രഞ്ജിത്ത് സിനിമകളില്‍ കേരളം മുഖം നോക്കുമ്പോള്‍

 
 
 
രഞ്ജിത്തിന്റെ സിനിമകളിലെ കേരളം, മലയാളി
പ്രവീണ്‍ വിക്കത്ത് എഴുതുന്നു

 
 

പണമുണ്ടാക്കുക വിജയിക്കുക എന്ന ആഗോളവത്ക്കരണമുദ്രാവാക്യം അലയടിക്കുന്ന വേളയിലാണ് രഞ്ജിത്ത് സിനിമകള്‍ മീശപിരിച്ച് തീയേറ്ററിലെത്തുന്നത്. മാമൂലുകള്‍ക്ക് എതിരെ നടന്ന് പ്രത്യയശാസ്ത്രങ്ങളെ വെല്ലുവിളിച്ച് സമ്പന്നരാവാന്‍ കൊതിക്കുന്ന പുതുതലമുറയോടാണ് ഈ ചിത്രങ്ങള്‍ സംവദിച്ചത്. ജോലിചെയ്യാനറിയാതെ വായനശാലയില്‍ പോകുന്ന വിപ്ലവവീര്യം പേറുന്ന ശരാശരി മലയാളിയോട് ഇങ്ങിനേയും ഒരു ലോകമുണ്ടെന്ന് രഞ്ജിത്ത് സൃഷ്ടിച്ച കഥാപാത്രങ്ങള്‍ ബോധ്യപ്പെടുത്തി. തനിയ്ക്ക് ശരിയെന്നു തോന്നുന്ന ഏതു വഴിയിലൂടേയും ഈ കഥാപാത്രങ്ങള്‍ സഞ്ചരിക്കുന്നു. ഒരു പാര്‍ട്ടിയിലും അംഗമാവാതെ സ്വയം കരുപിടിപ്പിച്ച് പാര്‍ട്ടികളെയെല്ലാം വിലയ്ക്കെടുക്കുന്നു. ഹൈവേകളില്‍ പെട്രോളിനിറങ്ങിയ കാര്‍ത്തികേയനും ജഗന്നാഥനും ഇന്ദുചൂഡനും നഗരത്തില്‍ മുതലാളിയും ഗ്രാമത്തില്‍ തമ്പുരാനുമായിരുന്നു. അവരുടെ തുറന്ന ജീപ്പില്‍ കയറിയാണ് എളുപ്പത്തില്‍ നഗരമായിമാറുന്ന മലയാളമണ്ണിലൂടെ ഒരു തലമുറ ചുറ്റിയടിച്ചത്- മാധ്യമപ്രവര്‍ത്തകനായ പ്രവീണ്‍ വിക്കത്ത് എഴുതുന്നു

 

 

മറ്റെല്ലായിടങ്ങളിലേയും പോലെ ആഗോളവത്കരണ- ഉദാരവത്കരണ നയങ്ങള്‍ വലിയ മാറ്റമാണ് കേരള സമൂഹത്തില്‍ സൃഷ്ടിച്ചത്. 1991 നുശേഷം നടപ്പിലായ പുത്തന്‍ വിപണി സംസ്ക്കാരം പരമ്പരാഗത ജീവിതരീതികളെ അട്ടിമറിച്ചു. ഇന്റര്‍നെററ് യാഥാര്‍ത്ഥ്യമായതോടെ ലോകം അക്ഷരാര്‍ത്ഥത്തില്‍ ഒരു ഗ്രാമമായി. നെററിന്റെ അനന്തവിഹായസ്സിലൂടെ പറന്നുനടക്കുന്ന യുവത്വത്തിന് വേരുകള്‍ പ്രധാനമല്ലാതായി. പുതിയ ചിന്തകളും പുതിയ ജീവിതരീതികളും പ്രബലമായി. കണ്‍സ്യൂമറിസം ജീവിതം തന്നെയായി.

എന്നാല്‍, ഇതോടൊപ്പം തന്നെയാണ് യാഥാസ്ഥിതികമായ പല കീഴ് വഴക്കങ്ങളും പ്രബലമായത്.നവ കോര്‍പറേറ്റ് വത്ക്കരണത്തിന്റെ പരിണതഫലമായ പ്രഭുത്വവും ഇടത് ചിന്തയുടെ ദൌര്‍ബല്യം മുതലെടുത്ത് ഉയര്‍ന്നുവന്ന ജാതി -മത ശക്തികളുടെ സ്വാധീനവും ഉത്പാദന ഉപകരണങ്ങളുടെ പൊതു ഉടമസ്ഥതയെ ശോഷിപ്പിച്ചു. തൊഴിലാളികള്‍ മുതലാളിയുടെ സ്തുതിപാഠകരോ വ്യക്തി ആരാധനയില്‍ മുങ്ങുന്നവരോ സാംസ്ക്കാരിക പൈതൃകങ്ങളുടെ മിഥ്യാഭിമാനത്തില്‍ അഭിരമിക്കുന്നവരോ ആയി മാറി. സര്‍ക്കാറിന്റെ വിലക്കുകളില്‍ നിന്നും മോചിതരായി വ്യക്തിയുടെ സ്വാതന്ത്യ്രത്തെ ഉയര്‍ത്തിപിടിക്കുമ്പോള്‍ തന്നെ വിപണിയുടെ കരവലയത്തില്‍ ജനങ്ങള്‍ അകപ്പെട്ടു. തൊഴില്‍ വിപണിയില്‍ വ്യക്തി തന്നെ മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന അവസ്ഥയുണ്ടായി.

പ്രവീണ്‍ വിക്കത്ത്


മൂന്നാംലോകത്തിന്റെ കുതറല്‍
ഇത്തരത്തില്‍ സമൂഹത്തില്‍ സ്വയം നഷ്ടപ്പെടുന്ന ആളുകളുടെ കുതറലുകള്‍ ലോകസിനിമയില്‍, പ്രത്യേകിച്ചും മൂന്നാംലോക സിനിമയില്‍ പ്രധാന പ്രതിപാദന വിഷയങ്ങളിലൊന്നാണ്. വിപണിയോട് കലഹിച്ചും അനുരഞ്ജനത്തിലെത്തിയും സിനിമ പുതിയ ലോകത്തിന്റെ നേര്‍ക്കാഴ്ചകളാവുകയും കലാരൂപമായ ഉത്പന്നമെന്ന നിലയില്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുകയും ചെയ്ത കാലമാണ് ഇത്. സിനിമയെന്നാല്‍ വിറ്റുപോകുന്ന ചരക്കുകള്‍ ഇന്ദ്രജാലപരമായി സന്നിവേശിപ്പിച്ച ഉത്പന്നമാണെന്ന കനേഡിയന്‍ വിമര്‍ശകനും കമ്യൂണിക്കേഷന്‍ തിയറിസ്ററുമായ മാര്‍ഷല്‍ മക് ലൂഹന്റെ നിര്‍വചനം അക്ഷരാര്‍ത്ഥത്തില്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നു. ടിന്നിലടച്ച ഉത്പന്നത്തെപ്പോലെ വാണിജ്യസിനിമകള്‍ ആസ്വദിക്കാന്‍ ലോകം ക്യൂനില്‍ക്കുന്നു. ടൊറന്റിലൂടെയും മെഗാ അപ് ലോഡിലൂടെയും അവര്‍ക്കത് ഇഷ്ടം പോലെ ലഭ്യമാവുന്നു.

മാറിയ ജീവിതത്തെ അടയാളപ്പെടുത്താനാകാതെ പോയതുകൊണ്ട് ആഗോളവത്ക്കരണം ഒരു യാഥാര്‍ത്ഥ്യമായി മലയാള വാണിജ്യ സിനിമകളില്‍ ഇടം പിടിച്ചില്ല എന്നൊരു വാദം ഇതിനിടയിലും നിലനില്‍ക്കുന്നുണ്ട്. ആഗോളവത്ക്കരണ ലോകത്തിലെ യുവത്വത്തിന്റെ ജീവിതകാഴ്ചകള്‍ എന്ന ലേബലില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ ആഘോഷമാകുന്നത് ഇപ്പോഴാണ്. (ചാപ്പാ കുരിശ്, സാള്‍ട്ട് ആന്റ് പെപ്പര്‍, 22 ഫീമെയ്ല്‍ കോട്ടയം, ഡയമണ്ട് നെക്ളേസ് തുടങ്ങിയവ ഉദാഹരണം)

 

രഞ്ജിത്ത്


 

രഞ്ജിത്ത് സിനിമകള്‍ പറഞ്ഞത്
എന്നാല്‍ രഞ്ജിത്ത് തിരക്കഥ എഴുതുകയും പിന്നീട് സംവിധാനം ചെയ്യുകയും ചെയ്ത ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ മലയാള സിനിമ അതുവരെ പ്രതിനിധാനം ചെയ്യാത്ത ആഗോളവത്ക്കരണ കാലത്തിന്റെ ചില കാഴ്ചകള്‍ പകുത്തുവച്ചിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
ഇന്ത്യയുടെ കോര്‍പറേറ്റ് വത്ക്കരണവും അതിന്റെ ഉപോത്പന്നമായി രൂപപ്പെട്ട സവര്‍ണ്ണ ദേശീയതയുമാണ് രഞ്ജിത്ത് ചിത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. പിന്നീട് വന്ന ബി. ഉണ്ണികൃഷ്ണന്റെ ചിത്രങ്ങളിലും ഇത്തരമൊരു ശ്രമം കാണാം. (പ്രമാണി, മാടമ്പി തുടങ്ങിയവ ഉദാഹരണങ്ങള്‍.) മോഹന്‍ലാല്‍നായകനായി വരുന്ന ഈ ചിത്രങ്ങള്‍ മലയാളിയെ സ്വാധീനിച്ച വിധവും മറ്റും പഠനവിധേയമായിട്ടുണ്ട്. ആഗോളവത്ക്കരണകാലത്തെ ജീവിതത്തേയും സിനിമയേയും രഞ്ജിത്ത് കഥാപാത്രങ്ങള്‍ എങ്ങിനെ പ്രതിനിധീകരിച്ചു എന്നതാണ് ഇവിടെ പരാമര്‍ശവിധേയമാക്കുന്നത്.

രഞ്ജിത്ത് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ അവസാന ചിത്രമായ സ്പിരിറ്റിലെ ഡയലോഗാണ് ‘കമഴ്ന്നു വീണാലും കാല്‍പണം കൊണ്ട് പൊങ്ങുന്നവനാണ് അച്ചായന്‍ ‘ എന്നത്. ന്യൂ ജെനറേഷന്‍ ബിസിനസുകാരെയാണ് ഉദ്ദേശിച്ചതെന്ന് നായകന്‍ രഘുനന്ദനന്‍ പറയുന്നു. ആഗോളവത്ക്കരണം യാഥാര്‍ത്ഥ്യമായി രണ്ടുദശകം പിന്നിട്ടപ്പോള്‍ ബിസിനസ് കോര്‍പറേറ്റ് രംഗത്ത് ഒരു ന്യൂജനറേഷന്‍ ഉടലെടുത്തിരിക്കുന്നു എന്ന് തിരിച്ചറിയുന്നതിന്റെ ചരിത്രം രഞ്ജിത്ത് എന്ന ചലച്ചിത്രകാരന്റെ സിനിമാ ജീവിതത്തിലും കാണാം.

 

ഓര്‍ക്കാപ്പുറത്ത്


 

മാറ്റത്തിന്റെ തിരക്കണ്ണാടി
1988 ല്‍ കമല്‍ സംവിധാനം ചെയ്ത ഓര്‍ക്കാപ്പുറത്ത് എന്ന ചിത്രത്തിന് കഥ എഴുതിയാണ് രഞ്ജിത്ത് ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ സിനിമകളുടെ പൊതുസ്വഭാവമായ സ്വാതന്ത്യ്രത്തിന്റെ വെളിച്ചം അനുഭവിപ്പിക്കാനുള്ള ശ്രമം ഈ ചിത്രത്തിലുമുണ്ട്. അസ്വാതന്ത്യ്രത്തിന്റെ വിലക്കുകളില്ലാതെ ജീവിതം ആഘോഷിക്കുന്ന ഫ്രെഡിയും പപ്പയും മുതല്‍ സ്പിരിറ്റിലെ രഘുനന്ദനന്‍ വരെയുള്ളവര്‍ മലയാളസിനിമയുടെ പുതിയ മുഖമാവുകയായിരുന്നു.വേഷത്തിലും നടപ്പിലും അതത് കാലത്തെ ന്യൂജനറേഷന്‍ മാതൃകകളെ പിന്‍പറ്റുന്ന ഈ സിനിമകള്‍ പ്രത്യയശാസ്ത്രങ്ങളുടെ തടവറയില്‍ കപടസദാചാരത്തെ ആലിംഗനം ചെയ്ത് കഴിയുന്ന മലയാളികള്‍ക്ക് പുതിയ അനുഭവമായി മാറി.

ആഗോളവത്ക്കരണാനന്തരം നമ്മള്‍ മാറിയിരിക്കുന്നു എന്ന് തിരിച്ചറിയാന്‍ മലയാള വാണിജ്യ സിനിമാ ലോകത്ത് രഞ്ജിത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് സത്യം. ഊട്ടിയിലെ മഞ്ഞുപെയ്യുന്ന മരങ്ങള്‍ക്കിടയിലും വള്ളുവനാടന്‍ ഗ്രാമങ്ങളിലെ നെല്‍വയലുകളിലും പൂത്തുലഞ്ഞ മലയാള സിനിമയിലെ കാല്‍പനികത രഞ്ജിത്ത് സിനിമകളിലൂടെ കോര്‍പറേറ്റ് ലോകത്തിലേയ്ക്ക് പറിച്ചുമാറ്റപ്പെടുകയായിരുന്നു. സര്‍ഗ വസന്തത്തിന്റെ വേദിയായി അത് മാറി.
രഞ്ജിത്ത് തിരക്കഥ എഴുതിയ ചിത്രത്തിന്റെ പേരുപോലെ നഗരത്തില്‍ ചെന്ന് രാപ്പാര്‍ക്കുന്നവരാണ് അദ്ദേഹത്തിന്റെ ഭൂരിഭാഗം കഥാപാത്രങ്ങളും. ഗ്രാമം എന്നും സമ്പന്നതയുടെ നിയോണ്‍ ബള്‍ബുകള്‍ കണ്‍ ചിമ്മുന്ന നഗരത്തിലെ ഗൃഹാതുരതയാണ് അവര്‍ക്ക്. സ്വാതന്ത്യ്രത്തിന്റെ പൂക്കാലം വരുന്ന ഈ ലോകമാണ് അദ്ദേഹം പിന്നീട് തിരക്കഥ എഴുതിയ നീലഗിരിയും ജോണിവാക്കറും പെരുവണ്ണാപുരവും ബത്ലഹേമിലെ വേനല്‍ക്കാലവുമെല്ലാം.

 

രാവണ പ്രഭു


 

ആഗോളവല്‍കരണകാലത്തെ വീരഗാഥകള്‍
ബി.ജെ പി സര്‍ക്കാര്‍ അധികാരത്തിലിരുന്ന, ആഗോളവത്ക്കരണം യാഥാര്‍ത്ഥ്യമായ, ഒരു ദശകം പിന്നിട്ട 2001 ലാണ്, മോഹന്‍ലാലിനെക്കൊണ്ട് മീശപിരിപ്പിച്ച് രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്ത രാവണ പ്രഭു തിയേറ്ററിലേയ്ക്കെത്തുന്നത്. നിളയുടെ ഓളങ്ങളിലേയ്ക്ക് നീണ്ടു പോകുന്ന വേരുകളും നാട്ടുവഴികളും കാവി പുതയ്ക്കാന്‍ തുടങ്ങിയിരുന്നു അന്ന്. ബിസിനസുകാരെ കള്ളന്‍മാരായി കണ്ടിരുന്ന സമയത്തു നിന്നും പണമുണ്ടാക്കുക വിജയിക്കുക എന്ന മുദ്രാവാക്യവുമായി പ്രത്യയശാസ്ത്രങ്ങളെ വെല്ലുവിളിച്ച് സമ്പന്നരായവര്‍ ഹീറോകളായ കാലം. ഇവരുടെ പകര്‍പ്പുകളായിരുന്നു രഞ്ജിത്തിന്റെ അതിമാനുഷിക പ്രഭാവമുള്ള നായകര്‍. 1993 ല്‍ റിലീസ് ചെയ്ത ദേവാസുരം എന്ന ഫ്യൂഡല്‍ ചട്ടമ്പിയില്‍ നിന്നും രാവണ പ്രഭു, നരസിംഹം, പ്രജാപതി തുടങ്ങിയ ചിത്രങ്ങളിലേയ്ക്കെത്തുമ്പോള്‍ ഈ പ്രവണത വളരെ വ്യക്തമാണ്. സമൂഹത്തിനല്ല, വ്യക്തികള്‍ക്കാണ് ഇവിടെ പ്രാധാന്യം. സവര്‍ണ്ണ ദേശീയതയാണ് മുഖ്യ അജണ്ട. (സവര്‍ണ്ണര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ചാതുര്‍വര്‍ണ്ണ്യത്തില്‍ ഉയര്‍ന്നവരോ ഒരു മതവിഭാഗമോ മാത്രമല്ല, പണവും അധികാരവും കൈയ്യാളുന്ന മറ്റുവിഭാഗങ്ങള്‍ കൂടിയാണ്.)

സൂപ്പര്‍മാന്‍ പരിവേഷമുള്ള ഈ കഥാപാത്രങ്ങള്‍ വിപണിയെ പ്രതിരോധിക്കുകയല്ല. അവിടെ ജീവിക്കുകയാണ്. നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇന്ത്യയ്ക്ക് ലഭിച്ച ഉയര്‍ന്നുവരുന്ന സമ്പദ് ശക്തി എന്ന വിശേഷണം തന്നെയാണ് ഇവരെ ഭരിക്കുന്നത്. അധീശത്വമാണ് ഭാഷ. കീഴടക്കലാണ് രീതി. ഈ കാലഘട്ടത്തില്‍ എഴുതിയ ഭൂരിഭാഗം ചിത്രങ്ങളും വീരഗാഥകളാണ്. എന്നാല്‍ ഹോളിവുഡിലേതില്‍ നിന്നും വ്യത്യസ്തമായി മുതലാളിത്ത നിര്‍മ്മിതിയോടൊപ്പം സ്വന്തം പൈതൃകത്തേയും സംസ്ക്കാരത്തേയും സംരക്ഷിക്കുക എന്നതുകൂടി നായകന്റെ ചുമതലയാണ്.

 

ആറാം തമ്പുരാന്‍


 

ഗൃഹാതുരത്വ വിപണി
സമൂഹത്തെ രക്ഷിക്കാന്‍ സൂപ്പര്‍ മാന്‍ ഉടലെടുക്കുന്നുവെന്ന മുതലാളിത്ത സങ്കല്‍പം എത്രയോ വര്‍ഷം മുന്‍പ് ഹോളിവുഡ് പരീക്ഷിച്ച് വിജയിപ്പിച്ചിരുന്നു. സ്പൈഡര്‍മാന്റേയും സൂപ്പര്‍മാന്റേയും മലയാളിത്ത പ്രതിരൂപങ്ങളായാണ് നമ്മുടെ താരങ്ങള്‍ സൂപ്പര്‍ പരിവേഷത്തോടെ ഉടുത്തൊരുങ്ങി അങ്കക്കലി പൂണ്ടത്.
ശരീരം കൊണ്ട് പ്രതികരിക്കുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും.ഗൃഹാതുരതയുണ്ട്. പക്ഷേ വാക്കുകളിലൂടെ വ്യക്തമാകുന്ന പാണ്ഡിത്യമല്ല അവരെ ഭരിക്കുന്നത്. പകരം കോര്‍പറേറ്റ് ലോകത്തിന്റെ നിയമങ്ങളും കായിക ശേഷിയുമാണ്. ആഗോളവത്ക്കരിക്കപ്പെടുന്ന, കോര്‍പറേറ്റ് വത്ക്കരിക്കപ്പെടുന്ന ലോകത്ത് സാംസ്ക്കാരിക ചിഹ്നങ്ങളും പൈതൃകങ്ങളും നല്ല വില്‍പനവസ്തുക്കളാണെന്ന് തിരിച്ചറിഞ്ഞതിന്റെ ഉദാഹരണമാണ് രഞ്ജിത്ത് തിരക്കഥ എഴുതി പുറത്തിറങ്ങിയ ഭൂരിഭാഗം ചിത്രങ്ങളും.

ആറാം തമ്പുരാന്‍ എന്ന ചിത്രത്തിലെ നായകനായ ജഗന്നാഥന്‍ ഒരു ഡീല്‍ നടത്തിയതിന് പകരമായി ബിസിനസ് ടൈക്കൂണായ സൂഹൃത്ത് നന്ദകുമാറിനോട് ആവശ്യപ്പെടുന്നത് പഴയ തറവാടാണ്. എന്തിനാണിതെന്ന് ചോദിക്കുന്ന നന്ദകുമാറിനോട് ‘ഒരു മോഹം. കിറുക്ക് അല്ലെങ്കില്‍ പുരാവസ്തുക്കളോട് പോയ കാലത്തിനോടുള്ള ഒരു തരം പെറ്റി അഫക്ഷന്‍. ക്രേസ്…’ എന്നാണ് അയാള്‍ മറുപടി പറയുന്നത്.

നഗരത്തില്‍ എല്ലാം വെട്ടിപിടിക്കുന്ന ഉസ്താദ് പരമേശ്വരന്‍ വേരുകള്‍ നഷ്ടപ്പെടരുത് എന്ന് ആഗ്രഹിക്കുന്നു. അല്ലാത്ത ഒരു അവസ്ഥ അയാളെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്.

രാവണപ്രഭുവായ മംഗലശേãരി നീലകണ്ഠന്‍ കാര്‍ത്തികേയന്‍ കലങ്ങികടഞ്ഞ കോര്‍പററ്റ് ലോകത്ത് നിധികളന്വേഷിച്ച് നടക്കുമ്പോഴും ശത്രുക്കള്‍ക്ക് നേരെ കൊളുത്തുകളെറിയുമ്പോഴും വീട്ടില്‍ എന്നും അമ്മ കാത്തിരിക്കുന്നുണ്ടാകുമെന്ന് കരുതുന്നു. അവരുടെ മണ്ണിനുവേണ്ടിയാണ് അയാളുടെ യുദ്ധം.
മായാമയൂരമെന്ന ചിത്രത്തില്‍ നഷ്ടപ്പെട്ട നരേന്ദ്രനെ വീണ്ടെടുക്കാനായി കാമുകിയായ നന്ദ എത്തുന്നത് കാവുകളും കുളങ്ങളും നിറഞ്ഞ അയാളുടെ ഗ്രാമത്തിലേയ്ക്കാണ്.

ഇങ്ങിനെ രാജ്യങ്ങളുടെ അതിര്‍വരമ്പുകള്‍ മായ്ച്ച് ആഗോളവത്ക്കരണം പിടിമുറുക്കുമ്പോള്‍ ദേശീയതയും (ഇവിടെ അത് സവര്‍ണ്ണ ദേശീയതയാണ്) സ്വത്വബോധവും രഞ്ജിത്ത് തിരക്കഥ എഴുതിയ ചിത്രങ്ങളില്‍ പ്രതികാരദാഹത്തോടെ പ്രത്യക്ഷപ്പെടുന്നുണ്ടായിരുന്നു. മോഹന്‍ലാല്‍ എന്ന താരശരീരം കോര്‍പറേറ്റ് ലോകത്ത് പാരമ്പര്യത്തെയും സംസ്ക്കാരത്തേയും വീണ്ടെടുക്കുന്ന സൂപ്പര്‍മാനായി. ആനക്കൊമ്പും കഥകളിയും കളരിപയറ്റും അങ്ങിനെ കേരളീയമായതെന്തും വിലകൊടുത്തു വാങ്ങുന്ന ലാലിന്റെ ഇമേജും ഒരു റോള്‍ കളിച്ചു. ആഗോളവത്ക്കരണ കാലത്ത് നഷ്ടപ്പെടുന്ന സാംസ്ക്കാരിക തനിമ മോഹന്‍ലാലിലൂടെ തിരിച്ചുപിടിക്കുകയാണെന്ന് ഒരു വിഭാഗം പ്രേക്ഷകര്‍ ഹരം കൊണ്ടു. ലാല്‍ ഒരു ബിംബമായി മാറി.

 

പ്രാഞ്ചിയേട്ടന്‍


 

സ്വാതന്ത്യ്രത്തിന്റെ അരാഷ്ട്രീയത
സ്വാതന്ത്യ്രം തന്നെയാണ് ഈ കഥാപാത്രങ്ങളുടെ സവിശേഷത. ആദ്യകാല തിരക്കഥയായ ഓര്‍ക്കാപ്പുറത്തിലെ മോഹന്‍ലാലും നെടുമുടിവേണുവും വേഷമിട്ട ഫ്രെഡിയും അയാളുടെ പപ്പയും മുതല്‍ ഫ്യൂഡല്‍ പ്രഭുവായ മംഗലശേãരി നീലകണ്ഠന്റെ മകന്‍ നീലകണ്ഠന്‍ കാര്‍ത്തികേയനും പ്രാഞ്ചിയേട്ടനും മിഴി രണ്ടിലെ കൃഷ്ണകുമാറും ഇന്ത്യന്‍ റുപ്പിയിലെ ജയപ്രകാശും അങ്ങിനെ രജ്ഞിത്ത് തിരക്കഥ എഴുതിയ ഭൂരിഭാഗം നായക കഥാപാത്രങ്ങളും ബിസിനസ്സുകാരാണ്. വ്യക്തികളുടെ സ്വാതന്ത്യ്രത്തിനുവേണ്ടിയാണ് അവര്‍ വാദിക്കുന്നത്. തങ്ങളുടെ നേരെ നീളുന്ന ഏത് നിയന്ത്രണങ്ങളേയും വിലക്കുകളേയും അവര്‍ കായികശേഷികൊണ്ട് മറികടക്കുന്നു. അരാഷ്ട്രീയതയാണ് ഈ കഥാപാത്രങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത് എന്ന് പറയാം.

ആത്യന്തികമായി വളരെ കണ്‍സര്‍വേറ്റീവായ, ആനയും അമ്പാരിയുമുള്ള പുത്തന്‍ പണക്കാരായ വലതുപക്ഷമാണ് രഞ്ജിത്ത് തിരക്കഥ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത സിനിമകളെ ആഘോഷമാക്കി മാറ്റിയത് എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. സവര്‍ണ്ണ ഹൈന്ദവത എന്ന പേരില്‍ ഇത് വിമര്‍ശനത്തിന് വിധേയമായെങ്കിലും ഇടതുചിന്തയുള്ളവരും ഈ ചിത്രങ്ങള്‍ ആസ്വദിച്ചു എന്നത് പരസ്യമായ രഹസ്യമാണ്. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച അഹമ്മദ് ഹാജി എന്ന കഥാപാത്രത്തിന്റെ പ്രഭുത്വവും ഫ്യൂഡല്‍ സ്വഭാവവും ആ കഥാപാത്രത്തിന്റെ വിജയത്തില്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്.

പ്രജാപതി എന്ന ചിത്രത്തില്‍ ഒരുപടികൂടി കടന്ന് ജനാധിപത്യ ഭരണകൂടത്തിന്റെ റോള്‍ മുഴുവന്‍ തള്ളികളയുന്നുണ്ട് രഞ്ജിത്ത്. മഹാഭാരത കഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ചിത്രീകരിക്കപ്പെട്ട പ്രജാപതി യഥാര്‍ത്ഥത്തില്‍ ഒരു പരീക്ഷണ ചിത്രമായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷമാണ് രാഷ്ട്രീയതമ്പുരാക്കന്‍മാരുടെ അധികാര രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന പ്രകാശ് ജായുടെ ‘രാജ്നീതി’ ഹിന്ദിയില്‍ റിലീസ് ചെയ്യപ്പെടുന്നത്. അതും സമകാലിക രാഷ്ടീയത്തെ മഹാഭാരത കഥയിലേയ്ക്ക് സന്നിവേശിപ്പിച്ച ചിത്രം. നവ സാമ്രാജ്യത്വ കോര്‍പറേറ്റ് ലോകവും ഒരു കുരുക്ഷേത്രമാണെന്ന് വരുത്തി പാരമ്പര്യത്തേയും ആധുനികതയേയും ഒരു തേരില്‍ കെട്ടി തളിയ്ക്കുകയായിരുന്നു ഇരുവരും. ലക്ഷ്യം പുത്തന്‍ പണക്കാരനായ സവര്‍ണ്ണന്‍ തന്നെ.

പ്രാഞ്ചിയേട്ടന്‍ എന്ന ചിത്രത്തില്‍ തുടങ്ങി സ്പിരിറ്റ് എന്ന പുതിയ ചിത്രത്തില്‍ വരെ പരസ്യമായി വ്യക്തികളുടെ മതവും ജാതിയും വ്യക്തമാക്കുന്നുണ്ട്. ജാതീയത ഒരു യാഥാര്‍ത്ഥ്യമാണെന്ന് പറയുക വഴി വരേണ്യതയെ സ്ഥാപിച്ചെടുക്കാന്‍ രഞ്ജിത്ത് ശ്രമിക്കുന്നു. പ്രകാശ് ജായുടെ രാജ് നീതി ഇത്തരത്തില്‍ ജാതി പറഞ്ഞ് അധികാരസിംഹാസനത്തിലെത്തുന്ന ഒരു ദലിത് യുവാവിന്റെ കഥകൂടിയാണ്. സമകാലിക ലോകത്ത് വരേണ്യത ജാതിയില്‍ മാത്രമല്ല പണത്തിലും അധികാരത്തിലും കൂടിയാണ് കുടികൊള്ളുന്നതെന്ന് ഈ സംവിധായകന്‍ മനസ്സിലാക്കുന്നുമുണ്ട്. നവ മുതലാളിത്തത്തിന്റെ ചേഷ്ടകളും മാനറിസങ്ങളും യഥാതഥമായി ചിത്രീകരിക്കുന്നു. (ആറാം തമ്പുരാന്‍, ഉസ്താദ്, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങള്‍) ആറാം തമ്പുരാനില്‍ സായ് കുമാര്‍ അവതരിപ്പിച്ച കഥാപാത്രം ഓര്‍ക്കുക. കോര്‍പറേറ്റ് ലോകത്തിന്റെ പ്രതിനിധിയായ സായ്കുമാര്‍ പാരമ്പര്യത്തെ സ്വീകരിക്കുന്നിടത്താണ്് ചിത്രം അവസാനിക്കുന്നത്.

 

പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ


 

ടൂറിസ്റ്റു കാഴ്ചകള്‍
രഞ്ജിത്തിന്റെ പല സിനിമകളിലും കഥാപാത്രങ്ങള്‍ ടൂറിസ്ററുകളാണ്. നഗരത്തിലെ നിയോണ്‍ വെളിച്ചങ്ങള്‍ക്കിടയില്‍ നിന്നും ഗ്രാമത്തിന്റെ സ്വച്ഛന്ദതയിലേയ്ക്ക് നടത്തുന്ന യാത്രയില്‍ കാണാനും അനുഭവിക്കാനുമായി സ്ത്രീകളുമുണ്ടാകും. ആറാം തമ്പുരാനിലെ നന്ദകുമാറിന്റെ സതീര്‍ത്ഥ്യര്‍ തൊട്ട് പാലേരി മാണിക്യത്തിലെ ഹരിദാസിനെ വരെ ഈ ഗണത്തില്‍ പെടുത്താം. തകര്‍ന്ന ഉത്പാദനമേഖലയുടെ മുകളിലാണ് ടൂറിസം കെട്ടിപൊക്കിയത്.

ഒരര്‍ത്ഥത്തില്‍ ഇവിടെ കഥാപാത്രങ്ങളും രഞ്ജിത്ത് തന്നെയും സിനിമകളിലൂടെ ചെയ്തത് ഒരേ കാര്യമാണ്. മൂലധനത്തിന്റെ കലയായ സിനിമയിലൂടെ തിരക്കഥാകൃത്ത് സാമൂഹികമായ സ്വത്വം തിരയുകയും ലാഭം നേടുകയും ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ കോര്‍പറേറ്റ് ലോകത്തിന്റെ പണകൊഴുപ്പുകള്‍ക്കിടയില്‍ നിന്ന് പാരമ്പര്യത്തേയും സംസ്ക്കാരത്തേയും തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്നു.

പ്രമുഖ സിനിമാ വെബ്സൈറ്റുകളില്‍ ഫോറിന്‍ ഫിലിംസ് അഥവാ വിദേശ ചിത്രങ്ങള്‍ എന്ന കാറ്റഗറിയിലുള്‍പ്പെടുന്ന (ഹോളിവുഡ് ഇതര ചിത്രങ്ങളെയാണ് ഇങ്ങിനെ വിശഷിപ്പിക്കുന്നത്.) പാശ്ചാത്യ മുതലാളിയെ ലക്ഷ്യം വച്ചിറക്കിയ സിനിമകളും സമാന സ്വഭാവമാണ് പ്രദര്‍ശിപ്പിക്കുന്നതെന്നുകാണാം. ഫോറിന്‍ സിനിമാ ചാര്‍ട്ടുകളില്‍ ആദ്യ സ്ഥാനങ്ങളിലെത്തിയ ബ്രസീലിയന്‍ സിനിമയായ സിറ്റി ഓഫ് ഗോഡ്, അമോസ് പെറോസ്, ഇന്റേണല്‍ അഫയേഴ്സ്, ഓള്‍ഡ് ബോയി തൊട്ട് ലഗാനും മദിരാശിപട്ടണവും വരെ നീളുന്നു ഉദാഹരണങ്ങളുടെ നിര.

ഈ സിനിമകളില്‍ ഭൂരിഭാഗത്തിലും പാശ്ചാത്യനും വെള്ളക്കാരനുമായ ആള്‍ കഥാപാത്രമാണ്. അയാളെ ബോധ്യപ്പെടുത്താനും അയാള്‍ക്ക് മുന്നില്‍ പ്രദര്‍ശനവസ്തുവാകാനുമായി മറ്റു കഥാപാത്രങ്ങള്‍ വയലന്‍സിനേയും കായികശേഷിയേയും കൂട്ടുപിടിക്കുന്നു. ഈ കഥാപാത്രങ്ങളെല്ലാം സ്വന്തം ശരീരം കൊണ്ട് ആശയവിനിമയം നടത്താന്‍ നിര്‍ബന്ധിതരാകുന്നവരാണ്. അത്തരമൊരു നിസ്സഹായതയില്‍ നിന്നുള്ള കുതറലുകളാണ് യഥാര്‍ത്ഥത്തില്‍ ഈ ചിത്രങ്ങള്‍. മൂന്നാംലോക രാഷ്ട്രമെന്ന ജിയോ പൊളിറ്റിക്കല്‍ അസ്തിത്വത്തെ തിരിച്ചറിയുന്ന ഇവര്‍ തങ്ങളുടെ സംസ്ക്കാരത്തേയും പൈതൃകത്തേയും വില്‍പനചരക്കാക്കുന്നു. അന്തര്‍ദ്ദേശീയ സമൂഹത്തിന് ഉതകുന്ന മാതൃകയില്‍ ബോളിവുഡ് സിനിമകള്‍ പൊളിച്ചെടുത്തു നടത്തുന്നതും ഇതേ കാരണം കൊണ്ടുതന്നെ.

മറ്റു മൂന്നാം ലോക രാജ്യങ്ങളിലെ സിനിമകള്‍ പാശ്ച ാത്യരെ ലക്ഷ്യം വച്ചപ്പോള്‍ രഞ്ജിത്ത് തിരക്കഥ എഴുതിയ ചിത്രങ്ങള്‍ ഇവിടുത്തെ വരേണ്യരെയാണ് കാണികളാക്കിയത്. കേരളം മാത്രമായിരുന്നു ഈ ചിത്രങ്ങളുടെ വിപണി. അതുകൊണ്ടുതന്നെ പരിചരണത്തില്‍ പുതുമ പരീക്ഷിക്കാന്‍ ഈ ചിത്രങ്ങള്‍ തയ്യാറായതുമില്ല.

ആഗോളവത്ക്കരണകാലത്തെ ഈ സിനിമകള്‍ പ്രതിലോമകരവും എന്നാല്‍ പുരോഗമനകരവുമാണ്. ഒരേ സമയം യഥാര്‍ത്ഥവും അതേസമയം ആവര്‍ത്തനവിരസവുമായ സംസ്ക്കാരമായും സാങ്കേതികതയ്ക്കും സാമ്പത്തിക ലാഭത്തിനും ഊന്നല്‍ നല്‍കുന്ന വ്യവസായമായും മൂലധനം ഇറക്കി ലാഭം തിരിച്ചുപിടിക്കുകയും നഷ്ടപ്പെടുകയും ചെയ്യുന്ന ഉത്പന്നമായും അത് സമൂഹമനസാക്ഷിയെ കീഴ്പ്പെടുത്തുകയും വശത്താക്കുകയും എന്നാല്‍ ചില സമയങ്ങളില്‍ ഉത്ഗ്രഥിക്കുകയും ചെയ്യുന്നു.

 

നന്ദനം


 

വിശ്വാസത്തിന്റെ തിരിച്ചുവരവ്
വിശ്വാസത്തിന്റെ തിരിച്ചുവരവായിരുന്നു ആഗോളവത്കൃത ലോകത്തിലെ മറ്റൊരു മാറ്റം. വ്യക്തികേന്ദ്രീകൃതമായ മത്സരാധിഷ്ഠിത വിപണിയില്‍ പിടിച്ചുനില്‍ക്കാതെ ഒറ്റപ്പെടുന്ന വ്യക്തിയ്ക്ക് തുണ വിശ്വാസം മാത്രമാവുകയായിരുന്നു. മതങ്ങള്‍ നിയന്ത്രിക്കുന്ന ദേവാലയങ്ങളും ആള്‍ദൈവങ്ങളുടെ ആശ്രമങ്ങളും ഇവിടെ മുളച്ചുപൊന്തി. വിജയിക്കാനുള്ള കുറുക്കുവഴി വിശ്വാസമാണെന്ന് പറഞ്ഞുതരുന്ന പ്രചോദന പുസ്തകങ്ങള്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. ഈ ഘട്ടത്തിലാണ് നന്ദനം റിലീസ് ചെയ്യപ്പെടുന്നത്. സങ്കല്‍പത്തിന്റെയും ഫാന്റസിയുടെയും മറവില്‍ ബാലാമണി എന്ന അനാഥപെണ്‍കുട്ടിയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ‘വിശ്വാസം നിങ്ങളെ രക്ഷിക്കു’മെന്ന കോര്‍പറേറ്റ് ലോകത്തെ മന്ത്രണമാണ് വിജയിച്ചത്. അത് ചെന്ന് തറച്ചതാകട്ടെ അരാഷ്ട്രീയവത്ക്കരിക്കപ്പെട്ട വലതുപക്ഷ വരേണ്യരുടെ മനസിലുമായിരുന്നു.

സ്വകാര്യവത്ക്കരണ ഉദാരവത്ക്കരണ നയങ്ങള്‍ വന്‍ സ്വാധീനം സൃഷ്ടിച്ച കാലഘട്ടത്തില്‍ ഏഷ്യന്‍ മുതലാളിത്തരാജ്യങ്ങളായ കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമകള്‍ ഭൂരിഭാഗവും വ്യക്തികളുടെ ഉള്ളറകളെ ഫാന്റസിയുടേയും സര്‍റിയലിസത്തിന്റെയും പരിപ്രേക്ഷ്യത്തില്‍ നിരീക്ഷിക്കുന്നവയാണ്. ഭൌെതികലോകത്തുനിന്നും ശാന്തിയും പ്രണയവും തേടിയുള്ള യാത്രകളാണ് അവ. അതേസമയം കൃത്യമായി തങ്ങളുടെ സാസ്ക്കാരിക തനിമയും സ്വത്വബോധവും നിലനിര്‍ത്തുന്നവയുമാണ്. സൌെത്ത് കൊറിയയില്‍ നിന്നുള്ള ഓള്‍ഡ് ബോയ്, സ്പെയ്ന്‍,മെക്സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള പാന്‍സ് ലാബ്രിന്‍ത്ത്,ഫ്രാന്‍സ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നുള്ള അമേലി , ജപ്പാനില്‍ നിന്നുള്ള അനിമേഷന്‍ ചിത്രമായ സ്പിരിറ്റഡ് എവേ, കിം കിഡുക്കിന്റെ ചിത്രങ്ങളായ ഡ്രീം, സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്റ് ് സ്പ്രിംഗ് തുടങ്ങിയവ ഉദാഹരണം.

 

ഇന്ത്യന്‍ റുപ്പി


 

സിനിമയുടെ വിപണി
പണമുണ്ടാക്കുക മാത്രമല്ല ഈ വ്യവസ്ഥിതിയുടെ ലക്ഷ്യമെന്ന് രഞ്ജിത്ത് ചിത്രങ്ങള്‍ പറയുന്നു. പണത്തിന്റെ മൂല്യരാഹിത്യം അവ തുറന്നുകാണിക്കുന്നു. എന്നാല്‍ അത് സംരഭകത്വത്തേയും വിപണിയേയും നിഷേധിക്കുന്നില്ല.

ആറാം തമ്പുരാനില്‍ ജഗന്നാഥന്‍ വലിയ വലിയ കണക്കുകള്‍ തന്നോട് പറയരുതെന്ന് ആവശ്യപ്പെടുന്നു. പെട്ടെന്ന് പണക്കാരനാവുക എന്നതല്ല മുതലാളിത്ത സംവിധാനത്തിന്റെ ലക്ഷ്യമെന്ന് ഇന്ത്യന്‍ റുപ്പിയും പറയുന്നു. മത്സരക്ഷമമായ മേഖലയില്‍ വിജയിക്കുന്നവരല്ല പരാജയപ്പെടുന്നവരും ഇവിടെ കഥാപാത്രങ്ങളാണ്. ഉസ്താദിലെ നരേന്ദ്രപ്രസാദ് അവതരിപ്പിച്ച കഥാപാത്രവും ഇന്ത്യന്‍ റുപ്പിയിലെ ജെ പിയും ഉദാഹരണങ്ങള്‍. അവരോട് അനുഭാവപൂര്‍ണ്ണമായാണ് മറ്റുള്ളവര്‍ പെരുമാറുന്നത്. രഞ്ജിത്ത് സിനിമകളിലെ വിപണി മാതൃകകള്‍ ഇത്തരത്തില്‍ പെരുമാറുമ്പോള്‍ ഈ ചിത്രങ്ങള്‍ പുറത്ത് മറ്റൊരു വലിയ വിപണി സൃഷ്ടിക്കുകയായിരുന്നു.

മുതലാളിത്തത്തെ പ്രകീര്‍ത്തിക്കുന്ന രഞ്ജിത്ത് തിരക്കഥ എഴുതിയ വീരഗാഥകള്‍ വന്‍ പണംവാരി പടങ്ങളായി. മോഹന്‍ലാലിനെ ഒരു ആരാധനാ മൂര്‍ത്തിയാക്കിയത് ഈ ചിത്രങ്ങളാണ്. അദ്ദേഹത്തിന്റെ അമാനുഷിക പ്രഭാവം വിറ്റ് മറ്റ് ചിത്രങ്ങള്‍ വന്‍ ഇനീഷ്യല്‍ കളക്ഷന്‍ നേടാന്‍ തുടങ്ങിയതും രഞ്ജിത്ത് തിരക്കഥ എഴുതിയ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ്. കോര്‍പറേറ്റ് ലോകത്തിനും ലാല്‍ പ്രിയപ്പെട്ടവനായി. ഒരേ സമയം മുണ്ടിന്റെയും മദ്യത്തിന്റെയും മോഡലായി. ഒന്ന് പാരമ്പര്യത്തിലേയ്ക്കും സംസ്ക്കാരത്തിലേയ്ക്കുമുള്ള മടക്കം. മറ്റേത് വ്യക്തി സ്വാതന്ത്യ്രത്തിന്റെ, സമ്പന്നതയുടെ മദിരോത്സവവും.

ഒരേ സമയം വിപണിയുടെ നിര്‍മ്മാണവും പൊളിച്ചെഴുത്തുമായിരുന്നു രഞ്ജിത്ത് തിരക്കഥ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത ഭൂരിഭാഗം ചിത്രങ്ങളും. സ്പിരിറ്റ് എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ കാര്യം തന്നെയെടുക്കാം. ആഗോളവത്ക്കരിക്കപ്പെട്ട ജനതയുടെ പ്രതിനിധിയാണ് നായകനായ രഘുനന്ദനന്‍. അഞ്ചുഭാഷകള്‍ അറിയുന്ന, മള്‍ട്ടിനാഷണല്‍ ബാങ്കില്‍ ജോലി ചെയ്തിരുന്നയാള്‍. മീശപിരിച്ചിട്ടില്ലെങ്കിലും ആളൊരു സൂപ്പര്‍ ഹീറോ തന്നെയാണ്. പ്രവണതകളെ വെല്ലുവിളിയ്ക്കുമ്പോഴും നിലവിലെ വ്യവസ്ഥിതിയെ മാറ്റണമെന്ന് എവിടേയും അയാള്‍ ആഗ്രഹിക്കുന്നില്ല. അസ്വാതന്ത്യ്രത്തിന്റെ എല്ലാ ചരടുകളേയും പൊട്ടിച്ചെറിയുകയും ചെയ്യുന്നു.

പണമുണ്ടാക്കുക വിജയിക്കുക എന്ന ആഗോളവത്ക്കരണമുദ്രാവാക്യം അലയടിക്കുന്ന വേളയിലാണ് രഞ്ജിത്ത് സിനിമകള്‍ മീശപിരിച്ച് തീയേറ്ററിലെത്തുന്നത്. മാമൂലുകള്‍ക്ക് എതിരെ നടന്ന് പ്രത്യയശാസ്ത്രങ്ങളെ വെല്ലുവിളിച്ച് സമ്പന്നരാവാന്‍ കൊതിക്കുന്ന പുതുതലമുറയോടാണ് ഈ ചിത്രങ്ങള്‍ സംവദിച്ചത്. ജോലിചെയ്യാനറിയാതെ വായനശാലയില്‍ പോകുന്ന വിപ്ലവവീര്യം പേറുന്ന ശരാശരി മലയാളിയോട് ഇങ്ങിനേയും ഒരു ലോകമുണ്ടെന്ന് രഞ്ജിത്ത് സൃഷ്ടിച്ച കഥാപാത്രങ്ങള്‍ ബോധ്യപ്പെടുത്തി. തനിയ്ക്ക് ശരിയെന്നു തോന്നുന്ന ഏതു വഴിയിലൂടേയും ഈ കഥാപാത്രങ്ങള്‍ സഞ്ചരിക്കുന്നു. ഒരു പാര്‍ട്ടിയിലും അംഗമാവാതെ സ്വയം കരുപിടിപ്പിച്ച് പാര്‍ട്ടികളെയെല്ലാം വിലയ്ക്കെടുക്കുന്നു.

ഹൈവേകളില്‍ പെട്രോളിനിറങ്ങിയ കാര്‍ത്തികേയനും ജഗന്നാഥനും ഇന്ദുചൂഡനും നഗരത്തില്‍ മുതലാളിയും ഗ്രാമത്തില്‍ തമ്പുരാനുമായിരുന്നു. അവരുടെ തുറന്ന ജീപ്പില്‍ കയറിയാണ് എളുപ്പത്തില്‍ നഗരമായിമാറുന്ന മലയാളമണ്ണിലൂടെ ഒരു തലമുറ ചുറ്റിയടിച്ചത്.

21 thoughts on “രഞ്ജിത്ത് സിനിമകളില്‍ കേരളം മുഖം നോക്കുമ്പോള്‍

 1. രണ്ടു സംശയങ്ങള്‍… താണ്ടവം, തിരക്കഥ സുരേഷ് ബാബുവിന്റെ അല്ലേ …ബി ഉണ്ണികൃഷ്ണന്റെ അല്ലല്ലോ… അത് പോലെ ഓര്‍ക്കാപ്പുറത്ത് തിരക്കഥ – ഷിബു ചക്രവര്‍ത്തിയുടെ അല്ലേ?

 2. തിരുത്തിയിട്ടുണ്ട്. തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി
  എഡിറ്റര്‍ 

  • പ്രിയ സുഹ്രുത്തേ ഈ നലമിടം തനെയലെ രഞ്ജിത്തിനെയും സ്പിരിറ്റിനെയും മോശമായി ഇവിടെ ചിത്രികരിച്ചത് എനിട്ടു എപ്പോള്‍ …………

 3. ഒരു രാത്രി കൊണ്ട് മുംബൈയിലെ ചെറി ഇടിച്ചു നിരത്തിയ അറം തമ്പുരാന്
  ഗ്രാമത്തില്‍ എത്തുമ്പോള്‍ സ്വയം മരുന്ന്
  പെന്കൊടിയെയും പ്രായമായ ഭാഗവതരെയും
  സ്വന്തം വീട്ടില്‍ നിന്നും ഇറക്കനാവുന്നില്ല.
  പ്രവീണിന്റെ നിരീക്ഷണങ്ങള്‍ നന്നായിരിക്കുന്നു
  അഭിനന്ദനങ്ങള്‍ ……

 4. ഒരു രാത്രി കൊണ്ട് മുംബൈയിലെ ചെറി ഇടിച്ചു നിരത്തിയ ആറാം തമ്പുരാന്
  ഗ്രാമത്തില്‍ എത്തുമ്പോള്‍ സ്വയം മരുന്ന്
  പെന്കൊടിയെയും പ്രായമായ ഭാഗവതരെയും
  സ്വന്തം വീട്ടില്‍ നിന്നും ഇറക്കനാവുന്നില്ല.
  പ്രവീണിന്റെ നിരീക്ഷണങ്ങള്‍ നന്നായിരിക്കുന്നു
  അഭിനന്ദനങ്ങള്‍ ……

 5. ഒറ്റ രാത്രി കൊണ്ട് മുംബൈയിലെ ചേരി ഇടിച്ചു നിരത്തിയ ആറാം തമ്പുരാന്
  ഗ്രാമത്തില്‍ എത്തുമ്പോള്‍ സ്വയം മറന്നു
  പെന്കൊടിയെയും പ്രായമായ ഭാഗവതരെയും
  സ്വന്തം വീട്ടില്‍ നിന്നും ഇറക്കനാവുന്നില്ല……

  പക്ഷെ പ്രവീണ്‍ പറയുന്ന മുതലാളിത സംസ്കാരത്തിന്റെ
  അര്‍ത്ഥ ശൂന്യത അല്ലെ അവസാനം വരച്ചു കാട്ടുന്നത് ?

  എങ്കിലും പ്രവീണിന്റെ നിരീക്ഷണങ്ങള്‍ നന്നായിരിക്കുന്നു
  അഭിനന്ദനങ്ങള്‍ ……

 6. രഞ്ജിത്തിന്റെ ഏറ്റവും നല്ല സിനിമകളായിരുന്ന ” കയ്യൊപ്പ് , മായാമയൂരം ” തുടങ്ങിയ സിനിമകളെ പ്രതിപാതിക്കതിരുന്നത് ശരിയായില്ല .. അതില്‍ ‘മായാമയൂരം’ രഞ്ജിത്തിന്റെ ഏറ്റവും മികച്ച തിരക്കഥ യും ആയിരിക്കെ ….

 7. You said it man!! മോഹന്‍ലാലിനെ കൊണ്ട് മീശ പിരിപിച്ചുവെന്നു ഒരുപാടു അധിക്ഷേപം കേട്ട ആളാണ് രഞ്ജിത്ത്. ആ സിനിമകള്‍ ഒരു പുതിയ അനുഭവമായിരുന്നു എന്നതാണ് സത്യം.പക്ഷെ സിനിമ എന്നാല്‍ ഫാമിലി മെലോഡ്രാമയാണെന്ന് വിശ്വസിക്കുന്ന പലര്‍ക്കും അത് ഉള്‍കൊള്ളാന്‍ ആയില്ല.

 8. Author makes unnecessary and unsubstantiated judgements about viewers ..
  -ആത്യന്തികമായി വളരെ കണ്‍സര്‍വേറ്റീവായ, ആനയും അമ്പാരിയുമുള്ള പുത്തന്‍ പണക്കാരായ വലതുപക്ഷമാണ് രഞ്ജിത്ത് തിരക്കഥ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത സിനിമകളെ ആഘോഷമാക്കി മാറ്റിയത് എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്.-

  Totally uncalled for !! You could say Ranjith celebrated money and power in his movies .. But how can you proclaim that it was only ‘right wing rich’ who celebrated those movies ??
  Common man celebrated his movies , they enjoyed and learned most dialogues by heart.You dont need to be rich to like or love celluloid ‘rich’ !!!! . Please note everybody who would like to be rich, ( that is pretty much everybody ) agrees with right wing principles and likes glorious tales of business magnets ..

  • you are hanging up on a sentence and making deliberate criticisms. This article is all about a generation who want to be rich without accepting the so called left values. Author stated it in introduction itself. These people made Ranjith films big success. Left supporters criticised Ranjith films as hindutva films. Those who accepted Ranjith films are big fans of conservative rich capitalist peple.

 9. എല്ലാ സിനിമകളും ഇറങ്ങി ആളുകള്‍ കണ്ടു കണ്ടു ,,,വീണ്ടും ചാനലുകളില്‍ കൂടെ കണ്ട കണ്ട തള്ളുകയാണ്…സൂപ്പര്‍ ഹീറോ സിനിമയുടെ വിജയത്തിന് അനിവാര്യമായ ആ നാളുകളില്‍ രഞ്ജിത്ത് അത് പോലെ ഒക്കെ എഴുതി …. ഇത് കാലം തെറ്റി വന്ന ലേഖനം

 10. മുഴുവന്‍ രഞ്ജിത് സിനിമകളും കൂട്ടി വായിച്ചാല്‍ ഇങ്ങനയെ ഇരിക്കൂ.അതാത് കാലഘട്ടം ആവശ്യപ്പെട്ട സിനിമകള്‍ നല്‍കിയത് രഞ്ജിത് ആണോ ,അതോ രഞ്ജിത് ന്റെ പിന്നാലെ കാലമാണോ പോയത് എന്ന് ആദ്യം ചിന്തിച്ചു നോക്ക് .’തിരക്കഥ ,കയ്യൊപ്പ് ,ചന്ദ്രോത്സവം ,കേരള കഫെ തുടങ്ങിയ സിനിമകളും രഞ്ജിത് തന്നെ സംവിധാനം ചെയ്തതാണ് .ഏതോ ചില കഥാപാത്രങ്ങളില്‍ സാമ്യത കണ്ടെത്തി സംവിധായകനെ ഒരു ചട്ടകൂടില്‍ ഒതുക്കാന്‍ ശ്രെമിക്കരുത്.ഇത്തരം അഭിപ്രായങ്ങള്‍ മനസ്സില്‍ തന്നെ വച്ചാല്‍ മതി.

  • രഞ്ജിത്തിന്റെ ഭൂരിഭാഗം ചിത്രങ്ങളുടെയും കാര്യമാണ് സുഹൃത്തേ പറഞ്ഞിരിക്കുന്നത്. എല്ലാ സിനിമകളും എന്ന് പറഞ്ഞിട്ടില്ലാ. നിങ്ങള്‍ പറഞ്ഞ ചന്ദ്രോത്സവം തന്നെ എടുത്തു നോക്ക്. അത് നഗരത്തില്‍ നിന്നും ഗ്രാമത്തിലേക്ക് തിരിച്ചു വരുന്ന ആളുടെ കഥയാണ്. കേരള കഫെ യുടെ നിര്‍മ്മാതാവാണ് രഞ്ജിത്ത്. പിന്നെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ളതാണ്. അത് മനസ്സില്‍ വക്കണോ വേണ്ടയോ എന്ന് എഴുതുന്ന ആള്‍ തീരുമാനിച്ചോളും. അഭിപ്രായ മുണ്ടായപ്പോള്‍ ചേട്ടന്‍ പ്രതികരിക്കതിരുന്നില്ലല്ലോ

   • മി.ഷിജിന്‍ കാലഘട്ടം ആവശ്യപെട്ട സിനിമകളല്ല കാലത്തിന്റെ ചുവരെഴുത്തുകലാണ് രഞ്ജിത്ത് സിനിമകളില്‍ പ്രതിബലിച്ചത്.എനിക്ക് തോനുന്നു ലേഖകന്‍ ഉദ്ദേശിച്ചതും അത് തന്നെ ആണെന്ന്.

 11. Ranjithinte srishtikalilonnayirunnu Rock & Roll, sathyathil aa chithram enthinaayirunnuvennu Ippozum Manasilaakunnilla..?

 12. സത്യത്തില്‍ നമ്മുടെ നിരൂപകന്‍ എന്താണ് പറയാന്‍ ഉദേശിച്ചത് എന്ന് അയാള്‍ പോലും മറന്നു പോയെന്നു തോന്നുന്നു…!!!!!!

 13. നാലമിടത്തില്‍ സിനിമ റിവ്യൂ ഇടുന്ന അന്ന്നമ്മകുട്ടി ആരാണെന്നു ഈ ലേഖനം വായിച്ചപോള്‍ മനസിലായി

 14. Pandu Renjith-Mohanlal chitrangalile nayakan feudalist themmadi aanenkil innu budhijeeviyanu. Prajapati enna koora padathe enthu arthathathilanu pareekshana chithram ennu paranjathu? Can you tell any of his movie without a drinking scene? Now he takes a film against alcoholism. He wrote some good films May masa pulariyil, Indian rupee etc. But why praise his worst movies?

Leave a Reply

Your email address will not be published. Required fields are marked *