അവനില്ലാതെ, അവന്റെ പുസ്തകം

 
 
 
ജ്യോനവന്റെ ജീവിതത്തിന്റെ പല അടരുകളെക്കുറിച്ച്
സഹോദരന്‍ നെല്‍സണ്‍ ജോര്‍ജ് എഴുതുന്നു

 
 
ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഓണ്‍ലൈന്‍ മലയാളത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒരെഴുത്തുകാരനാവുമായിരുന്നു ജ്യോനവന്‍ എന്ന പേരില്‍ ബ്ലോഗെഴുതിയിരുന്ന നവീന്‍ ജോര്‍ജ്. എഴുത്തിന്റെ സ്വന്തം കരകളിലേക്ക് തുഴഞ്ഞടുക്കുന്നതിനിടയിലാണ് മൂന്നു വര്‍ഷം മുമ്പ് അപ്രതീക്ഷിതമായി മരണം ജ്യോനവനെ തെരഞ്ഞുവന്നത്. വരുംകാലത്തിന്റെ എഴുത്തു വഴികളില്‍ സ്വന്തം മുദ്ര പതിപ്പിക്കാന്‍ ത്രാണിയുള്ള കവിതകളും കുറിപ്പുകളും, വെര്‍ച്വലും അല്ലാത്തതുമായ അനേകം സൌഹൃദങ്ങള്‍ക്കിടയില്‍ ആഴത്തിലുള്ള മുറിവുകളും, തീര്‍ത്ത് ഒരു യാത്ര.

മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ജ്യോനവന്റെ സൃഷ്ടികള്‍ പുസ്തകമാവുകയാണ്. ബ്ലോഗ് ലോകത്തുനിന്നുയിര്‍ത്ത, ജ്യോനവന്റെ കൂട്ടുകാരടങ്ങുന്ന ‘ബുക്റിപ്പബ്ലിക’ എന്ന പ്രസാധന കൂട്ടായ്മയാണ് പുസ്തകം ഒരുക്കുന്നത്. ഈ മാസം 21ന് ശനിയാഴ്ച കോഴിക്കോട് സ്പോര്‍ട്സ് കൌണ്‍സില്‍ ഹാളിലാണ് പ്രകാശന ചടങ്ങ്. അക്ഷരങ്ങളുടെ ഓണ്‍ലൈന്‍ ആകാശങ്ങളില്‍ വീണ്ടും ജ്യോനവന്‍ നിറയുന്ന ആ ദിവസത്തിനു മുന്നോടിയായി നാലാമിടം, ഒരു പാട് സാധ്യതകളുണ്ടായിരുന്ന ആ പ്രതിഭയെ ഓര്‍ക്കുന്നു. ആ ഓര്‍മ്മകളെ വീണ്ടും ഓര്‍ത്തുവെക്കുന്നു

 

 

കാസര്‍ഗോഡ് ജില്ലയിലെ മാങ്ങോടാണ് ഞങ്ങളുടെ വീട്. പപ്പ ജോര്‍ജ്ജ്. മമ്മി വല്‍സമ്മ. നാല് മക്കള്‍. നവീനാണ് മൂത്തത്. ഞാന്‍ രണ്ടാമന്‍. നിതിന്‍ എന്നൊരനിയനും നോഷിന എന്ന സഹോദരിയും കൂടിയുണ്ട്.

പപ്പക്ക് കൃഷിപ്പണിയാണ്. പണ്ട് ഗള്‍ഫിലായിരുന്നു. കുവൈത്തിലും ഇറാഖിലുമൊക്കെ ഉണ്ടായിരുന്നു. നവീന് ഏഴോ എട്ടോ വയസ്സുള്ളപ്പോഴാണ് നാട്ടിലേക്ക് വന്നത്്. എഴുത്തും വായനയുമൊക്കെ അത്ര പ്രധാനമല്ലാത്ത ചുറ്റുപാടായിരുന്നു ഞങ്ങളുടേത്. അങ്ങനെ പറയത്തക്ക പാരമ്പര്യം ഒന്നും തന്നെ ഇല്ല. എന്നിട്ടും നവീന്‍ എത്തപ്പെട്ടത് അക്ഷരങ്ങളുടെ ലോകത്താണ്.

നെല്‍സണ്‍ ജോര്‍ജ്


കത്തുകളായിരുന്നു അവന്റെ ആദ്യത്തെ തട്ടകം. ഉറ്റവര്‍ക്ക് നീണ്ട കത്തുകളെഴുതുമായിരുന്നു. അഞ്ചാറു പേജ് വരുന്ന മനോഹരമായ കത്തുകള്‍. നാട്ടിലെ വിശേഷങ്ങളും കാലാവസ്ഥയും രാഷ്ട്രീയവും തത്വചിന്തയും ചുറ്റുപാടുമൊക്കെയുണ്ടാവും. വിദേശത്ത് ജോലി ചെയ്യുന്ന കാലത്ത് പപ്പയും ഇതുപോലെ നീണ്ട കത്തുകള്‍ എഴുതുമായിരുന്നെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഒരു പക്ഷേ, അതാവാം നവീനിലേക്ക് നീണ്ട എഴുത്തിന്റെ വേരുകള്‍.

ഞങ്ങള്‍ തമ്മില്‍ രണ്ട് വയസ്സിന്റെ വ്യത്യാസമുണ്ട്. ചെറുപ്പത്തില്‍ അത്ര കൂട്ടായിരുന്നില്ല. കീരിയും പാമ്പും പോലെ ജന്മ ശത്രുക്കള്‍. ചെറിയ കാര്യങ്ങള്‍ക്ക് പോലും അടി. ചക്കയുടെ കരിഞ്ഞ ഭാഗം എനിക്ക് എന്ന മട്ടിലുള്ള വഴക്ക്. അക്കാലത്ത് മമ്മി പള്ളികളില്‍ പോകുമ്പോള്‍ ആകെ പ്രാര്‍ത്ഥിച്ചിരുന്നത് ഞങ്ങളുടെ ശത്രുത ഇല്ലാതാവാന്‍ വേണ്ടി മാത്രമായിരുന്നു എന്നു കേട്ടിട്ടുണ്ട്. എന്നാല്‍്, മുതിര്‍ന്നപ്പോള്‍ അതൊക്കെ മാറി. നല്ല കൂട്ടായിരുന്നു ഞങ്ങള്‍. വീട്ടില്‍നിന്ന് മാറി നിന്ന സമയത്തൊക്കെ അവനെനിക്ക് നീണ്ട കത്തുകള്‍ അയച്ചു. മൊബൈല്‍ ഫോണ്‍ വന്നതോടെ കത്തു ചുരുങ്ങി. കാര്യമാത്ര പ്രസക്തമായി. എങ്കിലും ഫോണിലും ഓണ്‍ലൈനിലുമൊക്കെ ഏറെ നേരം സംസാരിച്ചു.

 

 

2

വരക്കാട് ഹൈസ്കൂളിലായിരുന്നു അവന്റെ ഹൈസ്കൂള്‍ പഠനം. അന്നേ അവന് വായനയില്‍ താല്പ്പര്യമുണ്ട്. സ്കൂള്‍ ലൈബ്രറി ഉപയോഗിക്കാന്‍ കുട്ടികള്‍ക്ക് പ്രത്യേക പ്രോത്സാഹനം വേണ്ടിയിരുന്ന കാലം. പുസ്തകങ്ങളെ അവന്‍ ഇഷ്ടപ്പെടാന്‍ തുടങ്ങി. ലൈബ്രറിയില്‍നിന്ന് ഇടക്കിടെ പുസ്തകമെടുത്തു വായിച്ചു. എന്നാല്‍ വെറും ഒരു പുസ്തകപ്പുഴു ഒന്നും ആയിരുന്നില്ല. കളിയും കുസൃതിയും ക്രിക്കറ്റുമൊക്കെയായി മറ്റെല്ലാ കുട്ടികളെയും പോലെ സജീവം. നാട്ടില്‍ അവനു കുറേ കൂട്ടുകാരുണ്ടായിരുന്നു.

സൌമ്യനായിരുന്നു പണ്ടേ അവന്‍. എല്ലാവരോടും നല്ല പെരുമാറ്റം. ദേഷ്യം വരുന്നത് അപൂര്‍വ്വം. വന്നാല്‍, അതിന് കടുപ്പം കൂടും. അല്‍പ്പമൊക്കെ അസഭ്യം പറയുന്നത് സാധാരണമായി കണ്ടിരുന്ന ഞങ്ങളുടെ ഇടയില്‍ അവന്‍ പലപ്പോഴും വ്യത്യസ്തനായി നിന്നു. ജീവിതത്തെക്കുറിച്ച് സ്വന്തമായ നിലപാട് പണ്ടേ ഉണ്ടായിരുന്നു അവന്.

മലയാള അധ്യാപകരോടായിരുന്നു അവന് കൂടുതല്‍ ഇഷ്ടം. ചിലരൊക്കെ ഏറെ പ്രോല്‍സാഹനം നല്കി. ഹൈസ്കൂളില്‍ പഠിപ്പിച്ച മോഹനനന്‍ മാഷെ അവന് വലിയ കാര്യമായിരുന്നു.

ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ അവനെഴുതിയ ഒരു കഥ മലയാള മനോരമ സപ്ലിമെന്റിന് അയച്ച ഒരു കഥയുണ്ട്. അന്ന് സപ്ലിമെന്റില്‍ കഥകളൊക്കെ വരുമായിരുന്നു. മനോരമ ഏജന്റിന്റെ ശുപാര്‍ശക്കത്തോടെയാണ് കഥ ഞങ്ങള്‍ അയച്ചത്. പിന്നത്തെ ഞായറാഴ്ചകള്‍ കാത്തിരിപ്പിന്റേതായിരുന്നു. എന്നാല്‍, കഥ മാത്രം വന്നില്ല, കുറേ നാള്‍ കഴിഞ്ഞപ്പോള്‍ മനോരമ എഡിറ്ററുടെ കത്തോടൊപ്പം കഥ തിരിച്ചു വന്നു. അവന് സങ്കടമായി. എനിക്കും. അത് മറച്ചു വെച്ച് അവന്‍ എന്നെ ആശ്വസിപ്പിച്ചു. ‘ സാരമില്ല, അദ്ദേഹം ആ കഥ വായിച്ചല്ലോ. അതു മതി!’

 

 

3

ഡിഗ്രിക്ക് മലയാളം എടുത്തു പഠിക്കണം എന്നൊക്കെയായിരുന്നു അവന്റെ ആഗ്രഹം. എന്നാല്‍, അതു കൊണ്ട് കാര്യമില്ലെന്നായിരുന്നു മറ്റുള്ളവരുടെ അഭിപ്രായം. വെറുതെ പുസ്തകം വായിച്ച്, എഴുത്തുമായി നടന്നിട്ടെന്ത് കാര്യം എന്ന മട്ട്. ജീവിക്കാന്‍ ഇതൊന്നും പോരെന്ന അഭിപ്രായങ്ങള്‍ നിരന്തരം അവനു കേള്‍ക്കേണ്ടി വന്നു.

അതിനാല്‍, പ്രീഡിഗ്രിക്ക് സയന്‍സ് പഠിക്കാന്‍ അവന്‍ തീരുമാനിച്ചു. അങ്ങനെയാണ് എടത്വ സെന്റ് അലോഷ്യസ് കോളജിലേക്ക് വണ്ടി കയറിയത്. എന്നാല്‍, സെക്കന്റ് ഗ്രൂപ്പ് കിട്ടിയില്ല. അത് ആണ്‍ കുട്ടികള്‍ക്ക് പറ്റിയ പണിയല്ലത്രെ! പകരം ഫസ്റ് ഗ്രൂപ്പ് എടുത്തു. അവനത് അത്ര ഇഷ്ടമായിരുന്നില്ല. എന്നിട്ടും മറ്റെല്ലാവരെയും പോലെ പിടിച്ചു നിന്നു. എന്നാല്‍്, ഇത്തിരി കഴിഞ്ഞപ്പോള്‍ അവന്‍ വായനയിലേക്കും എഴുത്തിലേക്കും തിരിഞ്ഞു. വായനയില്‍ സ്വയം നഷ്ടപ്പെട്ടു. കിട്ടിയ സമയത്തെല്ലാം കഥയും കവിതയും എഴുതിക്കൂട്ടി.

കോളജില്‍നിന്ന് നാട്ടില്‍ വരുമ്പോള്‍ എഴുതിയ കഥകള്‍ കൊണ്ടുവരുമായിരുന്നു. വലിയ കാര്യത്തോടെ എല്ലാവരെയും കാണിക്കും. എന്നാല്, അത്ര നല്ല പ്രതികരണമായിരുന്നില്ല കിട്ടിയത്. ഈ ചെറുക്കന് വേറെ പണിയില്ലേ എന്ന മട്ടായിരുന്നു പൊതുവെ. മകന്‍ തലതിരിഞ്ഞു പോവുമെന്ന ആശങ്ക പപ്പക്കും മമ്മിക്കും ഉണ്ടായിരുന്നു.

പ്രതീക്ഷിച്ചതുപോലെ പ്രീഡിഗ്രി കാലം എഴുത്തിലും വായനയിലും തീര്‍ന്നു. അവനത് പൂര്‍ത്തിയാക്കാന് കഴിഞ്ഞില്ല. നിരാശയോടെ അവന് തിരിച്ചെത്തി. അതിനിടക്ക് അവന്റെ സര്‍ടിഫിക്കറ്റുകളെല്ലാം എങ്ങനെയോ നഷ്ടപ്പെട്ടു. പരീക്ഷ വീണ്ടും എഴുതാനുള്ള അവസരമാണ് അതോടെ നഷ്ടമായത്.

 

 

4

അതോടെയാണ് അവന്റെ ജീവിതം മാറിയത്. പ്രീഡിഗ്രി കരക്കടുപ്പിക്കുന്നത് നിര്‍ത്തി പിറ്റേ വര്‍ഷം അവന്‍ പോളി ടെക്നിക്കില്‍ ചേര്‍ന്നു. കര്‍ണാടകത്തിലെ സുള്ള്യയിലെ പോളി ടെക്നിക്കിലായിരുന്നു പഠനം. സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ കോഴ്സ്. അവനാ കോഴ്സ് ഇഷ്ടപ്പെട്ടു. ഡിസൈനിങും മറ്റും പ്രിയവിഷയങ്ങളായി മാറി.

അവിടെ പഠനത്തില്‍ മാത്രമായിരുന്നു പ്രധാന ശ്രദ്ധ. എങ്കിലും അവസാന വര്‍ഷം കൂട്ടുകാരുടെ ഓട്ടോഗ്രാഫില്‍ മനോഹരമായി ചെറു കവിതകളെഴുതി. ഡിപ്ലോമ കഴിഞ്ഞപ്പോള്‍ വീണ്ടും നാട്ടിലെത്തി. കൂടെ പഠിച്ചവര്‍ മിക്കവരും ഉപരിപഠനത്തിനുപോയപ്പോള്‍ നവീന് അതിനു കഴിഞ്ഞില്ല. പിന്നെ, ഇവിടെ അടുത്തുള്ള സിബിച്ചേട്ടന്റെ കൂടെ കൂടി. സിബിച്ചേട്ടന്‍ ഇപ്പോള്‍ കുവൈറ്റിലാണ്. അദ്ദേഹത്തെ കാണാന്‍ പോവുമ്പോഴായിരുന്നു മരണം തേടിയെത്തിയ കാറപകടം.

സുള്ള്യയില്‍ പഠിക്കുമ്പോള്‍ കൂട്ടുകാര്‍ക്കൊപ്പം വാടക വീട്ടിലായിരുന്നു താമസം. ആ സമയത്ത് അവന്‍ കുറേ കഥകളെഴുതി. ചുറ്റുപാടുള്ളവരും കൂട്ടുകാരുമൊക്കെ കഥാപാത്രങ്ങള്‍. കൃത്യമായി ഡയറി എഴുതാന്‍ ശ്രമിക്കുമായിരുന്നു നവീന്‍. മനോഹരമായ കുറിപ്പുകള്‍. ഡയറികളൊക്കെ സൂക്ഷിച്ചു വെച്ചിരുന്നു. പക്ഷേ ആദ്യകാലങ്ങളില്‍ എഴുതിയവ പലതും നഷ്ടപ്പെട്ടു. അവന്‍ തന്നെ ഒഴിവാക്കിയതാവും.

ഇതിനിടെ സണ്‍ ഡേ സ്കൂളില്‍ പഠിപ്പിക്കാന്‍ തുടങ്ങിയിരുന്നു. കുട്ടികളുമായുള്ള ഇടപെടല്‍ അവന്‍ വളരെ ആസ്വദിച്ചു. കുറച്ചു കാലം കാസര്‍ഗോഡ് കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ സൈറ്റ് സൂപ്പര്‍ വൈസറായി ജോലി ചെയ്തു. തുടക്കത്തില്‍ മറ്റു പലരെയും പോലെ വെയിലത്തും മഴയത്തും കഷ്ടപ്പെട്ടു.

 

 

5
ഇനിയിങ്ങനെ നാട്ടില്‍ നിന്നിട്ട് കാര്യമില്ലെന്ന് എല്ലാവരും പറഞ്ഞു തുടങ്ങിയിരുന്നു. ബോംബെയിലേക്ക് പോവാനായിരുന്നു മുതിര്‍ന്നവരുടെ ഉപദേശം. പല കാരണങ്ങള്‍ പറഞ്ഞ് അവനത് ഉഴപ്പി. നാട്ടില്‍ നില്‍ക്കാനായിരുന്നു അവനിഷ്ടം. എന്നാല്, അധിക കാലം അവനു പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. റിസര്‍വേഷന്‍ ഉണ്ടെങ്കിലേ പോകൂ എന്നു ശാഠ്യം പിടിച്ചപ്പോള്‍ പപ്പ തന്നെ പോയി ടിക്കറ്റെടുത്തു കൊണ്ടു വന്നു. മനസ്സില്ലാ മനസ്സോടെ അവന്‍ പോവാന്‍ തയ്യാറായി. പോവുംമുമ്പ് വീട്ടിലുള്ളവരോടു പറഞ്ഞു, ‘എന്തായാലും പോയി നോക്കാം. പല പ്രസിദ്ധരായ എഴുത്തുകാരും രക്ഷപെട്ടത് ബോംബെയിലെത്തിയതിനു ശേഷമാണ്!’.

അങ്ങിനെ ബോംബെയില്‍. അവിടെ പരിചയക്കാരുണ്ടായിരുന്നു. പിന്നെ, കുവൈത്തിലേക്കുള്ള ഒരു ഇന്റര്‍ വ്യൂ അറ്റന്റ് ചെയ്തു. അത് ശരിയായി. അങ്ങനെ കുവൈത്തിലേക്ക് പുറപ്പെട്ടു.
ഞാനന്ന് നാട്ടില്‍ താല്‍ക്കാലികമായി ഒരു സ്കൂളില്‍ പഠിപ്പിക്കുകയായിരുന്നു. അവന്‍ പോയ ശേഷമാണ് വീടിന്റെ അവസ്ഥ മെച്ചപ്പെട്ടത്. മൊബൈല്‍ ഫോണൊക്കെ സര്‍വ്വസാധാരണമായ കാലം. ഇടക്കിടെ വിളിക്കുമായിരുന്നു അവന്‍.

കുവൈത്തില്‍ എത്തിയതു മുതല്‍ അവന്‍ എഴുത്തില്‍ സജീവമായി. കവിതയെഴുത്തിലേക്ക് ചുവടു മാറി. ഒരു എഴുത്തുകാരന്‍ ആവുകയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമെന്ന് സ്വയം തിരിച്ചറിഞ്ഞതായി ഇടക്ക് അവന്‍ പറഞ്ഞു. വായനയും എഴുത്തുമൊക്കെ സജീവമായി.

സ്വന്തം നിലക്കെത്തിയ സ്ഥിതിക്ക് എഴുത്ത് തുടരുന്നതില്‍ വീട്ടുകാര്‍ക്കും എതിര്‍പ്പൊന്നും ഇല്ലായിരുന്നു. എഴുത്തില്‍ വീട്ടുകാര്‍ താല്‍പ്പര്യം കാണിച്ചത് അവനും സന്തോഷം നല്കി.

നാട്ടില്‍ വന്നപ്പോഴൊക്ക അവന്റെ സംസാരത്തില്‍ മുഴുവന് എഴുത്തായിരുന്നു. ഞാനക്കാലത്ത് ചില ഇംഗ്ളീഷ് പുസ്തകങ്ങളൊക്കെ വായിക്കാന്‍ ശ്രമിച്ചിരുന്നു. അതു വലിയ കാര്യമായി പറയാന്‍ ശ്രമിച്ചപ്പോള്‍ വിവര്‍ത്തനങ്ങള്‍ അവന് സുപരിചിതം!. അവന്റെ വായനയുടെ ആഴം എത്രത്തോളമെന്ന് എനിക്കു മനസ്സിലായി.

ഇഷ്ടപ്പെട്ട പുസ്തകങ്ങളെ കുറിച്ച് കുറിപ്പ് തയ്യാറാക്കുമായിരുന്നു. അവധിക്കു വരുമ്പോള്‍ അവനോട് സംസാരിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. കാര്യങ്ങളെ അവന്‍ വേറൊരു രീതിയിലാണ് കണ്ടിരുന്നത്. അവനോട് സംസാരിക്കുമ്പോള്‍ ഒരു പാട് കാര്യങ്ങള്‍ ഒഴുകിവന്നു. ഞാന്‍ അവന്റെ കഴിവുകളെ ആകാംക്ഷയോടെ വീക്ഷിച്ചു, അവന്റെ അനുജനായതില്‍ അഭിമാനിച്ചു.

 

 

6

ബ്ലോഗ് തുടങ്ങിയതോടെ അവന്‍ നല്ല സന്തോഷത്തിലായിരുന്നു. സ്വയം പ്രകാശിപ്പിക്കാനുള്ള വഴി തുറന്നതു പോലെ. അതിനു മുമ്പ് ‘പുഴ’ മാസികയിലൊക്കെ കഥകളും മറ്റും വന്നിരുന്നു. നവീന്‍ എന്ന പേരില്‍. ബ്ളോഗില്‍ എല്ലാവരും വേറെ പേരിലെഴുതുന്നത് കൊണ്ടാവാം അവന് ജ്യോനവന്‍ എന്നു പേരു മാറ്റിയത്. എഴുത്തുകാരനായി അറിയപ്പെടുന്നതിനുള്ള ഒരു മുന്നൊരുക്കമായിരിക്കാമത്. ഒരു ഹോംവര്‍ക്ക്.

ജ്യോനവന്‍ നല്ല കൌതുകമുള്ള പേരാണ്. സ്വന്തം ഇ-മെയില്‍ അഡ്രസ്സിന്റെ മലയാളീകരിച്ച രൂപമാണ് ജ്യോനവന്‍. geonaveen@gmail.com പപ്പയുടെ പേരിന്റെ പകുതിയും അവന്റെ പേരും ചേര്‍ന്ന ഒരു മിക്സ്…

ബ്ലോഗില്‍ ഓരോ കവിത വരുമ്പോഴും അത് വായിക്കപ്പെടുമ്പോഴും കമന്റുകള്‍ തേടി വരുമ്പോഴും അവന്‍ സന്തോഷിച്ചു. വീണ്ടും വീണ്ടും എഴുതാന്‍, എഴുത്തിന്റ വഴിയില്‍ മുന്നോട്ടു നടക്കാന്‍ ബ്ലോഗ് ആത്മവിശ്വാസം നല്കി.

സ്വന്തം കാര്യമൊഴിച്ച് മറ്റെല്ലാം അവന്‍ ശ്രദ്ധിച്ചിരുന്നു. സ്വന്തം കാര്യങ്ങളില്‍, സുഖസൌകര്യങ്ങളില്‍ അവന്‍ കുറച്ചേ താല്‍പ്പര്യം കാണിച്ചുള്ളൂ. എഴുത്തു മാത്രമാണ്, വായന മാത്രമാണ് അവന്‍ സ്വന്തമെന്ന് പറഞ്ഞ് കൊണ്ടു നടന്നത്. ഞങ്ങള്‍ക്കെല്ലാം എല്ലാം കൊണ്ടുവന്നു തന്നിരുന്ന അവന് കാര്യമായി ഒന്നുമുണ്ടായിരുന്നില്ല, സ്വന്തമായി. അവനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏറ്റവും വേദനിപ്പിക്കുന്നത് അവന്‍ അവനു വേണ്ടി ജീവിക്കാന്‍ ശ്രമിച്ചില്ലല്ലോ എന്ന സത്യം മനസ്സിലാക്കുമ്പോഴാണ്.

 

 

7

അവസാന നാളുകളില്‍ സ്വന്തമായി ഡിസൈന്‍ ചെയ്ത വീടിന്റെ പണി തീര്‍ക്കുന്നതിലായിരുന്നു ശ്രദ്ധ. ജീവിതം കര പിടിപ്പിച്ച സ്ഥിതിക്ക് കല്യാണം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആലോചനകള്‍ വന്നു തുടങ്ങിയിരുന്നു. എന്നാല്‍, ഒന്നും ഒത്തുവന്നില്ല. അതില്‍ നിരാശയുണ്ടായിരുന്നു.
പെണ്ണു കാണുന്നതിനിടെ, ‘എന്താ ജോലി’ എന്ന പതിവുചോദ്യം വരുമ്പോള്‍ ‘ഒരു ചെറിയ കമ്പനിയില്‍ ചെറിയ ജോലി’ എന്നായിരുന്നു മറുപടി. ജോലിയും ശമ്പളവും നോക്കാതെ തന്നെ ഇഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടി മതിയെന്നായിരുന്നു അവന്റെ നിലപാട്. പ്രണയത്തെക്കുറിച്ച് വളരെ മനോഹരമായ കാഴ്ചപ്പാടാണ് അവനു ഉണ്ടായിരുന്നത്.

‘എന്റെയീ സ്വഭാവം വെച്ച്, ഞാനുമായി ചേര്‍ന്നു പോകുന്ന ആളെ കിട്ടാന്‍ വിഷമമായിരിക്കും’ ഒരിക്കല്‍ അവന്‍ പറഞ്ഞു.
“സ്വന്തം പുസ്തകം പ്രകാശനം ചെയ്ത് അവള്‍ക്കു വായിക്കാന്‍ കൊടുക്കണം” എന്ന ഇഷടം ഒരിക്കല്‍ അവന്‍ പങ്കുവെച്ചു.
അവസാന കാലത്ത് വീടുമായുള്ള അടുപ്പം കൂടിയിരുന്നു. എന്നും അമ്മയെ വിളിക്കും. ഏറെ നേരം സംസാരിക്കും.
നാട്ടില്‍ തിരിച്ചു വരണമെന്നും ഒരു ഡിസൈനിങ് സ്ഥാപനം തുടങ്ങണമെന്നുമൊക്കെ അവന് ആഗ്രഹമുണ്ടായിരുന്നു. ഒരു കൂട്ടുകാരനുമായി ചേര്‍ന്ന് അവന്‍ അതിന് പദ്ധതിയിട്ടിരുന്നു.

 

 

8

ഞാന് പൂനെയില്‍ ജോലി ചെയ്യുന്ന സമയത്താണ് അവന് അപകടമുണ്ടായത്. ടിജു ചേട്ടനാണ് എന്നെ വിവരമറിയിച്ചത്. കാറപടത്തില്‍ പരിക്കേറ്റെന്നും തലച്ചോറില് ബ്ലഡ് ക്ലോട്ട് ആയെന്നും അറിഞ്ഞപ്പോള്‍ തളര്‍ന്നു. എങ്കിലും അവന്‍ രക്ഷപ്പെടുമെന്ന് ഉള്ളില്‍ ഒരു തോന്നലുണ്ടായിരുന്നു. സഹോദരിക്ക് ചെറുപ്പത്തില്‍ ഇതു പോലെ ഒരപകടമുണ്ടായിരുന്നു. അവളും തലച്ചോറിനു പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്നു. എങ്കിലും അവള്‍ രക്ഷപ്പെട്ടു. അവന്റെ കാര്യത്തിലും ഞങ്ങള്‍ അത് പ്രതീക്ഷിച്ചു.

കുവൈത്തിലേക്ക് ഒരാള്‍ പോകുന്നത് നല്ലതാണെന്ന് പറഞ്ഞപ്പോഴാണ് ഞാനങ്ങോട്ട് പുറപ്പെട്ടത്. യാത്രക്ക് തൊട്ടുമുമ്പ് ടിജോ ചേട്ടന്‍ ഒരു മുന്നറിയിപ്പ് തന്നു. ‘അധികമൊന്നും പ്രതീക്ഷിക്കേണ്ട. കാര്യങ്ങള്‍ നമ്മള്‍ കരുതുന്നതിലും വളരെ മോശമാണ്’.

അതോടെ മനസ്സ് തളര്‍ന്നു. അവന്‍ രക്ഷപ്പെടുമെന്നും അവിടെ ചെന്ന് അവനെ ശുശ്രൂഷിക്കാമെന്നുമൊക്കെയായിരുന്നു എന്റെ മനസ്സിലുണ്ടായിരുന്നത്. അപകടം നടന്ന് അഞ്ചെട്ട് ദിവസം കഴിഞ്ഞാണ് ഞാനവിടെ എത്തിയത്. ആശുപത്രിയില്‍ പോവും മുമ്പ് അങ്കിള്‍ പറഞ്ഞു, ‘നീയവിടെ ചെന്ന് സീനൊന്നും ഉണ്ടാക്കില്ല എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം അവിടെ പോകാം. വളരെ മോശമാണ് സ്ഥിതി’.

അവിടെ ചെന്നപ്പോള്‍ അവനെ കണ്ടു. സാധ്യത കുറവാണെന്ന് നഴ്സ് പറഞ്ഞു. തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചിട്ടുണ്ട്. മരുന്നിനോട് പ്രതികരിക്കുന്നതു വരെ വെന്റിലേറ്ററില്‍ തുടരും. അതുവരെ എന്നെ കരയിപ്പിക്കാതിരുന്ന പ്രാര്‍ത്ഥനകളും പാട്ടുകളും എന്നെ വിങ്ങല്‍ക്കൊള്ളിച്ചു. വിതുമ്പി കരയിച്ചു.

ചെന്ന് നാലഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ അതു സംഭവിച്ചു.

 
 

9

ആശുപത്രിയില് അവനെ കാണാന്‍ ഒരു പാട് പേര്‍ വന്നിരുന്നു. അവന്റെ സുഹൃത്തുക്കള്‍. നേരില്‍ കാണുകപോലും ചെയ്യാത്ത, വിര്‍ച്വല്‍ ലോകത്ത് മാത്രം പല പേരുകളില്‍ കണ്ടു പരിചയമുള്ള ബ്ളോഗര്‍മാര്‍. പല ഇടങ്ങളില്‍നിന്നും പലരും വിളിക്കുന്നുണ്ടായിരുന്നു. എല്ലാവര്‍ക്കും എന്തോ പ്രതീക്ഷ ബാക്കിയുണ്ടായിരുന്നു. ആകെ തളര്‍ന്ന സമയത്ത് അവരെല്ലാം വൈകാരികമായി ഏറെ പിന്തുണ നല്കി.

പുസ്തകം ഇറക്കണമെന്നത് അവന്റെ വലിയ സ്വപ്നമായിരുന്നു. സ്വന്തം പുസ്തകം. അവന്റെ കൂട്ടുകാരുടെ മുന്‍കൈയില്‍ അത് ഇറങ്ങുമ്പോള്‍ വല്ലാത്തൊരു വികാരമാണ് എന്നില്‍ ഇരമ്പുന്നത്. ഇത് കാണാന്‍, വായിക്കാന്‍ അവന്‍ കൂടെയുണ്ടായിരുന്നെങ്കില്‍…
 
 
 
 
RELATED POSTS

ജ്യോനവന് ഒരു ദിനം
ജ്യോനവന്റെ ഓര്‍മദിനത്തെക്കുറിച്ച് സജി കടവനാട് എഴുതുന്നു

അവനില്ലാതെ, അവന്റെ പുസ്തകം
ജ്യോനവന്റെ ജീവിതത്തിന്റെ പല അടരുകളെക്കുറിച്ച് സഹോദരന്‍ നെല്‍സണ്‍ ജോര്‍ജ് എഴുതുന്നു

മരണം ഒരു സൈബര്‍ പ്രതിഭാസമല്ല
പ്രശസ്ത കവി പി.എന്‍ ഗോപീകൃഷ്ണന്‍ എഴുതിയ അവതാരിക

വിഷാദം കൊത്തിയ പറവ
ജ്യോനവന്‍ ഓര്‍മ്മ. സിമി നസ്രത്ത് എഴുതുന്നു

ജ്യോനവന്റെ ഡയറിക്കുറിപ്പുകള്‍

ജ്യോനവന്റെ കവിതകള്‍

5 thoughts on “അവനില്ലാതെ, അവന്റെ പുസ്തകം

 1. vayikkumbol kannu niranju poyij………..ezhuthatha kavithakal swapnam kandu jyonavan urangunnundavum…………..

 2. നെൽ സൻ ജോർജ്,
  >>സ്വന്തം പുസ്തകം. അവന്റെ കൂട്ടുകാരുടെ മുന്‍കൈയില്‍ അത് ഇറങ്ങുമ്പോള്‍ വല്ലാത്തൊരു വികാരമാണ് എന്നില്‍ ഇരമ്പുന്നത്. ഇത് കാണാന്‍, വായിക്കാന്‍ അവന്‍ കൂടെയുണ്ടായിരുന്നെങ്കില്‍…<<

  അതെ ആ വികാരം ഈ എഴുത്തിൽ കാണൂന്നുണ്ട്.
  ജീവിതം അങ്ങനൊക്കെയാണ്. ഞാനും ഒരു ബ്ലോഗറാണ്. പക്ഷെ എനിക്കു കവിത ഒരു വലിയ താല്പര്യമുള്ള ഫീൽഡ് അല്ല, അതുകൊണ്ടായിരിക്കാം ഞാ ൻ ജോനാവനെ വായിച്ചിട്ടില്ല.

  ഈ കുറിപ്പു വായിച്ചപ്പോൾ എനിക്കു തൊന്നുന്നത്, ചേട്ടനു മാത്രമല്ല, അനിയനും എഴുതാനുള്ള കഴീവുണ്ട്. മനസിലുള്ള വികാരം അതതു പോലെ വായനക്കരന്റെ മുന്നിൽ അവതരിപ്പിക്കാൻ കഴിയുന്നവൻ നല്ല ഒരെഴുത്തുകാ‍രനാണെന്നാണ് എന്റെ തോന്നൽ.

  ഇന്നത്തെ പുസ്തകപ്രകാശനത്തിന് എല്ലാവിധ ആശംസകളൂം

  അതു കൊണ്ട്, എഴുതൂ, ബ്ലോഗൊക്കെ എഴുതൂ…

  • പൊട്ടക്കലം നിറയുകയാൺ.
   കുവൈറ്റിലേ ആശുപത്രി വരാന്തയിൽ തികഞ്ഞ അനിശ്ചിതത്വത്തിൽ നിന്നിരുന്ന നെൽസൺ മറവിയിലേക്കു മറഞ്ഞിട്ടില്ല. ഒന്നും ചെയ്യാനിലാതെ ഉറുംബും,ചിന്തകനും,ഞാനുമൊക്കെ എന്തു ബന്ധമായിരുന്നു ഒരിക്കൽ പോലും ജീവനുള്ള മുഖം കണ്ടിട്ടില്ലാത്ത ഒരാൾക്കുവേണ്ടി ഞങ്ങളെ അവിടെ എത്തിച്ചതെന്ന് ഇന്നും അറിയില്ല കുത്തിനോവിക്കുന്ന വരികളും പൂർത്തിയാകാത്ത സ്വപ്ന സൌധവും ഒക്കെ ഒ​‍ാർമ്മകളിലെക്കു തികട്ടിയെത്താരുണ്ട്. അതിലേറെ ലൊകമെംബാടുമുള്ള ബ്ലൊഗർമാരുടെ പ്രാർത്ധനയും …..നെൽസൺ ഈ ചെറിയ സന്തോഷം കൂടി കൈപ്പറ്റുക

Leave a Reply

Your email address will not be published. Required fields are marked *