ഗുവാഹത്തിയിലെ ആണ്‍കൂട്ടം പറയുന്നത്

 
 
 
ഗുവാഹത്തി അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ ഗാര്‍ഡിയന്‍
പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം

 
 

ഒടുവില്‍, പോലീസെത്തിയപ്പോള്‍ അവര്‍ പെണ്‍കുട്ടിയെയാണ് അവിടെ നിന്ന് കൊണ്ടുപോയത്. ( പെണ്‍കുട്ടിയുടെ പ്രായത്തെക്കുറിച്ച് അറിവില്ലെന്ന് ഗുവാഹത്തി പോലീസ്, 20-21 എന്ന് കരുതുന്നു. ) ന്യൂസ് ലൈവ് ചാനല്‍ രാത്രി മുഴുവന്‍ ആ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ച് പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ അവള്‍ ചോദ്യം ചെയ്യപ്പെടുകയായിരുന്നു. ഒപ്പം അവളെ മെഡിക്കല്‍ പരിശോധനയ്ക്കും വിധേയയാക്കി. പക്ഷേ ക്യാമറയെ നോക്കി ചിരിച്ചു കൊണ്ട് പൈശാചികമായി പെരുമാറിയ പുരുഷന്‍ മാരില്‍ ഒരാളെയും കസ്റഡിയിലെടുക്കാന്‍ പോലീസ് ശ്രമിച്ചില്ല. അധികം താമസിയാതെ ന്യൂസ് ലൈവ് ചാനലിന്റെ ചീഫ് എഡിറ്റര്‍ റ്റ്വിറ്ററിലൂടെ അറിയിച്ചു, ‘ബാറുകളിലും നിശാക്ലബുകളിലും രാത്രി സന്ദര്‍ശകരായ സ്ത്രീകള്‍ കൂടുതലും വേശ്യകളാണ്.’ -ഗുവാഹത്തിയില്‍ നഗരമധ്യത്തില്‍ ഒരു പെണ്‍കുട്ടിക്കു നേരെ നടന്ന ക്രൂരമായ ലൈംഗികാതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ ഗാര്‍ഡിയന്‍ ലേഖിക ഹെലന്‍ പിഡ് എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം. വിവര്‍ത്തക: സ്മിത മീനാക്ഷി

 

 

ഇന്ത്യയുടെ വടക്കു കിഴക്കന്‍ നഗരമായ ഗുവാഹത്തിയിലെ ഒരു മലമുകളിലെ ആശ്രമത്തില്‍ ഭാരതത്തിന്റെ മഹാനായ പുത്രന്‍ മഹാത്മാ ഗാന്ധിയുടെ ജീവിത വീക്ഷണം ഉദ്ഘോഷിക്കുന്ന ഒരു സന്ദേശം പ്രദര്‍ശിപ്പിച്ചിരിക്കുന്നു.ഒരിക്കല്‍ ഗാന്ധിജി ഉറങ്ങിയ സോഫയുടെ അരികിലായി, അദ്ദേഹം 1921 ല്‍ നല്‍കിയ ആ സന്ദേശം കാണാം. ‘മനുഷ്യന്‍ സ്വയം ഉത്തരവാദിയായ കുറ്റകൃത്യങ്ങളില്‍, മാനവികതയുടെ പാതിയായ സ്ത്രീയോട് അവന്‍ ചെയ്യുന്ന നടപടികളേക്കാള്‍ കൂടുതല്‍ ക്രൂരവും ഭീകരവും നാണം കെട്ടതുമായി മറ്റൊന്നില്ല.’

രണ്ടാഴ്ച മുമ്പ് , ഒരു സന്ധ്യയില്‍, ആ മലയുടെ അടിവാരത്തില്‍, ഒരു യുവതി ആക്രമിക്കപ്പെട്ടു. ബാറില്‍ നിന്ന് പുറത്തേയ്ക്ക് വന്ന അവളെ 18 പുരുഷന്‍മാര്‍ ചേര്‍ന്നാണു ആക്രമിച്ചത്. അവളെ മുടിയില്‍ പിടിച്ച് റോഡിലേയ്ക്ക് വലിച്ചിഴച്ചു കൊണ്ടു വന്ന അവര്‍, ആ പെണ്‍കുട്ടിയെ വിവസ്ത്രയാക്കിയപ്പോള്‍, തങ്ങളെ ചിത്രത്തിലാക്കുന്ന ക്യാമറയ്ക്കു നേരെ പുഞ്ചിരിക്കുകയായിരുന്നു. ഈ സംഭവം നടക്കുന്നത് ഗുവാഹട്ടിയുടെ ഏറ്റവു തിരക്കുള്ള വഴികളില്‍ ഒന്നിലായിരുന്നു, അതും രാത്രി . വാഹനങ്ങള്‍ നിര്‍ത്താതെ ഹോണ്‍ മുഴക്കുന്ന ആ തിരക്കില്‍, പക്ഷേ കുറഞ്ഞത് ഇരുപത് മിനിറ്റ് നേരത്തേയ്ക്ക് ഒരാളും പോലീസിനെ വിവരമറിയിച്ചില്ല.

ഹെലന്‍ പിഡ്


അത്ര വിഷമമായിരുന്നില്ല പൊലീസിനെ അറിയിക്കാന്‍
പോലീസിനെ അറിയിക്കുക എന്നത് അത്ര വിഷമകരമായ കാര്യമായിരുന്നില്ല ആര്‍ക്കും. അവിടെ കൂടിയവരുടെ കൈകളില്‍ മൊബൈല്‍ ഫോണുകളും ഉണ്ടായിരുന്നു. പക്ഷേ, അവരൊക്കെയും കണ്‍മുമ്പില്‍ സൌജന്യമായി ആസ്വദിക്കാന്‍ കിട്ടിയ സ്ത്രീ നഗ്നത ഫോണിലെ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. അത്രയും പേര്‍ ചേര്‍ന്ന് യുവതിയുടെ അരക്കെട്ടിലും മാറിലും പരസ്യമായി കൈക്രിയകള്‍ നടത്തിയപ്പോള്‍ സഹായത്തിനപേക്ഷിക്കുന്ന അവളുടെ നിലവിളി ആരും ചെവിക്കൊണ്ടില്ല. ഒരു പ്രാദേശിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ സ്വന്തം പ്രേക്ഷകരെ രസിപ്പിക്കാന്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തുകയും അത് അപ്പാടെ സംപ്രേഷണം ചെയ്യുകയും ചെയ്തതിലൂടെയാണ് പുറം ലോകം ഇതറിഞ്ഞത്. പോലീസ് എത്തുന്നതുവരെയുള്ള 45 മിനിറ്റ് സമയം അക്രമികള്‍ ഈ ആക്രമണം തടസ്സങ്ങളില്ലാതെ തുടര്‍ന്നു.

അരമണിക്കൂറിനകം ഈ അതി ക്രൂരതയുടെ ദൃശ്യങ്ങള്‍ അസ്സമിലെ ‘ന്യൂസ് ലൈവ് ‘ ചാനല്‍ വഴി സംപ്രേഷണം ചെയ്യപ്പെട്ടു തുടങ്ങി. നഗരം മുഴുവന്‍ ആ രംഗത്തിനു സാക്ഷികളായി .’എനിക്ക് കോപം അടക്കാനായില്ല, ഇത്ര ഭീകരവും ക്രൂരവുമായ സ്ത്രീ പീഡനം ടെലിവിഷന്‍ സ്ക്രീനുകളില്‍ പ്രത്യക്ഷപ്പെടുന്നു, അപ്പോഴും എല്ലാവരും പ്രതിയാക്കിയത് അവളെ മാത്രമാണ്, അതിനു കാരണമോ, അവള്‍ മദ്യപിച്ചിരുന്നു എന്നതും’-നോര്‍ത്ത് ഈസ്റ് നെറ്റ് വര്‍ക്കിലെ ഫെമിനിസ്റ് പ്രവര്‍ത്തക ശീതള്‍ ശര്‍മ്മ പറയുന്നു. ‘ആ ദൃശ്യം പകര്‍ത്തിയ ക്യാമറ വ്യക്തമായ ഉദ്ദേശ്യങ്ങളോടെയാണതു ചെയ്തത്, അവളുടെ തുടകളും മാറും കാണിക്കാനായിരുന്നു ക്യാമറയ്ക്കുല്‍സാഹം- ശീതളിന്റെ സഹപ്രവര്‍ത്തക 22 കാരിയായ ബിതോപി ദത്ത കൂട്ടി ചേര്‍ക്കുന്നു.

 

Image Courtesy: India Today


 

ഇരയ്ക്ക് പീഡനം, പ്രതിക്ക് സംരക്ഷണം
ഒടുവില്‍ പോലീസെത്തിയപ്പോള്‍ അവര്‍ പെണ്‍കുട്ടിയെയാണ് അവിടെ നിന്ന് കൊണ്ടുപോയത്. ( പെണ്‍കുട്ടിയുടെ പ്രായത്തെക്കുറിച്ച് അറിവില്ലെന്ന് ഗുവാഹട്ടി പോലീസ്, 20-21 എന്ന് കരുതുന്നു. ) ന്യൂസ് ലൈവ് ചാനല്‍ രാത്രി മുഴുവന്‍ ആ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ച് പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ അവള്‍ ചോദ്യം ചെയ്യപ്പെടുകയായിരുന്നു. ഒപ്പം അവളെ മെഡിക്കല്‍ പരിശോധനയ്ക്കും വിധേയയാക്കി. പക്ഷേ ക്യാമറയെ നോക്കി ചിരിച്ചു കൊണ്ട് പൈശാചികമായി പെരുമാറിയ പുരുഷന്‍ മാരില്‍ ഒരാളെയും കസ്റഡിയിലെടുക്കാന്‍ പോലീസ് ശ്രമിച്ചില്ല. അധികം താമസിയാതെ ന്യൂസ് ലൈവ് ചാനലിന്റെ ചീഫ് എഡിറ്റര്‍ റ്റ്വിറ്ററിലൂടെ അറിയിച്ചു, ‘ബാറുകളിലും നിശാക്ലബുകളിലും രാത്രി സന്ദര്‍ശകരായ സ്ത്രീകള്‍ കൂടുതലും വേശ്യകളാണ്.’

ടെലിവിഷന്‍ ദൃശ്യം കൂടുതല്‍ പ്രചാരം നേടുകയും ദില്ലിയില്‍ ദേശീയ ചാനലുകള്‍ അതില്‍ ശ്രദ്ധ പതിപ്പിക്കുകയും ചെയ്തപ്പോഴാണ് പോലീസിനു തങ്ങളുടെ പ്രവൃത്തിയില്‍ ലജ്ജാകരമായതെന്തോ ഉണ്ടെന്നു തോന്നിയത്. അപ്പോഴേയ്ക്കും ഗുവാഹത്തി നിവാസികള്‍ കാര്യങ്ങള്‍ കയ്യിലെടുത്തിരുന്നു. അക്രമികളുടെ ചിത്രങ്ങള്‍ ഒട്ടിച്ച ബാനറുകള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. സംഭവം നടന്ന് ആറു ദിവസത്തിനുശേഷം, അസ്സമിലെ മുഖ്യമന്ത്രി അക്രമികളെ അറസ്റ് ചെയ്യാന്‍ പോലീസിനോടാവശ്യപ്പെട്ടു. അദ്ദേഹം ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ സന്ദര്‍ശിക്കുകയും അമ്പതിനായിരം രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുകയും ചെയ്തു.

ആവര്‍ത്തിക്കുന്ന ക്രൂരതകള്‍
പക്ഷെ പരിഹാരമില്ലാത്ത നഷ്ടം സംഭവിച്ചു കഴിഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഇന്ത്യയില്‍ സ്ത്രീകളുടെ ജീവിതം എത്രത്തോളം ദുരിതപൂര്‍ണമാണെന്ന് ഓരോ ഇന്ത്യാക്കാരനും അറിയാം. 1966 ല്‍ ആദ്യ സ്ത്രീ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി ഭരണമേറ്റിട്ട് നാല്‍പത്തിയാറു വര്‍ഷം പിന്നിട്ടിട്ടും അവസ്ഥയ്ക്ക് മാറ്റമില്ല. ഇപ്പോള്‍ ഇവിടെ ക്യാമറക്കണ്ണുകള്‍ അതിനു തെളിവു തരുന്നു. സ്ത്രീ സൌഹൃദ സംസ്ഥാനമെന്ന് അറിയപ്പെടുന്ന അസമിലെ ഈ സംഭവം രാജ്യത്താകമാനം ജനരോഷത്തിനു കാരണമാകുന്നു.

‘നമുക്ക് വനിതാ പ്രസിഡന്റും വനിതാ പ്രധാനമന്ത്രിയുമുണ്ടാകുന്നു, പക്ഷേ ഈ രണ്ടായിരത്തി പന്ത്രണ്ടിലും സ്ത്രീയുടെ സുരക്ഷ എന്നത് അവള്‍ സ്വയമേറ്റെടുക്കേണ്ട ഒന്നാണെന്നുള്ളതാണ് അവസ്ഥ’ -എന്‍. ഡി. ടി. വി യിലെ ഒരു വാര്‍ത്താ അവതാരക പറയുന്നു. അവര്‍ മറ്റൊരു സംഭവത്തിലേയ്ക്കും വിരല്‍ ചൂണ്ടുന്നു. ഉത്തര്‍ പ്രദേശ് സംസ്ഥാനത്തിലെ ബാഘ്പത്ത് ഗ്രാമത്തില്‍ സ്ത്രീകള്‍ക്ക് മുതിര്‍ന്ന ഗ്രാമവാസികള്‍ ചില വിലക്കുകളേര്‍പ്പെടുത്തിയതിനെപ്പറ്റിയാണിത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, മുടി മറയ്ക്കാതെ പുറത്തുപോകുക, ജീവിത പങ്കാളിയെ സ്വയം തെരഞ്ഞെടുക്കുക, തനിച്ച് വീടിനു വെളിയില്‍ സഞ്ചരിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളിലാണ് വിലക്കേര്‍പ്പെടുത്തിയത്. ‘ഇതാണവസ്ഥ, സ്ത്രീ കള്‍ മാനിക്കപ്പെടുന്നില്ല, നമ്മുടെ സംസ്കാരം മാനിക്കപ്പെടുന്നില്ല, നിയമമാണെങ്കിലോ ഇതേപറ്റി ആശങ്കപ്പെടുന്നുമില്ല, ആരാണു ചോദിക്കാനുള്ളത്?’- അവര്‍ വ്യക്തമാക്കുന്നു.

 

 

നിയമത്തിനറിയില്ല പീഡനവ്യാപ്തി
ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പീഡനങ്ങള്‍ക്ക് പ്രത്യേകം നിയമമില്ല. ബലാല്‍സംഗമെന്നതുകൊണ്ട് നിര്‍വചിക്കപ്പെടുന്നത് ബലം പ്രയോഗിച്ചുള്ള ലൈംഗിക ബന്ധം മാത്രമാണ്. ഗുവാഹട്ടിയില്‍ യുവതിയെ ആക്രമിച്ചവരെ കസ്റഡിയിലെടുക്കാന്‍ വളരെ ലഘുവായ വകുപ്പുകളേയുള്ളു, സ്ത്രീയുടെ മാനത്തെ അവഹേളിക്കുക, സ്വകാര്യതയില്‍ കടന്നുകയറുക എന്നീ ലഘുവായ വകുപ്പുകളില്‍, ഏറ്റവും കൂടുതല്‍ കിട്ടാവുന്ന ശിക്ഷ ഒരു വര്‍ഷം തടവോ പിഴയോ അതു രണ്ടും കൂടിയോ മാത്രമാണ്.

കഴിഞ്ഞ മാസം നടത്തിയ ഒരു സര്‍വേ ഇന്ത്യയുടെ ലജ്ജാകരമായ അവസ്ഥയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു. ലോകമെങ്ങുമുള്ള 370 ലിംഗപഠന വിദഗ്ദര്‍ നടത്തിയ സര്‍വേ ജി ഇരുപത് രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് ഏറ്റവും മോശം ജീവിതം നല്‍കുന്ന രാജ്യം ഇന്ത്യ ആണെന്ന് കാണിച്ചുതരുന്നു. സൌദി അറേബ്യയ്ക്കാണ് രണ്ടാം സ്ഥാനം. ഇന്ത്യയിലെ അവസ്ഥ അവര്‍ പറയുന്നു, ‘ഇന്ത്യയില്‍ ഇപ്പോഴും സ്ത്രീകള്‍ വില്‍ക്കപ്പെടുന്നു, പത്തുവയസ്സില്‍ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്നു, സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീകളെ ജീവനോടെ അഗ്നിക്കിരയാക്കുന്നു, പെണ്‍കുട്ടികള്‍ ലൈംഗികമായി തൊഴിലിടങ്ങളില്‍ ചൂഷണം ചെയ്യപ്പെടുന്നു’.

സര്‍വേയിലെ ചില വെളിപ്പെടുത്തലുകള്‍ നോക്കൂ- ഇന്ത്യ സ്ത്രീകള്‍ക്ക് , ഈ ഭൂമിയിലെ ഏറ്റവും മോശം സ്ഥലമല്ലായിരിക്കാമെന്നു തോന്നാം, കോംഗോയില്‍ ഓരോ വര്‍ഷവും ബലാല്‍സംഗം ചെയ്യപ്പെടുന്നവരുടെ എണ്ണം നാലു ലക്ഷത്തിലധികമാണ്, സോമാലിയയില്‍ ഇന്ത്യയിലേക്കാള്‍ കൂടുതല്‍ സ്ത്രീ ഭ്രുണഹത്യ നടക്കുന്നുണ്ട്.

പക്ഷേ ‘ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ വിമണി’ന്റെ പഠനമനുസരിച്ച് 45 ശതമാനം പെണ്‍കുട്ടികള്‍ ഇന്ത്യയില്‍ പതിനെട്ടു വയസ്സിനു മുമ്പ് വിവാഹിതരാകുന്നു. 2010 ല്‍ രേഖപ്പെടുത്തിയ മാതൃമരണങ്ങള്‍ അമ്പത്തിയാറായിരമാണ്. ഭാര്യയെ അടിക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ടെന്നാണ് അമ്പത്തിരണ്ട് ശതമാനം പെണ്‍കുട്ടികളും വിശ്വസിക്കുന്നത്. 2010 നും 2011 നും ഇടയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ 7.1% വര്‍ദ്ധിച്ചിട്ടുണ്ട്. ഇതെല്ലാം ഇന്ത്യന്‍ സ്ത്രീയുടെ അവസ്ഥയെ കാണിക്കുന്ന പഠന റിപ്പോര്‍ട്ടുകളില്‍ ചിലതാണ്.

പിന്നെയും പിന്നെയും വാര്‍ത്തകള്‍
സ്ത്രീകള്‍ ദൈനംദിനം നേരിടുന്ന പീഡനങ്ങളെ പറ്റി ഇന്ത്യന്‍ മാധ്യമങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹേതര ബന്ധത്തിന്റെ പേരില്‍ ഒരു സ്ത്രീയെ വിവസ്ത്രയാക്കി തല മുണ്ഡനം ചെയ്ത തെരുവിലൂടെ നടത്തിയതും തടയാന്‍ ചെന്ന പോലീസിനെ നാട്ടുകാര്‍ കല്ലെറിഞ്ഞോടിച്ചതും അടുത്തിടെ നടന്ന സംഭവമാണ്. പോലീസ് സ്റ്റേഷനില്‍ വച്ച് ഒരു സ്ത്രീ കൂട്ട ബലാല്‍സംഗം ചെയ്യപ്പെട്ടതും മാലിന്യക്കൂനയില്‍ കുട്ടികള്‍ സ്ത്രീ ഭ്രൂണം കണ്ടെത്തിയതുമെല്ലാം പഴയ വാര്‍ത്തകളല്ല.

ഇന്‍ഡോറില്‍ കഴിഞ്ഞ ദിവസം നടന്ന മറ്റൊരു സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുപ്പത്തിയെട്ടുകാരനായ ഒരു പുരുഷന്‍ ഭാര്യയുടെ ലൈംഗികാവയവം താഴും താക്കോലുമുപയോഗിച്ച് പൂട്ടിയ അതിക്രൂരമായ സംഭവം. ശരീരം കിഴിച്ച് ചെറിയ താഴുപയോഗിച്ച് പൂട്ടി, താക്കോല്‍ സ്വന്തം സോക്സിനുള്ളില്‍ വച്ച് ഭര്‍ത്താവ് ജോലിയ്ക്കു പോകുന്നു. താഴ്ന്ന ജാതിയില്‍ പെട്ട യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ ഇരുപതുകാരിയായ മകളുടെ തല വെട്ടിയെടുത്ത് അതുമായി തെരുവിലൂടെ നടന്ന് പിതാവും കഴിഞ്ഞ ദിവസങ്ങളിലെ കാഴ്ചയാണ്. ഇതുപോലെ ഏറ്റവും ക്രൂരവും ഭീകരവുമായ അതിക്രമങ്ങള്‍ മാധ്യമങ്ങള്‍ ദിനം പ്രതി ജനങ്ങളിലെത്തിക്കുന്നു.

 

 

അക്രമിക്കപ്പെടുന്നത് നിങ്ങളുടെ കുഴപ്പം കൊണ്ടാണ്
പക്ഷേ ഇന്ത്യയിലെ ബഹുഭൂരിപക്ഷം സ്ത്രീകളെയും രോഷാകുലരാക്കിയ ഗുവാഹട്ടി സംഭവത്തെക്കുറിച്ച് ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്സണ്‍ മമതാ ശര്‍മ്മ ഒരു ഇന്റര്‍വ്യൂവില്‍ നടത്തിയ പരാമര്‍ശം വിവാദമായി. സുരക്ഷയെ മുന്‍ നിര്‍ത്തി സ്ത്രീകള്‍ക്ക് എന്തെങ്കിലും ഡ്രസ് കോഡ് നിലവിലുണ്ടോ എന്ന ചോദ്യത്തിന് ഇതായിരുന്നു മറുപടി-‘അറുപത്തിനാല് വര്‍ഷത്തെ സ്വാതന്ത്യ്രത്തിനുശേഷം അങ്ങനെയൊരു നിയമം കൊണ്ടുവരുന്നതില്‍ അര്‍ത്ഥമില്ല. അതു ധരിക്കരുത് , ഇതു ധരിക്കരുത് എന്നു പറയാനാകില്ല, നിങ്ങള്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് വസ്ത്ര ധാരണം ചെയ്യൂ, പക്ഷേ അതേ സമയം, എങ്ങനെ വസ്ത്രം ധരിക്കുന്നു എന്നതിനെ പറ്റി ശ്രദ്ധാലുവാകൂ, നമ്മുടെ സംസ്കാരത്തില്‍ നിന്നകന്ന്, പാശ്ചാത്യരെ അന്ധമായി അനുകരിക്കുന്നതാണ് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുവാന്‍ കാരണമാകുന്നത്’.
‘നമ്മുടെ നഗരങ്ങളെ പാശ്ചാത്യവല്‍ക്കരണം വളരെ മോശപ്പെട്ട അവസ്ഥയില്‍ എത്തിച്ചിട്ടുണ്ട്. മൂല്യങ്ങള്‍ അവശേഷിക്കുന്നില്ല, നമ്മുടെ സംസ്കാരത്തെ മനസ്സിലാക്കുവാനും ഏറ്റെടുക്കുവാനും പാശ്ചാത്യര്‍ ശ്രമിക്കുമ്പോള്‍ നാം ആ സംസ്കാരത്തിനു കീഴ്പ്പെടുന്നത് നിര്‍ഭാഗ്യകരമാണ്- അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഈ അഭിപ്രായങ്ങള്‍ ഇന്ത്യയില്‍ ശക്തമായ വിവാദങ്ങള്‍ക്കു കാരണമായി. ‘പാശ്ചാത്യരെ അനുകരിക്കുന്നതല്ല പ്രശ്നം, ഇവിടെ നിയമങ്ങളില്ലാത്തതാണ്, സുരക്ഷാ നടപടികളില്ലാത്തതാണ്, ലിംഗ നീതി ഇല്ലാത്തതാണ്, നിയമത്തെ, പോലീസിനെ, നീതിന്യായവ്യവസ്ഥയെ പേടിയില്ലാത്തതാണ്. പുരുഷനെ പോലെ തന്നെ എല്ലാ വിനോദോപാധികളും സ്ത്രീകള്‍ക്കും പ്രാപ്യമാണെന്നുള്ള ബോധമില്ലാത്തതാണു ശരിയായ പ്രശ്നം.- സാഗരിക ഘോഷ് ഒരു ഓണ്‍ ലൈന്‍ മാധ്യമത്തില്‍ അഭിപ്രായപ്പെടുന്നു.

നല്ല പെണ്ണും ചീത്തപ്പെണ്ണും
മമതാ ശര്‍മ്മയുടെ അഭിപ്രായം ‘താലിബാന്‍’ മനോഭാവത്തെയാണ് കാണിക്കുന്നതെന്നാണ് അസ്സമീസ് വനിതാ പ്രസിദ്ധീകരണമായ ‘നന്ദിനി’യുടെ എഡിറ്റര്‍ മൈനി മഹന്ത വിശ്വസിക്കുന്നത് . ‘താലിബാനെക്കാള്‍ ഭീകരമാണിത്, അവര്‍ അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ തുറന്നു പറയുന്നു. ഇവിടെ സമൂഹം അക്കാര്യത്തില്‍ ഹിപ്പോക്രസിയാണു കാണിക്കുന്നത്. നാം സ്ത്രീ ദേവതകളെ പൂജിക്കുന്നു, പക്ഷേ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നു. എല്ലാ കുറ്റത്തിലും അവരെ പ്രതിയാക്കുന്നു’- അവര്‍ പറയുന്നു.

സ്വതന്ത്രമായി ചിന്തിക്കുന്ന വ്യക്തിയായി വളരുന്നതില്‍നിന്ന് പാരമ്പര്യം എങ്ങനെയാണ് സ്ത്രീയെ സ്വന്തം വിധിയില്‍ തളച്ചിടുന്നതെന്ന് മഹന്ത വിശദീകരിക്കുന്നു. മനുസ്മൃതിയിലെ സ്ത്രീ സംരക്ഷണത്തെക്കുറിച്ചുള്ള പരാമര്‍ശവും മഹന്ത ചൂണ്ടിക്കാട്ടുന്നു. മെല്ലെ നടക്കുകയും ശബ്ദം കുറച്ച് കുറച്ച് ചിരിക്കുകയും ചെയ്യുന്ന ‘നല്ല പെണ്‍കുട്ടി’കളെക്കുറിച്ച കാഴ്ചപ്പാടും സ്വതന്ത്ര ചിന്തയില്‍നിന്ന് ഇന്ത്യന്‍ സ്ത്രീയെ അകറ്റി നിര്‍ത്തുന്നതായി മഹന്ത പറയുന്നു.

കോസ്മൊപൊളിറ്റന്‍ നഗരമായ മുംബൈയില്‍പോലും, ബാറിലിരുന്ന് മദ്യപിക്കുന്ന സ്ത്രീകളെ വേശ്യാവൃത്തി നടത്തിയെന്ന പേരില്‍ അറസ്റ് ചെയ്യുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മദ്യപിക്കുമോ, രാത്രി പുറത്തിറങ്ങുമോ, എന്ത് വസ്ത്രമാണ് ധരിക്കുന്നത് എന്നിവയുടെ അടിസ്ഥാനത്തില്‍ ആധുനിക ഇന്ത്യന്‍ സ്ത്രീയെ ‘നല്ലവള്‍’, ‘ചീത്ത’ എന്നിങ്ങനെ വേര്‍തിരിക്കുന്നതായി നോര്‍ത് ഈസ്റ് നെറ്റ് വര്‍ക്കിലെ സ്ത്രീവാദ പ്രവര്‍ത്തകരായ ശീതള്‍ ശര്‍മയും ബിതോപി ദത്തയും ചൂണ്ടിക്കാട്ടുന്നു. ‘ഇതുപ്രകാരം ‘നല്ലത’ല്ലെന്ന് തോന്നുന്ന സ്ത്രീകള്‍ക്കെതിരെ കടുത്ത സദാചാര പൊലീസിങും വര്‍ധിച്ചു വരുന്നുണ്ട്- ശീതള്‍ പറയുന്നു. ‘ബാറില്‍വെച്ചാണ് മര്‍ദനമേറ്റതെങ്കില്‍, നല്ലത്, അവള്‍ക്കത് കിട്ടണം എന്നായിരിക്കും പ്രതികരണം’-ബിതോപി ദത്ത കൂട്ടിച്ചേര്‍ക്കുന്നു. സദാചാര പൊലീസിന്റെ ഇടപെടല്‍ കൂടാതെ ഗുവാഹത്തിയില്‍ തന്നെപ്പോലൊരു ചെറുപ്പക്കാരിക്ക് ബോയ്ഫ്രന്റിന്റെ കൈ കൊര്‍ത്തു പിടിച്ച് നടക്കാനോ തനിച്ചിരിക്കാനോ കഴിയാത്ത അവസ്ഥയാണെന്നും ബിതോപി പറയുന്നു.

 

 

ഒരേ അവസ്ഥകള്‍, പല ഇടങ്ങള്‍
ഗുവാഹത്തി സംഭവത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ സ്ത്രീവിരുദ്ധ നിലപാടിന്റെ മൂലകാരണം സ്ത്രീകളെ ശരിയായ വിധത്തില്‍ ആദരിക്കാത്ത സാമൂഹികാവസ്ഥ തന്നെയാണെന്ന് ഭൂരിഭാഗം സ്ത്രീകളും കരുതുന്നു. എല്ലാ ബാറുകളും ഒമ്പതരക്ക് മുമ്പ് അടക്കുക എന്നതു പോലുള്ള നടപടികളാണ് ഗുവാഹത്തി സംഭവ ശേഷം അധികൃതര്‍ കൈക്കൊണ്ടത്. പെണ്‍കുട്ടി ബലാല്‍ക്കാരം ചെയ്യപ്പെട്ടതിനു തൊട്ടടുത്ത മിന്റ്ബാറിന്റെ ലൈസന്‍സ് പുനസ്ഥാപിക്കുകയും ചെയ്തു.

ദിവസങ്ങള്‍ക്കു മുമ്പ് രാത്രിയില്‍ ഗുവാഹത്തി നഗരത്തിലൂടെ നടക്കാനിറങ്ങിയ തന്നോട് പൊലീസുകാര്‍ എങ്ങനെയാണ് പെരുമാറിയതെന്ന് ഗുവാഹത്തി കോട്ടണ്‍ കോളജിലെ 50 കാരിയായ ലൈബ്രറേറിയന്‍ സബീന്‍ അഹമ്മദ് വിവരിക്കുന്നു.’പൊലീസുകാര്‍ എന്നെ തടഞ്ഞു. ആ സമയത്ത് ഞാനെന്താണ് പുറത്തിറങ്ങിചെയ്യുന്നതെന്നായിരുന്നു അവര്‍ക്കറിയേണ്ടത്. സമയം പത്തരയോ മറ്റോ ആയിരുന്നു. ഭര്‍ത്താവ് എവിടെയെന്നും അവര്‍ തിരക്കി’.

കാര്യം, പ്രതിഭാ പാട്ടീല്‍ രാഷ്ട്രപതിയായിരുന്നു, സോണിയാ ഗാന്ധിയാണ് ഭരണകക്ഷിയായ യു.പി.എയെ നിയന്ത്രിക്കുന്നത് എന്നതൊന്നും വലിയ കാര്യമേയല്ല എന്ന് നോര്‍ത് ഈസ്റ് നെറ്റ് വര്‍ക്ക് അധ്യക്ഷ മോനിഷ ബെഹല്‍ പറയുന്നു. ‘ബ്രിട്ടനില്‍ നിങ്ങള്‍ക്കാരു മാര്‍ഗരറ്റ് താച്ചറുണ്ടായിരുന്നു. അവിടത്തെ തെരുവില്‍ നിങ്ങളൊരു സാമൂഹിക വിരുദ്ധനാല്‍ അക്രമിക്കപ്പെട്ടാല്‍ ഒരു വനിതാ പ്രധാനമന്ത്രി ഉണ്ടായിട്ടും ഇവിടെ എങ്ങനെയിത് സംഭവിക്കുന്നു എന്ന് പറയുന്നത് പോലെയാണിത്’

അതിക്രമം നിത്യജീവിതഭാഗം
ഈ കുറിപ്പിനു വേണ്ടി കണ്ടുമുട്ടിയ ഏതാണ്ടെല്ലാ സ്ത്രീകളും സമ്മതിച്ച ഒരു കാര്യം ഇതായിരുന്നു^സ്ത്രീകള്‍ക്കെതിരായ അതിക്രമം നിത്യജീവിതത്തിന്റെ ഭാഗമാണ് . പൊതു ഗതാഗത സംവിധാനത്തില്‍ യാത്രചെയ്യുമ്പോള്‍ താന്‍ പതിവായി ബാഗില്‍ മുളകു പൊടി കരുതാറുണ്ടെന്ന് മഹന്ത പറയുന്നു. ‘ ശരീരം പരതാനെത്തുന്ന കൈകളെ നേരിടാന്‍ ഇതാവശ്യമാണ്’ ആസാമിലെ സെവന്‍ സിസ്റ്റേഴ്സ് പത്രത്തിലെ ജേണലിസ്റ് ദീപിക പതര്‍ പറയുന്നതും ഇത് തന്നെയാണ്. ‘സിറ്റി ബസുകള്‍ അതിക്രമങ്ങള്‍ക്ക് കുപ്രസിദ്ധമാണ്. സീറ്റ് കിട്ടാതെ നിങ്ങള്‍ നില്‍ക്കുകയാണെന്ന് കരുതുക, പുരുഷന്‍മാര്‍ പുറകിലെത്തി നിങ്ങളുടെ ശരീരത്തില്‍ അമര്‍ത്തും. ശരീര ഭാഗങ്ങള്‍ തോണ്ടും’

പേരുവെളിപ്പെടുത്താത്തൊരു സ്ത്രീ കഴിഞ്ഞ മാസം തന്റെ ബ്ളോഗില്‍ പോസ്റ് ചെയ്ത കുറിപ്പില്‍ ദല്‍ഹി മെട്രോയിലെ ജനറല്‍ കോച്ചില്‍ യാത്രചെയ്തപ്പോഴുള്ള അനുഭവം വിവരിക്കുന്നുണ്ട്. തന്നോടൊട്ടി നില്‍ക്കുന്ന പുരുഷനോട് മാറാന്‍ പറഞ്ഞപ്പോള്‍ മറ്റൊരു പുരുഷന്‍ പ്രശ്നത്തില്‍ ഇടപെട്ടു. ഒടുക്കം ഇരുവരും തല്ലായി. വൈകാതെ മറ്റ് യാത്രക്കാര്‍ സ്ത്രീക്കെതിരെ തിരിഞ്ഞു”ഇതെല്ലാം നിങ്ങളുടെ കുഴപ്പമാണ്. ഈ തല്ല് തുടങ്ങാന്‍ കാരണം നിങ്ങളാണ്. നിങ്ങളീ കോച്ചില്‍ കയറിയതാണ് എല്ലാത്തിനും കാരണം. നിങ്ങള്‍ പെണ്ണുങ്ങളാണ് എല്ലാ വഴക്കുമുണ്ടാക്കുന്നത്. എന്തിനാണ് ഇവിടെ നില്‍ക്കുന്നത്. പോയി വനിതാ കോച്ചില്‍ കയറൂ’

ഇതിനകം നിരവധി തവണ യാത്രക്കിടെ ലൈംഗികാതിക്രമത്തിനിരയായതായി പേരു വെളിപ്പെടുത്താതെ 35 കാരിയായ ആ ബ്ളോഗര്‍ പറഞ്ഞു. ‘എനിക്ക് വെറുപ്പാണിത് പറയാന്‍. പക്ഷേ, ഇതെല്ലാം സാധാരണമായി കണക്കാക്കിത്തുടങ്ങിയിരിക്കുന്നു’അവര്‍ പറയുന്നു. ‘നിങ്ങളൊരു ലിഫ്റ്റിലാണെന്ന് കരുതുക. പുരുഷന്‍മാര്‍ നിങ്ങളുടെ ശരീരത്തില്‍ അമര്‍ത്തിനില്‍ക്കും. കേറിപ്പിടിക്കും. അല്ലെങ്കില്‍ നിങ്ങളുടെ ശരീരത്തെക്കുറിച്ച് ഒരു വഷളന്‍ കമന്റ് പാസാക്കും’
ഇതിനാല്‍ താന്‍ ബസ് യാത്ര ഉപേക്ഷിച്ച് ഓട്ടോയില്‍ പോവാന്‍ തുടങ്ങിയതായും അവര്‍ പറയുന്നു. ഈ ദുരിതത്തിന് അറുതി വരുത്താന്‍ ഈയടുത്ത് ഒരു കാര്‍ സ്വന്തമാക്കാന്‍ കഴിഞ്ഞതായും അവര്‍ പറഞ്ഞു.

‘മെട്രോ വന്നപ്പോള്‍ ഞാനേറെ സന്തോഷിച്ചു. പൊതുഗതാഗത സംവിധാനം മാറുമല്ലോ . സുരക്ഷിതമായി പോവാമല്ലോ എന്നാല്‍, അവിടെയും ഇതായിരുന്നു അവസ്ഥ. അവസാനം എനിക്കു തന്നെ കുറ്റവും’

വിവര്‍ത്തനം: സ്മിത മീനാക്ഷി


പഠിക്കാത്ത പാഠങ്ങള്‍
കഴിഞ്ഞ ആഴ്ച ഗുവാഹത്തിയില്‍ നടന്ന സംഭവം അതിക്രൂരമായിരുന്നു. ജനകീയ രോഷം ശക്തമായപ്പോള്‍ പൊലീസ് 12 പുരുഷന്‍മാരെ അറസ്റ് ചെയ്തു. അവര്‍ക്കെതിരെ കടുപ്പം കുറഞ്ഞ കുറ്റം ചുമത്തി. എന്നാല്‍, ദൃശ്യങ്ങള്‍ പകര്‍ത്തിയ ന്യൂസ് ലൈവ് ചാനല്‍ ലേഖകന്‍ ഗൌരവ് ജ്യോതിക്കെതിരെ ആക്രമണത്തിന് പ്രേരണയേകിയെന്ന കുറ്റത്തിനും പൊലീസ് കേസെടുത്തു.

അതിക്രമങ്ങള്‍ക്ക് പ്രേരണയേകുകയോ അതില്‍ പങ്കാളിയാവുകയോ ചെയ്തില്ലെന്ന് വ്യക്തമാക്കിയ ഗൌരവ് ജ്യോതി, താന്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതു കൊണ്ടു മാത്രമാണ് പ്രതികള്‍ പിടിയിലായതെന്നും പറയുന്നു.

എന്നാല്‍, പൊലീസ് ഇയാള്‍ക്കെതിരെയാണ്. ഗൌരവിന്റെ ശബ്ദ സാമ്പിളെടുത്ത് വീഡിയോയിലെ ശബ്ദങ്ങളില്‍ അത് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ ലാബോറട്ടിയിലേക്ക് അയച്ചിരിക്കുകയാണ് പൊലീസ്.

കാര്യങ്ങള്‍ വ്യക്തമാണ്. 91 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സ്ത്രീകളോട് മാന്യമായി പെരുമാറണമെന്ന് ഗാന്ധിജി ഇന്ത്യക്കാരോട് ആഹ്വാനം ചെയ്തത്. കാലമിത്രയായി. എന്നിട്ടും ആ പാഠം മാത്രം ആരും പഠിച്ചില്ല.

 
 
 

12 thoughts on “ഗുവാഹത്തിയിലെ ആണ്‍കൂട്ടം പറയുന്നത്

 1. എനിക്കേറ്റവും ശ്രദ്ധേയമായി തോന്നിയത് ആ പെണ്‍കുട്ടിയെ ഉപദ്രവിക്കുന്ന ചിത്രങ്ങളൊന്നും നാലാമിടം കൊടുത്തില്ല എന്നതാണ്.
  ഈ ഇഷ്യൂ കൈകാര്യം ചെയ്ത പോര്‍ട്ടലുകളും മാഗസിനുകളും പത്രങ്ങളുമെല്ലാം അതേ ചിത്രങ്ങള്‍ വീണ്ടും വീണ്ടും ഉപയോഗിക്കുകയായിരുന്നു. അത് മറ്റൊരു പീഡനം തന്നെ.
  ഇവിടെയും ഞാനത് പ്രതീക്ഷിച്ചു.
  കാണാത്തതില്‍ സന്തോഷമുണ്ട്.
  നാലാമിടത്തിന്‍െറ ഈ നിലപാടിനെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല.

 2. Its a shame to overall India, a country which called as “Bharathamba”–what eduacational , technological advances bring to society??

 3. ക്യാമറ യുവതിയുടെ ശരീരത്തിലാണ് ഫോക്കസ് ചെയ്തതെന്ന്
  പറയുന്നതില്‍ എന്താണ് കാര്യം. ഒരു കൂട്ടം ഒരു യുവതിയെ ദേഹോപദ്രവം ഏല്‍പ്പിക്കുമ്പോള്‍ ആകാശത്തേക്ക് ക്യാമറ ഉയര്‍ത്തിയിട്ടെന്താണ് കാര്യം. അയാള്‍ ഇത് ചെയ്തില്ലായിരുന്നെങ്കില്‍ ആരുമറിയാതെ പോവുമായിരുന്നു ഈ സംഭവവും.

 4. നന്ദി സ്മിതാ മീനാക്ഷി.
  ഈ ലേഖനം മലയാളത്തിലേക്ക് മാറ്റിയതില്‍ ഏറെ നന്ദിയുണ്ട്.

 5. പൊള്ളിക്കുന്ന കുറിപ്പ്.
  വേദനയോടെയാണ് ഞാനിത് വായിച്ചു തീര്‍ത്തത്.
  നന്ദി, നാലാമിടം

 6. സ്മിത,ലജ്ജിച്ചില്ലാതെയാകുന്നെങ്കിലും,നന്ദി ഈ വിവർത്തനത്തിന്.

 7. നിയമങ്ങള്‍ പാലിക്ക പ്പെടാനുള്ളതല്ല , ലംഘിക്ക പ്പെടാനുള്ളതാണ് എന്ന തോന്നല്‍ ഇന്ത്യക്ക് പുറത്തെത്തിയാല്‍ ഉടന്‍ മാറും. അപ്പോള്‍ പ്രശ്നം ഭയം ഇല്ലായ്മ തന്നെ.

 8. മണ്ണാങ്കട്ട!!! എന്തിന്നപ്പ ഈ താലിബാനെ ഇങ്ങോട്ട് വലിച്ചിഴക്കുന്നത്?? മമത പറഞ്ഞതിനെ എതിരക്കനെന്താനവോ കാരണം. അതൊക്കെ അവിടെ നില്‍ക്കട്ടെ , ഈ മൂല്യങ്ങള്‍ എന്നാല്‍ എന്താണ്? പിന്നെ നിയമങ്ങള്‍.. അത് മതിയെന്ന് പോലും. എന്ന് വെച്ചാല്‍ മേല്‍ പറഞ്ഞവരുടെ സ്വഭാവത്തില്‍ ഈ ‘മറ്റേ” ത്വര ഉണ്ടായിരുക്കുമെന്നു തന്നെയാണ്. ചുരുക്കത്തില്‍ ഓരോരുത്തരുടെയും വീക്ഷണ കോണിന് അനുസരിച്ച് തിനംക്ക് കൂട്ട് നില്‍ക്കണം എന്നാണ് പറയുന്നത്. ഇപ്പോഴും ആശങ്ക, സ്ത്രീ പീഡനം ആഘോഷിക്കാന്‍ പറ്റുന്ന മാധ്യമങ്ങളുടെ നിലപാടിലാണ്. പിന്നെ എന്ത് കൊണ്ട് ഈ ഗുവാഹത്തി കാരെ സദാചാര പോളിചെന്നു വിളിച്ചില്ല ആരും.

Leave a Reply

Your email address will not be published. Required fields are marked *