സ്കൂളില്‍നിന്നിറങ്ങി അവന്‍ എങ്ങോട്ടാവും പോയിരിക്കുക?

 
 
 
 
പ്രവാസത്തിന്റെ പാഠശാലകളില്‍ കുഞ്ഞുങ്ങളുടെ ജീവിതം.
ഗീതാഞ്ജലി എഴുതുന്നു

 
 

രണ്ടു ദിവസം മുമ്പാണ് കഴുത്തില്‍ ലോഹ ദണ്ഡ് വെച്ച് പഴുപ്പിച്ച പാടുമായി അവള്‍ എന്റെ മുന്നില്‍ നിന്നത് . ‘മൈ അങ്കിള്‍ ഡിഡ് ഇറ്റ്’ -എന്റെ സംസാരത്തിലെ ചോദ്യ ചിഹ്നത്തിനുനേരെ അവള്‍ മറുപടിയായി. രാത്രിയില്‍ ലോഹദണ്ഡ് പഴുപ്പിച്ച് മാറിനു മുകളിലെ മാംസം കരിയിച്ചു കൊണ്ട് ഓടിമറയുന്ന അങ്കിള്‍ അവളുടെ സങ്കല്‍പ്പിക കഥാപാത്രമാണെന്നും രാത്രിയില്‍ അവള്‍ക്കു ഉറക്കമില്ലെന്നും, അന്വേഷിച്ചപ്പോള്‍ അവളുടെ ചേച്ചി പറഞ്ഞു. വേറൊരു ദിവസം വെളുത്ത യുനിഫോമിലെ രക്തക്കറ ചായ തട്ടി പോയതാണെന്ന് അവള്‍ പറഞ്ഞു . തനിക്കു തന്നെ നിശ്ചയമില്ലാത്ത ഏതോ ലോകത്തിലെ അവ്യക്തതകള്‍ക്ക് ചുറ്റും ആണ് മറിയം ബീവിയെന്ന് എനിക്ക് തോന്നി- പ്രവാസത്തിന്റെ പാഠശാലകളില്‍ കുഞ്ഞുങ്ങളുടെ ജീവിതം. ഗീതാഞ്ജലി എഴുതുന്നു

 


 

രണ്ടു വ്യത്യസ്ത ഭൂപ്രദേശങ്ങളിലെ ചരിത്രം പഠിക്കുന്നവരാണവര്‍. അവരുടെ ചിരികളില്‍ എപ്പോഴും ദേശമില്ലായ്മയുടെ അരക്ഷിതത്വം. വളര്‍ത്തലിന്റെ ശൂന്യതകള്‍. ഇന്‍ക്രെഡിബിള്‍ ഇന്ത്യയെ കുറിച്ചു പഠിക്കുമ്പോള്‍ തന്നെ അവര്‍ആ രാജ്യത്തിന്റെ ചരിത്രഗാഥകളും ദേശീയ ഗീതങ്ങളും ഹൃദിസ്ഥമാക്കുന്നു.അവരുടെ പാകിസ്ഥാനി സുഹൃത്തുക്കളുടെ കാര്യമാകട്ടെ, അതിലും കഷ്ടമായിരുന്നു. അവര്‍ പഠിച്ചിരുന്നത് ഇന്ത്യ ചരിത്രമായിരുന്നു. അത് അവര്‍ അവരുടെ ചരിത്രമായി കണക്കാക്കി .

എന്നാല്‍ അതില്‍ അവരുടേതെന്ന് പറയാന്‍ ഇന്ത്യന്‍ സ്വാതന്ത്യ്ര സമര ചരിത്രത്തിന്റെ അവസാന ഭാഗ പിളര്‍പ്പില്‍ ഒരു മുഹമ്മദാലി ജിന്ന മാത്രമേ ഉണ്ടായിരുന്നുള്ളു. അവരുടെ പൂര്‍വികരുടെ നഷ്ടപ്പെടലിന്റെ, രാജ്യം വിട്ടു പോകലിന്റെ കഥകള്‍ എഴുതപ്പെടാതെ കിടന്നു. മുഗള്‍ സാമ്രാജ്യത്തിന്റെയും രജപുതാനയുടെയും പ്രതാപകഥകള്‍ അവര്‍ അന്ധമായി വിഴുങ്ങി. അക്ഷരത്തെറ്റില്ലാതെ എഴുതി. പരീക്ഷക്ക് എ പ്ലസുകള്‍ വാരിക്കൂട്ടി. ചരിത്രത്തില്‍ നിന്നും പുറത്തിറങ്ങി പോയവരായിരുന്നു അവരുടെ പിതാമഹന്മാര്‍. എന്തിനെയാണോ പരിപോഷിപ്പിക്കേണ്ടത് അത് മാത്രമേ ചരിത്രത്തില്‍ ഉണ്ടാവുകയുള്ളൂ അതാണ് ചരിത്രത്തിന്റെ സത്യസന്ധത.

 

 

2

‘മോം, ദേര്‍ ഈസ് ബെഡ് ബഗ്സ് ഇന്‍ മറിയം ബീവി’സ് ബാഗ് …

ഷാജഹാന്റെ ചരിത്രം പഠിപ്പിക്കുകയായിരുന്നു, ഞാന്‍. മുംതസ് എന്ന സുന്ദരിയായ ബീവിക്ക് വേണ്ടി ലോകത്തിലെ ഏറ്റവും മനോഹരമായ സൌധം തീര്‍ത്ത ഷാജഹാന്‍ ചക്രവര്‍ത്തി. ആ അനശ്വര പ്രണയ കഥ അവര്‍ കാതുകൂര്‍പ്പിച്ചു കേട്ടു. മുംതസ് മഹലിന്റെ മനോഹരമായ കണ്ണുകളിലേക്കു നോക്കി താസു പറഞ്ഞു -‘ഷീ ഈസ് വെരി ക്യൂട്ട്… ലൈക് എ ബേബി’

മറിയം ബീവിയുടെ ബാഗ് ഒട്ടേറെ കീറലുകള്‍ ഉള്ളതായിരുന്നു. അവളുടെ കീറിയ ജീവിതം പോലെ മറിയം പരമാവധി കൂട്ടുകാരില്‍ നിന്ന് അകലം പാലിച്ച് ഇരിക്കാന്‍ ശ്രമിച്ചു.

അവള്‍ എന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി. കീറിയ ബാഗ് കൊണ്ടുവന്നതിനു ഡിസിപ്ലിനറി ആക്ഷന്‍ എടുക്കേണ്ടതാണ്. പക്ഷെ ആ കണ്ണുകളിലെ അനിശ്ചിതത്വം എന്നെ വിഷമിപ്പിച്ചു .

എനിക്കതിനു കഴിയില്ലായിരുന്നു. അവളുടെ അവസ്ഥ എനിക്കറിയാം . രണ്ടു ദിവസം മുമ്പാണ് കഴുത്തില്‍ ലോഹ ദണ്ഡ് വെച്ച് പഴുപ്പിച്ച പാടുമായി അവള്‍ എന്റെ മുന്നില്‍ നിന്നത് . ‘മൈ അങ്കിള്‍ ഡിഡ് ഇറ്റ്’ -എന്റെ സംസാരത്തിലെ ചോദ്യ ചിഹ്നത്തിനുനേരെ അവള്‍ മറുപടിയായി.

രാത്രിയില്‍ ലോഹദണ്ഡ് പഴുപ്പിച്ച് മാറിനു മുകളിലെ മാംസം കരിയിച്ചു കൊണ്ട് ഓടിമറയുന്ന അങ്കിള്‍ അവളുടെ സങ്കല്‍പ്പിക കഥാപാത്രമാണെന്നും രാത്രിയില്‍ അവള്‍ക്കു ഉറക്കമില്ലെന്നും, അന്വേഷിച്ചപ്പോള്‍ അവളുടെ ചേച്ചി പറഞ്ഞു. വേറൊരു ദിവസം വെളുത്ത യുനിഫോമിലെ രക്തക്കറ ചായ തട്ടി പോയതാണെന്ന് അവള്‍ പറഞ്ഞു . തനിക്കു തന്നെ നിശ്ചയമില്ലാത്ത ഏതോ ലോകത്തിലെ അവ്യക്തതകള്‍ക്ക് ചുറ്റും ആണ് മറിയം ബീവിയെന്ന് എനിക്ക് തോന്നി.

ഒരുപാടു കുട്ടികള്‍ ഉള്ളവരായിരുന്നു ആ പാകിസ്ഥാനി കുടുംബം. എല്ലാ വര്‍ഷവും ഒരു കുട്ടിയുണ്ടാവും ഒന്നാം ക്ളാസ്സില്‍ ചേര്‍ക്കാന്‍. പലപ്പോഴും ഫീസ് അടക്കാന്‍ പോലും ഇവര്‍ക്ക് കഴിയാറില്ല. ഇതിന്റെ പേരില്‍ ഈ കുട്ടികളുടെ അമ്മ കുറേ ദിവസം സ്കൂളില്‍ ആയയുടെ ജോലി ചെയ്യണ്ടി വന്നിട്ടുണ്ട്.

ഗള്‍ഫിന്റെ സമ്പന്നതയില്‍ അങ്ങിനെയും കുറെ ജീവിതങ്ങള്‍! ഒറ്റ മുറിയില്‍ അമ്മയും അച്ഛനും ചേട്ടനും ചേട്ടന്റെ ഭാര്യയും ഒക്കെയായി കഴിയുന്നവര്‍. ഈ കുട്ടികളില്‍ പലരും വളരെയധികം സാമ്പത്തികമായും സാമൂഹികമായും അരാജകത്വം അനുഭവിക്കുന്നവരാണ് . അതുകൊണ്ട് തന്നെ കുറ്റവാസനയും കൂടുതലുണ്ട്.

 

 

3
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് സ്കൂള്‍ ജനാലകള്‍ തച്ചുടച്ച് പ്രതിഷേധം പ്രകടിപ്പിച്ച അബ്ദുല്‍ റഹ്മാനെ പോലെ ചിലര്‍. ജീവിതത്തിന്റെ തെളിഞ്ഞ, പ്രശാന്തമായ ചില്ലു ജനലകള്‍ക്ക് എത്ര വേഗമാണ് മുറിവുകള്‍ ഉണ്ടാവുന്നത്. ഞങ്ങള്‍ ടീച്ചര്‍മാര്‍ ലെസണ്‍ പ്ലാനുകള്‍ തയ്യാറാക്കിയാണ് ഓരോ ദിവസവും കുട്ടികളെ നേരിടുന്നത്. ഓരോ ഭാഗങ്ങളും പഠിപ്പിച്ചാല്‍ ഉണ്ടാകുന്ന സ്വഭാവ മാറ്റങ്ങള്‍, ലക്ഷ്യങ്ങള്‍, സ്കില്‍സ്, ഔട്ട് കം എല്ലാം മുന്‍കൂട്ടി കാണുന്ന ലെസണ്‍ പ്ലാനുകള്‍ കുട്ടികളുടെ മനസിലെ ചിത്രശലഭങ്ങളെയു പൂക്കളെയും അടര്‍ത്തി മാറ്റുന്നു. അവര്‍ കളിക്കോപ്പ് പോലെ ചിരിക്കുന്നു. പാടുന്നു. വര്‍ത്തമാനം പറയുന്നു.

അബ്ദുല്‍ റഹ്മാനും അത് തന്നെയാണ് സംഭവിച്ചത്. ഒരു ടീച്ചര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത ബിഹേവിയറല്‍ ചെയ്ഞ്ച്. ഒരു ദിവസം മുള്ള് ഗ്ലൌെസിട്ട് അബ്ദുല്‍ റഹ്മാന്‍ വന്നു. കൌമാര സഹജമായ ചില കുറ്റങ്ങള്‍ക്ക് അവനെ സ്കൂളില്‍ നിന്ന് പുറത്താക്കുകയായിരുന്നു. അതില്‍ പ്രതിഷേധിച്ചാണ് ഒരു നട്ടുച്ചയ്ക്ക് സെക്യൂരിറ്റിയെ വെട്ടിച്ച് അവന്‍ അകത്തു കടന്നത് .

സ്കൂളിനു മുകളില്‍ ബോംബിട്ടപോലെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഞങ്ങള്‍ ഞെട്ടി വിറച്ചു പോയി . പ്രാര്‍ഥന കഴിഞ്ഞിരുന്നത് കൊണ്ട് കുട്ടികളെല്ലാം പുറത്തിറങ്ങി തുടങ്ങിയിരുന്നു. അതിനാല്‍ ആര്‍ക്കും അപകടമൊന്നും ഉണ്ടായില. എന്താണ് സംഭവിക്കുന്നതെന്ന് കുറച്ചു നേരത്തേക്ക് ആര്‍ക്കും മനസിലായില്ല . സ്കൂളിന്റെ അതേവരെയുള്ള ശബ്ദങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു ശബ്ദം. ഒരിക്കലും ആരും കേള്‍ക്കാനിഷ്ടപ്പെടാത്തത്.

അബ്ദുല്‍ റഹ്മാന്റെ മുഖം ഞാന്‍ ഓര്‍ത്തു നോക്കി. ഞാന്‍ പഠിപ്പിച്ച ഏതെങ്കിലും മുഖമാണ് അതെന്നു ഓര്‍ത്തെടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല .അങ്ങിനെ ആവാതിരിക്കട്ടെ എന്നു ആശ്വസിക്കാന്‍ മാത്രം ശ്രമിച്ചു.

നോക്കൂ, പതിമൂന്നു വയസ്സ് മാത്രം പ്രായമുള്ള അവന്‍ തന്റെ പ്രതിഷേധങ്ങള്‍ പ്രകടിപ്പിക്കാന്‍ ധൈര്യം കാണിച്ചിരിക്കുന്നു. ബാബയുടെ ഗാരേജില്‍ നിന്ന് മോഷ്ട്ടിച്ച 3500 ദിര്‍ഹമിന്റെയും ഒരു ബ്ലാക്ക്ബെറി മൊബൈലിന്‍യും ചില അറബി കൂട്ടുകാരുടെയും പിന്തുണയില്‍ മാത്രമാണെങ്കിലും അവന്‍ ജീവിതത്തിന്റെ പതിവു നിശബ്തതകള്‍ തകര്‍ത്തിരിക്കുന്നു. അങ്ങനെ കഴിയുന്നവര്‍ ഭാഗ്യവാന്മാരാണ് എന്ന് എനിക്ക് തോന്നി.

എന്തിനാണ് പാല്‍ക്കട്ടി പോലെ ഉറഞ്ഞ ഈ ജീവിതം ?
സ്കൂള്‍ ജനാലയില്‍ പൂത്തിരികള്‍ വിരിയിച്ച് അബ്ദുല്‍ റഹ്മാന്‍ എങ്ങോട്ടായിരിക്കും പോയിരിക്കുക ?
ജീവിതത്തിന്റെ അകത്തേക്കോ? പുറത്തേക്കോ ?

രജിസ്റ്റില്‍നിന്ന് ഒരു പേര് കൂടി മായ്ക്കപ്പെട്ടിരിക്കുന്നു- അബ്ദുല്‍ റഹ്മാന്‍…

 
 
 
 

Leave a Reply

Your email address will not be published. Required fields are marked *