ബോള്‍ട്ട്…കളങ്കിതനാവരുത് താങ്കളെങ്കിലും

 
 
 
ഉസൈന്‍ ബോള്‍ട്ടിനായി ഒരു പ്രാര്‍ത്ഥന
കെ. സുരേഷ് കുമാര്‍ എഴുതുന്നു

 
 

വേഗപ്പോരാട്ടത്തിലെ കളങ്കിതരുടെ പട്ടികയില്‍ ഉസൈന്‍ ബോള്‍ട്ട് എന്ന ജമൈക്കന്‍ താരത്തിന്റെ പേര് ഉണ്ടാവാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് കായികലോകം. ലോകം നാളിതുവരെ കണ്ടതില്‍വെച്ച് ഏറ്റവും മനോഹരവും ഉജ്വലവുമായ ഓട്ടമായിരുന്നു ബോള്‍ട്ടിന്റേത്. ലണ്ടന്‍ ഒളിമ്പിക്സില്‍ വീറും വാശിയുമുയരുമ്പോള്‍ പുതിയൊരു ചരിത്രത്തിലേക്ക് ഉരുക്ക് പേശികളുള്ള ആ കറുത്ത മുത്ത് ഓടിയണയുമെന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം. എന്നാല്‍, വിസ്മയാവഹമായ ആ കരിയറില്‍ മരുന്നിനെങ്കിലും ഉത്തേജക വിവാദം കരിനിഴല്‍ വീഴ്ത്തിയാല്‍ അത് അത് ലറ്റി ക് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരിക്കും-കെ. സുരേഷ് കുമാര്‍ എഴുതുന്നു

 

 

ഒളിമ്പിക്സിലെ ഗ്ലാമര്‍ ഇനമാണ് അത് ലറ്റിക്സെങ്കില്‍ അത് ലറ്റിക്സിലെ കിടിലന്‍ ഇനമാണ് 100 മീററര്‍ ഫൈനല്‍. ഭൂഗോളത്തിലെ വേഗമേറിയ മനുഷ്യാവതാരത്തെ കണ്ടെത്താന്‍ ലോകം കാത്തിരിക്കുന്ന പോരാട്ടം. സെക്കന്റിനെ തലനാരിഴ കീറിയളന്ന് അമാനുഷിക കുതിപ്പ് നടത്തിയവരുടെ ത്രസിപ്പിക്കുന്ന ചരിത്രമാണ് ഒളിമ്പിക്സിന് പറയാനുള്ളത്. ഓരോ നാലുവര്‍ഷം കഴിയുമ്പോഴും റെക്കോര്‍ഡുകള്‍ വഴിമാറുകയും മനുഷ്യന് അസാധ്യമെന്ന് കരുതുന്ന വേഗത്തിലേക്ക് അത് ലറ്റുകള്‍ കുതിക്കുകയും ചെയ്യുന്നു. പലപ്പോഴും ഒളിമ്പിക്സ് എന്ന മഹാമേളയ്ക്ക് പറയാന്‍ ഈ വിസ്മയക്കുതിപ്പുകള്‍ക്ക് പിന്നിലെ ചതിയുടെ ചരിത്രവുമുണ്ട് . സ്പ്രിന്റ് ഇനങ്ങളില്‍ ഉത്തേജക മരുന്ന് ഉപയോഗിക്കാത്തവര്‍ വിരളമാണ് ലോകചരിത്രത്തില്‍. കായികലോകം ആരാധനയോടെ വാഴ്ത്തിയ പലരും പില്‍ക്കാലത്ത് നാണക്കേടിന്റെ പടുകുഴിയിലകപ്പെട്ട് ചരിത്രത്തിന്റെ കറുത്ത ഏടുകളിലേക്ക് പിന്‍തള്ളപ്പെട്ടിട്ടുണ്ട്.

 

ഉസൈന്‍ ബോള്‍ട്ടും യൊഹാന്‍ ബ്ലെയ്ക്കും


 

ബോള്‍ട്ടും ബ്ലെയ്ക്കും കൊമ്പുകോര്‍ക്കുമ്പോള്‍
ലണ്ടന്‍ ഒളിമ്പിക്സ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ലോകം ഉറ്റുനോക്കുന്നത് ഒളിമ്പിക് ചാമ്പ്യന്‍ ഉസൈന്‍ ബോള്‍ട്ടും ലോക ചാമ്പ്യന്‍ യൊഹാന്‍ ബ്ലെയ്ക്കും തമ്മിലുള്ള വേഗപ്പോരാട്ടമാണ്. എതിരാളികളില്ലെന്നു കരുതിയ ബോള്‍ട്ടിന് കടുത്ത ഭീഷണിയുയര്‍ത്തി നാട്ടുകാരന്‍ കൂടിയായ ബ്ലെയ്ക്ക് രംഗത്തെത്തിയത് 100 മീററര്‍ പോരാട്ടത്തെ ആവേശഭരിതമാക്കിയിരിക്കുകയാണ്. ഈയിടെ നടന്ന ജമൈക്കന്‍ ഒളിമ്പിക് ട്രയല്‍സില്‍ 100 മീറററിലും 200 മീറററിലും ബ്ലെയ്ക്ക് ബോള്‍ട്ടിനെ അട്ടിമറിച്ചു. 9.75 സെക്കന്റാണ് 100 മീറററില്‍ ബ്ലെയ്ക്കിന്റെ സമയം. അമേരിക്കന്‍ ട്രയല്‍സില്‍ 9.8 സെക്കന്റില്‍ ഫിനിഷ് ചെയ്ത ജസ്റ്റിന്‍ ഗാറ്റ്ലിനും ഉജ്വലഫോമുമായി രംഗത്തുണ്ട്.

2008 ബെയ്ജിങ് ഒളിമ്പിക്സില്‍ ഉസൈന്‍ ബോള്‍ട്ട് നടത്തിയ കുതിപ്പ് സമാനതകളില്ലാത്തത്തായിരുന്നു. 9.69 സെക്കന്റില്‍ ഈ അതികായന്‍ 100 മീറ്റര്‍ പിന്നിട്ടപ്പോള്‍ വഴിമാറിയത് ചരിത്രമാണ്. മനുഷ്യസാധ്യതയുടെ പാരമ്യത്തിനുമപ്പുറത്തേക്കുള്ള കുതിപ്പായിരുന്നു ലോക റെക്കോര്‍ഡ് തിരുത്തിയ ആ പ്രകടനം. 200 മീറ്ററില്‍ (19.32 സെക്കന്റ്) മൈക്കല്‍ ജോണ്‍സന്റെ റെക്കോര്‍ഡും മറികടന്ന് സ്വര്‍ണമണിഞ്ഞ ബോള്‍ട്ട് സ്പ്രിന്റ് ഡബിള്‍ സ്വന്തമാക്കി. എന്നാല്‍, ഇതുകൊണ്ടൊന്നും ബോള്‍ട്ട് അവസാനിപ്പിച്ചില്ല. 2009ല്‍ ബെര്‍ലിനില്‍ നടന്ന ലോക അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ഉസൈന്‍ ബോള്‍ട്ടിന്റെ അത്യുജ്വലമായ പ്രകടനങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. 9.58 സെക്കന്റില്‍ 100 മീറ്ററും 19.19 സെക്കന്റില്‍ 200 മീറ്ററും ഓടിയെത്തിയ ജമൈക്കക്കാരന്‍ സ്വന്തം റെക്കോര്‍ഡുകള്‍ കാറ്റില്‍ പറത്തിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കായിക ലോകം കണ്ണുതള്ളിപ്പോയി. ഉത്തേജകമരുന്നിന്റെ സഹായം ഊ പ്രകടനങ്ങളുടെ പിന്നിലുണ്ടോ എന്ന് സംശയം ഉയര്‍ന്നെങ്കിലും ഇന്നേവരെ ഒരു പരിശോധനാഫലവും ബോള്‍ട്ടിനെ കുടുക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ഉസൈന്‍ ബോള്‍ട്ട് ഒരു ഇതിഹാസ പുരുഷനാണെന്ന് കാലം സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, ഇതിഹാസങ്ങളെല്ലാം തലകുത്തിവീണ ചരിത്രമാണ് ആധുനിക ഒളിമ്പിക്സിലെ മരുന്നടിക്കുള്ളത്. വീറും വാശിയും അഭിമാനവും കൈകോര്‍ക്കുന്ന പുത്തനവസ്ഥകള്‍ ബോള്‍ട്ടിനെയെങ്കിലും വീഴ്ത്താതിരിക്കട്ടെ എന്നാണ് കായികലോകം ആഗ്രഹിക്കുന്നത്.

 

ബെന്‍ജോണ്‍സണ്‍


 

ചതിയുടെ ചരിത്രം
1968 ഒളിമ്പിക്സില്‍ ഉത്തേജക മരുന്ന് പരിശോധനക്കുള്ള ടെസ്റ്റ് ഏര്‍പ്പെടുത്തിയതുമുതല്‍ നിരവധി അത് ലറ്റുകള്‍ മരുന്നടിച്ച് കുടുങ്ങിയിട്ടുണ്ട്. അതില്‍ ലോകം ഞെട്ടിപ്പോയത് 1988ല്‍ സോള്‍ ഒളിമ്പിക്സില്‍ കാനഡയു ബെന്‍ജോണ്‍സന്റെ പതനമാണ്. കാള്‍ലൂയീസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി 9.79 സെക്കന്റില്‍ ബെന്‍ജോണ്‍സണ്‍ 100 മീറ്റര്‍ ഫിനിഷ് ചെയ്യുന്നത് കാണേണ്ട കാഴ്ച തന്നെയായിരുന്നു. നൂറ്റാണ്ടിന്റെ ഓട്ടപ്പന്തയത്തിന്റെ ലോകറെക്കോര്‍ഡും വഴി മാറി. പക്ഷേ, അധികം വൈകാതെ ആ ദുരന്ത വാര്‍ത്തയത്തി. മല്‍സരത്തിന് മുമ്പെടുത്ത മൂത്ര സാമ്പിള്‍ പരിശോധിച്ചപ്പോള്‍ ബെന്‍ജോണ്‍സണ്‍ ആനബോളിക് സ്റ്റിറോയ്ഡ് ഉപയോഗിച്ചതായി തെളിഞ്ഞു. തുടര്‍ന്ന് അയാള്‍ക്ക് അയോഗ്യത കല്‍പ്പിക്കപ്പെട്ടു. സ്വര്‍ണം അമേരിക്കയുടെ കാള്‍ ലൂയിസിന്റേതായി. നാണക്കേടാല്‍ കുനിഞ്ഞ ശിരസ്സുമായി ബെന്‍ജോണ്‍സണ് കാനഡയിലേക്ക് പറക്കേണ്ടിവന്നു. വിലക്കു കഴിഞ്ഞ് ട്രാക്കില്‍ തിരിച്ചെത്തിയെങ്കിലും 1993ല്‍ വീണ്ടും മരുന്നടിച്ചതിനാല്‍ ആജീവനാന്ത വിലക്കുവന്നതോടെ വിവാദങ്ങള്‍ക്കൊപ്പം നടന്ന ആ കരിയറിനും വിരാമമായി.

2003ല്‍ യു.എസ് ഒളിമ്പിക്സ് കമ്മിറ്റിയുടെ ഡ്രഗകണ്‍ട്രോള്‍ വിഭാഗം മുന്‍ ഡയരക്ടര്‍ ഡോ. വേഡ് എക്സ്ക്യൂം വെളിപ്പെടുത്തിയത് മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തയാണ്. സോള്‍ ഒളിമ്പികിസിനു മുന്നോടിയായി നടന്ന യു.എസ് ഒളിമ്പിക്സ് ട്രയല്‍സില്‍ സാക്ഷാല്‍ കാള്‍ ലൂയിസ് നിരോധിത ഉത്തേജകമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു എന്നതായിരുന്നു ആ വാര്‍ത്ത.

എന്നാല്‍, ലൂയിസിനെ ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിലക്കാനോ പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനോ അധികൃതര്‍ തയ്യാറായില്ല. അയോഗ്യത കല്‍പ്പിക്കേണ്ടതിലും കുറഞ്ഞ അളവിലുള്ള ഉത്തേജക മരുന്ന് മാത്രമേ കാള്‍ ലൂയിസ് ഉപയോഗിച്ചിരുന്നുള്ളൂ എന്നതായിരുന്നു അവരുടെ ന്യായം. വേഡ് എക്സ്ക്യൂമിന്റെ വെളിപ്പെടുത്തല്‍ നിഷേധിക്കാന്‍ എന്നാല്‍, കാള്‍ലൂയിസിന് കഴിയുമായിരുന്നില്ല. താന്‍ മാത്രമല്ല യു.എസ് ഒളിമ്പിക്സിലെ പല അത് ലറ്റുകളും ഈ പരിശോധനക്ക് പിടിക്കപ്പെട്ടുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വര്‍ഷങ്ങള്‍ കഴിഞ്ഞുപോയതിനാല്‍ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി ഈ വെളിപ്പെടുത്തല്‍ സംബന്ധിച്ച് പുന:പരിശോധന നടത്തിയതുമില്ല.

 

കാള്‍ ലൂയിസ്


 

2000 സിഡ്നി ഒളിമ്പിക്സില്‍ അഞ്ച് മെഡലുകള്‍ നേടിയ സ്പ്രിന്റ് റാണി മരിയന്‍ ജോണ്‍സാണ് മരുന്നടിയില്‍ മുഖം നഷ്ടപ്പെട്ട മറ്റൊരു പ്രമുഖ താരം. മരിയന്‍ ജോണ്‍സിന്റെ കോച്ച് ട്രവര്‍ ഗ്രഹാമിന്റെ പക്കല്‍നിന്ന് ലഭിച്ച ഒരു സിറിഞ്ചില്‍ ഉത്തേജക മരുന്നിന്റെ അംശം അടങ്ങിയതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ലോക അത് ലറ്റിക്സിനുതന്നെ നാണക്കേടുണ്ടാക്കിയ സത്യം പുറത്തുകൊണ്ടുവന്നത്.

സാന്‍ഫ്രാന്‍സിസ്കോയിലെ ബേ ഏരിയ ലാബ് ഓപ്പറേറ്റീവ് (BALCO) അത്ലറ്റുകള്‍ക്ക് നല്‍കിയ വൈറ്റമിന്‍ മരുന്നുകളില്‍ പലതും പ്രകടനം മെച്ചപ്പെടാന്‍ ഉതകുന്ന ഉത്തേജക മരുന്നുകളായിരുന്നു. താന്‍ മരുന്നടിച്ച കാര്യം ആദ്യമെല്ലാം നിഷേധിച്ച മരിയന്‍ ജോണ്‍സിന് ഒടുവില്‍ സത്യം വെളിപ്പെടുത്തേണ്ടിവന്നു. തുടര്‍ന്ന് മൂന്ന് സ്വര്‍ണ്ണമടക്കം സിഡ്നി ഒളിമ്പിക്സില്‍ ലഭിച്ച അഞ്ച് മെഡലുകളും മരിയന്‍ തിരിച്ചുനല്‍കി. ജയില്‍ശിക്ഷയും അനുഭവിക്കേണ്ടിവന്നു.

1992ല്‍ ബാഴ്സലോന ഒളിമ്പിക്സില്‍ 100 മീറ്റര്‍ സ്വര്‍ണ്ണം നേടി ബ്രിട്ടന്റെ അഭിമാനമുയര്‍ത്തിയ താരമാണ് ലിന്‍ഫോര്‍ഡ് ക്രിസ്റ്റി. ഒളിമ്പിക്സില്‍ 100 മീറ്റര്‍ ചാമ്പ്യനാവുന്ന പ്രായം കൂടിയ അത് ലറ്റ് എന്ന വിശേഷണം കൂടിയുണ്ടായിരുന്ന ക്രിസ്റ്റിക്കുമുണ്ട് മരുന്നടിയുടെ ബ്ലാക്ക്മാര്‍ക്ക്. 1999ല്‍ തന്റെ കരിയറിന്റെ അവസാന കാലത്താണ് ക്രിസ്റ്റി നാന്‍ഡ്രോലിന്‍ ഉപയോഗിച്ച് പിടിക്കപ്പെട്ടത്. രണ്ട് വര്‍ഷം വിലക്കിനുപുറമേ ബെയ്ജിങ് ഒളിമ്പിക്സില്‍ ക്രിസ്ത്യന്‍ മാല്‍ക്കമിന്‍റെ പരിശീലകനാവുന്നതും തടയപ്പെട്ടു.

 

മരിയന്‍ ജോണ്‍സ


 

2004 ഒളിമ്പിക്സ് ചാമ്പ്യനായ ജസ്റ്റിന്‍ ഗാറ്റ്ലിന്‍ രണ്ട് വര്‍ഷം കഴിഞ്ഞ് വിലക്കു നേരിടേണ്ടിവന്നിട്ടുണ്ട്. പേശികളില്‍ സ്റ്റിറോയ്ഡ് ക്രീം പുരട്ടിയാണത്രെ ഗാറ്റ്ലിന്‍ കരുത്തു കൂട്ടുന്നത്. ഇപ്പോള്‍ ഉസൈന്‍ ബോള്‍ട്ടിന് വെല്ലുവിളി ഉയര്‍ത്തുന്ന യൊഹാന്‍ ബ്ലെയ്ക്കും കളങ്കിതരുടെ പട്ടികയില്‍ വന്നിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ജമൈക്കന്‍ ഉത്തേജക വിരുദ്ധ സമിതി കഴിഞ്ഞ വര്‍ഷം നടത്തിയ പരിശോധനയില്‍ ബ്ലെയ്ക്ക് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടത്തിയിരുന്നു. എന്നാല്‍, ഈ മരുന്ന് World Anti^doping Authorityയുടെ (WADA) ലിസ്റ്റില്‍ പെടാത്തതുകൊണ്ട് മാത്രം കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. എന്നിട്ടും അദ്ദേഹത്തിന് മൂന്നുമാസം വിലക്ക് നേരിടേണ്ടിവന്നു.

അമേരിക്കയുടെ മുന്‍ 100 മീറ്റര്‍ ഓട്ടക്കാരനും മരിയന്‍ ജോണ്‍സിന്റെ ജീവിതപങ്കാളിയുമായിരുന്ന ടിം മോണ്‍ഗോമറി മരുന്നടിയുടെ അപ്പോസ്തലനായിരുന്നു. ബാല്‍കോ വിവാദവുമായി ബന്ധപ്പെട്ട അന്വേഷണമാണ് മോണ്‍ഗോമറിയുടെ ചതി വെളിച്ചത്തുകൊണ്ടുവന്നത്. സിഡ്നി ഒളിമ്പിക്സില്‍ സ്വര്‍ണമണിഞ്ഞ മൌറിസ് ഗ്രീനിനെ ഏതുവിധേനയും പരാജയപ്പെടുത്താനാണ് താന്‍ മരുന്നടിച്ചതെന്ന് മോണ്‍ഗോമറി പിന്നീട് വെളിപ്പെടുത്തി. മരുന്നടിയുടെ പേരില്‍ അദ്ദേഹത്തിന് ജയില്‍വാസവും അനുഭവിക്കേണ്ടിവന്നു.

സിഡ്നി ഒളിമ്പിക്സില്‍ ഫാസ്റ്റസ്റ്റ് ആയിരുന്ന മൌറിസ് ഗ്രീനും ഉത്തേജക മരുന്ന് ഉപയോഗിച്ചതായി പിന്നീട് വെളിപ്പെട്ടിരുന്നു. എന്നാല്‍, ശിക്ഷാനടപടികളില്‍നിന്ന് അദ്ദേഹം രക്ഷപ്പെടുകയാണുണ്ടായത്. പോയ വര്‍ഷത്തെ ചരിത്രമെടുത്താല്‍ ഡൊണോവന്‍ ബെയ്ലി മാത്രമാണ് മരുന്ന് വിവാദത്തില്‍ പെടാത്ത ഒളിമ്പിക് ചാമ്പ്യന്‍. കായികമേഖലയുടെ കൂടപ്പിറപ്പായ ഉത്തേജക മരുന്നുപയോഗം അത്ലറ്റുകളുടെ ആയുസ്സിനുപോലും ഭീഷണി ഉയര്‍ത്തുന്നവയാണ്. സ്പ്രിന്റ് റാണി ഫ്ലോറന്‍സ് ഗ്രിഫിത്ത് ജോയ്നറുടെ -ഫ്ലോജോയുടെ-അകാലമൃത്യു അമിതമായ മരുന്നടിയുടെ ബാക്കിപത്രമാണെന്നത് പരസ്യമായ രഹസ്യമാണ്. നിങ്ങളില്‍ മരുന്നടിക്കാത്തവര്‍ എന്നെ കല്ലറിയട്ടെ എന്ന് ബെന്‍ജോണ്‍സന്‍ പറഞ്ഞാല്‍ തലകുനിച്ചു നില്‍ക്കാനേ കാള്‍ലൂയിസ് ഉള്‍പ്പടെ ട്രാക്കിലെ രാജാക്കന്‍മാര്‍ക്ക് കഴിയൂ.

 

ഫ്ലോജോ


 

കറപുരളാതെ ബോള്‍ട്ട്
വേഗപ്പോരാട്ടത്തിലെ കളങ്കിതരുടെ പട്ടികയില്‍ ഉസൈന്‍ ബോള്‍ട്ട് എന്ന ജമൈക്കന്‍ താരത്തിന്റെ പേര് ഉണ്ടാവാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് കായികലോകം. ലോകം നാളിതുവരെ കണ്ടതില്‍വെച്ച് ഏറ്റവും മനോഹരവും ഉജ്വലവുമായ ഓട്ടമായിരുന്നു ബോള്‍ട്ടിന്റേത്. ലണ്ടന്‍ ഒളിമ്പിക്സില്‍ വീറും വാശിയുമുയരുമ്പോള്‍ പുതിയൊരു ചരിത്രത്തിലേക്ക് ഉരുക്ക് പേശികളുള്ള ആ കറുത്ത മുത്ത് ഓടിയണയുമെന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം. എന്നാല്‍, വിസ്മയാവഹമായ ആ കരിയറില്‍ മരുന്നിനെങ്കിലും ഉത്തേജക വിവാദം കരിനിഴല്‍ വീഴ്ത്തിയാല്‍ അത് അത് ലറ്റിക് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരിക്കും.

2 thoughts on “ബോള്‍ട്ട്…കളങ്കിതനാവരുത് താങ്കളെങ്കിലും

  1. നല്ല ലേഖനം.പറഞ്ച പോലെ ഉസൈന്‍ ബോള്‍ട്ട് ഉജ്വല ജയം നേടി. അടുത്ത ലേഖനം പ്രതീക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *