പ്രണയം കടല്‍ കടന്ന്, കര കടന്ന്…

 
 
 
പ്രണയത്തിന്റെ രണ്ട് കരകള്‍. രണ്ട് കാലങ്ങള്‍. രണ്ട് തലമുറകള്‍.
മീനു എലിസബത്ത് എഴുതുന്ന പ്രവാസ കുറിപ്പ്

 
 

 
 
അവന്‍ ഒരു മടിയും കൂടാതെ എന്നോട് പെണ്‍കുട്ടിയുടെ വിവരങ്ങള്‍ ഒന്ന് ചുരുക്കി പറഞ്ഞു.

‘You tell daddy that she is a malayali,ok’- അവന്‍ ചിരിച്ചു.

ok, എന്ന് ഞാന്‍ തലയാട്ടി.

മലയാളി ആണെന്ന് അറിഞ്ഞിട്ട് എനിക്ക് പ്രത്യേകിച്ച് ഒരു വികാരവും തോന്നിയില്ല. ഓ വെറും ഒരു ഡേറ്റ് അല്ലെ, അതിനിപ്പം മദാമ്മയോ ആഫ്രിക്കന്‍ അമേരിക്കനോ ഇന്ത്യനോ ആയാല്‍ എന്താ? കല്യാണം കഴിക്കാന്‍ ആണെങ്കില്‍ പോലും എന്റെ കാഴ്ചപ്പാടില്‍, മലയാളിത്തം അല്‍പം പോലും ഇല്ലാത്ത ചില മലയാളി മദാമ്മകളും തനി മദാമ്മയും തമ്മില്‍ ഒരു വ്യത്യാസവുമില്ല.

ഇതൊന്നും പറഞ്ഞാല്‍ ഷാജിക്ക് മനസ്സിലാവില്ല. ഷാജി ഇപ്പോഴും മലയാളിപ്പെണ്‍കുട്ടികള്‍ മാത്രം മരുമക്കള്‍ ആയി വരുമെന്ന് സ്വപ്നം കാണുകയാണ്-അമേരിക്കയില്‍നിന്ന് ഒരു പ്രവാസാനുഭവം. എഴുത്തുകാരിയും കോളമിസ്റ്റുമായ മീനു എലിസബത്ത് എഴുതുന്നു
 
 
 

മക്കളുടെ മാറി മാറി വരുന്ന സ്വഭാവ വ്യതിയാനങ്ങള്‍ ഒരമ്മ മനസ്സിന് പെട്ടെന്ന് പിടിച്ചെടുക്കാന്‍ പറ്റും. അവരുടെ മുഖമൊന്നു വാടിയാല്‍, പെട്ടെന്ന് നിശãബ്ദരായി കണ്ടാല്‍, നിത്യേനയുള്ള ഇഷ്ടങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുന്നത് കണ്ടാല്‍. അതുമല്ലെങ്കില്‍ അമിതമായ ആഹ്ളാദത്തില്‍ അവരെ കണ്ടാല്‍, ഏതൊരമ്മക്കും ചിലതെല്ലാം ഊഹിക്കാന്‍ പറ്റും. പിന്നെ അമ്മയുടെ സ്നേഹ വാത്സല്യങ്ങള്‍ നിറഞ്ഞ അധികാരം എടുത്ത് ഒന്ന് പിന്തുടരുവാനും നോക്കും.

മീനു എലിസബത്ത്


കോളേജ് കുമാരനായ മൂത്ത മകന് കുറെ കൂട്ടുകാരികള്‍ ഉണ്ടെങ്കിലും അന്നു വരെ അവന് ഒരു സ്ഥിരം കാമുകി ഉള്ളതായി ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. ഒരു വെള്ളിയാഴ്ച വൈകുന്നേരം അവന്‍ പതിവിലും സമയം എടുത്തു കുളിക്കുന്നു. ഷര്‍ട്ടും പാന്റും എത്ര തേച്ചു മിനുക്കിയിട്ടു അവന് മതിയാകുന്നില്ല. ഷേവ് ചെയ്ത മുഖം കണ്ണാടിയോട് ചേര്‍ത്ത് വച്ച് വീണ്ടും വീണ്ടും വിരലുകള്‍ കൊണ്ട് പരതുന്നു. അവന്റെ താറാമുട്ട തോട് പോളിച്ചത് പോലെയുള്ള സുന്ദരമുഖത്തെ ആകെയുള്ള മൂന്നോ നാലോ താടിരോമങ്ങള്‍ വൃത്തിയാക്കാന്‍ കാണിക്കുന്ന സാഹസം കണ്ടപ്പോള്‍ എനിക്ക് ചിരി വന്നു. പക്ഷേ, അപ്പോള്‍ തന്നെ എന്നിലെ അമ്മയുടെ ഹൃദയം ഒന്ന് വേവലാതിപ്പെട്ടു.

 

'ബൈ മമ്മി' - അവന് എന്നോട് യാത്ര പറഞ്ഞു. കവിളില്‍ ഒരുമ്മ തന്നു. എനിക്ക് നെഞ്ഞിനകത്തൊരു തടസ്സം. വാക്കുകള്‍ തൊണ്ടയില്‍ കിടന്നു കുരുങ്ങുന്നു. ഞാന്‍ അവനെ കെട്ടിപ്പിടിച്ചു. എന്റെ മകന്‍... അവന്‍... പുരുഷന്‍ ആയിരിക്കുന്നു. ഡേറ്റിംഗിനു പോകാന്‍ ഇറങ്ങുന്നു. എനിക്ക് എന്തെല്ലാമോ അവനോടു പറയണം എന്നുണ്ട്. ഉള്ളിലൊരു പിടച്ചില്‍.


 

എന്ന് വെച്ചാല്‍ അവനിന്നു ഒരു ഡേറ്റ് ഉണ്ടെന്ന്!
എന്താണിന്നിത്ര ഒരുക്കം? അവനെ ശ്രദ്ധിക്കുന്നില്ല എന്ന മട്ടില്‍ ഞാന്‍ ഒന്ന് രണ്ട് വട്ടം തലങ്ങും വിലങ്ങും അവന്റെ മുന്നിലൂടെ ഒന്ന് നടന്നു. അസമയത്തുള്ള പല്ല് തേപ്പും കൂടെ കണ്ടപ്പോള്‍ എനിക്ക് ഇറിക്കപ്പൊറുതി ഇല്ലാതെയായി. പല്ലുതേക്കലിന്റെ ധൃതിയില്‍ അവന്റെ കണ്ണുകള്‍ എന്നെയും ഇടക്കിടെ നോക്കുന്നുണ്ട്. കാര്യം പിടി കിട്ടിയത് പോലെ അവന്‍ എന്നോട് സംസാരിക്കാന്‍ തുടങ്ങി.

‘മമ്മി I was about to talk to you.. ഇന്ന് ഞാന്‍ ഒരു ഗേളുമായി ഫുഡ് കഴിക്കാന്‍ പോവുകയാണ്. അത് കഴിഞ്ഞ് ഒരു മൂവിക്കും പോയേക്കും. നീ ഒന്ന് ഡാഡിയോട് പറഞ്ഞേക്കണം കേട്ടോ. “He wouldn’t like it. So you tell him OK!!’^ അവന്‍ ഇംഗ്ളീഷും മലയാളവും കലര്‍ത്തി എന്നോട് കെഞ്ചി.

ഞാന്‍ പൊട്ടിച്ചിരിച്ചു.

‘നീ എന്നാ ചിരിക്കുന്നെ?’ അവന്‍ ഒരു ചോദ്യചിഹ്നവുമായി എന്നെ നോക്കി… യു എന്ന ഇംഗ്ളീഷ് വാക്കിനെ ഓര്‍മപ്പെടുത്തി അവന്‍ ഇടയ്ക്ക് എന്നെ നീ എന്ന് സംബോധന ചെയ്യും. ഇടയ്ക്ക് ഞാന്‍ തിരുത്തിക്കൊടുത്താലും ചിലപ്പോള്‍ അവന് നീ എന്നേ വായില്‍ വരൂ. പക്ഷേ, അപ്പോള്‍ അത് തിരുത്താനൊന്നും പോയില്ല. അവന്‍ പറഞ്ഞ കാര്യം ആയിരുന്നു എന്റെ ചിന്ത.

അവന്‍ ഒരു പെണ്‍കുട്ടിയെയും കൊണ്ട് ഡിന്നറിനു പോകുന്നു അത് കഴിഞ്ഞ് മൂവിക്കും പോയേക്കും. എന്ന് വെച്ചാല്‍ അവനിന്നു ഒരു ഡേറ്റ് ഉണ്ടെന്ന്!!!

ഞാന്‍ തനിയെ ഈ വിവരങ്ങള്‍ എല്ലാം ഒന്നുകൂടി ആവര്‍ത്തിച്ചു. അവന്റെ ഭാഷയില്‍ നിന്നും എന്റേതിലേക്ക് ഒന്ന് പകര്‍ത്താന്‍ ശ്രമിച്ചു. പത്തൊന്‍പതു വര്‍ഷം മുന്‍പ് എന്റെ നെഞ്ചിന്‍ ചൂടിലേക്ക് ചേര്‍ത്ത് പിടിച്ച്, നീല ഫ്ളാനലില്‍ പൊതിഞ്ഞ്, മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ നിന്നും ഒരു നിധി പോലെ കൊണ്ടുവന്ന പാല്‍മണം മാറാത്ത അവന്‍ ഒരു പെണ്‍കുട്ടിയെയും കൊണ്ട് ഡേറ്റിങ്ങിനു പോവുകയാണെന്ന് എത്ര ധൈര്യപൂര്‍വ്വവും അനായാസവും ആയാണ് എന്നോട് പറഞ്ഞത്? എനിക്ക് ചിരിയും കരച്ചിലും ഒരുമിച്ചു വന്നതുപോലെ! എനിക്ക് അവനും ഇടയില്‍ കാലം സൃഷ്ടിച്ചെടുത്ത ആ മാറ്റത്തെ കുറിച്ച് ഞാന്‍ ഒന്ന് പരിഭ്രമിച്ചോ?

എന്തു തന്നെയായാലും അവന്‍ എന്നോട് തുറന്നു പറഞ്ഞതില്‍ എനിക്കല്‍പം സന്തോഷം തോന്നി. അത് വേണമെങ്കില്‍ പറയാതെ പോകാമായിരുന്നു. എന്നാല്‍ അവന്‍ എന്നില്‍ ഏല്‍പ്പിച്ചിരിക്കുന്ന ജോലി അല്പം കൂടിയത് തന്നെ. ഇനി ഞാന്‍ അവന് വേണ്ടി അവന്റെ ഡാഡിയുടെ മൌെനാനുവാദം വാങ്ങണം. ഞങ്ങളുടെ സമ്മതം ഇല്ലെങ്കിലും അവന്‍ അവളെയും കൊണ്ട് ഭക്ഷണം കഴിക്കാന്‍ പോകും. മൂവിക്കും പോകും. അത് വേറെ കാര്യം. പക്ഷേ, പറഞ്ഞ സ്ഥിതിക്ക് അപ്പനോട് പറയേണ്ടത് എന്റെ കടമയാണ്.

ഓരോന്നാലോചിച്ച് ഞാന്‍ പിന്നെയും കറങ്ങിത്തിരിഞ്ഞ് അവന്റെ മുറിയിലേക്ക് ചെന്നു. ഷാജിയോട് ഇത് പറയണമെങ്കില്‍ എനിക്ക് കൂടുതല്‍ വിവരങ്ങള്‍ വേണം. കേള്‍ക്കുന്ന ഉടനെ ചോദിക്കാന്‍ പോകുന്നത് ‘ഏത് പെണ്ണ്, എവിടെയുള്ള പെണ്ണ്? ആരുടെ മകള്‍, മലയാളിയാണോ? ഇന്ത്യന്‍ ആണോ? അമേരിക്കന്‍ ആണോ’ എന്നൊക്കെ ആയിരിക്കും. ഞാന്‍ അവന്റെ കൂട്ടുകാരിയുടെ ബയോഡാറ്റ മുഴുവന്‍ ഒന്ന് ചികഞ്ഞെടുക്കാന്‍ ഒരു ശ്രമം നടത്തി.

അവന്‍ ഒരു മടിയും കൂടാതെ എന്നോട് പെണ്‍കുട്ടിയുടെ വിവരങ്ങള്‍ ഒന്ന് ചുരുക്കി പറഞ്ഞു. ‘You tell daddy that she is a malayali,ok’^ അവന്‍ ചിരിച്ചു. ok, എന്ന് ഞാന്‍ തലയാട്ടി. മലയാളി ആണെന്ന് അറിഞ്ഞിട്ട് എനിക്ക് പ്രത്യേകിച്ച് ഒരു വികാരവും തോന്നിയില്ല. ഓ വെറും ഒരു ഡേറ്റ് അല്ലെ, അതിനിപ്പം മദാമ്മയോ ആഫ്രിക്കന്‍ അമേരിക്കനോ ഇന്ത്യനോ ആയാല്‍ എന്താ? കല്യാണം കഴിക്കാന്‍ ആണെങ്കില്‍ പോലും എന്റെ കാഴ്ചപ്പാടില്‍, മലയാളിത്തം അല്‍പം പോലും ഇല്ലാത്ത ചില മലയാളി മദാമ്മകളും തനി മദാമ്മയും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ഇതൊന്നും പറഞ്ഞാല്‍ ഷാജിക്ക് മനസ്സിലാവില്ല. ഷാജി ഇപ്പോഴും മലയാളിപ്പെണ്‍കുട്ടികള്‍ മാത്രം മരുമക്കള്‍ ആയി വരുമെന്ന് സ്വപ്നം കാണുകയാണ്.

വന്നാല്‍ വന്നു. അത്ര തന്നെ.

മകനില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ മനസ്സില്‍ കുറിച്ച് വച്ച് ഞാന്‍ അങ്ങനെ ഇരുന്നു. അവന്‍ സുന്ദരക്കുട്ടപ്പനായി പോകാന്‍ റെഡി ആയി ഇറങ്ങിവന്നു. ചുരുണ്ട മുടി ജെല്ല് തേച്ചു പുറകോട്ട് ഒതുക്കി വെച്ചിരിക്കുന്നു. മുളയാണിപോലെ നീണ്ടു മെലിഞ്ഞ കൃതാവുമുണ്ട്. മസിലെല്ലാം കാണുന്ന ടൈറ്റ് ഷര്‍ട്ടും, ബ്ലൂ ജീന്‍സും ആണ് വേഷം. റൊമാന്‍സ് പെര്‍ഫ്യൂമിന്റെ മണമാണ് അവന് ചുറ്റും.

‘ബൈ മമ്മി’ – അവന് എന്നോട് യാത്ര പറഞ്ഞു. കവിളില്‍ ഒരുമ്മ തന്നു.

എനിക്ക് നെഞ്ഞിനകത്തൊരു തടസ്സം. വാക്കുകള്‍ തൊണ്ടയില്‍ കിടന്നു കുരുങ്ങുന്നു. ഞാന്‍ അവനെ കെട്ടിപ്പിടിച്ചു. എന്റെ മകന്‍… അവന്‍… പുരുഷന്‍ ആയിരിക്കുന്നു. ഡേറ്റിംഗിനു പോകാന്‍ ഇറങ്ങുന്നു.

എനിക്ക് എന്തെല്ലാമോ അവനോടു പറയണം എന്നുണ്ട്.

ഉള്ളിലൊരു പിടച്ചില്‍.

ഓക്കെ മോനെ, enjoy your evening, and stay out of trouble ok..

ഓക്കെ… മമ്മീ… ഐ വില്‍ കോള്‍ യു… ഓക്കെ ബൈ…

അവന്‍ കണ്‍മുന്നില്‍ നിന്നും മറഞ്ഞിട്ടും ഞാന്‍ ആ നില്‍പ്പങ്ങനെ തന്നെ നിന്നു!

എന്തിനോ എവിടേക്കോ, എപ്പോഴോ എത്ര നേരമോ, ഞാന്‍ അങ്ങനെ നിന്നു കാണും.

വെള്ളിപ്പാദസരങ്ങള്‍ കിലുക്കിക്കൊണ്ട് കൌമാരക്കാരി എവിടെ നിന്നോ ഓടി വന്നു. ഒന്‍പതാം ക്ളാസിലെ വലിയ അവധിക്ക് അമ്മ തയ്ച്ചു കൊടുത്ത നീണ്ട പാവാടയും ബ്ളൌസും അണിഞ്ഞ പതിനാലുകാരി. അമ്മ അവളെ വലിയ മുറിയിലെ കണ്ണാടി അലമാരിയുടെ മുന്നില്‍ കൊണ്ടുപോയി നിര്‍ത്തിയിട്ട് പറഞ്ഞു.
“നോക്ക്… പെണ്ണങ്ങു വളര്‍ന്നുപോയ കേട്ടോ. ഇനി ഈ ആമ്പിള്ളേരു കൂടെയുള്ള കളിയൊക്കെ ഒന്ന് കൊറക്കണം.’

 

അതൊരു പ്രണയത്തിന്റെ തുടക്കം ആയിരുന്നു എന്ന് അവര്‍ പോലും അന്നറിഞ്ഞില്ല. PHOTO: ANEESH ANS


 

അതൊരു പ്രണയത്തിന്റെ തുടക്കം ആയിരുന്നു
അവളാ കണ്ണാടിയിലെ തന്റെ രൂപത്തിലേക്ക് ഒന്ന് നോക്കി. ശരീരത്തിന് അന്നോളമില്ലാതൊരു തുടിപ്പും മിനുമിനുപ്പും! മുട്ടോളം ചുരുണ്ടൊടിഞ്ഞ മുടിയുള്ള, കണ്ണില്‍ കവിത തുളുമ്പുന്ന, നെഞ്ചില്‍ കൂമ്പി വരുന്ന പൂമൊട്ടുകളുള്ള പെണ്ണിനെ കണ്ടവള്‍ക്ക് നാണവും ചിരിയും വന്നു. സാധാരണ അവധിക്കാലങ്ങളില്‍ മാവിലും, പ്ലാവിലും വലിഞ്ഞു കയറി മണ്ണില്‍ കളിച്ചു ചെളി പറ്റിയ ഉടുപ്പുമായി നടന്നിരുന്ന, കൊച്ചു പെണ്‍കുട്ടിയെവിടെ? അവള്‍ക്കാകെ നാണം. കണ്ണാടിയിലെ ആ പെണ്ണിനെ അവള്‍ക്ക് കണ്ട് പരിചയം ഉണ്ടായിരുന്നില്ല. അന്നൊക്കെ ആരു കണ്ണാടിയില്‍ നോക്കുന്നു? ആകെ ഉള്ള ഒരു മുഖക്കണ്ണാടി അപ്പന്റെ പൊക്കത്തില്‍, അപ്പന് മുഖം വടിക്കാന്‍ പാകത്തില്‍ വെച്ചിരിക്കുകയാണ്. അത് അവള്‍ക്ക് എത്തുകയുമില്ല. പിന്നെ, ഈ കണ്ണാടി അപ്പന്റേം അമ്മേടേം കിടപ്പ് മുറിയിലായതിനാല്‍ ഇങ്ങോട്ട് വന്ന് നോക്കിയിട്ടും ഇല്ല. കണ്ണാടിയില്‍ കണ്ട പെണ്‍കുട്ടിയെ കണ്ട് അവള്‍ക്ക് തന്നെ ഒരു നാണം.

ലജ്ജയില്‍ പൊതിഞ്ഞ ചിരിയുമായി നിന്ന നില്‍പ്പില്‍ അവള്‍ ഒരൊറ്റ ഓട്ടം വെച്ച് കൊടുത്തു. ഇടവഴിയിലൂടെയും കയ്യാലപ്പുറത്തു കയറിയും പാട വരമ്പില്‍ കൂടിയും. നിര്‍ത്താതെ ഓടി അണച്ച്, വലിയപ്പന്റെ വീട്ടില്‍ ചെന്ന് അവിടെ ഉള്ളവരെയെല്ലാം പുതിയ പാവാടയും ബ്ലൌസും കാണിച്ചു.

വന്ന സ്പീഡില്‍ അവിടെ നിന്ന് അവള്‍ വീണ്ടും വീട്ടിലേക്ക് തിരികെ ഓടി. ‘പെണ്ണിനെ കെട്ടിക്കാറായി’ എന്ന വലിയമ്മയുടെ കളിയാക്കലിന്റെ സന്തോഷത്തില്‍
പരിസരം മറന്നു ഓടിയ അവള്‍ നേരെ ചെന്നിടിച്ചു നിന്നത് ഒരു സൈക്കിളില്‍. അപ്പന്റെ പരിചയക്കാരന്റെ മകന്റെ സൈക്കിള്‍. സൈക്കിള്‍ മറിഞ്ഞു അവന്‍ കണ്ടത്തിലേക്ക് വീണു. കൂടെ അവളും. പുതിയ പാവാട നിറയെ ചേറും ചെളിയും. അവന്‍ ആദ്യം സൈക്കിള്‍ എടുത്തു ചാരിനിര്‍ത്തി. അവളെ കൈ പിടിച്ച് എഴുന്നേല്‍പ്പിച്ചു. അപ്പോളാണ് എന്ന് തോന്നുന്നു അവന് ആളെ മനസ്സിലായത്. അവളുടെ ഈ വേഷപ്പകര്‍ച്ചയില്‍ അവനും ഒന്നമ്പരന്നു. അവളെ തന്നെ സൂക്ഷിച്ചു നോക്കി. അവന്റെയാ വല്ലാത്ത നോട്ടം നേരിടാനാവാതെ അവളുടെ തല താനേ കുനിഞ്ഞു. തന്നിലേക്ക് തന്നെ ചുരുങ്ങി. കൂനു വന്നത് പോലെ ആകെ ഒരു വല്ലായ്ക. അന്നാദ്യമായി അവനെ കണ്ട് അവളില്‍ ഒരു നാണം മൊട്ടിട്ടു. അവന്റെ മുഖത്ത് നോക്കാന്‍ വയ്യാത്തപോലെ! അവള്‍ തല ഉയര്‍ത്തിയതേ ഇല്ല. അവന്‍ എന്തൊക്കെയോ ചോദിച്ചു. അവള്‍ നാവിറങ്ങി പോയത് പോലെ മിഴിച്ചു നിന്നിട്ട് വീണ്ടും ഒരൊറ്റ ഓട്ടം… വീട്ടിലേക്ക്!!

ഈ വായാടിപ്പെണ്ണിനു ഇന്നെന്തു പറ്റിയെന്നോര്‍ത്ത് അവനാ നോട്ടം നോക്കിനിന്നു.

അതൊരു പ്രണയത്തിന്റെ തുടക്കം ആയിരുന്നു എന്ന് അവര്‍ പോലും അന്നറിഞ്ഞില്ല.

പിറ്റേ ദിവസം അവള്‍ സ്കൂളില്‍ പോവുന്ന വഴിയില്‍ അവനെ കണ്ടു. പ്രീഡിഗ്രിക്കാരനായ അവന്‍ ബസ് കയറാന്‍ നില്‍ക്കുകയാണ്. അവളുടെ വലിയ കണ്ണുകള്‍ അവനെ കണ്ടപ്പോള്‍ തിളങ്ങി. അവനാ തിളക്കത്തെ കൈക്കുമ്പിളില്‍ കോരിയെടുത്തു. അടുത്ത ദിവസങ്ങളില്‍ അവന്റെ കെമിസ്ട്രി നോട്ട്ബുക്കിന്റെ വെളുത്ത താളുകളില്‍ പ്രണയവചനങ്ങള്‍ അവള്‍ക്കായി കുറിക്കപ്പെട്ടു.

അവളുടെ ചുവന്ന പൊട്ടു തൊട്ട്, ഓലമടല്‍ പോലെയുള്ള കണ്‍പീലികളെക്കുറിച്ച് വരെ അവന്‍ കവിതകള്‍ എഴുതി. അവളതു സോളമന്റെ ഉത്തമഗീതം പോലെ നെഞ്ഞിടിപ്പോടെ വായിച്ചശേഷം മടക്കി ബ്ലൌസിനുള്ളില്‍ ഒരു മാണിക്യം പോലെ സൂക്ഷിച്ചു. രാത്രിയാവുന്നത് വരെ അതവിടെ തന്നെ ഇരുന്നു. വീട്ടിലുള്ളവര്‍ ഉറങ്ങിയ ശേഷം, രാത്രിയുടെ നിശãബ്ദതയെ കൂട്ട് പിടിച്ചു. പകുതി നനഞ്ഞു മഷിയിറങ്ങിയ ആ കടലാസ് അവള്‍ ബദ്ധപ്പെട്ടു വീണ്ടും വായിച്ചു. അനുരാഗത്തില്‍ ചാലിച്ച് അതിന് മറുപടി എഴുതാന്‍ നോക്കി. ആദ്യത്തെ പ്രണയലേഖനം അല്ലേ, വാക്കുകള്‍ കിട്ടാതെ അവള്‍ കുഴങ്ങി. കവിതയായിരുന്നു അവള്‍ക്ക് വഴക്കം.

അവള്‍ അന്നു മുതല്‍ കൂട്ടുകാരികളുടെ കണ്ണ് വെട്ടിച്ചു വഴിമാറി നടക്കാന്‍ തുടങ്ങി. അവനെ. ഒന്ന് കാണാന്‍. എഴുതിയ വാക്കുകള്‍ ഒന്ന് കൈമാറാന്‍. ഒരു നോട്ടം. ഒരു ചിരി. ഒരു സൈക്കിളില്‍ ബെല്ലടി. അത്രയും മതി അവരുടെ ഒരു ദിവസം ധന്യമാകാന്‍. അന്നത്തെ പ്രണയങ്ങള്‍ ഇന്നത്തെ പോലെ ആയിരുന്നില്ലല്ലോ. കിനാവ് കണ്ടുറങ്ങാന്‍, നേരത്തെ എഴുന്നേല്‍ക്കാന്‍.അവന്‍ ബസ് കയറാന്‍ വരുന്ന നേരത്ത് ആ വഴി നടന്നുപോവാന്‍ അവള്‍ തത്രപ്പെട്ടു.

അവളുടെ വര്‍ഷാവസാന പരീക്ഷ കഴിയുന്ന ദിവസം അവനെഴുതി. ‘എനിക്കീ എഴുത്ത് എഴുതി മടുത്തു. നിന്നെ എങ്ങനെയാണ് ഒന്ന് നേരില്‍ കാണാന്‍ കഴിയുക. ഒന്ന് സംസാരിക്കുവാന്‍ പറ്റുക?’

അവള്‍ അവനോട് മാര്‍ഗ്ഗം പറഞ്ഞു കൊടുത്തു. ‘ഞാന്‍ ശനിയാഴ്ച അമ്മ വീട്ടില്‍ പോവും. അപ്പോള്‍ എന്റെ കൂടെ വന്നാല്‍ മതി. പറഞ്ഞ പോലെ അവര്‍ അന്ന് കോട്ടയത്തിനുള്ള ബസ്സില്‍ ഒരുമിച്ചു കയറി. പ്രൈവറ്റ് ബസ് സ്റാന്‍ഡില്‍ ബസ്സിറങ്ങി.

 

പിന്നെ പിന്നെ. അവളുടെ അവനും ഒരു വഴി വന്നാല്‍ പോലും പേടിച്ചു തിരികെ നടക്കും. നേരെ വന്നാല്‍ രണ്ടുപേരും വല്ല ഇടവഴിയും കയറി തിരിഞ്ഞു പോകും ഇനി അവനെ കണ്ടാല്‍, അവനോട് മിണ്ടിയാല്‍ അവളെ പാളയങ്കോടന്‍ പഴക്കുല പോലെ കെട്ടിത്തൂക്കുമെന്നായിരുന്നു ചെവി പിടിച്ചു തിരിക്കുന്നതിനിടയില്‍ ഒരു അപ്പാപ്പന്‍ പറഞ്ഞത്. ആ പ്രണയം അവിടെതീര്‍ന്നു. PHOTO: ANEESH ANS


 

അതായിരുന്നു ആ പ്രണയത്തിന്റെ അന്ത്യം
തിരുനക്കരെ അമ്പലത്തിന്റെ മൈതാനത്ത് കൂടെ അവള്‍ മുമ്പേയും അവന്‍ പുറകേയും ആയി നടന്നു. അമ്പലത്തിലെ ഊട്ടുപുരയുടെ പുറകിലൂടെയുള്ള വഴിയില്‍ അവര്‍ നടന്നെത്തി. അതിനടുത്തായി ഒരു പ്രസ്സുണ്ട്. ആ പ്രസ്സിന്റെ മുമ്പിലായി നിന്നു അവര്‍ കണ്ണുനിറയെ കണ്ടു. സംസാരിക്കാന്‍ ഒന്നും ഇല്ലാത്തതു പോലെ അവര്‍ കണ്ണുകള്‍ കൊണ്ട് കഥ പറയുകയും കവിതകള്‍ കുറിക്കുകയും ചെയ്തു. എത്ര നേരം അങ്ങനെ നിന്നെന്നറിയില്ല. കടന്നു പോകുന്നവര്‍ മിക്കവാറും അവരെ നോക്കി കടന്നുപോയി.

അമ്പലത്തിനുള്ളില്‍ പോയാലോ എന്ന അവളുടെ ചോദ്യത്തിനുള്ള മറുപടിയില്‍ നിന്നാണ് അവളുടെ ജാതിക്കാര്‍ക്ക് അമ്പലത്തിനുള്ളില്‍ കയറാന്‍ വിലക്കുണ്ട് എന്ന് അവള്‍ ആദ്യമായി അറിഞ്ഞത്. അവള്‍ക്കു കയറാന്‍ പാടില്ലാത്ത അമ്പലത്തില്‍ അവനും കയറാറില്ലെന്നും താന്‍ ഒരു കമ്യൂണിസ്റുകാരന്‍ ആണെന്നും അമ്പലങ്ങളില്‍ പോകാറേ ഇല്ലെന്നും അവന്‍ പറഞ്ഞപ്പോള്‍ അവള്‍ക്ക് സ്നേഹം ഇരട്ടിച്ചു. ബഹുമാനം കൂടി. കാരണം അവളുടെ അപ്പനും ഒരു കമ്യൂണിസ്ററ് അനുഭാവിയായിരുന്നു. അവളുടെ ഒരു കൂട്ടുകാരിയുടെ സഹോദരന്‍ വന്നു അവളോട് എന്താണിവിടെ കറങ്ങുന്നത് എന്ന് ചോദിച്ചപ്പോള്‍ അവള്‍ മനസ്സില്ലാമനസ്സോടെ അവനെ വിട്ടു അമ്മ വീട്ടിലേക്കു യാത്രയായി. അവന്‍ ബസ് സ്ററാന്റിലേക്കും.

തിങ്കളാഴ്ച സ്കൂള്‍ കഴിഞ്ഞു വരുമ്പോഴാണ് പൊടിപൂരം. അമ്മ ഓഫീസില്‍ നിന്ന് പതിവില്ലാതെ നേരത്തെ വന്നിരിക്കുന്നു. ആകെ കൂടെ എന്തോ ഒരു പന്തികേട്. കാപ്പി കുടി കഴിഞ്ഞു അമ്മയും അപ്പനും അവളുടെ മുറിയിലേക്ക് വന്നു. കതകു ചാരി.

അവള്‍ അവനുമായി ഊട്ടുപുരയുടെ വാതുക്കല്‍ നിന്ന് സംസാരിച്ചത് ആരോ കണ്ടു. അതവര്‍ അറിഞ്ഞിരിക്കുന്നു. അന്ന് സെല്‍ഫോണില്ലെങ്കിലും എല്ലാവരും എല്ലാം വളരെ വേഗം അറിയുമായിരുന്നു. പ്രത്യേകിച്ചും പ്രേമക്കഥകള്‍. അങ്ങനെയാണ് അപ്പന്‍ പുന്നാരമകളുടെ പ്രണയവിവരങ്ങള്‍ കൃത്യമായി അറിഞ്ഞത്.
അമ്മ അവളെ പൊതിരെ തല്ലി. വടി ഒടിയുന്നിടം വരെ. അപ്പന്‍ തടസ്സം പിടിക്കാന്‍ വന്നെങ്കിലും അമ്മ വിട്ടില്ല. എല്ലാ കഴിഞ്ഞു അപ്പന്‍ അവളെ കണ്ണുനീരോടെ ഉപദേശിച്ചു. കെട്ടിപ്പിടിച്ചു. അവളും കരഞ്ഞു. അമ്മ അടിച്ച പാടുകളിലെല്ലാം അപ്പന്‍ തലോടി. ആ തലോടല്‍ അവളുടെ മനസ്സിലാണ് തഴുകിയത്. ആ കണ്ണുനീര്‍ അവളുടെ ഹൃദയത്തെ പൊള്ളിച്ച് നിശãബ്ദം ഒലിച്ചിറങ്ങി.

അന്ന് അപ്പന്‍ കുറെകാര്യങ്ങള്‍ പറഞ്ഞു. അതില്‍ ജാതിയും, മതവും, കുടുംബപ്പേരും പേരുദോഷങ്ങളും, ഏക മകളിലുള്ള അവരുടെ വലിയ പ്രതീക്ഷകളും ഇളയ കുട്ടിക്ക് അവള്‍ മാതൃക കാട്ടേണ്ടതും, കൌമാരത്തിന്റെ ഇളക്കങ്ങളും എല്ലാം വിഷയമായി വന്നു.

അപ്പനെ വേദനിപ്പിച്ചതില്‍ അവള്‍ക്ക് നൊമ്പരം തോന്നി. അവള്‍ വാവിട്ടു കരഞ്ഞു. വലിയ ഒരു പാപം ചെയ്ത പോലെ അവള്‍ക്ക് കുറ്റബോധം ഉണ്ടായി. അവളുടെ കണ്ണുനീര്‍ത്തുള്ളികള്‍ മുണ്ടിന്റെ അറ്റം കൊണ്ട് അപ്പന്‍ തുടച്ചു.

ഇതിനിടയില്‍ അമ്മ അവളുടെ തറവാട്ടിലെ അപ്പാപ്പന്‍മാരോട് വിവരം പറഞ്ഞു. അവര്‍ അവളുടെ കാമുകനെ വീട്ടില്‍ ചെന്ന് വിരട്ടി. അതോടെ അവനും വീട്ടില്‍ കൂച്ച് വിലങ്ങായി. അതായിരുന്നു ആ പ്രണയത്തിന്റെ അന്ത്യം.

പിന്നെ പിന്നെ. അവളുടെ അവനും ഒരു വഴി വന്നാല്‍ പോലും പേടിച്ചു തിരികെ നടക്കും. നേരെ വന്നാല്‍ രണ്ടുപേരും വല്ല ഇടവഴിയും കയറി തിരിഞ്ഞു പോകും ഇനി അവനെ കണ്ടാല്‍, അവനോട് മിണ്ടിയാല്‍ അവളെ പാളയങ്കോടന്‍ പഴക്കുല പോലെ കെട്ടിത്തൂക്കുമെന്നായിരുന്നു ചെവി പിടിച്ചു തിരിക്കുന്നതിനിടയില്‍ ഒരു അപ്പാപ്പന്‍ പറഞ്ഞത്. ആ പ്രണയം അവിടെതീര്‍ന്നു. പക്ഷേ, അതിന്റെ പേടി… മധുരം… എല്ലാം ഇന്നും ഓര്‍മയിലുണ്ട്.

 

അവന്റെ അപ്പനും ഉണ്ടായിരുന്നു നാലാം ക്ളാസില്‍ പഠിക്കുമ്പോഴും എട്ടാം ക്ളാസില്‍ പഠിക്കുമ്പോഴും ഓരോ പ്രണയങ്ങള്‍. ഇടയ്ക്ക് ഞങ്ങള്‍ രണ്ടുപേരും ഈ കഥകള്‍ പറഞ്ഞ് ചിരിക്കാറുണ്ട്. നാലാം ക്ളാസ്സുകാരി കാമുകി മഞ്ഞപ്പിത്തം പിടിച്ചു മരിച്ച കഥ ഇന്നും വേദനയോടെയാണ് ഷാജി ഓര്‍ക്കുക.


 

ഇടയ്ക്ക് ഞങ്ങള്‍ ഈ കഥകള്‍ പറഞ്ഞ് ചിരിക്കാറുണ്ട്
മെല്ലെ എന്റെ സ്വപ്നാടനത്തില്‍ നിന്നും തിരികെ വന്നു. ഷാജി വരാറായി. ഒരു ചായ ഇട്ടു വെയ്ക്കണം. നല്ല നേരം നോക്കി വേണം മകന്റെ കാര്യം പറയാന്‍. കേള്‍ക്കുമ്പോള്‍ ഒരല്പം ചൂടാവും. സാരമില്ല. പേടി കൊണ്ടാണ്. അമേരിക്കയില്‍ വഴി തെറ്റിപ്പോവാന്‍ സാധ്യതകള്‍ ഏറെയാണല്ലോ. സ്വാതന്ത്യ്രവും.

അതെ, അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന മകന്‍ അവനൊരു കൂട്ടുകാരിയുണ്ടെന്നുള്ള കാര്യം തുറന്നു പറഞ്ഞതില്‍ എനിക്ക് അഭിമാനം തോന്നി. ഞങ്ങളെ അവന്‍ ഒളിക്കുന്നില്ലല്ലോ എന്ന ഒരു ആശ്വാസവും. അവന്‍ ജീവിതം ആസ്വദിക്കട്ടെ. പഠനം ഉഴപ്പാതെ കൂട്ടുകൂടട്ടെ. അവന് വക്കാലത്ത് പറയാന്‍ ഞാന്‍ ഒരുങ്ങട്ടെ.

അവന്റെ അപ്പനും ഉണ്ടായിരുന്നു നാലാം ക്ളാസില്‍ പഠിക്കുമ്പോഴും എട്ടാം ക്ളാസില്‍ പഠിക്കുമ്പോഴും ഓരോ പ്രണയങ്ങള്‍. ഇടയ്ക്ക് ഞങ്ങള്‍ രണ്ടുപേരും ഈ കഥകള്‍ പറഞ്ഞ് ചിരിക്കാറുണ്ട്. നാലാം ക്ളാസ്സുകാരി കാമുകി മഞ്ഞപ്പിത്തം പിടിച്ചു മരിച്ച കഥ ഇന്നും വേദനയോടെയാണ് ഷാജി ഓര്‍ക്കുക.

അതെ, ചെറുപ്രായത്തിലെ പ്രണയക്കുരുക്കുകളില്‍ കുരുങ്ങിയ ഞങ്ങള്‍ക്ക്, മക്കളുടെ പ്രണങ്ങളെയും കൂട്ടുകാരികളെയും ഡേറ്റിങ്ങിനെയും ഉള്‍ക്കൊള്ളാന്‍ കഴിയണമല്ലോ?

 
 
 

17 thoughts on “പ്രണയം കടല്‍ കടന്ന്, കര കടന്ന്…

 1. നന്നായെഴുതി. തിരുനക്കര പടവുകള്‍ക്ക്
  താഴെ പരസ്പരം നോക്കി, ആധി പിടിച്ചുനിന്ന
  നിഷ്കളങ്കരായ ആ പെണ്‍കുട്ടിയെയും
  കൂട്ടുകാരനെയും നമിച്ചുപോവുന്നു

 2. ഒരു തലമുറക്കും മനസ്സിലാവില്ല വരും തലമുറകളെ.
  ഹൃദ്യമായി എഴുതിയിരിക്കുന്നു

 3. അപ്പൊ… ചാള ചട്ടീലായീ… ഇനി വെന്താല്‍…… മതി 🙂 No, seriously nice article and thanks for the heads up! You have captured the emotions of the two times very well. Sometime ago one of my pravaasi friend told me – അവളാരെ കൊണ്ട് വന്നാലും കുഴപ്പമില്ല… സ്വന്തം ഇനത്തെ കൊണ്ടുവരാതിരിന്നാ മതിയായിരിന്നു 🙂 യേത് 🙂
  Once more – nice one!

 4. നമ്മുടെ കൈയില്‍ നിന്നും ഊര്‍ന്നു പോകുന്ന അവരുടെ കുട്ടിക്കാലം …………നോക്കി നില്‍ക്കെ അവര്‍ നമ്മളാവുന്ന പോലെ …………

 5. പുതിയ പ്രണയങ്ങള്‍ക്കു മേല്‍ കാവല്‍മാലാഖമാരുണ്ട്. നമ്മുടെയൊക്കെ കൗമാരങ്ങള്‍ക്കുമേല്‍ അസൂയയുടെ ചെകുത്താന്മാരായിരുന്നു, എന്നും. ആര്‍ദ്രമായ നോട്ടങ്ങളില്പ്പോലും പിശകുകളുടെ ചൂണ്ടക്കൊളുത്തുകളിട്ട് അവര്‍ വലിച്ചു രസിച്ചു. കടല്‍ കടക്കുമ്പോള്‍, പല ചെകുത്താന്മാര്‍ക്കും നമ്മുടെ കൂടെപ്പോരാനുള്ള കടലാസ്സുകള്‍ കിട്ടിയതുമില്ല. അതിനും പുറമേ, ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ തന്നെ കൂടാനായിരുന്നു അവര്‍ക്കും ഇഷ്ടം. സദാചാരപ്രശ്നങ്ങളും, കുനുഷ്ടും, കുന്നായ്മയുമൊക്കെയായി ആകെപ്പാടെ അനുകൂല കാലാവസ്ഥ! ഇവിടെയാണെങ്കില്‍, അവരുടെ ഉല്പന്നങ്ങള്‍ ആരും തിരിഞ്ഞുപോലും നോക്കാനാവാത്ത വിധം വാടിക്കരിഞ്ഞു പോകുകയും ചെയ്യും.

  പതിവു പോലെ നന്നായി എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍, മീനു എലിസബത്ത്!

 6. എനിക്കിഷ്ടപ്പെട്ടത് സൈക്കിളില്‍നിന്നും പിന്നീട്
  പ്രണയത്തില്‍നിന്നും താഴെവീണ ആ ചെറുപ്പക്കാരനെയാ.

 7. വായിച്ചു അഭിപ്പ്രായങ്ങള്‍ എഴുതിയ എല്ലാവര്ക്കും വളരെ നന്ദി…
  മീനു

Leave a Reply

Your email address will not be published. Required fields are marked *