപ്പമുള്ള ചുവന്ന രക്താണുവിനുള്ളില്‍ പരാദങ്ങളുടെ കൂട്
കണ്ടെത്താനാവുന്നതുകൊണ്ട് കാഴ്ച്ക്കപ്പുറമുള്ള ജീവിലോകത്തിന്റെ വലിപ്പം മറ്റൊരു ലോകദര്‍ശനമാകുന്നു. മറ്റൊരു കാലാവസ്ഥയിലെ , മറ്റൊരു ആവാസവ്യവസ്ഥയിലെ ജന്തുകഥയായി ദേശാന്തരജീവിതത്തെ വായിക്കുമ്പോള്‍, കാടിറങ്ങിവരുന്ന ആനകള്‍ക്കും പന്നികള്‍ക്കും നേരേ പടക്കം എറിയുന്നത്
പട്ടിണിജാഥയ്ക്ക് നേരെ ബോബെറിയുന്നതിന് തുല്യമെന്ന് തിരിച്ചറിയാനാകും.

 
 
 
 

4 thoughts on “ദേശാടനത്തിന്റെ ജന്മവാസനകള്‍

  1. ദേശാന്തരികള്‍ ചിന്തിപ്പിക്കുന്നുണ്ട്… ഇത്ര വിശദമായി ഈ വിഷയത്തെക്കുറിച്ച് മുന്‍പ് ഞാന്‍ ചിന്തിച്ചിരുന്നില്ല.. നടുപ്പറമ്പില്‍ ഇളവെയിലേല്‍ക്കുന്ന തുമ്പികളുടെ പ്രേതപ്രതീതികളെ ശ്രദ്ധിച്ചിരുന്നെന്ന് മാത്രം… പിന്നെ സാല്‍മണിന്റെ ദേശാടനവും.. ജന്തുലോകത്തിന്റെയൊന്നാകെയുള്ള പ്രവാസത്തിന്റെ രാഷ്ട്രീയം കൂടുതല്‍ ആകര്‍ഷിക്കുന്നുണ്ട്..

    തുടര്‍ച്ച പ്രതീക്ഷിക്കുന്നു.

  2. ദേശാന്തരത്തിന്റെ രാഷ്ട്രീയ ചിന്തകള്‍ നന്നായി. മൂലധനത്തിനും, സാങ്കേതികവിദ്യയ്ക്കും, മനുഷ്യാദ്ധ്വാന ത്തിനുമൊന്നും ദേശാന്തരം തടസ്സമോ കണ്‍‌സേണോ ആവുന്നില്ല. അതിജീവനത്തിന്റെ കാര്യം വരുമ്പോള്‍ മാത്രം, ചിലയിടങ്ങളില്‍, ചിലര്‍ക്കുനേരെ അതിര്‍ത്തികള്‍ കൊട്ടിയടക്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *