കത്തുകളില്‍ ഒരു കാലം

 
 
 
 
ഇ- മെയിലിന്റെ, സെല്‍ഫോണിന്റെ കാലത്ത്
കത്തുകളെക്കുറിച്ച് ഒരോര്‍മ്മ. ലേഖ എഴുതുന്നു

 
 
എത്ര കത്തു കിട്ടിയാലും വായിച്ചാലും എനിക്കു മതി വരില്ലായിരുന്നു.എത്ര കത്തുകളെഴുതിയിട്ടുണ്ടെന്ന് ഓര്‍മ്മയില്ല. ഇന്‍ലന്‍ഡിനു അടിക്കടി വില കൂട്ടുമ്പോള്‍ ഈ സര്‍ക്കാര്‍ ഇന്‍ലന്‍ഡിനു വിലകൂട്ടുന്നത് ലേഖേ നീ കാരണമാണെന്ന് ഒരു സുഹൃത്ത് കളിയാക്കിയിട്ടുണ്ട്. അലക്സാണ്ടറുടെ പടയോട്ടങ്ങളേക്കുറിച്ചും അശോകന്റെ തോല്‍വിയേക്കുറിച്ചും ഗൌതമബുദ്ധന്റെ ഒളിച്ചോട്ടത്തെക്കുറിച്ചും അധ്യാപകര്‍ ക്ളാസ്സെടുക്കുമ്പോള്‍ ഞാന്‍ ജനാലക്കരികിലെ പിന്‍ബഞ്ചിലിരുന്ന് കൂട്ടുകാര്‍ക്ക് കത്തുകളെഴുതി. അല്ലെങ്കില്‍ വായിച്ച് മതിവരാത്ത കത്തുകള്‍ പുസ്തകത്തിലൊളിപ്പിച്ച് പിന്നെയും വായിച്ചു.എഴുത്തിനോടുള്ള ഇഷ്ടമെല്ലാം കത്തുകളെഴുതി തീര്‍ത്തു.മഴയെക്കുറിച്ച്,നിലാവിനേക്കുറിച്ച്, രാത്രി സ്വപ്നങ്ങളേക്കുറിച്ച്,ക്ളാസ്സുമുറിയുടെ ജനാലയിലൂടെ കാണുന്ന ഒരു കീറ് ആകാശത്തേക്കുറിച്ച് അങ്ങനെ എന്റെ എല്ലാ പൈങ്കിളിത്തരങ്ങളും ഞാന്‍ കത്തുകളില്‍ എഴുതി നിറച്ചു.എന്റെ കത്ത്കുത്തുകള്‍ക്കിരയായ രക്തസാക്ഷികള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു-ഇ- മെയിലിന്റെ, സെല്‍ഫോണിന്റെ കാലത്ത് കത്തുകളെക്കുറിച്ച് ഒരോര്‍മ്മ. ലേഖ എഴുതുന്നു

 
 

 
 

കത്തുകളുടേതായിരുന്നു ആ കാലം. ഒരു പോസ്ററ്മാന്‍ ചുമലിലെ സഞ്ചി നിറയെയും പിന്നെ ഇടം കയ്യിലും കത്തുകളുമായി നടന്നു വരുന്ന ഒരു ചിത്രം മങ്ങാതെ ഇപ്പോഴും ഓര്‍മ്മയിലുണ്ട്.എനിക്കന്ന് ലോകത്ത് ഏറ്റവും ഇഷ്ടമുള്ള വ്യക്തി ഞങ്ങളുടെ പോസ്ററ്മാനായിരുന്നു.വഴിയരികില്‍ വന്നു നിന്ന് ‘മോളേ നിനക്കൊരു കത്തുണ്ട്’ എന്നു വിളിച്ച് ഒരു കത്ത് തരുമ്പോള്‍, ശ്ശൊ,ഒരു കത്തേയുള്ളൂ എന്നു സങ്കടം തോന്നിയിട്ടുണ്ട്…

സ്കൂള്‍കാലത്തെ മധ്യവേനലവധിക്കാലങ്ങളിലാണെന്നു തോന്നുന്നു ആദ്യം കത്തുകളെഴുതി തുടങ്ങിയത്. മാര്‍ച്ച് മുപ്പതിനു സ്കൂളടച്ചു കഴിഞ്ഞാല്‍ അരമണിക്കൂര്‍ നടന്നെത്താവുന്ന ദൂരത്തിരിക്കുന്ന കൂട്ടുകാര്‍ക്ക് ഏപ്രില്‍ ഒന്നിനു തന്നെ കത്തെഴുതുമായിരുന്നു ഞാന്‍. മീനത്തിലേയും മേടത്തിലേയും ഉച്ചവെയിലില്‍ കണ്ണിമ വെട്ടാതെ കാത്തിരുന്നിട്ടുള്ളത് പോസ്ററ്മാനെയാണു.അയാള്‍ വരാതെ പോകുന്ന ദിവസങ്ങളിലെ നിരാശയെ വരച്ചിടാന്‍ വാക്കുകളില്ല തന്നെ

എത്ര കത്തു കിട്ടിയാലും വായിച്ചാലും എനിക്കു മതി വരില്ലായിരുന്നു.എത്ര കത്തുകളെഴുതിയിട്ടുണ്ടെന്ന് ഓര്‍മ്മയില്ല. ഇന്‍ലന്‍ഡിനു അടിക്കടി വില കൂട്ടുമ്പോള്‍ ഈ സര്‍ക്കാര്‍ ഇന്‍ലന്‍ഡിനു വിലകൂട്ടുന്നത് ലേഖേ നീ കാരണമാണെന്ന് ഒരു സുഹൃത്ത് കളിയാക്കിയിട്ടുണ്ട്. അലക്സാണ്ടറുടെ പടയോട്ടങ്ങളേക്കുറിച്ചും അശോകന്റെ തോല്‍വിയേക്കുറിച്ചും ഗൌതമബുദ്ധന്റെ ഒളിച്ചോട്ടത്തെക്കുറിച്ചും അധ്യാപകര്‍ ക്ളാസ്സെടുക്കുമ്പോള്‍ ഞാന്‍ ജനാലക്കരികിലെ പിന്‍ബഞ്ചിലിരുന്ന് കൂട്ടുകാര്‍ക്ക് കത്തുകളെഴുതി.

അല്ലെങ്കില്‍ വായിച്ച് മതിവരാത്ത കത്തുകള്‍ പുസ്തകത്തിലൊളിപ്പിച്ച് പിന്നെയും വായിച്ചു.എഴുത്തിനോടുള്ള ഇഷ്ടമെല്ലാം കത്തുകളെഴുതി തീര്‍ത്തു.മഴയെക്കുറിച്ച്,നിലാവിനെക്കുറിച്ച്, രാത്രി സ്വപ്നങ്ങളെക്കുറിച്ച്, ക്ലാസ്മുറിയുടെ ജനാലയിലൂടെ കാണുന്ന ഒരു കീറ് ആകാശത്തെക്കുറിച്ച് …അങ്ങനെ എന്റെ എല്ലാ പൈങ്കിളിത്തരങ്ങളും ഞാന്‍ കത്തുകളില്‍ എഴുതി നിറച്ചു.എന്റെ കത്ത്കുത്തുകള്‍ക്കിരയായ രക്തസാക്ഷികള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. അന്ന് ചരിത്രത്തിന്റെ നോട്സ് എഴുതുന്നതിലും കൂടുതല്‍ എഴുതിയിട്ടുണ്ട്; കത്തുകള്‍. നിനക്കു സുഖമാണോ ലേഖേ എന്ന് സ്നേഹത്തിന്റെ വിരല്‍ നീട്ടി തൊട്ടവര്‍. സ്കൂളില്‍ ഒപ്പം പഠിച്ച് പിരിഞ്ഞു പോയവര്‍. കൌമാരത്തിന്റെ കൌതുകങ്ങളും വേവലാതികളും സ്വപ്നങ്ങളും പങ്കുവച്ച കത്തുകള്‍.
 

 
എത്ര ഉട്ടോപ്പിയകള്‍ ഒരു കത്തില്‍!

ഈയടുത്ത് ഒരുപാടു നാളുകള്‍ക്കു ശേഷം വിളിച്ച ഒരു സുഹൃത്ത് പറഞ്ഞു-അവധിക്ക് നാട്ടിലെത്തി പഴയ വാരികകളും പുസ്തകങ്ങളും മറ്റും പൊടിതട്ടിയെടുക്കുമ്പോള്‍ ഒരു മാതൃഭൂമിക്കുള്ളിലിരുന്നു എന്റെ കത്തു കിട്ടിയെന്ന്. ആ കത്ത് അയാള്‍ ഫോണിലൂടെ വായിച്ചു കേള്‍പ്പിച്ചു. അയ്യേ എനിക്കു നാണം തോന്നി. എന്തു മാത്രം ഉട്ടോപ്പിയകള്‍, ആ ഒരൊറ്റ കത്തില്‍…!

ലോകത്തെ ആകെ കീഴ്മേല്‍ മറിക്കാന്‍ എനിക്ക് കഴിയും എന്നൊക്കെ ആയിരുന്നു എന്റെ ധാരണകള്‍.നീയിപ്പോഴും ഇങ്ങനൊക്കെയാണോ ലേഖേ എന്നു ആ സുഹൃത്ത് ചോദിച്ചപ്പോള്‍ എനിക്കെന്നോടു തന്നെ പാവം തോന്നി..ഞാനിപ്പോള്‍ അമ്മയാണു.അമ്മമാരോളം പാവങ്ങള്‍ ആരുണ്ട് ഈ ലോകത്ത്!

 

 

ആണ്‍പേരിലെ ഞാന്‍
അനിത എന്ന കൂട്ടുകാരി പറഞ്ഞിട്ടുണ്ട്, പഴയ കത്തുകള്‍ വായിക്കുമ്പോള്‍ മനസ്സിലാകും നമുക്ക് അന്നെത്ര ജാഡയായിരുന്നെന്ന്…അനിതയും ഞാനും തമ്മില്‍ അയച്ച കത്തുകള്‍ക്ക് കണക്കില്ല.അവള്‍ തിരുവനന്തപുരത്ത് ഹോസ്ററലിലായിരുന്നു.ഇടതടവില്ലാതെ ചെല്ലുന്ന എന്റെ കത്തുകളേക്കുറിച്ച് വേവലാതിയായിരുന്നു അവളുടെ മേട്രന്. ലേഖ എന്നത് കള്ളപ്പേരില്‍ എഴുതുന്നത് ആണ്‍കുട്ടിയാണെന്നായിരുന്നു അവരുടെ ശങ്ക.

അവരെ പ്രകോപിപ്പിക്കാനായി ഞാന്‍ അവള്‍ക്ക് പിന്നെയും നിരന്തരം കത്തുകളെഴുതി. ഒരു ഇന്‍ലന്‍ഡിലെ ഒളിഞ്ഞുനോക്കാന്‍ പറ്റുന്നിടത്ത് എന്ന് നിന്റെ സ്വന്തം ലേ എന്നു മാത്രം എഴുതി . അന്നൊക്കെ വായിച്ചശേഷം കത്തുകള്‍ തരം തിരിച്ച് മാറ്റി സൂക്ഷിച്ചു വക്കുമായിരുന്നു. അനിതയുടെ, ബേനസീറിന്റെ, മോനിഷയുടെ, പ്രദീപിന്റെ, ആന്റണിയുടെ, അംബിയുടെ…ഇപ്പോഴും ഉണ്ടാകും ഇരട്ടവാലന്‍ തിന്ന പഴകിയ മണമുള്ള ആ കത്തുകള്‍ പുസ്തകക്കൂട്ടങ്ങള്‍ക്കിടയിലെവിടെയെങ്കിലും..

ഏറ്റവുമൊടുവില്‍ കത്തെഴുതിയത് സെറീനക്കാണ് .കുറേക്കാലം കൂടി പേനപിടിച്ച് എഴുതിയതും അവള്‍ക്കു വേണ്ടിയാണ്. എന്തൊക്കെ മണ്ടത്തരങ്ങള്‍ എഴുതി നിറച്ചെന്നോര്‍മ്മയില്ല. പക്ഷേ എനിക്കുറപ്പുണ്ട്, ഒരു മെയിലിനും ചാറ്റിനും തരാന്‍ പറ്റാത്തൊരു ഊഷ്മളത നല്‍കാന്‍ ഒരു കത്തിനാകും.
 

 

പകല്‍ക്കിനാവ് കൊണ്ട് ഒരു ജീവിതം

അന്ന് ജീവിച്ചിരുന്നത് പകല്‍ക്കിനാവുകളിലായിരുന്നു.പരീക്ഷകളുടെ റിസല്‍ട്ടോ പ്രിയപ്പെട്ടവരുടെ മരണമോ മാത്രം യാഥാര്‍ഥ്യത്തിന്റെ കൊടും വെയിലിലേക്ക് വലിച്ചിറക്കും.ഇടക്കിടെ ഇതൊക്കെ കൂടിയാണു ജീവിതമെന്ന് ഓര്‍മ്മിപ്പിക്കാന്‍ പോലും പക്ഷേ അവയ്ക്കൊന്നുമായില്ല.ഏതു നേരവും സ്വപ്നങ്ങള്‍ കണ്ടു നടന്നു. കൂടെയില്ലാത്ത കൂട്ടുകാരോട് വാതോരാതെ വര്‍ത്തമാനം പറഞ്ഞു.

വീടിനു പിന്നിലെ കുന്നിന്‍ ചരിവില്‍ അലഞ്ഞു തിരിഞ്ഞു നടന്നു. അപരാഹ്നങ്ങളുടെ ആ ഏകാന്ത സാമ്രാജ്യത്തില്‍ അപശ്രുതിയില്‍ പാട്ടുകള്‍ പാടിയും കവിതകള്‍ ചൊല്ലിയും ഞാനെന്റെ കൌമാരം ആഘോഷിച്ചു.കൌമാരത്തില്‍ നിന്നും വളരാന്‍ മടിയായിരുന്നു.ഇപ്പോഴും അതേ..ഒരു ചെറിയ പെണ്‍കുട്ടിയുടെ പ്രസരിപ്പോടെ പറന്നു നടക്കാന്‍ തന്നെയാണിപ്പോഴുമിഷ്ടം.

വഴിയരികിലെ മഞ്ഞും മഴയും വെയിലും കൊണ്ട് നിറം മങ്ങി തുരുമ്പെടുത്ത തപാല്‍പെട്ടികള്‍ കാണുമ്പോള്‍ സങ്കടം തോന്നും. ഇപ്പോള്‍ വീടിനപ്പുറത്തെ വഴിയിലൂടെ പോകുന്ന പോസ്ററ്മാന്റെ ചുമലില്‍ ഭാരമുള്ള തോള്‍ സഞ്ചിയില്ല..വിരലിലെണ്ണാവുന്ന കത്തുകള്‍ സൈക്കിളിന്റെ കാരിയറില്‍ വച്ചിട്ടുണ്ടാകും.ഞാനിപ്പോള്‍ അയാളെ കാത്തിരിക്കാറേ ഇല്ല. എനിക്കാരുമെഴുതാറില്ല എന്നതുകൊണ്ട് തന്നെ. പ്രണയവും വിരഹവും പരിഭവവും തുടിക്കുന്ന കത്തുകള്‍ ചുമന്നു നടക്കാന്‍ ഇന്ന് പോസ്റ്മാന്റെ ആവശ്യമില്ല. കമ്പോസ് മെയില്‍ ക്ലിക്ക് ചെയ്ത് മെയില്‍ ഐഡി തെരഞ്ഞെടുത്ത് ടൈപ്പ് ചെയ്തയക്കാം എല്ലാം.ഒരു ക്ലിക്ക് വേഗത്തില്‍ പൂവിടുകയും കൊഴിഞ്ഞു പോവുകയും ചെയ്യുന്ന സൌഹൃദങ്ങള്‍. ഒരു ചാറ്റ് വിന്‍ഡോ അടക്കുന്നതിനൊപ്പം മറവിയിലാണ്ടു പോകുന്ന ചില സൌഹൃദങ്ങള്‍.

ആരാണിനി ഒരു കത്തയക്കുക?

16 thoughts on “കത്തുകളില്‍ ഒരു കാലം

 1. ബോര്‍ഡിംഗ് സ്കൂള്‍ കാലത്തായിരുന്നു ഒരു പോസ്റ്റ്‌ കാര്‍ഡിന്റെയും ഒരു ഇല്ലന്റിന്‍റെയും വില നന്നായി അറിഞ്ഞത്.. ഒരു കത്ത് വരാന്‍ കാത്തിരുന്ന നാളുകള്‍.. സ്കൂള്‍ വിട്ട് വര്‍ഷമെത്ര കഴിഞ്ഞു.. പിന്നെ കത്തിന്റെ ആവശ്യം വന്നിട്ടില്ല.. രണ്ടു ദിവസം മുന്നേ ആര്‍മിക്കാരന്‍ സുഹൃത്ത്‌ ജോലി സ്ഥലത്തേക്ക് മടങ്ങുമ്പോള്‍ അവനു ഒരു നീണ്ട ആശംസ ഫേസ്ബുക്കില്‍ അയച്ചിരുന്നു.. നിര്‍ഭാഗ്യവശാല്‍ അത് അവനു വായിക്കാന്‍ ഒത്തില്ല.. വായിക്കണം എന്ന നിര്‍ബന്ധം മുറുകിയപ്പോള്‍ അവന്‍ തന്നതാണ് മേല്‍വിലാസം.. കത്തെഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍, അമ്പരപ്പാണ് തോന്നിയത്‌.. ഒടുവില്‍ ഒരു കത്തയച്ചിട്ട് വര്‍ഷങ്ങളായി.. ‘പറ്റില്ല’ എന്ന് മടി പറഞ്ഞപ്പോള്‍ അവന്റെ ഗൃഹാതുരത്വം നിറഞ്ഞ ശബ്ദം ‘ഞങ്ങള്‍ക്കൊക്കെ ഇനി ഇതല്ലേ പറ്റൂ’ എന്ന് പറഞ്ഞത്‌ ഓര്‍മ വന്നു, ഇത് വായിച്ചപ്പോള്‍.. ഇപ്പോള്‍ അവന് എഴുതാന്‍ തോന്നുന്നു.. നന്ദി, നല്ല വായനയ്ക്ക്.. 🙂

 2. ഈ അടുത്ത കാലം വരെ ഞാന്‍ കത്തെഴുതിയിരുന്നു, നീലത്താളില്‍.. എങ്കിലും പോസ്റ്റ് മാന്‍ നീട്ടിയെറിയുന്ന എട്ടോ പത്തോ കത്തുകള്‍ എല്ലാം എന്‍റെ വിലാസവുമായി വീടിന്‍റെ വരാന്തയില്‍ ചിതറിവീഴുന്ന കാഴ്ച മനസ്സില്‍ നൊസ്റ്റാല്‍ജിയ തന്നെ. കത്തിലൂടെ തൊടുന്ന സൌഹൃദങ്ങള്‍ അവസാനിച്ചു അല്ലേ? ഓര്‍മ്മപ്പെടുത്തലിനു നന്ദി ലേഖാ..

 3. ezhuthanamennu thonni…sathyaththil, lekha sparshichchathu enteyum enne polulla ehtayo perudeyum manassaaanu. Meenaththile choodum pazhakiya kaakki dharichcha posmanum, swapna thaazhvarangalum ellaam…20 varsham munpaththe school lifeilekkum pinne, podi meesha mulachcha pre-degree kaalaththekkum, pinne ente aathmamithram- Sree ramante sparshanam kothichcha ‘Ahalya’ ye kkurichchum ellam Lekha yude blog entry yil evideyo undaayirunnu. Ingu Gulfil, pori veyil choodil jeevikkan nettottamodumpol ivayokke orkkan, onnu potti kkarayaan pravaasikalkku kazhiyaarilla….nandi Lekhe, nandi..

 4. കത്തുകള്‍ വായിക്കുമ്പോള്‍ ഉണ്ടാകുന്ന സുഖം മറ്റൊന്നിനുമില്ല എന്നാല്‍ ഇന്ന് ആരും കത്തെഴുതാറില്ല ഞങ്ങള്‍ക്ക് സ്ഥിരമായി കത്തെഴുതിയിരുന്ന ഭര്‍ത്താവിന്റെ അമ്മയെയാണ് ഓര്‍മ്മ വരുന്നത് .ഓര്‍മ്മകള്‍ നഷ്ട്ടമായ ഒരു ലോകത്താണ് അവരിപ്പോള്‍ ഇനിയൊരിക്കലും അവര്‍ ഞങ്ങള്‍ക്ക് കത്ത്തെഴുതില്ല എന്നോര്‍ക്കുമ്പോള്‍ കണ്ണുനിറയുന്നു

 5. ഡിഗ്രിക്കു പഠിക്കുമ്പോ സ്ഥിരമായി കത്തുകളയച്ചിരുന്ന സുഹൃത്തിനെ ഓർമ്മവന്നു. പ്രാചീന മലയാളസാഹിത്യത്തിലായിരുന്നു അവൻ കത്തുകളെഴുതിയിരുന്നത്. അതും പോസ്റ്റ് കാർഡിൽ,കൊണ്ടുവരുമ്പോ പോസ്റ്റ്മേന്റെ ചുണ്ടിൽ വിരിയുന്ന ചിരി മറക്കാനാകുന്നില്ല.കത്തുകളൊന്നും സൂക്ഷിച്ചുവെച്ചില്ല..നമ്മൾ ഒരിക്കൽ വൃദ്ധരാകുമെന്ന് ഓർക്കാതിരുന്നതുകൊണ്ടായിരുന്നിരിക്കണം

 6. നാലാംക്ലാസ്സില്‍വെച്ച് ടീച്ചര്‍ കത്തെഴുതാന്‍ പഠിപ്പിച്ചതാണ് ഓര്‍മ്മ. പോസ്റ്റ് കാര്‍ഡുകള്‍ മാല പോലെ ഒരുമിച്ചാണ് വാങ്ങുക. അന്ന് പതിനഞ്ച് പൈസ വിലയുള്ള ആ കാര്‍ഡുകളില്‍ ഒരേ ക്ലാസിലുള്ള കുഞ്ഞുസുഹൃത്തുക്കള്‍ പരസ്പരം കത്തുകളെഴുതി. എന്തൊക്കെയോ.. നേരിട്ട് പറയാനുള്ളതൊക്കെ നിരതെറ്റിയ വടിവില്ലാത്ത അക്ഷരങ്ങളിലൂടെ എഴുതി.. ഒരു ആവേശം.. ഒരു പുതിയ അറിവും കൌതുകവും.. പിന്നെയും ഇടയ്ക്കൊക്കെ കത്തെഴുതിയിരുന്നു. മുതിര്‍ന്നപ്പോള്‍ മടിയായതെന്താണെന്നറിയില്ല. കളികളില്‍ നിന്ന് വിരമിച്ചതുപോലെ കത്തില്‍നിന്നും വിരമിച്ചു.. ഇപ്പോള്‍ ഇടയ്ക്കിടെ ഗൃഹാതുരതയുടെ ആക്രമണം കലശലാകുമ്പോള്‍ തോന്നാറുണ്ട് നേര്‍ത്ത പിങ്ക് വരകളുള്ള, ഇളം വയലറ്റ് നിറമുള്ള കടലാസുകളില്‍, നീല അക്ഷരങ്ങളില്‍ കത്തെഴുതാന്‍ ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നെങ്കിലെന്ന്..

 7. ഒരു വേള എന്നെയും പത്തിരുപത് വര്ഷം പിറകിലേക്ക് കൊണ്ട് പോയ മനോഹരമായ എഴുത്ത്.അവസാന വാചകങ്ങളോട് യോജിക്കാനാവുന്നില്ലെങ്കിലും 🙂

  • priyapeta lekha… postmanum,patrakkaranum varunna neravum dikkum nokki irunna oru kalam.veetilum natilum nottappulli. aval arkka itra ezhuthunnathu? arude kathanu ennum varunnathu?ooohoho……innum pala kathukalum nidhi pole sookshikkunnu.

 8. രാവിലെ പത്രം വായന കഴിഞ്ഞാല്‍ പോസ്റ്റുമാനെ കാത്ത് വഴിയില്‍ നോക്കി ഉമ്മറത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. അയാള്‍ വീട്ടിലേക്കു നോക്കാതെ നടന്നകലുമ്പോള്‍ അനുഭവപ്പെടുന്ന അസ്വാസ്ഥ്യം ആ ദിവസം മുഴുവനും നീണ്ടു നിന്നിരുന്നു.

 9. ലേഖയുടെ ‘എഴുത്ത്’ വായിച്ചപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ സുഗുണേട്ടനെ കാത്തിരുന്നത് ഓര്‍ത്തു പോയി…സുഗുണന്‍, ഞങ്ങളുടെ പോസ്റ്റ്‌മാന്‍….ഉച്ചതിരിഞ്ഞു ഒരു മൂന്നര ആകുമ്പോഴാണ് ആള്‍ എത്തുക. അകലെ വീടിന്റെ ഭാഗത്തേക്ക് തിരിയുന്ന സുഗുണേട്ടന്റെ നിഴല്‍ കണ്ടാല്‍ നെഞ്ച് മിടിക്കാന്‍ തുടങ്ങും, കത്ത് കാണുമോ എന്ന് ഓര്‍ത്തു….സുഹൃത്തുക്കള്‍ പലരും എനിക്ക് എഴുത്തുകള്‍ അയക്കാറുണ്ട്…പ്രശാന്ത്, ശര്ഫു ഇവരുടെ കത്തുകള്‍ നല്ല രസമാണ് വായിക്കാന്‍…ഞാനും മറുപടി അയക്കും….അതിന്റെ മറുപടിക്ക് പിന്നീട് കാത്തിരിക്കും….എനിക്ക് കത്ത് തരാതെ സുഗുണേട്ടന്‍ കടന്നു പോകുമ്പോള്‍ ഭയങ്കര നിരാശയാണ് മനസ്സില്‍….പേപ്പറിലും മാസഗസിനുകളിലും കാണുന്ന എല്ലാ ഫ്രീ പബ്ലികാഷനിലേക്കും എഴുത്തുകള്‍ അയക്കും…പിന്നീട് അവരുടെ പ്രസിദ്ധീകരണങ്ങള്‍ കിട്ടുമ്പോഴുള്ള സന്തോഷം ഒന്ന് വേറെ തന്നെയാണ്….പിന്നീട് ഈ സുഗുണെട്ടന്‍ വരുന്നത് കാണാതിരിക്കാന്‍ വേണ്ടി ഞാന്‍ ഒളിച്ചിരുന്നിട്ടുണ്ട്…അനിയത്തിയുടെ വിവാഹത്തിന് ആധാരം പണയം വെച്ച് ലോണ്‍ എടുത്തതിന്റെ കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ പറഞ്ഞു ബാങ്ക് അയക്കുന്ന നോട്ടീസ് കാണാതിരിക്കാന്‍ വേണ്ടിയാണു ഞാന്‍ ഒളിച്ചിരുന്നത്‌….ഭയങ്കര പേടിയാണ് ആ നോട്ടീസ് കാണുന്നത്….ലേഖയുടെ ഈ കുറിപ്പ് വായിച്ചപ്പോള്‍ അതെല്ലാം ഓര്‍മ്മയില്‍ വന്നു….കിട്ടിയ എഴുത്തുകളും കാര്‍ഡുകളും ഞാന്‍ ഇപ്പോഴും സൂക്ഷിക്കുന്നു….തനിച്ചിരിക്കുമ്പോള്‍ വെറുതേ ഒന്ന് പുറകോട്ടു പോകാന്‍ …..ഇനിയും ഇത്തരം കുറിപ്പുകള്‍ വായിക്കാം എന്നാ പ്രതീക്ഷയോടെ നിറുത്തട്ടെ….

 10. വളരെ സത്യമായ കാര്യം.. കത്തുകളില്‍ ഒരു ജീവന്റെ തുടിപ്പുണ്ട്. അത് വേറൊരു മാധ്യമത്തിലും കണ്ടെത്താന്‍ കഴിയില്ല. വളരെ മനോഹരമായ എഴുത്ത്.

 11. കത്തുകള്‍ ഒരു പിടി ഓര്‍മ്മകള്‍ മാത്രമായ ഇന്ന് ഗതകാല സ്മരണകളുടെ പുക്കള്‍ ഹൃദയത്ത്തില്‍ വിരിയിച്ച ലേഖയ്ക്ക് നന്ദി. സ്കുള്‍ കാലത്ത് കത്തുകള്‍ അയക്കാന്‍ അകലെയുള്ള ബന്ധുക്കളോ കുഉട്ടുകാരോ ഇല്ലാത്തതിനാല്‍ സ്വന്തം മേല്‍വിലാസത്തില്‍ കത്തെഴുതി പോസ്റ്റ്‌ ചെയ്ത് കത്തുമായി പോസ്റ്മാന്‍ വരുന്നതും കാത്തിരുന്ന നാളുകള്‍. പിന്നെ പ്രണയത്തിന്റെ ഉന്മാദ നാളുകളില്‍ പ്രണയിനിയുടെ നിശ്വാസങ്ങള്‍ അലിഞ്ഞഞ്ഞു ചേര്‍ന്ന കുനുകുനുത്ത അക്ഷര പുക്കളെ പേറി വരുന്ന ഇന്ലന്റിനും അത് കൊണ്ട് തന്നിരുന്ന പോസ്റ്റ്‌ മാന്‍ മണികണ്ഠന്‍ ചേട്ടനും വേണ്ടിയുള്ള കാത്തിരിപ്പ്. പിന്നെ നഷ്ട പ്രണയത്തിന്റെ കാലത്ത് ആശ്വാസ വാക്കുകളുമായ് വല്ലപ്പോഴുമെത്തുന്ന ഒരു മഴച്ചാറ്റലായി കത്തുകള്‍ ചുരുങ്ങിയപ്പോഴും ഇന്ന് സൈബര്‍ യുഗത്തിലെ ടാബുകളും ഒഫ്ഫീസിലെ മോണിട്ടരിലുമായി ജിവിതം ബന്ധിക്കപ്പെട്ടപ്പോഴും കത്ത്തോര്മകള്‍ മായാതെ മനസ്സില്‍ മിന്നി മറയുന്നു.

 12. കത്ത്കള്കായി കാത്തിരിന ഒരു കാലം ….. നല്ല സുഖമുള്ള ഒരു കാത്തിരിപ്

 13. Hai chechi
  This is Remesh
  from Konni

  Thanks for that nostalgic moments by reading this
  some how great time
  feels that seeing exactly you in between lines.
  thanks a lot for that past memories

 14. Lekha……. kathukalile kaalam orikkalum marakkan pattilla….
  iniyum ezhuthuka………..
  “lekhayude kathukalile jeevichirikkunna oru rakthasakshi”

 15. ഇത് വായിച്ചപ്പോൾ ഒരുപാട് പേരുകൾ മനസ്സിലൂടെ മിന്നിമറഞ്ഞു പോയി… നിങ്ങളോട് ഞാൻ ഒരു നന്ദി പറയട്ടെ ഈ ലേഖനത്തിന് 🙂

Leave a Reply

Your email address will not be published. Required fields are marked *