ഷവര്‍മയല്ല പ്രതി, സര്‍ക്കാര്‍!!

 
 
 
ഷവര്‍മ നിരോധവും മറ്റു നാടകങ്ങളും പറയുന്നതെന്താണ്?
നിഷാദ് അഹമ്മദ് എഴുതുന്നു

 
 
ഇതില്‍ അവസാനത്തെ വിഷ വര്‍ത്തമാനമാണ് ഷവര്‍മ. ലോകത്താദ്യമായി ഒരാള്‍ ഷവര്‍മ്മ തിന്നു മരിച്ചു. കാരണം ബാക്ടീരിയ! ചത്തു ചീഞ്ഞ കോഴിയെ ചുട്ടുവില്‍ക്കുന്ന കടക്കാരനാണു ഇവിടെ കൊലയാളി. അതിനവസരം കൊടുത്ത ഭരണാധികാരികള്‍ കൊടും കൊലയാളികള്‍ . കാര്യങ്ങള്‍ ഇങ്ങനെയെന്നറിയുന്ന ഉദ്യോഗസ്ഥര്‍ അതിലും വലിയ കുറ്റവാളികള്‍. ഹോട്ടലുകളിലെല്ലാം പെട്ടെന്നിതാ മായം നിറഞ്ഞു എന്ന മട്ടില്‍ നടക്കുന്ന റെയ്ഡുകള്‍ക്ക് കൈയടിക്കുന്ന മാധ്യമങ്ങളും പൊതുസമൂഹവും അതിലുമേറെ വലിയ കുറ്റവാളികള്‍. ദുരന്തമുണ്ടാവുമ്പോള്‍ മാത്രം ഉണരുകയും പിന്നീട് തരം കിട്ടുമ്പോള്‍ ഉറങ്ങുകയും ചെയ്യുന്ന പൌരബോധവും ധാര്‍മിക രോഷവും ഇതിനേക്കാളും ഇതില്‍ പ്രതികള്‍. എന്നാലോ, കുറ്റം മുഴുവന്‍ ഷവര്‍മ്മക്കും. വെടിയുണ്ട കൊണ്ട് ആള്‍ മരിച്ചാല്‍ വെടിയുണ്ടയെ തൂക്കിക്കൊല്ലണം എന്നു പറയാനും മലയാളിക്കേ കഴിയൂ-നിഷാദ് അഹമ്മദ് എഴുതുന്നു

 

 

ഷവര്‍മ എന്ന് ആദ്യമായി കേട്ടപ്പോള്‍ കുളിര്‍മ്മയുള്ള ഒരു പാനീയമാണ് മനസ്സില്‍ പതഞ്ഞത്. റിയാദിലെ ആദ്യകാലത്ത് ദാഹിച്ചുവലഞ്ഞ ഒരു വൈകുന്നേരം ബത്ഹയിലെ സല്‍വ കൂള്‍ബാറില്‍ കുളിര്‍മ്മയുള്ള ഷവര്‍മക്ക് ഓര്‍ഡര്‍ ചെയ്തിരിക്കുമ്പോള്‍ തൊണ്ട ഞരമ്പുകളോരോന്നും ‘ഞാനാദ്യം കുളിരും’ എന്ന വാശിയിലായിരുന്നു. പക്ഷെ,മേശമേല്‍ വന്നിരുന്നതോ റോക്കറ്റു പോലൊരു സാധനം. പൊതിയഴിച്ചപ്പോള്‍ ഒരൊണക്ക ‘റൊട്ടിച്ചുരുട്ട്’! അതിന്റെ അറ്റത്തു കൊന്ത്രമ്പല്ലുപോലൊരു ഫ്രഞ്ച് ഫ്രെെ!

‘ഞാന്‍ ഷവര്‍മയാണു ചോദിച്ചത്’- വെയിറ്ററോടു ഞാന്‍ കണ്ണുരുട്ടി!

‘ഷവര്‍മയല്ലേ മുന്നിലിരിക്കുന്നത്?’- അയാള്‍ ചുണ്ടുകോട്ടി.’കുടിക്കാന്‍ തണുത്തതു വല്ലതും വേണോ?’

അതിനു മറുപടിയായി ആ കോന്ത്രമ്പല്ലു വലിച്ചൂരി ഞാന്‍ ചവച്ചരച്ചു.

നിഷാദ് അഹമദ്


‘എന്റെ പൊന്നു റൊട്ടിച്ചുരുട്ടേ; നിനക്ക് വേറെ പേരൊന്നും കിട്ടിയില്ലേ? നല്ലൊന്നാന്തരം കുളിര്‍മ്മയും മധുരിമയുമുള്ള ഒരു പാനീയത്തിനിടേണ്ട പേരെടുത്ത് നീയെന്തിനു ചുരുട്ടി വച്ചു? നിന്റെ തന്തക്ക് വെളിവുണ്ടായിരുന്നില്ലേ? പണ്ട് വല്യോരു ആനക്ക് ‘കുഞ്ഞാപ്പു’ എന്ന് പേരിട്ട കോഴിക്കോട്ടെ അമ്മുക്കാക്കയാണോ നിനക്കും പേരിട്ടത്?’-ഞാന്‍ മനസ്സറിഞ്ഞു ശകാരിച്ചുകൊണ്ട് കടിച്ചു പറിച്ചു തിന്നു. പിന്നെ ഒരു കുപ്പി വെള്ളവും വാങ്ങി പുറത്തിറങ്ങി.

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും, ശകാരിച്ചെങ്കിലും ഷവര്‍മയെ എനിക്ക് നന്നായി ബോധിച്ചു. ഒരാനച്ചന്തവും രുചിയുമൊക്കെയുണ്ട്. പിന്നീടെത്രയോ ദിവസങ്ങില്‍ എത്രയോ വട്ടം ഷവര്‍മ തേടി ഞാനവിടെ ചെന്നിരിക്കുന്നു. ശേഷം ജുബൈലില്‍ കുടിയേറിയപ്പോഴും, ഇപ്പോഴും ഞാന്‍ ഷവര്‍മയെ സ്നേഹിക്കുന്നു. ഷവര്‍മ എന്നെയും!

പക്ഷെ, ഷവര്‍മ എന്ന ഈ കുഞ്ഞാപ്പു ഒരാളെ കൊല്ലാന്‍ മാത്രം ഭീകരനാണെന്നൊന്നും എനിക്കറിയില്ലായിരുന്നു. ഒരാളുടെ അവസാനത്തെ അത്താഴമാകാന്‍ മാത്രം വിരുതനാണിവന്‍ എന്നറിഞ്ഞിരുന്നെങ്കില്‍ കാണാതെ മാറി നടന്നേനെ. ഇപ്പോള്‍ എന്റെ സംശയമിതാണ്^എവിടെയായിരിക്കും അവനിലെ ഭീകരന്‍ ഒളിച്ചിരിക്കുന്നത്? പുറമെയുള്ള ഖുബൂസ് അഥവാ റൊട്ടിയിലോ? ക്രിസ്തുവിന്റെ അവസാന അത്താഴം റൊട്ടിയായിരുന്നു. അതുകൊണ്ട് ഷവര്‍മയുടെ റൊട്ടിയെ ഞാന്‍ സംശയിക്കുന്നില്ല. പിന്നെയുള്ള പ്രധാനവസ്തു കോഴി എന്ന സാധു പക്ഷിയാണ്. അല്ല, അതിന്റെ നുറുങ്ങിയ പാതിവെന്ത ഇറച്ചിയാണ്.

മിക്കവാറും അപകടകാരി അവനാകാണു സാധ്യത. അടുത്തിടെ നടന്ന മരണവും അതു തന്നെയാണു പറയുന്നത്.

 

 

അപ്പോള്‍, വീണ്ടും ചില സംശയങ്ങള്‍ ലോകത്തിന്റെ നാലുദിക്കിലും നാനാ ഭാഗങ്ങളിലുമുള്ള പൂര്‍ണ്ണപച്ചക്കറിയായ കുറേ പേരൊഴികെ മറ്റുള്ളവരില്‍ ഏറെയും ഷവര്‍മ കഴിക്കുന്നവരല്ലേ? ഒരു ദിവസം മില്യന്‍ കണക്കിനു ഷവര്‍മ്മയാണ് ലോകം അകത്താക്കുന്നത്. എന്നിരിക്കെ, തമിഴര്‍ കൂവ്ല്‍ എന്നും തൃശãൂര്‍ക്കാരന്‍ കൂക്ല് എന്നും വിളിക്കുന്ന, ഒന്നും വിട്ടുകളയാത്ത ഗൂഗ്ളല്‍ ‘ഡെത് + ഷവര്‍മ’ എന്നു സെര്‍ച്ച് ചെയ്താല്‍ കേരളം എന്ന ഇത്തിരിവട്ടത്തില്‍ തിരുവനന്തപുരം എന്ന പത്തിരിവട്ടത്തിലെ ഒരേ ഒരു സംഭവം മാത്രം നിരന്നു കാണുമ്പോള്‍ ആരാണു കുറ്റക്കാരന്‍? ഷവര്‍മയോ റൊട്ടിയോ അതോ കോഴിയോ അതോ വേറെ വല്ലവരുമോ?

സംശയിക്കണ്ട ഷവര്‍മ്മ ഒരു പാവമാണ്. മറ്റുള്ളവര്‍ക്കായ് സ്വയം കത്തിയെരിയുന്ന സ്നേഹ മൂര്‍ത്തി! ക്രിമിനല്‍ റെക്കോര്‍ഡു പോയിട്ട് ഒരു പെറ്റി കേസുപോലും പേരിലില്ലാത്തവന്‍. അതു നാം മലയാളിയുടെ കൈകളിലെത്തി, കൊലക്കേസിലും പ്രതിയായി. ആളുകള്‍ അവനെ ‘ശവര്‍മ്മ’ എന്നധിക്ഷേപിച്ചു. തെരുവോരങ്ങളില്‍ നിന്നാട്ടിപ്പായിച്ചു!

ഇതു കേരളത്തിന്റെ ഒരു ഗതികേടാണ്. മലയാളത്തിന്റെ ശാപമാണ്. നമ്മള്‍ എന്തു ചെയ്താലും ഇങ്ങനെയാണ്, നാറ്റി നശിപ്പിക്കും. കൂടെ കൂടുന്നവന്‍ നാറാണക്കല്ലു പിടിക്കും. പ്ലാവിലെ ചക്ക ചീഞ്ഞു തുടങ്ങുമ്പോള്‍ മാത്രം അയല്‍ക്കാരനോട് ഇട്ടോണ്ടുപൊയ്ക്കോളാന്‍ പറയുന്നവനാണു മലയാളി, അവനോടുള്ള സ്നേഹം കൊണ്ടല്ല, അവന്റെ ചിലവില്‍ നാറ്റം ഒഴിവാക്കാന്‍.

ലോകത്തെല്ലാം കള്ളുണ്ട്, പക്ഷെ മലയാളി കുടിച്ചാല്‍ മുടിയുവോളം കുടിക്കും. ലോകത്തെല്ലാം പെണ്ണുണ്ട്, പക്ഷെ മലയാളി നോക്കിയാല്‍ തല്ലു കിട്ടുവോളം നോക്കും, പിടിച്ചാ? ചാകുവോളം പിടിക്കും. ലോകത്തെല്ലാം പലിശയുണ്ട്, പക്ഷെ മലയാളി പലിശക്കിറങ്ങിയാല്‍ കുടുംബത്തിന്റെ അടിക്കല്ലോളമിറങ്ങും. ലോകത്തെല്ലാം മായമുണ്ട്, പക്ഷെ മലയാളി മായം കലക്കിയാല്‍ മുലപ്പാലും കലക്കും . എന്തു നിയമം ഏതു നിയമം ആര്‍ക്കു നിയമം. മലയാളിക്ക് നിയമം ലംഘിക്കാനുള്ളതാണ്. ശത്രുക്കള്‍ക്ക് പണി കൊടുക്കാനും. നമ്മുടെ നിയമസഭ നിയമം നിര്‍മ്മിക്കും. അവര്‍തന്നെ നിയമ ലംഘകരും നിയമ ലംഘകരുടെ നിയമസഹായികളുമാകും. ആന്റി വൈറസ് കമ്പനികളെപ്പോലെ. വൈറസും അവരുടെ വക, ആന്റി വൈറസും അവരുടെ വക.

 

കൊച്ചിയിലെ ഒരു ഷവര്‍മ കടയില്‍ പൊലീസ് നടത്തിയ പരിശോധന. Image Courtesy: Deccan Chronicle


 

ഇതില്‍ അവസാനത്തെ വിഷ വര്‍ത്തമാനമാണ് ഷവര്‍മ്മ. ലോകത്താദ്യമായി ഒരാള്‍ ഷവര്‍മ്മ തിന്നു മരിച്ചു, പാവം. കാരണം ബാക്ടീരിയ! ചത്തു ചീഞ്ഞ കോഴിയെ ചുട്ടുവില്‍ക്കുന്ന കടക്കാരനാണു ഇവിടെ കൊലയാളി. അതിനവസരം കൊടുത്ത ഭരണാധികാരികള്‍ കൊടും കൊലയാളികള്‍ . കാര്യങ്ങള്‍ ഇങ്ങനെയെന്നറിയുന്ന ഉദ്യോഗസ്ഥര്‍ അതിലും വലിയ കുറ്റവാളികള്‍. ഹോട്ടലുകളിലെല്ലാം പെട്ടെന്നിതാ മായം നിറഞ്ഞു എന്ന മട്ടില്‍ നടക്കുന്ന റെയ്ഡുകള്‍ക്ക് കൈയടിക്കുന്ന മാധ്യമങ്ങളും പൊതുസമൂഹവും അതിലുമേറെ വലിയ കുറ്റവാളികള്‍.. ദുരന്തമുണ്ടാവുമ്പോള്‍ മാത്രം ഉണരുകയും പിന്നീട് തരം കിട്ടുമ്പോള്‍ ഉറങ്ങുകയും ചെയ്യുന്ന പൌരബോധവും ധാര്‍മിക രോഷവും ഇതിനേക്കാളും കൂതറകളായ പ്രതികള്‍.

എന്നാലോ, കുറ്റം മുഴുവന്‍ ഷവര്‍മ്മക്കും. വെടിയുണ്ട കൊണ്ട് ആള്‍ മരിച്ചാല്‍ വെടിയുണ്ടയെ തൂക്കിക്കൊല്ലണം എന്നു പറയാനും മലയാളിക്കേ കഴിയൂ.

ഒരു കാര്യം കൂടി പറയാം. ഞാന്‍ ഇനിയും എന്റെ പ്രിയപ്പെട്ട ഷവര്‍മ കഴിക്കും, കേരളത്തിനു പുറത്തു വച്ചു മാത്രം.
 
 
 

6 thoughts on “ഷവര്‍മയല്ല പ്രതി, സര്‍ക്കാര്‍!!

 1. അത് വളരെ ശരിയാണ് മലയാളിയുടെ ശുചിത്വ ശീലത്തിന്റെ കുഴപ്പം തന്നെയാണിതിനു കാരണം.ഗള്‍ഫില്‍ ഞാന്‍ വന്നിട്ട് ൧൯ വര്‍ഷമായി ഷവര്‍മയും അന്ന് മുതലേ കാണാന്‍ തുടങ്ങിയതാണ് എന്നാല്‍ എന്ന് വരെയും ആരും മരിച്ചതായി അറിവില്ല.നാട്ടില്‍ ഈയടുത്ത കാലത്താണ് വഴിയോരങ്ങളിലോക്കെ ഈ തിരിയുന്ന കോഴിയെ കണ്ടു തുടങ്ങിയത്.നമ്മുടെ പാവം പഴംപൊരിക്കും പരിപ്പുവടക്കുമൊക്കെ പകരം ഇതു കണ്ടപ്പോള്‍ വല്ലാത്ത സങ്കടമാണ് തോന്നിയത്.മരുഭൂമിയിലെ പ്രധാന ആഹാരമാണ് ഈ കുബൂസ് ഇവിടത്തെ കാലാവസ്ഥക്കും മറ്റും ചേര്‍ന്നത്‌ .എല്ലാം കോപ്പിയടിക്കുന്ന മലയാളി അതും കോപ്പിയടിച്ചു.എന്നിട്ടിപ്പോള്‍ എന്തായി ?

 2. സാക്ഷരരായ മലയാളികള്‍ സംസ്കാര സമ്പനരാകാത്തത് വിദ്യാഭ്യാസത്തിനു മൂല്യങ്ങള്‍ ഇല്ലാത്തതാണ് കാരണം. പണം ലക്ഷ്യമാക്കി ധര്‍മ്മത്തിനു വിലകല്പിക്കാതെയുള്ളതാണ് മലയാളിയുടെ ജീവിതം.

  ശവര്‍മയല്ല പ്രതി സര്കാരനെന്നു ലേഖഗന്‍…. എല്ലാറ്റിനും സര്കാരെ പ്രതിയാകാനാണ് മലയാളികിഷ്ട്ടം …. സ്ത്രീകള്‍ക് നേരെയുള്ള അതിക്രമം തടയാത്തത് … ആശുപത്രിയില്ല്‍ അണുബാധ ഉണ്ടാക്കുന്നത്‌ … എന്നു വേണ്ടാ നാം വീടുകള്ളില്‍നിന്നു മഴവെള്ളവും ഡ്രെയിന്‍നെജ് വെള്ളവും ഒഴുക്കി റോഡ്‌ പൊളിഞ്ഞു നശിക്കുന്നതിന്നും കാരണം സര്കാരനെല്ലോ .

 3. അലക്സാണ്ടര്‍…,
  സര്‍ക്കാര്‍ പ്രതിയല്ലേ? അല്ല അന്ന് താങ്കള്‍ക്ക് വാദമുണ്ടോ?

  • സംസ്കാരത്തെ പഴി പറഞ്ഞു സര്‍ക്കാരിനു തലയൂരാനാവില്ല.
   സര്‍ക്കാരിന്റെ വീഴ്ചയാണ് ഏറ്റവം വലിയ കാരണം..!
   കരണ്ട് ബില്ലും പെട്രോള്‍ ബില്ലും കൂറ്റന്‍ എന്തൊരു ജാഗ്രതയാണ്. പക്ഷെ നല്ല ഭക്ഷണം തരാന്‍…സര്‍ക്കാരും ഇല്ല..സഭക്കാരും ഇല്ല..!

Leave a Reply to Chandrahasan Cancel reply

Your email address will not be published. Required fields are marked *