വസന്ത കാല്‍ഗറിയില്‍ റമദാന്‍ നാളുകള്‍

 
 
 
കാനഡയിലെ റമദാന്‍ വ്രതാനുഭവത്തെക്കുറിച്ച്
അസീസ് കെ.എസ് എഴുതുന്നു

 
 
കാല്‍ഗറിയില്‍ ആദ്യത്തെ നോമ്പ് തുറന്നത് രാത്രി 9:53 ന ആയിരുന്നു.ഏതാണ്ട് 17-18 മണിക്കൂറാണ് ഇവിടെ നോമ്പുസമയം. രണ്ടു ഈന്തപ്പഴവും ഒരുഗ്ലാസ് വെള്ളവുമാണ് നോമ്പ് തുറക്കുവാന്‍ ഇവിടെ ആദ്യം തരുന്നത്.പിന്നീട് മഗ് രിബ് നമസ്കാരം. അതിനുശേഷം ഒരു നേര്‍പ്പിച്ച സൂപ്പ്. എല്ലാ തരം പയറുകളും വേവിച്ചെടുത്ത ഈ സൂപ്പില്‍ അല്‍പ്പം ജീരകം ചേര്‍ത്തിട്ടുണ്ടാകും. ഇത് വയറിന് അല്‍പം കൂടി ശക്തി നല്‍കുന്നു. കുറെ കൂടി വൈകിയാണ് മറ്റു വിഭവങ്ങള്‍. പലപ്പോഴും മുസ്ലിങ്ങള്‍ നോമ്പ് സമയം ഒഴിവാക്കിയ ഭക്ഷണത്തിന്റെ ഇരട്ടിയാണ് ഇപ്പോള്‍ വാരി വലിച്ചുകയറ്റുന്നത്. മൂന്നിലൊന്നു ഭക്ഷണവും മൂന്നിലൊന്നു ജലവും മൂന്നിലൊന്ന് വായുവും എന്ന പ്രവാചകന്റെ ജീവിത രീതിയെ ധിക്കരിച്ചുകൊണ്ടാണ് പുതിയ കാലത്തെ മുസ്ലിം ജീവിതം. -കാനഡയിലെ റമദാന്‍ വ്രതാനുഭവത്തെക്കുറിച്ച് കാല്‍ഗറിയില്‍ നിന്ന് അസീസ് കെ.എസ് എഴുതുന്നു

 

 

ദൈവമേ എങ്ങിനെയാണ് ഞാന്‍ എന്റെ ആത്മാവിനെ വീണ്ടെടുക്കുക? പരിശുദ്ധമായ ഒരു മാസത്തിന്റെ വിശുദ്ധി, ഭക്തി എങ്ങിനെയാണ് ഞാന്‍ വീണ്ടെടുക്കുക? ഈ നഗരത്തിന്റെ വര്‍ണ്ണങ്ങള്‍ എന്നെ പ്രലോഭിപ്പിക്കുന്നു. കാല്‍ഗറിയിലെ ഈ വസന്തം എന്നെ ആസക്തനാക്കുന്നു. പൂക്കുടകള്‍ ആകാശത്ത് തണലേകുന്നു.ഒക്ടോബര്‍ വന്നുകഴിഞ്ഞാല്‍ മഞ്ഞുവരവായല്ലോ. മഞ്ഞും മരവിപ്പും ഇരുട്ടും ഈ നീലാകാശത്തിന്റെ കരുണയും നിറങ്ങളും കവരുന്നു.ഒരു വിലാപകാവ്യം തീര്‍ക്കുന്നു. എട്ടുമാസം കഴിഞ്ഞുള്ള പുനര്‍ജനിക്കായ് ഒരു ദേശം കാത്തിരിക്കുന്നു.

വസന്തം കാനഡയോട് ചെയ്യുന്നത്
വസന്തം കോരിയൊഴിച്ച സൌന്ദര്യത്തിന്റെ ഈ നാളുകളില്‍ തന്നെയാണ് വ്രതം കടന്നുവരുന്നത്. നഗരത്തില്‍, തീവണ്ടിപ്പാളത്തിനപ്പുറം, മനോഹരമായ രാജവീഥികളാണ്.അവയ്ക്ക് തണലേകുന്നത് ചിറകുവിരിച്ച മാലാഖ മരങ്ങള്‍. ഒരേ പ്രായമുള്ള,ഹൂറികളായചെറുമരങ്ങള്‍.അണിഞ്ഞൊരുങ്ങിയ ഇവയുടെ ഇലകളില്‍നിന്നും തണ്ടുകളില്‍നിന്നും മദിപ്പിക്കുന്ന പുഞ്ചിരിപോലെ മഞ്ഞു നിറമുള്ള പ്രകാശത്തിന്റെ അടരുകള്‍ കൊഴിഞ്ഞു വീഴുന്നു. അതിനു താഴെ റോഡിനിരുവശവും പൂച്ചട്ടികള്‍ വെച്ചിരിക്കുന്നു.വലിയ ഗോളത്തെ രണ്ടായി മുറിച്ച പോലുള്ള ചട്ടികള്‍.ഇതില്‍ പല വര്‍ണ്ണത്തിലുള്ള പൂക്കളാണ്.

അസീസ് കെ.എസ്


ഇവിടെയുള്ള വിളക്കുകാലുകള്‍ പോലും ചാരുതയുള്ള കലാസൃഷ്ടികളാണ്. അതിന്റെ രണ്ടുവശത്തും പൂക്കുടങ്ങള്‍.അതില്‍ നിന്നും താഴേക്ക് തൂങ്ങിയിറങ്ങുന്ന വള്ളികള്‍. വള്ളിച്ചെടികളില്‍നിന്നും വിരിയുന്നത് ചുവന്ന പൂക്കള്‍. പൂക്കളുടെ വിന്യാസങ്ങള്‍ പോലും ഏതോ ഗ്രാന്റ് ഡിസൈനര്‍ തിരഞ്ഞെടുത്തതുപോലുണ്ട്. ഇളംനിറങ്ങള്‍ ആദ്യം. അകലുന്തോറും കടുംനിറങ്ങള്‍.

വസന്തം കാനഡയോട് ചെയ്യുന്നത് ഇതാണ്. ദേശം ഒരു സ്വാഭാവിക പുല്‍ത്തകിടിയായിമാറുന്നു. ചൂട് കൂടുന്നതോടെ മഞ്ഞുരുകിയെത്തുന്ന ശുദ്ധജലം പുഴകളായൊഴുകുന്നു.നീല ജലാശയങ്ങള്‍. എട്ടുമാസം കഴിഞ്ഞെത്തിയ ജീവന്റെ തുടിപ്പിനെ കാത്തിരിപ്പാണവ. .മഞ്ഞു വന്നു കഴിഞ്ഞാല്‍ ജീവന്റെ എല്ലാ അനക്കങ്ങളുംകെട്ടുപോകുന്നു.

ഒരു ഉറുമ്പിനെപോലും കാണാന്‍ കഴിഞ്ഞിരുന്നില്ല.ഒരു പക്ഷിച്ചിലപ്പ് കേള്‍ക്കുവാന്‍കൊതിച്ചിട്ടുണ്ട്.മഞ്ഞുകാറ്റിന്റെ ചെന്നായ ശബ്ദം മാത്രം.ഇപ്പോള്‍ ഇതൊക്കെ എവിടെനിന്ന് വരുന്നു? എവിടെയായിരുന്നിവ? പുനര്‍ജനികളോ? അനന്തകാലം,കാത്തിരിപ്പിനുശേഷം സൂര്‍ എന്ന കാഹളം കേള്‍ക്കുമ്പോള്‍ പുനര്‍ജനിക്കുന്ന ആത്മാക്കളോ?

 

 

നീലതടാകത്തിലെ അരയന്നങ്ങള്‍
വസന്തകാലം കാനഡക്കാര്‍ക്ക് സന്തോഷത്തിന്റെ കാലമാണ്. എല്ലാവരുംതുള്ളിച്ചാടിയാണ് നടക്കുന്നത്. സൂര്യപ്രകാശം പരമാവധി ലഭിക്കുന്നതിനു ഞങ്ങള്‍ അല്‍പ്പമാത്ര വസ്ത്രങ്ങള്‍ ധരിക്കുന്നു.പെണ്‍കുട്ടികള്‍ക്ക് ബിക്കിനികളാണ്. റ്റാറ്റൂചെയ്ത് അലങ്കരിച്ച ശരീരഭാഗങ്ങള്‍;വാക്സിട്ട കൈകാലുകളില്‍ സൂര്യന്‍പ്രതിബിംബിക്കുന്നു.

എങ്ങിനെയാണ ദൈവമേ ഞാന്‍ ഈ റമദാനില്‍ കണ്ണുകളെ സൂക്ഷിക്കുക?ചിലരുടെ കയ്യില്‍ ഗിത്താറുകള്‍ കാണാം.പുല്‍തട്ടുകളില്‍ നിന്ന് മനസ്സറിഞ്ഞ് അവര്‍ സംഗീതം ആലപിക്കുന്നു.ഈ സമയത്താണ് ആര്‍ട്ട് ഗാലറികളും സജീവമാകുന്നത്. ഇംഗ്ലീഷ് ഡ്രാമകളുടേയും അവന്ദ്ഗാര്‍ദിന്റെയും തിയറ്ററുകളുണ്ട്. ചിത്രകലയുടെ വില്‍പ്പനശാലകളും ധാരാളം.വെള്ളക്കാര്‍ കുടുംബസമേതമാണ് ഈ ആര്‍ട്ട്ഗാലറികള്‍ സന്ദര്‍ശിക്കുന്നത്. ഓരോരുത്തരുടെയും കയ്യില്‍ വേനല്‍ക്കാല വായനയുടെ രണ്ടുപുസ്തകങ്ങളെങ്കിലുമുണ്ടാകും. മുഷിഞ്ഞ ഭാണ്ഡക്കെട്ടുകള്‍ തലക്കടിയില്‍ വെച്ച് താടി വളര്‍ത്തിയ ചിലര്‍ മരത്തിനടിയില്‍ മലര്‍ന്നുകിടന്ന് ഉറക്കെ കവിതചൊല്ലുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.

വസന്തകാലത്ത് കുടുംബങ്ങളും സുഹൃത്തുക്കളും പാര്‍ക്കുകളിലും മറ്റുസ്ഥലങ്ങളിലും കൂടിച്ചേരുന്നു.അവര്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന സമയമാണിത്. കുടുംബങ്ങളുമായി ചേര്‍ന്ന് അവര്‍ കുടുംബനിമിഷങ്ങള്‍ പങ്കിടുന്നു.നല്ല കാലാവസ്ഥ, തിളങ്ങുന്നസൂര്യന്‍,നീലാകാശം. അവര്‍ക്കിനിയെന്തുവേണം? സ്കേറ്റിംഗ്ബോര്‍ഡുകളില്‍ ഫുട്പാത്തിലൂടെ പാഞ്ഞുപോകുന്നത് വെള്ളക്കുട്ടികളുടെ ഒരു ഹരമാണ്.

 

 

കാല്‍ഗറിയിലെ റമദാന്‍
ഈ അവന്യുവിലെ ഒരു വലിയ തിയറ്റര്‍ കോംപ്ലക്സ്സില്‍ താഴെയുള്ള ഒരു ചെറിയ മുറിയാണ് ഡൌണ്‍ടൌണ്‍ മുസല്ല എന്ന കാല്‍ഗറി മുസ്ലിംകളുടെ നമസ്കാരപ്പള്ളി.പത്തറുപതു പേര്‍ക്കിരിക്കാവുന്ന ഇവിടെ റമദാനായതിനാല്‍ തിരക്ക് കൂടുതലാണ്. അറബികളും ആഫ്രിക്കന്‍ വംശജരുമാണ് കൂടുതല്‍. ഖുര്‍ആന്‍ മനപാഠമാക്കിയ (ഹാഫിദ്) ഒരു യുവാവാണ് തറാവിഹ് എന്ന രാത്രി നമസ്കാരത്തിന് നേതൃത്വം നല്‍കുന്നത്.

പള്ളിയിലേക്ക് കടക്കുന്ന കവാടത്തില്‍ തന്നെ ബറക്ക എന്ന പേരുള്ള ഒരു ബാറുണ്ട്. ഈ ബാറുകളോ നൃത്ത ക്ലബ്ബുകളോ നമസ്കാരത്തിന്പ്രശ്നമാകുന്നില്ല. ഈ ചെറിയ മുറിയില്‍ ബാങ്ക് വിളിപോലും പുറത്തു കേള്‍ക്കില്ല.നമ്മുടെ നാട്ടില്‍ മൈക്കിലൂടെ നാടടച്ച് ബാങ്കു വിളിച്ചില്ലെങ്കില്‍ എന്തെല്ലാം കോലാഹലങ്ങളാണ്. ഏതെങ്കിലും കോടതി മൈക്ക് ഉപയോഗിക്കരുതെന്നു പറഞ്ഞാല്‍ എന്തൊക്കെ പ്രചാരണങ്ങള്‍. നടക്കുന്നിടത്തേ ഇതൊക്കെ നടക്കൂ.

ഇസ്ലാമിന്റെ നാലാമത്തെ അടിസ്ഥാന പ്രമാണമാണ് റമദാനിലെ വ്രതാനുഷ്ഠാനം. മനുഷ്യന്‍ ജീവിതകാലത്ത് ചെയ്ത കര്‍മ്മങ്ങള്‍ മരണാനന്തരം വിചാരണ ചെയ്യപ്പെടുമെന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്നു.ആ ദിനത്തില്‍ പാപരഹിതനായി നില്‍ക്കുവാനും നരകത്തീയില്‍ നിന്നു രക്ഷപ്പെടാനും അവര്‍ ആഗ്രഹിക്കുന്നു.പാപങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുവാന്‍ വ്രതാനുഷ്ഠാനം ഹൃദയത്തെ ശക്തിപ്പെടുത്തുന്നു. നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍ വേണ്ടിയെന്നാണ് വ്രതാനുഷ്ഠാനത്തെ ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്. വ്രതം വിശ്വാസി തേടുന്ന പരിശുദ്ധിയുടെ കവചമാണ്.ആസക്തിയുടെ മരണം മാത്രമാണ് ആത്മീയശുദ്ധീകരണത്തിന്റെ ഒരേയൊരു വഴി. അത് കര്‍മ്മങ്ങളെ ശുദ്ധമാക്കുന്നു. നോമ്പുകാരനെ ദൈവം കടത്തി വിടുന്നത് തന്നെ അല്‍ റയ്യാന്‍ എന്നപ്രത്യേക സ്വര്‍ഗ്ഗീയ കവാടത്തിലൂടെയാണ്.

‘സ്വര്‍ഗ്ഗ വാതില്‍ മുട്ടുവാനുള്ള വഴിയേത്?’- ആയിഷചോദിച്ചു.
‘വിശപ്പ് ‘ (ഉപവാസം) -പ്രവാചകന്‍ പറഞ്ഞു.

അനാവശ്യ സംസാരത്തില്‍ നിന്നും വിട്ടുനില്‍ക്കുക.അനാവശ്യ കേള്‍വികളില്‍ നിന്നും കാതുകളെ സൂക്ഷിക്കുക. നാവിനെ വരുതിയിലാക്കുക. ആസക്തിയുള്ളനോട്ടത്തില്‍നിന്നും കണ്ണുകളെ പറിച്ചെടുക്കുക.തിന്മയില്‍ നിന്ന് അവയവങ്ങളെ കാക്കുക.ദാനധര്‍മ്മങ്ങള്‍ കൂടുതലായി ചെയ്യുക. ഇതാണ് ഇസ്ലാമിന് വ്രതം. ഇതൊന്നും ചെയ്യാതെ വെറുതെ നോമ്പെടുത്തതുകൊണ്ട് ഒരു പ്രയോജനവുമില്ല.

ഈ കാല്‍ഗറിയില്‍ ആദ്യത്തെ നോമ്പ് തുറന്നത് രാത്രി 9:53 ന ആയിരുന്നു.ഏതാണ്ട് 17-18 മണിക്കൂറാണ് ഇവിടെ നോമ്പുസമയം. രണ്ടു ഈന്തപ്പഴവും ഒരുഗ്ലാസ് വെള്ളവുമാണ് നോമ്പ് തുറക്കുവാന്‍ ഇവിടെ ആദ്യം തരുന്നത്.പിന്നീട് മഗ് രിബ് നമസ്കാരം. അതിനുശേഷം ഒരു നേര്‍പ്പിച്ച സൂപ്പ്. എല്ലാ തരം പയറുകളും വേവിച്ചെടുത്ത ഈ സൂപ്പില്‍ അല്‍പ്പം ജീരകം ചേര്‍ത്തിട്ടുണ്ടാകും. ഇത് വയറിന് അല്‍പം കൂടി ശക്തി നല്‍കുന്നു. കുറെ കൂടി വൈകിയാണ് മറ്റു വിഭവങ്ങള്‍.

പലപ്പോഴും മുസ്ലിങ്ങള്‍ നോമ്പ് സമയം ഒഴിവാക്കിയ ഭക്ഷണത്തിന്റെ ഇരട്ടിയാണ് ഇപ്പോള്‍ വാരി വലിച്ചുകയറ്റുന്നത്. മൂന്നിലൊന്നു ഭക്ഷണവും മൂന്നിലൊന്നു ജലവും മൂന്നിലൊന്ന് വായുവും എന്ന പ്രവാചകന്റെ ജീവിത രീതിയെ ധിക്കരിച്ചുകൊണ്ടാണ് പുതിയ കാലത്തെ മുസ്ലിം ജീവിതം.

അമിത ഭക്ഷണത്തിന്റെ ദുരന്തങ്ങള്‍ അറബ്നാടുകളേയും മുസ്ലികളെയും വേട്ടയാടുകയാണ്. അമിതവണ്ണം ലോകത്തിലെ ഒരു മുഖ്യ ആരോഗ്യപ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ജനിതകമായ, വൈകാരികമായ,മനഃശാസ്ത്രപരമായ, ആരോഗ്യപരമായ, സാമ്പത്തികമായ ദുരന്തഫലങ്ങളാണ് ഇത് സമൂഹത്തിനു സമ്മാനിക്കുന്നത്. അമിത വണ്ണത്തിന്റെ കണക്കുകള്‍ അനുസരിച്ച് അറബ്നാടുകളില്‍ എഴുപതുശതമാനം സ്ത്രീകളും അമിതവണ്ണക്കാരാണ്.അമിതവണ്ണമുള്ളവരുടെ പ്രധാനരാജ്യങ്ങള്‍ മുസ്ലിം രാഷ്ട്രങ്ങളായ സൌദിഅറേബ്യ, ഖത്തര്‍,കുവൈറ്റ് എന്നിവയാണ്.ഇതില്‍ അമേരിക്കയും പെടുന്നു.പ്രായപൂര്‍ത്തിയായ 64% അമേരിക്കക്കാര്‍ അമിത വണ്ണക്കാരാണ്.

 

 

സച്ചിദാനന്ദം
റമദാന്‍ മുസ്ലിംകള്‍ക്ക് കിട്ടുന്ന ഹൃദയത്തിന്റെ മരുന്നാണ്. ഹൃദയം നന്നാക്കുവാന്‍ ദൈവനാമങ്ങള്‍ മന്ത്രങ്ങളായി ഉരുവിടുവാനും ദൈവസന്നിധിയില്‍ ധ്യാനത്തിലിരിക്കുവാനും മുസ്ലിങ്ങള്‍ ആഗ്രഹിക്കുന്നു. ഈ ധ്യാനമാണ് ദിവ്യജ്ഞാനത്തിന്റെ വഴി. യാന്ത്രികമായപ്രാര്‍ത്ഥനകളും അനുഷ്ഠാനങ്ങളും പാറപ്പുറത്തെറിയുന്ന വിത്തുകളായി സൂഫികള്‍ കാണുന്നു. ദിവ്യകാരുണ്യത്താല്‍ മാത്രമാണ് ഹൃദയം പ്രകാശിക്കുന്നത്. ആത്മാവിന്റെയും മനസ്സിന്റെയും ശാന്തിയുടെ ഒരേയൊരു വഴി ദൈവസ്മരണയാണ്.

ഹൃദയത്തിന്റെ,മനസ്സിന്റെ,ശരീരത്തിന്റെ രോഗംതടയുന്ന മരുന്നാണ് മുസ്ലിങ്ങള്‍ക്ക് വ്രതാനുഷ്ഠാനം.അത് ശരീരത്തില്‍ കെട്ടിക്കിടക്കുന്ന എല്ലാ മാലിന്യങ്ങളെയും കഴുകി ശുദ്ധമാക്കുന്നു. മനസ്സിനെ മാലിന്യ മുക്തമാക്കുന്നു. ആസക്തിയും ആര്‍ത്തിയും കുറയ്ക്കുന്നു.

ഒരുറക്കത്തിനുശേഷം രാത്രിയുടെ വൈകിയ യാമങ്ങളില്‍ എഴുന്നേറ്റ് മുസ്ലിങ്ങള്‍ നമസ്കരിക്കുന്നു. ദൈവത്തിന്റെ സന്നിധിയില്‍ വിനയാന്വിതനായി നില്‍ക്കുന്നതിനേക്കാളും ആശ്വാസകരമായതെന്തുണ്ട് ഒരുവിശ്വാസിക്ക്? വ്യാപാരവും വ്യാകുലതകളും സംഭാഷണങ്ങളും അസ്വസ്ഥതകളും കാമാസക്തിയും എല്ലാം ദൈവത്തിന്റെ മുമ്പിലുപേക്ഷിച്ച് ശരീരവും മനസ്സും നാഡീ ഞരമ്പുകളും സമസ്ത കോശങ്ങളും ദൈവവുമായി ലയിച്ചു ചേരുമ്പോള്‍ കിട്ടുന്ന ആനന്ദം,സച്ചിദാനന്ദം,ഒരുയഥാര്‍ത്ഥ ഭക്തനു മാത്രം കിട്ടുന്ന ഒന്നാണ്.
 
 
 

11 thoughts on “വസന്ത കാല്‍ഗറിയില്‍ റമദാന്‍ നാളുകള്‍

  1. അഭിനന്ദനങ്ങള്‍, അസീസ്.
    തുറന്നെഴുത്തിന്.
    മനോഹരമായ വസന്താനുഭവത്തിന്.

  2. വസന്തം കാനഡയോട് ചെയ്യുന്നത് – nice article അസീസ്. very happy to see Canadian life in malayalm 🙂

    • ഹേയ് ഒളിച്ചുകടന്നുവന്ന മലയാളി, ഹൌ ആ൪ യു? റെഡി ഫോറെ ഖസാഖ് റൈഡ്? കമോണ്‍, വി ആ൪ ഇംപേഷ്യന്‍റ്..

  3. You’re right JT. Our dogmatic religion with their theory of Absolutism hits the poor followers with iron rod.Always.

  4. vasanta kalgariyil ramadan vaayichu. abhinandanangal. vrathanushthanathinte punya maasam kadannu cheriya perunnal vannu. sahanavum karunayum ennum ethu mathathinteyum adhisthaanamanu. navayaanu manushyane manushyanaakki nirthunna adhisthana ghatakangal. id mubaarak.

Leave a Reply

Your email address will not be published. Required fields are marked *